Tuesday, June 18, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കൂത്താളി സമരനായകനായ കേളുഏട്ടൻ

കൂത്താളി സമരനായകനായ കേളുഏട്ടൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 35

സി എച്ചിനെപ്പോലെതന്നെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിലൂടെ, ജാതീയമായ ഉച്ചനീചത്വത്തിനും അയിത്താചരണത്തിനുമെതിരെ പൊരുതിക്കൊണ്ടാണ് എം.കെ.കേളുവും പൊതുരംഗത്ത് സജീവമായത്.
വടകരയിൽ പിണ്ണാക്കൻകണ്ടിവീട്ടിൽ ചന്തുനായരുടെയും മാതൈയുടെയും മൂന്നാമത്തെ മകനായി 1906 ആഗസ്ത്‌ അഞ്ചിനാണ് കേളുവിന്റെ ജനനം. പ്രാഥമികവിദ്യാഭ്യസത്തിനൊപ്പംതന്നെ സംസ്കൃതവും ഹിന്ദിയും പഠിക്കാൻ തുടങ്ങി. കളരിപ്പയറ്റും. കൗമാരപ്രായത്തിൽത്തന്നെ ഒരുവർഷം വടകരയിലെ ശിവാന്നദവിലാസം എൽ.പി.സ്കൂളിൽ അധ്യാപകൻ. അക്കാലത്ത് നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വിശ്വഭാരതി വായനശാലയിലെ പുസ്തകങ്ങളും അവിടെ വന്നുകൊണ്ടിരുന്ന മാതൃഭൂമി, കേരളകേസരി പത്രങ്ങളും കേളുവിന്റെ വിചാരചക്രവാളം മുമ്പോട്ടുമുമ്പോട്ടുകൊണ്ടുപോയി.

വാഗ്ഭടാനന്ദൻ അക്കാലത്ത് വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. സാഹിത്യസമ്മേളനങ്ങളിലും യുക്തിവാദസദസ്സുകളിലും കേളു ഗുരുവുമായി സംവദിച്ചു. ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനങ്ങളിൽ കേളു സജീവമായി. ഇതേകാലത്തുതന്നെ വടകരയിൽ ശിവാനന്ദസ്വാമികളുടെ സിദ്ധസമാജവും സജീവമായിരുന്നു. അന്ധവിശ്വാസങ്ങൾക്കും ജാതീയതക്കുമെതിരെ സിദ്ധസമാജം നടത്തുന്ന പ്രവർത്തനങ്ങളുമായും കേളു സഹകരിച്ചു. ഇത്തരത്തിൽ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യമായി മാറിക്കൊണ്ടിരുന്നപ്പോഴാണ് ദേശീയപ്രസ്ഥാനത്തെക്കുറിച്ചും കേളു മനസ്സിലാക്കുന്നത്. കുറുമ്പ്രനാട് താലൂക്കിലെ കോൺഗ്രസ് സംഘാടകനായി മൊയാരത്ത് ശങ്കരൻ വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു അക്കാലത്ത്. മൊയാരത്തിന്റെ നേതൃത്വത്തിൽ വടകരയിലെ കോൺഗ്രസ്സുകാർ ഒത്തുകൂടുന്ന വീട് കേളുവിന്റെ വീട്ടിനടുത്താണ് ആ വീട്ടിലെ സന്ദർശനത്തിനിടയിലാണ് മൊയാരത്ത് ശങ്കരനെ കേളു ആദ്യമായി കണ്ടുമുട്ടുന്നത്. വടകരയിൽ കേരളകേസരി പത്രം നടത്തിയിരുന്ന മൊയാരം പത്രം നിന്നുപോയശേഷവും കേരളകേസരി പ്രസ് നടത്തുന്നുണ്ട്. ആ പ്രസ്സാണ് കുറുമ്പ്രനാട് താലൂക്കിലെ, വടകരയിലെ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രം. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടത്താൻ തീരുമാനിച്ച കെ.പി.സി.സി.യോഗമടക്കം അവിടെയാണ് നടക്കുന്നത്.മൊയാരത്തെ കണ്ട് രാഷ്ട്രീയ ചർച്ചനടത്താൻ കേളു പതിവായി കേരളകേസരി പ്രസ്സിൽ എത്താൻ തുടങ്ങി. 1927ൽ ഗാന്ധിജി ഹരിജൻ ഫണ്ട് പിരിവിനായി മലബാറിൽ പര്യടനത്തിനെത്തിയപ്പോൾ വടകര റെയിൽവേസ്റ്റേഷനിലും സ്വീകരണം നൽകി. ഗാന്ധിജിക്ക് പണക്കിഴി നൽകി. ഈ പ്രവർത്തനങ്ങളിൽ കേളു പ്രധാന പങ്കുവഹിച്ചു. കേളുവിൽ മികച്ച കാഡറെ കണ്ടെത്തുകയായിരുന്നു മൊയാരം. കേളുവിനെ വടകരയിലെ മാതൃഭൂമി വിതരണക്കാരനായി നിയോഗിച്ച മൊയാരം ആ വർഷംതന്നെ കേളുവിനെ കോൺഗ്രസ്സിൽ അംഗമാക്കുകയുംചെയ്തു.

അയിത്തത്തിനെതിരായ പോരാട്ടത്തിന് നാട്ടിലെ സമപ്രായക്കാരായ കുട്ടികളെ സംഘടിപ്പിക്കുന്നതിലാണ് കേളു ആദ്യം മുഴുകിയത്. അമ്പലക്കുളങ്ങളിലും സവർണരുടെ തറവാട്ടുകുളങ്ങളിലും കുളിച്ചുകൊണ്ടാണ് ജാതീയതയെ വെല്ലുവിളിച്ചത്. ജാതിക്കോമരങ്ങളുടെ അക്രമം പ്രതിരോധിക്കാൻ കായികാഭ്യാസമുറകൾ പഠിപ്പിക്കുന്നതിലും കേളു മുഴുകി. കേളുവിന്റെ മൂത്ത സഹോദരർ അഭ്യാസികളായിരുന്നു. അവരുടെ സഹായത്തോടെ വടകരയിലെ പല മേഖലകളിലും കേളു കളരികൾ സംഘടിപ്പിച്ചു. നല്ല കൈക്കരുത്തുള്ള ആജാനബാഹുവായ കേളുവിനെയും സുഹൃത്തുക്കളെയും നേരിടാൻ ജാതിക്കോമരങ്ങൾക്ക് ശക്തിപോരായിരുന്നു. കോൺഗ്രസ് അംഗമായതുമുതൽ ഖാദി വസ്ത്രം ധരിക്കാൻ തുടങ്ങിയ കേളു കുറുമ്പ്രനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഖാദി വസ്ത്രപ്രചരണവും ഹിന്ദി ക്ലാസും നടത്തി. അക്കാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ അവിഭാജ്യഭാഗമായിരുന്നു ഹിന്ദി പ്രചരണം. വായനശാലകൾ കേന്ദ്രീകരിച്ചാണ് കേളു ഹിന്ദി ക്ലാസുകൾ നടത്തിയത്. അതിന്റെ അനുബന്ധമായി രാഷ്ട്രീയപ്രസംഗങ്ങളും തുടങ്ങി.

1930 ഏപ്രിലിൽ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥക്ക് വടകരയിൽ സ്വീകരണം നൽകുന്നതിന് എം.കെ.കേളുവടക്കമുള്ളവരാണ് നേതൃത്വം നൽകിയത്. ആദ്യത്തെ ഉപ്പുസത്യാഗ്രഹജാഥക്കുശേഷം രണ്ടാമത് പയ്യന്നൂരിലേക്ക്നടത്തിയ ജാഥയിൽ കേളുവുമുണ്ടായിരുന്നു. ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രകടനത്തിന്റെ പേരിലാണ് കേളു ആദ്യമായി അറസ്റ്റിലായത്. വടകരയിൽ കള്ളുഷാപ്പ്പിക്കറ്റിങ്ങിന് നേതൃത്വംനൽകിയത് കേളുവായിരുന്നു. 1931ൽ വടകരയിൽ നടന്ന കോൺഗ്രസ്സിന്റെ അഞ്ചാം സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം നേതാക്കളുടെ മുന്നണിയിൽ മൊയാരത്തിനൊപ്പം കേളുവുമുണ്ടായിരുന്നു. ഗാന്ധിജിയെ ജയിൽമോചിതനാക്കണമെന്നാവശ്യപ്പെട്ട്1932 ഫെബ്രുവരിയിൽ വടകരയിൽ നിയമംലംഘിച്ച്്പ്രകടനം നടത്തിയതിന് മൊയാരവും കേളുവുമടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്ത്ജയിലിലടച്ചു. മൊയാരത്തിന് രണ്ട് വർഷവും കേളുവടക്കമുള്ള മറ്റ് പ്രവർത്തകർക്ക്ഒന്നരവർഷവും തടവുശിക്ഷ. ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലും തുടർന്ന് തൃശ്ശിനാപ്പള്ളി, രാജമുണ്ഡ്രി, ബെല്ലാരി, സേലം, കടലൂർ തുടങ്ങിയ ജയിലുകളിലും കടുത്ത യാതനയനുഭവിച്ച്ഒന്നരവർഷം. കണ്ണൂർ ജയിലിൽ കഴിയുമ്പോൾ അവിടെ കൃഷ്ണപിള്ളയും ഇ.എം.എസ്സും എ.കെ.ജി.യും സർദാർ ചന്ദ്രോത്തും ഭാരതീയനും കേരളീയനും കെ.പി.ആറും കെ.പി.ഗോപാലനുമടക്കമുള്ള നേതാക്കളുണ്ടായിരുന്നു. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റായിത്തീരുന്നതിനുള്ള പരിവർത്തനത്തിന്റെ തുടക്കം അക്കാലത്തായിരുന്നു. ബംഗാളിലെയും മറ്റും വിപ്ലവകാരി ഗ്രൂപ്പുകളിൽപ്പെട്ടവരുമായി കണ്ണൂർ ജയിലിൽനിന്നുണ്ടായ സമ്പർക്കത്തോടെയുണ്ടായ മാറ്റം. ജയിലിൽ കടുത്ത പീഡനത്തിനാണ് കേളു ഇരയായത്. സൂപ്രണ്ടിനെയും ജയിലറെയുമെല്ലാം ബഹുമാനിച്ചില്ല, ഗൗനിച്ചില്ല, ജയിലിലെ അച്ചടക്കം പാലിച്ചില്ല എന്നെല്ലാമുള്ള കാരണങ്ങൾ പറഞ്ഞ്പീഡിപ്പിച്ചു. തൃശ്ശനാപ്പള്ളി ജയിലിൽ കേളുവിനെ ഏകാന്തതടവിൽ പാർപ്പിച്ചു. നെല്ലുകുത്തുന്ന ജോലിയാണ് ജയിലിൽ കേളുവിനെ നിർബന്ധിച്ചുചെയ്യിച്ചത്. കടലൂർ ജയിലിൽവെച്ച്വാർഡർമാർ കേളുവിനെ ക്രൂരമായി തല്ലിച്ചതച്ചു. തല തല്ലിപ്പൊട്ടിക്കുകയായിരുന്നു. തടവുകാരെ പീഡിപ്പിക്കുന്നതിനെതിരെയും കൂടുതൽ സൗകര്യമാവശ്യപ്പെട്ടും ഭക്ഷണത്തിലെ വിവേചനത്തിനെതിരെയും സ്വന്തംനിലയ്ക്കും സഹതടവുകാരുമായി ചേർന്നും കേളു സമരം നടത്തി. 1940 ആദ്യം അവസാനം അധ്യാപകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച്വടകരയിൽനടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചതിന് കേളുവിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. വീണ്ടും ഒന്നരക്കൊല്ലത്തിലേറെ ശിക്ഷ. ഇക്കാലത്താണ് ജയിലിൽ ഏറ്റവും ക്രൂരമായ മർദനത്തിനും പീഡനത്തിനും ഇരയായത്. തൃശ്ശിനാപ്പള്ളി ജയിലിൽ കേളുവിന് അനുഭവിക്കേണ്ടിവന്ന യാതനകൾ സഹതടവുകാരനായിരുന്ന വിഷ്ണുഭാരതീയൻ അടിമകളെങ്ങനെ ഉടമകളായി എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

1934ൽ ആദ്യത്തെ ജയിൽവാസം കഴിഞ്ഞ്പുറത്തിറങ്ങിയ കേളു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട്ടിലെ പ്രധാന സംഘാടകനായി. ജന്മനാട്ടിൽ ഒരു വായനശാല ആരംഭിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് ആദ്യം കേളു വ്യാപൃതനായത്. വടകര അടക്കാത്തെരുവിൽ പരവന്തല‐വില്യാപ്പള്ളി റോഡ് ജങ്‌ഷനിൽ ഒരു കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ കേളുവിന്റെ നേതൃത്വത്തിൽ കൈരളി വായനശാല സ്ഥാപിച്ചു. 1934 സെപ്റ്റംബർ 15നാണ് അതിന്റെ തുടക്കം. മാതൃഭൂമി പത്രം, സൗജന്യമായി കിട്ടിയ കുറെ പുസ്തകങ്ങൾ‐ ഇതായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അല്പകാലത്തിന് ശേഷം പഴങ്കാവിൽ തന്റെ വകയായ രണ്ട്സെന്റ് സ്ഥലത്ത്ചെറിയൊരു ഷെഡ്ഡുണ്ടാക്കി വായനശാല അങ്ങോട്ടു മാറ്റുകയായിരുന്നു കേളു. വായനശാല കേവലം വായനശാലയായിരുന്നില്ല. ഹിന്ദിക്ലാസ്, നൂൽനൂൽപ്, സാഹിത്യക്ലാസുകൾ, വാഗ്ഭടാനന്ദനടക്കമുള്ളവരുടെ ക്ലാസുകൾ‐ അങ്ങനെ വടകരയിലെ പുരോഗമനത്തിന്റെ കേന്ദ്രമായി കൈരളി വായനശാല മാറി. 1948ൽ കോൺഗ്രസ്സുകാരും എം.എസ്.പി.യും ചേർന്ന് ആ വായനശാല തകർത്ത് നാമാവശേഷമാക്കി. ജയിൽമോചിതനായെത്തിയശേഷം വായനശാല പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയെങ്കിലും യാഥാർഥ്യമാകാൻ കുറേക്കാലമെടുത്തു.

വടകര കേന്ദ്രീകരിച്ച് ട്രേഡ് യൂണിയൻ പ്രസ്ഥാനവും കുറുമ്പ്രനാട് താലൂക്ക് കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനത്തിനാണ് സി.എസ്.പി. സംസ്ഥാന സെക്രട്ടറിയായ പി.കൃഷ്ണപിള്ള കേളുവിനെ നിയോഗിച്ചത്. 1936 നവംബറിൽ വട്ടോളിയിൽവെച്ച്കൃഷിക്കാരുടെ വിപുലമായ യോഗം വിളിച്ചുകൂട്ടി.ഉണിയാർകണ്ടി സ്കൂളിൽ (ഇന്നത്തെ വട്ടോളി ഗവ.യു.പി.സ്കൂൾ) നടന്ന കർഷകസമ്മേളനത്തിൽ കെ.കേളപ്പനും കൃഷ്ണപിള്ളയും ഭാരതീയനുമടക്കമുള്ള നേതാക്കൾ പങ്കെടുത്തു. സമ്മേളനത്തിന്റെ സംഘാടനത്തിന് നേതൃത്വംനൽകിയത് കേളുവായിരുന്നു. ടി.സി.നാരായണകുറുപ്പ് പ്രസിഡന്റും എം.ഗോപാലകുറുപ്പ്സെക്രട്ടറിയുമായ കുറുമ്പ്രനാട് താലൂക്ക്കർഷകസംഘം ആ സമ്മേളനത്തിലാണ് രൂപീകൃതമായത്. പുനം കൃഷിക്കാരെ സംഘടിപ്പിക്കുന്ന പ്രവർത്തനത്തിലാണ് കർഷകസംഘം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. കാട് വെട്ടിത്തെളിച്ച്പുനം കൃഷി നടത്തുന്ന മലകളിലേക്ക്കേളുവിന്റെയും മറ്റും നേതൃത്വത്തിൽ ജാഥകൾ പോയി. സംഘടിച്ച്ശക്തരായി ചൂഷണത്തിനെതിരെ പൊരുതാൻ കൃഷിക്കാരെ സജ്ജരാക്കുകയായിരുന്നു ആദ്യം. കുറ്റ്യാടി‐നാദാപുരം ഫർക്കകളിലാണ് ആദ്യഘട്ടത്തിൽ സമരസംഘടനാപ്രവർത്തനം വിപുലമായി നടന്നത്. അതിന്റെ തുടർച്ചയായി സമരം പ്രഖ്യാപിച്ചു. കൂടുതൽ സ്ഥലം പുനം കൃഷിക്ക്അനുവദിക്കുക, വാരം പത്തിലൊന്നായി നിജപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സമരം. സമരത്തെ സഹായിക്കാൻ തൊഴിലാളികളും രംഗത്തിറങ്ങി. തലശ്ശേരിയിൽനിന്ന്ബീഡി തൊഴിലാളികൾ സി.എച്ച്.കമാരന്റെ നേതൃത്വത്തിൽ സമരത്തെ സഹായിക്കാൻ കുറ്റ്യാടിയിലെ പുനംകൃഷി സമരഭൂമിയിലേക്ക്നടത്തിയ മാർച്ച്മേഖലയിലാകെ വലിയ ഉണർവാണ് സൃഷ്ടിച്ചത്. പത്തിലൊന്ന് മാത്രം വാരം എന്ന ആവശ്യം ഓരോ മുതലാളിമാരായി സമ്മതിച്ച ശേഷമാണ് സമരം തീർന്നത്. ഈ സമരത്തിന്റെ തുടർച്ചയായി സ്ഥിരാവകാശത്തിനുള്ള സമരങ്ങളും വളർന്നുവന്നു.

1936 ജൂലായ് ഒന്നിന് കണ്ണൂരിൽനിന്നാരംഭിച്ച ഐതിഹാസികമായ പട്ടിണിജാഥയിൽ കേളു മുഴുവൻസമയ അംഗമായിരുന്നു. എ.കെ.ജി.യുടെയും സർദാർ ചന്ദ്രോത്തിന്റെയും കെ.പി.ആറിന്റെയും നേതൃത്വത്തിൽ മദിരാശിയിലേക്ക്നടന്ന ജാഥ. 750 നാഴിക താണ്ടി അഞ്ചാഴ്ചയോളമെടുത്താണ് ജാഥ മദിരാശിയിലെത്തിയത്. ആ ജാഥയിലെ അനുഭവങ്ങൾ, ആവേശം പിൽക്കാല പ്രവർത്തനങ്ങളിൽ ശക്തിസ്രോതസ്സായെന്ന് കേളു ഏട്ടൻ പലപ്പോഴും എടുത്തുപറയാറുണ്ടായിരുന്നു. പട്ടിണിജാഥ കഴിഞ്ഞുവന്നശേഷം പ്രധാനമായും ട്രേഡ് യൂണിയൻ പ്രസ്ഥാനമുണ്ടാക്കുന്ന പ്രവർത്തനത്തിലാണ് മുഴുകിയത്. വടകരയിലും പരിസരത്തുമുള്ള വിവിധ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ചേർത്ത്ഐക്യ തൊഴിലാളി യൂണിയൻ സംഘടിപ്പിച്ചു. എം.കെ.കേളു പ്രസിഡന്റും പി.പി.ശങ്കരൻ സെക്രട്ടറിയും. എം.കുമാരൻ മാസ്റ്റർ, യു.കുഞ്ഞിരാമൻ, എ.കെ.കുഞ്ഞിരാമൻ എന്നിവരും സംഘടനയുടെ പ്രധാന പ്രവർത്തകർ. ഈ സംഘടനയുടെ തുടർച്ചയായി വടകര ബീഡി സിഗാർ വർക്കേഴ്സ് യൂണിയനുണ്ടായി. അവകാശസമരങ്ങൾ നടത്തുന്നതിലല്ല, സന്നദ്ധ സേവനപ്രവർത്തനങ്ങൾ നടത്തുന്നതിലാണ് ആദ്യകാലത്ത് ട്രേഡ് യൂണിയൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോളറയും തുടർന്ന് വസൂരിയും പടർന്നുപിടിച്ചപ്പോൾ സ്വന്തം യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സേവനപ്രവർത്തനം നടത്തി. ത്യാഗോജ്ജ്വലമായ ആ പ്രവർത്തനമാണ് തൊഴിലാളിപ്രസ്ഥാനം ജനങ്ങൾക്കാകെ പ്രിയങ്കരമാക്കിയത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം നേരിട്ടുനേതൃത്വം നൽകിക്കൊണ്ട്കേളു. കേരളത്തിൽ കമ്മ്യൂണിസ്റ്റ്പാർട്ടി രൂപവൽക്കരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ബഹുജനസംഘടനാ രൂപവൽക്കരണത്തിലൂടെയും സമരസംഘാടനത്തിലൂടെയും യഥാർഥത്തിൽ നടന്നുകൊണ്ടിരുന്നത്. പാർട്ടി രൂപവൽക്കരണത്തിനുള്ള തയ്യാറെടുപ്പിന് ഓരോ താലൂക്കിലും ഓരോ മേഖലയിലും കൃഷ്ണപിള്ള കാഡർമാരെ നിയോഗിച്ചിരുന്നു. കുറുമ്പ്രനാട്ടിൽ ആ ചുമതല നിർവഹിച്ചവരിലൊരാൾ കേളുവായിരുന്നു. 1939 ഡിസംബറിൽ പിണറായിയിൽ ചേർന്ന സി.എസ്.പി. സംസ്ഥാനന നേതൃയോഗത്തിൽ കേളുവും പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ സി.എസ്.പി. ഘടകമാകെ കമ്മ്യൂണിസ്റ്റ്പാർട്ടിയായി മാറുന്ന സമ്മേളനം. ഈ സമ്മേളനത്തിൽ പങ്കെടുത്ത് അധികംകഴിയുന്നതിന് മുമ്പാണ് കേളു വീണ്ടും ജയിലിലായത്. ജയിലിൽനിന്ന് മോചിതനായി എത്തിയശേഷം കേളു കർഷകസമരം സംഘടിപ്പിക്കുന്നതിലാണ് മുഴുകിയത്. ചത്താലും ചെത്തും കൂത്താളി എന്ന ദൃഢനിശ്ചയത്തോടെ നടന്ന കൂത്താളി കർഷകസമരം. 1943ലും 46ലും നടന്ന ഉജ്ജ്വലസമരങ്ങൾ. കേളുവും ടി.ടി.കെ.അബ്ദുള്ളയും എം.കുമാരൻമാഷുമെല്ലാം നേതൃത്വം നൽകി നടന്ന സമരങ്ങൾ. കൃഷ്ണപിള്ളയും എ.വി.കുഞ്ഞമ്പുവുമടക്കമുള്ള നേതാക്കളെത്തി ആവേശംപകർന്ന സമരങ്ങൾ. പലഘട്ടങ്ങളിലായി നടന്ന സമരം സ്വാതന്ത്ര്യാനന്തരവും തുടരേണ്ടിവന്നു.

1948ൽ കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളായിരുന്നു കേളുവും ടി.കെ.കെ. അബ്ദുള്ളയും. കുറുമ്പ്രനാട് താലൂക്കിൽനിന്നുള്ള രണ്ട് പ്രതിനിധികൾ. പാർട്ടി കോൺഗ്രസ് പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഇരുവരും നാട്ടിലേക്ക് തിരിച്ചത് അന്ന് താലൂക്കിലാകെ നിലനിൽക്കുന്ന പ്രത്യേകസാഹചര്യത്തെ തുടർന്നാണ്. മടങ്ങിയെത്തിയ ഇരുവരും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്സഖാക്കൾക്ക്ധൈര്യം പകർന്നു. കൊൽക്കത്താ തീസിസുമായി ബന്ധപ്പെട്ട്സംജാതമായിക്കൊണ്ടിരുന്ന പുതിയ സാഹചര്യം, നിരോധനം, ആവശ്യമായ രഹസ്യപ്രവർത്തനം ഇതിനെക്കുറിച്ചെല്ലാം സഖാക്കളെ പഠിപ്പിച്ചുകൊണ്ടാണ് അവർ നീങ്ങിയത്. പാർട്ടിയുടെ താലൂക്ക് കമ്മിറ്റിയോഗം ഏപ്രിൽ 30ന് ഒഞ്ചിയത്ത്വിളിച്ചുചേർത്തിട്ടുണ്ടായിരുന്നു. പാർട്ടി കോൺഗ്രസ്തീരുമാനം വിശദീകരിക്കാനാണ് യോഗം. കൊൽക്കത്താ തീസിസനെ തുടർന്നുള്ള നിരോധനം നടപ്പായിക്കഴിഞ്ഞിരുന്നു. താലൂക്ക്കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കേളവും ടി.കെ.കെ.അബ്ദുള്ളയും രാത്രി വൈകിയാണെത്തിയത്. (ഒഞ്ചിയം സംഭവം വേറൊരധ്യായത്തിൽ)

ഒഞ്ചിയം സംഭവത്തെ തുടർന്ന് നാട്ടിലാകെ പോലീസ്‐ഗുണ്ടാ ഭീകരവാഴ്ച. ഒളിവിൽപോകാൻപോലും ഇടമില്ലാത്ത അവസ്ഥ. കേളു നരിപ്പറ്റ, കായക്കൊടി, കുന്നുമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ ചില വീടുകളിലും പാറപ്പൊത്തുകളിലും ഗുഹകളിലുമെല്ലാം ഒളിവിൽ കഴിഞ്ഞു. രാത്രി ഏതെങ്കിലും കുടിലിൽ, സൂര്യനുദിക്കുന്നതിന് മുമ്പ്കാട്ടിലേക്ക്കയറൽ. കോരിച്ചൊരിയുന്ന മഴയത്ത് കൊടംകാടുകളിൽ പകൽജീവിതം. ആടുമേയ്ക്കാനെത്തുന്ന കുട്ടികളുടെ കയ്യിൽ രഹസ്യമായി കൊടുത്തയക്കുന്ന ഭക്ഷണം കിട്ടിയാൽകിട്ടി. ഒരുമുണ്ടും ഒരു ഷർട്ടും മാത്രമാണ് ആകെയുള്ളത്. ഉടുക്കലും പുതക്കലുമെല്ലാം അതുകൊണ്ടുവേണം. കൈവേലിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് കേളു ആ വിവരമറിയുന്നത്. സഖാവ് മൊയാരത്തെ കോൺഗ്രസ്സുകാരും പൊലീസുംചേർന്ന് തല്ലിക്കൊന്നിരിക്കുന്നു. ഗാന്ധിയൻ കമ്മ്യൂണിസ്റ്റായ, കോൺഗ്രസ്സിന്റെ ചരിത്രകാരനായ മഹാനായ മൊയാരം. തന്റെ പ്രിയപ്പെട്ട രാഷ്ട്രീയഗുരുനാഥൻ. ഒളിവിലായിട്ടും കേളുവിന് സ്വയം നിയന്ത്രിക്കാനായില്ല. പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. അന്നാണ് കേളു ഖദർ ഉപേക്ഷിച്ചത്. 1927ൽ മൊയാരം ഏൽപ്പിച്ച ജോലിയായിരുന്നു ഖാദി പ്രചരണം. അന്നുമുതൽ കേളു ഖാദിയേ ധിരിച്ചിരുന്നുള്ളു. അതേ പുതച്ചിരുന്നുള്ളൂ. മൊയാരത്തെ കോൺഗ്രസ്സുകാർ കൊലചെയ്തുവെന്ന് കേട്ടതോടെ ഖാദി പൂർണമായും ഉപേക്ഷിച്ച് മല്ലിലേക്ക് മാറുകയായിരുന്നു.

താനും ആഴ്ചകൾക്കകം കേളു അറസ്റ്റിലായി. ചികിത്സിച്ച വൈദ്യന്മാർ ഒറ്റുകൊടുത്തതിനാലാണ് കേളു പിടിയിലായത്. പലതവണ പോലീസ് സ്റ്റേഷനുകളുടെയും പോലീസ് ക്യാമ്പുകളുടെയും മുന്നിലൂടെ യാത്രചെയ്തിട്ടും കേളുവിനെ പിടിക്കാനായിരുന്നില്ല. പി.ആർ. നമ്പ്യാരും പി.പി.ശങ്കരനുമടക്കമുള്ള വടകരയിലെ നേതാക്കളാകെ പോലീസിന്റെ പിടിയിലായതായി അറിഞ്ഞ കേളു ഒളികേന്ദ്രം മാറുന്നിതിനും വടകരയിൽ അവശേഷിച്ച സഖാക്കളെ കണ്ട്്ചില ആസൂത്രണങ്ങൾ നടത്തുന്നതിനുമായി നരിപ്പറ്റയിലെ ഒളികേന്ദ്രത്തിൽനിന്ന് അർധരാത്രിയിലാണ് കേളു പുറപ്പെട്ടത്. നടന്നുനടന്ന് കക്കട്ടിലിനടുത്തെത്തിയപ്പോൾ ഒരടിപോലും നടക്കാനാവാത്ത വിധം കാൽ വേദന. കാട്ടിലെയും മേട്ടിലെയും താമസം കേളുവിനെ കടുത്ത വാതരോഗിയാക്കിമാറ്റിക്കഴിഞ്ഞിരുന്നു. ഒരടി മുന്നോട്ടുനീങ്ങാനാവില്ലെന്ന മനസ്സിലായപ്പോൾ തൊട്ടടുത്തുകണ്ട ഒരു കടയിലേക്ക്‌ നിരങ്ങിയെത്തുകയായിരുന്നു. പുലർന്നപ്പോൾ കടക്കാരനെത്തി. കേളുവിനെ തിരിച്ചറിഞ്ഞ അയാൾ രണ്ടു വൈദ്യരെ വരുത്തി. കാൽ തിരുമ്മുകയും മരുന്ന് പുരട്ടിക്കൊടുക്കുകയുമൊക്കെചെയ്ത് അവർ പോയി. അതിന് പിന്നാലെ പൊലീസുമെത്തി. വൈദ്യർ ചതിച്ചതായിരുന്നു. അറസ്റ്റിലായ കേളുവിനെ പൊലീസ് വടകര സ്റ്റേഷനിൽകൊണ്ടുപോയി നിഷ്ഠുരമായി തല്ലിച്ചതച്ചു. തലയിൽ ലാത്തികൊണ്ടുകുത്തി കുഴിയുണ്ടാക്കി. മുറിവേറ്റ് നിലത്തുവീണ കേളുവിനെ അവർ ബൂട്ടിട്ടു ചവിട്ടി. പിന്നീട് കുറ്റ്യാടി സ്റ്റേഷനിലേക്ക്കൊണ്ടുപോയി വീണ്ടും തല്ലിച്ചതച്ചു. മരിച്ചുവെന്ന് തോന്നി ഭീതരായ അവർ സ്റ്റേഷനിൽ ഡോക്ടറെ വരുത്തി. ലോക്കപ്പിൽ കയറി പരിശോധിച്ച ഡോക്ടർ നിർദേശിച്ചതനുസരിച്ച്‌ അടിയന്തരമായി കോഴക്കോട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ദിവസങ്ങളോളം നടത്തിയ ചികിത്സയെ തുടർന്ന് ആരോഗ്യം അല്പം മെച്ചപ്പെട്ടപ്പോൾ കേളുവിനെ കണ്ണൂർ ജയിലിലേക്ക്കൊണ്ടുപോയി. അവിടെനിന്ന് വെല്ലൂരിലേക്കും പിന്നെ കടലൂരിലേക്കും. കടലൂർ ജയിലിൽവെച്ച്പീഡനത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയതിന്റെ പേരിൽ ക്രൂരമർദനം. വടകരയിലും കുറ്റ്യാടിയിലും പോലീസ് നടത്തിയ ലോക്കപ്പ് മർദനത്തെ വെല്ലുന്ന മർദനവും പീഡനവും.
മൂന്നരവർഷത്തിലേറെ നീണ്ട ജയിൽജീവിതത്തിനുശേഷമാണ് കേളു പുറത്തുവന്നത്. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ചൂഷണത്തിനും മർദനത്തിനുമെതിര സമരങ്ങൾ നടത്തി ത്യാഗത്തിന്റെ ആൾരൂപമായി ജനങ്ങളുടെ പ്രിയപ്പെട്ട കേളുഏട്ടനായി എം.കെ.കേളു എന്ന മഹാനായ വിപ്ലവകാരി.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular