Saturday, July 27, 2024

ad

Homeലേഖനങ്ങൾസ്വിറ്റസർലണ്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം

സ്വിറ്റസർലണ്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം

അഡ്വ. ജി സുഗുണൻ

യൂറോപ്പിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ ശക്തമായി പ്രവർത്തിച്ചുവരുന്നു. ഇതിൽ പല രാജ്യങ്ങളിലും ഈ പാർട്ടി അധികാരത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് ഈ പാർട്ടികൾ പലതും ദുർബലമാവുകയും, പല പാർട്ടികളും അധികാരത്തിൽനിന്ന് പുറത്താവുകയും ചെയ്തത് ലോക ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഇപ്പോൾ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വീണ്ടും സജീവമായി മുന്നേറുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ അതിന്റെ പഴയ ശക്തി വീണ്ടെടുക്കുകയും വലിയ ജനകീയപ്രസ്ഥാനങ്ങളായി ഈ രാജ്യങ്ങളിൽ അതിന്റെ പ്രവർത്തനം സജീവമാവുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വിറ്റ്സർലണ്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചുകൊണ്ട് മഹത്തായ സ്വിസ് ജനതയുടെ നേതൃത്വത്തിലേയ്ക്ക് ഈ പാർട്ടിയെ വളർത്തിയെടുക്കുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ലോകത്തെ അതിസമ്പന്നരാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലണ്ട്. ഒരു സാമ്രാജ്യശക്തിക്കും കാര്യമായി അടിമപ്പെടാതെ വളരെക്കാലമായി സ്വാതന്ത്ര്യം അനുഭവിച്ചുവരുന്ന രാജ്യമാണിത്. പല പ്രശ്നങ്ങളിലും ആരുടെയും പക്ഷംപിടിക്കാതെതന്നെ എല്ലാ രാജ്യങ്ങളുമായി സൗഹൃദം നിലനിർത്തുന്ന രാജ്യമാണ് സ്വിറ്റ്സർലണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ അയൽ രാജ്യങ്ങളെല്ലാം തന്നെ കത്തിയെരിഞ്ഞപ്പോൾ ഒരു പോറൽപോലുമേൽക്കാതെ രക്ഷപ്പെടാൻ സ്വിറ്റ്സർലണ്ടിനായത് ഈ നിഷ്പക്ഷനയംമൂലമാണ്. നൂറിൽപരം അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനം സ്വിറ്റ്സർലണ്ടിലാകാൻ കാരണവും മറ്റ് രാജ്യങ്ങളുമായുള്ള ഈ സൗഹൃദംതന്നെ. തങ്ങളുടെ നിഷ്പക്ഷനയത്തിന് ഭംഗം വരുത്തുമെന്ന ആശങ്കയിൽ ഐക്യരാഷ്ട്രസഭയിൽപോലും അംഗമാകാതിരുന്ന രാജ്യം ഒടുവിൽ 2002‐ലാണ് യു.എൻ. അംഗത്വമെടുക്കുന്നത്. യൂറോപ്യൻ യൂണിയനിൽ സ്വിറ്റ്സർലണ്ട് ഇപ്പോഴും അംഗമല്ല.

സ്വിറ്റ്സർലണ്ടിനെ 26 കോൺഫെഡറേഷനുകളായി വിഭജിച്ചിരിക്കുന്നു. ഈ കോൺഫെഡറേഷനുകൾ ‘കാന്റണുകൾ’ എന്നാണറിയപ്പെടുന്നത്. പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. സാധാരണ നാല് പ്രമുഖ രാഷ്ട്രീയപാർട്ടികൾ ഇവിടെ അധികാരം പങ്കുവെയ്ക്കുകയാണ് പതിവ്. പാർട്ടികളുടെ ശക്തിക്കനുസരിച്ച് വിവിധ അനുപാതത്തിലാണ് ഭരണം നടത്തുന്നത്. 1959‐ൽ രൂപീകരിച്ച ‘മാജിക് ഫോർമുല’യാണ് ഈ ഭരണവിഭജനത്തിനാധാരം. യൂറോപ്പിലെ ഏറ്റവും വലിയ സേനകളിലൊന്നാണ് സ്വിറ്റ്സർലണ്ടിലേത്. പതിനഞ്ചുലക്ഷത്തോളം പേർ പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്നു. ഇതുകൂടാതെ രാജ്യത്തെ 20നും 42നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ 260 ദിവസമെങ്കിലും നിർബന്ധിത സൈനിക സേവനം നടത്തിയിരിക്കണം. ഇവർ രാജ്യത്തിന്റെ കരുതൽസേനയുടെ ഭാഗമായിരിക്കും.

യൂറോപ്പിൽ മധ്യഭാഗത്തായി കരയാൽ ചുറ്റപ്പെട്ടാണ് സ്വിറ്റ്സർലണ്ട് സ്ഥിതിചെയ്യുന്നത്. ലിക്റ്റൻ സ്റ്റെയിൻ, ആസ്ട്രിയ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് അയൽരാജ്യങ്ങൾ. രാജ്യത്തിന്റെ വിസ്തൃതിയുടെ 60 ശതമാനത്തോളം ആൽപ്സ് പർവ്വതനിരയാണ്. ജനീവ സ്വിറ്റ്സർലണ്ടിലെ ‘പ്രൊട്ടസ്റ്റന്റ് റോം’ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ഒരു അന്താരാഷ്ട്ര നഗരമാണ്. ഇവിടെയാണ് പല സാർവ്വദേശീയ സംഘടനകളുടെയും കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ലോകാരോഗ്യസംഘടന, ലോക തൊഴിലാളി സംഘടന, ഇന്റർ നാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, ഇന്റർനാഷണൽ പോസ്റ്റൽ യൂണിയൻ, ലോകവ്യാപാര സംഘടന, അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി, ലോക ബൗദ്ധിക സ്വത്തവകാശ സംഘടന തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ വലിയ കാര്യാലയം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ നഗരത്തിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം വിദേശികളാണ്.

സ്വിറ്റ്സർലണ്ടിലെ പ്രധാന വ്യവസായമേഖലയാണ് ബാങ്കിംഗ്. 2.5 ലക്ഷം കോടി ഡോളർവരുന്ന ഈ മേഖലയിൽനിന്നാണ് ദേശീയവരുമാനത്തിന്റെ 14 ശതമാനവും ലഭിക്കുന്നത്. നിക്ഷേപകരുടെ പറുദീസ എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്. നിക്ഷേപങ്ങൾക്ക് നിയന്ത്രണമില്ലാത്തതും നിക്ഷേപകരുടെയും പണത്തിന്റെയും വിവരങ്ങൾ അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കുന്നതുമാണ് നിക്ഷേപകരെ ഇങ്ങോട്ടേക്കാകർഷിക്കുന്നത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഇന്ത്യയടക്ക മുള്ള പല പ്രമുഖ രാഷ്ട്രങ്ങളിലെയും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾക്ക് സ്വിസ് ബാങ്കുകളിൽ നിക്ഷേപമുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. യുണൈറ്റഡ് ബാങ്ക് ഓഫ് സ്വിറ്റ്സർലണ്ടാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്.

കന്നുകാലിവളർത്തലും പാൽ ഉല്പാദനവും പാൽപൊടി, ചോക്കലേറ്റ്, മറ്റ് പാലുത്പനങ്ങളുടെ നിർമ്മാണവുമാണ് ഈ രാജ്യത്തെ മറ്റൊരു പ്രമുഖ വ്യവസായം. വ്യാവസായികമായി ഉയർന്നുനിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് സ്വിറ്റ്സർലണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള ചോക്കലേറ്റ് ഉല്പാദിപ്പിക്കുന്നത് സ്വിറ്റ്സർലണ്ടിലാണ്. 2007‐ൽ സ്വിറ്റ്സർലണ്ടിൽ ചോക്കലേറ്റ് ഉല്പാദനം 1,81,265 ടൺ ആയിരുന്നു. ഓരോ വർഷവും ചോക്കലേറ്റ് ഉല്പാദനം ഗണ്യമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ഭൂരിപക്ഷവും കയറ്റുമതി ചെയ്യുകയാണ്. ആളോഹരി ചോക്കലേറ്റ് ഉപഭോഗത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമാണ് സ്വിറ്റ്സർലണ്ടിനുള്ളത്.

പാർലമെന്റ് പാസ്സാക്കുന്ന ഏത് നിയമത്തെയും തിരുത്താനും ഭരണഘടന തന്നെ ഭേദഗതിചെയ്യാനും സ്വിറ്റ്സർലണ്ടിൽ പൗരന് അധികാരമുണ്ട്. പാർലമെന്റ് ഒരു നിയമം പാസ്സാക്കി 100 ദിവസത്തിനുള്ളിൽ 50,000 പേരുടെ ഒപ്പോടുകൂടി ഒരു വ്യക്തി ഈ നിയമത്തെ വെല്ലുവിളിച്ചാൽ സർക്കാർ അതിന് വഴങ്ങിക്കൊടുക്കണം. തുടർന്ന് ദേശീയതലത്തിൽ ജനഹിതപരിശോധന നടത്തുകയും അതിനനുസരിച്ച് നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്യും. ഭരണഘടനാ ഭേദഗതിക്കും പതിനാറ് മാസത്തിനുള്ളിൽ ഒരു ലക്ഷം വോട്ടുകൾ നേടേണ്ടതായിട്ടുണ്ട്. ഇക്കാരണത്താൽ ഇവിടെ ഒരു വർഷത്തിൽ പലതവണ ജനഹിതപരിശോധന നടക്കുന്നു.

സ്വിറ്റ്സർലണ്ടിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നിലവിൽ വലിയ ശക്തിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആ രാജ്യത്ത് ഇല്ലാതായിട്ട് ദശാബ്ദങ്ങളായി. ഈ സാഹചര്യത്തിലാണ് സ്വിറ്റ്സർലണ്ടിൽ 84 വർഷത്തിനുശേഷം വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. തലസ്ഥാനമായ ബേണിലെ ബുർഗ്ഡോർഫിൽ 342 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണ് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്വിറ്റ്സർലണ്ട് (കെ.ആർ.പി.) രൂപീകരിച്ചത്. സെക്രട്ടറിയായി ദേർസൂ ഹെരിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

സ്വിസ് സർവ്വകലാശാലകളിൽ പാലസ്തീന് അനുകൂലമായും ഇസ്രയേലിന്റെ കിരാതമായ അക്രമനയങ്ങൾക്കെതിരായും നടക്കുന്ന വൻ പ്രകടനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അടുത്ത പാർട്ടി സമ്മേളനം വരുന്ന ജൂൺ 10 മുതൽ 15 വരെ ചേരാനും തീരുമാനിച്ചിട്ടുണ്ട്.

1921ലാണ് സ്വിറ്റ്സർലണ്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി രൂപംകൊള്ളുന്നത്. ഏകദേശം 6000 അംഗങ്ങളുണ്ടായിരുന്നു. 1940‐ൽ സ്വിസ് സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മിക്ക അംഗങ്ങളും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എസ്.പി.) ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. എസ്.പി.യുമായുള്ള ലയനചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് 1944‐ൽ വർക്കേഴ്സ് പാർട്ടിയിൽ (പി.ഡി.എ.) കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടായ പ്രസ്ഥാനം ഉയർന്നുവന്നു. 1945‐ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം സ്വിസ് സർക്കാർ നീക്കിയെങ്കിലും മറ്റ് പ്രതികൂല സാഹചര്യങ്ങൾകൊണ്ട് പാർട്ടി രൂപീകരിക്കാനും അതിനെ മുന്നോട്ടുനയിക്കാനും സ്വിറ്റ്സർലണ്ടിലെ കമ്മ്യൂണിസ്റ്റുകാർക്ക് കഴിയാതിരിക്കുകയായിരുന്നു.

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെയും അന്നത്തെ ലോക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും സാർവ്വദേശീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നടിഞ്ഞെന്നും ബൂർഷ്വാ മാധ്യമങ്ങൾ വലിയ പ്രചരണം എല്ലാ രാജ്യങ്ങളിലും നടത്തിയിരുന്നു. ‘കമ്മ്യൂണിസ്റ്റ് ദൈവം മരിച്ചു, ഇനി അതിനെപ്പറ്റി ഭയപ്പെടേണ്ട കാര്യമില്ല’‐എന്നാണ് അന്ന് അമേരിക്കൻ മാധ്യമങ്ങളും സാമ്രാജ്യത്വ പ്രചരണ സംവിധാനങ്ങളും വലിയ പ്രചരണം നൽകിയത്. എന്നാൽ ഒരു ദശാബ്ദത്തിനിടയിൽ ത്തന്നെ യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും ലോകത്തൊട്ടാകെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ വീണ്ടും ശക്തിപ്രാപിച്ച് രംഗത്തുവന്ന ചിത്രമാണ് കാണാൻകഴിഞ്ഞത്.

പൊതുവേ വളരെ സമ്പന്നമായ ഒരു രാജ്യമാണ് സ്വിറ്റ്സർലണ്ട് എന്നാണ് കരുതപ്പെടുന്നത്. എങ്കിലും മുതലാളിത്ത‐സാമ്രാജ്യത്വ രാജ്യങ്ങളെയാകെ പിടികൂടിയിട്ടുള്ള സാമ്പത്തിക കുഴപ്പവും അതിന്റെ ഭാഗമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും മറ്റുമെല്ലാം സ്വിറ്റ്സർലണ്ടിലും ആർക്കും കാണാൻകഴിയും. ആഗോള വൽക്കരണവും അതിന്റെ ഭാഗമായ കുത്തകവൽക്കരണവും മൂലമുള്ള കെടുതികൾ അമേരിക്കൻ സാമ്രാജ്യത്വം അടക്കമുള്ള വൻകിട രാഷ്ട്രങ്ങളെ ബാധിച്ചിട്ടുള്ളതു പോലെ സ്വിറ്റ്സർലണ്ടിനെയും പിടികൂടിയിട്ടുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ നിഷേധാത്മകമായ സമീപനമാണ് സ്വിറ്റ്സർലണ്ട് ഭരണകൂടത്തിനുള്ളതെന്ന ആക്ഷേപവുമുണ്ട്. അതുകൊണ്ടുതന്നെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിദ്ധ്യം ഈ രാജ്യത്തും അനിവാര്യ മാണെന്നുള്ളതിൽ സംശയമില്ല. സ്വിറ്റ്സർലണ്ടിലെ ഏറ്റവും സജീവമായ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരംകാണാനും മഹത്തായ ഈ രാഷ്ട്രത്തെ മുന്നോട്ടു നയിക്കാനും പുതുതായി രൂപീകരിക്കപ്പെട്ട സ്വിറ്റ്സർലണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + fifteen =

Most Popular