Tuesday, June 18, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്വികസന സമ്പദ്‌ശാസ്ത്രത്തിലെ മാർക്‌സിയൻ വഴികൾ -1: പോൾ ബാരൻ

വികസന സമ്പദ്‌ശാസ്ത്രത്തിലെ മാർക്‌സിയൻ വഴികൾ -1: പോൾ ബാരൻ

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 41

പോൾ ബാരൻ

“പ്രകൃതി ശാസ്ത്രജ്ഞൻ പ്രകൃതി പ്രതിഭാസങ്ങളെ അവയുടെ ഏറ്റവും സ്വാഭാവികമായ രൂപത്തിലോ, ഏറ്റവും കുറച്ചു മാത്രം ബാഹ്യമായ ഇടപെടലുകൾക്ക് വിധേയമായ സാഹചര്യത്തിലോ നിരീക്ഷണത്തിനു വിധേയമാക്കുന്നു. ഈ ഗ്രന്ഥത്തിൽ നമുക്ക് പരിശോധിക്കാനുള്ളതാകട്ടെ മുതലാളിത്തോല്പാദന രീതിയും അതിനൊത്ത ഉല്പാദന വിനിമയ വ്യവസ്ഥകളുമാണ്. അതിനുള്ള ഏറ്റവും മാതൃകാപരമായ പരിശോധനാരംഗമായി ഇതേവരെയും ഇന്നും എടുക്കാവുന്ന രാജ്യം ഇംഗ്ലണ്ടാണ്. എന്റെ സിദ്ധാന്തപരമായ ആശയങ്ങൾ വളർന്നുവന്നതിന്റെ മുഖ്യമായ ഉദാഹരണം എന്ന നിലയ്ക്ക് ഞാൻ ഇംഗ്ലണ്ടിനെ ഉപയോഗിക്കാനുള്ള കാരണം ഇതാണ്. അതുകൊണ്ട് ഇംഗ്ലണ്ടിലെ വ്യവസായിക -കർഷക തൊഴിലാളികളുടെ ജീവിതാവസ്ഥകളിലേക്ക് നോക്കി അതിനേക്കാൾ ഭേദമാണ് ജര്മനിയിലേതെന്ന് സ്വയം തൃപ്തിയടയുവാൻ ഏതെങ്കിലും ജർമൻ വായനക്കാരൻ മുതിരുകയാണെങ്കിൽ അയാളോട് ഞാൻ തുറന്നു പറയാൻ ആഗ്രഹിക്കുന്നു ‘ഇപ്പറഞ്ഞ കഥ നിന്നെപ്പറ്റി തന്നെ’’.

മൂലധനത്തിന്റെ ഒന്നാം ജർമ്മൻ പതിപ്പിനുള്ള മുഖവരയിൽ മാർക്സ് നടത്തുന്ന ഈ പ്രസ്താവന അക്കാലത്ത് നിലനിന്നിരുന്ന സാമ്പത്തിക വികസന സങ്കല്പങ്ങളുടെ ഒരു നേർ പരിച്ഛേദമാണ് .ഇംഗ്ലണ്ടിൽ സംഭവിച്ചത് തന്നെയാണ് നാളെ ജർമനിയടക്കം എല്ലാ രാജ്യങ്ങളിലും സംഭവിക്കാൻ പോകുന്നത് എന്നതാണ് ഇതിന്റെ രത്നച്ചുരുക്കം. മുതലാളിത്തം പ്രാരംഭദശയിൽ മാത്രം നിലനിന്നിരുന്ന 19‐ാം നൂറ്റാണ്ടിൽ സാമ്രാജ്യത്വ സ്വഭാവമാർജിക്കുന്ന മുതലാളിത്തത്തെക്കുറിച്ച് മാർക്സിന് (1818‐1883) സ്വാഭാവികമായും പരിമിതമായ ധാരണ മാത്രമേ ഉണ്ടാകാൻ വഴിയുണ്ടായിരുന്നുള്ളൂ. അതേസമയം വികസനത്തിന്റെ വ്യത്യസ്ത പാതകളെക്കുറിച്ച് മൂലധനത്തിൽ തന്നെ മാർക്സ് സൂചിപ്പിക്കുന്നുണ്ട്. ‘‘തൊഴിൽ വിഭജനത്തിന്റെ പുതിയൊരു കാലം വ്യാവസായിക മുതലാളിത്തത്തിന്റെ കാലത്ത് തന്നെ ഉദയം ചെയ്യുകയാണ്. അത് ലോകത്തിന്റെ ചില ഭാഗങ്ങളെ കാർഷികമേഖലയാക്കി വ്യാവസായികമേഖലകൾക്കാവശ്യമായ ഭക്ഷ്യ ഉല്പന്നങ്ങൾ നൽകുന്ന പ്രദേശങ്ങളായി നിലനിർത്തുന്നു’’ ( മൂലധനം, വോളിയം 1)

അതേസമയം ആധുനിക കാലത്തെ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രകാരർ തന്നെ വിവിധ രാജ്യങ്ങളുടെയും സാമ്പത്തിക വികസന മാതൃകകൾ ഏതാണ്ട് സമാനമായിരിക്കും എന്ന നിരീക്ഷണമാണ് നടത്തുന്നത്. എല്ലാ രാജ്യങ്ങളും ഏതാണ്ട് സമാനമായ പാതയിലൂടെയുടെയായിരിക്കും വികസനത്തിന്റെ പടവുകൾ ചവുട്ടിക്കയറുക എന്ന വിശ്വാസമാണ് സാമ്പത്തിക ശാസ്ത്രജ്ഞർ പൊതുവെ പുലർത്തിപ്പോരുന്നത്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ റോസ്റ്റോ (1916 -2003, W. W. Rostow’s Stages of Economic Growth) മുന്നോട്ടു വെയ്ക്കുന്ന മാതൃക ഇതിന്റെ ഉദാഹരണമാണ്. മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിൽ ഏറ്റവും പ്രാമുഖ്യം പുലർത്തുന്ന ഒരു സാമ്പത്തിക വികസന മാതൃകയാണിത്. ഇതിൽ റോസ്റ്റോ പറയുന്ന രാജ്യങ്ങളുടെ സാമ്പത്തിക ഘട്ടങ്ങൾ ഇപ്രകാരമാണ് – (1) പരമ്പരാഗത സമൂഹം (2) കുതിച്ചുയരാനുള്ള പൂർവ സാഹചര്യങ്ങൾ (3) കുതിച്ചുയരൽ (4) പക്വതയിലേക്കുള്ള മുന്നേറ്റം (5) ഉയർന്ന ഉപഭോഗത്തിന്റെ ഘട്ടം. പാശ്ചാത്യരാജ്യങ്ങളുടെ വിഭവശേഷിയും, ഉയർന്ന സാംസ്കാരികമൂല്യങ്ങളും, സാങ്കേതികവിദ്യയും ഒക്കെ വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ പിന്നോക്ക രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടാനാവും എന്നാണ് റോസ്റ്റോയുടെ നിഗമനം.

വികസിതരാജ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്രാജ്യത്വം അവികസിതരാജ്യങ്ങളെ ചൂഷണം ചെയ്യുന്ന സമകാലിക ലോകം വ്യത്യസ്തമായ ഒരു സാമ്പത്തിക വികസന ചരിത്രമാണ് കാട്ടിത്തരുന്നത് എന്നാണ് ‘വളർച്ചയുടെ അർത്ഥശാസ്ത്രം’ (Political Economy of Growth) എന്ന വിഖ്യാതമായ പുസ്തകത്തിലൂടെ പോൾ ബാരൻ ചൂണ്ടിക്കാട്ടുന്നത്. 1955 ലാണ് പോൾ ബാരന്റെ ‘വളർച്ചയുടെ അർത്ഥശാസ്ത്രം’ ( Political Economy of Growth) പ്രസിദ്ധീകരിക്കുന്നത്. രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തെ സംബന്ധിച്ച് ആധിപത്യം പുലർത്തിയിരുന്ന ആഖ്യാനങ്ങൾ ശക്തമായി വിമർശിക്കപ്പെടുന്നത് പ്രസിദ്ധമായ ഈ അർത്ഥശാസ്ത്ര പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ്.

‘അവികസിതാവസ്ഥയുടെ വളർച്ച’ (development of the underdevelopment) എന്ന പ്രതിഭാസത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ വേണ്ടത്ര പ്രാമുഖ്യം ലഭിച്ചിരുന്നില്ല. രണ്ടാം ലോകയുദ്ധത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ വലിയ സാമ്പത്തിക വളർച്ചയിലേക്ക് നീങ്ങുകയും മൂന്നാം ലോകരാജ്യങ്ങൾ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കേന്ദ്രങ്ങളായി മാറുകയും ചെയുന്നതോടെയാണ് ഈ പ്രശ്നം സജീവ ശ്രദ്ധയിലേക്ക് വരുന്നത്. സോഷ്യലിസത്തിന്റെ ആദ്യകാല വക്താക്കൾ തന്നെ ഈ പ്രശ്നത്തിന്റെ കാരണങ്ങളിലേക്ക് വേണ്ടത്ര ആഴത്തിൽ ഇറങ്ങി ചെന്നിരുന്നില്ല. രാജ്യത്തിനകത്തു നിലനിൽക്കുന്ന ഫ്യൂഡൽ സാമൂഹിക ഘടനയുടെയും മുതലാളിത്ത ചൂഷണത്തിന്റെയും ഉല്പന്നം മാത്രമാണിത് എന്ന ധാരണയാണ് പൊതുവെ നിലനിന്നിരുന്നത്. ചരിത്രപരമായി ഈ പ്രശ്നത്തിന്റെ വേരുകൾ തിരയുവാനുള്ള’ ശ്രമമാണ് പോൾ ബാരനെ പോലെയുള്ള നവ മാർക്സിസ്റ്റ് അർത്ഥശാസ്ത്ര ചിന്തകർ നടത്തിയത്. കൊളോണിയൽ ചൂഷണത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിന്തകൾ സജീവമാകുന്നത് ഇതോടെയാണ്.

1830ൽ, ലോകത്ത് ആകെയുള്ള വ്യാവസായികോല്പാദനത്തിന്റെ 60.9 ശതമാനവും നടന്നിരുന്നത് മൂന്നാം ലോകം എന്ന് നാമിന്ന് വിളിക്കുന്ന രാജ്യങ്ങളിലാണ്. 1860ൽ, മാർക്സ് മൂലധനം എഴുതിക്കൊണ്ടിരുന്ന ദശകത്തിൽ ഇത് 36.7 ശതമാനമായി കുറഞ്ഞിരുന്നു. ബാരന്റെ Political economy of growth പുറത്തുവരുന്ന 1953ൽ ഇത് 6.5 ശതമാനമായി കുത്തനെ കുറഞ്ഞിരുന്നു. 1800ൽ ലോകത്താകെയുള്ള ഉല്പാദനത്തിന്റെ 33.3 ശതമാനവും നടന്നിരുന്നത് ചൈനയിലായിരുന്നുവെങ്കിൽ 1900ൽ ഇത് 6.3 ശതമാനവും 1953ൽ 2.3 ശതമാനവുമായി ഇടിഞ്ഞിരുന്നു.

ഇത്തരമൊരു പശ്ചാത്തലത്തെ മുൻനിർത്തിയാണ് പോൾ ബാരൻ തന്റെ വിപ്ലവകരമായ നിരീക്ഷണങ്ങളിൽ എത്തിച്ചേരുന്നത്. സാമ്രാജ്യത്വം പിന്നോക്ക രാജ്യങ്ങളിൽ എങ്ങനെയാണ് കടന്നു കയറയുകയും അവയെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കുകയും ചെയ്തതെന്നും, അവിടെ നിലനിന്നിരുന്ന സാമ്പത്തിക സാമൂഹിക ബന്ധങ്ങളെ തച്ചുതകർക്കുകയും ചെയ്തതെന്നും ഇതുവഴിയാണ്‌ ഇന്ന് നിലനിൽക്കുന്ന ആശ്രിതത്വ വ്യവസ്ഥ രൂപപ്പെടുത്തിയതെന്നും ബാരൻ വ്യക്തമാക്കുന്നു. വളരെ കൃത്യമായ മാർഗങ്ങങ്ങളുപയോഗപ്പെടുത്തി അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന തൊഴിൽ ബന്ധങ്ങളെ സാമ്രാജ്യത്വം തങ്ങൾക്കനുകൂലമാക്കി മാറ്റിയത് ബാരൻ വരച്ചുകാട്ടുന്നു. മാർക്സ് തന്റെ കൃതികളിൽ ചില സൂചനകൾ നൽകുകയും ലെനിൻ (സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം) പിന്നീട് ഏറെ വികസിപ്പിക്കുയും ചെയ്ത ആശയമാണിത്. ഇതിനെ വളരെ കൃത്യമായി വികസിപ്പിക്കുകയാണ് ബാരൻ ചെയ്തത്. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിൽ ഉണ്ടായതുപോലെയുള്ള സാമ്പത്തിക വികസനം എന്തുകൊണ്ട് മൂന്നാം ലോക രാജ്യങ്ങളിൽ ഉണ്ടാകുന്നില്ല’ എന്ന ചോദ്യത്തിനാണ് ബാരൻ ഉത്തരം തേടിയത്. വികസനത്തെ സംബന്ധിക്കുന്ന ബൂർഷ്വാ അർത്ഥശാസ്ത്രത്തിനു നേരെയുള്ള നിശിതമായ വിമർശനം കൂടിയായിരുന്നു അത്. സാമ്രാജ്യത്വത്തിന്റെ നുകത്തിനു കീഴിൽ അല്ലായിരുന്നുവെങ്കിൽ ഈ രാജ്യങ്ങളുടെ വികസനചരിത്രം മറ്റൊന്നായി തീരുമായിരുന്നു എന്നാണ് ബാരന്റെ നിഗമനം.

യൂറോപ്യൻ രാജ്യങ്ങളിലെ മുതലാളിത്തം പുറംരാജ്യങ്ങളിലേക്ക് വ്യാപിച്ചത് രണ്ടു രീതിയിലാണ്. വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഇത് സംഭവിച്ചത് അധിനിവേശ കൊളോണിയലിസത്തിന്റെ രൂപത്തിലാണ് (settler colonialism). ലാറ്റിൻ അമേരിക്കയിലും, ആഫ്രിക്കയിലും ഏഷ്യയിലും നേരിട്ടുള്ള കടന്നാക്രമണങ്ങളിലൂടെയും ചൂഷണാധിഷ്ഠിതമായ വ്യാപാര ഇടപെടലുകളിലൂടെയുമാണ് സാമ്രാജ്യത്വം ആധിപത്യമുറപ്പിച്ചത്. ഇതുവഴി ഈ രാജ്യങ്ങളുടെ സമ്പത്ത് കവർന്നെടുക്കുകയും അവിടങ്ങളിൽ വികസന മുരടിപ്പ് സൃഷ്ടിക്കുകയും ചെയ്തു. യൂറോപ്പിലെ വ്യാവസായിക വിപ്ലവം സാധ്യമായത് ഇങ്ങിനെ കവർന്നെടുത്ത സമ്പത്തുപയോഗിച്ചാണ്.

അവികസിത രാജ്യങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമായി മുഖ്യധാരാ സാമ്പത്തികവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത് മൂലധനത്തിന്റെയും സാങ്കേതികവിദ്യകളുടെയും അഭാവത്തെയാണ്. എന്നാൽ ബാരൻ അടിസ്ഥാനപരമായി ഇതിനോട് വിയോജിക്കുകയാണ്. ‘സാമ്പത്തിക മിച്ചം’ (economic surplus) എന്ന ആശയത്തെ മുൻനിർത്തിയാണ് ബാരൻ ഈ വിമർശനം രൂപപ്പെടുത്തിയിരിക്കുന്നത്.

ഒരു സമ്പദ്‌വ്യവസ്ഥയിലെ ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരമാണ് ‘സാമ്പത്തിക മിച്ചം’. ഇത് മൂന്ന് തരത്തിലാകാം. യഥാർത്ഥ സാമ്പത്തിക മിച്ചം (actual economic surplus), കൈവരിക്കാവുന്ന സാമ്പത്തിക മിച്ചം (potentail economic surplus), ആസൂത്രണം ചെയ്യപ്പെട്ട സാമ്പത്തിക മിച്ചം (planned economic surplus). നിലവിൽ ഉപഭോഗവും ഉല്പാദനവും തമ്മിലുള്ള അന്തരമാണ് യഥാർത്ഥ സാമ്പത്തിക മിച്ചം (actual economic surplus). അവികസിത രാഷ്ട്രങ്ങളിൽ ഇത് വളരെ കുറവായിരിക്കും. സാമ്പത്തിക വളർച്ചയ്ക്കാവശ്യമായ മൂലധനത്തിന്റെ അഭാവം, നിക്ഷേപങ്ങളിലെ കുറവ് എന്നീ രീതികളിലാണ് ഇത് പൊതുബോധത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഇതിൽ നിന്നും വ്യത്യസ്തമായി, നിലവിലുള്ള ഉല്പാദനഘടകങ്ങൾ ഉപയോഗിച്ച് – സാങ്കേതികവിദ്യ, പ്രകൃതിവിഭവങ്ങൾ, തൊഴിൽ ശക്തി – കൈവരിക്കാവുന്ന പരമാവധി ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരമാണ് കൈവരിക്കാവുന്ന സാമ്പത്തിക മിച്ചം (potentail economic surplus). അമിതമായ ഉപഭോഗം, പല കാരണങ്ങളാലും ഉത്പാദനക്ഷമമല്ലാത്ത തൊഴിൽ ശക്തി, നിലവിലുള്ള ഉല്പാദന സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങി പല കാരണങ്ങളും ഇതിനു ചൂണ്ടിക്കാട്ടാനാവും. യഥാർത്ഥ സാമ്പത്തിക മിച്ചം വളരെകുറഞ്ഞ തോതിൽ നിലനിൽക്കുന്ന അവികസിത രാജ്യങ്ങളിൽ, ഉല്പാദന സംവിധാനങ്ങളെ വിപ്ലവകരമായി പുനഃ സംഘടിപ്പിക്കുന്നതിലൂടെ സാമ്പത്തിക മുന്നേറ്റമുണ്ടാക്കാൻ കഴിയും എന്നതാണ് ഇതിന്റെ സൈദ്ധാന്തിക വിവക്ഷ.

സോഷ്യലിസ്റ്റ് സാമൂഹിക സംഘാടനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആസൂത്രിത സാമ്പത്തിക മിച്ചത്തിന്റെ സാധ്യത . ഉല്പാദന ഘടകങ്ങളുടെ ഏറ്റവും മികച്ച രീതിയിലുള്ള ഉപയോഗമാണ് ഇവിടെ ബാരൻ ഉദ്ദേശിക്കുന്നത്.
(അവസാനിക്കുന്നില്ല)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − three =

Most Popular