Monday, October 14, 2024

ad

Homeചിത്രകലവർണസ്വപ്‌നങ്ങളിലെ ഏകാകിയായ ചിത്രകാരി

വർണസ്വപ്‌നങ്ങളിലെ ഏകാകിയായ ചിത്രകാരി

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

സ്ത്രീകൾ വീടിന്റെ മതിൽകെട്ടിനുള്ളിൽ സ്വാതന്ത്ര്യമില്ലാതെ ജീവിക്കേണ്ടിവന്ന യാഥാസ്ഥിതിക കാലം. കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സ്വതന്ത്രമായി, ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും സാഹചര്യമില്ലാത്ത തറവാട്ടിൽനിന്നാണ്‌ രൂപങ്ങളെയും വർണങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട്‌ കലയുടെ വിഹായസ്സിലേക്ക്‌ ടി കെ പത്മിനി എന്ന ചിത്രകാരി പറന്നുയർന്നത്‌. പക്ഷേ വിധി അവരെ കലാജീവിതത്തിൽനിന്ന്‌, ലോകത്തുനിന്നുതന്നെ മടക്കിവിളിക്കുകയായിരുന്നു. സ്വാതന്ത്ര്യവും മതേതരത്വവും മാനവികതയും മുറുകെ പിടിച്ചുകൊണ്ട്‌ സ്വന്തം കലാവിഷ്‌കാരങ്ങളിലൂടെ, സ്വതന്ത്രമായ രചനകളിലൂടെ അവർ വിമോചനവഴികൾ തുറന്നിടുകയായിരുന്നു. ‘കേരളത്തിലെ അമൃത ഷെർഗിൾ’ എന്നു വിളിപ്പേരുള്ള ടി കെ പത്മിനി ഒരു കാലത്തിന്റെയും ദേശത്തിന്റെയും നിഴൽവെളിച്ചങ്ങളാണ്‌, ഗ്രാമീണ സ്‌ത്രീകളും അവരുടെ ജീവിതവും മുഖ്യവിഷയങ്ങളായി ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഒരർഥത്തിൽ കാലത്തിനു മുമ്പേ നടന്ന ചിത്രകാരിയാണ്‌ പത്മിനിയെന്ന്‌ അവരുടെ ചിത്രങ്ങൾ പ്രഖ്യാപിക്കുന്നു.

1940 മെയ്‌ 12ന്‌ പൊന്നാനിയിലെ കാടഞ്ചേരി തറവാട്ടിലാണ്‌ പത്മിനി ജനിക്കുന്നത്‌. സ്‌കൂൾ പഠനശേഷം വീട്ടിനുള്ളിൽ കഴിയേണ്ടിവന്ന പത്മിനി ചിത്രകലാവഴികളിലൂടെ സ്വയം സഞ്ചരിക്കുകയായിരുന്നു. പത്മിനിയുടെ താൽപര്യത്തിന്‌, അമ്മാവന്റെ സഹായത്തോടെ 1961ൽ മദ്രാസ്‌ കോളേജ്‌ ആൻഡ്‌ ക്രാഫ്റ്റ്‌സിൽ കെ സി എസ്‌ പണിക്കരുടെ ശിഷ്യയായി ചിത്രകലാപഠനം ആരംഭിച്ചു. 1965ൽ ഒന്നാം റാങ്കോടെ പാസ്സായ പത്മിനി കുറച്ചുനാൾ മദ്രാസിൽതന്നെ സ്‌കൂളിൽ കലാധ്യാപികയായി. 1967ൽ ചിത്രകാരനായ കെ ദാമോദരൻ പത്മിനിയെ വിവാഹം ചെയ്‌തു. 1969 മെയ്‌ 11ന്‌ പ്രസവാനന്തരം കുഞ്ഞിനൊപ്പം പത്മിനിയും ലോകത്തോട്‌ വീടപറയുകയായിരുന്നു.

വളരെ കുറച്ചുകാലത്തെ ജീവിതമാണ്‌ (29 വയസ്സ്‌) പത്മിനിക്കുണ്ടായിരുന്നത്‌. ഒരായുസ്സിൽ വരയ്‌ക്കേണ്ടുന്ന മികച്ച ചിത്രങ്ങൾ ടി കെ പത്മിനി ഇതിനകം വരച്ചുതീർത്തു. വരകളിലൂടെയും വർണങ്ങളിലൂടെയും കേരളീയ ചിത്രകലാരംഗത്ത്‌ തീക്ഷ്‌ണവും സജീവവുമായ സ്‌ത്രീസാന്നിധ്യം പ്രകടമാക്കിയ ചിത്രകാരിയാണിവർ. മദിരാശി സ്‌കൂളിലെ കലാപാരമ്പര്യത്തിലൂന്നിയ അക്കാലത്തെ ചിത്രണ‐വർണവിന്യാസങ്ങൾ പത്മിനിയെ സ്വാധീനിച്ചിരുന്നു. ലാളിത്യബോധമുള്ള ആദ്യകാല കലാരചനകളെക്കുറിച്ച്‌ പത്മിനിയുടെ ഭർത്താവും ചിത്രകാരനുമായ (മദ്രാസ്‌ കോളേജ്‌ ഓഫ്‌ ആർട്ട്‌സിലെ സീനിയർ ചിത്രകലാവിദ്യാർഥി) കെ ദാമോദരൻ പിൽക്കാലത്ത്‌ ഇങ്ങനെ കുറിക്കുന്നു:

‘‘സ്വന്തം സർഗശേഷിയോട്‌ പത്മിനി കാണിച്ചിരുന്ന ആത്മാർഥതയും അതിന്റെ ആവിഷ്‌കരണത്തിൽ കാണിച്ചിരുന്ന അനായാസതയും നൈസർഗികതയും പത്മിനിയുമായി പരിചയപ്പെട്ട പല കലാകാരന്മാരെയും അസൂയാലുക്കളാക്കത്തക്കതായിരുന്നു. പരീക്ഷണത്തിന്റെ പേരിലും അനുകരിക്കാനുള്ള പ്രവണതയിലും പല യുവകലാകാരരും കാണിക്കാറുള്ള വ്യഗ്രത പത്മിനി ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും കലയുടെ ഇതഃപര്യന്തമുള്ള വളർച്ചയുടെ ചരിത്രവും മാറിക്കൊണ്ടിരിക്കുന്ന നൂതന പ്രവണതകളും പത്മിനി ഔത്സുക്യത്തോടെ ശ്രദ്ധിച്ചിരുന്നു. ദശകങ്ങളോളം ഇതര കലാസങ്കേതങ്ങളിലും ശൈലികളിലും മുഴുകി കലാലോകത്തിൽ തനതായ വ്യക്തിത്വം പുലർത്താൻ സാധിക്കാതെ പോകുന്നത്‌, പലരെയും സംബന്ധിച്ച ഒരു ദുഃഖസത്യമാണ്‌. കേവലം ഒരുവർഷം കഴിഞ്ഞില്ല, പത്മിനിക്ക്‌ കലാലോകത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു’’.

‘‘ചാർക്കോളും പെൻസിലും മാധ്യമമായി വരച്ചിരുന്ന ആദ്യകാല ചിത്രങ്ങളിൽ പലതും രൂപഭംഗിയിലും ചുറ്റുമുള്ളവരുടെ സ്വഭാവരൂപീകരണത്തിലും മുന്നിട്ടുനിന്നിരുന്നു. സ്വന്തം ജീവിതത്തിൽ ഇടപഴകി പരിചയിച്ച മനുഷ്യരുടെ രേഖാചിത്രങ്ങളായിരുന്നു അവയിലധികവും. നാട്ടിൻപുറത്തെ കർഷകർ, യൗവനയുക്തകളായ കന്യകമാർ, പിഞ്ചുബാലികാ‐ബാലന്മാർ എല്ലാം അവയിലെ കഥാപാത്രങ്ങളാണ്‌’’. (1970ൽ മലയാളനാട്‌ വിശേഷാപ്രതിയിൽ പ്രസിദ്ധീകരിച്ചത്‌).

തന്റെ ഹ്രസ്വകാല ജീവിതത്തിൽ സ്വന്തം സംസ്‌കാരത്തോടും മണ്ണിനോടും പ്രകൃതിയോടും മനുഷ്യബന്ധങ്ങളോടും വളരെയേറെ പ്രതിബദ്ധത കാട്ടിയിട്ടുള്ള ചിത്രകാരി കൂടിയാണ്‌ ടി കെ പത്മിനിയെന്ന്‌ ആർട്ടിസ്റ്റ്‌ നമ്പൂതിരിയും സൂചിപ്പിച്ചിട്ടുണ്ട്‌. പത്മിനിയുടെ ആദ്യകാല ചിത്രങ്ങൾ കാണ്ടതും പ്രോത്സാഹിപ്പിച്ചതും മദിരാശിയിൽ ചിത്രകല പഠിക്കാൻ അവസരമുണ്ടാക്കിയതും ഗുരുവായ നന്പൂതിരിയായിരുന്നു. സ്‌കൂൾ പഠനകാലത്തും പിന്നീടും നോട്ടുപുസ്‌തക താളുകളിൽ വരഞ്ഞിട്ട സ്‌കെച്ചുകളായിരുന്നു അധികാവും അദ്ദേഹം ആദ്യകാലത്ത്‌ കണ്ടിട്ടുള്ളത്‌. ഏകാന്തവഴികളിൽനിന്ന്‌ ഇരുണ്ട ലോകത്തേക്ക്‌ നോക്കുന്ന സ്‌ത്രീകളായിരുന്നു ആ സ്‌കെച്ചുകളിൽ. അവരിലൊരാളായിരുന്നു പത്മിനി. ഏകാകിയായി സ്വപ്‌നം നെയ്യുന്ന പെൺകുട്ടിയുടെ ജന്മവാസനയിൽനിന്ന്‌ കലാദാർശനികതയുടെ പൂർണതയിലേക്കാണ്‌ ടി കെ പത്മിനി നടന്നുകയറിയത്‌.

തന്റെ ഗ്രാമത്തിന്റെ ഛായ പത്മിനിയുടെ എല്ലാ ചിത്രങ്ങളിലും നിഴലിടുന്നുണ്ട്‌. നിഷ്‌കളങ്കരായ കുട്ടികളും അധ്വാനിക്കുന്ന ഗ്രാമീണരും വീട്ടകങ്ങളിൽ കഴിയുന്ന സ്‌ത്രീകളും വയലിൽ പണിയെടുക്കുന്നവരും നെല്ലുകുത്തുന്ന സ്‌ത്രീകളും മറ്റ്‌ ജോലിക്കാരുമൊക്കെ ചിത്രതലങ്ങളിൽ നിറഞ്ഞിരുന്നു. തുടർന്ന്‌ ദീപ്‌തവും സാന്ദ്രവുമായ രൂപവർണ പ്രയോഗത്തോടൊപ്പം ഭാവതീവ്രതയ്‌ക്കും പ്രാധാന്യം നൽകിത്തടങ്ങിയെങ്കിലും ശോകസാന്ദ്രമായ ഒരു ഏകാന്തത ചിത്രതലങ്ങളിൽ നിറഞ്ഞിരുന്നു.

രാത്രിയുടെ ഇരുണ്ട പശ്ചാത്തലമുള്ള ചിത്രങ്ങളും തുടർന്ന്‌ പത്മിനി വരച്ചിരുന്നു. രൂപനിർമിതിയിൽ അമൂർത്ത രൂപങ്ങളുടെ സ്വാധീനം ഇവിടെ പ്രകടമാകുന്നു. കട്ടികൂടിയ രേഖകളിലൂടെ ഇരുണ്ട നിറങ്ങളാൽ സന്പന്നമായ പത്മിനിയുടെ ചിത്രങ്ങളിൽ കാൽപ്പനികമായ വിഷാദഭാവം നിഴലിച്ചിരുന്നതായി കാണാം.

ടി കെ പത്മിനിയുടെ ചിത്രങ്ങൾ കാലം വിലയിരുത്തുമെന്ന്‌ അമ്മാവൻ ദിവാകര മേനോൻ, ആർട്ടിസ്‌റ്റ്‌ നന്പൂതിരി, ഇടശ്ശേരി, കെ ദാമോദരൻ എന്നിവർ കുറിച്ചിട്ട വരികൾ ഇന്ന്‌ സഫലമാകുകയാണ്‌. പത്മിനിയുടെ ചിത്രങ്ങൾ വിലയിരുത്തപ്പെടുക മാത്രമല്ല കൂടുതൽ പഠിക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു. നാഷണൽ ഗ്യാലറി ഓഫ്‌ മോഡേൺ ആർട്ട്‌, മദ്രാസ്‌, സലാർജംഗ്‌ മ്യൂസിയം ഹൈദരാബാദ്‌, കേരള ലളിതകലാ അക്കാദമിയുടെ കൊച്ചി ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറി എന്നിവിടങ്ങളിൽ പത്മിനിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുവരുന്നു, വരുംതലമുറയ്‌ക്ക്‌ ഈ കലാപ്രതിഭയെയും ചിത്രങ്ങളെയും കൂടുതൽ ആസ്വാദനവേദ്യമാക്കാനും പഠനവിധേയമാക്കാനും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 13 =

Most Popular