പശ്ചിമബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരവിന്റെ പാതയിലാണ് എന്നത് നിരന്തരം മാധ്യമവാർത്തകളിൽ നിറയുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. എന്നാൽ അതിലുമപ്പുറം ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. അത് അവിടത്തെ ഗ്രാമീണ ജനതയാണ്. തൃണമൂൽ ഭരണം ജനങ്ങൾ വെറുത്തുകഴിഞ്ഞു. തീർച്ചയായും അവർ മാറ്റം ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിന്റെ അലകൾ ഇപ്പോൾ ബംഗാളിലെ കുടിയേറ്റത്തൊഴിലാളികളും ഏറ്റുവാങ്ങിയിരിക്കുകയാണ്. അവർ ഇടതുപക്ഷം, സിപിഐ എം വരണമെന്ന് ആഗ്രഹിക്കുക മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങുന്ന കാഴ്‌ചയാണ് കാണാനാവുന്നത്. അവർ അവരുടെ നാട്ടിലേക്ക് വോട്ടുചെയ്യാനായി പോകാൻ ഒരുങ്ങുമ്പോഴും ഇവിടെ സിപിഐ എമ്മിനുവേണ്ടിയുള്ള പ്രചാരണത്തിൽ സജീവമായി ഇറങ്ങിയിരിക്കുകയാണ്. അതിലേറെയും ചെറുപ്പക്കാരാണെന്ന പ്രത്യേകതയുമുണ്ട്.
ചെന്പതാകകളുമേന്തി ഇടതുമുന്നണി സ്ഥാനാർഥികൾക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പര്യടനങ്ങളിൽ ഇവർ മുന്നിൽതന്നെയുണ്ട്. ഇവർക്ക് ഒരു രാഷ്‌ട്രീയവുമില്ലാത്തവരെന്നത് ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് ബിജെപിയും തൃണമൂലും അതിന്റെ ഗവൺമെന്റും ഈ കുടിയേറ്റത്തൊഴിലാകളെ പിന്തുണയ്‌ക്കുന്നതിനു പകരം അവരോട് ക്രൂരമായാണ് പെരുമാറിയതെന്നത് അവരോർക്കുന്നു. അതവർ പ്രചരണത്തിനിടെ ജനങ്ങളോട് പങ്കുവെക്കുന്നുമുണ്ട്. ബങ്കുര, വിഷ്‌ണുപ്പൂർ, ഝാർഗ്രാം, പുരുളിയ, മേദ്‌നിപ്പൂർ തുടങ്ങി ഗ്രാമ‐നഗര ഭേദമന്യേ എല്ലായിടത്തും ഇവർ പ്രചരണത്തിൽ പങ്കുകൊള്ളുകയാണ്.
ഇതുവരെ ഒരു രാഷ്‌ട്രീയത്തിലുമില്ലാതിരുന്നവർ ഇപ്പോൾ സിപിഐ എമ്മിനു കീഴിൽ ചെങ്കൊടിയുമേന്തി അണിനിരക്കുന്നത് കാണുന്നതിൽ അസഹിഷ്‌ണുത പൂണ്ട് ബിജെപിയും തൃണമൂലും അവരെ ആക്രമിച്ചോടിക്കാൻ ശ്രമിക്കുകയാണ്. ബിജെപിയും തൃണമൂലും തങ്ങൾ മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ ഒരു താൽപര്യവും കാണിച്ചിട്ടില്ല. തൃണമൂലാകട്ടെ ഗവൺമെന്റിന്റെ പരിപാടികൾ ആഘോഷപൂർവം നടത്താറുണ്ടെങ്കിലും അവയൊന്നും നടപ്പാക്കിയിട്ടില്ല. ഇതു മറച്ചുവെയ്‌ക്കാൻ പൊതു ആവശ്യങ്ങളിന്മേലുള്ള ജനങ്ങളുടെ ഐക്യത്തെ തകർക്കാൻ ജംഗൽമഹൽ പോലെയുള്ള സ്ഥലങ്ങളിൽ വർഗീയ വിഘടന രാഷ്‌ട്രീയം പയറ്റുകയാണ്. നിരവധി ഗോത്രവിഭാഗങ്ങൾ പതിറ്റാണ്ടുകളായി സഹവർത്തിത്വത്തോടെ കഴിയുന്ന, സാംസ്‌കാരിക വൈവിധ്യത്തിന്റെ ഭൂമികയാണ് ഈ വനപ്രദേശം. വനവിഭവങ്ങളെ ആശ്രയിച്ചാണ് ഇവിടങ്ങളിലുള്ളവർ ജീവിക്കുന്നത്. എന്നാൽ ഇവർക്ക് ആശ്രയമായിരുന്ന കോ‐ഓപ്പറേറ്റീവ് സൊസൈറ്റികൾ മമത സർക്കാർ അധികാരമേറ്റശേഷം പിരിച്ചുവിടുകയുണ്ടായി. അതോടെ അവരുടെ വരുമാനമാർഗം നിലച്ചു. തുടർന്ന് പലരും മറ്റിടങ്ങളിലേക്ക് തൊഴിൽതേടി പോകാൻ നിർബന്ധിതരായി. ഇത്തരത്തിൽ അറുപതിനായിരത്തോളം പേരാണ് കുടിയേറ്റത്തൊഴിലാളികളായി മാറിയത്. കോവിഡ് കാലത്ത് ഇവരുടെ കുടുംബങ്ങളെ സംരക്ഷിച്ചത് സിപിഐ എം പ്രവർത്തകരാണ്. തൃണമൂലോ പ്രാദേശിക പഞ്ചായത്ത് പ്രതിനിധികളോ ഇവരെ തിരിഞ്ഞുനോക്കിയില്ല. തൊഴിലുറപ്പ് പദ്ധതിയും പിഎംഎവൈ പോലുള്ള പദ്ധതികളും നിശ്ചലമാണ്. ഇവരെല്ലാം തൊഴിലിടങ്ങളിൽനിന്നും തിരികെവന്ന് സിപിഐ എമ്മിനായുള്ള പ്രചരണത്തിൽ സജീവമായിരിക്കുകയാണ്.
എന്തായാലും ജംഗൽമംഗലിൽ സിപിഐ എം സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനായി അവിടത്തെ ജനങ്ങൾ ഒന്നടങ്കം, പ്രത്യേകിച്ച് ചെറുപ്പക്കാർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. തീർച്ചയായും ബംഗാൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന്റെ വേദികളിലേക്ക് ഒഴുകിയെത്തുന്ന വന്പിച്ച ജനാവലി. ♦