ബംഗാളില്‍ തൃണമൂല്‍ ഭരണത്തില്‍ അഴിമതി ആരോപണത്തിന് വിധേയരായി മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അറസ്റ്റിലാകുന്നത് തുടര്‍ക്കഥയാകുന്നു. 2011ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ഒന്നാം മമത മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് അഴിമതിയുടെ പേരില്‍ പുറത്തു പോകേണ്ടി വന്നു. മദന്‍ മിത്ര, മൊലയ് ഘട്ടക്ക് എന്നിവരാണവര്‍. അഴിമതിയാരോപണത്തില്‍ രാജിവെയ്ക്കേണ്ടി വന്ന രണ്ടുപേരും പിന്നീട് അറസ്റ്റിലായി. കോടികള്‍ വെട്ടിച്ച ശാരദ ചിട്ടി ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് മന്ത്രിമാരും നേതാക്കളുമുള്‍പ്പടെ നിരവധി ആളുകളുടെ പേരിലാണ് കേസ് ചാര്‍ജ് ചെയ്യപ്പെട്ടത്. അന്വേഷണം തുടരുന്ന ആ കേസില്‍ നിലവിലെ മന്ത്രിമാരുള്‍പ്പെടെ പല നേതാക്കളും പ്രതികളാണ്.
ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ നാരദ ഡോട്ട് കോം ഒളിക്യാമറ അഴിമതി കേസ്സുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖ നേതാക്കളേയും സിബിഐ അറസ്റ്റു ചെയ്തു. മന്ത്രിയായിരുന്ന അന്തരിച്ച സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, എംഎല്‍എയും മുന്‍മന്ത്രിയുമായ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവും മന്ത്രിയും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുമായിരുന്ന സോവന്‍ ചാറ്റര്‍ജി എന്നിവരാണ് അതില്‍ പ്രമുഖര്‍. പിന്നീട് സോവന്‍ തൃണമൂല്‍ വിട്ടു. ഇപ്പോഴും മന്ത്രിയായി തുടരുന്ന ഫിര്‍ഹാദ് ഹക്കിം മമതയുടെ അടുത്ത ആളും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്. മറ്റ് പല കേസ്സുകളും അയാള്‍ക്കെതിരായി നിലവിലുണ്ട്. നാരദ ഡോട്ട് കോം കേസ്സുമായി ബന്ധപ്പെട്ട് തൃണമൂലിന്‍റെ ലോക്സഭ നേതാവായ സുദീപ് ബദ്ധോപാധ്യായ മാസങ്ങളോളം സിബിഐ കസ്റ്റഡിയിലായിരുന്നു. മമതയുടെ മരുമകനും തൃണമൂലിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജി എംപിയും അയാളുടെ ഭാര്യയും മറ്റ് പല നേതാക്കളും കോടികളുടെ വെട്ടിപ്പ് നടന്ന കല്‍ക്കരി കുംഭകോണ കേസ്സില്‍ പ്രതികളാണ്. കേസ്സ് അന്വേഷിക്കുന്ന സിബിഐയും ഇ ഡിയും അഭിഷേകിനേയും മറ്റുള്ളവരേയും ഓഫീസില്‍ വിളിച്ചുവരുത്തി പല തവണ ചോദ്യം ചെയ്യുകയുണ്ടായി. എന്നും ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് തൃണമൂല്‍ സര്‍വ്വാധികാരിയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നടത്തിയത്.
അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് അധ്യാപക നിയമനത്തില്‍ കോടികള്‍ വാങ്ങി വന്‍ അഴിമതി നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി ഇ ഡി കസ്റ്റഡിയില്‍ കഴിയുന്ന മമതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളും മന്ത്രിസഭയില്‍ രണ്ടാമനുമായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെ കഥ.
ഏതൊരു ചെറിയ നേതാവിനെതിരെ ആരോപണം ഉയര്‍ന്നാല്‍പോലും അതിനെതിരെ അന്വേഷണ ഏജന്‍സികളേയും എതിരാളികളേയും വാതോരാതെ പുലഭ്യം പറയുകയും രൂക്ഷമായി പ്രതികരിക്കുകയും അനുയായികളെ നിരത്തിലിറക്കി വന്‍ അക്രമം സംഘടിപ്പിക്കുകയും ചെയ്യുന്ന മമത തന്‍റെ വിശ്വസ്തനും പാര്‍ടിയുടെ സെക്രട്ടറി ജനറലും മന്ത്രിസഭയില്‍ രണ്ടാമനുമായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ദിവസങ്ങളോളം മൗനം പാലിച്ചത് തൃണമൂല്‍ വൃത്തങ്ങളില്‍ത്തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ശാരദ -നാരദ അഴിമതി കേസ്സുകളില്‍ മന്ത്രിമാരും നേതാക്കളും പിടിക്കപ്പെട്ടപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും കോടതി മുറികളിലും പാഞ്ഞു കയറി ബഹളം വെയ്ക്കുകയും കുത്തിയിരിക്കുകയും മറ്റും ചെയ്ത മമതയുടെ ഇപ്പോഴത്തെ നിലപാട് പാര്‍ടിയിലും പുറത്തും വലിയ സംശയത്തിനിടയാക്കി. രൂക്ഷമായ വിമര്‍ശനം എല്ലാ തലങ്ങളിലും ഉയര്‍ന്നതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട് അഞ്ചു ദിവസങ്ങള്‍ക്കുശേഷമാണ് മമത മൗനം വെടിഞ്ഞതും നടപടിക്ക് തയ്യാറായതും. അധ്യാപക നിയമനത്തില്‍ വന്‍ അഴിമതിയിലൂടെ കോടികള്‍ സമ്പാദിച്ചതിനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചാറ്റര്‍ജിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ വിളിക്കാന്‍ താന്‍ പല തവണ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ലെന്ന് ചാറ്റര്‍ജി പരാതിപ്പെട്ടു. മമത അറിഞ്ഞുകൊണ്ട് നടത്തിയ അധ്യാപക നിയമന അഴിമതിയില്‍ അവര്‍ക്കും പങ്കുണ്ടെന്നാണ് പൊതുവില്‍ ആളുകള്‍ വിശ്വസിക്കുന്നത്. തന്‍റെ പേര് വെളിപ്പെടുമോയെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. കണ്ടെടുത്ത പണവുമായി പാര്‍ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരോപണ വിധേയരായവര്‍ സ്വയം ഉത്തരം പറയണമെന്നും പ്രസ്താവന നടത്തിക്കൊണ്ട് തൃണമൂല്‍ വക്താവ് കുണാല്‍ ഘോഷ് ആണ് ആദ്യം പ്രതികരിച്ചത്. തൃണമൂലിലെ മറ്റ് മന്ത്രിമാരുടേയും നേതാക്കളുടേയും അനധികൃത സമ്പാദ്യത്തെക്കുറിച്ച് ചാറ്റര്‍ജിയ്ക്ക് നന്നായി അറിയാം. അവയെല്ലാം പുറത്തുവരുമോയെന്നതാണ് മമതയെ അലട്ടുന്നത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ ഫണ്ട് ശേഖരണത്തിന്‍റെ പ്രധാന ചുമതല പാര്‍ത്ഥ ചാറ്റര്‍ജിക്കായിരുന്നു. 700 കോടിയിലധികം രൂപയാണ് അയാള്‍ പിരിച്ചത്. മറ്റ് മന്ത്രിമാരും നേതാക്കളും കോടികള്‍ പിരിച്ചു. ഏഴു വര്‍ഷത്തോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ചാറ്റര്‍ജി അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവാക്കളെ വഞ്ചിച്ചുകൊണ്ട് വന്‍ അഴിമതിയാണ് അധ്യാപക നിയമനത്തില്‍ നടത്തിയത്. റാങ്ക് ലിസ്റ്റ് തിരുത്തി അര്‍ഹരായവരെ ഒഴിവാക്കിയാണ് ഈ വെട്ടിപ്പിന് കൂട്ടുനിന്നത്.
തൃണമൂലിന്‍റെ സെക്രട്ടറി ജനറലായിരുന്ന അയാള്‍ പാര്‍ടിയിലെ പ്രമുഖനുമായിരുന്നു. ഗവണ്മെന്‍റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന അയാള്‍ ജോലി രാജിവെച്ചാണ് തൃണമൂലില്‍ ചേര്‍ന്നത്. രണ്ടു തവണയായി ഏഴു വര്‍ഷത്തിലധികം കാലം വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന അയാള്‍ കോടികളാണ് അവിഹിത നിയമനത്തിലൂടെ സ്വരൂപിച്ചത്. ആരോപണം ഉയര്‍ന്നപ്പോഴെല്ലാം ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മമത എടുത്തത്. എന്നാല്‍ അഴിമതിയുടെ ആഴം വര്‍ദ്ധിച്ചുവരുകയും കോടികള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ അയാളെ തള്ളിപ്പറയാനും മന്ത്രിസഭയില്‍നിന്നും പാര്‍ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യാനും നിര്‍ബന്ധിതയായി. അറസ്റ്റു ചെയ്യപ്പെട്ട് അഞ്ചു ദിവസങ്ങള്‍ക്കുശേഷമാണ് മമത നടപടിക്ക് തയ്യാറായത്.
വിവിധ കേസ്സുകളില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് ചാറ്റര്‍ജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ കറന്‍സി വിവിധ വിദേശ നാണ്യങ്ങള്‍, വന്‍ സ്വര്‍ണ ശേഖരം, മറ്റ് രേഖകള്‍ എന്നിവ ചാറ്റര്‍ജിയുടേയും അടുത്ത സുഹൃത്തുക്കളുടേയും വിവിധ വസതികളില്‍നിന്ന് ഇ ഡി കണ്ടെടുത്തു. ചാറ്റര്‍ജിയുടെ ഏറ്റവും അടുത്ത സുഹൃത്തും സിനിമാ നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ വിവിധ വീടുകളില്‍ നിന്നുമാത്രം 52 കോടി രൂപയാണ് പിടിച്ചെടുത്തത്. ചാറ്റര്‍ജിയുടേയും അര്‍പ്പിതയുടേയും സംയുക്ത പേരില്‍ നിരവധി കള്ളക്കമ്പനികളുടേയും വസ്തുവകകളുടേയും രേഖകളും പിടിച്ചെടുത്തു. അവരേയും ഇ ഡി അറസ്റ്റു ചെയ്തു. അര്‍പ്പിത കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂലിനുവേണ്ടി സജീവമായി പ്രചരണത്തിന് ഇറങ്ങുകയും അറസ്റ്റിന് തൊട്ടുമുമ്പുവരെ പല പരിപാടികളിലും പങ്കെടുക്കുകയും ചെയ്തു. ആദ്യം പാര്‍ത്ഥയുമായി ബന്ധമില്ലെന്ന് പറഞ്ഞ അര്‍പ്പിത തന്‍റെ വീടുകളില്‍നിന്ന് കണ്ടെടുത്ത പണവും സ്വര്‍ണവും അയാളുടേതാണെന്നും പണം സൂക്ഷിക്കാന്‍ തന്‍റെ ഫ്ളാറ്റുകള്‍ ഉപയോഗിക്കുകയായിരുന്നുയെന്നും ഇ ഡിയെ അറിയിച്ചു
അദ്ധ്യാപക നിയമനത്തിലെ വന്‍ അഴിമതി പുറത്തുവന്നെങ്കിലും മമതയും തൃണമൂലും അത് അവഗണിക്കുകയായിരുന്നു. അഴിമതിക്കെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുള്‍പ്പെടെ ഏറെ നാളുകളായി നടത്തിവരുന്ന പ്രക്ഷോഭവും കണ്ടില്ലെന്ന് നടിച്ചു. സ്കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റ് മറികടന്നാണ് ലക്ഷങ്ങള്‍ വാങ്ങി നിരവധിപേരെ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി നിയമിച്ചത്. വഞ്ചിതരായ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയും അതിനെ തുടര്‍ന്നുണ്ടായ വിധിയുമാണ് ഇപ്പോള്‍ അന്വേഷണത്തിന് വഴിവെച്ചത്. ചാറ്റര്‍ജിയെ വിദ്യാഭ്യാസ വകുപ്പില്‍നിന്നും മാറ്റി വ്യവസായം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പാര്‍ലമെന്‍ററി കാര്യം തുടങ്ങിയ മറ്റ് പ്രധാന വകുപ്പുകളുടെ ചുമതല നല്‍കി. മമത മന്ത്രിസഭയിലെ സഹമന്ത്രിയായ പരേഷ് അധികാരി, തൃണമൂല്‍ എംഎല്‍എ മണിക്ക് ഭട്ടാചര്യ, പാര്‍ത്ഥ ചാറ്റര്‍ജിയുടെ മകളുടെ ഭര്‍ത്താവ് കല്യാണ്‍മൊയ് ഭട്ടാചര്യ, പശ്ചിമ ബംഗാള്‍ സ്കൂള്‍ സര്‍വീസ് കമ്മീഷന്‍ ഉപദേഷ്ടാവ് എസ് പി സിന്‍ഹ, പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ മുന്‍ പ്രസിഡന്‍റ് കല്യാണ്‍മൊയ് ഗാംഗുലി തുടങ്ങി പ്രമുഖരായ നിരവധി പേര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് ഇ ഡി കേസെടുത്തു.
വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തൃണമൂല്‍ പാര്‍ത്ഥയെ കയ്യൊഴിഞ്ഞത്. പിടിച്ചെടുത്ത പണം തന്‍റേതല്ലെന്നും തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് താന്‍ കുടുങ്ങിയതെന്നും പാര്‍ത്ഥ പറഞ്ഞു. സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തുമെന്നും അയാള്‍ അറിയിച്ചു.
പാര്‍ത്ഥയെ അറസ്റ്റുചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമത ബാനര്‍ജിയുടെ വിശ്വസ്തരില്‍ ഒരാളും തൃണമൂല്‍ ബിര്‍ഭും ജില്ലാ പ്രസിഡന്‍റുമായ മുതിര്‍ന്ന നേതാവ് അനുബ്രത മണ്ഡലിനെ സിബിഐ അറസ്റ്റു ചെയ്തു. കോടികളുടെ ഇടപാടു നടക്കുന്ന കന്നുകാലി കള്ളക്കടത്തു കേസ്സുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി പല തവണ ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയെങ്കിലും അതെല്ലാം അനുബ്രത അവഗണിക്കുകയായിരുന്നു. ബോള്‍പ്പൂരിലെ അയാളുടെ വീട്ടിലെത്തി ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ഒട്ടും സഹകരിക്കുന്ന നിലപാടായിരുന്നില്ല അയാളുടേതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃതമായി ബംഗ്ലാദേശിലേക്ക് കന്നിനെ കടത്തുന്നതില്‍ ഇടനിലക്കാരനായി നിന്നാണ് അയാള്‍ കോടികള്‍ നേടിയത്. അയാളെ സംരംക്ഷിക്കുന്ന നിലപാടാണ് മമത എടുക്കുന്നത്. മറ്റു പല മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും പേരിലും നിരവധി ആരോപണ കേസ്സുകളുണ്ട്.
സംസ്ഥാനത്ത് ഇടതുമുന്നണിയുടെ 34 വര്‍ഷത്തെ ഭരണത്തിനിടയില്‍ 164 മന്ത്രിമാര്‍ മാറി മാറി ഭരിച്ചിട്ടും ഒരാളുടെ പേരിലും ഒരു അഴിമതി ആരോപണംപോലും ഉന്നയിക്കപ്പെട്ടിട്ടില്ലായെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ദീര്‍ഘകാല മന്ത്രിമാരും എംഎല്‍എമാരും ആയിരുന്ന പലരും വളരെ ബുദ്ധിമുട്ടിയാണ് ഇപ്പോള്‍ ജീവിതം നയിക്കുന്നത്. അവിടെയാണ് തൃണമൂലിന്‍റെ 11 വര്‍ഷത്തെ ഭരണത്തിനിടയില്‍ പല മന്ത്രിമാരും അഴിമതിക്ക് അറസ്റ്റിലാകുന്നതും പല പ്രമുഖ നേതാക്കളും എംഎല്‍എമാരും എംപിമാരും ആഡംബര ജീവിതം നയിക്കുന്നതും.
തൃണമൂല്‍ ഭരണത്തില്‍ എല്ലാ തലങ്ങളിലും വ്യാപകമായ അഴിമതി അരങ്ങേറുന്നതായി, തങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. ശാരദ ചിട്ടി കുംഭകോണം മുതല്‍ കോടികളുടെ നിരവധി അഴിമതി കേസ്സുകളാണ് തൃണമൂല്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും എതിരായിട്ടുള്ളത്. ബംഗാളിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത വന്‍ അഴിമതിയാണ് അരങ്ങേറുന്നത്. അഴിമതിക്കാര്‍ക്ക് എല്ലാ സംരക്ഷണവും സുരക്ഷയും നല്‍കുന്ന നിലപാടാണ് മുഖ്യമന്ത്രി മമത എടുക്കുന്നത്. തൃണമൂല്‍ അഴിമതിയുടെ കൂമ്പാരമാണ്. ഉന്നതര്‍ മുതല്‍ താഴെ തട്ടുവരെയുള്ള എല്ലാവര്‍ക്കും അതില്‍ പങ്കുണ്ട്. മമത അറിയാതെ ഇത്രയധികം പണം പാര്‍ത്ഥ ചാറ്റര്‍ജിക്ക് കുന്നുകൂട്ടാന്‍ കഴിയില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അറിഞ്ഞുകൊണ്ടുള്ള ഒരു നാടകമാണ് ഇപ്പോഴത്തെ നടപടി. എല്ലാ തലങ്ങളിലും നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരും. അഴിമതിക്കെതിരെ സംസ്ഥാനത്തൊട്ടാകെ വന്‍ ജനകീയ രോഷവും പ്രക്ഷോഭവും അരങ്ങേറുന്നു.•