Tuesday, December 3, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ഡച്ച് ദീനവും കേരളത്തിലെ കാർഷിക മേഖലയും

ഡച്ച് ദീനവും കേരളത്തിലെ കാർഷിക മേഖലയും

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 32

സാമ്പത്തിക ശാസ്ത്രത്തിൽ ഡച്ച് ദീനം എന്ന പ്രയോഗം 1977 ലാണ് ഇക്കണോമിസ്റ്റ് മാസിക ആദ്യമായി പ്രയോഗിക്കുന്നത്. ഒരു രാജ്യത്തിന്റെ ഉല്പാദന മേഖലയിൽ ഏതെങ്കിലും ഒന്ന് പൊടുന്നനവെ കുതിച്ചുയരുക, അത് വമ്പിച്ച തോതിലുള്ള കയറ്റുമതിക്കും അതുവഴി വിദേശ നാണയത്തിന്റെ കടന്നുവരവിനും ഇടയാക്കുക, നാണയത്തിന്റെ മൂല്യം ഉയരുക, കൂലിനിരക്കുകൾ വർദ്ധിക്കുക, ഇതിന്റെ അനന്തര ഫലമായി മറ്റുത്പന്നങ്ങളുടെ കയറ്റുമതി കുറയുക, ഇതര സാമ്പത്തിക മേഖലകൾ തകരുക. ഈ പ്രതിഭാസത്തെയാണ് ഡച്ച് ദീനം എന്ന് ഇക്കണോമിസ്റ്റ്‌ മാസിക വിളിച്ചത്.

നെതർലാൻഡ്സിലുണ്ടായ (ഡച്ചുകാരുടെ രാജ്യമാണ് നെതർലൻഡ്സ് അഥവാ ഹോളണ്ട്) ഒരു പ്രതിസന്ധിയുടെ വിശകലനത്തിൽ നിന്നാണ് ഈ പ്രയോഗം ഉരുത്തിരിയുന്നത്. നെതെർലാൻഡ്സിനോട് ചേർന്ന് കിടക്കുന്ന വടക്കൻ കടലിൽ (North Sea) 1959ൽ വലിയ പെട്രോളിയം നിക്ഷേപം കണ്ടെത്തി. ഇത് രാജ്യത്തെ കയറ്റുമതി വരുമാനത്തിന്റെ പെട്ടെന്നുള്ള വർദ്ധനവിന് വഴിവെച്ചു. ഡച്ച് നാണയമായ ഗിൽഡറിന്റെ (2002ലാണ് ഇത് യൂറോ ആയി മാറുന്നത്) മൂല്യവർദ്ധനവിന് ഇതിടയാക്കി. വിദേശ കമ്പോളങ്ങളിൽ മറ്റ് ഡച്ച് ഉത്പന്നങ്ങളുടെ വില ഉയരുന്നതിന് ഇതിടയാക്കി, എണ്ണയൊഴിച്ചുള്ള മറ്റ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ഇത് സാരമായി ബാധിച്ചു.

തൊഴിലില്ലായ്മ 1.1 ശതമാനത്തിൽ നിന്നും 5.1 ശതമാനമായി ഉയർന്നു. മൂലധന നിക്ഷേപം 15 ശതമാനം കുറഞ്ഞു. അതേസമയം ഇതേ കാലയളവിൽ ഗിൽഡറിന്റെ മൂല്യം വളരെ ശക്തമായി. വിദേശ നാണയ ശേഖരവും വർദ്ധിച്ചു. ഈ വൈരുധ്യത്തെയാണ് ഡച്ച് ദീനമെന്ന് ഇക്കണോമിസ്റ്റ് വിളിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞനായ ലോർഡ് കാൻ ഇതേക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. “ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നോർത്ത് സീയിൽ നിന്നുമുള്ള എണ്ണയുടെയും ഗ്യാസിന്റെയും വരവ് നിലയ്ക്കും. അപ്പോഴേക്കും നമ്മുടെ രാജ്യം ഒന്നുമില്ലാത്ത പ്രദേശമായി മാറിക്കഴിഞ്ഞിരിക്കും’’. കേവലം സ്ഥായിയായ സാമ്പത്തികവളർച്ചയെ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള ഒരു വിലയിരുത്തലാണിത് എന്ന് വേണമെങ്കിൽ പറയാം. എണ്ണ വരുമാനം സൃഷ്ടിച്ച അധിക സമ്പത്തുണ്ടാക്കിയ ഗുണപരമായ സാമൂഹിക പ്രതിഭാസങ്ങൾ, കൂലിവർദ്ധനവു പോലെ, ഇവിടെ സാമ്പത്തിക വിദഗ്ദർ അവഗണിക്കുന്നു എന്നും പറയുന്നതിൽ തെറ്റില്ല. പക്ഷേ ക്ഷണികവും ബാഹ്യവുമായ കാരണങ്ങളാൽ ഒരു പ്രത്യേക സ്ഥലത്തെ സമ്പദ്‌വ്യവസ്ഥയിലെ ഏതെങ്കിലും ചില ഘടകങ്ങൾക്ക്പെട്ടെന്നുണ്ടാകുന്ന കുതിപ്പിനിടയിൽ പെട്ട് ഇതര മേഖലകൾ തകരുന്നതിന്റെ ചിത്രം ഈ പ്രതിഭാസം വരച്ചു കാട്ടുന്നുണ്ട്.

കേരളത്തിലെ കാർഷികമേഖലയിലെ പ്രതിസന്ധിയെ സംബന്ധിച്ച തങ്ങളുടെ പഠനത്തിൽ, ഡോ കെ എൻ ഹരിലാലും ഡോ കെ കെ ഈശ്വരനും ഡച്ച് ദീനമെന്ന സാമ്പത്തിക പ്രതിഭാസത്തെ ഉപയോഗിക്കുന്നുണ്ട്. 1970കൾക്ക് ശേഷമുണ്ടായ ഗൾഫ് കുടിയേറ്റവും അതുവഴി കേരളത്തിലേക്കൊഴുകിയ പണവും നമ്മുടെ നാട്ടിലെ കാർഷികമേഖലയിൽ സൃഷ്ടിച്ച ചലനങ്ങൾ ആ പഠനത്തിലെ ഒരു പ്രധാന നിരീക്ഷണമാണ് കേരളത്തിലെ കാർഷിക മേഖലയിലെ പ്രതിസന്ധിയെ സംബന്ധിച്ച സുപ്രധാനമായ മറ്റ് പല നിരീക്ഷണങ്ങളും ഈ പഠനത്തിലുണ്ട്. അതീവ ശ്രദ്ധയോടെ പഠനവിധേയമാക്കേണ്ടവയാണ് ഇത് പലതും. (ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ കർഷക സമൂഹം: പ്രതിസന്ധിയുടെ അർത്ഥശാസ്ത്രം’ എന്ന പുസ്തകത്തിൽ ഈ പ്രബന്ധം പൂർണമായും ഉൾപ്പെടുത്തിയിട്ടുണ്ട്).

കേരളത്തിലെ കാർഷികമേഖലയുടെ മുരടിപ്പ് ദീർഘനാളുകളായി തുടരുന്ന ഒന്നാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഉല്പാദനത്തിൽ കാർഷികമേഖലയുടെ പങ്ക് ഗണ്യമായി കുറഞ്ഞിരിക്കുന്നു. 1999‐-2000ത്തിൽ കേരളത്തിലെ ആഭ്യന്തര ഉല്പാദനത്തിന്റെ 22 ശതമാനം കൃഷിയും അനുബന്ധ മേഖലകളും കൂടിയാണ് പ്രദാനം ചെയ്തതെങ്കിൽ 2016ൽ ഇത് 10 ശതമാനമായി കുറഞ്ഞു. ഇത് പക്ഷെ കേരളത്തിലെ മാത്രം സവിശേഷ പ്രതിഭാസമല്ല. 1991ൽ ഇന്ത്യയിലെ ജിഡിപിയുടെ 35 ശതമാനമായിരുന്നു കാർഷിക മേഖലയുടെ വിഹിതമെങ്കിൽ 2023ൽ അത് 15 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്കൊപ്പമുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളുടെ പൊതു സവിശേഷത ഇതാണ്. വ്യവസായികമേഖലയുടെയും സേവനമേഖലയുടെയും വളർച്ചയാണ് ഇതിന് പ്രധാന കാരണം. പക്ഷെ കേരളത്തിലെ കാർഷികമേഖലയുടെ പിന്നോക്കം പോകൽ ആപേക്ഷികമായി മാത്രമല്ല, കേവലമായിത്തന്നെയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ആധുനിക കൃഷിരീതികളും ശാസ്ത്രസാങ്കേതിക സംവിധാനങ്ങളും നിലവിൽവരുന്നതിനു മുമ്പുള്ളതിനേക്കാൾ ഉത്പാദനം കുറഞ്ഞിരിക്കുന്നു. ഭൂമിയും മൂലധനവും തൊഴിലാളികളും കൃഷിയിൽനിന്നും അകലുന്നു എന്നാണ് ഹരിലാലും ഈശ്വരനും ഈ പ്രബന്ധത്തിലൂടെ സമർത്ഥിക്കുന്നത്. 1970ൽ 20 ലക്ഷം ഹെക്ടറിൽ ഭക്ഷ്യ വിളകൾ കൃഷി ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴത് കേവലം 13 ലക്ഷത്തിൽ താഴെയാണ്.1974‐-75ൽ 8.82 ലക്ഷം ഹെക്ടറിൽ നെൽകൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇന്നത് 1.96 ലക്ഷം ഹെക്ടർ മാത്രമാണ്. എന്തുകൊണ്ടിത് സംഭവിച്ചു എന്നതാണ് ചോദ്യം. ഉല്പാദനക്ഷമതയിലെ ഇടിവ്, യന്ത്രവൽക്കരണത്തിന്റെ അഭാവം, തൊഴിലാളികളുടെ കുറവ്, ഉയർന്ന കൂലിനിരക്ക്, അസ്ഥിരമായ വില എന്നിങ്ങനെ പലതും ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പക്ഷെ ഇതിന്റെ അടിസ്ഥാന കാരണങ്ങൾ ആരും ആഴത്തിൽ തിരഞ്ഞു പോകുന്നില്ല എന്നതാണ് പ്രബന്ധകാരന്മാരുടെ അഭിപ്രായം. കേരളത്തിലെ സാമ്പത്തിക രംഗത്തുണ്ടായികൊണ്ടിരിക്കുന്ന പരിവർത്തനങ്ങളുടെ പൊതു പശ്ചാത്തലത്തിൽ കാർഷിക മേഖലയിലെ പ്രതിസന്ധി പഠിക്കപ്പെടേണ്ടതുണ്ട്.

1970കൾക്ക് ശേഷമുണ്ടായ വമ്പിച്ച ഗൾഫ് കുടിയേറ്റത്തിന് ഇതിൽ ഗണ്യമായ ഒരു പങ്കുണ്ട് എന്ന് ഹരിലാലും ഈശ്വരനും അഭിപ്രായപ്പെടുന്നു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരിൽ നിന്നും സംസ്ഥാനത്തേക്ക് വലിയ തോതിൽ വരുന്ന പണം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെടുത്തിവേണം കേരളത്തിലെ കാർഷിക പ്രശ്നത്തെ പഠിക്കേണ്ടത് എന്ന അഭിപ്രായം ഇവർ മുന്നോട്ടു വെയ്ക്കുന്നു. പുറം വരുമാനം കേരളത്തിൽ ഡച്ച് ദീനത്തിനു കാരണമായിട്ടുണ്ട് എന്നാണ് ഇവരുടെ നിരീക്ഷണം. ഈ പുറം വരുമാനം നാട്ടിലെ ഭൂമിവില ഗണ്യമായി വർധിക്കുന്നതിന് ഇടയാക്കി, അതുപോലെ കാർഷിക രംഗത്ത് നിന്നുമുള്ള വരുമാനവുമായി ബന്ധപ്പെടുത്താനാകാത്ത നിലയിൽ കൂലിയുടെ വർദ്ധനവിനും ഇത് വഴി തെളിച്ചു എന്നും ഇവർ നിരീക്ഷിക്കുന്നു. കൃഷി ലാഭകരമല്ലാതാകാൻ ഇത് വഴി തെളിച്ചു. കൃഷിഭൂമി കാർഷിക വൃത്തിക്ക് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലായി ഒരു നിക്ഷേപ വസ്തുവായി മാറി. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുടെ കടന്നു വരവുകൂടിയായപ്പോൾ ഭൂമിയുടെ വില ക്രമാതീതമായി ഉയർന്നു. ഒരു ഉല്പാദനോപാധി എന്ന നിലയിൽ നിന്നും ഒരുനിക്ഷേപ വസ്തുവായി ഭൂമി പരിണമിച്ചു.

കേരളത്തെ ബാധിച്ച ഡച്ച് ദീനത്തിന്റെ മറ്റൊരു ഇമ്പാക്ട് ആണ് അന്യസംസ്ഥാന തൊഴിലാളികളുടെ വൻതോതിലുള്ള കടന്നു വരവ്. കേരളത്തിലെ കൂലിവർദ്ധനവാണല്ലോ ഇവരെ ഇങ്ങോട്ടാകർഷിക്കുന്നത്. ഏതാണ്ട് 25 ലക്ഷം പേർ ഇത്തരത്തിൽ ഇവിടെ പണിയെടുക്കുന്നു എന്നാണ് കണക്ക്. ഇവരുടെ പ്രതിദിന കൂലി 1000 രൂപവെച്ചു കണക്കാക്കുകയാണെങ്കിൽ ഒരു ദിവസം ഇവർക്ക് അകെ ലഭിക്കുന്നത് 250 കോടി രൂപയാണ്. ഇതിൽ 75 ശതമാനവും കേരളത്തിന് പുറത്തേക്കൊഴുകുകയാണ്. ഇതേ പണി നാട്ടിലെ തൊഴിലാളികൾ എടുക്കുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഇവിടെ തന്നെ ചിലവഴിക്കപ്പെടുകയും അതിന്റെ ബഹുമുഖമായ ഗുണഫലങ്ങൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ മൊത്തത്തിൽ ഉണ്ടാവുകയും ചെയ്യും. നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാർ ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ ഒരു മുഖ്യ കാരണവും ഇത് തന്നെയാകും.

ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഈ ചർച്ചകൾ മറ്റുപല തലങ്ങളും കൈവരിക്കുന്നുണ്ട്. വലിയ തോതിൽ സാമ്പത്തിക ഉദ്ഗ്രഥനം നടന്നു കഴിഞ്ഞിരിക്കുന്ന ഒരു ലോകത്ത് ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്നു കൊണ്ടുള്ള സാമ്പത്തിക വിശകലന മാതൃകകൾക്ക് വലിയ പ്രസക്തിയില്ല. മൂലധനം നിർബാധം രാജ്യാതിർത്തികൾ കടന്ന് ഒഴുകുന്ന ഒരു ലോകത്ത്, തൊഴിൽശക്തിയുടെ ചലനാത്മകത ഏറെ വർധിച്ച ഒരു ലോകത്ത് ക്ലാസ്സിക്കൽ അർത്ഥശാസ്ത്ര വിശകലന മാതൃകകൾ പലപ്പോഴും അപ്രസക്തമാകുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × five =

Most Popular