Saturday, April 27, 2024

ad

Homeവിശകലനംരാഷ്ട്രീയ നൈതികതയും 
തിരഞ്ഞെടുപ്പുകളിലെ പണാധിപത്യവും: 
ഇലക്ടറൽ ബോണ്ടുകളുടെ 
അന്ത്യത്തിന്റെ കഥ

രാഷ്ട്രീയ നൈതികതയും 
തിരഞ്ഞെടുപ്പുകളിലെ പണാധിപത്യവും: 
ഇലക്ടറൽ ബോണ്ടുകളുടെ 
അന്ത്യത്തിന്റെ കഥ

ആർ. രാംകുമാർ, സമ്പത്ത് സാംബശിവൻ

ന്ത്യയിലെ രാഷ്ട്രീയത്തിലും ഭരണനിർവ്വഹണത്തിലും ആഴത്തിൽ വേരൂന്നിയ ഒരു സാമൂഹ്യ പ്രശ്നമായി അഴിമതി മാറിയിട്ട് ദശകങ്ങളേറെയായെങ്കിലും അതിന്റെ തോതും വ്യാപ്തിയും വികസിച്ചത് 1990കളിലെ നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളോടെയാണ്. തൊണ്ണൂറുകൾക്ക് ശേഷം വെളിച്ചത്തു വന്ന പ്രമാദമായ അനവധി അഴിമതി കേസുകൾ ഇതിന് തെളിവാണ്. നവലിബറൽ കാലത്ത് ഭരണകൂടത്തിന്റെ നയങ്ങളും പ്രവർത്തനങ്ങളും സ്വകാര്യ മൂലധനത്തിന്റെ നിക്ഷേപസാധ്യതകൾ സുഗമമാക്കാൻ നടപടികൾ കൈക്കൊള്ളുന്ന ഒരു സ്ഥാപനം എന്ന നിലയിലേക്ക് ചുരുങ്ങുമ്പോൾ സമ്പദ്ഘടനയിൽ അഴിമതിയുടെ സാധ്യതകൾ കുറയും എന്നായിരുന്നു അതിന്റെ പ്രയോക്താക്കൾ പറഞ്ഞിരുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, സ്വകാര്യ മൂലധനത്തിന്റെ കുന്നുകൂടലിനും അതിന്റെ സാമ്പത്തിക ദുർനടത്തത്തിനുമാണ് നവലിബറൽ കാലം സാക്ഷ്യം വഹിച്ചത്. ഇങ്ങനെ കുന്നുകൂടിയ ലാഭത്തിന്റെ ഒരു വിഹിതം അതാത് കാലത്തെ സർക്കാരുകൾക്കും ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾക്കും കൃത്യമായി ലഭിച്ചു പോരുകയും ചെയ്തു. അങ്ങനെ കുത്തക മുതലാളിത്തവും ബൂർഷ്വാ-ഭൂപ്രഭു സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ പുതിയൊരു വികാസഘട്ടം കൂടിയായി ഇന്ത്യയിലെ നവലിബറൽ സാമ്പത്തിക പരിഷ്കാരകാലം.

കുത്തക മുതലാളിത്തവും മുഖ്യധാരാ രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം ഏറ്റവും പ്രത്യക്ഷമായി വെളിവാകുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ്. കള്ളപ്പണം തിരഞ്ഞെടുപ്പുകളിൽ വഹിക്കുന്ന പങ്കിനെതിരെ ഇടതുപക്ഷവും പുരോഗമന സ്വഭാവമുള്ള സാമൂഹ്യ സംഘടനകളും എക്കാലത്തും പോരാടിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായി വന്നു ചേർന്നിട്ടുള്ള മാറ്റം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുവേണ്ടി വരുന്ന പണത്തിന്റെ അഭൂതപൂർവ്വമായ വർദ്ധനവാണ്. മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറേഷി, അദ്ദേഹത്തിന്റെ “An Undocumented Worker: The Making of the Great Indian Election’ എന്ന പുസ്തകത്തിൽ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടക്കുന്ന നാൽപതിനം നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി 2022-ൽ 95 ലക്ഷം രൂപയായിരുന്നുവെന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂലധനത്തിന്റെ അപ്രമാദിത്വം വെളിവാക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിഷയങ്ങളെ സമീപിക്കാൻ.

രാഷ്ട്രീയ പാർട്ടികളും 
കോർപ്പറേറ്റ് സംഭാവനകളും
സുതാര്യവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും അടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അടുത്ത കാലത്തായി അനവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണമായി, ബിജെപിയും കോൺഗ്രസും തമ്മിൽ കൈ കോർത്ത് പിടിച്ച് കൊണ്ടു വന്നതാണ് 2016ലെ ഫിനാൻസ് ആക്ടിന്മേലുള്ള ഒരു ഭേദഗതി. 1976ലെയും 2010ലെയും ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് — അല്ലെങ്കിൽ എഫ്സിആർഎ നിയമം — അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നിട്ടും, ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളിൽ രജിസ്റ്റർ ചെയയ്യപ്പെട്ടിട്ടുള്ള ഇലക്ടറൽ ട്രസ്റ്റുകൾ വഴി മൂന്ന് കുത്തക കമ്പനികൾ ബിജെപിക്കും കോൺഗ്രസിനും സ്ഥിരമായി സംഭാവനകൾ നൽകി വന്നു. ഇന്ത്യൻ പൗരനല്ലാത്ത അനിൽ അഗർവാൾ നേതൃത്വം നൽകുന്ന വേദാന്ത, സ്റ്റെർലൈറ്റ്, സെസ ഗോവ എന്നീ ലോഹ ഖനന ഭീമന്മാരാണ് ഇങ്ങനെ സംഭാവന നൽകി വന്നിരുന്നത്. ഇതിന് ഈ പാർട്ടികൾ നൽകിയ ന്യായീകരണം അഗർവാൾ ജനനം കൊണ്ട് ഒരു ഇന്ത്യക്കാരൻ ആയതിനാൽ അദ്ദേഹത്തിന്റെ സംഭാവനകൾ എഫ്സിആർഎ നിയമത്തിന്റെ പരിധിയിൽ വരില്ല എന്നായിരുന്നു. ഇതിനെതിരെയാണ് “അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്” എന്ന ഒരു സംഘടന ദില്ലി ഹൈക്കോടതിയിൽ കേസിനു പോയത്. കോടതി ഇത്തരം സംഭാവനകൾ എഫ്സിആർഎ നിയമത്തിന്റെ ലംഘനമാണെന്ന് വിധി പറഞ്ഞു. ഈ ബുദ്ധിമുട്ടിൽ നിന്ന് പുറത്തു വരാനാണ് കോൺഗ്രസിന്റെ അംഗീകാരത്തോടും സഹായത്തോടും കൂടി 2016ലെ ഫിനാൻസ് ആക്ടിന്റെ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. ഈ ഭേദഗതി അനുസരിച്ച് ഒരു ഇന്ത്യൻ കമ്പനി എന്ത് എന്നതിന്റെ നിർവചനം മാറ്റപ്പെട്ടു. ഒരു വിദേശ കമ്പനിക്ക് അതിന്റെ ഒരു ഇന്ത്യൻ സബ്സിഡിയറിയിൽ ഒരു പ്രത്യേക ശതമാനം ഷെയർഹോൾഡിങ് ഉണ്ടെങ്കിൽ ആ സബ്സിഡിയറി ഒരു ഇന്ത്യൻ കമ്പനി തന്നെയാവും എന്നും അവർ വഴി റൂട്ട് ചെയ്യുന്ന സംഭാവന രാഷ്ട്രീയ പാർട്ടികൾക്ക് വാങ്ങാം എന്നുമായി. ഒപ്പം ഈ നിർവചനത്തിന് മുൻകാല പ്രാബല്യവും നൽകി. എന്നാൽ ഈ ഭേദഗതിയും കോടതി അംഗീകരിച്ചില്ല. ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉണ്ടാവാൻ കഴിയില്ല എന്ന് കോടതി പറയുകയുണ്ടായി. എന്നിട്ടും 2016ന് മുൻപ് അഗർവാളിൽ നിന്ന് വാങ്ങിയ സംഭാവനകൾ നിയമവിരുദ്ധമെന്നു കണ്ട് ബിജെപിക്കും കോൺഗ്രസിനും എതിരെ കേസെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഇന്നു വരെ തയ്യാറായിട്ടില്ല.

ഈയൊരു സങ്കീർണ്ണ പശ്ചാത്തലത്തിലാണ് ബിജെപി സർക്കാർ 2017ൽ ഫിനാൻസ് ആക്ടിന്മേൽ മറ്റൊരു ഭേദഗതി കൂടി പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് ഇലക്ടറൽ ബോണ്ട് എന്ന പുതിയൊരു പദ്ധതി കൊണ്ടുവന്നത്. ഈ ഭേദഗതി വഴി ബോണ്ടുകൾ മാത്രമല്ല നിലവിൽ വന്നത്; അതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രക്രിയയ്ക്കുമേൽ പ്രതികൂലമായ പ്രഭാവം ചെലുത്താൻ കെൽപ്പുള്ള മറ്റു ചില നടപടികളും വന്നു.

ഒന്നാമതായി, 1956ലെ കമ്പനി നിയമമനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റുകളിൽനിന്ന് സംഭാവനകൾ വാങ്ങുന്നതിന് പൂർണ്ണ നിരോധനമുണ്ടായിരുന്നു. 1985ൽ നിയമഭേദഗതിയിലൂടെ ഈ വ്യവസ്ഥ മാറുകയും ഒരു കോർപ്പറേറ്റ് കമ്പനിക്ക് അവരുടെ ലാഭത്തിന്റെ 5% വരെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാം എന്നുമായി. 2013ൽ പുതിയ കമ്പനി നിയമം നിലവിൽ വന്നപ്പോൾ 5% എന്നത് 7.5% എന്നാക്കി വീണ്ടും വർദ്ധിപ്പിച്ചു. എന്നാൽ 2017ലെ ഭേദഗതി അനുസരിച്ച് ഈ ഉയർന്ന പരിധി പൂർണമായും എടുത്തു കളയുകയും ഒരു കമ്പനിക്ക് വേണമെങ്കിൽ 100% ലാഭവും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാം എന്നുമായി.

രണ്ടാമതായി, 2013ലെ കമ്പനി നിയമമനുസരിച്ച് ഒരു കമ്പനി ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക് എത്ര പണം സംഭാവന നൽകി എന്ന് പ്രത്യേകം പ്രത്യേകമായി റിപ്പോർട്ട് ചെയ്യണം എന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ 2017ലെ ഭേദഗതി അനുസരിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൂടി മൊത്തത്തിൽ എത്ര സംഭാവന നൽകി എന്നു മാത്രം കമ്പനികൾ റിപ്പോർട്ട് ചെയ്താൽ മതി എന്നായി.

ഈ മാറ്റങ്ങൾക്കൊപ്പമാണ് 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 31ന്മേലുള്ള ഒരു ഭേദഗതി വഴി ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ചിട്ടുള്ള പുതിയൊരു നിയമം 2017ൽ നിലവിൽ വന്നത്. ഈ ഭേദഗതി വഴി കേന്ദ്ര സർക്കാരിന് ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക് വഴി ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കാനുള്ള അനുവാദം നൽകാം എന്നുവന്നു. ഇതിനൊപ്പം 1961ലെ ആദായ നികുതി നിയമത്തിൽ ഒരു ഭേദഗതി കൂടികൊണ്ടുവന്നു. ഈ ഭേദഗതി അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾ അവർക്ക് ലഭിച്ചിട്ടുള്ള ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ വിവരങ്ങൾ സൂക്ഷിക്കുകയോ അവ ആദായ നികുതി വകുപ്പിന് കൈമാറ്റം ചെയ്യുകയോ വേണ്ടതില്ല എന്നും വന്നു. മുൻപ് അങ്ങനെയായിരുന്നില്ല. രാഷ്ട്രീയ പാർട്ടികൾക്ക് നൽകപ്പെടുന്ന 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും അംഗീകൃത ബാങ്കിംഗ് ചാനലുകൾ വഴി ആവുകയും, ഇത്തരം സംഭാവനകൾ എത്ര എന്നതിനെ കുറിച്ച് കണക്കുകൾ സൂക്ഷിക്കുകയും അവ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും വേണമായിരുന്നു. പുതിയ നിയമം അനുസരിച്ച് 20,000 രൂപയ്ക്ക് മുകളിൽ എന്നത് മാറി 2000 രൂപയ്ക്ക് മുകളിൽ എന്നായി. പക്ഷേ അതിലും പ്രധാനം ഒപ്പം വന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29സി-യിൽ വരുത്തിയ മറ്റൊരു മാറ്റമായിരുന്നു. ഈ ഭേദഗതി അനുസരിച്ച് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭ്യമാകുന്ന സംഭാവനകളുടെ ഒരു വിവരവും (ആദായ നികുതി വകുപ്പിന് മാത്രമല്ല) തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറേണ്ടതില്ല എന്ന് വന്നു.

ചുരുക്കത്തിൽ, നാല് പ്രധാന നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ വഴിയാണ് ഇലക്ടറൽ ബോണ്ട് എന്ന പദ്ധതി നിലവിൽ വരുന്നത്.

പുതിയ വ്യവസ്ഥകൾ അനുസരിച്ച് ഏതൊരു വ്യക്തിക്കും കമ്പനിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകരിച്ച ശാഖകളിൽ പോയി വിവിധ തുകകൾക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഈ ബോണ്ടുകൾ ഈ വ്യക്തിക്ക് തന്നെയോ ഈ കമ്പനിക്ക് തന്നെയോ, അല്ലെങ്കിൽ അവർ കൈമാറ്റം ചെയ്യുന്ന മറ്റേതൊരു വ്യക്തിക്കോ കമ്പനിക്കോ, അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകാം. കാരണം ഈ ബോണ്ടുകൾ ബെയറർ ബോണ്ടുകളാണ്. ഇങ്ങനെ ലഭിക്കുന്ന ബോണ്ടുകൾ അവ ഇഷ്യൂ ചെയ്ത തീയതിയിൽ നിന്ന് 15 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ പണം മാറ്റിയെടുക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവരാവകാശ നിയമത്തിന് പുറത്തായതിനാൽ ആരൊക്കെ ബോണ്ടുകൾ വാങ്ങി എന്നത് രഹസ്യമായിരിക്കും. ഈ ബോണ്ടുകൾ ലഭിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ വിവരങ്ങൾ ആദായ നികുതി വകുപ്പിനോ തിരഞ്ഞെടുപ്പ് കമ്മീഷനോ സമർപ്പിക്കേണ്ടതില്ലാത്തതിനാൽ ഏതൊക്കെ പാർട്ടികൾക്ക് ആരൊക്കെ, എത്രയൊക്കെ തുകയുടെ ബോണ്ടുകൾ സംഭാവനയായി നൽകി എന്നതും രഹസ്യമായിരിക്കും.

എന്തിനാണ് ഇത്രയും രഹസ്യ സ്വഭാവം എന്ന ചോദ്യത്തിന് സർക്കാരിനൊരു മറുപടിയുണ്ടായിരുന്നു. ആരൊക്കെ, ഏതൊക്കെ പ്രതിപക്ഷ പാർട്ടികൾക്ക് സംഭാവന നൽകി എന്നത് പരസ്യമായാൽ ഭരണത്തിൽ ഇരിക്കുന്ന സർക്കാരുകൾക്കോ പാർട്ടികൾക്കോ ഇവർക്കുമേൽ വിവിധ പീഡന നടപടികൾ കൈക്കൊള്ളാൻ കഴിയും എന്നതായിരുന്നു ആ വാദം. ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകുന്നവർക്ക് അവരുടെ സ്വകാര്യതയും ഇതുവഴി കാത്തുസൂക്ഷിക്കാൻ കഴിയും എന്ന വാദവും ഉയർത്തപ്പെട്ടു.

സുപ്രീം കോടതിയുടെ 
സുപ്രധാന വിധി
ഇലക്ടറൽ ബോണ്ടുകൾ നിലവിൽ വരുത്താനായി കൊണ്ടുവന്ന എല്ലാ നിയമ ഭേദഗതികളും ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള 5 ജഡ്ജിമാർ അടങ്ങിയ ബെഞ്ച് 2024 ഫെബ്രുവരി മാസത്തിൽ വിധിച്ചത്. ഇലക്ടറൽ ബോണ്ടുകൾ തങ്ങൾ സ്വീകരിക്കില്ല എന്നു തുറന്ന് പ്രഖ്യാപിച്ച സിപിഐ-എമ്മും മറ്റ് സാമൂഹ്യ സംഘടനകളും നൽകിയ കേസിലാണ് ഈ സുപ്രധാന വിധി വന്നത്. എന്തൊക്കെയായിരുന്നു ഈ വിധിയിലെ പ്രധാന നിഗമനങ്ങൾ?

ഒന്നാമതായി പരിശോധിക്കപ്പെട്ട വിഷയം വിവരാവകാശ നിയമം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിന്മേൽ മാത്രമായി പരിമിതമാണോ, അതോ രാഷ്ട്രീയ പാർട്ടികളിന്മേലും ബാധകമാണോ എന്നതായിരുന്നു. വോട്ടർമാർ വോട്ട് ചെയ്യുമ്പോൾ ഒരു സ്ഥാനാർത്ഥിക്ക് മാത്രമല്ല ആ സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് കൂടിയാണ് വോട്ട് നൽകുന്നത് എന്നും, ഒരു രാഷ്ട്രീയ പാർട്ടി ജനാധിപത്യ വ്യവസ്ഥയിൽ ഒരു രാഷ്ട്രീയ ഏകകമാണെന്നും, അതിനാൽ തന്നെ വിവരാവകാശ നിയമം രാഷ്ട്രീയ പാർട്ടികളുടെ സംഭാവനകളിന്മേലും ബാധകമാണെന്നുമായിരുന്നു സുപ്രീംകോടതി വിധിയിൽ പറഞ്ഞത്.

രണ്ടാമതായി പരിശോധിക്കപ്പെട്ട വിഷയം ഒരു വോട്ടറുടെ വോട്ടിംഗ് തീരുമാനത്തെ സ്വാധീനിക്കാൻ മാത്രം പ്രാധാന്യമുള്ളതാണോ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ വിവരങ്ങൾ എന്നതായിരുന്നു. ഇവിടെ, ബോണ്ടുകൾക്ക് പൂർണ്ണ-സ്വകാര്യതയില്ലെന്നും അപൂർണ്ണമായ സ്വകാര്യതയേയുള്ളൂ എന്നും സുപ്രീം കോടതി വിധിച്ചു. കാരണം ആര്, ആർക്ക്, എത്ര സംഭാവന നൽകി എന്നത് അവ ലഭിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അറിയാം; പക്ഷേ വോട്ടർമാർക്കറിയില്ല. ഇതുമൂലം, കോർപ്പറേറ്റ് കമ്പനികളും രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഒരു ക്വിഡ്-പ്രോ-ക്വാ (ഒന്നിന് പകരം മറ്റൊന്ന്) ബന്ധം ഉണ്ടാവാനുള്ള സാധ്യതകൾ തുറക്കുന്നുവെന്നും, ഇതു വഴി കോർപ്പറേറ്റുകൾക്ക് രാഷ്ട്രീയ പാർട്ടികളിലേക്കുള്ള അവിശുദ്ധമായൊരു പ്രവേശന മാർഗ്ഗം തുറക്കപ്പെടുന്നുവെന്നും, അതുവഴി നയരൂപീകരണത്തിൽ അവർക്ക് ഇടപെടാനുള്ള സാധ്യതകൾ ഉണ്ടാവുന്നുവെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞു. ഇതു വഴി തന്നെ, വോട്ടർമാരുടെ വിവരങ്ങൾ അറിയാനുള്ള അവകാശവും ഹനിക്കപ്പെടുന്നുവെന്നും സുപ്രീംകോടതി വിലയിരുത്തി.

മൂന്നാമതായി പരിശോധിക്കപ്പെട്ട വിഷയം ഇലക്ടറൽ ബോണ്ടുകൾ വഴി കള്ളപ്പണം തടയാൻ കഴിയും എന്നത് യുക്തിസഹമായ ഒരു ന്യായീകരണമാണോ എന്നതായിരുന്നു. ഇവിടെ സുപ്രീം കോടതി പറഞ്ഞത് കള്ളപ്പണം തടയേണ്ടതുണ്ട് എന്നത് ഒരു പൊതു താൽപര്യമാണെങ്കിലും അത് വിവരങ്ങൾ അറിയാനുള്ള പൗരരുടെ അവകാശത്തിന്മേലുള്ള ഒരു അതിരായി കണക്കാക്കാൻ കഴിയില്ല എന്നായിരുന്നു. കള്ളപ്പണം തടയണമെങ്കിൽ വിവരാവകാശത്തെ ഹനിക്കാത്ത മറ്റു ബദൽ മാർഗ്ഗങ്ങളാണ് തേടേണ്ടത് എന്ന് വിധിയിൽ സുപ്രീം കോടതി പറഞ്ഞു.

നാലാമതായി പരിശോധിക്കപ്പെട്ട വിഷയം സംഭാവന നൽകുന്നവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടത് ഇലക്ടറൽ ബോണ്ടുകൾക്കുള്ള ന്യായീകരണമാകുന്നുവോ എന്നതായിരുന്നു. ഒരു വ്യക്തിയുടെ രാഷ്ട്രീയം ആ വ്യക്തിയുടെ സ്വകാര്യ വിഷയമാണെങ്കിലും ഇലക്ടറൽ ബോണ്ടുകൾ വഴി ഉണ്ടാവുന്നത് രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്ക് മേലുള്ള അപരിമിതവും പരിപൂർണ്ണവുമായ രഹസ്യ സ്വഭാവമാണ് എന്നായിരുന്നു കോടതി കണ്ടെത്തിയത്. ഒരു വോട്ടർക്ക് ഒരു കാലത്തും അറിയാൻ കഴിയാത്ത ഒരു വിവരമായി ഈ സംഭാവനകൾ മാറുകയാണ്. എന്നാൽ സംഭാവന ലഭിച്ച പാർട്ടിക്ക് അത് ആര് നൽകിയെന്നറിയുകയും ചെയ്യാം. വിവരലഭ്യതയിലെ ഈ അസമത്വം ഒരു വശത്ത് വോട്ടർമാരുടെ അറിയാനുള്ള അവകാശത്തിനും, മറുവശത്ത് സംഭാവന നൽകുന്നവരുടെ സ്വകാര്യതയ്ക്കും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെടുന്നു എന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞത്.

അഞ്ചാമതായി പരിശോധിക്കപ്പെട്ട വിഷയം ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ പുറത്തുവന്നാൽ സംഭാവന നൽകിയവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാവുമോ എന്നതായിരുന്നു. ഇവിടെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രത്യേക വിധിയിൽ പറയുന്നത് പ്രതികാര നടപടികൾ ഉണ്ടായേക്കാം എന്നത് ഇലക്ടറൽ ബോണ്ടുകളുടെ രഹസ്യ സ്വഭാവത്തിനുള്ള ഒരു ന്യായീകരണമാകുന്നില്ല എന്നായിരുന്നു. ബോണ്ടുകളുടെ രഹസ്യ സ്വഭാവം സമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന് അദ്ദേഹം എഴുതി.

ആറാമതായി പരിശോധിക്കപ്പെട്ട വിഷയം ലാഭത്തിന്റെ ഒരു വിഹിതം മാത്രം എന്ന് പരിമിതപ്പെടാത്ത, പരിധികളില്ലാത്ത കോർപ്പറേറ്റ് സംഭാവനകൾ ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പുകൾ എന്ന സങ്കല്പത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്നതായിരുന്നു. “പ്രത്യക്ഷമായി തന്നെ വസ്തുനിഷ്ഠമല്ലാത്തത്’ എന്നാണ് സുപ്രീംകോടതി ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്. അതായത്, അപരിമിതമായ സംഭാവനകൾ വഴി കോർപ്പറേറ്റുകൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഭരണനിർവ്വഹണത്തിലും അനിയന്ത്രിതമായ സ്വാധീനം ഉണ്ടാകുന്നുവെന്നും, അതുവഴി തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിപൂർവ്വവും അല്ലാതാകുന്നുവെന്നും സുപ്രീംകോടതി വിധിയിൽ പറഞ്ഞു.

ഈ ആറ് കാരണങ്ങൾ കൊണ്ട് തന്നെ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട 2017ലെ ഫിനാൻസ് ആക്ടിലെയും മറ്റ് നിയമങ്ങളിലെയും ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ബെഞ്ച് സംശയരഹിതമായി വിധി പറഞ്ഞു. മാത്രമല്ല, 2019 ഏപ്രിൽ 12നുശേഷം വാങ്ങപ്പെട്ട എല്ലാ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അല്പമെങ്കിലും ശുദ്ധീകരിക്കുന്നതിനുള്ള ഒരു ഇടക്കാല തിരുത്തലായി ഈ സുപ്രീം കോടതി വിധി മാറി എന്ന് നിസ്സംശയം പറയാം.

ഇലക്ടറൽ ബോണ്ടുകളുടെ 
അടിസ്ഥാന കണക്കുകൾ
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തിരഞ്ഞെടുപ്പ് കമ്മീഷനും പുറത്തുവിടണം എന്നായിരുന്നു നിർദ്ദേശമെങ്കിലും ഈ രണ്ട് സ്ഥാപനങ്ങളും ഇതെഴുതുമ്പോഴും പൂർണ്ണമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നത് അതീവ ഗൗരവസ്വഭാവമുള്ള ഒരു വിഷയമാണ്. കണക്കുകൾ പ്രസിദ്ധീകരിക്കേണ്ട അവസാന തീയതിയായിട്ടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവ പ്രസിദ്ധീകരിച്ചില്ലെന്നു മാത്രമല്ല, 2024 ജൂൺ 30 വരെ (അതായത് പാർലമെന്റ് തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞതിനു ശേഷം വരെ) സമയം നീട്ടിത്തരണം എന്നും അവർ സുപ്രീം കോടതിയിൽ പ്രത്യേകമായി ഹർജി സമർപ്പിച്ചു. സുപ്രീം കോടതി ഇതിനകം ഈ ഹർജി തള്ളിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവിടെയും പ്രശ്നങ്ങൾ തീർന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കയ്യിലുള്ള ലിസ്റ്റിനെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലുള്ള ലിസ്റ്റിനെയും ഓരോ ബോണ്ടുകളുടെ കാര്യത്തിലും കൃത്യമായി തമ്മിൽ ബന്ധിപ്പിക്കാൻ ആവശ്യമായ ഓരോ ബോണ്ടുകളുടെയും ആൽഫാ-ന്യൂമറിക് നമ്പർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മറ്റു കണക്കുകൾക്കൊപ്പം പ്രസിദ്ധീകരിച്ചില്ല. ഈ നമ്പറും ഉടൻ പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതിക്ക് പ്രത്യേകമായി ഒരു ഓർഡർ പുറപ്പെടുവിക്കേണ്ടി വന്നു. ബോണ്ടുകളുടെ പൂർണ്ണ വിവരങ്ങൾ എങ്ങനെയൊക്കെ പരസ്യമാവാതെ സൂക്ഷിക്കാം എന്നതിനെ പറ്റിയുള്ള കൂലംകഷമായ ഗൂഢാലോചനകൾ ഏറ്റവും ഉയർന്ന തലത്തിൽ തന്നെ നടക്കുന്നുവെന്നതിന് തെളിവാണ് ഇപ്പറഞ്ഞ കുതന്ത്രങ്ങൾ. സുപ്രീം കോടതിയുടെ അചഞ്ചലമായ നിലപാടുകൊണ്ടു മാത്രമാണ് ഈ കുതന്ത്രങ്ങളൊക്കെ പരാജയപ്പെട്ടുപോയത്. ഇപ്പോൾ തന്നെ പുറത്തു വന്നിട്ടുള്ള ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട പരിമിതമായ വിവരങ്ങൾ പരിശോധിച്ചാൽ എന്തുകൊണ്ട് ഈ കുതന്ത്രങ്ങൾ ഒക്കെ രചിക്കപ്പെട്ടു എന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയും.

2019 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ വിറ്റഴിഞ്ഞ 22,217 ഇലക്ടറൽ ബോണ്ടുകളുടെ മൊത്തം മൂല്യം 12,769 കോടി രൂപയാണ്. ഈ 22,217 ബോണ്ടുകളുടെ 97 ശതമാനവും കോർപ്പറേറ്റുകളും രാജ്യത്തെ വൻകിട വ്യവസായികളുമാണ് വാങ്ങിയിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലെ ഏറ്റവും വലിയ 25 നിക്ഷേപകരിൽ എല്ലാം തന്നെ ഇക്കൂട്ടരാണ്. മൊത്തം 6,658 ഇലക്ടറൽ ബോണ്ടുകൾ വാങ്ങുക വഴി മൊത്തം ഇലക്ടറൽ ബോണ്ടുകളുടെ മൂല്യത്തിന്റെ 52 ശതമാനത്തോളം വാങ്ങിയിട്ടുള്ളതും ഈ 25 വലിയ കമ്പനികളാണ്.

1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ ഫ്യുച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് വാങ്ങിയവരിൽ മുൻപന്തിയിൽ. 821 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് രണ്ടാം സ്ഥാനം. റിലയൻസ് കമ്പനിയിലൂടെ പ്രമുഖർക്ക് ഭാഗിക ഉടമസ്ഥാവകാശം ഉള്ള ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 410 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി മൂന്നാം സ്ഥാനത്തുണ്ട്. ഇവയെല്ലാം അടങ്ങുന്ന ഏറ്റവും വലിയ സ്ഥാപനങ്ങളെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ പട്ടിക 1 നോക്കുക.

മറുവശത്ത്, ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ ലഭിച്ചിട്ടുള്ളത് ഭരണകക്ഷിയായ ബിജെപിക്ക് തന്നെയാണ്. 6,061 കോടി രൂപ മൂല്യം വരുന്ന മൊത്തം ബോണ്ടുകളുടെ മൂല്യത്തിന്റെ 47.5 ശതമാനവും ബിജെപി-ക്കാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് 1,610 കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ ലഭിച്ച തൃണമൂൽ കോൺഗ്രസ് ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആകട്ടെ 1,422 കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ സ്വീകരിച്ച് മൂന്നാം സ്ഥാനത്തുണ്ട്. ഇവരെല്ലാം അടങ്ങുന്ന ബോണ്ടുകൾ ലഭിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളെയും കുറിച്ചുള്ള കണക്കുകൾ അറിയാൻ പട്ടിക 2 നോക്കുക. പട്ടിക 2ൽ സിപിഐ-എമ്മിന്റെ പേരില്ല; കാരണം ഇലക്ടറൽ ബോണ്ടുകൾ വാങ്ങില്ല എന്ന കൃത്യമായ നിലപാട് പാർട്ടി പ്രഖ്യാപിച്ചിരുന്നു.

ഇവ മുഴുവൻ കണക്കുകൾ ആകുന്നില്ല. പദ്ധതി നിലവിൽ വന്ന തീയതി മുതൽ 2019 ഏപ്രിൽ വരെ വാങ്ങുകയും നൽകുകയും ചെയ്തിട്ടുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.

ഇലക്ടറൽ ബോണ്ടുകളും 
കമ്പനികളുടെ ഇരുണ്ട ചരിത്രവും
മൂന്ന് തരത്തിലുള്ള അവിശുദ്ധ ബന്ധങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള ഇലക്ടറൽ ബോണ്ടുകളുടെ കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്. ഒന്നാമതായി, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിവിധ കമ്പനികളെയും വ്യവസായികളെയും വ്യക്തികളെയും ഭീഷണിപ്പെടുത്തി പിടുങ്ങുന്ന പണം ഇലക്ടറൽ ബോണ്ടുകളായി നൽകപ്പെട്ടിട്ടുണ്ട്. ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരിലെ ഏറ്റവും വലിയ 30 കമ്പനികൾ എടുത്താൽ അവയിൽ 14 കമ്പനികളും ഏതെങ്കിലും ഒരു അന്വേഷണ ഏജൻസിയുടെ റെയ്ഡിനോ അന്വേഷണത്തിനോ വിധേയരായവരാണ്. രണ്ടാമതായി, പല പശ്ചാത്തല സൗകര്യ-വ്യവസായ മേഖലകളിലെയും കരാറുകൾ ലഭിച്ചതിന് തൊട്ടുപിന്നാലെ ഭരിക്കുന്ന പാർട്ടികൾക്ക് സംഭാവന നൽകാനായി അനവധി കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി കൂട്ടിയിട്ടുണ്ട്. മൂന്നാമതായി, പല പുതിയ നയംമാറ്റങ്ങളും കൊണ്ടു വരുന്നതിന് മുന്നോടിയായും പിന്നോടിയായും കുത്തക പ്രമുഖർ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി നൽകിയിട്ടുണ്ട്.

ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുള്ള കമ്പനികളിൽ മഹാഭൂരിപക്ഷവും കേന്ദ്ര ഏജൻസികളായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, സി.ബി.ഐ., ജി.എസ്.ടി വകുപ്പ് മുതലായവയുടെ നടപടികൾക്ക് വിധേയരായവരാണ്. ഒന്നുകിൽ നിയമ നടപടികൾ നേരിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ, അല്ലെങ്കിൽ നിയമനടപടി നേരിട്ടതിനുശേഷമുള്ള വർഷങ്ങളിൽ, വൻ തുകകളുടെ ഇലക്ടറൽ ബോണ്ടുകൾ ഇവർ വാങ്ങിയിട്ടുള്ളതായി കാണാം. കമ്പനികൾ ബോണ്ടുകൾ വാങ്ങിയ തീയതിയും അവർ റെയ്ഡ് നേരിട്ട തീയതിയും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ പട്ടിക 3 പരിശോധിക്കാം. ഏറ്റവും വലിയ രണ്ട് നിക്ഷേപകരായ ഫ്യുച്ചർ ഗെയിമിംഗ്, മേഘ എഞ്ചിനീയറിങ് (നീണ്ട പേരുകൾ തൽക്കാലം ചുരുക്കുന്നു) എന്നിവ ഈ ഗണത്തിൽ പെടുന്നവയാണ്.

കേരളത്തിൽ കുപ്രസിദ്ധനായിട്ടുള്ള ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയാണ് ഓൺലൈൻ ലോട്ടറി വില്പനയിൽ കേന്ദ്രീകരിച്ചിട്ടുള്ള ഫ്യുച്ചർ ഗെയിമിംഗ്. 2007 മുതൽ വിവിധ അന്വേഷണ ഏജൻസികളുടെ റഡാറിലുള്ള മാർട്ടിനും അയാളുടെ കൂട്ടാളികൾക്കുമെതിരെ 2011ൽ സി.ബി.ഐ മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ നേരിട്ട മാർട്ടിൻ 2020 ഒക്ടോബർ 21നും 27നും ഇലക്ടറൽ ബോണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത് 59 കോടി രൂപയും 88 കോടി രൂപയും വീതമാണ്. 2021 ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ മാർട്ടിൻ ഇലക്ടറൽ ബോണ്ടുകളിൽ നിക്ഷേപിച്ചത് 334 കോടി രൂപയാണ്. 2022 ഏപ്രിലിനും 2023 മെയ്-ക്കും ഇടയിൽ 5 തവണ ഫ്യുച്ചർ ഗെയിമിങ്ങിനെതിരെ അന്വേഷണ ഏജൻസികളുടെ റെയ്‌ഡുകൾ നടന്നിട്ടുണ്ട്. ഇക്കാലയളവിലെ മാർട്ടിന്റെ ഇലക്ടറൽ ബോണ്ട് നിക്ഷേപം 493 കോടി രൂപയോളം വരും!

പട്ടിക ഒന്ന്‌

പ്രധാന ഇലക്ടറൽ ബോണ്ട്‌ ധാതാക്കൾ, ഏപ്രിൽ 2019 മുതൽ
ക്രമ നന്പർ കന്പനിയുടെ പേര്‌ ബോണ്ട്‌ തുക (കോടി രൂപ) മൊത്തം തുകയുടെ ശതമാനം
1 ഫ്യൂച്ചർ ഗെയിമിംഗ്‌ ആൻഡ്‌ ഹോട്ടൽ സർവീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 1368 11.25%
2 മേഘ എഞ്ചിനീയറിംഗ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്ര്‌ചർ ലിമിറ്റഡ്‌ 996 7.947%
3 ക്വിക്ക്‌ സപ്ലൈ ചെയിൻ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 410 3.37%
4 വേദാന്ത ലിമിറ്റഡ്‌ 400 3.29%
5 ഹാൽദിയ എനർജി ലിമിറ്റഡ്‌ 377 3.10%
6 എസ്സൽ മൈനിങ്ങ്‌ & ഇൻഡ്‌സ്‌ ലിമിറ്റഡ്‌ 225 1.85%
7 വെസ്റ്റേൺ അപ്പ്‌ പവർ ട്രാൻസ്‌മിഷൻ കന്പനി ലിമിറ്റഡ്‌ 220 1.81%
8 ഭാരതി എയർടെൽ ലിമിറ്റഡ്‌ 198 1.62%
9 കെവെൽഡർ ഫുഡ്‌പാർക്ക്‌ ഇൻഫ്രാ ലിമിറ്റഡ്‌ 195 1.60%
10 എം.ജെ.കെ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌ 192 1.58%
11 മദൻലാൽ ലിമിറ്റഡ്‌ 186 1.53%
12 യശോദാ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ 162 1.33%
13 ഉത്‌കൽ അലുമിന ഇന്റർനാഷണൽ ലിമിറ്റഡ്‌ 145 1.19%
14 ഡി.എൽ.എഫ്‌ കൊമേർഷ്യൽ ഡെവലപ്പേഴ്‌സ്‌ ലിമിറ്റഡ്‌ 130 1.07%
15 ജിൻഡാൽ സ്റ്റീൽ & പവർ ലിമിറ്റഡ്‌ 123 1.01%
16 ബി.ജി.ഷിർകെ കൺസ്‌ട്രക്‌ഷൻ ടെക്‌നോളജി പ്രൈവറ്റ്‌ ലിമിറ്റഡ്‌ 117 0.96%
17 ധരിവാൾ ഇൻഫ്രാസ്‌ക്‌ചർ ലിമിറ്റഡ്‌ 115 0.95%
18 അവീസ്‌ ട്രേഡിങ്‌ ഫിനാൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 112 0.93%
19 ടോറന്റ്‌ പവർ ലിമിറ്റഡ്‌ 106 0.87%
20 ബിർള കാർബൺ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 105 0.86%
21 ചെന്നൈ ഗ്രീൻ വുഡ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 105 0.86%
22 രുങ്‌ത സൺസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 00 0.82%
23 ഐ.എഫ്‌.ബി അഗ്രോ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ 92 0.76%
24 ഡോ. റെഡ്ഡീസ്‌ ലബോറട്ടറീസ്‌ ലിമിറ്റഡ്‌ 84 0.69%
25 പ്രാരംഭ്‌ സെക്യൂരിറ്റീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 78 0.64%
26 രശ്‌മി സിമന്റ്‌ ലിമിറ്റഡ്‌ 64 0.53%
27 ശ്രീ സിദ്ധാർഥ്‌ ഇൻഫ്രറ്റെക്‌ & സർവീസസ്‌ 60 0.49%
28 എൻ.സി.സി. ലിമിറ്റഡ്‌ 60 0.49%
29 ഇൻഫിന ഫിനാൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 60 0.49%
30 നാറ്റ്‌കോ ഫാർമ ലിമിറ്റഡ്‌ 57 0.47%
31 ഡിവി ലബോറട്ടറീസ്‌ ലിമിറ്റഡ്‌ 55 0.45%
32 ദി രാംകോ സിമന്റ്‌സ്‌ ലിമിറ്റഡ്‌ 54 0.44%
33 യുണൈറ്റഡ്‌ ഫോസ്‌ഫറസ്‌ 50 0.41

മേഘ എഞ്ചിനീയറിങ് എന്ന ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം നിരവധി സർക്കാർ കരാറുകൾ നേടിയെടുത്ത കമ്പനിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായി കരുതപ്പെടുന്ന കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നടത്തിപ്പുകാരായിരുന്ന മേഘ എൻജിനീയറിങ് 5,000 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയതായി സിഎജി കണ്ടെത്തലുണ്ടായി. ഇലക്ടറൽ ബോണ്ടുകളിൽ ഉദാരമായി നിക്ഷേപിച്ചതിന് പ്രത്യുപകാരമെന്നോണമാണ് ഇവർക്ക് യഥേഷ്ടം സർക്കാർ കരാറുകൾ ലഭിക്കുന്നതും അന്വേഷണ ഏജൻസികളുടെ കടുത്ത നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും എന്ന് പരക്കെ സംശയമുണ്ട്. 2023 ഏപ്രിൽ 11ന് മേഘ എഞ്ചിനീയറിങ് 140 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽ നിക്ഷേപിച്ചതിനു പിന്നാലെ 2023 മെയ് മാസത്തിൽ 14,400 കോടി രൂപ വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഥാനെ-ബോറിവലി ട്വിൻ ടണൽ പദ്ധതിയുടെ കരാർ ഇവർക്ക് നൽകിയത് സംശയങ്ങളുടെ ആഴം വർദ്ധിപ്പിച്ചിട്ടേയുള്ളൂ. 2020ൽ ശ്രീനഗറും ലേയും തമ്മിൽ ബന്ധിപ്പിക്കുന്ന സോജിലാ തുരങ്കം നിർമ്മിച്ചതിന് നിതിൻ ഗഡ്കരി പാർലമെന്റിൽ മേഘ എഞ്ചിനീയറിംഗിനെ അമിതമായി പ്രശംസിക്കുന്ന ഒരു പ്രസംഗശകലം ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നുണ്ട്. മേഘ എഞ്ചിനീയറിങ് ഗ്രൂപ്പിന്റെ തന്നെ ഒലക്ട്ര ഗ്രീൻടെക് എന്ന കമ്പനിയാണ് കേന്ദ്ര സർക്കാർ രാജ്യമാകെ നടപ്പാക്കി വരുന്ന ഇലക്ട്രിക് ബസ്സുകൾക്കുള്ള ഓർഡറുകളിൽ സിംഹഭാഗവും നേടിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ 10,000 കോടി രൂപയുടെ ഇലക്ട്രിക് ബസ് ഓർഡർ ലഭിച്ചിരിക്കുന്നതും ഒലക്ട്രയ്ക്ക് തന്നെ. പൂനെ മുനിസിപ്പൽ കോർപറേഷന് വേണ്ട ഇലക്ട്രിക് ബസ്സുകൾ നൽകുന്നതും ഒലക്ട്രയാണ്. ഈ മേഖലയിലെ പ്രധാന നിർമാതാക്കളായ അശോക് ലെയ്ലാൻഡ്, ടാറ്റ എന്നിവയെ പിന്നിലാക്കുന്ന അൽഭുതാവഹമായ മുന്നേറ്റമാണ് ഒലക്ട്ര ഇതിനകം നേടിയിട്ടുള്ളത്.

അതുപോലെ, വൻകിട വ്യവസായിയായ മഹേന്ദ്രകുമാർ ജലാന്റെ കൊൽക്കത്ത കേന്ദ്രമായുള്ള കാവെൻഡർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇലക്ടറൽ ബോണ്ടുകളിൽ 600 കോടി രൂപയോളം നിക്ഷേപമുള്ള സ്ഥാപനമാണ്. 2019 ഏപ്രിലിനും 2024 ജനുവരിക്കുമിടയിലാണ് ഈ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ 1996ൽ ഡയറി മേഖലയിലെ ആദ്യ പൊതുമേഖല-–സ്വകാര്യമേഖല പങ്കാളിത്ത സംരംഭമായ മെട്രോ ഡയറി രൂപം കൊള്ളുമ്പോൾ അതിൽ പശ്ചിമ ബംഗാൾ ക്ഷീരോൽപാദക ഫെഡറേഷൻ, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് എന്നിവയോടൊപ്പം പങ്കാളിയായിരുന്നു കാവെൻഡർ ഗ്രൂപ്പിന്റെ സബ്സിഡിയറിയായ കാവെൻഡർ അഗ്രോ. എന്നാൽ ഡയറി ഡവലപ്മെന്റ് ബോർഡ് തങ്ങളുടെ 10 ശതമാനം ഓഹരി കാവെൻഡർ ആഗ്രോയ്ക്ക് വിറ്റു. അധികം താമസിയാതെ 2017ൽ സംസ്ഥാന സർക്കാരും അവരുടെ 47 ശതമാനം ഓഹരി 85 കോടി രൂപയ്ക്ക് കാവെൻഡർ ആഗ്രോയ്ക്ക് വിറ്റത് വിമർശനങ്ങൾക്ക് ഇടയാക്കി. സംസ്ഥാന സർക്കാർ ഇങ്ങനെ ഓഹരികൾ വിറ്റതിന് ദിവസങ്ങൾക്കുള്ളിൽ തന്നെ തങ്ങളുടെ 15 ശതമാനം ഓഹരികൾ സിങ്കപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മണ്ഡല ക്യാപിറ്റൽ എന്ന കമ്പനിക്ക് കാവെൻഡർ ആഗ്രോ മറിച്ചു വിറ്റത് ഇ.ഡി യുടെ അന്വേഷണത്തിന് വഴി വെച്ചു. ഈ അന്വേഷണ നടപടികൾ നടക്കുന്ന കാലയളവിൽ തന്നെയാണ് കാവെൻഡർ ഗ്രൂപ്പ് തങ്ങളുടെ ഇലക്ടറൽ ബോണ്ട് നിക്ഷേപങ്ങളാകെ നടത്തിയിരിക്കുന്നതെന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്ന കാര്യമാണ്.

മോദിയോട് അടുപ്പമുള്ള വ്യവസായികളിൽ പലരും ഇലക്ടറൽ ബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ടോറന്റ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ തലവൻ സുധീർ മേത്ത ഇതിൽ ഉൾപ്പെടുന്നു. ഗോദ്ര കലാപത്തിനു ശേഷം രാഹുൽ ബജാജ് ഉൾപ്പെടെയുള്ള വ്യവസായികൾ മോദിയെ വിമർശിച്ച് പ്രസ്താവനയിറക്കിയപ്പോൾ മോദിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രൂപം കൊണ്ട “റിസർജന്റ് ഗുജറാത്ത്” ഗ്രൂപ്പിലെ പ്രധാനികളിൽ ഒരാളാണ് മേത്ത. ടോറന്റ് ഗ്രൂപ്പിനുകീഴിലുള്ള ടോറന്റ് പവറും ടോറന്റ് ഫാർമസ്യൂട്ടിക്കൽസും 15 കോടിയോളം രൂപ ഇലക്ടറൽ ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് 2019 മെയ് ആദ്യ വാരമാണ്. ഇതുകഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ തന്നെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ അന്നത്തെ ബി.ജെ.പി. സർക്കാർ ടോറന്റ് പവറിൽ നിന്ന് ഭിവണ്ടി മുനിസിപ്പൽ കോർപറേഷൻ ഈടാക്കേണ്ടിയിരുന്ന 285 കോടി രൂപയുടെ വസ്തുനികുതി ഒഴിവാക്കിക്കൊടുത്തുകൊണ്ട് ഒരു പ്രമേയം പാസാക്കി. ഭിവണ്ടിയിൽ ഉയർന്നു വരുന്ന അവരുടെ പുതിയ സംരംഭത്തിന് വസ്തുനികുതി ഈടാക്കിയാൽ ഉപഭോക്താക്കളിൽ നിന്ന് അവർക്ക് കൂടുതൽ പണം ഈടാക്കേണ്ടി വരുമെന്നും, അത് ഭിവണ്ടി ജനതയുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമാകും എന്നുമൊക്കെയുള്ള തൊടുന്യായങ്ങളിന്മേലാണ് അന്ന് ബിജെപി സർക്കാർ ഈ ഇളവ് നല്കിയതെങ്കിലും ഇതിലേക്കു നയിച്ച ശരിയായ കാരണമെന്തെന്ന് ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ വെളിവാകുന്നുണ്ട്.

പട്ടിക രണ്ട്‌

ഇലക്ടറൽ ബോണ്ട്‌ പണമാക്കിയ രാഷ്‌ട്രീയ കക്ഷികൾ, 2019 ഏപ്രിൽ മുതൽ
ക്രമ നമ്പർ രാഷ്‌ട്രീയ പാർട്ടിയുടെ പേര്‌ ബോണ്ട്‌ തുക (കോടി രൂപ) മൊത്തം തുകയുടെ ശതമാനം
1 ഭാരതീയ ജനതാ പാർട്ടി (ബിജെപി) 6060.5 47.46%
2 തൃണമൂൽ കോൺഗ്രസ്‌ 1609.5 12.60%
3 കോൺഗ്രസ്‌ 1421.9 11.14%
4 ഭാരത്‌ രാഷട്ര സമിതി (ബിആർഎസ്‌) 1214.7 9.51%
5 ബിജു ജനതാദൾ 775.5 6.07%
6 ഡി.എം.കെ 639.0 5.00%
7 വൈ.എസ്‌.ആർ കോൺഗ്രസ്‌ 337.0 2.64%
8 തെലുഗ്‌ ദേശം പാർട്ടി (ടിഡിപി) 218.8 1.71%
9 ശിവസേന 158.3 1.24%
10 രാഷ്‌ട്രീയ ജനതാദൾ 73.5 0.57%
11 ആം ആദ്‌മി പാർട്ടി 65.4 0.51%
12 ജനതാദൾ സെക്കുലർ 43.5 0.34%
13 സിക്കിം ക്രാന്തികാരി മോർച്ച 36.5 0.29%
14 നാഷണലിസ്റ്റ്‌ കോൺഗ്രസ്‌ പാർട്ടി (എൻസിപി) 30.5 0.24%
15 ജനസേന പാർട്ടി 21.0 0.16%
16 സമാജ്‌വാദി പാർട്ടി 14.1 0.11%
17 ജനതാദൾ (യുണൈറ്റഡ്‌)‐ (ജെഡിയു) 14.0 0.11%
18 ജാർഖണ്ഡ്‌ മുക്തി മോർച്ച (ജെഎംഎം) 13.5 0.11%
19 ശിരോമണി അകാലിദൾ 7.3 0.06%
20 ഓൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകം (അണ്ണ ഡിഎംകെ) 6.1 0.05%
21 സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ 5.5 0.04%
22 ശിവസേന 1.0 0.01%
23 മഹാരാഷ്‌ട്രവാദി ഗോമന്തക്‌ പാർട്ടി 0.6 0.00%
24 നാഷണലിസ്റ്റ്‌ കോൺഗ്രസ്‌ പാർട്ടി മഹാരാഷ്‌ട്ര പ്രദേശ്‌ 0.5 0.00%
25 ജമ്മു & കാശ്‌മീർ നാഷണൽ കോൺഫറൻസ്‌ 0.5 0.00%
26 ഗോവ ഫോർവേഡ്‌ പാർട്ടി 0.4 0.00%
മൊത്തം 12,769.1 1000%

ആരോഗ്യ മേഖലയിലും ഫാർമ മേഖലയിലും പ്രവർത്തിക്കുന്ന മുപ്പതോളം കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. 900 കോടി രൂപയോളം വിലമതിക്കുന്ന ബോണ്ടുകളാണ് ഇവർ വാങ്ങിയിട്ടുള്ളത്. 162 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ യശോദാ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലും 80 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ ഡോ.റെഡ്‌ഡി ലബോറട്ടറീസ് ലിമിറ്റഡും ആരോഗ്യ മേഖലയിൽ നിന്ന് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. സുധീർ മേത്തയുടെ ടോറന്റ് ഫാർമസൂട്ടിക്കൽസ് (77.5 കോടി രൂപ), ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന നാറ്റ്‌കോ (69.25 കോടി രൂപ), ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു ഫാർമ കമ്പനിയിയായ ഹെറ്ററോ ഫാർമ (60 കോടി രൂപ), സിപ്ല (39.2 കോടി രൂപ) മുതലായവയാണ് ഈ മേഖലയിൽ നിന്നുള്ള മറ്റു പ്രമുഖർ. ബയോകോൺ ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകയായ കിരൺ മസുംദാർ ഷാ 6 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഹെറ്ററോ ഫാർമ എന്ന കമ്പനി 550 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡുകൾ നേരിട്ട ശേഷം 2022 ഏപ്രിൽ, 2023 ജൂലൈ, 2023 ഒക്ടോബർ എന്നീ കാലയളവിലാണ് ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. ഡോ.റെഡ്‌ഡി ലബോറട്ടറീസാകട്ടെ കോവിഡ് കാലത്ത് സർക്കാർ എപിഐ. കിറ്റുകളുടെ ആഭ്യന്തര ഉത്പാദനത്തിന് ഊർജമേകാൻ നടത്തിയ ശ്രമങ്ങളുടെ ഒരു പ്രധാന ഗുണഭോക്താവായിരുന്നു. കോവിഡ് വാക്സിൻ ഉത്പാദനത്തിന് സർക്കാരിന്റെ അനുമതി നേടി വൻലാഭം കൊയ്ത ഭാരത് ബയോടെക് (10 കോടി രൂപ) ബയോളജിക്കൽ ഇ (5 കോടി രൂപ) എന്നീ കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.

രസകരമായ സംഗതി എന്തെന്നാൽ ഇന്ത്യയിലെ പ്രമുഖ ബീഫ് കയറ്റുമതിക്കാരായ അല്ലനാസൺസ് ഗ്രൂപ്പും 7 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. മുംബൈയിലെ ആദായനികുതി വകുപ്പ് 2019 ജനുവരിയിൽ ഈ കമ്പനിയുടെ നൂറോളം ഓഫീസുകളിൽ രണ്ടുദിവസത്തോളം നീണ്ട റെയ്ഡുകൾ നടത്തിയിരുന്നു. ഈ റെയ്ഡുകൾ കഴിഞ്ഞ് ചില മാസങ്ങൾക്കു ശേഷമാണ് ഈ ബോണ്ടുകൾ വാങ്ങപ്പെട്ടിട്ടുള്ളത്. ഏകദേശം 2000 കോടി രൂപയുടെ നികുതി വെട്ടിപ്പ് ഈ കമ്പനി നടത്തിയിട്ടുണ്ടാവും എന്നാണ് പൊതുവേയുള്ള സംശയം. അതെല്ലാം ഇതിനകം മാപ്പായി പോയിട്ടുണ്ടാവും.

റെയ്ഡുകൾ മാത്രമല്ല ബോണ്ടുകൾ വാങ്ങുന്നതിന് പ്രേരണയായിട്ടുള്ളത്. സർക്കാരിന്റെ നയ സമീപനങ്ങളെ സ്വാധീനിക്കുന്നതിലും ബോണ്ടുകളുമായുള്ള നിഗൂഢമായ ബന്ധമുണ്ട്. ഉദാഹരണത്തിന്, ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ഇൻഡസ്ട്രീസ് എന്ന കമ്പനി — പല ഇടനില കമ്പനികളും വഴി — മൊത്തം 534 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഈ കാലയളവിൽ തന്നെ, 2021 ആഗസ്തിൽ കേന്ദ്ര സർക്കാർ ഗ്രാസിം കമ്പനിയുടെ ടെക്സ്റ്റൈൽ യൂണിറ്റുകൾ ഏറ്റവുമധികം ഉപയോഗിക്കുന്ന വിസ്കോസ് സ്റ്റേപ്പിൾ ഫൈബറിന്റെ (വിഎസ്എഫ് ) ഇറക്കുമതിക്ക് മേലുള്ള ആന്റിഡമ്പിങ് ഡ്യൂട്ടി പൂർണ്ണമായി എടുത്തു കളഞ്ഞു. ടെക്സ്റ്റൈൽ ഉൽപാദന മേഖലയിൽ കുത്തക സ്വഭാവം കാട്ടുന്നു എന്ന ഒരു വിധി ഗ്രാസിം കമ്പനിക്കെതിരെ ഇന്ത്യയിലെ കോമ്പറ്റീഷൻ കമ്മീഷൻ അക്കാലത്ത് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെ വിദേശ ഉൽപാദകർ ഇന്ത്യൻ വിപണിയിലേക്ക് കുറഞ്ഞ വിലയ്ക്ക് വിഎസ്എഫ് കൊണ്ടുവന്നേക്കുമെന്നും, അത് ഒരുപാട് ചെറുകിട ടെക്സ്റ്റൈൽ കമ്പനികൾക്ക് ഗുണമാകുമെന്നും, അതേ സമയം ഗ്രാസിമിന് പ്രതികൂലമാവുമെന്നും പ്രതീക്ഷിച്ചിരുന്നു. കോമ്പറ്റീഷൻ കമ്മീഷന്റെ ഈ വിധി വന്നതിനു തൊട്ടുപിന്നാലെയാണ് വിഎസ്എഫ്-ന് ആന്റി-ഡമ്പിങ് ഡ്യൂട്ടി പൂർണ്ണമായി ഒഴിവാക്കുന്ന തീരുമാനമുണ്ടായത്. മാത്രമല്ല, ഗ്രാസിം അധികൃതർ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തിയതിനുശേഷം ചൈനയിൽ നിന്നും ഇൻഡോനേഷ്യയിൽ നിന്നുമുള്ള വിഎസ്എഫ് ഇറക്കുമതികളിന്മേൽ ചില നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. ഇതെല്ലാം മൂലം, വിഎസ്എഫിന്റെ ഇറക്കുമതികൾ 65 ശതമാനം കണ്ട് കുറഞ്ഞുവെന്നും, ഇതുമൂലം ഗ്രാസിം കമ്പനിയുടെ വിപണി വിഹിതം 90 ശതമാനത്തിൽ നിന്ന് ഉയർന്ന് 95 ശതമാനമായി എന്നും റിപ്പോർട്ടുകൾ പറയുന്നു. പല സംശയങ്ങൾക്കും ഇത് വഴി വച്ചിട്ടുണ്ട്.

പട്ടിക മൂന്ന്‌

അന്വേഷണ ഏജൻസികളുടെ റെയ്‌ഡ്‌ തീയതിയും ദാതാക്കൾ ഇലക്ടറൽ ബോണ്ട്‌ വാങ്ങിയ തീയതിയും
നൽകിയ സ്ഥാപനത്തിന്റെ പേര്‌ ബോണ്ട്‌ തുക (കോടി രൂപ) റെയ്‌ഡ്‌ നടന്ന തീയതി ബോണ്ട്‌ വാങ്ങിയ തീയതി
ഫ്യൂച്ചർ ഗെയിംസ്‌ 100 ഏപ്രിൽ 2, 2022 ഏപ്രിൽ 7, 2022
75 ജൂലൈ 2022 ജൂലൈ 6. 2022
105 സെപ്‌തംബർ 2022 ഒക്ടോബർ 6. 2022
90 ഏപ്രിൽ 2023 ഏപ്രിൽ 5, 2023
60 ഏപ്രിൽ 11, 2023
63 മെയ്‌ 2023 ജുലൈ 6, 2023
ഓറോബിന്ദോ ഫാർമ 5 നവംബർ 10, 2022 (മാനേജിങ്‌ ഡയറക്ടറുടെ അറസ്റ്റ്‌) നവംബർ 15, 2022
ഷിർദി സായി ഇലക്‌ട്രിക്കൽസ്‌ 40 ഡിസംബർ 20, 2023 ജനുവരി 11, 2024
ഡോ. റെഡ്ഡീസ്‌ ലബോറട്ടറീസ്‌ ലിമിറ്റഡ്‌ 21 നവംബർ 13, 2023 നവംബർ 17, 2023
കൽപതാരു പ്രോജെക്ട്‌സ്‌ 10 ആഗസ്‌ത്‌ 4, 2023 ഒക്ടോബർ 10, 2023
മൈക്രോ ലാബ്‌സ്‌ 6 ജൂലൈ 14, 2022 ഒക്ടോബർ 10, 2022
ഹീറോ മോട്ടോകോർപ്‌ 20 മാർച്ച്‌ 31, 2022 ആഗസ്‌ത്‌ 2023
ഒക്ടോബർ 7. 2022
യശോദ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ 162 ഡിസംബർ 26, 2020 ഏപ്രിൽ 2021 മുതൽ ഒക്ടോബർ 2023 വരെ
മേഘ എഞ്ചിനീയറിംഗ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ 5 ഒക്ടോബർ 2019 ഒക്ടോബർ 3, 2019
വേദാന്ത ലിമിറ്റഡ്‌ 25 മാർച്ച്‌ 2020
25 ആഗസ്‌ത്‌ 2022
110
1.75
രശ്‌മി ഗ്രൂപ്പ്‌ 5 ജൂലൈ 2022 ജൂലൈ 7, 2022
ഡിഎൽഎഫ്‌ കൊമേഴ്‌സ്യൽ ഡെവലപ്പേഴ്‌സ്‌ ലിമിറ്റഡ്‌ 25 ഏപ്രിൽ 2014 ഒക്ടോബർ 9, 2019
25 ഡിസംബർ 2022 നവംബർ 15, 2022
നവംബർ 2023
നവയുഗ എഞ്ചിനീയറിങ്‌ 30 ഒക്ടോബർ 2018 ഏപ്രിൽ 18, 2019
ഉത്‌കൽ അലുമിന ഇന്റർനാഷണൽ ലിമിറ്റഡ്‌ 0.2 ഫെബ്രുവരി 2029 ഏപ്രിൽ 15, 2019
0.1 ഏപ്രിൽ 18, 2019
യുണൈറ്റഡ്‌ ഫോസ്‌ഫറസ്‌ 50 ജനുവരി 2020 നവംബർ 15, 2022
ഐഎഫ്‌ബി അഗ്രോ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ 12 ജൂൺ 2020 ഒക്ടോബർ 8, 2021
ചെന്നൈ ഗ്രീൻ വുഡ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 40 ജൂലൈ 2021 ജനുവരി 5, 2022
രുങ്‌ത സൺസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 50 ഡിസംബർ 7, 2023 ജനുവരി 11, 2024
എച്ച്‌ഇഎസ്‌ ഇൻഫ്രാ 20 ഫെബ്രുവരി 2021 ഏപ്രിൽ 8, 2022
ശ്രീ ജഗന്നാഥ്‌ & പവർ ലിമിറ്റഡ്‌ 7 ഡിസംബർ 2020 ഏപ്രിൽ 9, 2021
സൺ ഫാർമ 10 മെയ്‌ 2019 മെയ്‌ 8, 2019

ഇതുപോലെയാണ് സൺ ഫാർമ ലബോറട്ടറീസ് ലിമിറ്റഡ് എന്ന ഫാർമ കമ്പനിയുടെ കാര്യവും. മൊത്തം 31.5 കോടി രൂപയാണ് ഈ കമ്പനി ബോണ്ടുകളിൽ നിക്ഷേപിച്ചത്. തമിഴ്നാട്ടിൽ ഒരു മരുന്ന് ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വേടൻതങ്ങൾ കായലിലെ പക്ഷി സങ്കേതത്തിനടുത്താണ് എന്ന കാരണത്താൽ ആ യൂണിറ്റിന് സംസ്ഥാന വനം വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അതേ സമയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാകട്ടെ വെറും മൂന്നു മാസത്തിനുള്ളിൽ തന്നെ ആ യൂണിറ്റിന് അനുമതി നൽകുകയായിരുന്നു.

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ പരിശോധിക്കുമ്പോൾ കാണുന്ന മറ്റൊരു പ്രത്യേകത പല കമ്പനികളും തങ്ങളുടെ അറ്റാദായത്തെക്കാൾ വലിയ തുക ഇലക്ടറൽ ബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതാണ്. ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ ഫ്യുച്ചർ ഗെയിമിങ് അവരുടെ അറ്റാദായത്തെക്കാൾ 6 മടങ്ങ് വരുന്ന തുക ബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. 2019ൽ പൊതുതിരഞ്ഞെടുപ്പടുത്ത കാലത്ത് 195 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ കെവെൻഡർ ഗ്രൂപ്പിലെ കെവെൻഡേഴ്സ് ഫുഡ് പാർക്ക് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡിന്റെ കാര്യമെടുത്താൽ, അതേ സാമ്പത്തിക വർഷം അവർ ഉണ്ടാക്കിയ അറ്റാദായം കേവലം 12.4 ലക്ഷം രൂപ മാത്രമായിരുന്നു. ക്വിക്ക് സപ്ലൈ ചെയിൻ ലിമിറ്റഡ്, നവയുഗ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ്, ഐ.എഫ്.ബി.ആഗ്രോ എന്നിങ്ങനെ ഈ ഗണത്തിൽ പെടുന്ന കമ്പനികൾ ഒട്ടനവധിയുണ്ട്.

മുടന്തൻ ന്യായങ്ങൾ
സുപ്രീം കോടതി വിധി വന്നതിനുശേഷം അമിത് ഷായും നിർമല സീതാരാമനും ഇലക്ടറൽ ബോണ്ടുകൾ റദ്ദ് ചെയ്ത സുപ്രീം കോടതി വിധി കള്ളപ്പണത്തിന് മടങ്ങി വരാൻ സാധ്യതകൾ തുറക്കുമോ എന്ന സംശയം പ്രകടിപ്പിക്കുകയുണ്ടായിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി തങ്ങൾ മെനഞ്ഞുണ്ടാക്കിയ ഒരു പദ്ധതി പൊളിഞ്ഞതിലുള്ള ക്ഷീണം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മറയ്ക്കാൻ ശ്രമിക്കുകയാണിവർ. ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്ന യഥാർത്ഥ ആളിന്റെ പേരു വിവരങ്ങൾ പുറത്തു വിടാത്തപക്ഷം സംഭാവന നൽകുന്നവർക്ക് ബാങ്കുകൾ വഴി ഇടപാടുകൾ നടത്താനുള്ള താത്‌പര്യം വർദ്ധിക്കുകയും തദ്വാരാ കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടാനാവുമെന്നുമാണ് ഈ വാദത്തിന്റെ ചുരുക്കം. ഇവർ രണ്ടു പേരും മറച്ചു വയ്ക്കുന്നത് ഒട്ടേറെ യാഥാർത്ഥ്യങ്ങളാണ്. കോടിക്കണക്കിന് രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നതിന് ഒരാൾക്ക് എവിടെ നിന്ന് പണം വന്നു എന്ന ചോദ്യം ചോദിക്കാനുള്ള സാഹചര്യം നിയമം മൂലം തന്നെ അടച്ചിട്ടതിനു ശേഷമാണ് ഈ കപട വിലാപം. മാത്രമല്ല, ഒരാൾ ഒരു ബെയറർ ബോണ്ട് വാങ്ങിയതിനു ശേഷം അത് മറ്റൊരാൾക്കും ആ ആൾ മൂന്നാമതൊരാൾക്കും അങ്ങനെ വീണ്ടും പലർക്കുമായി കൈമാറ്റം ചെയ്തതിനു ശേഷം ഒടുവിൽ മാത്രം രാഷ്ട്രീയ പാർട്ടികളുടെ കയ്യിൽ എത്തുമ്പോൾ കള്ളപ്പണ ഉപയോഗത്തിനുള്ള സാധ്യതകൾ പതിന്മടങ്ങ് വർദ്ധിക്കുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിനുനേരെയും അവർ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ഇലക്ടറൽ ബോണ്ടുകളുടെ തുറന്ന വിപണിയിലെ, ഒരു നിയമത്തിനും വിധേയമാവാതെയുള്ള, ഈ കച്ചവടം തടയാനോ പരിശോധിക്കാനോ ഉതകുന്ന യാതൊരു വ്യവസ്ഥയും നിയമത്തിലില്ല. അങ്ങനെയാവുമ്പോൾ കള്ളപ്പണത്തിന് തടയിടാൻ ഇലക്ടറൽ ബോണ്ടുകൾക്കു കഴിയില്ല എന്നുമാത്രമല്ല, ബെയറർ ബോണ്ടുകളുടെ തുറന്ന കച്ചവടം കള്ളപ്പണം വെളുപ്പിക്കുന്നതിനും വഴി തുറന്നെന്നു വരാം.

കള്ളപ്പണമാണെങ്കിലും കമ്പനികളുടെ വാർഷിക റിപ്പോർട്ടിൽ വരുന്നതോടു കൂടി പണം സുതാര്യമായില്ലേ എന്ന നിഷ്കളങ്കമായ ചോദ്യവും അമിത് ഷാ ചോദിക്കുന്നുണ്ട്. ഇതും ശരിയല്ല. പല കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ വാർഷിക റിപ്പോർട്ടിൽ നൽകിയിട്ടില്ല. ഉദാഹരണത്തിന്, ഡോ. റെഡ്‌ഡീസ്‌ ലാബ്സ് എന്ന കമ്പനി 2019നും 2024നുമിടയ്ക്ക് 80 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. പക്ഷേ അവരുടെ വാർഷിക റിപ്പോർട്ടിൽ ഈ കണക്കില്ല. ഇത് തന്നെയാണ് ഡിവീസ്‌ ലബോറട്ടറീസ്, പിസിബിഎൽ, ടോറന്റ് ഫർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളുടെ കാര്യവും. മറ്റു ചില കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന്, ഭാരതി എയർടെൽ കമ്പനി ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങളും മറ്റ് രാഷ്ട്രീയ സംഭാവനകളും കൂട്ടിച്ചേർത്ത് ഒറ്റ സംഖ്യയായിട്ടാണ് വാർഷിക റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്. ഇതിൽ ബോണ്ടുകളെത്രയെന്ന് കാണാനാവില്ല. മറ്റു ചില കമ്പനികളാവട്ടെ നേരിട്ട് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാതെ തങ്ങളുടെ സബ്സിഡിയറികളെക്കൊണ്ട് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിപ്പിച്ച് സ്വന്തം വാർഷിക റിപ്പോർട്ടിൽ നിന്ന് പ്രസ്തുത വിവരങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ എവിടെയാണ് സുതാര്യത?

അതുപോലെ തന്നെ, ഇലക്ടറൽ ബോണ്ടുകൾ ഉള്ളതുകൊണ്ട് പണം ക്യാഷായി കൈപ്പറ്റുന്നതിൽ നിന്ന് പരിപൂർണ്ണമായി രാഷ്ട്രീയ പാർട്ടികൾ പിന്തിരിപ്പിക്കപ്പെടുന്നില്ല. രാഷ്ട്രീയ പാർട്ടികൾ രൊക്കമായി പണം കൈപ്പറ്റുന്നത് തടയിടുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കൊണ്ടു വന്ന ഭേദഗതികളും പണം കൈപ്പറ്റുന്നതിൽ നിന്ന് പരിപൂർണ്ണമായി രാഷ്ട്രീയ പാർട്ടികളെ പിന്തിരിപ്പിക്കുന്നില്ല. രൊക്കമായി നടത്തുന്ന ഇടപാടുകൾക്ക് ഉയർന്ന പരിധി 2,000 രൂപയാക്കിയെന്ന് മാത്രം. വലിയ പാക്കറ്റുകളായി പണം കൈമാറാൻ കഴിയില്ല. ചെറിയ പണപ്പൊതികളിൽ അഴിമതി തുടരാം. വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ ഹനിക്കാതെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കള്ളപ്പണത്തിന്റെ ഒഴുക്കിനു തടയിടാൻ മാർഗ്ഗങ്ങൾ വേറെയുമുണ്ടെന്ന് സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടത്‌ ഇക്കാരണത്താലാണ്.

അഴിമതിയുടെ
 സ്ഥാപനവത്കരണം
ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഹിന്ദുത്വ രാഷ്ട്രീയവും കോർപ്പറേറ്റ് മുതലാളിത്തവും തമ്മിലുള്ള അവിശുദ്ധ ബന്ധം അടിവരയിടുന്നതാണ്. ഇന്ത്യൻ മുതലാളിത്തത്തിന് തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനും അതിന്റെ ഒരു വിഹിതം ഭരണകക്ഷിയുമായി പങ്കിടാനുമുള്ള എളുപ്പവഴിയായി ഇലക്ടറൽ ബോണ്ടുകൾ മാറുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. ഇതിന് പ്രതിഫലമെന്നോണം ഇവരുടെ സാമ്പത്തിക തിരിമറികൾക്കും നിയലംഘനങ്ങൾക്കും സർക്കാർ കൂട്ട് നിൽക്കുന്നു. ഇത്തരം തിരിമറികൾ പോയ ദശാബ്ദത്തിന്റെ മുഖമുദ്രയാണ്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളെ റെയ്‌ഡുകൾക്കും മറ്റു ഭീഷണികൾക്കും വിധേയരാക്കി ബി.ജെ.പി.ക്ക് വേണ്ടി വൻ തുക സംഭാവന തട്ടുന്ന ഗുണ്ടാപിരിവിന് നിയമ സാധുത നല്കുന്നതാണ് ഇലക്ടറൽ ബോണ്ടുകൾ എന്ന സത്യം കൂടി ഇന്ന് നമുക്ക് വ്യക്തമാകുന്നു. സംശുദ്ധ ഭരണം എന്ന മോദിയുടെ പൊള്ളയായ വാദം സംശയമേതുമില്ലാതെ നിരാകരിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയുടെ നിഴലിൽ നിന്ന് ഒഴിഞ്ഞു മാറാൻ മോദി സർക്കാരിന് ഇനിയാവില്ല. “ന ഘാവുംഗ, ന ഘാനേ ദൂംഗ” {ഞാൻ (പണം) വിഴുങ്ങില്ല, ഒരുവനെയും വിഴുങ്ങാനും അനുവദിക്കില്ല} എന്ന് പറഞ്ഞിടത്ത് “മേ ഘാവുംഗ, സബ് മേ ഹി ഘാവുംഗ” (ഞാൻ വിഴുങ്ങും, മുഴുവനും ഞാൻ തന്നെ വിഴുങ്ങും) എന്ന നിലയാണിപ്പോൾ. രാഷ്ട്രീയ ധാർമികതയുടെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തുന്ന നടപടികളാണ് നമ്മൾ കാണുന്നത്.

ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ തിരഞ്ഞെടുപ്പ് സംബന്ധിയായ പണമിടപാടുകളുടെ സമ്പൂർണ പരിഷ്കരണം വേണ്ടതിന്റെ ആവശ്യവും അടിവരയിടുന്നു. ഇലക്ടറൽ ബോണ്ടുകൾ മുഖേന പരസ്പര നേട്ടമുണ്ടായി എന്ന് സംശയിക്കപ്പെടുന്ന എല്ലാ ഇടപാടുകളിലും എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിക്കാൻ സി.ബി.ഐ., ഇ.ഡി. , ഇൻകം ടാക്സ് മുതലായ കേന്ദ്ര ഏജൻസികളും ഡിപ്പാർട്ട്മെന്റുകളും തയ്യാറാകണം. അന്വേഷണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുമാവണം. രാഷ്ട്രീയ പാർട്ടികളുടെ പണമിടപാടുകളിൽ കൂടുതൽ സുതാര്യത വേണമെന്നത് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. ഇലക്ടറൽ ബോണ്ടുകളെ സംബന്ധിച്ചും തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ സംബന്ധിച്ചും എല്ലാക്കാലത്തും വ്യക്തമായ നിലപാട് പുലർത്തിയിട്ടുള്ളത് ഇന്ത്യയിലെ ഇടതുപക്ഷം മാത്രമാണ്. മറ്റ് പുരോഗമനപരമായ പരിഷ്കാരങ്ങൾക്കൊപ്പം സർക്കാർ ഫണ്ടിങ്ങോടു കൂടി തിരഞ്ഞെടുപ്പ് നടത്തുന്നത് അഴിമതിയുടെ പിടിയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ രക്ഷിക്കാൻ സഹായിക്കുമെന്ന് ശക്തിയുക്തം വാദിച്ചിട്ടുള്ളതും ഇടതുപക്ഷമാണ്. ഈ ആശയ തെളിമയാണ് ഇലക്ടറൽ ബോണ്ടിനെതിരെയുള്ള നിയമയുദ്ധത്തിൽ മടിയേതുമില്ലാതെ പങ്കെടുത്ത് ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ ഒരു ചരിത്രം കുറിക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചതും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 3 =

Most Popular