Saturday, May 4, 2024

ad

Homeഇവർ നയിച്ചവർആർ കൃഷ്‌ണൻ: കണ്ണൂരിന്റെ കൃഷ്‌ണേട്ടൻ

ആർ കൃഷ്‌ണൻ: കണ്ണൂരിന്റെ കൃഷ്‌ണേട്ടൻ

ഗിരീഷ്‌ ചേനപ്പാടി

വിഭക്ത കണ്ണൂർ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവന ചെയ്‌ത നേതാക്കളിലൊരാളാണ്‌ ആർ കൃഷ്‌ണൻ. പാവപ്പെട്ട കർഷകരെയും കർഷകത്തൊഴിലാളികളെയും നെയ്‌ത്തുകാരെയും സംഘടിപ്പിക്കുന്നതിൽ അസാമാന്യമായ മികവാണ്‌ അദ്ദേഹം പ്രദർശിപ്പിച്ചത്‌. നിസ്വവർഗത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഓരോ പ്രവർത്തനത്തിലും പ്രതിഫലിച്ചിരുന്നതായി സമകാലികർ നിരീക്ഷിച്ചിട്ടുണ്ട്‌. സഖാക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയാകെയും ഉള്ളുതുറന്ന്‌ സ്‌നേഹിച്ച അദ്ദേഹം എല്ലാവരുടെയും കൃഷ്‌ണേട്ടനായിരുന്നു.

1926 മാർച്ചിൽ എടക്കാടിന്‌ സമീപം ആറ്റടപ്പയിലെ നുഞ്ഞിങ്കാവിലാണ്‌ ആർ കൃഷ്‌ണൻ ജനിച്ചത്‌. ആറ്റടപ്പ എൽപി സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോട്‌ കടുത്ത ആഭിമുഖ്യം പുലർത്തി. വീട്ടിലെ വലിയ സാമ്പത്തികദുരിതം മൂലം പഠനം ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി. കുട്ടിക്കാലത്തുതന്നെ നെയ്‌ത്തുതൊളിലാളിയായി. ഉപജീവനമാർഗമായി നെയ്‌ത്തുതൊഴിൽ ചെയ്യുമ്പോൾ തന്നെ ബാലസംഘത്തിന്റെ സജീവ പ്രവർത്തകനായി. പറശ്ശിനിക്കടവിൽ നടന്ന ബാലസംഘത്തിന്റെ ആദ്യ സമ്മേളനത്തിൽ പ്രതിനിധിയായി കൃഷ്‌ണൻ പങ്കെടുത്തു. ബാലസംഘത്തിന്റെ കണ്ണൂർ ഫർക്കാ സെക്രട്ടറി, ചിറയ്‌ക്കൽ താലൂക്ക്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്‌ അദ്ദേഹം നടത്തിയത്‌. അതോടെ പൊതുപ്രവർത്തകൻ എന്ന അംഗീകാരം നാട്ടുകാരിൽനിന്ന്‌ അദ്ദേഹത്തിന്‌ ലഭിച്ചു.

1945ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. രണ്ടാംലോക യുദ്ധത്തിന്റെ കെടുതികൾ നാട്ടിലാകെ അനുഭവിക്കുന്ന സമയമായിരുന്നല്ലോ 1940കൾ. അതോടൊപ്പം പകർച്ചവ്യാധിയും പടർന്നുപിടിച്ച കാലം. വസൂരിയും കോളറയുമൊക്കെ ബാധിക്കുന്നവരെ ബന്ധുക്കൾ തന്നെ ഉപേക്ഷിക്കുന്ന സമയം. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ രോഗബാധിതരെയും ബന്ധുക്കളെയും സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും സന്നദ്ധരായ യുവാക്കളുടെ സ്‌ക്വാഡുകളുണ്ടാക്കി. രോഗബാധിതരെ പാർപ്പിച്ച സ്ഥലങ്ങളിൽ ഈ യുവാക്കൾ ധൈര്യസമേതം പ്രവേശിച്ച്‌, രോഗികൾക്ക്‌ ഭക്ഷണവും വെള്ളവും നൽകി. നാട്ടിൽ നിന്നാകെ പിരിവെടുക്കുന്ന പണം ഉപയോഗിച്ച്‌ മരുന്നുകൾ വാങ്ങി നൽകി. മരണത്തെ മുഖാമുഖം കണ്ട പലരും അതുമൂലം ജീവിതത്തിലേക്ക്‌ മടങ്ങിവന്നു. യുവാക്കളുടെ സ്‌ക്വാഡിലെ അംഗമായി നാട്ടിലാകെ ചുറുചുറുക്കോടെ ഓടിനടന്ന്‌ കൃഷ്‌ണൻ പ്രവർത്തിച്ചു. നാട്ടുകാരുടെ വളരെ വേണ്ടപ്പെട്ടവനായി കൃഷ്‌ണൻ അതോടെ മാറി.

ചെറുകിട കർഷകരും കർഷകത്തൊഴിലാളികളും കടുത്ത ജീവിതദുരിതങ്ങളാണ്‌ അനുഭവിച്ചുവന്നത്‌. കർഷകർക്ക്‌ തങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ വളരെ കുറഞ്ഞ പ്രതിഫലമേ ലഭിച്ചുള്ളൂ. ജന്മിമാരുടെ കടുത്ത ചൂഷണവും ഗുണ്ടായിസവും അവർക്ക്‌ സഹിക്കേണ്ടിവന്നു. കർഷകത്തൊഴിലാളികൾക്ക്‌ നാമമാത്രമായ കൂലിയേ അന്ന്‌ ലഭിച്ചിരുന്നുള്ളൂ. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ അതീവ ജാഗ്രതയാണ്‌ കൃഷ്‌ണൻ പുലർത്തിയത്‌. അവരുടെ നിരവധി അവകാശ സമരപോരാട്ടങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി.

നന്നേ ചെറുപ്പത്തിൽതന്നെ കലയോടും സാഹിത്യത്തോടും സാംസ്‌കാരിക പ്രവർത്തനങ്ങളോടും വളരെയേറെ താൽപര്യമാണ്‌ കൃഷ്‌ണൻ പ്രദർശിപ്പിച്ചത്‌. ചെമ്പിലോട്‌ ബ്രാഞ്ച്‌ സെക്രട്ടറിയും വില്ലേജ്‌ സെക്രട്ടറിയുമായി പ്രവർത്തിച്ച സമയത്തുതന്നെ നിരവധി വായനശാലകൾ സ്ഥാപിക്കുന്നതിന്‌ ഉത്സാഹത്തോടെ പ്രവർത്തിച്ചു. കോയ്യോട്‌ കർഷക വായനശാല, ആത്മാനന്ദബോധിനി വായനശാല, ആറ്റടപ്പ ആത്മപോഷിണി വായനശാല, ചെമ്പിലോട്‌ ഗ്രാമീണ വായനശാല എന്നിവയുടെ നിർമാണത്തിലും പ്രവർത്തനങ്ങളിലും കൃഷ്‌ണന്റെ ശ്രമവും അധ്വാനവും ധാരാളമുണ്ട്‌.

യുവാക്കളെയും തൊഴിലാളികളെയും വായനയുടെ ആവശ്യകത ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന്‌ സാധിച്ചു. സ്വയം പഠിക്കാനും മറ്റുള്ളവരെ പഠിക്കാൻ പ്രേരിപ്പിക്കാനും കൃഷ്‌ണൻ സദാ ജാഗരൂകനായിരുന്നു. വായനശാലകൾക്കാവശ്യമായ ബഞ്ചും ഡെസ്‌കും അലമാരകളും പുസ്‌തകങ്ങളും സംഘടിപ്പിക്കുക എന്നത്‌ അന്ന്‌ വളരെയേറെ ശ്രമകരമായിരുന്നു. പശ്ചാത്തല സൗകര്യങ്ങൾക്കാവശ്യമായ ഭൂമിയും തടിയും മറ്റും പലരിൽനിന്നും സംഭാവനയായി ലഭിച്ചു. കായികാധ്വാനത്തിന്‌ യുവാക്കളുടെയും തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പാക്കി. വായനശാലകൾ പ്രാവർത്തികമായതോടെ അവ അതത്‌ പ്രദേശത്തെ സാംസ്‌കാരികകേന്ദ്രങ്ങളായി മാറി. പത്രങ്ങളും പുസ്‌തകങ്ങളും വായിച്ച്‌ ഗ്രാമീണർ പ്രബുദ്ധരായി.

എടക്കാട്‌ ഏരിയയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിന്‌ മൊയാരത്ത്‌ ശങ്കരൻ, കെ ദാമു, പി അനന്തൻ, ടി കൃഷ്‌ണൻ മാസ്റ്റർ, വി വി നാരായണൻ തുടങ്ങിയവരോടൊപ്പം ആർ കൃഷ്‌ണനും സജീവമായി നേതൃത്വം നൽകി.

എടക്കാട്‌ ഏരിയയുടെ വിവിധ പ്രദേശങ്ങളിൽ ദേശാഭിമാനിക്ക്‌ വരിക്കാരെ ചേർക്കുന്നതിന്‌ അദ്ദേഹം മുൻനിന്ന്‌ പ്രവർത്തിച്ചു. പ്രചരണാർഥം ദേശാഭിമാനി മേളകൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം ഉത്സാഹത്തോടെ പ്രവർത്തിച്ചു. 1948ൽ പാർട്ടി നിരോധിക്കപ്പെട്ട സമയത്ത്‌ കൃഷ്‌ണൻ ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനും എടക്കാട്ടെ ഏജന്റുമായിരുന്നു. പ്രാദേശികമായി നടക്കുന്ന സമരങ്ങളും രാഷ്‌ട്രീയ പ്രാധാന്യമുള്ള വാർത്തകളും റിപ്പോർട്ട്‌ ചെയ്യുവാൻ അദ്ദേഹം ശരിക്കും അധ്വാനിച്ചു. എത്ര കഷ്ടപ്പെട്ടും വായനക്കാർക്ക്‌ പത്രം എത്തിച്ചുകൊടുക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഒളിവിൽ കഴിഞ്ഞുകൊണ്ടുള്ള പാർട്ടി പ്രവർത്തനമാണ്‌ അദ്ദേഹം ഈ കാലയളവിൽ നടത്തിയത്‌. പലതവണ ഗുണ്ടകളുടെ ആക്രമണത്തിന്‌ അദ്ദേഹം വിധേയനായി. പൊലീസിന്റെ കണ്ണുവെട്ടിച്ചുകൊണ്ട്‌ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾ സജീവമായിത്തന്നെ മുമ്പോട്ട്‌ കൊണ്ടുപോയി.

പാർട്ടി നേതാക്കന്മാരും പ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളെ ഒളിവിൽ താമസിക്കാൻ അദ്ദേഹം സഹായിച്ചു. സുരക്ഷിതമായ ഒളിത്താവളങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം ജാഗ്രത കാട്ടി.

കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്ന ആർ കൃഷ്‌ണൻ പാർട്ടിയും ബഹുജനസംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ‘ചൈനീസ്‌ ചാരന്മാർ’ എന്ന്‌ ആരോപിച്ച്‌ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ സർക്കാർ വേട്ടയാടുകയായിരുന്നല്ലോ. നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. കൃഷ്‌ണനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒന്നരവർഷക്കാലം അദ്ദേഹത്തിന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്നു. ജയിലും അദ്ദേഹത്തിന്‌ പാഠശാലയായിരുന്നു. പാർട്ടിയുടെ നിരവധി നേതാക്കളുമായി അടുത്തിടപഴകാനും അവരിൽനിന്ന്‌ നിരവധി കാര്യങ്ങൾ പഠിക്കാനും കൃഷ്‌ണന്‌ സാധിച്ചു.

1965ൽ ബന്ദ്‌ ദിവസം പ്രകടനം നടത്തിയ കൃഷ്‌ണൻ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർക്ക്‌ നേരെ പൊലീസ്‌ കിരാതമായ മർദനമാണ്‌ അഴിച്ചുവിട്ടത്‌. ഭീകരമായ മർദനത്തിന്‌ ഇരയായ അദ്ദേഹം ബോധരഹിതനായി റോഡിൽ വീണു.

1968ൽ സിപിഐ എം എടക്കാട്‌ മണ്ഡലം സെക്രട്ടറിയായി ആർ കൃഷ്‌ണൻ തിരഞ്ഞെടുക്കപ്പെട്ടു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാർട്ടി കെട്ടിപ്പടുക്കാൻ അദ്ദേഹം അധ്വാനിച്ചു. 1977 വരെ അദ്ദേഹം മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു. ഈ കാലയളവിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ ജില്ലാ സെക്രട്ടറിയറ്റംഗമായും പ്രവർത്തിച്ചു. പത്തുവർഷക്കാലം അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

1970കളുടെ ആദ്യം നടന്ന മിച്ചഭൂമി സമരത്തിൽ ധീരമായ നേതൃത്വമാണ്‌ അദ്ദേഹമുൾപ്പെടെയുള്ളവർ നൽകിയത്‌. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്‌ ഒന്നരമാസക്കാലം ജയിലിൽ കിടക്കേണ്ടിവന്നു.

അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിൽ പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകവെ കൃഷ്‌ണൻ അറസ്റ്റ്‌ ചെയ്യപ്പെട്ടു. തുടർന്ന്‌ പതിനാറ്‌ മാസത്തിനുശേഷമാണ്‌ അദ്ദേഹം ജയിൽമോചിതനായത്‌.

കർഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യാ വർക്കിഗ്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം മിച്ചഭൂമി സമരമുൾപ്പെടെയുള്ള നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകി.
കർഷകത്തൊഴിലാളി യൂണിയന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കർഷകത്തൊഴിലാളികളുടെ നിരവധി അവകാശ സമരപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി.

1969 മുതൽ 1985 വരെ അദ്ദേഹം എടക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. ഒട്ടനവധി വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിന്‌ സാധിച്ചു. 1990ൽ ആദ്യമായി ജില്ലാ കൗൺസിൽ നിലവിൽ വന്നപ്പോൾ പെരളശ്ശേരി വാർഡിൽനിന്ന്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

പ്രമുഖ സഹകാരിയായിരുന്ന അദ്ദേഹം കണ്ണൂർ കോ‐ഓപ്പറേറ്റീവ്‌ പ്രിന്റിങ്‌ പ്രസിന്റെ പ്രസിഡന്റായിരുന്നു.

‘‘സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളെന്ന നിലയിലും സെക്രട്ടറിയറ്റംഗങ്ങളെന്ന നിലയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്ന നിലയിലും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്‌. എപ്പോഴും സ്‌നേഹത്തോടെയും സൗമ്യമായും സഹപ്രവർത്തകരോടും സഖാക്കളോടും പെരുമാറുന്ന സമീപനമായിരുന്നു കൃഷ്‌ണേട്ടനുണ്ടായിരുന്നത്‌. പലപ്പോഴും തമാശകൾ പറഞ്ഞ്‌ അദ്ദേഹം മറ്റുള്ളവരെ ചിരിപ്പിച്ചിരുന്നു. പ്രാസംഗികനെന്ന നിലയിൽ മനോഹരമായ ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. മണിക്കൂറുകളോളം സംസാരിക്കുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്‌. പറയാനുള്ള കാര്യങ്ങൾ വേഗത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ആവേശത്തോടെ പറഞ്ഞുനിർക്കുന്ന പ്രസംഗശൈലിയായിരുന്നു കൃഷ്‌ണേട്ടന്റേത്‌…’’ സിപിഐ എം നേതാവ്‌ പി കരുണാകരൻ പറഞ്ഞു.

1994 സെപ്‌തംബർ 13ന്‌ ആർ കൃഷ്‌ണൻ അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലത്തെ പൊതുപ്രവർത്തന ജീവിതത്തിനാണ്‌ അതോടെ തിരശ്ശീല വീണത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one − one =

Most Popular