വേദിയിലിരിക്കുന്ന നേതാക്കളേ, വിശിഷ്ടാംഗങ്ങളേ. ഞങ്ങളുടെ പാർട്ടി ഡിഎംകെയുടെയും ഞങ്ങളുടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും പേരിൽ ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഞങ്ങളുടെ പാർട്ടിയുടെ സ്ഥാപക നേതാവായ അണ്ണായെ പറ്റി ഞാൻ ഇവിടെ ഓർക്കുന്നു. 1968ൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം പാർട്ടി കേഡറിന് ഒരു കത്ത് എഴുതി: ‘‘സഹോദരാ, നിങ്ങളെന്നെ മുഖ്യമന്ത്രിയാക്കി. ഞാനതിൽ ഒട്ടും സന്തുഷ്ടവാനല്ല. കാരണം ഭരണഘടനയിൽ ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണെന്ന് പറയുന്നു. പക്ഷേ അതല്ല ഇവിടെ നടക്കുന്നത്. കേന്ദ്രം എല്ലാ അധികാരവും കയ്യടക്കിവെച്ചിരിക്കുന്നു. സംസ്ഥാനങ്ങൾ അതിന്റെ ഇരകളാകുന്നു. അതിനാൽ എല്ലാ ജനങ്ങളെയും ഒത്തൊരുമിപ്പിച്ചുകൊണ്ട് ഇതിനെതിരെ പോരാടി ഇന്ത്യയെ ഒരു ഫെഡറൽ രാജ്യമാക്കി മാറ്റേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു’’. അണ്ണായുടെ (അണ്ണാ ദുരെെ)ഈ കത്ത് അദ്ദേഹത്തിന്റെ വിൽപത്രമായാണ് ഞങ്ങൾ കണക്കാക്കുന്നത്. അതിനാൽ അദ്ദേഹത്തിനു ശേഷം മുഖ്യമന്ത്രിയായ കരുണവനിധി, അണ്ണായുടെ പാത തന്നെ പിന്തുടർന്നു. അദ്ദേഹമാണ് കേന്ദ്ര-–സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ‘രാജമന്നാർ കമ്മിറ്റി’ രൂപീകരിക്കുന്നത്. ഇന്നും ആ കമ്മിറ്റിയുടെ റിപ്പോർട്ട് കേന്ദ്ര-–സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അറിയാൻ ആളുകൾ ഉപയോഗിക്കുന്നു. ഇന്നത്തെ ഞങ്ങളുടെ മുഖ്യമന്ത്രി എം കെ സ്റ്റാലിനും അതേ പാതയാണ് തുടരുന്നത്. കേരള മുഖ്യമന്ത്രിയുടെ പരിശ്രമത്തിന്റെ ഫലമായ ഈ യോഗത്തിലേക്ക് ഞങ്ങളെല്ലാവരും എത്തിയത് ഈ രാജ്യത്തെ ഒരു കാര്യം ബോധിപ്പിക്കാനാണ്. എന്തുകൊണ്ടെന്നാൽ ഞങ്ങൾ എല്ലാവരും എതിർക്കുന്നത് ഈ രാജ്യം ഭരിക്കുന്ന ബിജെപിയുടെ സ്വേച്ഛാധിപത്യ മനോഭാവത്തെയാണ്. സംസ്ഥാനങ്ങളെ അവർ അടിച്ചമർത്തുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അവർ നിഷേധിക്കുന്നു. ബിജെപി സർക്കാർ നിയമനിർമ്മാണം നടത്തുന്ന എല്ലാ നിയമങ്ങളും നിയമനിർമ്മാണ രീതികളും ക്രൂരമായ സ്വഭാവമുള്ളതും ഭരണകൂടത്തിന്റെ ലക്ഷ്യത്തിലേക്കുതന്നെ കടന്നുകയറുന്നതുമാണ്. ഡിഎംകെയും മറ്റ് ഇടതു പാർട്ടികളും എല്ലാ ശക്തിയും ഉപയോഗിച്ച് പാർലമെന്റിൽ പോരാടുകയാണ്. വരും ദിവസങ്ങളിൽ ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ കൂടുകയാണ്. ഒരു കാര്യം ഊന്നിപ്പറഞ്ഞേ മതിയാകൂ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ പ്രവൃത്തികൾ ഭരണഘടനാ വിരുദ്ധമാണ് ;ന്യായമില്ലാത്തവയാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റിനെ നിയമനിർമ്മാണം നടത്താൻ പോലും ഗവർണർമാർ അനുവദിക്കുന്നില്ല. സഭകളിൽ സർക്കാരിന്റെ കുറിപ്പുകൾ വായിക്കാൻ ആവശ്യപ്പെടുമ്പോൾ അവർ തങ്ങൾക്ക് ഇഷ്ടമുള്ളതും താല്പര്യമുള്ളതുമായ കാര്യങ്ങൾ മാത്രം പറഞ്ഞിട്ട് പോകുന്നു. തമിഴ്നാട്ടിലെ ഗവർണറും കേരള ഗവർണറിന്റെ അതേ പ്രവൃത്തികൾ പിന്തുടരുന്നു. ഏതെങ്കിലും ഇന്ത്യൻ സംസ്ഥാനത്ത് ഒരു ഗവർണർ തെരുവിലിരുന്ന് ധർണ നടത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ? തമിഴ്നാട് ഗവർണർ ഐഎഎസ്, ഐപിഎസ് ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്യുമ്പോൾ പറഞ്ഞ ഒരു കാര്യം ഭാവിയിൽ നിങ്ങൾ ജോലിയിലിരിക്കുമ്പോൾ സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ നിങ്ങൾ എപ്പോഴും കേന്ദ്രത്തിന്റെ കൂടെ നിൽക്കണം എന്നാണ്. അവരോട് സംസ്ഥാനത്തിന്റെ കൂടെ നിൽക്കാനോ ഭരണഘടനയ്ക്കൊപ്പം നിൽക്കാനോ അദ്ദേഹം ഉപദേശിക്കുന്നില്ല. ഒരിക്കലും ഇത് അനുവദിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ ഡിഎംകെയുടെ രണ്ട് പ്രധാനപ്പെട്ട മുദ്രാവാക്യങ്ങൾ സംസ്ഥാനങ്ങൾക്ക് സ്വയംഭരണം നൽകുക, ഗവർണർ പദവി നിർത്തലാക്കുക എന്നതാണ്. ഈ ആവശ്യങ്ങൾ നേടിയെടുക്കാൻ മുന്നിലുള്ള ഏക വഴി 2024ലെ തിരഞ്ഞെടുപ്പാണ്. ആയുധങ്ങളോ വെടിക്കോപ്പുകളോ ഇല്ലാതെ ബാലറ്റ് പേപ്പറുകൾ മാത്രമായി നിങ്ങൾ ഇലക്ഷൻ ബൂത്തിലേക്ക് ചെല്ലൂ നിങ്ങൾ വോട്ട് ചെയ്ത് ഇറങ്ങി വരുമ്പോൾ ഈ ബിജെപി ഗവൺമെന്റ് തോറ്റിട്ടുണ്ടാകണം. നമ്മുടെ ഈ സഖ്യമായിരിക്കണം അധികാരപദവിയിൽ ഉണ്ടാവേണ്ടത്. വരുന്ന സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ടയിൽ ഇന്ത്യ ചേരിയുടെ നേതാവ് വേണം പതാക ഉയർത്താൻ. ആ ദിവസം വിദൂരമല്ല. ഡിഎംകെ എല്ലാക്കാലത്തും നിങ്ങളോടൊപ്പമുണ്ടാകും. ♦