പശ്ചിമബംഗാൾ എസ്എഫ്ഐ സംസ്ഥാന ഘടകത്തിന്റെ 38‐ാമത് സമ്മേളനം ജനുവരി 24ന് സമാപിച്ചു. മാൾഡ ടൗണിൽ നടന്ന സമ്മേളനം എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്‌ഘാടനം ചെയ്‌തു. 23 ജില്ലകളിൽനിന്നായി നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി, സ്‌കൂൾ, പെൺകുട്ടികൾ, കായികം, പാർശ്വവൽക്കപ്പെട്ടവർ എന്നീ വിഭാഗങ്ങളിൽനിന്നുള്ള സബ് കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ അതത് ജില്ലകളുടെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ചചെയ്‌തു. സമ്മേളനത്തിന്റെ കേന്ദ്ര മുദ്രാവാക്യം, കാമ്പസുകളിൽ എസ്‌എഫ്‌ഐയെ ശക്തിപ്പെടുത്തുക; എല്ലാ സ്ഥാപനങ്ങളിലും എസ്‌എഫ്‌യെ ഉയർത്തിക്കാട്ടുക എന്നതായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന സമ്മേളനം ജനുവരി 24ന് അർധരാത്രി 2.30നാണ് അവസാനിച്ചത്. 99 അംഗ കമ്മിറ്റിയെയും 16 പേരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. ദേബഞ്‌ജൻ ഡേയെ സംസ്ഥാന സെക്രട്ടറിയായും പ്രണയ് കർജിയെ സംസ്ഥാന പ്രസിഡന്റായും എസ്‌എഫ്‌ഐ മുഖപത്രമായ ഛത്രസംഗ്രാമിന്റെ എഡിറ്ററായി സൗവിക്‌ദാസ് ബക്ഷിയെയും സമ്മേളനം തിരഞ്ഞെടുത്തു. ശ്രീജൻ ഭട്ടാചാര്യയെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രതികൂർ റഹ്‌മാനെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവർ കഴിഞ്ഞ ആറുവർഷമായി എസ്‌എഫ്‌ഐ നേതൃസ്ഥാനം വഹിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രണയ് കർജി വടക്കൻ ബംഗാളിലെ രാജ്‌ബംങ്‌ഷി പട്ടികവിഭാഗത്തിൽ നിന്നുള്ളയാളാണ്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ നിന്നുള്ള ഒരാൾ എസ്‌എഫ്‌ഐയുടെ മുൻനിര നേതാവാകുന്നതും ഇതാദ്യമായാണ്. ഇദ്ദേഹത്തിന്റെ ജില്ലയായ കൂച്ച്‌ബീഹാറിൽ ഇടതുപക്ഷത്തിൻെറ അടിത്തറ നഷ്ടമായെങ്കിലും കൂച്ച്‌ബീഹാറിലും സംസ്ഥാനത്തും ബിജെപിക്ക് തിരിച്ചടി നൽകാനും പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാനും കഴിഞ്ഞതായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ വെളിവാക്കുന്നത്. ഈ സമ്മേളനം ഇടതുപക്ഷ അനുഭാവികളെ സംബന്ധിച്ച് ഒരു നല്ല ചുവടുവെപ്പാണെന്നും എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ കൂടുതലായി എസ്‌എഫ്‌ഐയിൽ ചേരാനും അതിന്റെ ഭാഗമായി പ്രവർത്തിക്കാനും കൂടുതൽ പ്രചോദനമേകുമെന്നും കരുതുന്നു.
ദീപ്‌ത്യജിത് ദാസ്, ഷുവജിത് സർക്കാർ, ബർനാന മുഖോപാധ്യായ, റിജുരേഖാ ദാസ്‌ഗുപ്‌ത, അങ്കിത് ദേ, അർണബ് ദാസ്, സുബ്രതോ മഹാതോ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അനിരുദ്ധ ചക്രവർത്തി, ദിധിതി റോയ്, ആകാശ് കർ, അനിർബൻ റോയ്‌ചൗധരി, ബേദത്രയീ ഗോസ്വാമി, സൗവിക് ദാസ് ബക്ഷി (ഛത്രസംഗ്രം എഡിറ്റർ), മധുശ്രീ മജുംദാർ എന്നിവരാണ് അസിസ്റ്റന്റ് സെക്രട്ടറിമാർ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം എസ്‌എഫ്‌ഐയിൽ ചേർന്ന 50ലധികം പുതുമുഖങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലുള്ളത്. എസ്‌എഫ്‌ഐയിൽ ചേരുന്നവരുടെ എണ്ണം ഈയടുത്തകാലത്തായി വർധിച്ചത് സംസ്ഥാന കമ്മിറ്റിയിൽ പ്രകടമാണ്.
ഈയടുത്ത വർഷങ്ങളിൽ നിരവധി വിദ്യാർഥികളാണ് എസ്‌എഫ്‌ഐയുടെ ഭാഗമായത്. സംസ്ഥാന ഘടകത്തിലെ അംഗങ്ങളുടെ എണ്ണം 7.50 ലക്ഷത്തിൽന്നും 8 ലക്ഷമായി ഉയർന്നു. എന്നാൽ എസ്‌എഫ്ഐ വിവിധ പരിപാടികളെ ഏറ്റെടുക്കുകയും കാമ്പസുകളിൽ സംഘടനയുടെ ശക്തി വർധിപ്പിക്കുകയും എല്ലാ കാമ്പസുകളിലും കാമ്പസ് ജനാധിപത്യം സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. ഇത്തരമൊരു ദുർഘട സാഹചര്യത്തിലും വിജകരമായി സമ്മേളനം സംഘടിപ്പിച്ചതിന് പുതിയ ഭാരവാഹികൾ എസ്‌എഫ്‌ഐ അഭിനന്ദിച്ചു.
ജനുവരി 24ന് ഉച്ചയ്‌ക്കുശേഷം മാൾഡ ടൗണിൽ സംഘടിപ്പിച്ച പൊതുയോഗത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, സിപിഐ എം നേതാവ് സുജൻ ചക്രവർത്തി തുടങ്ങിയവർ അഭിസംബോധന ചെയ്‌തു. ഫാസിസ്റ്റുകളിൽനിന്ന് (ബിജെപി) ഇന്ത്യയെ കാത്തുരക്ഷിക്കേണ്ട സമയമാണിതെന്നും ഈ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കാനുള്ള ഉത്തരവാദിത്തം വിദ്യാർഥികൾക്ക് ഏറ്റെടുക്കേണ്ടതായി വരുമെന്നും മുഹമ്മദ് സലിം വിദ്യാർഥികളോട് ആഹ്വാനം ചെയ്‌തു.
സംസ്ഥാനത്തൊട്ടാകെ സംഘടന ശക്തിപ്പെടുത്തുമെന്ന പ്രതിജ്ഞയോടെ സമ്മേളനം വിജയകരമായി സമാപിച്ചു. ♦