രാമക്ഷേത്ര ഉദ്‌ഘാടനം ഒരു നൂറ്റാണ്ടായി സംഘപരിവാർ രാജ്യത്ത് നടത്തുന്ന വർഗീയകൃഷിയുടെ രാഷ്‌ട്രീയ വിളവെടുപ്പാണ്. വിളവിന്റെ നെല്ലും പതിരും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിലാണ് വ്യക്തമാവുക. എങ്കിലും മതേതരരാജ്യത്തിന്റെ ഭരണത്തലവൻ ഒരു പ്രത്യേക മതത്തിന്റെ ആരാധനാലയം ഉദ്‌ഘാടനം ചെയ്യുന്നത് ഇന്ത്യൻ മതേതരത്വത്തിന്റെ അടിത്തറ മാന്തുന്നതിന് തുല്യമാണ്.
ഇന്ത്യൻ ഭരണഘടനയിൽ മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്നാണ് രാഷ്‌ട്രത്തെ നിർവചിച്ചിട്ടുള്ളത്. മതേതരത്വത്തിന്റെ അന്തഃസത്ത രാഷ്‌ട്രത്തിന് മതമില്ലെന്നതും ഭരണ നടപടികളിൽ ഒരു മതത്തിന്റെയും സ്വാധീനം നിഴലിക്കരുതെന്നുമാണ്. ഔദ്യോഗികമായി മതമില്ലാത്ത ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസസ്വാതന്ത്ര്യം തികച്ചും വ്യക്തിപരമാണ്. ഭരണഘടനാതത്വവും അതാണ്.
ഹിന്ദുരാഷ്‌ട്രം ലക്ഷ്യമാക്കുന്ന ആർഎസ്‌എസ് 1925ലാണ് നിലവിൽ വന്നത്. തുടർന്നുള്ള രണ്ടു ദശകക്കാലം ദേശീയ സ്വാതന്ത്ര്യസമരം രാജ്യമാകെ തിളച്ചുമറിഞ്ഞ കാലമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്‌എസിന് യാതൊരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. ബ്രിട്ടനോട് സമരംചെയ്‌ത് ജീവിതം തുലയ്‌ക്കരുതെന്നായിരുന്നു രാജ്യത്തെ ഹിന്ദുക്കളോട് ആർഎസ്‌എസ് നേതൃത്വംആഹ്വാനം ചെയ്‌തത്.
നാടിനെ ഒറ്റുകൊടുത്ത പാരമ്പര്യം അറിയാവുന്നതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ ആർഎസ്‌എസിന് കഴിഞ്ഞില്ല. അത് മനസ്സിലാക്കിയാണ് സ്വാതന്ത്ര്യാനന്തരം പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമെന്ന നിലയിൽ ആർഎസ്‌എസ് 1953ൽ ഭാരതീയ ജനസംഘമെന്ന രാഷ്‌ട്രീയകക്ഷി രൂപീകരിച്ചത്. പ്രത്യക്ഷത്തിൽ രാഷ്‌ട്രീയകക്ഷി ആയിരുന്നെങ്കിലും ഹിന്ദുത്വ വർഗീയത പ്രചരിപ്പിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നപ്പിക്കാനുമുള്ള ആർഎസ്‌എസിന്റെ രാഷ്‌ട്രീയ മുഖംമൂടി മാത്രമായിരുന്നു ജനസംഘം. ജനസംഘത്തിനും രാജ്യത്തെ ഹിന്ദുസമൂഹത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് ചരിത്ര വസ്‌തുത.
1980ലാണ് ആർഎസ്‌എസിന്റെ രാഷ്‌ട്രീയകക്ഷിയായി ബിജെപി രൂപീകരിക്കുന്നത്. അടിയന്തരാവസ്ഥയ്‌ക്കുശേഷം അധികാരത്തിൽ വന്ന മൊറാർജി ദേശായി മന്ത്രിസഭയെ നയിച്ചത് ജനതാ പാർടിയാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ എതിർക്കാൻ ജനസംഘമുൾപ്പെടെ പതിനഞ്ചോളം പ്രതിപക്ഷപാർടികൾ ലയിച്ച് ഒറ്റ പാർടിയായതാണ് ജനതാ പാർടി. എന്നാൽ ജനതാ പാർടി അധികാരത്തിലെത്തിയതോടെ പാർടിയിലെ ജനസംഘം വിഭാഗം തങ്ങളുടെ പഴയ വർഗീയസ്വഭാവം പുറത്തു കാട്ടിത്തുടങ്ങി. ഈ പ്രവണത മൂർച്ഛിച്ചാണ് ദ്വയാംഗപ്രശ്‌നം (ഒരേസമയം ജനതാപാർടിയിലും ആർഎസ്‌എസിലും അംഗമായിരിക്കുക) ഉടലെടുത്തത്. അതിന്റെ പരിസമാപ്‌തിയാണ് ബിജെപി രൂപീകരണം. അങ്ങനെ പഴയ ഭാരതീയ ജനസംഘം പേരുമാറ്റി ഭാരതീയ ജനതാ പാർടിയായി.
തുടക്കത്തിൽ ഗാന്ധിയൻ സോഷ്യലിസം, ഏകകക്ഷിഭരണം എന്നിവയായിരുന്നു ബിജെപിയുടെ മുഖ്യ മുദ്രാവാക്യങ്ങൾ. ആർഎസ്‌എസിന്റെ രാഷ്‌ട്രീയ കളിപ്പാവ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ ബിജെപിയുടെ പുതിയ മുദ്രാവാക്യങ്ങൾക്കൊന്നും വിലകൽപിച്ചില്ല. പതുക്കെ പതുക്കെ പുള്ളിപ്പുലിയുടെ പുള്ളി വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബിജെപിയുടെ മുഖ്യ പരിഗണന വർഗീയ ആവശ്യങ്ങളിൽ ഊന്നൽ നൽകിത്തുടങ്ങി. ഫലത്തിൽ ആർഎസ്‌എസിന്റെ ഹിന്ദുത്വ വർഗീയ പ്രത്യയശാസ്‌ത്രം തന്നെയാണ് ബിജെപിയുടെയും പ്രത്യയശാസ്‌ത്രം എന്ന അവസ്ഥയിലെത്തി. ആർഎസ്‌എസിനെപ്പോലെ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുകയെന്നതായി ബിജെപിയുടെ ദൗത്യം.
അത്തരം സാഹചര്യത്തിലാണ് അയോധ്യാ പ്രശ്‌നം സംഘപരിവാറിന് വീണുകിട്ടിയത്. ഇന്ത്യയുടെ മതേതരത്വം തകർക്കുമെന്ന ദീർഘവീക്ഷണത്തോടെ 1949ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടച്ചുപൂട്ടിയതായിരുന്നു ബാബറി മസ്‌ജിദ്. ഹിന്ദു വോട്ടുകൾ ലക്ഷ്യമാക്കി പ്രധാനമന്ത്രി രാജീവ്‌ഗാന്ധി 1986 ഫെബ്രുവരി 1ന് ബാബറി മസ്‌ജിദ് ഹിന്ദുത്വസംഘടനകൾക്ക് ആരാധന നടത്താൻ തുറന്നുകൊടുത്തു.
രാജീവ്‌ഗാന്ധി ഹിന്ദുത്വസംഘടനകൾക്ക് മസ്‌ജിദ് തുറന്നുകൊടുക്കുന്നതിന് മുമ്പും കോൺഗ്രസിലെ ഒരുവിഭാഗം ബാബറി മസ്‌ജിദിനെ ഹിന്ദുവർഗീയതയെ പ്രീണിപ്പിക്കാൻ ആയുധമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളിൽ പ്രമുഖനായിരുന്ന ജി ബി പന്തായിരുന്നു 1949 കാലത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി. ആലപ്പുഴക്കാരൻ കെ കെ നായർ ബാബറി മസ്‌ജിദ് സ്ഥിതിചെയ്യുന്ന അന്നത്തെ ഫൈസാബാദ് ജില്ലയുടെ കലക്ടറും. ജി ബി പന്തിന്റെയും കെ കെ നായരുടെയും പിന്തുണയോടെ 1949 ഡിസംബർ 22ന് പള്ളിക്കകത്ത് വർഗീയവാദികൾ രാമവിഗ്രഹം കൊണ്ടുവെച്ചു. പിന്തുണ നൽകി. ഈ വിവരമറിഞ്ഞയുടനെ വിഗ്രഹമെടുത്ത് സരയൂനദിയിൽ എറിയാൻ നെഹ്‌റു ഉത്തരവിട്ടു. എന്നാൽ ആ നിർദേശം നടപ്പാക്കാതിരിക്കുകയും തുടർന്ന് അവിടെ സംഘർഷാവസ്ഥ നിലനിന്നതിനാൽ പള്ളി എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ പ്രധാനമന്ത്രി നെഹ്‌റു നിർദേശിച്ചു. അത്തരത്തിൽ പൂട്ടിക്കെട്ടിയ പള്ളിയാണ് നെഹ്‌റുവിന്റെ കൊച്ചുമകൻ പ്രധാനമന്ത്രിയായിരിക്കെ വർഗീയവാദികൾക്ക് തുറന്നുകൊടുത്തത്.
രാജീവ്‌ഗാന്ധി സർക്കാർ ഇട്ടുകൊടുത്ത ചൂണ്ടയിൽ കൊത്തിയാണ് പിന്നീട് ഹിന്ദുത്വ വർഗീയശക്തികൾ അഖിലേന്ത്യാതലത്തിൽ സ്വാധീനമുണ്ടാക്കിയത്. ഗംഗാജലപൂജ, ശിലാന്യാസ ഘോഷയാത്ര തുടങ്ങിയ പേരുകളിൽ രാജ്യമാകെ ബിജെപി പ്രചണ്ഡമായ പ്രചരണം നടത്തി. ഹിന്ദുവികാരം ആളിക്കത്തിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ എൽ കെ അദ്വാനി രഥയാത്ര നടത്തി. ഈവിധ സംഘടിത വർഗീയപ്രചാരണങ്ങളുടെയും അക്രമണോത്സുകതയുടെയും മൂർധന്യാവസ്ഥയായിരുന്നു 1992 ഡിസംബർ 6ന് സംഘപരിവാർ ബാബറി മസ്‌ജിദ് തകർത്തത്.
മസ്‌ജിദ് തകർത്തതിലും കോൺഗ്രസിന്റെ വർഗീയ പ്രീണനം പ്രകടമായിരുന്നു. സൈന്യത്തെ ഇറക്കിയിട്ടായാലും ബാബറി മസ്‌ജിദ് സംരക്ഷിക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർടികളും പ്രധാനമന്ത്രി നരസിംഹ റാവുവിനോട് ഏകകണ്‌ഠമായി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, മസ്‌ജിദ് സംരക്ഷിച്ചാൽ രാജ്യത്തെ ഹിന്ദുസമൂഹം കോൺഗ്രസിൽനിന്ന് അകലുമോയെന്ന ആശങ്കയാണ് പ്രധാനമന്ത്രി നരസിംഹ റാവുവിനെ മഥിച്ചത്. അതുകൊണ്ടുതന്നെ കർസേവകർ മസ്‌ജിദ് തകർത്തുകഴിയും വരെ റാവു സർക്കാർ ബോധപൂർവം നിസ്സംഗത പാലിച്ചു. ബാബറി മസ്‌ജിദ് തകർത്തത് ബിജെപിയാണെങ്കിലും അതിന് ഒത്താശ ചെയ്‌തുകൊടുത്തത് കോൺഗ്രസാണ്.
ബാബറി മസ്‌ജിദ് ഇടിച്ച് നിരപ്പാക്കിയതോടെയാണ് ഹിന്ദുത്വ വർഗീയതയ്‌ക്ക് ഇന്ത്യയിൽ അധികാരത്തിലേക്കുള്ള വഴിതുറന്നത്. അതോടുകൂടി പല സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിത്തുടങ്ങി. 1996ലും 1998ലും കേന്ദ്രത്തിൽ എ ബി വാജ്പേയി പ്രധാനമന്ത്രിയായി. തുടക്കത്തിൽ ഏകകക്ഷി ഭരണത്തിനുവേണ്ടി വാദിച്ച ബിജെപി ഇരുപതിലധികം പാർടികളെ കൂട്ടുപിടിച്ച് അധികാരത്തിനായി എൻഡിഎ എന്ന പേരിൽ മുന്നണി രൂപീകരിക്കുന്നതും രാജ്യം കണ്ടു. ഗാന്ധിയൻ സോഷ്യലിസത്തിന്റെ സത്തയായ ദരിദ്രനാരായണൻമാരുടെ ക്ഷേമം മറന്ന് സമ്പന്നവർഗത്തിന്റെ ക്ഷേമം മാത്രം നടപ്പാക്കുന്ന ബിജെപിയുടെ കാപട്യവും ജനങ്ങൾക്ക് ബോധ്യമായി.
ഹിന്ദുത്വ വർഗീയതയുടെ അന്യമതവിദ്വേഷ പ്രചരണവും മതധ്രുവീകരണവും ഒന്നുകൂടി തീവ്രമാക്കുന്നതാണ് ഇപ്പോൾ തുടരുന്ന രാമക്ഷേത്ര ഉദ്‌ഘാടന കോലാഹലങ്ങൾ.
രാജ്യത്തിന്റെ മതേതരത്വത്തെയും നീതിന്യായ വ്യവസ്ഥയെയും കൊഞ്ഞനംകുത്തുന്നതാണ് അയോധ്യയിലെ ക്ഷേത്രം ഉദ്‌ഘാടനം. അയോധ്യാവിധിയിൽ ക്ഷേത്രനിർമാണം രാമക്ഷേത്ര ട്രസ്റ്റിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എന്നാൽ ക്ഷേത്രനിർമാണ ശിലാസ്ഥാപനത്തിൽ മതേതരരാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത് ചടങ്ങിന് ഔദ്യോഗിക പരിവേഷം ചാർത്തിക്കൊടുത്തു. ക്ഷേത്ര ഉദ്‌ഘാടനം പ്രധാനമന്ത്രി നടത്തിയതിലൂടെ ബിജെപി സമൂഹത്തിന് നൽകുന്ന സന്ദേശവും ഹിന്ദുത്വ വർഗീയതയുടേത് മാത്രമാണ്.
രണ്ടാം മോദി സർക്കാരിന്റെ തുടക്കം മുതൽക്ക് ഓരോ ഭരണ നടപടികളും ഹിന്ദുരാഷ്‌ട്ര ചുവടുവെപ്പുകളായിരുന്നു. ചില ഉദാഹരണങ്ങൾ എടുത്തുപറയാം. മുസ്ലീങ്ങൾക്കാണ് ഭൂരിപക്ഷമെന്ന ഒറ്റ കാരണത്താൽ ജമ്മു കാശ്‌മീരെന്ന സംസ്ഥാനത്തെ വെട്ടിമുറിച്ച് അധികാരം കേന്ദ്രത്തിന്റെ കൈപ്പിടിയിലാക്കി. വിവാഹമോചനം നഷ്ടപരിഹാരത്തിൽ ഒതുങ്ങുന്ന സിവിൽ കേസായിരുന്നു ഇന്ത്യയിൽ. എന്നാൽ മുത്തലാഖ് നിയമഭേദഗതിയിലൂടെ വിവാഹമോചനത്തിൽ മുസ്ലീം യുവാക്കൾക്ക് മാത്രം തടവുശിക്ഷ ഉറപ്പാക്കുംവിധം വിവാഹമോചനം ക്രിമിനൽ കേസാക്കി നിയമം കൊണ്ടുവന്നു. മതം മാനദണ്ഡമാക്കുന്ന പൗരത്വനിയമം പാസാക്കി. പാഠ്യപദ്ധതികളിൽനിന്ന് മുഗൾ കാലഘട്ടചരിത്രം ഒഴിവാക്കി പുരാണങ്ങളും ഐതീഹ്യങ്ങളും ആധികാരിക സംഭവങ്ങളെന്ന നിലയിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ശാസ്‌ത്രനേട്ടത്തെ പരിഹസിക്കുംവിധം ചന്ദ്രനിൽ പേടകമിറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റെന്ന പേരിട്ടു. പുതിയ പാർലമെന്റ് മന്ദിര ഉദ്‌ഘാടനം ഹിന്ദുസന്ന്യാസിമാരെ മാത്രം പങ്കെടുപ്പിച്ച് മതചടങ്ങാക്കി മാറ്റി. മെഡിക്കൽ കൗൺസിലിന്റെ ലോഗോയിൽ ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തി.
ഇത്തരത്തിൽ ബിജെപി സർക്കാരിന്റെ എല്ലാ ഭരണനടപടികളും ഹിന്ദുവികാരമുണർത്താൻ ലക്ഷ്യംവെച്ചുള്ളതായിരുന്നു. അതിന്റെ തുടർച്ച തന്നെയാണ് രാമക്ഷേത്ര ഉദ്‌ഘാടനം. അക്ഷരാർഥത്തിൽ സംഘപരിവാർ നടത്തുന്ന വർഗീയ കൃഷിയുടെ വിളവെടുപ്പ്. ♦