Friday, November 22, 2024

ad

Homeലേഖനങ്ങൾസോമനാഥ ക്ഷേത്രവും ഡോ.രാജേന്ദ്രപ്രസാദും

സോമനാഥ ക്ഷേത്രവും ഡോ.രാജേന്ദ്രപ്രസാദും

കെ എ വേണുഗോപാലൻ

വോത്ഥാനവും ഹൈന്ദവ പുനരുജ്ജീവനവാദവും സമാന്തരമായാണ് ഇന്ത്യയിൽ വളർന്നുവന്നത്. അവ പരസ്പരം വെള്ളം കടക്കാത്ത അറകളിലായി വിഭജിക്കപ്പെട്ടിരുന്നുവെന്ന് ഇതിനർത്ഥമില്ല. 1885ൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടപ്പോൾ അതിനകത്തും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. തുടക്കത്തിൽ കോൺഗ്രസിലും മിതവാദ- മതനിരപേക്ഷ നിലപാടുകൾക്കായിരുന്നു സ്വാധീനം. എന്നാൽ ബംഗാൾ വിഭജനത്തോടെ സ്ഥിതിഗതികളിൽ മാറ്റം വന്നു. ദാദാഭായി നവറോജിയും ഗോപാലകൃഷ്ണ ഗോഖലെയും സുരേന്ദ്രനാഥ ബാനർജിയും ഒക്കെ നേതൃത്വം നൽകിയ ഈ ചിന്താഗതിക്കുമേൽ ബാലഗംഗാധര തിലകനും അരവിന്ദഘോഷും ലാലാ ലജ്പത് റായിയുമൊക്കെ നേതൃത്വം കൊടുക്കുന്ന തീവ്രവാദികൾ കോൺഗ്രസിൽ പിടിമുറുക്കി. അക്രമോത്സുക ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്കായി ദേശീയ സങ്കൽപ്പനങ്ങളെയും മിത്തുകളെയുമൊക്കെ അവർ ഉപയോഗപ്പെടുത്തി. മഹാരാഷ്ട്രയിൽ തിലകൻ ഗണപതി ഉത്സവങ്ങളാണ് ഉപയോഗിച്ചതെങ്കിൽ ബംഗാളിൽ ദുർഗാ പൂജയാണ് ജനങ്ങളെ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തുന്നതിനായി പ്രയോജനപ്പെടുത്തിയത്. “ഭാരത മാതാ’ സങ്കൽപ്പനം രൂപംകൊള്ളുന്നത് ഹൈന്ദവ ആശയപ്രപഞ്ചത്തിൽ നിന്നാണ്. എന്നാൽ അത് ഒരിക്കലും ഒരു മതാധിഷ്ഠിത രാഷ്ട്രം എന്ന കാഴ്ചപ്പാടിലേക്ക് വഴുതിവീണിരുന്നില്ല. “ഇന്ത്യൻ രാഷ്ട്രീയത്തിലെ പൊതുവായ ഘടകം ഹിന്ദുമതശക്തിയാണ്’ എന്നുവരെ പറയാൻ തിലകൻ തയ്യാറായിരുന്നു.

സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളാൽ സ്വാധീനിക്കപ്പെട്ട് പൊതുരംഗത്ത് വന്ന അരവിന്ദ ഘോഷും ആത്മീയതയിൽ അധിഷ്ഠിതമായ ഒരു ദേശീയ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടോടെയാണ് പ്രവർത്തിച്ചിരുന്നത്. ലാലാ ലജ്പത്‌റായി ആകട്ടെ ആര്യസമാജം തന്നിൽ ഹിന്ദു സംസ്കാരത്തോട് സ്നേഹം തോന്നിപ്പിച്ചു എന്ന് പരസ്യമായി തന്നെ പറഞ്ഞിരുന്ന ആളാണ്. എന്നാൽ ഇവരൊന്നും തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആവണമെന്ന് ആഗ്രഹിച്ചിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ കടൽവെള്ളത്തിലെ ഉപ്പുപോലെ ചേർന്നു കിടന്നിരുന്ന ഹിന്ദുത്വ ചിന്താഗതി ഉപ്പുപരലുകൾ ആയി രൂപപ്പെടുന്ന പ്രവണതയാണ് പിന്നീട് ദൃശ്യമാകുന്നത്. ഒരു സാംസ്കാരിക സംഘടന എന്ന നിലയിൽ പഞ്ചാബിലാണ് ആദ്യമായി ഹിന്ദുസഭ രൂപംകൊള്ളുന്നത്. 1907-ലായിരുന്നു അത്. ഈ ഹിന്ദുസഭയുടെ നേതൃത്വത്തിലാണ് പിന്നീട് 1915ൽ ഹിന്ദുമഹാസഭയുടെ ആദ്യ സമ്മേളനം ചേരുന്നത്. എഐസിസി പ്രസിഡണ്ടുമാരും കോൺഗ്രസ് നേതാക്കളുമായിരുന്ന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയും ലാലാ ലജ്പത്റായിയുമൊക്കെ ആയിരുന്നു അതിന്റെ നേതാക്കൾ. ഗാന്ധിജി കോൺഗ്രസിൽ വന്നതിനു ശേഷമാണ് ഇതിനൊരു മാറ്റം ഉണ്ടായത്. എല്ലാ മതവിശ്വാസികളെയും കോൺഗ്രസിൽ അണിനിരത്തുന്നതിന് വേണ്ടി ഗാന്ധിജിയുടെ ഭാഗത്തുനിന്ന് ശ്രമം നടന്നു. എന്നാൽ ഗാന്ധിജി മുസ്ലിം പ്രീണനമാണ് നടത്തുന്നത് എന്ന് ഹിന്ദുമഹാസഭ പ്രചരിപ്പിച്ചു. അവർ തമ്മിലുള്ള അകൽച്ച കൂടുതൽ രൂക്ഷമായി. കോൺഗ്രസ്സുകാരാരും ഹിന്ദുമഹാസഭയിൽ അംഗത്വം എടുക്കരുത് എന്ന് കോൺഗ്രസ് തീരുമാനിച്ചു.

എന്നാൽ ഗാന്ധിവധത്തിനു ശേഷം ആർഎസ്എസുകാരെ അപ്പാടെ കോൺഗ്രസിൽ ചേർക്കുന്നതിനുവേണ്ടി സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഒരു ശ്രമം നടന്നു. വിദേശത്തായിരുന്ന ജവഹർലാൽ നെഹ്റു തിരിച്ചുവന്ന് വളരെ ശക്തമായ ഇടപെടൽ നടത്തിയതിന്റെ ഭാഗമായാണ് ആ തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിറകോട്ടുപോയത്. 1947 ആഗസ്റ്റ് 15ന് സ്വതന്ത്രയായ ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തിയിൽ കിടക്കുന്ന നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ ചേരാതിരിക്കാനോ ഉള്ള അവകാശം ഉണ്ടായിരുന്നു. സോമനാഥ ക്ഷേത്രം നിലനിൽക്കുന്ന ജുനഗഡ് രാജാവ് പാക്കിസ്ഥാനിൽ ചേരണം എന്ന് ആഗ്രഹിച്ചിരുന്നയാളാണ്. എന്നാൽ അഭിപ്രായ വോട്ടെടുപ്പിൽ ജനം മറിച്ച് തീരുമാനിച്ചതിനാൽ അദ്ദേഹം പാക്കിസ്ഥാനിലേക്ക് നാടുവിട്ട് ഓടിപ്പോയി. പട്ടാളത്തിന്റെ സഹായത്തോടെയാണ് ജുനഗഡ് ഇന്ത്യയിൽ ചേർക്കപ്പെട്ടത്. ആ കാലത്ത് ആഭ്യന്തരവകുപ്പ് മന്ത്രി ആയിരുന്നത് സർദാർ പട്ടേൽ ആണ്. സോമനാഥ ക്ഷേത്രം പുനർനിർമ്മിക്കും എന്ന വാഗ്ദാനം പട്ടേലാണ് നൽകിയത്. 1947 ഡിസംബറിൽ ഗവൺമെന്റ്‌ ചെലവിൽ സോമനാഥ ക്ഷേത്രം പണിയും എന്നാണ് ക്യാബിനറ്റ് തീരുമാനിച്ചിരുന്നത്. ആ യോഗത്തിൽ സന്നിഹിതനല്ലാതിരുന്ന പ്രധാനമന്ത്രി നെഹ്റുവിനോട് ഇക്കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ക്ഷുഭിതനായി. ആ തീരുമാനം തിരുത്തണമെന്ന് നെഹ്റു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഒരു മതനിരപേക്ഷ രാജ്യത്തിന് അത്തരത്തിൽ ഏതെങ്കിലും ഒരു മതത്തിന്റെ ആരാധനാലയം സ്വന്തം ഖജനാവിൽ നിന്ന് പണമെടുത്ത് നിർമ്മിക്കാൻ സാധ്യമല്ല എന്ന ശക്തമായ നിലപാട് നെഹ്റു സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം തിരുത്തപ്പെട്ടു. ക്ഷേത്രനിർമ്മാണത്തിന് മുൻകൈയെടുത്തത് നെഹ്റുവിന്റെ തന്നെ ക്യാബിനറ്റിൽ അംഗമായ കെ എം മുൻഷിയായിരുന്നു. സ്വകാര്യ വ്യക്തികളിൽനിന്ന് പണം സ്വരൂപിച്ച് ക്ഷേത്രനിർമ്മാണം നടത്തുന്നതിന് അനുമതി നൽകാമോ എന്ന് മുൻഷി നെഹ്റുവിനോട് ആവശ്യപ്പെട്ടു. അതിൽ തനിക്കെതിർപ്പില്ല എന്ന് നെഹ്റു വ്യക്തമാക്കി.

സർദാർ പട്ടേലിന്റെ സഹായത്തോടെ കെ എം മുൻഷി അതിനാവശ്യമായ പണം വൻകിട വ്യവസായികളിൽ നിന്ന് സംഭരിച്ചു. 1951ൽ സോമനാഥ ക്ഷേത്രത്തിന്റെ പണി പൂർത്തീകരിച്ചു. എന്നാൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നടത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ഡോക്ടർ രാജേന്ദ്രപ്രസാദ് ആയിരുന്നു അന്നത്തെ രാഷ്ട്രപതി. അദ്ദേഹത്തിന് പോകാൻ സമ്മതവുമായിരുന്നു. മതപരമായ ഒരു സ്വകാര്യ ചടങ്ങിന് ഭരണകൂടത്തിന്റെ രക്ഷാകർതൃത്വം ഉണ്ട് എന്ന് പരസ്യമായി വ്യക്തമാക്കുന്ന നിലയിൽ രാഷ്ട്രപതി ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് ശരിയല്ല എന്ന് കാബിനറ്റ് തീരുമാനിക്കുകയും അത് രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ തനിക്ക് പോകണം എന്ന കാര്യത്തിൽ രാജേന്ദ്രപ്രസാദ് ഉറച്ചുനിന്നു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതിനാൽ ക്യാബിനെറ്റ് യോഗം അദ്ദേഹത്തോട് വീണ്ടും പോകരുത് എന്ന് ആവശ്യപ്പെട്ടു. അത്തരത്തിൽ ക്യാബിനറ്റ് രണ്ടാമതും ആവശ്യപ്പെട്ടാൽ അത് ലംഘിക്കാൻ ഭരണഘടന രാഷ്ട്രപതിയെ അനുവദിക്കുന്നില്ല. അതുകൊണ്ട് രാഷ്ട്രപതി എന്ന നിലയിൽ അല്ലാതെ വ്യക്തിപരമായി താൻ പങ്കെടുക്കുന്നതിൽ എതിർപ്പുണ്ടോ എന്ന് രാജേന്ദ്രപ്രസാദ് നെഹ്റുവിനോട് ചോദിച്ചു. ഒരു സ്വകാര്യ വ്യക്തി എന്ന നിലയിൽ രാജേന്ദ്രപ്രസാദ് പങ്കെടുക്കുന്നതിൽ തനിക്കെതിർപ്പില്ല എന്ന് നെഹ്റു വ്യക്തമാക്കി. അതിനർത്ഥം പ്രോട്ടോകോൾ അനുസരിച്ചുള്ള യാതൊരു പ്രത്യേക അവകാശങ്ങളും രാഷ്ട്രപതിക്ക് അനുവദിക്കപ്പെടില്ല എന്നു തന്നെയാണ്. കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു സംരക്ഷണവും ഡോക്ടർ രാജേന്ദ്രപ്രസാദിന് ആ ചടങ്ങിൽ പങ്കെടുക്കുന്നതിന് നൽകുകയുണ്ടായില്ല.

ആ സമയത്താണ് ബോംബെയിലെ ആഭ്യന്തരവകുപ്പ് മന്ത്രിയായ മൊറാർജി ദേശായി ഒരു ബദൽ നിർദ്ദേശവുമായി മുന്നോട്ടു വന്നത്. അന്നത്തെ ബോംബെ സംസ്ഥാനത്തിലെ ഫെയേഴ്സ് ആന്റ്‌ മേളാസ് നിയമമനുസരിച്ച് ആഘോഷങ്ങളിൽ ക്രമസമാധാനം ഉറപ്പുവരുത്തുക എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അത് ഉപയോഗപ്പെടുത്തി ഡോക്ടർ രാജേന്ദ്രപ്രസാദിന് വ്യക്തിപരമായി സുരക്ഷ ഒരുക്കുന്നതിന് ബോംബെ സർക്കാർ തയ്യാറായി. ഇതാണ് സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനവും അന്നത്തെ രാഷ്ട്രപതിയുടെ പങ്കാളിത്തവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം. ഡോക്ടർ രാജേന്ദ്രപ്രസാദ് രാഷ്ട്രപതി ആയല്ല മറിച്ച് വ്യക്തി എന്ന നിലയിലാണ് സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.

അതും ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ രാമക്ഷേത്ര ഉദ്ഘാടനത്തിലെ പങ്കാളിത്തവും തമ്മിൽ യാതൊരു ബന്ധവുമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 2 =

Most Popular