Thursday, May 9, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെ ചരിത്രം-2

സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെ ചരിത്രം-2

കെ എസ്‌ രഞ്‌ജിത്ത്‌

സോവിയറ്റ് യൂണിയൻ ശിഥിലമാകുന്നതും ഏഴു പതിറ്റാണ്ടിലേറെ നീണ്ട അവിടത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് തിരശീല വീഴുന്നതും 1991ലാണ്. 1917ലെ ഒക്ടോബർ വിപ്ലവം പോലെതന്നെ ആധുനിക ലോകചരിത്രത്തിലെ ഏറ്റവും നിർണായക രാഷ്ട്രീയ പരിണാമങ്ങളിലൊന്നായിരുന്നു ഇതും. അതീവ ദുഷ്കരമായ ഘട്ടങ്ങൾ പലതും പിന്നിട്ട് പുതിയൊരു സാമ്പത്തിക രാഷ്ട്രീയക്രമം ലോകത്തിനു പരിചയപ്പെടുത്തി, മഹാമേരുപോലെ നിലനിന്നിരുന്ന ഒരു രാഷ്ട്രം ക്ഷണികനേരത്തിനുള്ളിലാണ് ഇല്ലാതായത് .അചഞ്ചലം എന്ന പോലെ നിലകൊണ്ടിരുന്ന ഒരു ദേശരാഷ്ട്രം ഇങ്ങിനെ പരിണമിച്ചതിന്റെ ആഭ്യന്തരവും ബാഹ്യവുമായ രാഷ്ട്രീയ സാമ്പത്തിക കാരണങ്ങൾ ഏറെ ചർച്ചയ്ക്ക് വിധേയമായതാണ്. ആ വിഷയം ഈയൊരു ചെറിയ കുറിപ്പിന്റെ പരിധിയ്ക്കു പുറത്താണ്.

യുദ്ധാന്തരകാലയളവിലുള്ള, കുറച്ചുകൂടി മൂർത്തമായി പറയുകയാണെങ്കിൽ അറുപതുകൾക്കുശേഷമുള്ള , സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെ പരിണാമങ്ങളുമായും ഇത് ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണാവുന്നതാണ്.

ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനായ ഫിലിപ്പ് ഹാൻസൺ ഇപ്രകാരം പറയുന്നു. “1970കളിൽ പോലും സോവിയറ്റ് യൂണിയൻ തകർച്ചയിലേക്കാണ് എന്നതിന്റെ സൂചനകളൊന്നുമില്ലായിരുന്നു. എഴുപതുകളുടെ ആദ്യം പോലും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെക്കാൾ വേഗതയിലാണ് സോവിയറ്റ് സമ്പദ്‌വ്യവസ്ഥ വളർന്നിരുന്നത്. പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകളെ മറികടക്കുകയെന്ന രണ്ടാം ലോകമഹായുദ്ധാനന്തരകാലത്തെ സോവിയറ്റ് ലക്ഷ്യം ഒരു രീതിയിലും അസംബന്ധമായ ചിന്താഗതിയായിരുന്നില്ല. രണ്ടാം ലോകയുദ്ധത്തിൽ ഏറ്റവും വലിയ നാശം നേരിട്ടിട്ടും അതിനു ശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ എല്ലാ സാമ്പത്തിക പ്രതിസന്ധികളിൽനിന്നും കര കയറാനും പല മേഖലകളിലും അമേരിക്കയെ മറികടക്കാനും സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നു’’. ഇതെഴുതിയ ഫിലിപ് ഹാൻസൺ ഒരു കമ്മ്യൂണിസ്റ്റ് അനുകൂലിയായിരുന്നില്ല എന്ന് കൂടി ഓർക്കേണ്ടതുണ്ട്. മുതലാളിത്ത രാഷ്ട്രങ്ങൾ വലിയ സാമ്പത്തിക കുതിപ്പ് നടത്തിയ കാലഘട്ടം കൂടിയായിരുന്നു ഇത്. പാശ്ചാത്യരാഷ്ട്രങ്ങളുടെ സുവർണ കാലമായിരുന്നു രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏതാനും പതിറ്റാണ്ടുകൾ.

1970കളുടെ മധ്യംവരെ സോവിയറ്റ് യൂണിയനിലെ വ്യവസായിക വളർച്ച അമേരിക്കയുടെ മൂന്നിരട്ടിയായിരുന്നു. 1928 മുതൽ 1970 വരെയുള്ള കാലയളവിൽ ജപ്പാനെ മാറ്റിനിർത്തിയാൽ ഏറ്റവും വേഗതയിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ സോവിയറ്റ് യൂണിയന്റേതായിരുന്നു. മഹാമാന്ദ്യത്തിന്റെ നാളുകളിൽ പോലും ഇടമുറിയാതെ, അതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തനതു സ്വഭാവമായ ചാക്രികകുഴപ്പങ്ങളൊന്നും ബാധിക്കാതെയായിരുന്നു ഈ വളർച്ച. അതും സാമാന്യജനങ്ങകളുടെ ജീവിതനിലവാരത്തെ ഗണ്യമായി ഉയർത്തിക്കൊണ്ട്. 1960ൽ റഷ്യയിലെ രണ്ടു വീട്ടിൽ ഒന്നിൽ റേഡിയോ സ്വന്തമായുണ്ടായിരുന്നു. 25 വീടുകളിൽ ഒന്നിലെങ്കിലും റെഫ്രിജറേറ്റർ ഉണ്ടായിരുന്നു. 1985ൽ ഇത് എല്ലാ വീടുകളിലും ഉണ്ട് എന്ന സ്ഥിതിയായി (കൊട്സ്& വെയർ). എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും ഒരേപോലെയുള്ള വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങൾ, ഇതായിരുന്നു രാഷ്ട്രം ശിഥിലമാകുന്നതിനു തൊട്ടുമുൻപുള്ള വർഷങ്ങളിലെ സ്ഥിതി.

മുൻലക്കത്തിൽ സൂചിപ്പിച്ചതുപോലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ കിടന്ന ഒരു യൂറോപ്യൻ രാജ്യമാണ് ഇങ്ങിനെ മാറിത്തീർന്നത്. 1913ൽ റഷ്യയിലെ പ്രതിശീർഷ വരുമാനം 102 റൂബിളായിരുന്നു, ഇംഗ്ലണ്ടിൽ അത് 463 റൂബിളും, ഫ്രാൻസിൽ 355 റൂബിളും ജർമനിയിൽ 292 റൂബിളുമായിരുന്നു. യൂറോപ്പിൽ ഉണ്ടായ വ്യാവസായിക വിപ്ലവങ്ങളുടെ സ്പർശമേക്കാത്ത റഷ്യയിൽ വ്യാവസായിക മേഖലയിൽ പണിയെടുക്കുന്നവർ 2 ശതമാനം മാത്രമായിരുന്നു. വിപ്ലവാനന്തര റഷ്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും അതായിരുന്നു. ഉല്പാദനശക്തികൾ ഏറ്റവും അവികസിതമായ ഒരു രാജ്യത്തെ എത്രയും പെട്ടെന്ന് ആധുനിക ഉല്പാദന സമ്പദ്വ്യവസ്ഥയാക്കി മാറ്റുക .അതും അങ്ങേയറ്റം ശത്രുതാപരമായ നിലപടെടുക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളുടെ നടുവിൽ ഒറ്റയ്ക്ക് നിന്ന് പൊരുതിക്കൊണ്ട്.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഏറ്റവും വിമർശനത്തിനിരയായ ഒന്നാണ് സോവിയറ്റ് കേന്ദ്രീകൃതാസൂത്രണം. കമ്പോളത്തിന്റെ അദൃശ്യകരങ്ങൾ ഉല്പാദനപ്രക്രിയയെ നിർണയിക്കുന്ന മുതലാളിത്ത സമ്പ്രദായത്തിന് പകരം ഭരണകൂടം ആസൂത്രണം ചെയ്യുന്നതിനനുസരിച്ച് സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന ഒന്നായിരുന്നു കേന്ദ്രീകൃത ആസൂത്രണ വ്യവസ്ഥ. ഇത് സാമ്പത്തിക പ്രക്രിയയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ഒന്നല്ലെന്നും അതിനാൽ അത്തരമൊരു സമ്പ്രദായത്തിന് വിജയകരമായി മുന്നോട്ടുപോകാനാവില്ലെന്നും ബൂർഷ്വാ അർത്ഥശാസ്ത്ര ലോകം ആവർത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച സാമ്പത്തിക നേട്ടങ്ങൾ മുഴുവൻ ഈ കേന്ദ്രീകൃത ആസൂത്രണത്തിൻ കീഴിൽ നിന്നുകൊണ്ടായിരുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഏറെ പിന്നോക്കം കിടന്നിരുന്ന ഒരു കാർഷിക സമൂഹത്തെ ഉയർത്തിയെടുക്കുന്നതിൽ ആദ്യ ദശകങ്ങളിൽ കേന്ദ്രീകൃത ആസൂത്രണ വ്യവസ്ഥ പൂർണമായും വിജയിച്ചിരുന്നു. 1928ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതികൾ തുടർച്ചയായി പ്രതീക്ഷിച്ചതിലും നേരത്തെ ലക്ഷ്യം പൂർത്തീകരിച്ചിരുന്നു. വ്യാവസായിക സമൂഹമായി പരിണമിക്കാനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ജനങ്ങളുടെ പൊതുവായ ഉപഭോഗാവശ്യങ്ങൾ നിറവേറ്റുന്നതിലും സോവിയറ്റ് കേന്ദ്രീകൃതാസൂത്രണം വിജയം വരിച്ചിരുന്നു. 70കളുടെ മധ്യത്തോടെയാണ് ഇത് താളം തെറ്റിത്തുടങ്ങുന്നത്.

1950കളിലും 1960കളിലും സോവിയറ്റ് സമ്പദ്‌വ്യവസ്ഥ ആരോഗ്യത്തോടെ മുന്നോട്ടുപോയിരുന്നു. എന്നാൽ ഈ അവസ്ഥ 70കളുടെ മധ്യത്തോടെ അവസാനിച്ചു. 1944ൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ 20 ശതമാനമായിരുന്ന സോവിയറ്റ് സമ്പദ്‌വ്യവസ്ഥ 1970ൽ 44 ശതമാനമായി വളർന്നിരുന്നു. എന്നാൽ 1989ൽ ഇത് 36 ശതമാനമായി ചുരുങ്ങി. 1976നും 1985നുമിടയിലുള്ള ദശകത്തിൽ ദേശീയോൽപാദനത്തിന്റെയും വ്യവസായികോല്പാദനത്തിന്റെയും വളർച്ചാനിരക്കുകൾ കുറഞ്ഞു. 1976‐-80ലെയും 1981‐85ലെയും പഞ്ചവത്സരപദ്ധതികൾ ലക്ഷ്യം പൂർത്തിയാക്കിയില്ല. 1970കൾക്ക് ശേഷം സോവിയറ്റ് സാമ്പത്തിക വ്യവസ്ഥയിലുണ്ടായ മുരടിപ്പിന്റെ കാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യേണ്ട ഒന്നാണ്.

ജൈവ ഇന്ധനങ്ങളുടെ സമൃദ്ധി ആദ്യഘട്ടത്തിൽ സോവിയറ്റ് വ്യവസായവൽക്കരണത്തെ നിർണായകമായി സഹായിച്ച ഒരു ഘടകമായിരുന്നു. ജൈവ ഇന്ധനങ്ങളുടെ കയറ്റുമതിയിൽ നിന്നും ലഭിച്ചിരുന്ന പണമാണ് മറ്റു അവശ്യ വസ്തുക്കൾ പലതും ഇറക്കുമതി ചെയ്യാൻ സോവിയറ്റ് യൂണിയനെ ആദ്യഘട്ടത്തിൽ സഹായിച്ചിരുന്നത്. എന്നാൽ 1970കളോടെ എണ്ണപ്പാടങ്ങളിലെ ഉല്പാദനക്ഷമത ഇടിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഹാൻസൺ ഇപ്രകാരം എഴുതുന്നു. ‘‘യൂറോപ്പിനോട് ചേർന്ന് കിടക്കുന്ന സോവിയറ്റ് പ്രദേശങ്ങളിലെ എണ്ണ, പ്രകൃതിവാതകം, ഖനിജ വിഭവങ്ങൾ എന്നിവ യിലുണ്ടായ കുറവ് നികത്താൻ പുതിയ ജൈവ ഇന്ധന കേന്ദ്രങ്ങൾ കണ്ടെത്തേണ്ടിയിരുന്നു. പടിഞ്ഞാറൻ സൈബീരിയയോട് ചേർന്ന് കിടക്കുന്ന ഖനികൾ ഉപയോഗിക്കുന്നതിന് വലിയതോതിലുള്ള പശ്ചാത്തല വികസനം ആവശ്യമായിരുന്നു.” അതേസമയം 1970കളുടെ മധ്യത്തോടെ സോവിയറ്റ് റെയിൽ സിസ്റ്റവും പ്രതിസന്ധിയിലായി. തിരക്ക് ക്രമാതീതമായി വർദ്ധിച്ചും യാത്രാ വേഗത ഗണ്യമായി കുറഞ്ഞും സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിനെ തടയുന്ന നിലയിലേക്ക് റെയിൽ ഗതാഗതം മാറിയിരുന്നു.

ഗതാഗത സൗകര്യങ്ങളുടെ കുറവ് മൂലം വ്യവസായവൽക്കരണത്തിന്റെ ആദ്യനാളുകളിൽ വ്യാവസായികോല്പാദനം നടന്നിരുന്നത് വളരെ കേന്ദ്രീകൃതമായിട്ടായിരുന്നു. അസംസ്കൃതവസ്തുക്കൾ ലഭ്യമായ കേന്ദ്രങ്ങളോട് ചേർന്നുള്ള ഇൻഡസ്ട്രിയൽ കോംപ്ളെക്സുകളിലാണ് വിവിധ ഉല്പന്നങ്ങളുടെ നിർമ്മാണം നടന്നിരുന്നത്. ദ്രുതഗതിയിലുള്ള വ്യാവസായികോല്പാദനത്തിന് 20കളിലും 30കളിലും ഇത് മാത്രമായിരുന്നു പോംവഴി. സവിശേഷമായ ഉല്പന്നങ്ങൾ അതിനനുയോജ്യമായ സാങ്കേതികവിദ്യകളുപയോഗിച്ച് നിർമിക്കുന്ന രീതി ഇതിനാൽ വേണ്ടവിധം വികസിതമായില്ല. ആദ്യഘട്ടത്തിലെ വ്യാവസായികോല്പാദനം അധികവും നടത്തിയിരുന്നത് അവിദഗ്ധ തൊഴിലാളികളായിരുന്നു. റഷ്യയിലെ അന്നത്തെ സാഹചര്യങ്ങളിൽ അത് മാത്രമായിരുന്നു പോംവഴി. യാതൊരുവിധത്തിലുള്ള സാങ്കേതികവൈദഗ്ധ്യവുമില്ലാത്ത 11 ദശലക്ഷം കർഷകരാണ് ഒന്നാം പഞ്ചവത്സരപദ്ധതിയിൽ പങ്കാളികളായി വ്യവസായിക ഉല്പാദനം നടത്തിയത്. ഒട്ടും തന്നെ മൂലധനപ്രധാനമല്ലാത്ത (non capital-intensive), അധ്വാനശക്തിയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള (labour intensive) ഉല്പാദന രീതിയായിരുന്നു അത്. ആദ്യകാലത്ത് നിർണായകമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ ഈ രീതിയിലുള്ള ഉല്പാദനകേന്ദ്രങ്ങൾക്ക് സോവിയറ്റ് യൂണിയന്റെ രണ്ടാംപകുതി ആവശ്യപ്പെട്ട സാങ്കേതിക വളർച്ചയിലൂന്നിയുള്ള ഉല്പാദന രീതികളിലേക്ക് പരിണമിക്കാൻ സാധിക്കാതെ പോയി. ഉല്പാദന പ്രവർത്തനങ്ങളിലെ അമിതമായ കേന്ദ്രീകരണം സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകതയെയും വളർച്ചയെയും ഗുരുതരമായി മന്ദീഭവിപ്പിച്ചു.

70കളോടെ ഈ പ്രതിസന്ധി സോവിയറ്റ് നേതൃത്വത്തിനും ബോധ്യമായിത്തുടങ്ങിയിരുന്നു. 1982ൽ സി പി എസ് യു ജനറൽ സെക്രട്ടറി ആയിരുന്ന യൂറി ആൻഡ്രോപോവ് 1970 ൽ തന്നെ ഇങ്ങനെ എഴുതിയിരുന്നു. ‘‘നമ്മൾ ഇപ്പോൾ തുടർന്നു പോരുന്ന ‘വിപുലീകൃതമായ സാമ്പത്തിക വളർച്ചാ രീതി’ യ്ക്ക് (Extensive economic growth – Extensive growth in its pure form is based on quantitative increases in labour, capital and land, whereas intensive growth is derived from gains in overall productivity) ഗണ്യമാംവിധം ശേഷി കുറഞ്ഞിരിക്കുന്നു. ഉയർന്ന വളർച്ചാനിരക്കുകൾ കൈവരിക്കാനും സോവിയറ്റ് ജനതയുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റാനും സാമൂഹികോല്പാദനം വർധിപ്പിക്കേണ്ടതുണ്ട്’. ഉല്പാദനക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും ഇക്കാര്യത്തിൽ മുന്നേറ്റമുണ്ടാക്കാൻ സോവിയറ്റ് യൂണിയന് കഴിഞ്ഞില്ല. 1975നും 1991നുമിടയിൽ വ്യാവസായിക ഉത്പാദനക്ഷമത 50 ശതമാനം ഇടിഞ്ഞു.

50കൾക്ക് ശേഷമുണ്ടായ സങ്കീർണമായ ഉല്പാദന ആവശ്യകതകളെ നേരിടാൻ 20കളിൽ രൂപം കൊടുത്ത ഉല്പാദന സമ്പ്രദായങ്ങളിൽ കാര്യമായ അഴിച്ചുപണികൾ ആവശ്യമായിരുന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിൽ അൻപതുകൾക്ക് ശേഷമുണ്ടായ അഭിവൃദ്ധി ജനജീവിതത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഉയർന്ന ജീവിതസൗകര്യങ്ങളും ഉപഭോഗവസ്തുക്കളും മധ്യവർഗത്തിന് ലഭ്യമായിരുന്നു .അതിനോട് കിടപിടിക്കുന്ന ഉത്പന്നങ്ങളോ ജീവിത നിലവാരമോ സോവിയറ്റ് യൂണിയനിലെ മധ്യവർഗത്തിനും പ്രൊഫഷണലുകൾക്കും ലഭിക്കാത്ത സ്ഥിതിയും ക്രമേണ ജനകീയ അസംതൃപ്തിക്ക് വഴി തെളിച്ചു. വളരെ കേന്ദ്രീകൃതമായ ആസൂത്രണത്തിലൂടെ മാത്രം നിറവേറ്റാൻ പറ്റാത്ത സങ്കീർണതകൾ ഉയർന്നു വന്നു. 1930ൽ 300 വ്യവസായസ്ഥാപനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ 1953ൽ ഇത് 2 ലക്ഷമായി അത്‌ വളർന്നിരുന്നു. ശാസ്ത്ര സാങ്കേതികവളർച്ചകൾ ഉല്പാദന സമ്പ്രദായങ്ങളിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ അത് ഉൾക്കൊള്ളണമെങ്കിൽ ഏറ്റവും മുകളിൽ നിന്ന് മാത്രം നിർദേശങ്ങൾ സ്വീകരിക്കുന്ന ഉല്പാദന വ്യവസ്ഥയിൽ മാറ്റങ്ങൾ വേണ്ടിയിരുന്നു .ലോകമാകെ അറിയപ്പെടുന്ന ശാസ്ത്ര പ്രതിഭകൾക്ക് സോവിയറ്റ് യൂണിയൻ ജന്മം നല്കിയെങ്കിലും ഉല്പാദനരംഗത്ത് സാങ്കേതികമായ നവീകരണങ്ങൾ കൊണ്ടുവരാൻ, പ്രത്യേകിച്ച് ഐ സി ടി (Information communication technology) യുടെ വിന്യാസം ഉല്പാദന മേഖലയിൽ കൊണ്ടുവരാൻ സോവിയറ്റ് യൂണിയന് സാധിക്കാതെ പോയി.

സോവിയറ്റ് സാമ്പത്തികവളർച്ചയെക്കുറിച്ച് റാൻഡ് ഫൗണ്ടേഷൻ നടത്തിയ പഠനങ്ങളിലൊന്ന് പുസ്തകരൂപത്തിലുണ്ട്, ഗുർ ഓഫർ എഴുതിയ സോവിയറ്റ് സാമ്പത്തിക വളർച്ച (1928‐-1985 ). 1988 മെയിലാണ് ഈ ഗ്രന്ഥം പുറത്തിറങ്ങുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിപ്രതിപത്തി പ്രകടിപ്പിച്ചുകൊണ്ട് തന്നെ, അതേസമയം വസ്തുതകളെ മാത്രം ആധാരമാക്കി തയാറാക്കിയതാണ് ഈ പഠനം. സോവിയറ്റ് സമ്പദ്‌വ്യവസ്ഥ 1975നു ശേഷം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി വിശദമായി വിശകലനം ചെയ്യുന്ന ഗുർ ഓഫറിന്റെ പുസ്തകത്തിലെ അവസാന അധ്യായം വിശകലനം ചെയ്യുന്നത് സോവിയറ്റ് സമ്പദ്‌വ്യവസ്ഥക്ക് ഈ പ്രതിസന്ധി എങ്ങിനെ അതിജീവിക്കാനാവും എന്നതാണ്. നിലവിലുള്ള ഉല്പാദന സമ്പ്രദായം നിലനിർത്തിക്കൊണ്ട് ഈ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാൻ കഴിയുമോ, എന്തൊക്കെ മാറ്റങ്ങളാണ് ഇതിൽ വരുത്തേണ്ടത് എന്നിവ സാമ്പ്രദായിക മുതലാളിത്ത കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചർച്ച ചെയുമ്പോൾ പോലും സോവിയറ്റ് സമ്പദ്‌വ്യവസ്ഥ പാടെ നിലംപതിക്കുമെന്നും അത് ആ രാഷ്ട്രത്തെത്തന്നെ ഇല്ലാതാക്കുമെന്നുമുള്ള ഒരു തരത്തിലുമുള്ള നിരീക്ഷണവും ഗുർ ഓഫർ മുന്നോട്ടു വയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. 1980‐2000 കാലയളവിലെ പ്രതീക്ഷിത വളർച്ചാനിരക്ക് 3.3 ശതമാനത്തിനും 2.3 ശതമാനത്തിനുമിടയിലാകാമെന്നാണ് ഇതിൽ നിരീക്ഷിക്കപെടുന്നത്. പ്രതിരോധചിലവിൽ ഗണ്യമായ വെട്ടിക്കുറയ്ക്കൽ നടത്തിയാൽ ഒരു ശതമാനം വളർച്ചാനിരക്ക് കൂട്ടാൻ സാധ്യതായുണ്ടെന്നും ഇവിടെ വിലയിരുത്തുന്നു. സോവിയറ്റ് ഉല്പാദന സമ്പ്രദായത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന നിർദേശവും ഇതിൽ മുന്നോട്ടു വെയ്ക്കുന്നു. ഇതിൽ നിന്നും വ്യക്തമായ ഒരു നിഗമനത്തിൽ നമുക്ക് ചെന്നെത്താനാവും. മറ്റു പല രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ കരകയറാനാവാത്ത ഒരു പ്രതിസന്ധിയിലായിരുന്നില്ല 1985ലെ സോവിയറ്റ് സമ്പദ്‌വ്യവസ്ഥ. 1970കളിലെ ഇന്ത്യൻ വളർച്ചാനിരക്ക് കേവലം 2.9 ശതമാനമായിരുന്നു എന്നോർക്കുക. അതേസമയം മാറിയ കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ ഉല്പാദന രീതികളിൽ കൊണ്ട് വരേണ്ടിയിരുന്നു . അത് പക്ഷെ ഗോർബച്ചേവ് ഭരണകൂടം ചെയ്തതുപോലെ (ക്രൂഷ്ചേവ് നടത്തിയ വിമര്ശങ്ങളെയും ഇതിനൊപ്പം ചേർക്കാം) ഭൂതകാലത്തെ നേട്ടങ്ങളെ പാടെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നില്ല ചെയ്യേണ്ടത്.

വിപ്ലാവനന്തര റഷ്യ അകപ്പെട്ട പ്രതിസന്ധി തരണം ചെയ്യാൻ ലെനിൻ ആവിഷ്കരിച്ച് നടപ്പിലാക്കിയ പുതിയ സാമ്പത്തിക നയങ്ങൾക്ക് സമാനമായ ഒന്ന് ആവിഷ്‌കരിക്കാൻ റഷ്യൻ നേതൃത്വത്തിന് കഴിയാതെ പോയി. സാമ്പത്തിക പ്രതിസന്ധികളെ മുറിച്ചു കടക്കാൻ പര്യാപ്തമായ നയങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ കഴിയാതെ വന്ന സന്ദർഭത്തിൽ ഉപരിഘടനയിലെ മാറ്റങ്ങൾ കൊണ്ട് അതിനെ മറികടക്കാൻ ശ്രമിച്ചത് രാജ്യത്തിന്റെ തന്നെ ശിഥിലീകരണത്തിലേക്ക് വഴിതെളിച്ചു. നദി മുറിച്ചു കടക്കുന്നത് ഓരോ കല്ലിലും സൂക്ഷിച്ചു ചവിട്ടി അതിനെ മനസിലാക്കി വേണമെന്ന ചൈനീസ് പഴമൊഴി പിൽക്കാല റഷ്യൻ ഭരണാധികാരികൾ മറന്നു. അതിനു കൊടുക്കേണ്ടിവന്ന വില കനത്തതായിരുന്നു. സോവിയറ്റ് യൂണിയനിലെ ജനങ്ങൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന ഒന്നായി അത് പരിണമിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + eight =

Most Popular