കണ്ണൂരിലെ സിപിഐ എമ്മിന്റെ അപ്രമാദിത്തമാണ് അവിടെ ആർഎസ്എസിനെ പ്രകോപിപ്പിക്കുന്നതെന്ന് നിരന്തരം അച്ചുനിരത്തുന്നവർ കാണേണ്ടത്, കണ്ണൂരിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും അസമാധാനത്തിന്റെ വിത്തുപാകുന്നവർ രാഷ്ട്രീയ സ്വയംസേവക സംഘമാണെന്ന വസ്തുതയാണ്. തങ്ങളുടെ വർഗീയ അജൻഡയ്ക്ക് തടസ്സം നിൽക്കുന്നവരെ എവിടെയും എക്കാലത്തും ഉന്മൂലനം ചെയ്യലാണ് അവരുടെ മുഖ്യ പരിപാടി. അല്ലെങ്കിൽ മുപ്പത് വർഷങ്ങൾക്കുമുൻപ് സിപിഐ എം അത്രയൊന്നും ശക്തമല്ലാത്ത വളാഞ്ചേരിയിൽ കാവുംപുറത്ത്, ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നിരപരാധിയായ ഒരു ചെറുപ്പക്കാരനെ, കോട്ടീരി നാരായണനെ അവർ അരുംകൊല ചെയ്യില്ലായിരുന്നല്ലോ. 1988 മെയ് മാസം ആറാം തീയതി വെള്ളിയാഴ്ച വൈകിട്ട് കാവുംപുറം അങ്ങാടിയിൽവെച്ച് പത്തുപതിമൂന്നോളംവരുന്ന ആർഎസ്എസ് നരാധമന്മാർ വളഞ്ഞിട്ട് ചുരികകൾ കൊണ്ട് നിഷ്ക്കരുണം കുത്തി വീഴ്ത്തുന്നതുവരെ താനാർക്കും ഒരു ദ്രോഹവും ചെയ്യാത്തവനാണ്, അതുകൊണ്ടുതന്നെ തന്നെ ആരും ഉപദ്രവിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സഖാവ്. മുപ്പത് കൊല്ലം മുമ്പത്തെ സംഭവങ്ങൾ കണ്ണീരോടെ കണ്ഠമിടറി ഓർത്തെടുക്കുമ്പോൾ സഖാവിന്റെ സഹധർമ്മിണി നന്ദിനി, സഖാവിന്റെ ആ വിശ്വാസം തന്നോടെപ്പോഴും പറയാറുണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ കണ്ണിൽ ചോരയില്ലാത്ത ആർഎസ്എസ് വേട്ടക്കാർക്ക് കഴുകനെന്നോ കപോലമെന്നോ ഭേദമില്ലല്ലോ.
ഇരകളെ നിഷ്കരുണം, ഭീതിയുളവാക്കുന്ന വിധത്തിൽ വെട്ടിയരിയുക, അങ്ങനെ ഭയത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുക എന്നത് സംഘപരിവാരത്തിന്റെ ഒരു രീതിയാണ്. ആശയങ്ങൾ നിരത്തി നേരിടാനാവാത്തതിനാൽ ആയുധത്തെ ആശ്രയിക്കേണ്ടി വരുന്നത് സംഘപരിവാരത്തിന്റെ ശക്തിയല്ല, ദൗർബല്യമാണ് വ്യക്തമാക്കുന്നത്. മതത്തെ ദുരുപയോഗംചെയ്ത് അന്യമതവിദ്വേഷം വളർത്തുന്നത് അവരുടെ ജന്മവാസനയാണ്. അതിനെ എതിർക്കുന്നവരെ അവർ ആക്രമിക്കും. കാവുംപുറത്തും സംഭവിച്ചത് അതുതന്നെയായിരുന്നു.
ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കി, ആയുധ പരിശീലനമുൾപ്പെടെയുള്ള കായികാഭ്യാസത്തിന്റെ വേദിയാക്കൽ ആർഎസ്എസിന്റെ ഒരു പ്രധാന പരിപാടിയാണ്. വളാഞ്ചേരിയിലും പ്രശ്നങ്ങൾക്ക് ഉറവിടമായത് ഇക്കാര്യം തന്നെയാണ്. ആദ്യം തൊഴുവാന്നൂർ ഭഗവതി ക്ഷേത്രപരിസരത്താണ് പരിശീലനം തുടങ്ങിയത്. അതിനെ ഹിന്ദുക്കൾതന്നെ എതിർത്തു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇപ്പുറത്ത് ഫുട്ബോൾ കളി തുടങ്ങിയപ്പോൾ ക്ഷേത്രകമ്മിറ്റി ഇടപെട്ട് രണ്ടും വേണ്ട എന്ന തീരുമാനത്തിലെത്തി. തുടർന്നാണ് കാവുംപുറത്തിനടുത്തുള്ള വള്ളിക്കാവ് ക്ഷേത്രപരിസരത്ത് ശാഖാ പരിശീലനം ആരംഭിച്ചത്. വഴിനടക്കുന്ന അയൽപക്കങ്ങളിലെ പെൺകുട്ടികളെ ശല്യപ്പെടുത്താനും തുടങ്ങിയപ്പോൾ നാട്ടുകാർ ചേർന്ന് പൊലീസിൽ പരാതി കൊടുത്തു. പരാതികൊടുത്ത ഒരു നാട്ടുകാരനെ ആർഎസ്എസുകാർ വളഞ്ഞപ്പോൾ കോട്ടീരി നാരായണനും സി പിഐ എം ബ്രാഞ്ച് മെമ്പറായിരുന്ന സദാനന്ദനും ഇടപെടുകയും സദാനന്ദനെ ആർഎസ്എസുകാർ മർദ്ദിക്കുകയും ചെയ്തു. ഇതിനെതിരെ പൊലീസിൽ പരാതി കൊടുത്ത് തിരിച്ചുവരുംവഴി ചായ കുടിക്കാൻ കയറിയ സഖാക്കളെ കാവുംപുറത്ത് വെച്ച് ആർഎസ്എസിന്റെ സ്ഥലത്തെ പ്രധാന പ്രവർത്തകൻ ആയു ധവുമായി നേരിട്ടു. സംഘർഷത്തിനിടെ ഇയാൾ ചുറ്റികകൊണ്ടു നടത്തിയ പ്രയോഗത്തിൽ സഖാക്കൾ മുരളിക്ക് പിൻഭാഗത്തും മോഹനന് കൈക്കും കുത്തേറ്റു. കുത്തിയശേഷം ഓടുന്നതിനിടയിൽ ഒരു കല്ലുവെട്ടുകുഴിയിൽ ചെന്നുവീണ് ആർഎസ്എസ് നേതാവിനും പരിക്കേറ്റു. സഖാക്കളുടെ പരിക്കു ഗുരുതരമായിരുന്നതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ഇന്നും സഖാവ് മോഹനന് കുത്തേറ്റ കയ്യുയർത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ സംഭവങ്ങൾക്ക് ശേഷം പലപ്പോഴായി ആർഎസ്എസിന്റെ പല നേതാക്കളും കാവുമ്പുറത്തെ പ്രാദേശിക നേതാവിന്റെ വീട്ടിൽ തമ്പടിച്ച് ഗൂഢാലോചന നടത്തുന്നുണ്ടായിരുന്നു. കോട്ടീരി നാരായണൻ കൊല്ലപ്പെട്ട 1988 മെയ് മാസം 6‐-ാം തീയതിക്ക് മുമ്പുള്ള ദിവസങ്ങളിൽ കണ്ണൂരിൽനിന്നുള്ള ഒരു പ്രമുഖ ആർഎസ്എസ് നേതാവ് അവിടെ കറങ്ങിയിരുന്നതായി കാവുംപുറത്തെ സഖാക്കൾ ഓർക്കുന്നുണ്ട്.
സംഭവദിവസം വൈകിട്ട് തന്റെ കരിങ്കൽപണി കഴിഞ്ഞ് സാധനങ്ങൾ വാങ്ങുന്നതിന് ജ്യേഷ്ഠനും പാർടി ബ്രാഞ്ച് സെക്രട്ടറിയുമായ ഉണ്ണികൃഷ്ണനോടൊപ്പമാണ് കാവുംപുറം അങ്ങാടിയിലേക്ക് നാരായണൻ എത്തിയത്. ജ്യേഷ്ഠനെ വിട്ട് കുറച്ചപ്പുറത്തുള്ള തുന്നൽ കടയിൽ കയറി തുന്നിയ സാധനം വാങ്ങി, അതിനപ്പുറത്തെ കടയിലേക്ക് നടക്കുകയായിരുന്നു നാരായണൻ. ആ കടയുടെ തൊട്ടുള്ള മതിലിന്നപ്പുറത്തെ, ആർഎസ്എസ് നേതാവിന്റെ വീട്ടുവളപ്പിൽ ആയുധങ്ങളുമായി തമ്പടിച്ച പതിമൂന്നോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ മതിൽചാടി വന്ന് സഖാവിനെ വളയുകയും തലങ്ങും വിലങ്ങും കുത്തിവീഴ്ത്തുകയുമായിരുന്നു. ബഹളംകേട്ട് കുറച്ചപ്പുറത്തെ കടയിൽ നിൽക്കുകയായിരുന്ന ജ്യേഷ്ഠൻ ഉണ്ണികൃഷണനും, മറ്റൊരു ജ്യേഷ്ഠനും പാർട്ടി മെമ്പറുമായിരുന്ന ഗോവിന്ദനും മറ്റു സഖാക്കളുംകൂടി ഓടിയെത്തുമ്പോഴേക്കും സഖാവ് ചോരയിൽ കുളിച്ചുവീണിരുന്നു. ഓടിവരുന്ന വരവിൽ ഗോവിന്ദനെ ആർഎസ്എസുകാർ വലിയ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തി. ഉണ്ണികൃഷ്ണനടക്കമുള്ള മറ്റ് സഖാക്കൾക്കും പരിക്കേറ്റു. സ്വന്തം സഹോദരന്റെ അവസാനം വിവരിക്കുമ്പോൾ, നെഞ്ചിന് താഴെയേറ്റ ചുരികകൊണ്ടുള്ള, ഒരുകൈ ആഴത്തിലുള്ള മുറിവോർത്ത് വയോധികനായ ഗോവിന്ദന്റെ കണ്‌ഠമിടറി. കരുത്തനായ ആ സഖാവിന്റെ കണ്ണുനിറഞ്ഞു. എന്തിനാണ് എല്ലാവർക്കും ഉപകാരങ്ങൾമാത്രം ചെയ്തു ജീവിച്ച തന്റെ പ്രിയസഖാവിന്റെ ജീവനെടുത്തതെന്ന് ഇന്നും ഭാര്യ നന്ദിനിക്കറിയില്ല. ആ ദിവസത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ മുപ്പത് വർഷങ്ങൾക്കിപ്പുറവും ആ സാധു സ്ത്രീ വിങ്ങിപ്പൊട്ടി. അരയക്കൽ കോട്ടീരി കുഞ്ഞികൃഷ്ണൻനായരുടെയും കുന്നനാത്ത് പാറുക്കുട്ടിയമ്മയുടെയും ആറ് മക്കളിൽ നാലാമനായിരുന്നു സഖാവ് കോട്ടീരി നാരായണൻ, കരിങ്കല്ലിൽ ഗൃഹോപകരണങ്ങളുണ്ടാക്കി വിൽക്കുന്ന തൊഴിലാളിയായിരുന്നു. സിപിഐ എം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. 38-‐ാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ മൂത്ത മകൻ ബിജുവിന് 11 വയസ്സും രണ്ടാമത്തെ മകൻ സന്തോഷിന് 8 വയസ്സും ഇളയ മകൻ സജിത്തിന് 4 വയസ്സും മാത്രമായിരുന്നു പ്രായം, വളാഞ്ചേരിയിലെ പാർടിയുടെ ശക്തമായ പിന്തുണയോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഇച്ഛാശക്തിയോടെ വളർത്തുമ്പോഴും പാർടിക്കു വേണ്ടി പോരാടാൻ നാരായണന്റെ പത്നി നന്ദിനി മറന്നില്ല. രണ്ടു തവണ പഞ്ചായത്ത് അംഗമായി പൊതുപ്രവർത്തനത്തിലും നിറഞ്ഞുനിന്ന് തന്റെ പ്രിയസഖാവ് പൂർത്തിയാക്കാതെ പോയതെല്ലാം തന്നാലാവുംവിധം പൂർത്തീകരിച്ചു തന്റെ കടമ നിർവ്വഹിച്ചു ആ ധീര വനിത. ♦