Saturday, May 4, 2024

ad

Homeമുഖപ്രസംഗംസർവകലാശാലകളെ കാവിവൽക്കരിക്കാൻ അനുവദിക്കില്ല

സർവകലാശാലകളെ കാവിവൽക്കരിക്കാൻ അനുവദിക്കില്ല

ന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത് ഗവർണർ രാഷ്ട്രപതിയെപ്പോലെ വിവാദങ്ങളിൽ ഏർപ്പെടാത്ത സംസ്ഥാന ഭരണത്തലവൻ ആയിരിക്കണമെന്നാണ്. ദെെനംദിന ഭരണകാര്യങ്ങൾ തീരുമാനിക്കുകയും നിർവഹിക്കുകയും ചെയ്യുക ഭൂരിപക്ഷാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത മന്ത്രിസഭ നയിക്കുന്ന സർക്കാരാണ്. മന്ത്രിസഭ കെെക്കൊള്ളുന്ന തീരുമാനങ്ങൾ ഗവർണറുടെ പേരിലാണ് നടപ്പാക്കപ്പെടുക. ആ തീരുമാനങ്ങൾ സംബന്ധിച്ച് തനിക്കുള്ള അഭിപ്രായം ഗവർണർക്ക് മുഖ്യമന്ത്രിയിലൂടെ സർക്കാരിനെ അറിയിക്കാം. പക്ഷേ, അവസാന തീരുമാനം മന്ത്രിസഭയുടേതായിരിക്കും. ഇതാണ് ഭരണഘടനാവ്യവസ്ഥ.

എന്നാൽ, ചില കാര്യങ്ങളിൽ ഗവർണർക്ക് സ്വന്തമായി തീരുമാനം കെെക്കൊള്ളാം. സംസ്ഥാന സർവകലാശാലകളിലെ വെെസ് ചാൻസലറെ നിയമിക്കുന്നതിൽ, അവയുടെ ഭരണസമിതികളിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ എന്നിങ്ങനെ ചില കാര്യങ്ങളിൽ. പക്ഷേ, അവിടെയും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ ചെയ്യുന്നത്. സർവകലാശാല അല്ലെങ്കിൽ അതുപോലുള്ള വിദ്യാഭ്യാസ / ഗവേഷണസ്ഥാപനം എന്നിവയുടെ തലവന്മാർ നൽകുന്ന അനൗപചാരിക ഉപദേശത്തെ മുൻനിർത്തിയാകും. ഗവർണർക്ക് ഈ സ്ഥാപനങ്ങളുടെ സുഗമവും ഫലപ്രദവുമായ പ്രവർത്തനത്തിന് അതത് സന്ദർഭത്തിൽ യോജിച്ചയാൾ ആരെന്ന് അവയുമായി ഗാ-ഢബന്ധമുള്ള അവയുടെ അധിപർക്കാകുമല്ലോ ഉപദേശം നൽകാൻ കഴിയുക. പറഞ്ഞുവന്നത്, ഗവർണർ തീരുമാനമെടുക്കേണ്ടത് അതത് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവർ നൽകുന്ന ഉപദേശനിർദേശങ്ങൾ കൂടി പരിഗണിച്ചാവണം എന്നാണ്.

ഇവിടെ വിവാദം ഉയർന്നത് കാലിക്കറ്റ് സർവകലാശാലയുടെയും പിന്നീട് കേരള സർവകലാശാലയുടെയും സെനറ്റുകളിലേക്കുള്ള നാമനിർദ്ദേശങ്ങൾ ഗവർണർ നടത്തിയതുമായി ബന്ധപ്പെട്ടാണ‍്. മുൻപതിവനുസരിച്ച് അതത് സർവകലാശാലയുടെ വെെസ് ചാൻസലർ അതിന്റെ ചാൻസലർ ആയ ഗവർണർക്ക് നാമനിർദേശത്തിനു ഓരോ മേഖല (നിയോജകമണ്ഡലം‍) അനുസരിച്ച് യോഗ്യരായവരുടെ പട്ടിക സമർപ്പിക്കുന്നു. അതിൽനിന്നു ഗവർണറുടെ യുക്തിക്കും വിവേചനത്തിനും അനുസരിച്ച് നിർദ്ദിഷ്ട എണ്ണം പേരെ നാമനിർദേശം ചെയ്യാം. അതായിരുന്നു ഇവിടെ പതിവ്. ആരിഫ് മൊഹമ്മദ് ഖാൻ എന്ന ചാൻസലർ വെെസ് ചാൻസലർ സമർപ്പിച്ച പട്ടികയിലെ ഒന്നോ രണ്ടോ പേർ ഒഴിച്ച്, മറ്റെല്ലാവരെയും അവഗണിച്ച് മഹാഭൂരിപക്ഷവും ബിജെപിക്കാരായവരുടെ പേർ അടങ്ങുന്ന പട്ടിക അംഗീകരിക്കുന്നു. ചില യുഡിഎഫുകാരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി ഗവർണർക്ക് അതത് സംസ്ഥാനത്തിലെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളുടെ യോഗ്യതയും ശേഷിയുമൊക്കെ കൃത്യമായി അറിയാമോ എന്നതാണ്. അതു സംബന്ധിച്ച വിശദമായ അറിവുണ്ടെങ്കിലല്ലേ അതത് സ്ഥാപനത്തിനു പ്രയോജനപ്രദമായ സുചിന്തിതമായ തീരുമാനം ഇത്തരം കാര്യങ്ങളിൽ ഗവർണർക്ക് കെെക്കൊള്ളാൻ കഴിയൂ? സർവകലാശാലകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നോ പുറത്തുനിന്നോ സർവകലാശാലയുടെ വിവിധ സമിതികളിലേക്ക് നാമനിർദേശം ചെയ്യപ്പെടാൻ അർഹമായ അറിവും പരിചയവും യോഗ്യതയുമുള്ള ആളെ അതത് സ്ഥാപനത്തിൽനിന്നു നിർദ്ദേശിക്കാൻ മിക്ക ഗവർണർമാർക്കും സ്വയമേവ കഴിഞ്ഞു എന്നു വരില്ല. കാരണം അവർ അന്യസംസ്ഥാനക്കാർ ആണല്ലോ. സംസ്ഥാന സർക്കാരോ വെെസ് ചാൻസലറോ അവരുടെ സംവിധാനത്തിന്റെ സഹായത്തോടെ ഏറ്റവും പ്രഗത്ഭരായവരുടെ പേരുകൾ അടങ്ങുന്ന പാനൽ സമർപ്പിക്കുന്നത് ചാൻസലർക്ക് സഹായകരമാകും, സാധാരണഗതിയിൽ. എന്നാൽ കേന്ദ്ര കൽപന ശിരസാവഹിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാനു വേണ്ടത് ബിജെപി ഓഫീസിൽനിന്ന് നൽകുന്ന പട്ടിക പ്രകാരം നിയമനം നടത്തലാണ്. അതാണിപ്പോൾ കാലിക്കറ്റ് – കേരള സെനറ്റുകളിലേക്കുള്ള നിയമനത്തിൽ കണ്ടത്.

കേരളത്തിലെ സർവകലാശാലാ രംഗത്തേക്ക് അധ്യാപക – അനധ്യാപക – വിദ്യാർഥി ആദിയായ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുപ്പിലൂടെ പ്രതിനിധികളെ എത്തിക്കാൻ കഴിയും. ബിജെപിക്ക് സംസ്ഥാനത്ത് ഇത്തരം മണ്ഡലങ്ങളിലൊന്നും വേണ്ടത്ര സ്വാധീനമില്ലാത്തതിനാൽ തിരഞ്ഞെടുപ്പിലൂടെ ആരെയും എത്തിക്കാൻ കഴിയാറില്ല. നാമനിർദ്ദേശം ചെയ്യുമ്പോഴും വേണ്ടത്ര യോഗ്യതയും അംഗീകാരവും ഉള്ളവർ ഇല്ലാത്തതിനാൽ അതുവഴിയും ആരെയും എത്തിക്കാൻ കഴിയാറില്ല. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ട് 10 വർഷത്തോളം ആയെങ്കിലും ചാൻസലറുടെ നാമനിർദ്ദേശത്തിലൂടെയും ആരെയും ഇതുവരെ അവർക്ക് കടത്തിവിടാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയും ഇത്തവണ ബിജെപിക്കാരുടെ മോഹം സാധിക്കാനാണ് ഗവർണർ ആര-ിഫ് മൊഹമ്മദ് ഖാൻ, കേന്ദ്ര സർക്കാരിന്റെ വിനീത വിധേയനെന്നു തെളിയിക്കാൻ കൂടിയാകാം, കാലിക്കറ്റ്, കേരള സർവകലാശാലകളിലെ സെനറ്റ് നാമനിർദ്ദേശങ്ങളിൽ ഇതുവരെ പാലിച്ചുവന്ന മാനദണ്ഡങ്ങളെയും കീഴ്-വഴക്കങ്ങളെയും കാറ്റിൽ പറത്തി ഏതാണ്ട് പൂർണമായ ബിജെപി ലിസ്റ്റ് (ചില യുഡിഎഫുകാരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി) അംഗീകരിച്ചത്. അതോടെ യുഡിഎഫും ബിജെപിയും അവർക്കുവേണ്ടി പ്രചരണം നടത്തുന്ന മാധ്യമങ്ങളും ഗവർണറുടെ ഈ അന്യായമായ നടപടി വിമർശിക്കുന്നില്ല, ശരിവെക്കുന്നുമുണ്ട്.

ജനാധിപത്യവ്യവസ്ഥയിൽ നിയമവും ചട്ടവും പോലെ തന്നെ പ്രധാനമാണല്ലോ കീഴ്-വഴക്കങ്ങളും. ജ്ഞാന സമൂഹ നിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖല ഏറെ പ്രധാനപ്പെട്ടതാണ്. അതിലെ പ്രവർത്തനങ്ങളെ കേന്ദ്ര ഭരണകക്ഷിയുടെ ആളുകളെ ചില സമിതികളിലേക്ക് തിരുകിക്കയറ്റുന്നതിനായി ചട്ടങ്ങളെയും കീഴ്-വഴക്കങ്ങളെയും ഗവർണർ കാറ്റിൽ പറത്തുന്നത് തീർത്തും അപലപനീയമാണ്. ഗവർണർമാർ സാധാരണ അൽപഭാഷികളോ മിതഭാഷികളോ ആണ്, ആകണം. പക്ഷേ ആരിഫ് മൊഹമ്മദ് ഖാൻ എന്ന ഗവർണർ മാധ്യമ പ്രവർത്തകരെ കണ്ടാൽ വായിൽ തോന്നിയതെന്തും വിളിച്ചു കൂവുന്ന നാലാംകിട രാഷ്ട്രീയ നേതാവിനെപ്പോലെയാണ് പെരുമാറുന്നത്. വിവാദങ്ങൾ ഉണ്ടാക്കുകയാണ് അദ്ദേഹത്തിനിഷ്ടം, അതുവഴി മാധ്യമത്തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടുകയും. രാജ്യത്തിന്റെ മതനിരപേക്ഷ ഭരണഘടന തകർക്കാൻ വെമ്പി നടക്കുന്ന ബിജെപി ഒരു ന്യൂനപക്ഷക്കാരനെ തന്നെ അതിനു ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണ്.

സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കുമെല്ലാം വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം ഉള്ളവരെയാണ് ഗവർണർ നാമനിർദേശം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ അവരുടെ രാഷ്ട്രീയ വിശ്വാസമല്ല പരിഗണിക്കേണ്ടത്, അതാത് രംഗത്ത് അവർക്കുള്ള പ്രാഗത്ഭ്യമാണ്. അത് കൃത്യമായി പരിശോധിക്കാനും പരിഗണിക്കാനും കഴിയുന്നത് സർവകലാശാലയിലെ ഭരണസംവിധാനങ്ങളുടെ സഹായത്തോടെ വെെസ് ചാൻസലർക്കാണ്. അങ്ങനെ തയ്യാറാക്കപ്പെടുന്ന പട്ടിക ഒഴിവാക്കി അതിനുപകരം ബിജെപി ഓഫീസിൽനിന്ന് നൽകുന്ന പട്ടിക ഉൾപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. അത്തരത്തിൽ പിൻവാതിലിലൂടെ സംഘപരിവാറുകാരെ സർവകലാശാലകളിൽ തിരുകിക്കയറ്റാനാണ് സംഘപരിവാർ ദാസനായ ഗവർണർ ആരിഫ് ഖാൻ ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. കേരള ജനത അതനുവദിക്കില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + 9 =

Most Popular