Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെസ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെ പശ്ചിമബംഗാളിൽ സിഐടിയു പ്രക്ഷോഭം

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെ പശ്ചിമബംഗാളിൽ സിഐടിയു പ്രക്ഷോഭം

ഷുവജിത് സർക്കാർ

ന്നന്നത്തെ ഉപജീവനത്തിനായി എൺപത് ശതമാനം ആളുകളും കഷ്ടപ്പെടുന്ന ഒരു രാജ്യത്ത്, സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുകയെന്നാൽ ദിവസവും ഒരുനേരത്തെ അന്നത്തിനുപോലും കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയെന്നതാണ്. ഇക്കാലത്ത് നമ്മുടെ ഉപജീവനമാർഗങ്ങളിലേറെയും വൈദ്യുതിയെ ആശ്രയിച്ചുള്ളതിനാൽ വൈദ്യുതി ഒരു അനിവാര്യ ഘടകമാണ്. പത്തിരുപതുവർഷം മുമ്പുപോലും ഗ്രാമങ്ങളിൽ ഇതല്ലായിരുന്നു സ്ഥിതി. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ നഗര-ഗ്രാമഭേദമെന്യേ നമ്മുക്കെല്ലാം വൈദ്യുതി അവശ്യഘടകമാണ്. കോവിഡ് മഹാമാരിക്കാലത്ത് നമ്മുടെ വിദ്യാഭ്യാസമൊന്നാകെ ഓൺലൈൻ പഠനത്തിലേക്കു മാത്രമൊതുങ്ങിയതിനാൽ കോവിഡാനന്തരകാലത്തും എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിനായി ഇടതുപക്ഷ സംഘടനകൾ പ്രത്യേകിച്ച് എസ് എഫ് ഐ ആവശ്യപ്പെട്ടിരുന്നു. ഈ ഡിജിറ്റൽ വേർതിരിവുകാരണം ലക്ഷക്കണക്കിന് വിദ്യാർഥികൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോൾ കേന്ദ്രസർക്കാർ ഇലക്ട്രിക് മീറ്ററുകളിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതനുസരിച്ച് ഉപഭോക്താവ് എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു എന്ന വിവരം ശേഖരിക്കേണ്ട ആവശ്യമില്ല. പകരം ഉപഭോക്താവുതന്നെ വൈദ്യുതി ലഭിക്കുന്നതിനുമുമ്പ് റീചാർജുചെയ്യാത്തക്കവിധമുള്ള സ്മാർട്ട് മീറ്ററാണ് സ്ഥാപിക്കുക.

വൈദ്യുതി ഉപഭോക്താക്കൾക്കായി പ്രീ-പെയ്ഡ് രീതിയിലുള്ള സ്മാർട്ട് മീറ്റർ പദ്ധതി മോദിസർക്കാർ നടപ്പാക്കുന്നതു സംബന്ധിച്ച് സിപിഐഎം അഭിപ്രായപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാൻ നിർബന്ധിതരായിരിക്കുകയാണ്. സർക്കാർ വൈദ്യുതി വിതരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും പൂർണമായും പിൻമാറുകയും അതുവഴി ലാഭം പരമാവധിയാക്കാൻ കോർപ്പറേറ്റുകൾക്ക് ഈ മേഖലയാകെ തീറെഴുതുകയുമാണ്. ഇത് പാവപ്പെട്ടവർക്കും കർഷകർക്കുംമേൽ അമിതഭാരം ചുമത്തും. അതുകൊണ്ടുതന്നെ പദ്ധതി ഉടൻ പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെടുന്നു. അതിന്റെ ഭാഗമായി സിഐടിയു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിൽ പ്രതിഷേധത്തിലാണ്. സാധാരണക്കാർക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയും വരും നാളുകളിൽ തൊഴിലാളികൾക്ക് വൈദ്യുതിലഭ്യത അപ്രാപ്യമാക്കുകയും ചെയ്യുന്ന നടപടിയാണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ. വിളകൾക്ക് ജലസേചനത്തിനായി വൈദ്യുതിയെ ആശ്രയിക്കുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കടുത്ത ദുരിതങ്ങളും സാമ്പത്തികച്ചെലവുകളും മൂലമുള്ള അമിതഭാരം ഏൽക്കേണ്ടതായി വരും. സ്മാർട്ട് മീറ്ററുകൾ അടിച്ചേൽപ്പിക്കുന്നത് ജനങ്ങളുടെ മൌലികവും അടിസ്ഥാനപരവുമായ അവകാശങ്ങളെ കവർന്നെടുക്കാനുള്ള മറ്റൊരു നീക്കമാണ്. നിങ്ങളുടെ കൈവശം മുൻകൂർ പണമില്ലെങ്കിൽ വൈദ്യുതി ലഭിക്കാൻ നിങ്ങൾക്ക് അവകാശമില്ല എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് പ്രീപെയ്ഡ് മീറ്റർ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപറേറ്റനുകൂല നയങ്ങളാണ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നത്. സിഐടിയുവും മറ്റ് ഇടതുപക്ഷ ബഹുജനസംഘടനകളും അധ്വാനിക്കുന്ന ബഹുജനങ്ങളെയാകെ കൂട്ടിയോജിപ്പിക്കുന്നതിലൂടെ ഈ ജനവിരുദ്ധ സർക്കാരിനെ അധികാരത്തിൽനിന്നും പുറത്താക്കാനാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × three =

Most Popular