Tuesday, April 16, 2024

ad

Homeമുഖപ്രസംഗംദുഷ്പ്രചരണങ്ങൾക്കു പിന്നിലെ ദുഷ്ടലാക്ക്

ദുഷ്പ്രചരണങ്ങൾക്കു പിന്നിലെ ദുഷ്ടലാക്ക്

സിപിഐ എം നയിക്കുന്ന എൽഡിഎഫ് മന്ത്രിസഭ അല്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിസഭ കേരളത്തിൽ ഭരണത്തിലുള്ളപ്പോൾ അത് ചെയ്യുന്നതെല്ലാം കുഴപ്പമാണ്, ഇവിടെ ആകെ അക്രമവും അഴിമതിയുമാണ് നടമാടുന്നത് എന്ന പ്രചരണം കെട്ടഴിച്ചുവിടുന്നത് വലതുപക്ഷ മാധ്യമങ്ങളിൽ ചിലതിന്റെ തീവ്രവികാരമാണ്. ഇക്കാര്യം 66 വർഷം മുമ്പ് ആദ്യ ഇ എം എസ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്ന കാലം മുതൽ ഇവിടത്തെ ജനങ്ങൾ കണ്ടു പരിചയിച്ചതാണ്. അത് ഇപ്പോഴും രൂക്ഷമായിത്തന്നെ തുടരുന്നു. കള്ളൻ വരുന്നേ, പ്രളയം വന്നേ എന്ന മട്ടിലുള്ള വലതുപക്ഷ മുറവിളി കേട്ടുതഴമ്പിച്ച ജനങ്ങൾക്കു ഇന്നു കുലുക്കമില്ല. എങ്കിലും ഇക്കൂട്ടർ, ചില മാധ്യമങ്ങൾ പ്രത്യേകിച്ചും, ഇത് നിരന്തരം തുടരുന്നു. ലോക്-സഭാ തിരഞ്ഞെടുപ്പ് ആസന്നമായതുകൊണ്ട് ഇത്തരം രാഷ്ട്രീയലക്ഷ്യം വച്ചുള്ള പ്രചരണത്തിനു വരും മാസങ്ങളിൽ ഊക്കു കൂടാനാണ് സാധ്യത.

സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനും എതിരായി ഉദ്യോഗത്തിലുള്ള കാലത്തുതന്നെ രാഷ്ടീയാന്ധതയോടെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയും പ്രചരണം നടത്തുകയും ചെയ്തുവന്നയാളാണ് ആർ എസ് ശശികുമാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു അർഹതയുള്ളവർക്ക് സിഎംഡിആർഎഫ് നിയമപ്രകാരം സഹായം അനുവദിക്കുന്നത് വർഷങ്ങളായി നടന്നുവരുന്ന പതിവാണ്. അങ്ങനെ ചെയ്ത ചില സഹായങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ലോകയുക്തയുടെ മുമ്പാകെ ശശികുമാർ പരാതി ഉന്നയിച്ചത്. അത് നിയമാനുസൃതം കേട്ട ലോകായുക്തയുടെ മൂന്നംഗ ഫുൾബെഞ്ചാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച കേസ് തള്ളിയത്. വിധി ഇങ്ങനെ വരുമെന്നു പ്രതീക്ഷിച്ചിരുന്നതാണെന്നും ജഡ്-ജിമാർ സ്വാധീനിക്കപ്പെട്ടെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നുമാണ് ശശികുമാർ പ്രതികരിച്ചത്. മുൻ ഹെെക്കോടതി ജഡ്-ജിമാരടങ്ങിയതാണ് ലോകയുക്ത. അവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് കേസ് തോറ്റ ഒരാളുടെ നിരാശ മൂലമാകാം. കേസിൽ വിജയമോ പരാജയമോ ഉണ്ടാകാം. പരാജയം ഉണ്ടായാൽ കോടതിയെ തന്നെ ആക്ഷേപിക്കുന്നത് നിയമവ്യവസ്ഥയോടുള്ള അനാദരവാണ്. അത് ഇങ്ങനെ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ തീർത്തും പക്ഷപാതപരമായ മനോഭാവത്തിന്റെ ബഹിർപ്രകടനമാണ്. എൽഡിഎഫിനും അതിന്റെ സർക്കാരിനും എതിരായി ഇങ്ങനെ അന്ധമായി പോരാടുന്നത് ചിലരുടെ രാഷ്ട്രീയത്തിന്റെ ബഹിർപ്രകടനമാണ്: ഇത്തരം പ്രകടനങ്ങളിൽ ഇത് ആദ്യത്തേതല്ല. അവസാനത്തേതുമായാനിടയില്ല.

ഇതേ ജനുസ്സിലുള്ളതാണ് ആലപ്പുഴയിലെ കർഷകനായ കുന്നുമ്മൽ കാട്ടിപ്പറമ്പിൽ കെ ജി പ്രസാദിന്റെ ആത്മഹത്യ സംബന്ധിച്ച വാർത്തകൾ. അദ്ദേഹത്തിന്റെ ആത്മഹത്യ തീർത്തും ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തോട് അനുശോചനമുണ്ട്. ആ ആത്മഹത്യക്ക് കാരണം സർക്കാരിന്റെ നെല്ലു ശേഖരണം സംബന്ധിച്ച പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) കുടിശ്ശികയാണെന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരണം നടത്തിയിരുന്നു. ആ അവകാശവാദത്തെ പ്രസാദിന്റെ ഭാര്യ ഓമന തന്നെ നിഷേധിച്ചിട്ടുണ്ട്. പിആർഎസ് വായ്പ ബാങ്കുകളുടെ സിബിൽ സ്കോറിങ്ങിനെ ബാധിക്കുകയില്ല എന്നു ബാങ്ക് ഇടപാടുകളിൽ വിവരമുള്ളവർ തന്നെ വിശദമാക്കിയിട്ടുണ്ട്. പിആർഎസ് തുക പ്രസാദിന്റെ കാര്യത്തിൽ സപ്ലെെകോ സമയബന്ധിതമായി അടച്ചുതീർത്തിട്ടുണ്ടെന്നും കുടിശ്ശികയില്ലെന്നും ബന്ധപ്പെട്ട വകുപ്പുമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. അതിനർഥം സർക്കാർ വകുപ്പിന്റെയോ വകുപ്പുകളുടെയോ ഏതെങ്കിലും വീഴ്ച മൂലമല്ല പ്രസാദ് ആത്മഹത്യ ചെയ്യാൻ ഇടയായത് എന്നാണ്. എന്നാൽ, പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും സംസ്ഥാനത്തു നടക്കുന്ന ഏത് ദുരന്തത്തിനും കാരണവും ഉത്തരവാദിയും എൽഡിഎഫ് സർക്കാരാണ് എന്നു വരുത്താൻ വല്ലാതെ പാടുപെടുകയാണ്. ആ കടമയാണ് വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും അവരുടെ പ്രസ്താവനകളിലൂടെ നിർവഹിച്ചത്.

നെല്ലുവില കൃഷിക്കാരന് യഥാകാലം ലഭ്യമാക്കാൻ നടപ്പാക്കിയ സംവിധാനമാണ് പിആർഎസ്. ഇതിൽ കർഷകർക്കല്ല ബാധ്യത, സർക്കാരിനാണ്. കർഷകനു താമസം കൂടാതെ നെല്ലുവില ലഭ്യമാക്കാനാണ് അത് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. അതിനു സർക്കാർ എടുക്കുന്ന വായ്പയുടെ തുക നെല്ല് കുത്തി അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്തതിന്റെ കണക്കുകൾ സമർപ്പിച്ച് ആറുമാസം കഴിഞ്ഞാണ് കേന്ദ്ര സർക്കാർ അനുവദിക്കുക. ആറുമാസമോ കൂടുതലോ കാലം അതിനു വേണ്ടി വരും. അത്രയും കാലം കർഷകനു നെല്ലുവില കിട്ടാതിരിക്കരുത് എന്ന ശുഷ്-കാന്തി ഉള്ളതുകൊണ്ടാണ് നെല്ല് എടുത്ത ഉടനെ പിആർഎസ് ഏർപ്പാടുവഴി തുക വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ സംവിധാനം ഏർപ്പെടുത്തിയത്. അതാണ് പിആർഎസ് എന്ന സംവിധാനം. അത് വർഷങ്ങളായി ഇവിടെ നിലവിലുണ്ട്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. 1970കളിൽ ഇന്ദിരാഗാന്ധി സർക്കാർ നടപ്പാക്കിയ പുത്തൻ സാമ്പത്തികനയത്തിൽനിന്നു പി വി നരസിംഹറാവു സർക്കാർ 1991 മുതൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ സാമ്പത്തിക പരിപാടിയോടെ തിരുത്താൻ തുടങ്ങി. ജനങ്ങൾക്ക് അനുകൂലമായി ദേശസാൽക്കരണം ഉൾപ്പെടെയുള്ള ഇന്ദിരാഗാന്ധി സർക്കാരിന്റെ നയസമീപനങ്ങളെ നരസിംഹറാവു–മൻമോഹൻസിങ് സർക്കാരുകൾ കുത്തക മുതലാളിത്ത നയത്തിനു കീഴ്-വഴങ്ങി തിരുത്തി കുറിച്ചിരുന്നു. അതിന്റെ ആത്യന്തികഫലം പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അനുകൂലമായി കേന്ദ്ര സർക്കാർ വിവിധകാലങ്ങളിൽ ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്-കാരങ്ങളെല്ലാം തിരുത്തപ്പെട്ടതാണ്. 2014 മുതൽ നിലവിൽ വന്ന നരേന്ദ്രമോദി സർക്കാർ ആകട്ടെ, ഈ വലതുപക്ഷവൽക്കരണം ഭരണനയങ്ങളിൽ കൂടുതൽ ശീഘ്രവും ഊർജിതവുമാക്കി. ഈ പ്രവണതയെ കേരളത്തിൽ കഴിയാവുന്നത്ര തിരുത്തി നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ.

ഇത്തരം കാര്യങ്ങളെ എൽഡിഎഫ് സർക്കാരിനു എതിരായ രീതിയിൽ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനാണ് യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും കൂടി കേരളത്തിൽ ശ്രമിച്ചുവരുന്നത്. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫ് പിന്തുടരുന്നത് കോൺഗ്രസ്സും ബിജെപിയും പിന്തുടരുന്ന പിന്തിരിപ്പൻ ഉദാരവൽക്കരണ നയസമീപനത്തിൽ നിന്നു വ്യത്യസ്തമായ ഒന്നാണ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നയപരിപാടി അപ്പാടെ കേരളത്തിൽ തിരുത്തി നടപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരിനു പരിമിതിയുണ്ട്. എങ്കിലും, സാധ്യമാകുന്നിടത്തോളം പാവപ്പെട്ടവരെയും സാധാരണക്കാരെയും കശക്കി എറിയുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നയപരിപാടിയെ പിൻപറ്റുകയല്ല, അതിനെ എതിർത്തുകൊണ്ട് കഴിയാവുന്നത്ര സഹായവും സംരക്ഷണവും ജനങ്ങൾക്കു നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അത് തുടരും എന്നാണ് തുടർച്ചയായ നടപടികളിലൂടെ എൽഡിഎഫ് സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two − one =

Most Popular