ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയും ഗവർണറും കോടതിയുടെ പരിഗണനയ്ക്കു പുറത്താണ് എന്നു വ്യക്തമാക്കുന്നതാണ് അതിലെ 361 –ാം അനുഛേദം. രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും തലവന്മാരെ കോടതി വ്യവഹാരങ്ങൾക്ക് അതീതരായി ഭരണഘടന വ്യവസ്ഥ ചെയ്തത് അവർ വിവാദങ്ങളിൽനിന്നും വ്യവഹാരങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കണമെന്നതിനാലാണ്. ഭരണത്തിന്റെയും ഭരണഘടനയുടെയും ഏറ്റവും പ്രധാനപ്പെട്ട സംരക്ഷകരായിരിക്കണം അവർ. അതുകൊണ്ടാണ് ഭരണഘടനാ വ്യവസ്ഥകളുടെ നൂലാമാലകളിൽനിന്ന് അവരെ ഒഴിവാക്കുന്ന വ്യവസ്ഥ അതിൽ ചേർക്കപ്പെട്ടത്. ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്തത് രാഷ്ട്രപതിയും ഗവർണറും ഭരണകക്ഷിയുമായോ മറ്റു രാഷ്ട്രീയ പാർട്ടികളുമായോ അവർക്കുവേണ്ടിയോ സങ്കുചിത വീക്ഷണത്തോടെ തർക്കങ്ങളിൽ ഏർപ്പെടരുത് എന്നായിരുന്നു.
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ജനപ്രതിനിധികളായ പാർലമെന്റ് അംഗങ്ങളും വിവിധ നിയമസഭകളിലെ അംഗങ്ങളും ചേർന്നാണ്. ഗവർണർമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്, കേന്ദ്രസർക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കും അത്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ വടംവലികൾക്ക് അതീതരായവരാണ് ഈ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നതായിരുന്നു ഈ ഭരണഘടനാ വ്യവസ്ഥകൾ അംഗീകരിക്കുമ്പോൾ ഭരണഘടനാ നിർമാണ സഭയ്ക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട്. എന്നാൽ, കാലക്രമത്തിൽ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും കയ്യാളപ്പെടുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെ നിലവാരം കുത്തനെ ഇടിഞ്ഞതോടെ രാഷ്ട്രപതി – ഗവർണർ പദവികൾ അർഹിക്കുന്ന നിഷ്പക്ഷതയും വിശാലമായ കാഴ്ചപ്പാടും ഇല്ലാത്തവരും അവയിൽ എത്തിപ്പെടാൻ തുടങ്ങി. സ്വാഭാവികമായും അവരിൽ ചിലരെങ്കിലും ചില സന്ദർഭങ്ങളിൽ അവർ പുലർത്തിപ്പോന്ന വീക്ഷണ വിധേയത്വത്തിന് അടിമപ്പെട്ട് തങ്ങൾ ഭരണഭാരത്തിലിരിക്കുന്ന സംസ്ഥാനഭരണങ്ങൾക്കു നിരക്കാത്ത വിധത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.
രാഷ്ട്രപതിക്കും ഗവർണർക്കും വിവേചനാധികാരം വളരെ കുറവാണ്. ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങൾ പ്രകാരം രാഷ്ട്രപതി/ ഗവർണർ ബന്ധപ്പെട്ട കേന്ദ്ര / സംസ്ഥാന മന്ത്രിസഭ നൽകുന്ന ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. വളരെ കുറച്ചു കാര്യങ്ങളിൽ മാത്രമാണ് അവർക്ക് സ്വന്തം വിവേചനാധികാരം വിനിയോഗിക്കാൻ കഴിയുക. പിന്നെ, എന്തിന് ഇങ്ങനെയൊരു ഭരണത്തലവപദവി സൃഷ്ടിച്ചു എന്ന ചോദ്യം സ്വാഭാവികമാണ്. എല്ലാ രാജ്യങ്ങൾക്കും ഭരണത്തലപ്പത്ത് മുമ്പ് ഉണ്ടായിരുന്നത് രാജാക്കന്മാർ ആയിരുന്നു. ബ്രിട്ടനിൽ ജനങ്ങൾ സംഘടിച്ച് സമരം ചെയ്ത് രാജാവിന്റെ അധികാരങ്ങൾ പിടിച്ചെടുത്തു. അവ തങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ അടങ്ങുന്ന സഭയായ പാർലമെന്റിനു നൽകി. അപ്പോഴും അവർ രാജാവിനെ അപ്പാടെ തള്ളിക്കളഞ്ഞില്ല. രാജാവ് രാഷ്ട്രതലവനായി തുടരും. പക്ഷേ, ഭരണപരമായ തീരുമാനങ്ങളെല്ലാം ജനപ്രതിനിധികൾ അടങ്ങുന്ന പാർലമെന്റിനു വിധേയമായി പാർലമെന്റ് തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് കൈക്കൊള്ളുക. എന്നാൽ, അവർ ഭരണം നടത്തുക രാജാവിന്റെ പേരിലായിരിക്കും. ഈ കീഴ്-വഴക്കമാണ് ഇന്ത്യ സ്വതന്ത്രമായപ്പോൾ ഭരണഘടനയിലൂടെ നിയമാധിഷ്ഠിതമാക്കിയത്.
ഭരണഘടന അനുസരിച്ച് ഗവർണർ കോടതികളുടെ അധികാരപരിധിക്കു പുറത്താണെങ്കിൽ, നിയമസഭ പാസാക്കിയ ബില്ലുകളിൽ മാസങ്ങളോ വർഷങ്ങളോ ആയി തീരുമാനം കൈക്കൊള്ളാത്ത ഗവർണർമാരെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ സുപ്രീംകോടതിക്കു കഴിയുമോ? അതൊരു പ്രശ്നമാണ്.ഭരണഘടനാ വ്യവസ്ഥകൾ നടപ്പാക്കപ്പെടുമ്പോൾ അതിനെ വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിച്ചുകൊണ്ട് ഭരണസ്തംഭനം രാഷ്ട്രപതിയോ ഗവർണറോ സൃഷ്ടിച്ചാൽ അതിനു പോംവഴിയെന്ത്? സുപ്രീം /ഹൈക്കോടതികളെയാണ് ഭരണഘടന സംബന്ധമായ അഭിപ്രായത്തർക്കങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരം കാണാൻ അധികാരപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയമായ അന്ധതകൊണ്ടോ മുട്ടാളത്തം കൊണ്ടോ രാഷ്ട്രപതി/ഗവർണർ പ്രതിസന്ധി ഉണ്ടാക്കിയാൽ അതിനു നിയമാധിഷ്ഠിതവും സമാധാനപരവുമായ പരിഹാരം കാണേണ്ടതുണ്ട്. ആ പരിഹാരം നിർദേശിക്കാനുള്ള പരമാധികാരം സുപ്രീംകോടതിക്കാണ്. അതിനു മുമ്പിലാണ് ഇതു സംബന്ധമായി തങ്ങൾ ഇന്നു നേരിടുന്ന പ്രശ്നങ്ങൾ പഞ്ചാബ്, കേരളം, തമിഴ്നാട്, തെലങ്കാന മുതലായ സംസ്ഥാനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ബിജെപി ഇതരമന്ത്രിസഭകൾ നിലവിലുള്ള സംസ്ഥാനങ്ങളിലാണ് ഗവർണർമാർ അതത് സർക്കാരുകളുമായി ഏറ്റുമുട്ടിയിട്ടുള്ളത് എന്നാണ്. അത് വ്യക്തമാക്കുന്നത് എന്താണ്? കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഇതരപാർട്ടികൾ നയിക്കുന്ന സംസ്ഥാന ഭരണങ്ങളെ കുഴപ്പത്തിലാക്കി ജനങ്ങളെ അവർക്കെതിരായി തിരിച്ചുവിടാൻ ശ്രമിക്കുന്നു. രാഷ്ട്രീയവും ഭരണപരവുമായ വിവാദങ്ങൾക്ക് ഉപരിയായി നിലകൊള്ളേണ്ട ഗവർണർമാർ സങ്കുചിത രാഷ്ട്രീയ വീക്ഷണത്തോടെ ബിജെപി ഇതര ഭരണങ്ങളുള്ള സംസ്ഥാന സർക്കാരുകളെ അവിടങ്ങളിലെ ജനസാമാന്യത്തെ, പ്രതിസന്ധിയിൽ ആഴ്-ത്താൻ ശ്രമിക്കുന്നു. ഭരണകാര്യങ്ങൾ സംബന്ധിച്ച് ഭരണഘടനാവ്യവസ്ഥകൾ പ്രകാരം മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എങ്കിലും, അതേക്കുറിച്ച് എന്തെങ്കിലും ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആയി ചർച്ച ചെയ്ത് പരിഹാരം കാണാൻ ബാധ്യസ്ഥനാണ് സാധാരണഗതിയിൽ ഗവർണർ. മന്ത്രിസഭയുടെ മാത്രം ബാധ്യതയല്ല അത്; ഗവർണറുടേതും കൂടിയാണ്.
എന്നാൽ, കേന്ദ്രത്തിന്റെ സങ്കുചിത രാഷ്ട്രീയപ്രേരണകയ്ക്കു വഴങ്ങി ചില ഗവർണർമാർ ചെയ്യുന്നത് സംസ്ഥാന സർക്കാരിനെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ്. ഗവർണർക്ക് സംസ്ഥാനത്തെ ഭരണത്തെയും സർക്കാർ കെെക്കൊള്ളുന്ന തീരുമാനങ്ങളെയും കുറിച്ച് തനതായ അഭിപ്രായങ്ങൾ ഉണ്ടാകാം. അത് മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആയി പങ്കുവയ്ക്കാം. എന്നിട്ടും അവർ അവരുടെ നിലപാടിൽ തുടരുന്ന പക്ഷം അത് അംഗീകരിക്കാനും അനുസരിക്കാനും ഗവർണർ ബാധ്യസ്ഥനാണ്. അതാണ് ഭരണഘടനാ വ്യവസ്ഥ. പഞ്ചാബ് സംസ്ഥാന സർക്കാർ അവിടത്തെ ഗവർണർക്കെതിരായി സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചപ്പോൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്ത ഗവർണർക്ക് മന്ത്രിസഭയുടെ ഉപദേശം മാനിക്കാൻ ബാധ്യതയുണ്ടെന്നും തന്നിഷ്ടം പോലെ പ്രവർത്തിക്കാനാവില്ലെന്നും ആയിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പ്രതികരണം. അതാണ് ഇക്കാര്യം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളുടെ സത്ത.
വ്യക്തിയും ഭരണകൂടവും തമ്മിലുള്ള പ്രശ്നങ്ങളിൽ വ്യക്തി ഭരണകൂടത്തിനു കീഴ്പ്പെട്ട് പ്രവർത്തിക്കണമെന്ന് ഭരണഘടനാ വ്യവസ്ഥയുണ്ട് 14–ാം അനുച്ഛേദത്തിൽ. അതിനാൽ മറ്റൊരു വ്യക്തിയോടെന്ന പോലെ സംസ്ഥാന സർക്കാരിനോ കോടതികൾക്കോ ഗവർണറോട് പെരുമാറാനാവില്ല. എന്നാൽ, ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ പ്രതിനിധികൾ ഭൂരിപക്ഷാടിസ്ഥാനത്തിൽ രൂപീകരിച്ച മന്ത്രിസഭയുടെ ഉപദേശത്തെ കേന്ദ്ര സർക്കാരിനാൽ നിയമിതനായ ഗവർണർക്ക് കെെയ്ക്കില കൂടാതെ തള്ളാനുമാകില്ല. ജനേച്ഛ പ്രകടിപ്പിക്കുന്നത് ജനപ്രതിനിധികൾ അടങ്ങിയ പാർലമെന്റും (നിയമസഭയും) അതിന്റെ സൃഷ്ടിയായ മന്ത്രിസഭയുമാണ്. മന്ത്രിസഭയുടെ നിർദേശരൂപത്തിലുള്ള ഉപദേശത്തെ തള്ളിക്കളയുന്നതിനു ഗവർണർക്ക് അധികാരമില്ല. അതുകൊണ്ടാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്, ഗവർണർ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയല്ല എന്ന്. ജനങ്ങളാണ്, ജനപ്രതിനിധികളാണ് അവസാന വിധികർത്താവ് എന്നാണ് കോടതി വ്യക്തമാക്കിയത്. ♦