Thursday, May 9, 2024

ad

Homeകവര്‍സ്റ്റോറിഎല്ലാവരും ഒരുവന് ഒരുവൻ എല്ലാവർക്കും

എല്ലാവരും ഒരുവന് ഒരുവൻ എല്ലാവർക്കും

എം എം മോനായി

നുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ അവൻ എവിടെയും ചങ്ങലകളിലാണെന്നാണ് റൂസ്സോ പറഞ്ഞത് . എന്നാൽ സഘടിച്ചുകൊണ്ട് ആ ചങ്ങലകൾ പൊട്ടിച്ചെറിയാമെന്ന് മാർക്സ് കണ്ടെത്തി. സംഘ ബോധത്തിലൂന്നിയ പ്രവർത്തനമാണ് സഹകരണത്തിന്റെ കാതൽ .സംയുക്ത ഉടമസ്ഥതയിലുള്ള സംരംഭത്തിലൂടെ,ജനങ്ങളുടെ പൊതുവായ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി സ്വമേധയാ ഐക്യപ്പെടുന്ന വ്യക്തികളുടെ ഒരു സ്വയംഭരണ സംഘടനയാണ് സഹകരണ സംഘങ്ങൾ. അത് അംഗങ്ങളുടെ പൊതുവായ ഉടമസ്ഥതയിൽ ജനാധിപത്യപരമായി പ്രവർത്തിക്കുന്നവയാണ്. സഹകരണത്തിന്റെ സാമൂഹ്യപരമായ ഉൽപ്പാദന രീതിയെ താല്പര്യത്തോടെയാണ് മാർക്സ് വീക്ഷിച്ചത് . ലെനിൻ സഹകരണ പ്രസ്ഥാനത്തെ, സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിലെ സുപ്രധാനമായ സംഘടനാപരമായ ചുവടുവെപ്പായും കണ്ടു.

1864ലെ ഒരു ലേഖനത്തിൽ മാർക്സ് ഇപ്രകാരം പറഞ്ഞു; “സ്വകാര്യ സ്വത്തിന്റെ അർഥശാസ്ത്രത്തിനുമേൽ, തൊഴിലിന്റെ അർഥശാസ്ത്രം വലിയ വിജയം നേടുന്നതിന് പണിപ്പുരയിൽ സാമഗ്രികളുണ്ട് . സഹകരണ പ്രസ്ഥാനത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, പ്രത്യേകിച്ച് ആരുടേയും സഹായമില്ലാതെ ഉയർന്നുവന്നകുറച്ച് ധീരമായ ‘കൈകളുടെ’ സഹകരണ ഫാക്ടറികളെക്കുറിച്ച്. ……വാദത്തിനുപകരം പ്രവൃത്തിയിലൂടെ, ആധുനിക ശാസ്ത്രത്തിനനുയോജ്യമായി വലിയ തോതിലുള്ള ഉൽപ്പാദനം, യജമാനന്മാരുടെ വർഗ്ഗത്തിന്റെ അസ്തിത്വമില്ലാതെ’’.

“1923 ജനുവരിയിൽ പ്രവ്ദ യിൽ എഴുതിയ ലേഖനത്തിൽ ലെനിൻ ഇങ്ങനെ അഭിപ്രായപ്പെട്ടു; ‘‘… മുതലാളിത്ത രാഷ്ട്രത്തിൽ, സഹകരണ സ്ഥാപനങ്ങൾ കൂട്ടായ മുതലാളിത്ത സ്ഥാപനങ്ങളാണ് എന്നതിൽ സംശയമില്ല. എന്നാൽ അടിസ്ഥാനപരമായി മറ്റുള്ളവയിൽ നിന്ന് സ്വകാര്യ മുതലാളിത്തത്തിനുകീഴിൽ, സഹകരണ സംരംഭങ്ങൾ സ്വകാര്യ സംരംഭങ്ങളിൽ നിന്നു വ്യത്യസ്തമാണ്’’. സഹകരണം സവിശേഷമായ ഒരു വ്യപാരരീതിയാണ്. 100 രാജ്യങ്ങളിലായി ഏകദേശം 100 കോടി ആളുകൾ കുറഞ്ഞത് ഒരു സഹകരണ സംഘത്തിലെങ്കിലും അംഗങ്ങളായിട്ടുണ്ട്. ഇംഗ്ലണ്ടിലെ റോച്ച്ഡെയ്ൽ പയനിയർമാരുടെ ബിസിനസ്സ് സംരംഭം ലക്ഷണമൊത്ത ആദ്യ സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു. 1844-ൽ 28 പേരടങ്ങുന്ന ഈ സംഘം നെയ്ത്തുകാരുടെയും മറ്റ് വ്യാപാരങ്ങളിലെ വിദഗ്ദ്ധ തൊഴിലാളികളുടെയും ഒരു സഹകരണ സംഘം രൂപീകരിച്ചു. അവർ സഹകരണ തത്വങ്ങൾ സൃഷ്ടിക്കുകയും അവരുടെ സാധനങ്ങൾ വിൽക്കാൻ ഒരു ഷോപ്പ് സ്ഥാപിക്കുകയും ചെയ്തു.സൗഹൃദ കൂട്ടായ്മകൾ സംഘടനാ തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു അംഗം, ഒരു വോട്ട് എന്ന രീതിയിലുള്ള ആശയങ്ങൾക്ക് പ്രാബല്യം ലഭിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉടനീളം (പിന്നീട് ഓരോ ഇരുപത് വർഷത്തിലൊരിക്കലും) ജനാധിപത്യവും സാർവത്രിക വോട്ടവകാശവും ഒരു രാഷ്ട്രീയ തത്വമെന്ന നിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രവർത്തിക്കുന്ന വാണിജ്യ പ്രയോഗത്തിലും സിവിൽ സമൂഹത്തിലും സഹകരണ സംഘടനകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. വ്യാവസായിക തൊഴിലാളികൾക്കിടയിൽ സൗഹൃദ കൂട്ടായ്മകളും ഉപഭോക്തൃ സഹകരണ സംഘങ്ങളും പ്രബലമായ സംഘടനയായി മാറി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, 80% ബ്രിട്ടീഷ് തൊഴിലാളികളും 90% ഓസ്ട്രേലിയൻ തൊഴിലാളികളും ഒന്നോ അതിലധികമോ സഹകരണ സംഘങ്ങളിൽ അംഗങ്ങളായിരുന്നു.സഹകരണ സംഘത്തിലെ അംഗങ്ങൾക്കായി പതിവ് സമ്പാദ്യത്തിലൂടെ ലഭിക്കുന്ന ഫണ്ടുകളിൽ നിന്ന് അവർ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകി. സഹകരണ സംഘത്തിലെ അംഗങ്ങൾ ധാർമ്മിക ജീവിതത്തിന് പ്രതിജ്ഞാബദ്ധരാകുകയും എല്ലാ വർഷവും ഒരു പൊതു സ്ഥലത്ത് രണ്ട് മരങ്ങൾ നടുകയും വേണം എന്നവർ നിബന്ധന വെച്ചു. നമ്മുടെ പ്രദേശത്തുടനീളം ഇത്തരം മികച്ച ഭരണഘടനകൾ സ്ഥാപിക്കപ്പെടാൻ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. തിന്മയിൽ നിന്നും ദുരിതങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കാൻ അവ സഹായിക്കും.വൻതോതിലുള്ള ഉൽപാദനത്തിന്റെ ആവിർഭാവത്തോടെ, വിലകുറഞ്ഞതും മോശമായി നിർമ്മിച്ചതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വൻകിട വ്യവസായങ്ങളുമായി മത്സരിക്കുന്നതിന് സഹകരണ സംരംഭങ്ങൾക്ക് സാധിച്ചു. ഉദാഹരണത്തിന്, തേയില വ്യവസായത്തിൽ, വലിയ തോതിലുള്ള നിർമ്മാതാക്കൾ തേയില മൊത്തമായി വർദ്ധിപ്പിക്കാൻ പുല്ല് കഷണങ്ങൾ ചേർത്തു, ഗുണനിലവാരം കുറച്ചു. സ്വകാര്യ സംരംഭങ്ങൾ ലാഭം പെരുപ്പിക്കാൻ സാധനങ്ങളുടെ ഗുണമേന്മ കുറയ്ക്കുമ്പോൾ ആദ്യ കാല സഹകരണസംഘങ്ങൾ അത്തരം ചെപ്പടി വിദ്യകൾ സ്വീകരിച്ചില്ല.

ഇന്ത്യയിൽ ബ്രിട്ടീഷ് സംരംഭമായാണ് സഹകരണം 19 –ാം നൂറ്റാണ്ടിൽ ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ പടർന്നു പിടിച്ച പട്ടിണി മരണങ്ങളും കാർഷിക കലാപങ്ങളും അതിന് പ്രചോദകമായി സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം നെഹ്രുവിന്റെ മിശ്ര സമ്പദ് വ്യവസ്ഥയിൽ പൊതുമേഖലക്കും സ്വകാര്യ മേഖലയ്ക്കും ഒപ്പം സഹകരണ മേഖലയ്ക്കും പ്രാധാന്യം നൽകി. അമുൽ ഇസ്കോ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ അത് പ്രചോദകമായി.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഒരു നീണ്ട ചരിത്രമുണ്ട് .കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പുതന്നെ കേരളത്തിൽ സഹകരണ പ്രസ്ഥാനം ആരംഭിച്ചു. കേരള നവോത്ഥാന നായകർ സഹകരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് .ശ്രീ നാരായണഗുരു സംഘടിച്ച് ശക്തരാകുന്നതിനും പ്രാധാന്യത്തിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും ഉദ്ബോധിപ്പിച്ചു. വാഗ്ഭടാനന്ദൻ മലബാറിൽ ഐക്യനാണയ സംഘങ്ങളും തൊഴിലാളി സംഘങ്ങളും രൂപികരിച്ചു. വാഗ്ഭടാനന്ദൻ സ്ഥാപിച്ചതാണ് ഇന്നത്തെ പ്രശസ്തമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം. പഴയ കേരളത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് ഭരണ യൂണിറ്റുകൾ ഉണ്ടായിരുന്നു. 1949ൽ തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്ന് തിരു–-കൊച്ചി സംസ്ഥാനം എന്നറിയപ്പെട്ടു. മൂന്ന് യൂണിറ്റുകളും സംയോജിപ്പിച്ച് 1956ലാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.തിരുവിതാംകൂറിൽ 1914-ലെ ട്രാവൻകൂർ കോ-–ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ആദ്യത്തെ സഹകരണ സംഘം തിരുവനന്തപുരം സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ആയിരുന്നു. തുടർന്ന് അത് ഇന്നത്തെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ആയി രൂപീകരിക്കപ്പെട്ടു. പ്രാഥമിക സഹകരണ വായ്പാ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഒരു സെൻട്രൽ ബാങ്കും രൂപീകരിക്കപ്പെട്ടു. പരിധിയില്ലാത്ത ബാധ്യതയോടെയാണ് സൊസൈറ്റികൾ രജിസ്റ്റർ ചെയ്തത്. എന്നാൽ വായ്പകൾ വീണ്ടെടുക്കുന്നത് ഒരു പ്രശ്നമായി മാറുകയും ആസ്തികൾക്ക് മേലുള്ള അധിക ബാധ്യത കാരണം നിരവധി സൊസൈറ്റികൾ ലിക്വിഡേറ്റ് ചെയ്യുപ്പെടുകയും ചെയ്തു. പിന്നീട് സൊസൈറ്റികളുടെ ബാധ്യത 1912 മുതൽ ‘ലിമിറ്റഡ് ‘ എന്നാക്കി മാറ്റി. ഭൂമിയുടെ സെക്യൂരിറ്റിയിൽ 10 മുതൽ 20 വർഷം വരെ ദീർഘകാല വായ്പ നൽകുന്നതിനായി 1932 ൽ ലാൻഡ് മോർട്ട്ഗേജ് ബാങ്കും രൂപീകരിച്ചു.കൊച്ചിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് 1913-ൽ നിലവിൽ വന്നു. 1918-ലാണ് കൊച്ചിൻ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കപ്പെട്ടത്. അത് ബ്രിട്ടീഷ് സഹകരണ പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ദീർഘകാല വായ്പകൾ കൊച്ചിൻ സെൻട്രൽ കോ-ഓപ്പറേറ്റീവ്, മോർട്ട്ഗേജ് ബാങ്ക് എന്നിവയിൽ നിന്നാണ് വിതരണം ചെയ്തത്. തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ ഒരു പൊതു സഹകരണ നിയമം അനിവാര്യമായി. അതനുസരിച്ച്, 1969 മെയ് 15-ന് കേരള കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് നിലവിൽ വന്നു. അതിനുശേഷം, കേരളത്തിലെ സഹകരണ നിയമം വിവിധ ഘട്ടങ്ങളിലായി പരിഷ്കരിക്കപ്പെടുകയും ചെയ്തു.

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ സുരക്ഷ ഒരുക്കുന്നതിൽ നിർണ്ണായക പങ്കാണ് സഹകരണ മേഖല നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. ഏത് ആപത്ഘട്ടത്തിലും എല്ലാ ജനവിഭാഗങ്ങൾക്കും ഒരു കൈത്താങ്ങാണ് സഹകരണ മേഖല. ഉല്പാദനം, വിതരണം, സംസ്കരണം, ഉപഭോഗം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾക്കു രൂപം കൊടുക്കുവാനും അതുവഴി നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവും ഉയർച്ചയും നല്കുന്ന ചാലക ശക്തിയായി മാറുന്നതിനും ഇന്ന് സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 1956 ൽ കേരളം രൂപീകരിക്കപ്പെട്ടപ്പോൾ 3,111 സംഘങ്ങളാണ് സഹകരണ മേഖലയിൽ ഉണ്ടായിരുന്നതെ ങ്കിൽ 2022 ആയപ്പോൾ അത് 16,255 ൽ എത്തിനില്ക്കുന്നു. കേരളത്തിലെ സഹകരണ മേഖല വളരെ വിശാലമായതാണ്. സഹകരണ മേഖല കടന്നുചെല്ലാത്ത കർമ്മ മണ്ഡലങ്ങളോ ജനവിഭാഗങ്ങളോ ഇല്ല. കേ രളത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസം, ഭക്ഷണം പാർപ്പിടം, ആരോഗ്യം, സാമ്പത്തികം, വിനോദ സഞ്ചാരം, പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ ഉന്നമനം, സാഹിത്യം, യുവജന ക്ഷേമം, നിർമ്മാണ മേഖല തുടങ്ങി സകല മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ മുദ്ര പതിഞ്ഞു കഴിഞ്ഞു. ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥയിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും കാര്യക്ഷമമാക്കുന്നതിനും, വിപുലീകരിക്കുന്നതിനും അതുവഴി പൊതു സമ്പദ് വ്യവസ്ഥയിൽ വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ട് സംയോജിത സഹകരണ വികസന പദ്ധതി (ഐ.സി.ഡി 2) ദേശീയ സഹകരണ വികസന കോർപ്പറേ ഷൻ (എൻ.സി. ഡി .സി) മുഖേന ജില്ലകളിൽ നടപ്പിലാക്കി വരുന്നു. ഏഴാം പഞ്ചവത്സര പദ്ധതി കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്.

സ്വാധീനവും 2021-–2022 സാമ്പത്തിക വർഷം സംസ്ഥാന സഹകരണ ബാങ്ക് ഹ്രസ്വകാല കാർഷിക പുനർവായ്പയായി ജില്ലാ ആഫീസുകൾ മുഖേന 5,157 കോടി രൂപ വിതരണം ചെയ്യു കയുണ്ടായി. പട്ടിക ജാതി കടാശ്വാസ പദ്ധതി സർക്കാരിന്റെ ഉത്തരവ് പ്രകാരം കേരള സംസ്ഥാനത്തിലെ പട്ടികജാതി ജനവിഭാഗം സഹകരണ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ളതും 31.03.2010 ന് മുമ്പ് തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശ്ശികയായതുമായ വായ്പകൾക്ക് ഒരു ലക്ഷം രൂപയുടെ കടാശ്വാസം അനുവദിച്ച് 88.04,കോടി രൂപ നൽകി. സർക്കാരിന്റെ ഉത്തരവ് പ്രകാരം മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയിൽ സംസ്ഥാനത്തിലെ മത്സ്യത്തൊഴിലാളികൾ സഹകരണ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾക്ക് കടാശ്വാസപദ്ധതി കർഷക കടാശ്വാസ കമ്മഷൻ പുറപ്പെടുവിച്ച അവാർഡുകളുടെ അടിസ്ഥാനത്തിൽ സർക്കാർ കൃഷിക്കാരുടെ നിശ്ചിതബാധ്യത ഏറ്റെടുത്ത്, സഹകരണ സംഘങ്ങൾ മുഖേന വിതരണം ചെയ്തു .സഹകരണ സംഘങ്ങളിൽ നിന്നും കാർഷിക വായ്പ എടുത്തിട്ടുള്ളതും കൃത്യമായി തിരിച്ചടക്കുന്നതുമായ കർഷകർക്കായി ബജറ്റിൽ പ്രഖ്യാപിച്ച പലിശയിളവ് പദ്ധതി നടപ്പിലാക്കി . ഈ പദ്ധതി പ്രകാരം കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് പലിശയിൽ 7% ഇളവിൽ സർക്കാർ ധനസഹായമായി അനുവദിച്ചുവരുന്നു. സഹകരണ നവരത്നം ബംബർ ലോട്ടറി നടത്തിപ്പിലൂടെ ലഭിച്ച ലാഭ വിഹിതത്തിൽ നിന്നും അശരണരായ സഹകാരികൾക്ക് ആശ്വാ സനിധി എന്ന പദ്ധതിയിലൂടെ സർക്കാർ വാർഷിക വരുമാനം കുറഞ്ഞവരും നിരാലംബരുമായ സഹകാരികൾക്ക് ശുശ്രൂഷയ്ക്കും ചികിത്സക്കുമായി ധനസഹായം നൽകുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ,, വികലാംഗ പെൻഷൻ, അവിവാഹിതരായ അമ്മമാരുടെ പെൻഷൻ,, വിധവാ പെൻഷൻ, എന്നിവ സഹകരണ സംഘങ്ങളിലൂടെയാണ് ഇന്ന് വിതരണം ചെയ്തു വരുന്നത്. സംസ്ഥാന സഹകരണ ബാങ്ക്, അർബൻ സഹകരണ ബാങ്കുകൾ/പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകൾ മുഖേന “സഹകരണം സൗഹൃദം’’ എന്ന പേരിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ട വ്യക്തികൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും കൂടുതൽ സാമ്പത്തിക അച്ചടക്കത്തിലേക്ക് നയിക്കുന്നതിനും സാമ്പത്തിക സാക്ഷരത വളർത്തുകയും ചെയ്യുന്ന പദ്ധതിയാണ് “മുറ്റത്തെ മുല്ല, ഗ്രാമീണ ലഘു വായ്പാ പദ്ധതി .കെയർ ഹോം പദ്ധതിയിലൂടെ പ്രളയ ദുരന്തത്തിൽ സമ്പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമ്മിച്ച് നൽകുന്ന കെയർ ഹോം പദ്ധതി നടപ്പിലാക്കി. ചുരുക്കത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഭരണത്തിൻ കീഴിൽ കേരളത്തിലെ വിശേഷിച്ച് ഗ്രാമീണ മേഖലയിലെ ഏറ്റവും ചെെതന്യവത്തായ ഒന്നായി സഹകരണ സംഘങ്ങൾ മാറി. സഹകരണ സംഘങ്ങളുടെ ഈ മഹത്തായ പ്രവർത്തനത്തെ കാണാതെ അതിലെ ചില ഒറ്റപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ അടച്ചാക്ഷേപിക്കുകയാണ് ചില സ്ഥാപിത താൽപര്യക്കാർ ചെയ്യുന്നത്.കേന്ദ്ര ഗവൺമെന്റും അവരുടെ ഏജൻസികളും സഹകരണ സംഘങ്ങളെ തകർക്കാൻ കഴുകൻ നടപടികളുമായി വട്ടമിട്ടു പറക്കുകയാണ്. സഹകരണ സംഘങ്ങൾക്കും,അതിൽ അംഗങ്ങളായ കൃഷിക്കാർക്കും ദുർബല ജനവിഭാഗങ്ങൾക്കുമുള്ള സഹായങ്ങൾ ഇല്ലാതാക്കി .ആദ്യ പഞ്ചവത്സര പദ്ധതികളിൽ തുടർന്നു പോന്ന ഹ്രസ്വകാല കാർഷിക വായ്പകളുടെ പുനർ വായ്പ ഗണ്യമായി വെട്ടിക്കുറച്ചു. വൻ വ്യവസായങ്ങൾക്കും വ്യവസായികൾക്കും ആനുകൂല്യങ്ങൾ വാരിക്കോരി നൽകുമ്പോൾ കൃഷിക്കാരെ ആത്മഹത്യയിലേക്കാണ് കേന്ദ സർക്കാർ തള്ളിയിടുന്നത് .വൻകിട സ്വകാര്യ ബാങ്കുകൾക്ക് വായ്പകൾ എഴുതിത്തള്ളു ന്നതിനും മറ്റും മൂലധന സഹായം കേന്ദ്ര ഗവണ്മെന്റ് നൽകുമ്പോൾ സാധാരണക്കാരും കൃഷിക്കാരും ആശ്രയിക്കുന്ന സഹകരണ സംഘങ്ങൾക്ക് നയാപൈസയുടെ അനൂകൂല്യം പോലും കേന്ദ്ര ഗവണ്മെണ്ട് നൽകുന്നില്ല. ദുർബലരെയും ദുർബലരുടെ സംഘടനകളെയും ഒതുക്കുന്ന സമീപനമാണ് കേന്ദ്ര ഗവണ്മെണ്ട് സ്വീകരിക്കുന്നത് . ഒതുങ്ങാത്തവരെ വേട്ടയാടുകയും ചെയ്യുന്നു.

ദുർബലരായ മനുഷ്യരുടെ, ഒതുക്കപ്പെടുന്ന വരുടെ സഘടനയാണ് സഹകരണം. പുത്തൻ സാമ്പത്തിക നയങ്ങളിലും സമീപനങ്ങളിലും സഹകരണം ഒതുക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. സാമ്പത്തിക, സാമൂഹിക മേഖലകളിൽ സാധാരണക്കാരെ സഹായിക്കുന്ന ഏജൻസിയായി സഹകരണ സംഘങ്ങളെ കേന്ദ്രം കാണുന്നില്ല . മാറിക്കൊണ്ടിരിക്കുന്ന വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ വൻകിട വ്യവസായങ്ങൾ അന്യായമായ തൊഴിൽ സമ്പ്രദായങ്ങളെ ആശ്രയിച്ചു എന്നതാണ് വിപണി വ്യവസ്ഥയിലെ ഇപ്പോഴത്തെ മറ്റൊരു പ്രധാന മാറ്റം. ജീവനക്കാർക്ക് തൊഴിൽ സാഹചര്യങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു; കുറഞ്ഞ വേതനം, ദൈർഘ്യമേറിയ സമയം, ജോലി സമ്മർദ്ദങ്ങൾ , ജോലി സ്ഥിരതയില്ലായ്മ ,തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ നേടിയെടുക്കാനുള്ള സംവിധാനങ്ങളെ നിഷ്ക്രിയമാക്കൽ വ്യാപകമായി പ്രാവർത്തികമാക്കുന്നു. വ്യക്തമായ തത്വത്തിന്റെ അടിസ്ഥാനത്തിൽ ഒരു ബദൽ സാമ്പത്തിക ശക്തിയായി സഹകരണ മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. തികഞ്ഞ മതനിരപേക്ഷതയിലൂന്നിനിന്നു കൊണ്ട് വർണ്ണ, വർഗ്ഗ വിവേചനമില്ലാതെ പരസ്പരാശ്രയത്വത്തിലൂടെ സ്വാശ്രയത്വം എന്ന സഹകരണ തത്വത്തിൽ കേരളത്തിലെ സഹകരണമേഖല കുതിച്ചു മുന്നേറേണ്ടത് ഇന്നിന്റെ ആവശ്യമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − ten =

Most Popular