Monday, May 20, 2024

ad

Homeകവര്‍സ്റ്റോറികേരളീയം: ഭാവി കേരളത്തിലേക്കൊരു വാതായനം

കേരളീയം: ഭാവി കേരളത്തിലേക്കൊരു വാതായനം

കെ എൻ ബാലഗോപാൽ

കേരളത്തിന്റെ സംസ്കാരവും ചരിത്രവും കലാ പാരമ്പര്യവും വ്യവസായ വാണിജ്യ വിനോദസഞ്ചാര സാധ്യതകളുമെല്ലാം ലോക സമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് കേരളീയം കൊടിയിറങ്ങിയത്. അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും ലോക ശ്രദ്ധനേടിയ പരിപാടിയായി കേരളീയം മാറി. കേരളീയത്തെ ആദ്യ ദിവസങ്ങളില്‍ വിമര്‍ശിച്ചിരുന്നവര്‍ പോലും ജനപങ്കാളിത്തവും പരിപാടികളുടെ ഉള്ളടക്കവും കണ്ട് നിലപാട് മാറ്റുകയുണ്ടായി. ദശലക്ഷക്കണക്കിന് ജനങ്ങളാണ് ഏഴ് ദിവസം നീണ്ടുനിന്ന മഹാമേളയില്‍ പങ്കെടുത്തത്. കേരളത്തിന്റെ തനത് കലകളും കരകൗശല വിദ്യകളും ഭക്ഷണ വൈവിധ്യങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങളും വിനോദ സഞ്ചാര ഭൂപടവും മണ്ണും പ്രകൃതിയും ജീവിതരീതിയുമെല്ലാം അവതരിപ്പിക്കപ്പെട്ടു. കേരളത്തിന്റെ മൗലികമായ പ്രത്യേകതകളെ ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം സര്‍ക്കാരിനുണ്ട്.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി അന്താരാഷ്ട്ര വാണിജ്യ മേളയുടെ സ്ഥിരം വേദിയായ പ്രഗതി മൈതാനത്തിന് സമാനമായ ഒരു സ്ഥിരം സംവിധാനം കേരളീയത്തിനായി സജ്ജമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഒരു കേരള ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുമെന്നും അതിനായി തിരുവനന്തപുരത്ത് സ്ഥിരം വേദി കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

സംവാദങ്ങൾ തുറന്നിട്ട 
അന്താരാഷ്ട്ര സെമിനാറുകൾ
കേരളം അതിന്റെ അനന്തമായ സാധ്യതകളെ ഫലപ്രദമായി ഉപയോഗിച്ച് നവകേരള നിർമിതിക്കുള്ള അതിവേഗ പാതയിലാണ്. നിലവിലെ നേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് നാടിന്റെ ഭാവി വികസനത്തിന് സഹായകമാകുന്ന തരത്തില്‍ വികസന നയവും പദ്ധതികളും രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. കേരളീയത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട 25 സെമിനാറുകള്‍ ഭാവികേരളത്തിനുള്ള രൂപരേഖയായി മാറാന്‍ പര്യാപ്തമായവയായിരുന്നു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഘടനാപരവും സത്താപരവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യത്തിന് രൂപം നല്‍കാന്‍ ഈ സെമിനാറുകളില്‍ നിന്നുയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സഹായകരമാകുമെന്ന് ഉറപ്പാണ്.

കേരളത്തിന്റെ സാമ്പത്തിക രംഗം, വ്യവസായ വാണിജ്യ സാധ്യതകളും വെല്ലുവിളികളും, സുസ്ഥിര വികസനം, പൊതുഗതാഗത രംഗത്തെ ഭാവി പദ്ധതികള്‍, ഭക്ഷ്യസുരക്ഷ, ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, മാധ്യമരംഗം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍ ശ്രവിക്കാന്‍ പതിനായിരങ്ങളാണ് വന്നെത്തിയത്. നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പടെയുള്ള ഇരുപതിലധികം അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, സാമൂഹിക-, സാംസ്കാരിക, -ശാസ്ത്ര-, വൈജ്ഞാനിക, -വ്യാവസായിക-, കല, സാഹിത്യ-, മാധ്യമ മേഖലകളിലെ പ്രഗത്ഭര്‍ തുടങ്ങിയവരുടെ സജീവമായ സാന്നിധ്യം സെമിനാറുകളെ സമ്പുഷ്ടമാക്കി. ഫെഡറലിസവും ഭരണഘടനാ മൂല്യങ്ങളും അട്ടിമറിച്ച് സംസ്ഥാനങ്ങളുടെ അര്‍ഹമായ സാമ്പത്തിക വിഹിതം തടഞ്ഞുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രധാനപ്പെട്ട ചര്‍ച്ചയായി. കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ കൈവരിച്ച മാനവ വികസന രംഗത്തെ വളര്‍ച്ച കേന്ദ്രവിഹിതവും കേന്ദ്ര സഹായവും നല്‍കുന്നതില്‍ അയോഗ്യതയായി മാറുന്നു എന്ന നിരീക്ഷണം സെമിനാര്‍ പങ്കുവെച്ചു. കൂടുതല്‍ ജനാധിപത്യപരമായ സമീപനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന പൊതുനിലപാട് ഉയര്‍ന്നുവന്നു. കേന്ദ്ര നയങ്ങള്‍ വിവിധ മേഖലകളില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന് പ്രതികൂലമായി വര്‍ത്തിക്കുന്നുണ്ട്. ഇത് തിരുത്തപ്പെടേണ്ടതാണ്. കെ-–റെയില്‍ ഉള്‍പ്പടെയുള്ള അതിവേഗ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് അനിവാര്യമാണ്. അതിനുള്ള അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ബജറ്റിന് പുറത്തുനിന്ന് ധനം സമാഹരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വര്‍ദ്ധിപ്പിക്കുന്ന കിഫ്ബി പോലെയുള്ള സ്ഥാപനങ്ങളുടെ കടം പൊതുകടമായി പരിഗണിക്കുന്ന കേന്ദ്ര നിലപാട് തിരുത്തപ്പെടണം. സമാന സ്വഭാവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിക്കുന്ന പണം കടമായി പരിഗണിക്കപ്പെടാതിരിക്കുകയും സംസ്ഥാനത്തിന് മുകളില്‍ അന്യായമായി ഭാരം കയറ്റിവെയ്ക്കുകയും ചെയ്യുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവ് കൈവരിക്കാനും അതുവഴി വിജ്ഞാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയുന്ന തരത്തില്‍ വൈജ്ഞാനിക ഗവേണരംഗത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സെമിനാറുകള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു.

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് സംജാതമായിട്ടുള്ള വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്തോ പതിനഞ്ചോ തുറമുഖങ്ങളിലൊന്നായി മാറാന്‍ വിഴിഞ്ഞത്തിന് കഴിയും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍പ്പാതയോട് ചേര്‍ന്നുള്ള സ്വാഭാവിക തുറമുഖം എന്ന നിലയില്‍ വിഴിഞ്ഞത്തിന് അനന്തമായ സാധ്യതകളാണുള്ളത്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ വികസനത്തിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ കഴിയണം. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി രൂപപ്പെടുന്ന ടൗണ്‍ഷിപ്പുകളും വ്യവസായ കേന്ദ്രങ്ങളും ചെറു നഗരങ്ങളും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഗതിവേഗം നല്‍കും. കേരളീയം മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ നാം ഈ രൂപത്തില്‍ നോക്കിക്കാണേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള ഏറ്റവും നൂതനമായ വികസന സാധ്യതകളെ കേരളത്തിലേക്ക് ആനയിക്കുന്നതുപോലെ തന്നെ, കേരളത്തിന്റെ സാധ്യതകളെയും പ്രത്യേകതകളെയും ലോകസമക്ഷം അവതരിപ്പിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യമാണ് കേരളീയത്തിനുള്ളത്.

കേരളത്തിന്റെ കലയും സംസ്കാരവും
സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള നാടാണ് നമ്മുടേത്. ആയിരക്കണക്കിന് നാടന്‍ കലാരൂപങ്ങളും ആവിഷ്കാരങ്ങളും നമ്മുടേതായുണ്ട്. മൗലികമായ ഈ കലാ പാരമ്പര്യത്തെ ലോകത്തിനു മുന്നില്‍ മിഴിവോടെ അവതരിപ്പിക്കാന്‍ കേരളീയത്തിനുകഴിഞ്ഞു. ഇത് കൂടുതല്‍ മികച്ച രീതിയില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ അവതരിപ്പിക്കുന്നതോടെ കേരളീയത്തോടനുബന്ധിച്ച് ഒരു വിനോദസഞ്ചാര സീസണ്‍ തന്നെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. സംഗീത –നൃത്ത-വാദ്യോപകരണ-അഭിനയ മേഖലകളിലടക്കമുള്ള 4100 കലാകാരാണ് കേരളീയത്തിന്റെ ഭാഗമായി മാറിയത്. കേരളം രൂപപ്പെട്ട വിവിധ പരിണാമഘട്ടങ്ങളെയും ചരിത്ര സംഭവങ്ങളെയും കേരളീയത്തിന്റെ ഭാഗമായി അടയാളപ്പെടുത്തുകയുണ്ടായി. കേരളമെന്ന ഒരു ബ്രാന്‍ഡിനെ വാണിജ്യ-വിനോദസഞ്ചാര രംഗത്ത് സ്ഥാപിച്ചെടുക്കാന്‍ കേരളീയത്തിലൂടെ നമുക്ക് കഴിയും.

കേരളത്തിന്റെ വാണിജ്യ സാധ്യതകള്‍
കേരളത്തിന്റെ തനിമയുള്ള ഉല്‍പന്നങ്ങളും കരകൗശല മേഖലയും കേരളീയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. 450-ലധികം സ്റ്റാളുകളിലായി വ്യാപാര മേളയില്‍ കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കേരളത്തിന്റെ തനതായ ആറന്മുള കണ്ണാടിയും കയര്‍ കൈത്തറി ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളുമെല്ലാം കൂടുതല്‍ ബ്രാന്‍ഡ് ചെയ്യാന്‍ കേരളീയം സഹായകരമാകും. വ്യവസായ മേഖലയിലെ ഉപഭോക്താക്കൾ, പങ്കാളികൾ, വിതരണക്കാർ, നിക്ഷേപകർ എന്നിവരുടെ പരസ്‌പരമുള്ള സംവാദത്തിനും ചർച്ചകൾക്കും കേരളീയത്തിന്റെ ഭാഗമായുള്ള വ്യാപാരമേള വഴിയൊരുക്കി.

കേരളീയത്തിലെ ബിസിനസ് ടു ബിസിനസ് മീറ്റിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച മുന്നേറ്റം ലോകത്തിന് പരിചയപ്പെടുത്തി. സംസ്ഥാനത്തിന്റെ പുറത്തുനിന്ന് എത്തുന്നവർക്ക് കേരളത്തിലെ ഉത്‌പന്നങ്ങൾ പരിചയപ്പെടാനും സംരംഭകരുമായി കൂടിക്കാഴ്‌ച നടത്താനും അവസരമുണ്ടാക്കി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(എഫ്‌ഐസിസിഐ)യുമായി സഹകരിച്ചായിരുന്നു പരിപാടി.

കേരളീയം ധൂര്‍ത്തല്ല; 
അഭിമാനം
സാമ്പത്തിക ഞെരുക്കമുള്ളപ്പോള്‍ എന്തിനാണ് കേരളീയം സംഘടിപ്പിക്കുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. പലതരം ദുഷ് പ്രചരണങ്ങളുണ്ടായി. ഒരു വിഭാഗം മാധ്യമങ്ങള്‍ നിരവധി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്തയാക്കി. എന്നാല്‍ കേരളീയത്തിന്റെ ആകെ ബജറ്റിന്റെ പകുതിയിലധികവും സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം ഇതിലും കുറഞ്ഞ ചെലവില്‍ കേരളീയം സംഘടിപ്പിക്കാനാകും. വ്യാപാര വ്യവസായ മേഖലകളുടെയും ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടും സ്പോണ്‍സര്‍ഷിപ്പോടെയും കേരളീയം പരിപാടി കുറഞ്ഞ സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കാന്‍ കഴിയും.

കേരളീയം ഒരു ധൂര്‍ത്തല്ല, ഭാവിയിലേക്ക്‌ കേരളത്തെ ബ്രാന്‍ഡ് ചെയ്യാനുള്ളതും ഇനിവരുന്ന തലമുറകള്‍ക്കുവേണ്ടിയുള്ള മൂലധന നിക്ഷേപവുമാണ്. ഭാവികേരളം ഏറ്റവും പ്രാധാന്യത്തോടെ നോക്കിക്കാണാന്‍ പോകുന്ന സമഗ്രമായ ഒരു ഉത്സവമായും ഒരു സീസണായും ഇത് മാറും. ലോകം കേരളത്തിലേക്ക് നോക്കുകയും കേരളം ലോകത്തിനുമുന്നില്‍ പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന മഹാവേദിയായി കേരളീയം മാറ്റപ്പെടും. കേരളീയത്തിന്റെ സമയവും പരിപാടികളും നോക്കി കേരളം സന്ദര്‍ശിക്കാനെത്തുന്ന വിദേശികളെയും വിദേശ മലയാളികളെയും താമസംവിനാ നമുക്ക് കാണുവാന്‍ കഴിയും. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേളയായും ടൂറിസം സീസണായും കേരളീയത്തെ വികസിപ്പിച്ച് കേരളമെന്ന ഒരു ബ്രാന്‍ഡിനെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ സമസ്ത മേഖലകളെയും ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുന്ന കേരളീയത്തിന്റെ വിജയത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാനുള്ളത്. ജനങ്ങളാകെ ഏറ്റെടുത്ത ഈ മഹാ പ്രസ്ഥാനത്തെ സംസ്ഥാനത്തിന്റെ അഭിമാനമാക്കി മാറ്റിയെടുക്കാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular