അതിപ്രശസ്ത സിറിയൻ കവി നിസാർ ഖബ്ബാനിയുടെ കവിത (പ്രിയ കവി വി രവികുമാറിന്റെ പരിഭാഷ) പലസ്തീൻ ജനതയുടെ ഒരു നൂറ്റാണ്ടിലധികം നീണ്ട നിരാലംബവസ്ഥയെ കുറിക്കുന്നു. |
കല്ലുകളേന്തിയ കുട്ടികൾ
ഞങ്ങളുടെ കടലാസ്സുകൾ
ചീന്തിയെറിയുന്നു
ഞങ്ങളുടെ
കുപ്പായങ്ങളിൽ മഷി
കുടയുന്നു.
പഴമ്പുരാണങ്ങളുടെ
വെെരുധ്യത്തെ
കളിയാക്കുന്നു.
നൂറ്റാണ്ടുകൾ നീണ്ട
ദാഹത്തിനു ശേഷം
അവർ ഞങ്ങൾക്ക്
മഴയുമായെത്തിയിരിക്കുന്നു..
നൂറ്റാണ്ടുകൾ നീണ്ട
അന്ധകാരത്തിനുശേഷം
അവർ ഞങ്ങൾക്ക്
സൂര്യനുമായെത്തിയിരിക്കുന്നു.
നൂറ്റാണ്ടുകൾ നീണ്ട
പരാജയത്തിനുശേഷം
അവർ ഞങ്ങൾക്ക്
പ്രത്യാശയുമായെത്തിയിരിക്കുന്നു.
ഞങ്ങളുടെ പൂർവികരുടെ
അധികാരത്തിനെതിരെ
അവർ കലഹിക്കുന്നു
അനുസരണയുടെ വീട്ടിൽ
നിന്നവരോടിപ്പോയിരിക്കുന്നു.
ഗാസയിലെ കുട്ടികളെ,
ഞങ്ങളുടെ
പ്രക്ഷേപണങ്ങൾ നിങ്ങൾ
കാര്യമാക്കേണ്ട.
തണുത്ത
കണക്കുകൂട്ടലുകളുടെ
കൂട്ടൽ കിഴിക്കലുകളുടെ
ആളുകളാണ് ഞങ്ങൾ
നിങ്ങൾ നിങ്ങളുടെ
യുദ്ധങ്ങൾ
നടത്തിക്കൊള്ളുക
ഞങ്ങളെ വെറുതേവിടുക.
മരിച്ചവരും
കുഴിമാടങ്ങളില്ലാത്തവരുമാണ് ഞങ്ങൾ
കണ്ണുകളില്ലാത്ത അനാഥർ;
ഗാസയിലെ കുട്ടികളെ,
ഞങ്ങളുടെ ഗ്രന്ഥങ്ങളിൽ
പരതരുതേ,
ഞങ്ങളെ വായിക്കരുതേ
നിങ്ങളുടെ
പിതാക്കന്മാരാണ്
ഞങ്ങൾ.
ഞങ്ങളെപ്പോലാകരുതേ
ഭ്രാന്തു പിടച്ച ഗാസാനിവാസികളെ
ഭ്രാന്തു
പിടിച്ചവർക്കൊരായിരം
സലാം.
രാഷ്ട്രീയത്തിൽ
യുക്തിയുടെ കാലമെന്നോ
കഴിഞ്ഞു.
അതിനാൽ ഞങ്ങളെ
ഭ്രാന്തരാകാൻ പഠിപ്പിക്കുക.’’
ഒരു തുണ്ടുഭൂമി: ‘ഗാസ’, എത്രയോ കാലമായി മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവർക്ക് തീരാത്ത ഹൃദയവേദനയാണ്.
ലോകത്തെ ഏറ്റവും വലിപ്പമുള്ള ‘തുറന്ന ജയിൽ’ എന്നറിയപ്പെടുന്ന ‘ഗാസ’, യഥാർഥത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ‘കോൺസെൻട്രേഷൻ ക്യാമ്പ്’ (മരണപീഡനനരകം) ആയി മാറിയിരിക്കുന്നു.
നാലായിരത്തിലധികം കുഞ്ഞുങ്ങൾ സഹിതം 10000ത്തിലധികം പലസ്തീൻകാർ–ഇതിനകം ഇസ്രയേലി ബോംബിങ്ങിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. അംഗഭംഗം വന്ന് മരണത്തേക്കാൾ ഭീകരമായ വേദനയോടെ പിടഞ്ഞു തീരുന്ന ജീവിതങ്ങൾ അതിന്റെ പലമടങ്ങ്.
അതുകൊണ്ടുതന്നെ അടിയന്തര വെടിനിറുത്തൽ അംഗീകരിക്കുവാൻ ഇസ്രയേലും അതിന്റെ സംരക്ഷകരായ അമേരിക്കൻ സാമ്രാജ്യത്വ ക്യാമ്പും തയ്യാറാകണം എന്ന ശക്തമായ ആവശ്യം ഉന്നയിച്ചുകൊണ്ടാവണം. ഇന്ന് ലോകം ഇടപെടേണ്ടത്.
ഇതെഴുതുന്ന നവംബർ 8ന് ‘ദ ഹിന്ദു ദിനപ്പത്രം അതിന്റെ മുഖപ്രസംഗത്തിൽ എന്തുകൊണ്ട് വെടിനിറുത്തൽ അത്യന്താപേക്ഷിതമാണ് എന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായത്തിൽ ‘ആയിരക്കണക്കിന് കൊച്ചുകുഞ്ഞുങ്ങളുടെ ശവപ്പറമ്പായി’ ഗാസ മാറിയിരിക്കുന്നു. മറ്റെല്ലാവർക്കും അതൊരു ‘‘സജീവമായ നരക’’വുമാണ്.
ഇസ്രയേലിന്റെ ആക്രമണങ്ങളും അവസാനിപ്പിക്കാത്ത ബോംബിങ്ങുംമൂലം 15 ലക്ഷത്തിലധികം പലസ്തീനിയൻ മനുഷ്യർ സ്വന്തം താമസസ്ഥലത്തുനിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോൾ ‘ഗാസ’ ആസ്ഥാനമായുള്ളവരുടെ (ഹമാസ്) നേതൃത്വത്തിൽ പിടിച്ചുനിൽക്കുവാനായി ഏറ്റവും കടുത്ത പ്രതിരോധ യുദ്ധപദ്ധതികൾ തയ്യാറാക്കി വരികയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഗാസയുടെ ദീർഘകാല നിയന്ത്രണം ഇസ്രയേലിനായിരിക്കും എന്ന, നെതന്യാഹു എന്ന യുദ്ധക്കുറ്റവാളി പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അഖണ്ഡ ഇസ്രയേൽ സംസ്ഥാപനത്തിന്റെ പാതയിൽ വലിയ മുന്നേറ്റങ്ങൾ കെെവരിക്കാനുള്ള സന്ദർഭമായി ഇപ്പോഴത്തെ സംഘർഷ സന്ദർഭത്തിൽ കരുക്കൾ നീക്കുകയാണ് സയണിസ്റ്റുകൾ.
എന്താണ്, ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ?
ഐക്യരാഷ്ട്രസഭയുടെയും ഫ്രാൻസിസ് മാർപ്പാപ്പയുടെയും മറ്റും മറ്റും പതിഞ്ഞ ശബ്ദത്തിലുള്ള അഭ്യർഥന പ്രകാരം വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാകുമെന്നു തോന്നുന്നില്ല. അങ്ങനെ ഉണ്ടായാൽ അത് അത്യന്തം അസാധാരണമായ ഒരു സംഭവവികാസമായിരിക്കും. ഗാസയിൽ വേണ്ടി വന്നാൽ നീണ്ടുനിൽക്കുന്ന ആക്രമണയുദ്ധ പദ്ധതി നടപ്പാക്കിയാലും ‘ഹമാസി’നെ ഉന്മൂലനം ചെയ്യാനുദ്ദേശിച്ചുള്ള ഒരു പദ്ധതിയാവും ഇസ്രയേൽ നടപ്പാക്കാൻ ശ്രമിക്കുക എന്നുവേണം അനുമാനിക്കാൻ.
ഇറാക്കിൽ സദ്ദാം ഹുസെെനെതിരെയും ലിബിയയിൽ ഗദ്ദാഫിക്കെതിരെയും അമേരിക്കൻ സേന അപ്രകാരമാണല്ലോ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നീങ്ങിയത്.
എന്നാൽ ‘ഹമാസി’ന്റെ കാര്യത്തിൽ അത് അത്ര അനായാസമായിരിക്കും എന്ന് കരുതാൻ വയ്യ. അഥവാ ഗാസയിലെ ഇപ്പോഴത്തെ സെെനികനീക്കത്തിൽ സാങ്കേതികമായി ഇസ്രയേൽ ആ ലക്ഷ്യം കെെവരിച്ചു എന്ന് അവകാശപ്പെടുന്ന സ്ഥിതി ഒരു പക്ഷേ സൃഷ്ടിക്കപ്പെട്ടേക്കാം. എന്നാൽ അത് വെറും താൽക്കാലികമായ ഒരു ‘ആശ്വാസം’ മാത്രമാണ് എന്ന് ഇസ്രയേലും അവരുടെ യജമാനന്മാരായ സാമ്രാജ്യത്വവും താമസിയാതെ മനസ്സിലാക്കും. കാരണം ലോകത്താകെയുള്ള പലസ്തീൻകാരെ സാമ്രാജ്യത്വത്തിനും അതിന്റെ വാടകക്കൊലയാളിയായ ഇസ്രയേലിനും കൊന്നുതീർക്കാനാവില്ല. ജോർദ്ദാനിലും ലബനനിലും സിറിയയിലും ഈജിപ്തിലും ഒക്കെ ചിതറിപ്പരന്നു കിടക്കുന്ന പലസ്തീൻ അഭയാർഥികൾ കൂടുതൽ തീവ്രമായി ഒത്തൊരുമിക്കുന്നതിലേക്ക് ഇസ്രയേൽ– അമേരിക്ക അച്ചുതണ്ടിന്റെ കടുംകെെകൾ കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കാം. അവർ കൂടുതൽ മിലിറ്റന്റായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തേക്കാം. അത് അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമ്രാജ്യത്വക്യാമ്പിന്റ ഒട്ടാകെയും ലക്ഷ്യങ്ങൾക്ക് ഒരർഥത്തിൽ അനുഗുണമാകാം. കാരണം യുദ്ധേപകരണ നിർമാണ വ്യവസായത്തിലാണല്ലോ അമേരിക്കക്കും ഇസ്രയേലിനും കൂട്ടാളികൾക്കും ഏറ്റവും താൽപ്പര്യം. പരമാവധി ലാഭവും കമ്മീഷനും അവിടെയാണ്. തീവ്രവാദവും സംഘർഷങ്ങളും ലോകത്തു തുടരുന്നതാണല്ലോ ആയുധ നിർമാണലോബിക്ക് ഏറ്റവും ലാഭകരം! ലോകത്തൊട്ടാകെ അവസാനിക്കാത്ത സംഘർഷങ്ങളാണ് അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വ ക്യാമ്പിന് ഏറ്റവും പ്രതീക്ഷ പകരുന്നത്. കിഴക്കൻ ജറുസലും തലസ്ഥാനമാക്കി, 1967ന് മുമ്പത്തെ അതിരുകളോടെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പലസ്തീൻ സ്വതന്ത്രമാകുന്നത് തടയാൻ സയണിസ്റ്റുകളും അമേരിക്കൻ സാമ്രാജ്യത്വവും വാശി പിടിക്കുന്നത്. അവരുടെ മേൽ സൂചിപ്പിച്ച സാമ്പത്തിക താൽപ്പര്യങ്ങൾ കൊണ്ടുകൂടിയാണ്.
ഈ പശ്ചാത്തലത്തിലാണ് സിപിഐ (എം) ഉൾപ്പെടെ അഞ്ച് ഇടതുപക്ഷപ്പാർട്ടികൾ നവംബർ 7 മുതൽ 10 വരെ പലസ്തീൻ ഐക്യദാർ-ഢ്യ ക്യാമ്പയിനുകൾ നടത്താൻ ആഹ്വാനം ചെയ്തത്. അമേരിക്കയുടെ വിദേശകാര്യ പ്രതിരോധമന്ത്രിമാർ നവംബർ 9–10 തീയതികളിൽ ഇന്ത്യ സന്ദർശിക്കുന്നതിനെതിരായി കൂടിയാണ് ഈ ദിനങ്ങൾ ഉപയോഗിക്കേണ്ടത്. പലസ്തീൻ ഐക്യദാർഢ്യവും അമേരിക്കൻ ഇസ്രയേൽ നയങ്ങളോടുള്ള പ്രതിഷേധവും പ്രകടിപ്പിക്കാൻ കൂടി വേണ്ടിയാണ് ഇത്.
പലസ്തീൻ വിഷയത്തിൽ, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുതൽ നാം പിന്തുടർന്നു വന്ന സമീപനമാണ് നരേന്ദ്രമോദി സർക്കാർ, ഉപേക്ഷിച്ചിരിക്കുന്നത്. ഇതിനെ തുറന്നു കാട്ടുന്ന ചടുലമായ ക്യാമ്പയിനുകൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ♦