Monday, July 22, 2024

ad

Homeസമകാലികംഅസാധാരണമായ സംഭവഗതികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കേരളം

അസാധാരണമായ സംഭവഗതികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കേരളം

എം വി ഗോവിന്ദന്‍

1956  നവംബര്‍ 1–ാം തീയതിയാണ് ഐക്യകേരളം സൃഷ്ടിക്കപ്പെടുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു ഭാഗങ്ങളായി കിടന്ന കേരളത്തെ ഭാഷാ സംസ്ഥാനമാക്കി മാറ്റുന്നതിനു പിന്നില്‍ ഏറെക്കാലത്തെ വൈവിധ്യമാര്‍ന്ന ഇടപെടലുകളുടെ ചരിത്രമുണ്ട്. ആ ചരിത്രങ്ങളും, തുടര്‍ന്ന് സംസ്ഥാന രൂപീകരണവും, അതിന് ശേഷം കേരളം കൈവരിച്ച നേട്ടങ്ങളും കേരള ജനത മനസ്സിലാക്കേണ്ടതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതോടൊപ്പം കേരളം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് മനസ്സിലാക്കി നവകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയെന്നതും പ്രധാനമായിട്ടുള്ളതാണ്. ഇത്തരമൊരു ഇടപെടലാണ് കേരളീയം പരിപാടിയിലൂടെ മുന്നോട്ടുവെച്ചത്. അത്തരം ഇടപെടലുകള്‍ പോലും ധൂര്‍ത്താണെന്ന കാഴ്ചപ്പാടാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്.

പാര്‍ട്ടിക്കും, സംസ്ഥാന സര്‍ക്കാരിനും എതിരെ കഴിഞ്ഞകാലത്തുണ്ടായതിനേക്കാള്‍ തീവ്രമായ തരത്തിലാണ് മാധ്യമങ്ങള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ തമസ്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണത മുമ്പ് പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന രീതിയുമുണ്ട്. എന്നാല്‍ വ്യാജവാര്‍ത്തകളുണ്ടാക്കുന്നതിന് അത്തരം സംഭവങ്ങള്‍ തന്നെ ഗൂഢാലോചനയിലൂടെ ഉണ്ടാക്കി മുന്നോട്ടുപോകുന്ന രീതിയും കേരളത്തിലുണ്ടായി. ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഓഫീസിനെതിരായി സൃഷ്ടിക്കപ്പെട്ട ആരോപണം ഇത്തരത്തിലുള്ള ഒന്നായിരുന്നു. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമായ പ്രവണതയേ അല്ല. ഇത്തരം പ്രവണതക്കെതിരെ ശക്തമായ പ്രതികരണം മാധ്യമ ലോകത്ത് നിന്ന് തന്നെ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രഖ്യാപനം ഉണ്ടായില്ല എന്നത് കേരളത്തിലെ മാധ്യമ ലോകം എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ്. ഏത് രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും ഇത്തരം പ്രവണതയെ ശക്തമായി എതിര്‍ക്കാന്‍ കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനാധിപത്യ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ എന്ന തിരിച്ചറിവിലേക്ക് നാം എത്തേണ്ടതുണ്ട്.

കേരളത്തിലെ മാധ്യമങ്ങള്‍ കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും, അവ പരിഹരിക്കുന്നതിനും യാതൊരു തരത്തിലും ശ്രമിക്കുന്നില്ല എന്നത് കേരളത്തിലെ മാധ്യമ രംഗം ചെന്നുപെട്ട ആഴമേറിയ പ്രതിസന്ധിയെ വ്യക്തമാക്കുന്നു. ഉദാഹരണമായി കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് റബ്ബറിന്റെ വിലയിടിവ്. ഈ വിലയിടിവ് റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയാണ്. എന്നാല്‍ റബ്ബറിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ എം.ആര്‍.എഫ് പോലുള്ള കമ്പനികള്‍ക്ക് ഇത് നേട്ടവുമാണ്. അതുകൊണ്ട് തന്നെ അത്തരം കമ്പനികള്‍ നടത്തുന്ന മാധ്യമങ്ങള്‍ റബ്ബര്‍ ഇറക്കുമതി പ്രശ്നം ഒരു പ്രധാന പ്രശ്നമായി അവതരിപ്പിക്കുകയില്ല. മാധ്യമങ്ങളുടെ വര്‍ഗ്ഗ സ്വഭാവത്തിന്റെ കൂടി ഭാഗമാണിത്. ഇത്തരത്തില്‍ വ്യവസായികള്‍ മാധ്യമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സ്ഥിതി ഉണ്ടായത്. മാധ്യമങ്ങളുടെ ഈ നിലപാടാണ് മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മാധ്യമങ്ങളില്‍ പ്രതിപാദിക്കാതെ പോകുന്നതിനു പ്രധാന കാരണമായി നില്‍ക്കുന്നത്. ഇത്തരം സ്ഥാപിത താല്‍പര്യങ്ങളെ തുറന്നുകാട്ടിക്കൊണ്ടു മാത്രമേ സ്വദേശാഭിമാനി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിപ്പിടിച്ച മാധ്യമ സ്വാതന്ത്ര്യങ്ങളുടെ കൂടി കാഴ്ചപ്പാടുകള്‍ പ്രായോഗികമാക്കാനാകൂ.

മാധ്യമങ്ങളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തി നാടിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന വലതുപക്ഷ ശക്തികളുടെ എം.പിമാരും ഇതിന് സമാനമായ നിലപാടുകളാണ് മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രശ്നത്തെ സംബന്ധിച്ച് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിക്കുക എന്നത് പൊതുവായ ഒരു രീതിയാണ്. സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്യുകയും, കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയും പതിവായിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങളെ സംബന്ധിച്ച് പൊതുവായ മെമ്മോറാണ്ടത്തില്‍ ഒപ്പിടാനോ, കേന്ദ്ര മന്ത്രിമാരെ കാണുന്നതിനോ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണമായ സംഭവത്തിനാണ് ഇതിലൂടെ കേരളം സാക്ഷ്യം വഹിച്ചത്. കേരളം സവിശേഷമായ രീതിയില്‍ കേന്ദ്ര അവഗണന നേരിടുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നിലപാട് അവർ സ്വീകരിച്ചത്.

കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനയാണ് നമ്മുടെ സഹകരണ മേഖല ചെയ്യുന്നത്. സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുകയെന്നത് പ്രധാനമാണ്. അതിനുതകുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ചത്. കരുവന്നൂര്‍ ബാങ്കില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അക്കാര്യത്തില്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥ തലത്തിലും നടപടി സ്വീകരിച്ചുവെന്ന് മാത്രമല്ല പൊലീസ് അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. നിക്ഷേപകര്‍ക്ക് നിക്ഷേപം ഉള്‍പ്പെടെ തിരിച്ചുനല്‍കുന്നതിനുവേണ്ടിയുള്ള നടപടിയും സ്വീകരിച്ചു. തകര്‍ന്ന ബാങ്കുകളെ കൈവിടുകയെന്നതല്ല അവയെ സംരക്ഷിക്കുകയെന്നതാണ് ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സ്വീകരിക്കുന്ന സമീപനം.

എന്തുകൊണ്ടാണ് സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതിന് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ മേഖലയിലെ നിക്ഷേപം മുഴുവന്‍ കൈവശപ്പെടുത്താനുള്ള ധനമൂലധന ശക്തികളുടെ താല്‍പര്യത്തിന് കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സഹകരണ മേഖലയിലേക്ക് ഇ.ഡി പ്രവേശിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി കേരളത്തിലെ സഹകരണ മേഖലയേയും പാര്‍ട്ടിയേയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്.

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലും, മഹാരാഷ്ട്രയിലും സഹകരണ മേഖലയിലെ തെറ്റായ നടപടിക്കെതിരെ കേസെടുക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടും ആ സംസ്ഥാനങ്ങളിലൊന്നും കേസെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. മാത്രമല്ല അവിടെ തകര്‍ന്ന ബാങ്കുകളിലെ നിക്ഷേപം തിരിച്ചു കൊടുക്കാന്‍ യാതൊരു നടപടിയും സ്ഥാപനങ്ങളുടേയോ, സര്‍ക്കാരിന്റേയോ ഭാഗത്തുനിന്നും ഉണ്ടായില്ല. കേരളത്തിലെ സഹകരണ മേഖലക്കെതിരായി രാഷ്ട്രീയ പ്രേരിതമായി നടന്ന അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയിട്ടും ഇതിനെതിരെ ശക്തമായി ശബ്ദിക്കുന്നതിന് വലതുപക്ഷമോ, കേരളത്തിലെ മാധ്യമങ്ങളോ തയ്യാറായില്ല എന്നും കാണേണ്ടതാണ്. ബി.ജെ.പിയുമായി ചേര്‍ന്നാലും കൊള്ളാം കേരളത്തേയും, ഇടതുപക്ഷത്തേയും എങ്ങനെ തകര്‍ക്കാനാകുമെന്ന ഗവേഷണത്തിലാണ് യുഡിഎഫ് മുഴുകിയിരിക്കുന്നത്.

ഒരു സംസ്ഥാനത്തിന് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ശക്തമായ കേന്ദ്ര അവഗണനയാണ് സാമ്പത്തിക രംഗത്തുണ്ടായിട്ടുള്ളത്. 10–ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് അനുവദിച്ചത് 3.8 ശതമാനമാണ്. എന്നാല്‍ 15–ാം ധനകാര്യ കമ്മിഷനിലെത്തുമ്പോള്‍ അത് 1.9 ശതമാനമായി കുറഞ്ഞിരിക്കുന്നു. കടമെടുക്കുന്നതിന് സംസ്ഥാനത്തിന് നിശ്ചയിക്കുന്ന പരിധി 3 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. അതേസമയം കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിയന്ത്രണവുമില്ല. കിഫ്ബി എടുക്കുന്ന കടവും, സാമൂഹ്യ പെന്‍ഷന്‍ നല്‍കുന്നതിന് രൂപീകരിച്ച ക്ഷേമ പെന്‍ഷന്‍ കമ്പനിയെടുക്കുന്ന കടവും സംസ്ഥാന കടമായി പരിഗണിക്കുന്ന നിലയും ഉണ്ടായിരിക്കുകയാണ്.

കേന്ദ്ര പദ്ധതികളില്‍ ചെലവാക്കുന്ന തുകയില്‍ മുമ്പ് 75 ശതമാനം കേന്ദ്രം ചെലവഴിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 60 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവ് കാരണം 2021–22 ല്‍ 3,572 കോടി രൂപയുടെയും 2022–23 ല്‍ 5,113 കോടി രൂപയുടെയും അധിക ബാധ്യത സംസ്ഥാനത്തിനുണ്ടായി. 57,000 കോടി രൂപയുടെ കുറവാണ് മറ്റ് ഇനങ്ങളിലായി സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. ഇത്തരം സാമ്പത്തിക ഉപരോധത്തിന്റെ പ്രശ്നം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. കേന്ദ്ര അവഗണനയ്ക്കെതിരെ പാര്‍ലമെന്റില്‍ ഇടപെടേണ്ട എം.പിമാരാവട്ടെ നീണ്ട മൗനത്തിലുമാണ്. പാര്‍ലമെന്റില്‍ ഇവര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യം വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമാണ്.

കേരളത്തിലെ കടലോര മേഖല നിരവധി പ്രതിസന്ധികളെ നേരിടുന്നുണ്ട്. വിദേശ ട്രോളറുകള്‍ക്ക് മത്സ്യബന്ധനത്തിനുള്ള അനുവാദം നല്‍കിയവര്‍ ആ മേഖലയിലെ ജനങ്ങളെ ദുരിതത്തിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊരു ശ്രമവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ, എം.പിമാരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ലെന്ന് കാണാം. ഇക്കാര്യത്തിലും സജീവമായ ഇടപെടലുകള്‍ കേരളം ആവശ്യപ്പെടുന്നുണ്ട്.

കേരളത്തിന്റെ റെയില്‍വെ വികസനവും പ്രധാനപ്പെട്ട പ്രശ്നമാണ്. കെ–റെയില്‍ കൊണ്ടുവന്ന് ഈ രംഗത്ത് ഒരു പുതിയ കുതിപ്പിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതാണ്. ഒരുകൂട്ടം മാധ്യമങ്ങളും, വലതുപക്ഷ രാഷ്ട്രീയ സമീപനമുള്ളവരും ഇതിനെതിരെ രംഗത്തുവരികയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആ ഘട്ടത്തില്‍ പിന്തുണയും ലഭിച്ചില്ല. വന്ദേഭാരത് ട്രെയിന്‍ വന്നതോടെ അതിവേഗ ട്രെയിനിന്റെ മഹത്വം പലരും കൊട്ടിഘോഷിച്ചു. എന്നാല്‍ അതിന്റെ വേഗത പോലും ശരിയായ നിലയില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്ത നിലയിലാണ് കേരളത്തിലെ നിലവിലുള്ള റെയില്‍വെ പാളങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുമാണ് ശ്രമിച്ചത്. കേരളത്തിലെ ട്രെയിനുകളില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധി ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. തിരക്കില്‍പ്പെട്ട് അബോധാവസ്ഥയിലാകുന്ന യാത്രക്കാരും കേരളത്തിന്റെ സവിശേഷതയായി മാറിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ പതിപ്പിക്കുന്നതിന് വലതുപക്ഷ മാധ്യമങ്ങളോ, കേരളത്തിലെ എം.പിമാരോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതേസമയം ഇവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തലയിലിടാനാകുമോ എന്ന ഗവേഷണ പ്രവര്‍ത്തനത്തിലാണ് ഇവരെല്ലാം മുഴുകിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തെറ്റായ നയങ്ങളെ തുറന്നുകാട്ടുകയും, ബദല്‍ നയങ്ങള്‍ അവതരിപ്പിച്ച് ഇടപെടുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തിക ഉപരോധത്തില്‍പ്പെടുത്തി തകര്‍ക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ സജ്ജമായിക്കൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് ആഭ്യന്തര വിഭവ സമാഹരണം ശക്തിപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ അനിവാര്യമാണ്. ജനക്ഷേമകരമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് നിയമസഭയുടെ ഉത്തരവാദിത്വവും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അയക്കുന്ന എല്ലാ ഫയലുകളും ഒപ്പിടാതെ മാറ്റിവെക്കുന്ന രീതിയാണ് ഗവര്‍ണര്‍ പിന്തുടരുന്നത്. നിയമസഭയെ തന്നെ നോക്കുകുത്തിയാക്കുന്ന വിധം കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ ഇടപെടുവിക്കുകയാണ്. ഗവര്‍ണറുടെ നടപടികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാകുമോയെന്ന പരിശ്രമവും വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഫെഡറലിസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം നിലപാടുകള്‍ക്കുനേരെ യു.ഡി.എഫ് അതിനെ മാത്രമല്ല ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി രാജ്യത്ത് വലിയ പ്രക്ഷോഭം വിവിധ മേഖലകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഇടതുപക്ഷം പ്രവര്‍ത്തിക്കുകയാണ്. ഇത്തരത്തില്‍ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും, ബദല്‍ നയങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഇടതുപക്ഷമാണ് തങ്ങളുടെ ശത്രുവെന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍.എസ്.എസിന്റെ തലവന്‍ തന്നെ മാര്‍ക്സിസ്റ്റ് ആശയ സംഹിത ഇല്ലാതാക്കുകയെന്നതാണ് സുപ്രധാന അജൻഡയെന്ന് പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്.

രാജ്യം മുന്നോട്ടുവെച്ച ഗുണപരമായ എല്ലാ പാരമ്പര്യങ്ങളേയും സ്വാംശീകരിച്ചുകൊണ്ട് ജനപക്ഷ രാഷ്ട്രീയം പാര്‍ട്ടിയും, സംസ്ഥാന സര്‍ക്കാരും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ബി.ജെ.പിക്കെതിരായുള്ള ബദല്‍ നയങ്ങള്‍ മാര്‍ക്സിസ്റ്റ് സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത് എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് അവരെ എത്തിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെ ഇന്ത്യയിലെ വിവിധ കക്ഷികളെ യോജിപ്പിച്ച് രൂപപ്പെട്ട സംവിധാനത്തെക്കുറിച്ച് വാതോരാതെ കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും ബി.ജെ.പി വിരുദ്ധ വോട്ടുകളെ യോജിപ്പിച്ച് നിര്‍ത്തുകയെന്ന സമീപനമാണ് ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആ കാഴ്ചപ്പാട് പ്രായോഗികമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. കേരളം പോലുള്ള സംസ്ഥാനത്ത് ബി.ജെ.പിക്കൊപ്പം നിന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഇവര്‍ പരിശ്രമിക്കുകയാണ്. ഈ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തേണ്ടത് അനിവാര്യമാണ്. കേരള ജനതയുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്. വരും നാളുകളില്‍ കേരളം അതിലൂടെയായിരിക്കും നടന്നുപോകുക. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + thirteen =

Most Popular