Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെപശ്ചിമാഫ്രിക്കയിൽ സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റം

പശ്ചിമാഫ്രിക്കയിൽ സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റം

ആര്യ ജിനദേവൻ

‘‘പശ്ചിമാഫ്രിക്കയുടെ വിമോചനമെന്ന നിശ്ചിത ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നതിന്‌ ഈ മേഖലയിൽ അടുത്തകാലത്ത്‌ അധികാരം പിടിച്ചെടുത്ത യുവസൈനിക നേതൃത്വത്തിന്‌ വഴികാട്ടികളാവുകയാണ്‌. ജനകീയ പ്രക്ഷോഭങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന കമ്യൂണിസ്റ്റ്‌ പാർട്ടികളും സോഷ്യലിസ്റ്റ്‌ പാർട്ടികളും ഈ ജനമുന്നേറ്റത്തെ ശക്തമായി പിന്തുണയ്‌ക്കണം… ജനങ്ങൾ വിപ്ലഏവം സൃഷ്ടിക്കുകയാണ്‌’’ എന്നാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ കോത്തെ ഡി ഐവൊറിയുടെ (ഐവറി കോസ്റ്റ്‌) ജനറൽ സെക്രട്ടറി ആച്ചി യെകിസ്സി പ്രസ്‌താവിച്ചത്‌.

നൈജർ, മാലി, ബർക്കിനഫോസെ എന്നീ സഹേൽ മേഖലാ രാജ്യങ്ങളിൽ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി നിന്നിരുന്ന സേച്ഛാധിപത്യവാഴ്‌ചകളെ (‘‘ഇവയെല്ലാം തിരഞ്ഞെടുക്കപ്പെട്ടവ’’യുമാണ്‌) അട്ടിമറിച്ച്‌ അധികാരമേറ്റെടുത്ത ജനപക്ഷത്തു നിൽക്കുന്ന, സാമ്രാജ്യത്വവിരുദ്ധരായ യുവസൈനിക ഓഫീസർമാരെ പുറത്താക്കാനാണ്‌ സാമ്രാജ്യത്വശക്തികൾ വിശേഷിച്ചും ഫ്രാൻസ്‌, ആഫ്രിക്കയിലെ അവയുടെ പിണിയാളുകളെ ഉപയോഗിച്ച്‌ ശ്രമിക്കുന്നത്‌. സൈനിക ഇടപെടലിലൂടെ ഈ സാമ്രാജ്യത്വവിരുദ്ധ, പുരോഗമന ഭരണാധികാരികളെ അട്ടിമറിക്കാൻ നടത്തുന്ന പിന്തിരിപ്പൻ നീക്കങ്ങളെ ജനമുന്നേറ്റങ്ങളിലൂടെയാണ്‌ ചെറുക്കുന്നത്‌. പുരോഗമന സ്വഭാവമുള്ള ഗവൺമെന്റുകൾ അധികാരത്തിൽ വന്ന രാജ്യങ്ങളിൽ മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങളും തങ്ങളുടെ ഭരണാധികാരികൾ ഈ മേഖലയിലെ പുരോഗമനസ്വഭാവമുള്ള ഗവൺമെന്റുകളെ അട്ടിമറിക്കാൻ സൈനിക ഇടപെടിലിന്‌ ശ്രമിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്‌. ഇത്തരം നീക്കങ്ങൾ ശക്തിപ്പെടുത്തണമെന്നാണ്‌ ആച്ചി യെകിസ്സി പ്രസ്‌താവിക്കുന്നത്‌.

നൈജറിൽനിന്ന്‌ ഫ്രഞ്ച്‌ സേനയെ പൂർണമായും പിൻവലിക്കണമെന്ന്‌ രണ്ടുമാസത്തിനുമുമ്പ്‌ അധികാരത്തിൽ വന്ന വിപ്ലവ ഭരണാധികാരികൾ കർശനമായി നിർദേശിച്ചതിനെത്തുടർന്ന്‌ ഒക്ടോബർ 22ന്‌ ക്വാളം സൈനികത്താവളത്തിൽ തമ്പടിച്ചിരുന്ന ഫ്രഞ്ച്‌ സേന രാജ്യം വിട്ടുപോയി. നാഷണൽ കൗൺസിൽ ഫോർ സേഫ്‌ഗാർഡ്‌ ഓഫ്‌ ദി ഹോംലാൻഡ്‌ എന്ന പ്രസ്ഥാനമാണ്‌ മുൻ പ്രസിഡന്റ്‌ മുഹമ്മദ്‌ ബസൂമിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കി അധികാരമേറ്റെടുത്തത്‌. ഫ്രഞ്ച്‌ നിയൊ കൊളോണിയസത്തിനും ചൂഷണത്തിനുമെതിരായി, നൈജറിന്റെ പരമാധികാരം സംരക്ഷിക്കാനായി പതിനായിരക്കണക്കിന്‌ ജനങ്ങളാണ്‌ പുതിയ ഭരണാധികാരികൾക്ക്‌ പിന്തുണയുമായി തെരുവിലിറങ്ങിയത്‌. ഇക്കണോമിക്‌ കമ്യൂണിറ്റി ഓഫ്‌ വെസ്റ്റ്‌ ആഫ്രിക്കൻ സ്‌റ്റേറ്റ്‌സ്‌ (ECDWAS) എന്ന മേഖലാതല കൂട്ടായ്‌മ നൈജറിലും മറ്റും പുതുതായി അധികാരത്തിൽ വന്ന വിപ്ലവ ഭരണത്തെ സൈനിക ഇടപെടലുകളിലൂടെ ഉൾപ്പെടെ പുറത്താക്കാൻ നടത്തിയ നീക്കങ്ങളെ ആഫ്രിക്കയിലുടനീളമുള്ള ജനങ്ങൾ അണിനിരന്നാണ്‌ പിന്തിരിപ്പിച്ചത്‌.

ഇക്കോവാസിന്റെ നീക്കങ്ങളെ ആ രാജ്യങ്ങളിലെ ജനങ്ങളടക്കം ശക്തമായി എതിർത്തതിനെത്തുടർന്ന്‌ (നൈജീരിയയിലെ പാർലമെന്റ്‌ തന്നെ സൈനിക നീക്കത്തിനെതിരായ പ്രമേയം പാസാക്കിയിരുന്നു) പിന്മാറാൻ നിർബന്ധിതമായെങ്കിലും കടുത്ത ഉപരോധം ഏർപ്പെടുത്തി കടൽ സാമീപ്യമില്ലാത്ത നൈജറിനെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയാണ്‌. നൈജറിന്റെ അയൽരാജ്യങ്ങളായ ബെനിനും നൈജീരിയയും തങ്ങളുടെ അതിർത്തി അടച്ചതിനു പുറമെ ഇക്കോവാസ്‌ അംഗരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലുമുള്ള നൈജറിന്റെ നിക്ഷേപങ്ങൾ മരവിപ്പിക്കുകയും നൈജറിനുള്ള വികസന സാമ്പത്തികസഹായങ്ങൾ സസ്‌പെൻഡ്‌ ചെയ്യുകയുമുണ്ടായി.

കർക്കശമായ ഈ ഉപരോധത്തെയും ഭക്ഷ്യ സുരക്ഷയില്ലായ്‌മയെയും വലതുപക്ഷ സായുധസംഘങ്ങളുടെ ആക്രമണങ്ങളെയും തുടർന്ന്‌ നൈജറിൽ മാനുഷിക സഹായം ആവശ്യമുള്ളവരുടെ എണ്ണം 81 ശതമാനമായി ഉയർന്നു. നൈജറിനു വേണ്ട എണ്ണയും (70 ശതമാനത്തിലധികവും) നൽകിയിരുന്നത്‌ നൈജീരിയ ആയിരുന്നു. നൈജറിലെ ഭരണമാറ്റത്തെത്തുടർന്ന്‌ വൈദ്യുതിബന്ധം പൂർണമായി നൈജീരിീയ വിച്ഛേദിച്ചു. വെസ്റ്റ്‌ ആഫ്രിക്കൻ ഇക്കണോമിക്‌ ആന്റ്‌ മോണിറ്ററി യൂണിയനിൽനിന്നും നൈജറിനെ പുറത്താക്കിയതിലൂടെ ബാങ്കിങ്ങ്‌ ഇടപാടുകൾ നടത്തുന്നതിലും ബജറ്റനുസരിച്ചുള്ള ചെലവുകൾ നിറവേറ്റുന്നതിനുള്ള പണലഭ്യത ഉറപ്പാക്കുന്നതിലും പ്രതിബന്ധം സൃഷ്ടിച്ചിരിക്കുകയാണ്‌. നൈജറിൽ ഭക്ഷ്യസാധനങ്ങളുടെ വിലകൾ കുതിച്ചുയരുന്നതിനും ഈ ഉപരോധം കാരണമായി; തന്മൂലം ഏഴ്‌ ലക്ഷത്തിലധികം ജനങ്ങളാണ്‌ (നൈജറിലെ ജനസംഖ്യയുടെ 44.1 ശതമാനം) 2023ൽ പരമദരിദ്രാവസ്ഥയിലേക്ക്‌ തള്ളിവിടപ്പെട്ടത്‌.

2011ൽ ലിബിയയിൽ നാറ്റോ നടത്തിയ വിനാശകരമായ സൈനികാക്രമണമാണ്‌ പശ്ചിമാഫ്രിക്കയിലെ പല രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളുടെ നവ കൊളോണിയൽ കൊള്ളയ്‌ക്കെതിരായ പ്രതിഷേധം ശക്തിപ്പെടുന്നതിന്‌ കാരണമായത്‌. അതിന്‌ 2013ൽ മാലിയിൽ നടന്ന ഇടതുപക്ഷ സൈനിക അട്ടിമറിയും തുടർന്ന്‌ അനുകൂലമായി ഉണ്ടായ ജനമുന്നേറ്റവും അതിന്റെ തുടക്കമായിരുന്നു. ഈ മുന്നേറ്റത്തെ ചെറുക്കാൻ ഫ്രാൻസ്‌ ഓപ്പറേഷൻ സെർവാൽ എന്ന പേരിൽ ഈ മേഖലയിലാകെ സൈനിക വിന്യാസം നടത്തി. എന്നാൽ ഫ്രാൻസിന്റെ സൈനിക സാന്നിധ്യത്തെയും മറികടന്ന്‌ മാലിയിലും ബുർക്കിനൊ ഫാസൊയിലും മറ്റും ജനകീയ പ്രതിഷേധങ്ങളും കലാപങ്ങളും വർധിച്ചുവന്നു. ഇതിന്റെ അനന്തരഫലമായിട്ടാണ്‌ 2020നും 2022നുമിടയിൽ മാലിയിലും ബുക്കിനൊ ഫാസൊയിലും സാമ്രാജ്യത്വവിരുദ്ധരും പുരോഗമനവാദികളുമായ യുവ സൈനിക ഓഫീസർമാർ അധികാരം പിടിച്ചെടുത്തത്‌. ജനപിന്തുണയോടെ ഈ രാജ്യങ്ങളിൽ അധികാരത്തിലെത്തിയ സൈനിക നേതൃത്വത്തിന്റെ ശക്തമായ നിലപാട്‌ 2022ൽ മാലിയിൽനിന്നും 2023 ആദ്യം ബുർക്കിനൊ ഫാസൊയിൽനിന്നും സൈന്യത്തെ പിൻവലിക്കാൻ ഫ്രാൻസിനെ നിർബന്ധിതനാക്കി.

സഹേൽ മേഖലയിലുണ്ടായ ഈ ജനമുന്നേറ്റത്തിന്റെയും ഭരണമാറ്റത്തിന്റെയും ഭാഗമായി ഏറ്റവും ഒടുവിൽ ചേർനന രാജ്യമാണ്‌ നൈജർ. ബുർക്കിനൊ ഫാസൊയും മാലിയും നൈജറും സാമ്പത്തിക ഉപരോധവും സൈനികാക്രമണ ഭീഷണിയും നേരിടുന്ന പശ്ചാത്തലത്തിൽ ഈ മൂന്ന്‌ രാജ്യങ്ങളും ചേർന്ന്‌ അലയൻസ്‌ ഓഫ്‌ സഹേൽ സ്‌റ്റേറ്റ്‌സിന്‌ (സഹേൽ രാഷ്‌ട്രസഖ്യം‐ AES) രൂപംനൽകി. മാത്രമല്ല മാലിയും ബുർക്കിനൊ ഫാസൊയും നൈജറിനെ സഹായിക്കാനായി ഭക്ഷ്യധാന്യങ്ങളുടെ ദേശീയ കയറ്റുമതി നിയന്ത്രണം നീക്കംചെയ്‌തു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസും അമേരിക്കയും ആഫ്രിക്കയിലെ അവരുടെ ശിങ്കിടികളും ഈ മേഖലയിൽ ഇനിയും അട്ടിമറി നീക്കങ്ങൾ ഉണ്ടാകുമെന്ന ഭയത്തിലാണ്‌. പാശ്ചാത്യശക്തികളും മാധ്യമങ്ങളും ‘‘സുസ്ഥിരതയുടെയും സമാധാനത്തിന്റെയും ഉരുക്കുകോട്ടകൾ’’ എന്ന്‌ വിശേഷിപ്പിക്കുന്ന സെനഗൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ദാരിദ്ര്യത്തിനും രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ ജനകീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ട്‌; ഇതിൽ ശ്രദ്ധേയമായ കാര്യം ഫ്രഞ്ച്‌ നവ കൊളോണിയൽ ചൂഷണത്തിന്റെ പ്രതീകങ്ങളെയെല്ലാമാണ്‌ ജനങ്ങൾ ആക്രമണലക്ഷ്യമാക്കുന്നുവെന്നതാണ്‌. നൈജറിൽ നിന്ന്‌ പിൻവാങ്ങുന്ന ഫ്രഞ്ച്‌ സൈന്യത്തിന്‌ സുഗമമായി പിൻവാങ്ങാൻ അയൽരാജ്യമായ ചാഡ്‌ സുരക്ഷിത ഇടനാഴി ഒരുക്കി. ഫ്രാൻസിന്റെ പിണിയാളായി തുടരുന്ന ചാഡിലെ ഭരണാധികാരികൾക്കെതിരെയും ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു. അവിടെയും ഫ്രഞ്ച്‌ സൈന്യത്തിനെതിരെയും കൂടിയാണ്‌ ജനങ്ങളുടെ പ്രതിഷേധം. എന്നാൽ ഈ ജനമുന്നേറ്റങ്ങളെല്ലാം റഷ്യയുടെ കുത്തിത്തിരിപ്പാണെന്ന്‌ പ്രചാരണംകൊണ്ട്‌ നേരിടാനാണ്‌ സാമ്രാജ്യത്വശക്തികൾ ശ്രമിക്കുന്നത്‌. എന്നാൽ കൂടുതൽ രാജ്യങ്ങളിലേക്ക്‌ ഈ സാമ്രാജ്യത്വവിരുദ്ധ പ്രതിംഷേധം പടർന്നുപിടിക്കുമെന്നാണ്‌ കൊത്തെ ഡി ഐവൊറിയിലെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആച്ചി യെകിസി പറയുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 1 =

Most Popular