Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കയിൽ 75000 ആരോഗ്യപ്രവർത്തകർ പണിമുടക്കി

അമേരിക്കയിൽ 75000 ആരോഗ്യപ്രവർത്തകർ പണിമുടക്കി

ടിനു ജോർജ്‌

നീതി നിറഞ്ഞ തൊഴിൽ സാഹചര്യങ്ങൾക്കെതിരായ പണിമുടക്കിന്റെ രണ്ടാം ദിവസവും കൈസർ പെർമനെന്റെയിലെ 75,000 ആരോഗ്യപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി പണിമുടക്കി. പടിഞ്ഞാറെ തീരം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ആരോഗ്യരക്ഷാ ദാതാവാണ് കൈസർ പെർമനെന്റെ. ആ സ്ഥാപനത്തിലെ ജീവനക്കാരുടെ ഈ പണിമുടക്ക് പ്രക്ഷോഭം അമേരിക്കയിലുടനീളം നാൽപ്പതിലധികം മെഡിക്കൽ ക്ലിനിക്കുകളെയും ആശുപത്രികളെയും ബാധിക്കുന്ന ഒന്നാണ്. പണിമുടക്ക് പ്രക്ഷോഭത്തിൽ നഴ്സുമാർ, ഡയറ്ററി പ്രവർത്തകർ, റിസപ്ഷനിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെയാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്.

സർവീസ് എ‌ംപ്ലോയീസ് ഇൻറർനാഷണൽ യൂണിയൻ -യുണൈറ്റഡ് ഹെൽത്ത് കെയർ വർക്കേഴ്സ് വെസ്റ്റ്, ഓഫീസ് ആൻഡ് പ്രൊഫഷണൽ എംപ്ലോയീസ് ഇൻറർനാഷണൽ യൂണിയൻ ലോക്കൽ 30, എസ് ഇ ഐ യു ലോക്കൽ 49, ഒപിഇഐയു ലോക്കൽ 2 തുടങ്ങിയ യൂണിയനുകളുടെ കൂട്ടായ്മയാണ് ഈ പണിമുടക്ക് സംഘടിപ്പിക്കുന്നത്. ജീവനക്കാർക്കു സ്വീകാര്യമായ പുതിയൊരു ഉടമ്പടി ഉടനടി നടപ്പാക്കിയില്ലെങ്കിൽ നവംബർ മാസത്തിൽ നീണ്ടകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ഈ കൂട്ടായ്മ പറയുന്നു. 2021-22 കാലത്ത് ജീവനക്കാർ കൂട്ടത്തോടെ രാജിവെച്ചു പോയ സംഭവത്തിൽ രാജ്യത്തുടനീളം 50 ലക്ഷത്തിലധികം ആരോഗ്യരക്ഷാപ്രവർത്തകരാണ് രാജിവെച്ചത്, ഇത് ആരോഗ്യരക്ഷാ ജീവനക്കാരുടെ കുറവിന്‌ ഇടയാക്കുന്നു എന്നും അതുകൊണ്ടാണ് കൃത്യമായി ജീവനക്കാരെ വെക്കാൻ സാധിക്കാത്തതെന്നും മറ്റും കൈസറിന്റെ വക്താവ് മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ജീവനക്കാർ പിരിഞ്ഞു പോകുവാനുള്ള കാരണം ഇവർ പറയുന്നില്ല. കുറഞ്ഞ ശമ്പളവും മോശപ്പെട്ട തൊഴിൽ സാഹചര്യവും ആരോഗ്യരക്ഷാ പ്രവർത്തകരെ വിലകുറച്ചു കാണുന്നതും മോശം പ്രയോജനവും എല്ലാം തന്നെ ജീവനക്കാരുടെ രാജിയിലേക്ക് നയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം കുതിച്ചു കയറുന്ന വീട്ടുവാടകയും മറ്റും ഇഴഞ്ഞുനീങ്ങുന്ന കൂലിവർധനയുടെ സാഹചര്യത്തിൽ വലിയ ബാധ്യതയായി മാറുന്നുവെന്ന് കൈസർ ജീവനക്കാർ പറയുന്നു. അതായത് തൊഴിലെടുക്കുന്നുണ്ട് എങ്കിലും ജീവിതഭാരം താങ്ങാനാവാത്ത സാഹചര്യമുണ്ടാവുന്നു.

“രണ്ടു കാരണങ്ങളാൽ തങ്ങളുടെ കാറുകളിൽ കിടന്നുറങ്ങുന്ന നഴ്സുമാർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അവർക്ക് രണ്ടുമൂന്നു മണിക്കൂർ യാത്ര ചെയ്തു വീട്ടിലെത്തുമ്പോൾ ഉണ്ടാവുന്ന ജീവിത ചെലവ് താങ്ങാൻ ആവുന്നില്ല, മറ്റൊന്ന് 14-16 മണിക്കൂറുകളോളം പണിയെടുത്ത് അവർ തളർന്നുപോകുന്നു”, ആരോഗ്യ പ്രവർത്തകൻ പറയുന്നു. യൂണിയൻ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത് അവർക്ക് 25ശതമാനത്തിനടുത്ത് ശമ്പള വർദ്ധനവ് അനുവദിക്കണമെന്നാണ് എന്നാൽ കൈസറിലെ അധികാരികൾ പറയുന്നത് 12% മുതൽ 14% വരെ ശമ്പള വർദ്ധനവ് മാത്രമേ തങ്ങൾക്ക് അനുവദിക്കാൻ ആവുകയുള്ളൂ എന്നാണ്. എന്തുതന്നെയായാലും ജീവനക്കാർക്ക് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ മേലധികാരികൾ ഇനിയും തയ്യാറായില്ലെങ്കിൽ വരും നാളുകളിൽ കൂടുതൽ ശക്തവും അനിശ്ചിതകാലം നീണ്ടുനിൽക്കുന്നതുമായ പണിമുടക്ക് പ്രക്ഷോഭത്തിലേക്ക് നീങ്ങും എന്നതുറപ്പാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + one =

Most Popular