Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെമെലോണിയുടെ തീവ്രവലതുപക്ഷ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

മെലോണിയുടെ തീവ്രവലതുപക്ഷ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

ആര്യ ജിനദേവൻ

തീവ്രവലതുപക്ഷ നയങ്ങൾ പിന്തുടരുന്ന പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നയങ്ങൾക്കെതിരെ ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (CGIL) ഒക്ടോബർ ഏഴിന് ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിൽ പതിനായിരക്കണക്കിന് ജനങ്ങൾ അണിനിരന്നു. ഇറ്റലിയിലെ പ്രധാന കേന്ദ്രമായ പിയാസ സാൻ ജിയോവാന്നി ചത്വരം ജനസഞ്ചയംകൊണ്ട് നിറഞ്ഞുകവിഞ്ഞു. മെലോണി ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയത്തിനും ഭരണഘടനാപരമായ അവകാശങ്ങളെ അട്ടിമറിക്കുന്ന നയങ്ങൾക്കും എതിരായാണ് ഈ പ്രക്ഷോഭം ആഹ്വാനം ചെയ്തിരുന്നത്. ട്രേഡ് യൂണിയനുകളോടൊപ്പം രാഷ്ട്രീയ പാർട്ടികളും സമാധാന പ്രസ്ഥാനങ്ങളും യുവജന സംഘടനകളുമടക്കം നൂറിലധികം ഗ്രൂപ്പുകൾ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്തു.

യുദ്ധത്തെ നഖശിഖാന്തം എതിർക്കുന്ന ഒരു ഭരണഘടന നിലവിലുള്ള രാജ്യത്ത് മെലോണി ഗവൺമെന്റ് നടത്തുന്നത് തികച്ചും യുദ്ധോത്സുകമായ സമീപനമാണ് എന്ന് ജനങ്ങൾ ആവർത്തിച്ചുപറയുന്നു. ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിനും സുരക്ഷാ നടപടികൾ കൈക്കൊള്ളുന്നതിനും കുടിയേറ്റ ജനതയെ ഇറ്റലിക്ക് പുറത്താക്കുന്നതിനുംവേണ്ടിയുള്ള നയങ്ങളാണ് പിന്തുടരുന്നത്. അതിനോടൊപ്പം ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള പൊതുജന സേവന രംഗങ്ങൾ ആകെ വാണിജ്യവൽക്കരിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കാറ്റിൽ പറത്തുന്നു. തികച്ചും ജനവിരുദ്ധമായ നയങ്ങളല്ലാതെ മറ്റൊന്നുംതന്നെ തന്റെ ഭരണകാലയളവിൽ മെലോണി നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ആവശ്യം ഒന്നോ രണ്ടോ പ്രാവശ്യം ഉന്നയിച്ചു സമര രംഗത്ത് ഇറങ്ങുന്നതിനേക്കാൾ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വേണം പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുവാൻ എന്ന് ട്രേഡ് യൂണിയനുകൾക്കും ഉറച്ച ബോധ്യം ഉണ്ടായിരുന്നു. ഭരണഘടനയെ സംരക്ഷിക്കുക എന്നതായിരുന്നു ഈ പ്രക്ഷോഭത്തിന്റെ പ്രധാന ആശയം എങ്കിലും ഫലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, ധനവിനിയോഗം, തൊഴിൽ സുരക്ഷ എന്നുതുടങ്ങി പത്രസ്വാതന്ത്ര്യം അടക്കമുള്ള എല്ലാ മേഖലകളിലെയും അവകാശങ്ങൾ ഉയർത്തി കാണിച്ചുകൊണ്ടാണ് സിജിഐഎൽ ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്. മാന്യമായ ശമ്പളം പുരോഗമനപരമായ നികുതി പിരിവ് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. ഇറ്റലിയെ സംബന്ധിച്ചിടത്തോളം അവിടുത്തെ ചെറുപ്പക്കാരായ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയെന്ന ആശയത്തിന്റെ യാതൊരുവിധ ആനുകൂല്യവും ലഭിക്കുന്നില്ല.

മെലോണിയും അവരുടെ മന്ത്രിമാരും രാജ്യം ഭരിക്കുന്നിടത്തോളം കാലം ഈ പറയുന്ന അവകാശങ്ങൾ ലഭ്യമാക്കുക തികച്ചും അസാധ്യമാണെന്ന് ജനങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ രാഷ്ട്രീയമണ്ഡലത്തിന്റെ ഗതിവിഗതികളിൽ കൃത്യമായ ഒരു മാറ്റം കൊണ്ടുവരുന്നതിനുള്ള പോരാട്ടമല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്നും തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയ ഈ ജനങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + ten =

Most Popular