Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിദളിത് - ആദിവാസി ജീവിതം വര്‍ത്തമാനകാല ഇന്ത്യന്‍ സമൂഹത്തില്‍

ദളിത് – ആദിവാസി ജീവിതം വര്‍ത്തമാനകാല ഇന്ത്യന്‍ സമൂഹത്തില്‍

കെ രാധാകൃഷ്ണൻ

ന്ത്യ സ്വതന്ത്രയായിട്ട് 76 വര്‍ഷം കടന്നുപോയിരിക്കുന്നു. പല മേഖലകളിലും പുരോഗതി കൈവരിച്ചുവെങ്കിലും വിവിധ മാനവ വിഭവ സൂചികകളില്‍ നാമിന്നും ലോകരാജ്യങ്ങളുടെ ഏറെ പുറകിലാണെന്ന കാര്യം മറന്നുകൂടാ. ദളിത്, ആദിവാസി, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജീവിതമാണ് ഇന്ത്യയിൽ ഏറ്റവും ദുരവസ്ഥയിലായിട്ടുള്ളത്. ഇതിനൊക്കെ പരിഹാരം കാണാതെയാണ് ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയെന്ന് കേന്ദ്ര ഭരണകർത്താക്കൾ മേനി നടിക്കുന്നത്.

കുറച്ചുകാലമായി നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന ദളിത് – ആദിവാസി പീഡനവാര്‍ത്തകള്‍ വളരെ നടുക്കമുണ്ടാക്കുന്നവയാണ്. കൂലി ചോദിച്ചതിന്റെ പേരിൽ യു.പി. യിലെ ഒരു ഗ്രാമത്തില്‍ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തെയാകെ വെടിവെച്ചു കൊന്നത് രണ്ടാഴ്ച മുമ്പാണ്. .മറ്റൊരു സംഭവത്തിൽ കൂലി ചോദിച്ച യുവാവിന്റെ നഖങ്ങള്‍ പറിച്ചെടുത്ത് നായ്ക്കളെ വിട്ട് കടിപ്പിച്ചു. യു.പി. യിലെ ഒരു സ്കൂളിൽ തന്നെയാണ് മുസ്ലീം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ അതേ ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപിക തല്ലിച്ചത്. തന്റെ കൈകൾക്ക് സ്വാധീനമുണ്ടായിരുന്നെങ്കിൽ താൻ തന്നെ തല്ലുമായിരുന്നെന്നും അതിന് തനിക്ക് ഗ്രാമത്തിന്റെ പിന്തുണയുണ്ടെന്നും അധ്യാപിക വിളിച്ചു പറഞ്ഞിരുന്നു. ഇത്തരത്തിൽ സമൂഹ മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന, ഒട്ടനവധി സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനുദിനം കേൾക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘപരിവാറിന് ഈ നടപടികളിലൊക്കെ കയ്യുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്. മനുസ്മൃതിയില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ കാലത്തേക്ക് രാജ്യത്തെ പുറകോട്ട് നടത്താനാണ് സംഘപരിവാറിന്റെ ശ്രമങ്ങള്‍. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ – 3 വിജയകരമായി വിക്ഷേപിച്ച് പര്യവേക്ഷണം നടത്തുന്ന നിലയിലേക്ക് വരെ രാജ്യം പുരോഗമിച്ചിട്ടും ജനമനസ്സുകളില്‍ ജാതി – മത വിദ്വേഷം കുത്തിവച്ച് ഭിന്നിപ്പിക്കാനാണ് സംഘപരിവാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

ഇതേ സമയം ഇന്ത്യയിലെ ദളിത് – ആദിവാസി ജീവിതങ്ങളുടെ പൊതു അവസ്ഥയിൽ നിന്ന് തികച്ചും വേറിട്ടുനില്‍ക്കുകയാണ് കേരളം. വിവിധ സമരപോരാട്ടങ്ങള്‍, നവോത്ഥാന മുന്നേറ്റങ്ങള്‍, ദേശീയ സ്വാതന്ത്ര്യ സമരം, പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകൾ, തുടർന്ന് 1957 ൽ അധികാരത്തിലെത്തിയ ഇ എം എസ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ മുതലായവയാണ് കേരളത്തിന്റെ സാമൂഹ്യ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം. കേരളത്തിലെ വലതുപക്ഷക്കാര്‍ക്കുപോലും ഒരു ഇടതുമനസ്സുണ്ടെന്ന് പറയാറുണ്ട്. പക്ഷേ, കേരളം നേടിയ സാമൂഹ്യ പുരോഗതിയെ തകര്‍ക്കാൻ ഭിന്നിപ്പിന്റെ ശക്തികള്‍ പരിശ്രമിക്കുന്നത് കാണാതിരുന്നുകൂടാ.

ഇതിന്റെ ഭാഗമാണ് ഈയിടെയുണ്ടായ അയിത്താചാര വിവാദങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും എന്നു കാണാന്‍ കഴിയും. കോട്ടയത്ത് ഒരു സമുദായ സംഘടനയുടെ ചടങ്ങിൽ പങ്കെടുത്തപ്പോൾ കേവലം ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമാണ് സംഘാടകരെല്ലാം പ്രസംഗിച്ചത്. ഏകദേശം ഒരു മണിക്കൂർ നടത്തിയ പ്രസംഗത്തിൽ 55 മിനിറ്റോളം രാജ്യത്ത് ദളിത് ആദിവാസി ജനസമൂഹം അനുഭവിക്കുന്ന ദുരിതങ്ങളും വിവിധ സംസ്ഥാനങ്ങളിലെ സാമൂഹ്യ അവസ്ഥകളും സാഹചര്യങ്ങളുമാണ് ഞാൻ പങ്കുവെച്ചത്. മനുഷ്യനെ അംഗീകരിക്കുന്ന സാമൂഹ്യ വ്യവസ്ഥ ഇവിടെയുണ്ടെങ്കിലും അനുകൂല സാഹചര്യമുണ്ടായാൽ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ജാതി ചിന്തകൾ ഇവിടെയും ഉയരുമെന്നാണ് ഞാൻ ഉദാഹരിച്ചത്.

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തന്ത്രി വിളക്കു കൈമാറാതെ നിലത്തുവച്ചതിനെക്കുറിച്ച് അന്നുതന്നെ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യനോട് അയിത്തം ആചരിക്കുമ്പോള്‍ തന്നെ അവരുടെ കാണിക്കയ്ക്ക് അവഗണനയില്ലെന്ന് പറഞ്ഞുകൊണ്ട് പലയിടങ്ങളിലും ഞാൻ നടത്തിയ പ്രസംഗങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. എന്നാല്‍ കോട്ടയത്തും ഇതാവര്‍ത്തിച്ചപ്പോള്‍ നിക്ഷിപ്ത താൽപര്യക്കാർ ഇതിനെ പരിധിയില്‍ കവിഞ്ഞ് വളര്‍ത്തി വിവാദമാക്കുകയായിരുന്നു. സാമൂഹ്യ വ്യവസ്ഥിതികളിൽ മാറ്റമുണ്ടാക്കാൻ നമ്മുടെ ജാതി ചിന്തകൾതന്നെ മാറണമെന്നായിരുന്നു ഞാൻ ചൂണ്ടിക്കാണിച്ചത്.

എന്നാൽ ജാതി ചിന്തകളെ തട്ടിയുണര്‍‍ത്തി, വെറുപ്പിന്റെ വിത്തുവിതച്ച് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മലീമസമാക്കാന്‍ നടത്തിയ ശ്രമം തികച്ചും ബോധപൂര്‍വ്വമാണ്. സ്വാമി വിവേകാനന്ദന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ വിമര്‍ശിച്ച ജാതിചിന്തയുടെ ഭ്രാന്താലയത്തിലേക്ക് കേരളത്തെ തള്ളിമാറ്റിയിടാൻ വീണ്ടും ശ്രമിക്കുകയായിരുന്നു ചിലർ. ഇത്തരം നീക്കങ്ങളെ നമ്മൾ ഒറ്റക്കെട്ടായി ചെറുക്കണം.

നമ്മുടെ കേരളത്തിൽ ജാതി – മത ഐക്യത്തിന്റെ കെടാവിളക്കുകൾ തെളിച്ചവരാണ് അയ്യാ വൈകുണ്ഠസ്വാമിയും ശ്രീനാരായണ ഗുരുവും അയ്യൻകാളിയും മന്നത്ത് പത്മനാഭനുമെല്ലാം. ഇവരെല്ലാം ചേർന്ന് തെളിയിച്ച ദീപനാളങ്ങളൊക്കെ കെടുത്തി, സമൂഹത്തെ വീണ്ടും പിന്നോട്ടടിപ്പിക്കാനാണ് ഇതിനിടെ പലരും ശ്രമിച്ചത്.

കമ്യൂണിസ്റ്റുകാർ മതവിശ്വാസത്തിന് എതിരാണെന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ ഇവര്‍ നിറയ്ക്കുകയാണ്. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതമെന്ന് മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്. ഈ ദര്‍ശനത്തിലൂന്നി കഴിഞ്ഞ 7 വര്‍ഷത്തിനകം 518 കോടി രൂപ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് ക്ഷേത്രങ്ങളുടെ പുരോഗതിയ്ക്കായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ശബരിമല മാസ്റ്റര്‍പ്ലാന്‍ അതിവേഗം പൂർത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. തീര്‍ത്ഥാടകരെ സഹായിക്കാൻ എത്താത്തവരും കാണിക്കയിടരുതെന്ന് പറഞ്ഞു നടക്കുന്നവരുമാണ് പ്രധാന വിമർശകർ.

ഇതേ സമയം സംഘ പരിവാറിനാൽ നയിക്കപ്പെടുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാജ്യത്തെ പ്രഥമ പൗരയോട് കാട്ടിയ അവഗണന മറക്കാവുന്നതല്ല. പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്താൻ സ്ത്രീയും പട്ടിക വർഗക്കാരിയുമായ രാഷ്ട്രപതിയെ സംഘ പരിവാറിലെ ബ്രാഹ്മണ നേതൃത്വം അനുവദിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. ദളിതരോടും ആദിവാസികളോടും സംഘപരിവാർ പ്രകടിപ്പിക്കുന്നത് കപട സ്നേഹമാണെന്നത് ഈ സംഭവത്തോടെ നിസ്സംശയം തെളിഞ്ഞു. അയിത്തത്തെയും തൊട്ടുകൂടായ്മയെയും ആദർശവൽക്കരിക്കുന്ന യുക്തികളിലൂടെയാണ് കേന്ദ്ര ഭരണം നയിക്കപ്പെടുന്നത്. ഇവർ രാജ്യം ഭരിക്കുമ്പോൾ ദളിതർക്കും പട്ടിക വർഗക്കാർക്കും പിന്നാക്കക്കാർക്കുമൊക്കെ സാമൂഹ്യ നീതിയും സാമൂഹ്യ സുരക്ഷയുമെല്ലാം പാഴ്സ്വപ്നങ്ങൾ മാത്രമാണ്.

ഫ്യൂഡൽ വ്യവസ്ഥിതിയിൽ നടമാടിയ ഒരു അനാചാരമാണ് അയിത്തം. ഏറിയും കുറഞ്ഞും അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്ന സത്യം ഞെട്ടലുളവാക്കുന്നതാണ്. സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്നതിനായല്ല ഈ വിഷയം പൊതുസമൂഹത്തില്‍ ഞാന്‍ ഉയര്‍ത്തിയത്. അത്തരം ഇടപെടലുകളോട് ഒരു വിധത്തിലും യോജിക്കുന്നുമില്ല. സംവാദത്തിന്റെ സാധ്യതകള്‍ ആരായുന്നതിനാണ് ഞാൻ ശ്രമിച്ചത്. കേരളം രാജ്യത്തിനാകെ മാതൃകയാണ് എന്നു പറയുമ്പോള്‍ എല്ലാ മേഖലകളിലും മാതൃക തന്നെയായിരിക്കണം. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും ജാതി ചിന്തയിലധിഷ്ഠിതമായ ചൂഷണവ്യവസ്ഥയുടെ വേരറുക്കുകയേ അതിന് മാര്‍ഗ്ഗമുള്ളു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular