Friday, March 29, 2024

ad

Homeരക്തനക്ഷത്രങ്ങള്‍ചുവന്ന രസതന്ത്രജ്ഞന്‍

ചുവന്ന രസതന്ത്രജ്ഞന്‍

പി എസ് പൂഴനാട്

ഒന്ന്
കാറല്‍ മാര്‍ക്സിന്‍റെയും ഫ്രെഡറിക് എംഗല്‍സിന്‍റെയും ഏറ്റവും അടുത്ത ബൗദ്ധിക സുഹൃത്തുക്കളില്‍ ഒരാളായിരുന്നു കാറല്‍ ഷോര്‍ലിമെര്‍. കാറല്‍ മാര്‍ക്സിന്‍റെ ശവസംസ്കാരചടങ്ങില്‍ ആകെ പങ്കെടുത്ത പതിമൂന്നു പേരില്‍ ഒരാള്‍ കാറല്‍ ഷോര്‍ലിമെറായിരുന്നു. അത്രയ്ക്ക് അഗാധമായിരുന്നു ആ ബൗദ്ധികസൗഹൃദം. താന്‍ ജീവിച്ച കാലഘട്ടത്തിലെ ഏറ്റവും സമുന്നതനായ രസതന്ത്രജ്ഞനായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. ഓര്‍ഗാനിക് രസതന്ത്രത്തിലെ അക്കാലത്തെ ഏറ്റവും ആധികാരികമായ വാക്ക് കാറല്‍ ഷോര്‍ലിമെറുടേതായിരുന്നു. മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെ പ്രകൃതി ശാസ്ത്രപഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ബൗദ്ധിക വെളിച്ചം കൂടിയായിരുന്നു അദ്ദേഹം. മാര്‍ക്സും എംഗല്‍സും പ്രകൃതി ശാസ്ത്രവിഷയങ്ങളിലും രസതന്ത്രത്തിലും ഷോര്‍ലിമെറുമായി നിരന്തരമായി സംവാദങ്ങളിലും ചര്‍ച്ചകളിലും അന്വേഷണങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരുന്നു. 1865 മുതലായിരുന്നു ആ ബൗദ്ധികസൗഹൃദം ആരംഭിക്കുന്നത്.

ജര്‍മനിയിലെ റൈന്‍ പ്രവിശ്യയില്‍ 1834 സെപ്തംബര്‍ 30നായിരുന്നു കാറല്‍ ഷോര്‍ലിമെര്‍ ജനിച്ചത്. വളരെ ദരിദ്രനായ ഒരു മരപ്പണിക്കാരനായിരുന്നു ഷോര്‍ലിമെറിന്‍റെ  പിതാവ്. പഠിക്കാനുള്ള അതിയായ ആഗ്രഹവും അഭിവാഞ്ഞ്ചയുമായിരുന്നു ഷോര്‍ലിമെറിന്‍റെ കുട്ടിക്കാല ജീവിതത്തെ മുന്നോട്ടു നയിച്ചത്. ഫാര്‍മസിയും രസതന്ത്രവുമായിരുന്നു ആ കുട്ടിയുടെ ഇഷ്ടവിഷയങ്ങള്‍. അങ്ങനെ 1859ല്‍ മാഞ്ചസ്റ്ററിലുള്ള ഓവന്‍സ് കോളേജില്‍ പ്രമുഖ രസതന്ത്ര പ്രൊഫസറായ ഐന്‍ട്രി റോസ്ക്കോയിയുടെ സഹായിയായി കാറല്‍ ഷോര്‍ലിമെര്‍ നിയമിതനായി. ഷോര്‍ലിമെറുടെ പിന്നീടുള്ള ജീവിതം മാഞ്ചസ്റ്ററിലെ ഈ കോളേജിലായിരുന്നു. തുടര്‍ന്ന് ആ കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാശാലിയും ആദരണീയനുമായ ഒരു രസതന്ത്രജ്ഞനായി അദ്ദേഹം മാറിത്തീര്‍ന്നു.

മാഞ്ചസ്റ്ററിലെ ജീവിതത്തിനിടയില്‍ ആദ്യദശാബ്ദത്തില്‍ തന്നെ ഇരുപത്തിയഞ്ചോളം ശാസ്ത്ര പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഹൈഡ്രോകാര്‍ബണ്‍ കെമിസ്ട്രിയെക്കുറിച്ചുള്ള പുതിയ അന്വേഷണ പ്രബന്ധങ്ങളായിരുന്നു അവയില്‍ ഭൂരിഭാഗവും. 1871ല്‍ റോയല്‍ സൊസൈറ്റിയിലെ ഫെലോയായി ഷോര്‍ലിമെര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓര്‍ഗാനിക് കെമിസ്ട്രിയിലെ ആദ്യത്തെ ചെയര്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്നത് 1874ല്‍ മാഞ്ചസ്റ്ററിലെ ഓവന്‍സ് കോളജിലായിരുന്നു. ആ ചെയറില്‍ ആദ്യമായി നിയമിക്കപ്പെട്ടതും ഷോര്‍ലിമെറായിരുന്നു. ബ്രിട്ടീഷ് അക്കാഡമിയിലെ കെമിക്കല്‍ സെക്ഷന്‍റെ വൈസ്പ്രസിഡന്‍റായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1888ല്‍  ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഓണററി ഡോക്ടറേറ്റ് ബിരുദവും അദ്ദേഹത്തെ തേടിയെത്തി. ഓര്‍ഗാനിക് കെമിസ്ട്രി യിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരനും ആധികാരികതയുടെ അടയാളവും കാറല്‍ ഷോര്‍ലിമെറാണെന്നായിരുന്നു ഡോക്ടറേറ്റ് സമിതി വിലയിരുത്തിയത്. 1892 ജൂണ്‍ 27ന് ശ്വാസകോശരോഗത്തെ തുടര്‍ന്ന് ഷോര്‍ലിമെര്‍ മരണത്തിന് കീഴടങ്ങി. ഷോര്‍ലിമെറുടെ ഓര്‍മയ്ക്കായി ഒരു രസതന്ത്ര ലബോറട്ടറിയായിരുന്നു ഓവന്‍സ് കോളേജ് പടുത്തുയര്‍ത്തിയത്. ഓര്‍ഗാനിക് രസതന്ത്രത്തിനു വേണ്ടി സമ്പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലണ്ടിനെ ആദ്യത്തെ ലബോറട്ടറിയായിരുന്നു അത്.

ഇങ്ങനെ രസതന്ത്രത്തിന്‍റെ മേഖലയില്‍ അത്യുന്നതമായ സ്ഥാനങ്ങള്‍ കൈവരിച്ച സമുന്നതനായ ആ ശാസ്ത്രജ്ഞന്‍ കേവലമൊരു ശാസ്ത്രജ്ഞനായിരുന്നില്ല. മറിച്ച് രാഷ്ട്രീയ ബോധ്യത്താല്‍ തന്‍റെ അന്വേഷണങ്ങളെയും ഗവേഷണങ്ങളെയും സ്ഫുടം ചെയ്തെടുത്ത ഒരു കമ്യൂണിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. ആ രാഷ്ട്രീയബോധ്യത്തിന്‍റെ തീക്ഷ്ണതയായിരുന്നു മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാക്കി കാറല്‍ ഷോര്‍ലിമറെ മാറ്റിത്തീര്‍ത്തത്.

                     രണ്ട്
1850 മുതല്‍ 1870 വരെ ഫ്രെഡറിക് എംഗല്‍സ് താമസിച്ചിരുന്നത് മാഞ്ചസ്റ്ററിലായിരുന്നു. തന്‍റെ അച്ഛന്‍റെ അധീനതയിലുണ്ടായിരുന്ന ടെക്സ്റ്റയില്‍ കമ്പനിയിലായിരുന്നു ഈ ഘട്ടത്തില്‍ എംഗല്‍സ് ജോലി നോക്കിയിരുന്നത്. എന്നാല്‍ ആ ടെക്സ്റ്റെയില്‍ കമ്പനിയിലെ ജോലിയോട് എംഗല്‍സിന് ഒരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ മാഞ്ചസ്റ്ററെന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ വ്യാവസായിക നഗരത്തില്‍ ജീവിച്ചതിലൂടെ ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിതാവസ്ഥകളെ തൊട്ടറിയാനുള്ള സാഹചര്യമായിരുന്നു എംഗല്‍സിന് കൈവന്നത്. അതോടൊപ്പം വ്യാവസായിക മുതലാളിത്തത്തിന്‍റെ വികാസത്തെയും അദ്ദേഹം നോക്കിക്കണ്ടു. ഈ ഘട്ടത്തിലായിരുന്നു മാഞ്ചസ്റ്ററിനു ചുറ്റും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രാസ വ്യവസായശാലകളില്‍ പണിയെടുത്തുകൊണ്ടിരുന്ന ജര്‍മനിയിലെ യുവാക്കളായ ശാസ്ത്രജ്ഞരെയും എംഗല്‍സ് കണ്ടുമുട്ടുന്നത്. ഇവരുമായി സയന്‍സ്, ബിസിനസ്, വ്യവസായം എന്നിവയെക്കുറിച്ച് എംഗല്‍സ് സംവദിക്കുമായിരുന്നു. ജര്‍മന്‍ രാഷ്ട്രീയവും അവിടെ ചര്‍ച്ചയാകും. രാസ വ്യവസായശാലകളിലെ ശാസ്ത്രജ്ഞരുമായുള്ള പരിചയവും സംവാദവുമാണ് കാറല്‍ ഷോര്‍ലിമെര്‍ എന്ന രസതന്ത്ര ശാസ്ത്രജ്ഞനിലേക്ക് എംഗല്‍സിനെ കൊണ്ടെത്തിച്ചത്. ഇങ്ങനെയാണ് 1865ന്‍റെ ആരംഭഘട്ടത്തില്‍ ആദ്യമായി എംഗല്‍സ് കാറല്‍ ഷോര്‍ലിമറെ കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടലിനെക്കുറിച്ച് അപ്പോള്‍ തന്നെ എംഗല്‍സ് മാര്‍ക്സിന്  എഴുതുന്നുണ്ട്. (Engels to Marx, March 6, 1865)

ആ കണ്ടുമുട്ടലിനെതുടര്‍ന്ന് എംഗല്‍സും ഷോര്‍ലിമെറും അടുത്ത സുഹൃത്തുക്കളായിത്തീര്‍ന്നു. ലണ്ടനില്‍ മാര്‍ക്സ് താമസിച്ചിരുന്ന വീട്ടിലേക്കും ആ സൗഹൃദം നീണ്ടു. ഷോര്‍ലിമെറുടെ നര്‍മങ്ങളും തമാശകളും മാര്‍ക്സിന് ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ജോളി (Jollymeier)ക്കാരന്‍ എന്ന് ഇരട്ടപ്പേരിലായിരുന്നു പലപ്പോഴും മാര്‍ക്സ് ഷോര്‍ലിമെറെ വിളിച്ചിരുന്നത്. അങ്ങനെ മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും വസതികളിലേയ്ക്കുള്ള ഒരു നിത്യസന്ദര്‍ശകനായി ഷോര്‍ലിമെര്‍ മാറി. വേനലവധിക്കാലമായാല്‍ ലണ്ടനിലും സമുദ്ര തീരങ്ങളിലും അവര്‍ ചുറ്റിക്കറങ്ങും. പ്രിയ സുഹൃത്തും സഖാവുമായ മാര്‍ക്സിന്‍റെ മരണശേഷം, എംഗല്‍സും ഷോര്‍ലിമെറും കൂടുതല്‍ നേരങ്ങളില്‍ ഒരുമിച്ചുകൂടുകയും അമേരിക്കന്‍ ഐക്യനാടുകളിലേക്കും കാനഡയിലേക്കും നോര്‍വേയിലേയ്ക്കുമുള്ള വിദേശയാത്രകളില്‍ ഒരുമിച്ചു സഞ്ചരിക്കുകയും  ചെയ്തു. ഷോര്‍ലിമെറുടെ മരണം എംഗല്‍സില്‍ വലിയ ആഘാതം ഏല്‍പ്പിച്ചു. എലനോര്‍ മാര്‍ക്സ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. (Eleanor Marx: A Life, Raihel Holmes, 2014)

മാര്‍ക്സ് കഴിഞ്ഞാല്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും പ്രമുഖനായിട്ടായിരുന്നു, എംഗല്‍സ് ഷോര്‍ലിമറെ കണ്ടിരുന്നത്.

മാര്‍ക്സും എംഗല്‍സും ഷോര്‍ലിമെറും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നതിനപ്പുറം ഒരേ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയായിരുന്നു അവര്‍ പോരാടിയത്. സമൂഹത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളും സമാനമായിരുന്നു. കാള്‍ ഷോര്‍ലിമറെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം നേരത്തെ തന്നെ “ഒരു സമ്പൂര്‍ണ്ണനായ കമ്യൂണിസ്റ്റായി” മാറിത്തീര്‍ന്നിരുന്നുവെന്ന് എംഗല്‍സ് പിന്നീട് കുറിക്കുന്നുണ്ട്. എംഗല്‍സ് തുടരുന്നു: “കാറല്‍ ഷോര്‍ലിമെറിന് ഞങ്ങളില്‍ നിന്നും പഠിക്കേണ്ടിയിരുന്ന ഒരേയൊരു കാര്യം അദ്ദേഹം നേരത്തെതന്നെ എത്തിച്ചേര്‍ന്നിരുന്ന രാഷ്ട്രീയധാരണയുടെ സാമ്പത്തികമാനങ്ങളെക്കുറിച്ച് മാത്രമായിരുന്നു.” അര്‍ഥശാസ്ത്രത്തിന്‍റെ പഠനത്തിനുവേണ്ടി മാര്‍ക്സ് തിരുത്തി പൂര്‍ത്തീകരിച്ച “മൂലധന”ത്തിന്‍റെ കൈയെഴുത്തു പ്രതി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ എംഗല്‍സ് ഷോര്‍ലിമെറുമായി പങ്കു വച്ചിട്ടുണ്ടായിരുന്നു. കാറല്‍ ഷോര്‍ലിമെര്‍ക്ക് പ്രകൃതിശാസ്ത്ര മേഖലയിലും രസതന്ത്രത്തിലുമുണ്ടായിരുന്ന അഗാധമായ അറിവിനെ മാര്‍ക്സും എംഗല്‍സും സ്വാംശീകരിക്കുകയും ചെയ്തിരുന്നു. ആ ബൗദ്ധികസൗഹൃദം ഇങ്ങനെയായിരുന്നു ധൈഷണികമായി മുന്നേറിക്കൊണ്ടിരുന്നത്.

ജര്‍മന്‍ ശാസ്ത്രജ്ഞനായ ജസ്റ്റസ് വോണ്‍ ലീ ബിഗിന്‍റെ കാര്‍ഷിക രസതന്ത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളെ മൂലധനത്തിന്‍റെ ഗവേഷണത്തിനു വേണ്ടി മാര്‍ക്സ് അതീവശ്രദ്ധയോടെ പഠിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു. ഈയൊരു അന്വേഷണത്തിന്‍റെ തുടര്‍ച്ചയില്‍ വച്ചാണ് മുതലാളിത്ത സമൂഹവും പ്രകൃതിയും തമ്മിലുള്ള ചയാപചയ വിള്ളലിനെക്കുറിച്ചുള്ള (Metabolic rift) അന്വേഷണങ്ങളെ മാര്‍ക്സ് വികസിപ്പിക്കുന്നത്. 1867ല്‍ മൂലധനം ഒന്നാം വോള്യം പ്രസിദ്ധീകരിച്ചതിനു ശേഷം ഈ അന്വേഷണങ്ങളെ കൂടുതല്‍ തീവ്രമാക്കാനുള്ള പരിശ്രമങ്ങളില്‍ മാര്‍ക്സ് വ്യാപൃതനായി. കാര്‍ഷിക രസതന്ത്രത്തെക്കുറിച്ചുള്ള തീക്ഷ്ണമായ തുടരന്വേഷണങ്ങളില്‍ മാര്‍ക്സ് ഷോര്‍ലിമെറിന്‍റെ സഹായവും തേടുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രൊഫ. ഹെന്‍ട്രി റോസ്കോയുടെ Short Text Book on Chemistry ജര്‍മനിയിലേക്ക് പരിഭാഷപ്പെടുത്തിയതും പരിഷ്കരിച്ചതും കാറല്‍  ഷോര്‍ലിമെറായിരുന്നു. ഈ പുസ്തകം മാര്‍ക്സിനെ വലിയ രീതിയില്‍ സ്വാധീനിക്കുകയുണ്ടായി. രസതന്ത്ര പഠനത്തില്‍ ഷോര്‍ലിമെറുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മാര്‍ക്സ് എംഗല്‍സിന് ഇങ്ങനെ എഴുതി  :

“ജര്‍മന്‍ ഭാഷയില്‍ കാര്‍ഷിക രസതന്ത്രത്തെക്കുറിച്ച് അടുത്തകാലത്ത് പുറത്തിറങ്ങിയിട്ടുള്ളതും നിലവാരമുള്ളതുമായ പുതിയ പുസ്തകങ്ങളെക്കുറിച്ച് കാറല്‍ ഷോര്‍ലിമെറില്‍ നിന്നും അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ധാതുവളങ്ങളുടെയും നൈട്രജന്‍ വളങ്ങളുടെയും ഉപയോഗത്തെ സംബന്ധിച്ച് ജര്‍മന്‍ ജനതയ്ക്കിടയിലെ വാദപ്രതിവാദങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ലീ ബിഗിന്‍റെ മണ്ണിന്‍റെ ശോഷണസിദ്ധാന്തത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജര്‍മ്മനിയില്‍ ആരെങ്കിലും പുതിയ ലേഖനങ്ങളോ പുസ്തകങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഷോര്‍ലിമര്‍ക്ക് എന്തെങ്കിലും അറിയാമോ? മ്യൂണിച്ച് യൂണിവേഴ്സിറ്റിയിലെ കാര്‍ഷികവിദഗ്ധനായ പ്രൊഫ. ഫ്രാസിന്‍റെ സിദ്ധാന്തത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടോ? തറപ്പാട്ടത്തെക്കുറിച്ചുള്ള അധ്യായം എഴുതുന്നതിനു വേണ്ടി ഒരു പരിധിവരെയെങ്കിലും ഇത്തരം വിഷയങ്ങളുടെ സമകാലിക അവസ്ഥയെക്കുറിച്ച് ഞാന്‍ ബോധവാനായിത്തീരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ വിദഗ്ധനെന്ന നിലയില്‍ ഷോര്‍ലിമറിന് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും.”

മാര്‍ക്സിനെയും എംഗല്‍സിനെയും സംബന്ധിച്ചിടത്തോളം കാറല്‍ ഷോര്‍ലിമെര്‍ അറിവിന്‍റെയും വസ്തുതകളുടെയും ഉറവിടം മാത്രമായിരുന്നില്ല. ഹൈഡ്രോകാര്‍ബണുകളെക്കുറിച്ചുള്ള ഗവേഷണത്തിനപ്പുറം നീളുന്ന താല്‍പ്പര്യങ്ങളുടെയും വൈദഗ്ധ്യത്തിന്‍റെയും ഉറവിടം കൂടിയായിരുന്നു അദ്ദേഹം. കാറല്‍ ഷോര്‍ലിമെറെക്കുറിച്ചുള്ള അനുശോചനക്കുറിപ്പില്‍ എംഗല്‍സ് ഇങ്ങനെ എഴുതി:

ഹൈഡ്രോ കാര്‍ബണുകളെക്കുറിച്ചുള്ള ഗംഭീരമായ ഗവേഷണത്തിനപ്പുറം സൈദ്ധാന്തിക രസതന്ത്രത്തിന്‍റെ മേഖലയിലും ഷോര്‍ലിമെര്‍ സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. സൈദ്ധാന്തിക രസതന്ത്രത്തിന്‍റെ അടിസ്ഥാന നിയമങ്ങളെക്കുറിച്ചും മറ്റുള്ള ശാസ്ത്രവിഷയങ്ങളുമായി ഇതിനുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. ഈയൊരു അന്വേഷണമേഖലയില്‍ സവിശേഷമായ പാടവമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഹെഗലില്‍ നിന്നും പഠിക്കാന്‍ ഒരു വിമുഖതയും കാട്ടാത്ത തന്‍റെ കാലഘട്ടത്തിലെ ഒരുപക്ഷേ പ്രധാനപ്പെട്ട ഒരേയൊരു ശാസ്ത്രജ്ഞനും കാറല്‍ ഷോര്‍ലിമെര്‍ ആയിരുന്നു.”

കാറല്‍  ഷോര്‍ലിമെര്‍ പ്രകൃതിശാസ്ത്രങ്ങളെ പഠിച്ചത് രാഷ്ട്രീയത്തില്‍ നിന്നും സാമ്പത്തികാവസ്ഥകളില്‍ നിന്നും തെന്നിമാറി നിന്നുകൊണ്ടായിരുന്നില്ല. ഈ പഠനങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം നിലനില്‍ക്കുന്ന വ്യവസ്ഥയെ മാറ്റി പുതിയൊരു ലോകത്തെ സൃഷ്ടിക്കലായിരുന്നു. ആ പുതിയൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു തന്‍റെ കാലഘട്ടത്തിലെ മറ്റ്  ശാസ്ത്രജ്ഞരില്‍ നിന്നെല്ലാം കാറല്‍ ഷോര്‍ലിമെറിനെ വ്യത്യസ്തനാക്കിത്തീര്‍ത്തത്. അങ്ങനെയാണ് ആ ചുവന്ന രസതന്ത്രജ്ഞന്‍ വിപ്ലവചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + eight =

Most Popular