Wednesday, October 4, 2023

ad

Homeകവര്‍സ്റ്റോറിഒരു രാജ്യം, 
ഒറ്റ സ്വേഛാധിപത്യം

ഒരു രാജ്യം, 
ഒറ്റ സ്വേഛാധിപത്യം

പീപ്പിൾസ് ഡെമോക്രസി 
മുഖപ്രസംഗം

രു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യമുയർത്തി മോദി ഭരണം രാജ്യത്തെ പാർലമെന്ററി സംവിധാനത്തിനും ഫെഡറലിസത്തിനും ഇരട്ടപ്രഹരം ഏൽപ്പിച്ചിരിക്കുകയാണ്. ഇതിനുവേണ്ടി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഒരു എട്ടംഗ സമിതിയും രൂപീകരിച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമിതിയുടെ പരിഗണനാ വിഷയങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, സംസ്ഥാന നിയമസഭയിലേക്കും ലോക്-സഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് നിയമപരവും ഭരണഘടനാപരവുമായ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നു നിർദ്ദേശിക്കുകയാണ് സമിതിയുടെ ചുമതല എന്നാണ്. ഇത്തരമൊരു ലക്ഷ്യസാക്ഷാത്കാരം മുന്നിൽക്കണ്ട് ആഭ്യന്തരമന്ത്രി അമിത്ഷായെക്കൂടി ഉൾപ്പെടുത്തിയാണ് ഇങ്ങനെയൊരു സമിതി രൂപീകരിച്ചിട്ടുള്ളത് എന്നതിൽ നിന്ന് ഇതിനു സഹായകമായ നിർദ്ദേശങ്ങൾ തന്നെയാവും സമിതി നൽകുന്നതെന്നും കരുതേണ്ടിയിരിക്കുന്നു.

2014ൽ ബിജെപി അധികാരത്തിൽ വന്ന നാൾ മുതൽ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം നരേന്ദ്ര മോദി ഇടയ്ക്കിടെ പറഞ്ഞു തുടങ്ങിയതാണ്. 2020ൽ അദ്ദേഹം പറഞ്ഞത്, ‘‘ഇത് ചർച്ചയ്ക്ക് വിധേയമാക്കേണ്ടതല്ല, മറിച്ച് രാജ്യത്തിന്റെ അനിവാര്യതയാണ്’’ എന്നാണ്.

ബിജെപി കുറേനാളുകളായി ഈ മുദ്രാവാക്യം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ ഇതുവഴി സാധിക്കും എന്നതാണ് അവർ ഇതിന് ഉപോൽബലകമായി പറയുന്ന ഒരു വാദം. ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രഖ്യാപിക്കപ്പെടുന്നത് വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനിടയാക്കുമെന്നതാണ് അവർ പറയുന്ന മറ്റൊരു ന്യായം.

മോദി അധികാരമേറ്റെടുത്തതിനുശേഷം ലോക്-സഭ– നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുക എന്ന വിഷയം പരിഗണിക്കുന്നതിന് മൂന്നു സമിതികൾ രൂപീകരിക്കുകയുണ്ടായി. 2015ൽ പേഴ്സണൽ പബ്ലിക് ഗ്രീവൻസ് ലോ ആൻഡ് ജസ്റ്റിസ് പാർലമെന്ററി കമ്മിറ്റി ഇക്കാര്യത്തിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് ‘ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് വിശകലനം’ എന്ന രേഖയുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി നിതി ആയോഗ് ചില നിർദ്ദേശങ്ങൾ സമർപ്പിച്ചു. 2018 ആഗസ്തിൽ നിയമ കമ്മിഷൻ ഈ വിഷയത്തിൽ ഒരു കരട് റിപ്പോർട്ടും സമർപ്പിച്ചു. ഒന്നുകിൽ നിലവിലെ നിയമസഭകളിൽ ചിലവയുടെ കാലാവധി വെട്ടിക്കുറയ്ക്കുക. അല്ലെങ്കിൽ മറ്റുചിലവയുടെ കാലാവധി നീട്ടി നൽകുക എന്നാണ് ഈ കമ്മിറ്റികളെല്ലാം തന്നെ നിർദേശിച്ചത്. ഇതിലേതെങ്കിലും മാർഗത്തിലൂടെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്-സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താൻ കഴിയുമെന്നാണ് നിർദ്ദേശം. ചിലർ നിർദ്ദേശിച്ചത് അഞ്ചുവർഷത്തിനിടയിൽ രണ്ടു സെറ്റ് തിരഞ്ഞെടുപ്പുകൾ മാത്രം നടത്തുക എന്നതായിരുന്നു. ലോക്-സഭാ തിരഞ്ഞെടുപ്പിനൊപ്പം പകുതി നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക; അടുത്ത പകുതി നിയമ സഭകളിലേക്ക് ലോക്-സഭയുടെ കാലാവധി പകുതിയാകുമ്പോൾ നടത്തുക എന്നും നിർദ്ദേശിക്കപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പുകൾ ലോക്-സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള നടപടികൾ ജനാധിപത്യവിരുദ്ധവും, ഭരണഘടനയുടെ അടിസ്ഥാന പ്രാതിനിധ്യ സ്വഭാവം ഹനിക്കുന്നതുമാണെങ്കിൽ ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്തിയതിനുശേഷമുള്ള ഘട്ടത്തിൽ, ഇത് സംബന്ധിച്ച നടപടികളിൽ വ്യതിയാനമൊന്നും ഉണ്ടാകുന്നില്ല എന്നുറപ്പാക്കാൻ കൂടുതൽ ക്ലേശിക്കേണ്ടിവരും.

സംസ്ഥാന നിയമസഭകളുടെയോ മന്ത്രിസഭകളുടെയോ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടി നൽകുകയോ ചെയ്യുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങൾക്കും ഭരണനിർവഹണസമിതികൾക്ക് നിയമനിർമാണ സഭകളോടുള്ള ഉത്തരവാദിത്വത്തിനും എതിരായിരിക്കും. എന്നു മാത്രമല്ല, ഇത് ഗവൺമെന്റുകൾക്ക് നിയമനിർമാണ സഭകളോടുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെ ലംഘനത്തിനും ഇടയാക്കും. ഭരണഘടനയനുസരിച്ച് ഒരു ഗവൺമെന്റ് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുകയോ, അഥവാ ധനബില്ലിന്റെ വോട്ടെടുപ്പിൽ വിജയിക്കാനാവശ്യമായ വോട്ട് ലഭിക്കാതെ വരികയോ ചെയ്താൽ, ആ ഗവൺമെന്റ് രാജിവയ്ക്കാൻ ബാധ്യസ്ഥമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു ബദൽ ഗവൺമെന്റ് രൂപീകരിക്കാൻ കഴിയുന്നില്ലെങ്കിൽ സഭ പിരിച്ചു വിടേണ്ടിവരും; തുടർന്ന് ഇടക്കാല തിരഞ്ഞെടുപ്പ് അനിവാര്യമാകുകയും ചെയ്യും. ലോക്-സഭയ്ക്കോ സംസ്ഥാന നിയമസഭകൾക്കോ നിശ്ചിത കാലാവധി ഭരണഘടന ഉറപ്പുനൽകുന്നില്ല.

കാലാവധി സംബന്ധിച്ച ഉറപ്പിന്റെ അർത്ഥം ഉറച്ച ഭൂരിപക്ഷമുള്ള ഒരു ഗവൺമെന്റിന് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി സഭ പിരിച്ചുവിടാനാവില്ല എന്നാണ്. ലോക്-സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുമ്പോൾ ബദൽ ഗവൺമെന്റ് രൂപീകരിക്കുന്നതിന് ഒരു നേതാവിന്റെ പേര് നിർദ്ദേശിക്കുന്ന പ്രമേയം കൂടി ഉണ്ടാകണമെന്ന കാര്യം നിയമ കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ക്രിയാത്മകമായ അവിശ്വാസപ്രമേയം എന്നാണ് ഇതിനെ വിവക്ഷിച്ചിട്ടുള്ളത്. ഇതിന്റെ അർത്ഥം, ഭൂരിപക്ഷ വോട്ടോടെ ഒരു ഗവൺമെന്റ് പുറത്താക്കപ്പെട്ടാൽ ഒരു ബദൽ ഗവൺമെന്റുണ്ടാകണം എന്നതാണ്. ജന താത്പര്യത്തിന് ഇതിൽ പ്രാതിനിധ്യം ഉണ്ടാകണമെന്നില്ല. കാലാവധിയിലെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന് സ്ഥിരത ഉണ്ടാവുക എന്നതിനാണ് മുൻഗണന നൽകപ്പെടുന്നത്. അങ്ങനെയാകുമ്പോൾ വോട്ടർമാരുടെ താൽപര്യത്തിന് പ്രസക്തിയില്ലാതാകും. ഇതാകട്ടെ ഭരണകക്ഷിക്ക് അനുകൂലമായി മാറുകയും ചെയ്യും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പൊരുൾ കേന്ദ്രസർക്കാരിന്റെ അധികാര കേന്ദ്രീകരണവും ഫെഡറലിസത്തിന്റെ നാശവുമായിരിക്കും. സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനോ നീട്ടി നൽകാനോ രാഷ്ട്രപതിക്കു നൽകുന്ന അധികാരം, അതായത് കേന്ദ്രസർക്കാരിനു നൽകുന്ന അധികാരം, സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ നിയമസഭാ സാമാജികരുടെയും അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്.

ഇത്തരത്തിൽ ഒരേസമയം തിരഞ്ഞെടുപ്പ് എന്നത് യാഥാർത്ഥ്യമായാൽ, ഗവൺമെന്റുകൾ സംസ്ഥാന നിയമസഭകളോട് ഉത്തരവാദിത്വം കാട്ടണമെന്നതും നിയന്ത്രിക്കപ്പെടും. ജനങ്ങൾക്ക് അവരുടെ ഇച്ഛയ്ക്കനുസരിച്ചുള്ള ഗവൺമെന്റുകൾ ഉണ്ടാവുക എന്നതും പരിമിതപ്പെടും.

ഇപ്പോൾതന്നെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ ആ ഗവൺമെന്റുകളുടെയും നിയമസഭകളുടെയും അവകാശങ്ങൾ നിരന്തരം ലംഘിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരേസമയം തിരഞ്ഞെടുപ്പുവന്നാൽ അധികാരം മുഴുവൻ കേന്ദ്രീകരിക്കപ്പെടുകയും ഗവർണർമാർ കേന്ദ്രത്തിന്റെ വൈസ്രോയിമാരെപ്പോലെ പ്രവർത്തിക്കുന്ന സ്ഥിതി സംജാതമാകുകയും ചെയ്യും.

ജമ്മു – കാശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കപ്പെട്ടതോടെ, രാജ്യത്ത് വ്യത്യസ്ത സാമൂഹിക – രാഷ്ട്രീയ സാഹചര്യങ്ങളുള്ള 28 സംസ്ഥാനങ്ങളാണുള്ളത്. അവിടങ്ങളിൽ ജനാധിപത്യവിരുദ്ധമായ ഏകീകരണം അടിച്ചേൽപ്പിക്കാനുള്ള നീക്കം ബിജെപി / ആർഎസ്എസിന്റെ താൽപര്യമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അവരുടെ ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം’ എന്ന മുദ്രാവാക്യത്തിന്റെ മാതൃകയിലുള്ളതാണ്.

ലോക്-സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽത്തന്നെ വിപുലമായ അഴിച്ചുപണി നടത്തേണ്ടി വരും. അനുഛേദം 83 (സഭയുടെ കാലാവധി), അനുഛേദം 85 (ലോക്-സഭ പിരിച്ചുവിടൽ), അനുഛേദം 172 (നിയമസഭകളുടെ കാലാവധി), അനുഛേദം 174 (നിയമസഭകളുടെ പിരിച്ചുവിടൽ), അനുഛേദം 356 (ഭരണസംവിധാനം തകരാറിലാകൽ) എന്നിവയെല്ലാം ഭേദഗതി ചെയ്യേണ്ടിവരും. ജനപ്രാതിനിധ്യനിയമത്തിലും മറ്റു ചട്ടങ്ങളിലും വേണ്ടിവരുന്ന ഭേദഗതികൾക്കുപുറമെയാണ് മേൽപ്പറഞ്ഞ വിവിധ അനുഛേദങ്ങളിലെ ഭേദഗതി.

ഒരു കാര്യം വ്യക്തമാണ്, രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി എന്തെല്ലാം നിർദ്ദേശങ്ങൾ സമർപ്പിച്ചാലും ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഏറെ സമയമെടുക്കും. ഒരു കാരണവശാലും ഇത് 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനുള്ളിൽ നടപ്പാക്കാനാവുകയുമില്ല. എങ്കിലും കേന്ദ്ര ഗവൺമെന്റ് ഇതിനുള്ള നടപടികൾ ആരംഭിക്കും എന്ന സൂചനയാണുള്ളത്.

സെപ്തംബർ 18 മുതൽ 22 വരെ ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായിക്കൂടെന്നില്ല.

പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. മോദി ഗവൺമെന്റിന്റെ അടുത്തനീക്കമെന്തെന്നും നാം കരുതലോടെ വീക്ഷിക്കണം. ബിജെപി ഗവൺമെന്റിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’എന്ന മുദ്രാവാക്യം നമ്മുടെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും എത്രയേറെ ഹാനികരമാണെന്ന കാര്യം ജനങ്ങളിലെത്തിക്കാൻ വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. 
(2023 സെപ്തംബർ 5)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − 1 =

Most Popular