Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യ എന്ന ആശയത്തെ അട്ടിമറിക്കാനുള്ള ബൃഹത് പദ്ധതി

ഇന്ത്യ എന്ന ആശയത്തെ അട്ടിമറിക്കാനുള്ള ബൃഹത് പദ്ധതി

സി റാം മനോഹർ റെഡ്ഡി

ലോക്-സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താൻ മോദി ഭരണം കാട്ടുന്ന പുതിയ ആവേശം 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന മറ്റൊരു തന്ത്രം മാത്രമാണെന്ന നിലയിൽ നാം തള്ളിക്കളയുന്നത് അപകടമാണ്.

1999 മുതൽ വിവിധ സമിതികൾ ഇത്തരമൊരു ആശയം പരിശോധിച്ചിട്ടുണ്ടെങ്കിലും, ഇത് യാഥാർത്ഥ്യമാക്കണമെന്ന രീതിയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എപ്പോഴും ഇതേപ്പറ്റി വാചാലനായിക്കൊണ്ടിരിക്കുന്നത്. എന്നാൽ പോലും ആദ്യമായാണ് ഇതുസംബന്ധിച്ച് ഒരു ഉന്നതതല സമിതി രൂപീകരിക്കപ്പെടുന്നത്. ഈ സമിതിയുടെ ശുപാർശയ്ക്ക് നിയമസാധുത നൽകുന്നതിന് കേട്ടുകേൾവിയില്ലാത്തവിധം മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അതിന്റെ തലവനാക്കിയിരിക്കുകയാണ്.

ലളിതമായ ഒരാശയത്തെയും
സത്യത്തെയും വിറ്റഴിക്കൽ
ഒറ്റ ഇന്ത്യ എന്ന ആശയത്തിനുവേണ്ടി 2014 മുതൽ കേന്ദ്ര സർക്കാർ കെെക്കൊണ്ട തീരുമാനങ്ങളിൽ ഇപ്പോഴത്തെ ഈ നിർദ്ദേശമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതുപൂർണമായി നടപ്പായാൽ, അധികാരം മുഴുവൻ ഡൽഹിയിൽ കേന്ദ്രീകരിക്കപ്പെടും. അധികാരം കയ്യാളുന്ന ദേശീയ പാർട്ടികൾ കൂടുതൽ ശക്തിപ്പെടുകയും പ്രാദേശിക പാർട്ടികളുടെ സാംഗത്യം തന്നെ ലഘൂകരിക്കപ്പെടുകയും ചെയ്യും. തിടുക്കപ്പെട്ട് ഈ നിർദ്ദേശവുമായി ബിജെപി സർക്കാർ മുന്നോട്ടുവരുന്നതിന്റെ പൊരുൾ ഇതാണ്.

തിരഞ്ഞെടുപ്പിനാവശ്യമായി വരുന്ന ചെലവു കുറയ്ക്കാനും, തിരഞ്ഞെടുപ്പുകൾക്കിടയിൽ ഉണ്ടാകുന്ന ഭരണസ്തംഭനം ഒഴിവാക്കാനും കഴിയുമെന്ന മറ സൃഷ്ടിച്ചുകൊണ്ടാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ ഇത് അതിലളിതവൽക്കരണ സമീപനമാണ്. ഉദേ-്യാഗസ്ഥ മേധാവിത്വപരവും നിസ്സംഗവുമായ ഭരണത്തിൽ നിരാശരായ ഒരു വിഭാഗം വോട്ടർമാരെ മാത്രം ആകർഷിക്കുന്ന ഒന്നാണിത്.

എന്നിരുന്നാലും നിഷ്-പക്ഷമായി കാര്യങ്ങളെ വീക്ഷിക്കുന്ന ധാരാളം പേർ ഈ പ്രശ്നം വിശകലനം ചെയ്യുന്നുണ്ട്. അവർ ഈ ആശയത്തിനു പിന്നിലെ അയുക്തികതയും, പ്രതികൂലമായ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടുന്നുമുണ്ട്. തിരഞ്ഞെടുപ്പുകൾമൂലം ഗവൺമെന്റിനുണ്ടാകുന്ന സാമ്പത്തിക ഭാരം അത്ര വലുതൊന്നുമല്ല. മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ തിരഞ്ഞെടുപ്പിനുമുമ്പു ഭരണ നടപടികളെ തടസ്സ പ്പെടുത്തില്ല. യഥാർത്ഥത്തിൽ ഭരണനടപടികൾ ഏതെങ്കിലുമൊരു സംസ്ഥാനത്ത് തടസ്സപ്പെടുന്നത്, ഓരോ വർഷവും അവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴാണ്. ഇതു സംഭവിക്കുന്നതാകട്ടെ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷി എല്ലായ്-പ്പോഴും തിരഞ്ഞെടുപ്പിനുവേണ്ടി നിലകൊള്ളുമ്പോൾ മാത്രമാണ്. കേന്ദ്ര ഭരണം കെെയാളുന്ന കക്ഷിയോ മുന്നണിയോ ഏതെങ്കിലും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു ഭയന്ന് ദേശീയതലത്തിൽ തീരുമാനമെടുക്കാതിരുന്നാൽ മാത്രമേ ഭരണ നടപടികൾ തടസ്സപ്പെടൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും നിർബന്ധമായും ജയിക്കേണ്ടതാണെന്ന് ഭരണകക്ഷി വാശിപിടിക്കുകയും അതിന്റെ മുതിർന്ന ഭാരവാഹികൾ പരമാവധി സമയം പ്രചാരണത്തിനിറങ്ങുകയും ചെയ്യുമ്പോൾ മാത്രമേ അത് വലിയ പ്രശ്നമായിത്തീരുകയുള്ളു. (14–ാം ധനകാര്യ കമ്മിഷൻ ചെയർമാൻ വെെ വി റെഡ്ഡി ഈ ആശയവുമായി ബന്ധപ്പെട്ട് വിപുലമായ ഒരു ചർച്ചയിൽ അഞ്ചുവർഷം മുമ്പു ചൂണ്ടിക്കാട്ടിയതുപോലെ, തിരഞ്ഞെടുപ്പുകളിൽ എപ്പോഴും ഭരണപരമായ നടപടികളിലുള്ള സർക്കാരിന്റെ ഉത്തരവാദിത്വം വിലയിരുത്തപ്പെടും. എന്നിരുന്നാലും അത് കൂടെക്കൂടെ നടക്കുമ്പോൾ ഭരണനടപടികൾ തടസ്സപ്പെടുമെന്ന കുറ്റം അവരുടെ മേൽ ചാർത്തപ്പെടും).

ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് നിയമപരമായ സാധുത നൽകുന്നതിന് തെളിവായി കൊണ്ടുവരുന്നത് 1971–2004 കാലഘട്ടത്തിലെ തിരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടിങ് ശതമാനം സംബന്ധിച്ച പഠനമാണ്. ഈ പഠനം വെളിപ്പെടുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പും ലോക്-സഭാ തിരഞ്ഞെടുപ്പും വ്യത്യസ്ത സമയങ്ങളിൽ നടത്തിയപ്പോൾ വോട്ടിങ് ശതമാനം കുറഞ്ഞു എന്നാണ്. ഇത് പക്ഷേ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് സാധുത നൽകാനുള്ള കേവല വാദം മാത്രമാണ്. തിരഞ്ഞെടുപ്പുകളിൽ കൂടുതൽ പേർ വോട്ട് ചെയ്യുന്നത് സ്വാഗതാർഹമാണ്. എന്നാൽ ഇതിന് മറ്റു മാർഗങ്ങൾ ആരായുകയാണ് വേണ്ടത്. അല്ലാതെ, ഭരണഘടനയെത്തന്നെ കീഴ്മേൽ മറിക്കുന്ന നടപടികളിലൂടെയാവരുത്.

പ്രാവർത്തികമാക്കാൻ വലിയ തോതിൽ ഭരണഘടനാ ഭേദഗതികൾ വേണ്ടിവരുമെന്നും ഒരു ഗവൺമെന്റിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ നിയമനിർമാണ സഭകളുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ചട്ടങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്നുമുള്ള കാര്യങ്ങൾ വിദഗ്ധരും ഭരണഘടനാ വ്യാഖ്യാതാക്കളുമൊക്കെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ‍്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ കാലാവധി ആദ്യഘട്ടത്തിൽ വെട്ടിക്കുറയ്ക്കുകയോ നീട്ടിനൽകുകയോ ചെയ്ത് ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ്, സ്ഥിര സംവിധാനമാക്കണമെങ്കിൽ, ഒന്നുകിൽ ഗവൺമെന്റുകളുടെ കാലാവധി നിശ്ചിതമാക്കേണ്ടിവരും അല്ലെങ്കിൽ അവിശ്വാസ പ്രമേയം എന്നതുതന്നെ അവസാനിപ്പിക്കേണ്ടിവരും. അതുമല്ലെങ്കിൽ സംസ്ഥാന ഗവൺമെന്റുകളെ പിരിച്ചുവിടാൻ ‘‘മൃഗീയ ഭൂരിപക്ഷം’’ ഉണ്ടാവുകയോ, ഗവർണർമാർക്കോ രാഷ്ട്രപതിക്കോ അമിതാധികാരം ഉണ്ടാവുകയോ, ഇതെല്ലാം ചേർന്നുള്ള ഗുരുതരമായ മാറ്റങ്ങൾ ഉണ്ടാക്കുകയോ വേണ്ടിവരും. ഇത്തരം മാറ്റങ്ങൾ ഫലത്തിൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ ബാധിക്കും. ഇത് സംസ്ഥാന സർക്കാരുകളുടെ പ്രാധാന്യം ഇല്ലാതാക്കുകയും നമ്മുടെ ഫെഡറൽ സംവിധാനത്തിനു തന്നെ എതിരാവുകയും ചെയ്യും. തത്തുല്യമായ അധികാര കേന്ദ്രീകരണം ന്യൂഡൽഹിയിലുണ്ടാകുകയും ചെയ്യും.

വെെവിധ്യത്തെ തുടച്ചുനീക്കാനുള്ള പദ്ധതി
ഒരു ഗവൺമെന്റിനും ഒരു പാർട്ടിക്കും ഒരു നേതാവിനും മാത്രമേ ഇന്ത്യയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന അജൻഡ മുമ്പോട്ടുവെക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന സർക്കാരുകൾ നടത്തുന്ന സാമൂഹിക, സാമ്പത്തിക സേവനങ്ങളുടെ മേഖലകളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം, തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്ത രാഷ്ട്രീയ പാർട്ടികളോടുള്ള ബിജെപിയുടെ അസഹിഷ്ണുത, മുമ്പൊരു നേതാവിനും കഴിയാത്തവിധം രാജ്യത്തെ മാറ്റിത്തീർക്കാൻ ബഹുമുഖമായ കഴിവുള്ളയാളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടാനുള്ള വ്യഗ്രത എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.

ഇന്ത്യയുടെ വെെവിധ്യങ്ങളിലെ ശക്തിയെ നിഷേധിക്കാനുള്ള പ്രത്യയശാസ്ത്രപരമായ അജൻഡയും ഈ നീക്കത്തിനു പിന്നിലുണ്ട്. പകരം സമ്പൂർണമായ ഏകാത്മകത്വമാണ് അവർ ലക്ഷ്യംവെക്കുന്നത്. ഒറ്റ മതവും ഒറ്റ ഭാഷയുമുള്ള രാജ്യമാകുന്നില്ലെങ്കിൽ പോലും മേധാവിത്വമുള്ള ഒരു മതവും ഒരു ഭാഷയുമുള്ള രാജ്യമാക്കി മാറ്റുകയാണ് അവരുടെ അജൻഡ. വെെവിധ്യങ്ങളുള്ള ജനതയും, ജാതി – മതങ്ങളും പാരമ്പര്യവും ഭാഷയുമുള്ളിടത്ത് ഇതിനെയെല്ലാം കോർത്തിണക്കുന്ന ‘നാനാത്വത്തിലെ ഏകത്വം’ എന്ന സന്ദേശത്തിന്റെ സ്ഥാനത്ത്, ഇവയെയെല്ലാം തകർത്ത് ഏകാത്മകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

നൂറുവർഷത്തെ പ്രത്യയശാസ്ത്ര പരിപാടിയോടുകൂടിയുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കുപോലും ഇത് അനായാസം നടപ്പാക്കാൻ സാധിക്കുന്ന കാര്യമല്ല. സഹസ്രാബ്ദങ്ങളുടെ ചരിത്ര പാരമ്പര്യത്തെയും സംസ്കാരത്തെയും ഒരു ഗവൺമെന്റിന്റെ കുറച്ചുവർഷത്തെ ഇടവേളകൾകൊണ്ട് മാറ്റിമറിക്കാൻ കഴിയുന്നതല്ല; എത്ര മൃഗീയ ഭൂരിപക്ഷം പാർലമെന്റിലുണ്ടായാലും അത് അസാധ്യമാണ്.

‘ഒരു രാജ്യം ഒരു നികുതി’, ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’എന്നിവ പോലുള്ള മുദ്രാവാക്യങ്ങൾകൊണ്ട് ഏകാത്മകത അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കും അപ്പുറമാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന അജൻഡ. ഇത് നടപ്പായാൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയവും ഭരണപരവുമായ അധികാരം പല മടങ്ങ് വർദ്ധിക്കും; ഇതിനു സമാന്തരമായി സംസ്ഥാന ഗവൺമെന്റുകളെ ദുർബലമാക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ടാഴ്ചക്കാലത്ത് ഭ്രാന്തൻ രാഷ്ട്രീയ നടപടികളുടെ മധ്യത്തിലായിരുന്നു നാം. അജൻഡ പോലും നിശ്ചയിക്കാതെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വി‍ളിച്ചു ചേർക്കുകയാണ് സർക്കാർ. ചർച്ചകൾ പോലും നടത്താതെ നിയമനിർമാണം ശീലമാക്കിയിട്ടുള്ള ഗവൺമെന്റ് ഇത്തരമൊരു സമ്മേളനം തിടുക്കപ്പെട്ട് വിളിച്ചിരിക്കുന്നത് അസാധാരണമാണ്.

ഇപ്പോൾ ‘‘ഭാരത്’’ എന്ന പേരും ഉയർത്തിവിട്ടിട്ടുണ്ട്. ഇനി മുതൽ ‘‘ഭാരത്’’ എന്ന പേരാണോ ഔദ്യോഗികമായി വിളിക്കപ്പെടുക അല്ലെങ്കിൽ ഇപ്പോഴത്തേതുപോലെ ‘‘ഇന്ത്യ’’യും ‘‘ഭാരത്’’ഉം എന്നാണോയെന്നൊന്നും നിശ്ചയമില്ല. 2014 മുതൽ ആലോചിച്ചുവരുന്ന ‘ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം ഇതിനെല്ലാം മുകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

എന്തായിരിക്കും ഇതുസംബന്ധിച്ച ഉന്നതതല സമിതി നൽകുന്ന ശുപാർശകൾ? അത് എപ്പോഴായിരിക്കും? മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച്, രാജാവിന്റെ സ്വന്തം ആളുകളെത്തന്നെ ഉൾക്കൊള്ളിച്ചു രൂപീകരിക്കപ്പെട്ട സമിതിയിൽനിന്ന് എന്തൊക്കെ ശുപാർശകളായിരിക്കും ഉണ്ടാവുകയെന്ന് നാം ഏറെ ആലോചിക്കേണ്ടതില്ല. ( മുൻകൂട്ടിയുള്ള കൂടിയാലോചനകളൊന്നുമില്ലാതെ തിടുക്കത്തിൽ തട്ടിക്കൂട്ടിയ സമിതിയിൽനിന്ന് ഒഴിവാകാൻ മാത്രമേ പ്രതിപക്ഷ പാർട്ടിയിൽനിന്നുള്ള ഏക അംഗത്തിന് ചെയ്യാൻ കഴിയുമായിരുന്നുള്ളു).

ഭരണഘടനയെ അട്ടിമറിക്കാനുള്ള ഈ നിർദ്ദേശത്തെ നാം എങ്ങനെ കെെകാര്യം ചെയ്യണം? നിഷ്ക്രിയമാക്കപ്പെട്ട പാർലമെന്റ്, ഉദാസീനമായ കോടതികൾ, അധികവും പാദസേവ ചെയ്യുന്ന മാധ്യമങ്ങൾ, നിർജീവമാക്കപ്പെട്ട പൗരസമൂഹം എന്നിവയ്ക്കൊന്നും ഗവൺമെന്റിന്റെ ഈ പദ്ധതികളെ ചെറുത്തുതോൽപ്പിക്കാനാവില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ‘‍ഒറ്റ ഇന്ത്യ’ എന്ന ആശയത്തിനൊപ്പം നിലയുറപ്പിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് അതു തീരുമാനിക്കാനുള്ള അധികാരം ഇപ്പോൾ കെെവശമുള്ള വോട്ടർമാരാണ്. 
കടപ്പാട്: ദ ഹിന്ദു (2023 സെപ്തംബർ 11)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + 14 =

Most Popular