Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിപേരുമാറ്റത്തിനു പിന്നിലെ ചരിത്രനിഷേധം

പേരുമാറ്റത്തിനു പിന്നിലെ ചരിത്രനിഷേധം

കെ എ വേണുഗോപാലൻ

2019ൽ ആണല്ലോ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ഭാരതീയ ജനതാ പാർട്ടി പുറത്തിറക്കിയ ഒരു തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉണ്ട്. അതിൽ ഒരിടത്തും ഇന്ത്യയുടെ പേരുമാറ്റി ഭാരതം എന്നാക്കും എന്നു പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല ആ മാനിഫെസ്റ്റോയിൽ ഭാവി ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ ഇന്ത്യ എന്ന് തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്; ഭാരതം എന്നല്ല. ഇത് കാണിക്കുന്നത് 2019ൽ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് ഇന്ത്യയെ ഭാരതമാക്കി മാറ്റണം എന്ന കാഴ്ചപ്പാട് ബിജെപിക്ക് ഉണ്ടായിരുന്നില്ല അല്ലെങ്കിൽ അവർ അത് മറച്ചുവെക്കുകയായിരുന്നു എന്നാണ്. ആ മാനിഫെസ്റ്റോയുടെ ആമുഖത്തിൽ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് മോദി എഴുതുന്ന ഒരു കത്ത് ഉണ്ട്. അതിൽ ഇന്ത്യക്കാരെ ഇന്ത്യക്കാരായിത്തന്നെയാണ് അഭിസംബോധന ചെയ്തിട്ടുള്ളത് ഭാരതീയരായിട്ടല്ല. മാനിഫെസ്റ്റോയുടെ ഒരു അധ്യായം തുടങ്ങുന്നത് “പുതിയൊരു ഇന്ത്യയിലേക്ക്’എന്ന തലവാചകത്തോടെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനെക്കുറിച്ച് അതിൽ പറയുന്നുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യയിൽ നൂറ് ലക്ഷം കോടി നിക്ഷേപിക്കേണ്ടതിനെക്കുറിച്ച് അതിൽ പറയുന്നുണ്ട്. ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകേണ്ടതിനെക്കുറിച്ചും ആരോഗ്യകരമായ ഇന്ത്യയെക്കുറിച്ചും നാളത്തെ ഇന്ത്യയെ കുറിച്ചും ഒക്കെ അതിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഒരിടത്തും ഇന്ത്യയെ ഭാരതമാക്കേണ്ടതിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല.

അങ്ങനെ നോക്കിയാൽ 2019 വരെ ഇന്ത്യ എന്ന നാമധേയം ബ്രിട്ടീഷ് ആധിപത്യത്തിന്റെ പ്രതീകമാണ് എന്ന കാഴ്ചപ്പാട് ബിജെപി പരസ്യമാക്കിയിരുന്നില്ല എന്ന് കാണാം. ഇന്ത്യ എന്ന പേരിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുകയും ആർ എസ് എസ്സിന്റെ സർ സംഘചാലക് ഇന്ത്യ മാറ്റി ഭാരതമാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഇതുവരെ ഇല്ലാതിരുന്ന ഒരു ഭാരത ഭ്രമം ഇന്ത്യൻ ഭരണകക്ഷിയെ ബാധിച്ചിരിക്കുന്നത്. ഇന്ത്യ എന്ന പേര് ഭാരത് ആക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അജൻഡ രാജ്യം ഒന്നാകെ ചർച്ചയാകുന്നതിനിടെ ജി 20 ഉച്ചകോടിയിലും “ഇന്ത്യ’ പുറത്തുതന്നെയാണ്. പകരം ഭാരത് എന്നാണ് ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയ്ക്ക് പകരം “ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്ക് നൽകിയ കൈപ്പുസ്തകത്തിലും “ഭാരത്; ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ജി20 ഉച്ചകോടി യുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ ക്ഷണപത്രികയിൽ “പ്രസിഡന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയിരുന്നു. ആസിയാൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം അറിയിച്ച് ഇറക്കിയ കുറിപ്പിൽ “പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. അവർ ഇപ്പോൾ പറയുന്നത് ഇന്ത്യ എന്ന നാമധേയം വരുന്നത് ബ്രിട്ടീഷുകാരിൽ നിന്നാണ് എന്നാണ്.

വിഖ്യാത ചരിത്രകാരനായ ഇർഫാൻ ഹബീബ് ഇന്ത്യ എന്ന പദം എങ്ങനെയാണ് രൂപംകൊണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.എല്ലാവർക്കും അറിയാവുന്നതുപോലെ പുരാതന ഇറാനിയൻ ജനവിഭാഗം ഇൻഡോ ആര്യൻ വിഭാഗക്കാർ ഉപയോഗിക്കുന്ന എസ് എന്ന അക്ഷരത്തിനു പകരം എച്ച് എന്ന അക്ഷരമാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് സംസ്കൃതത്തിലെ സിന്ധു ഇറാനികൾക്ക് ഹിന്ദുവായി മാറിയത്. അതിനുശേഷം ഗ്രീക്കുകാരുടെ ഇൻഡോസിലൂടെ കടന്നു വന്നാണ് അത് ഇന്ത്യയായി മാറിയത് എന്നാണ് ഇന്ത്യയുടെ രൂപീകരണം എന്ന പേരിൽ 1997ൽ സോഷ്യൽ സയന്റിസ്റ്റിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ബി സി അഞ്ചാം നൂറ്റാണ്ടിൽ തന്നെ വിശ്വപ്രസിദ്ധ ഗ്രീക്ക് ചരിത്രകാരനായ ഹെറാഡോട്ടസ് ഇന്ത്യ എന്നാണ് നമ്മുടെ രാജ്യത്തെ വിളിച്ചത്. ബി സി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെഗസ്തനീസ് ഇന്ത്യയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് ഇൻഡിക്ക എന്നായിരുന്നു. ആർഎസ്എസുകാർ ഇപ്പോൾ അധിക്ഷേപിക്കുന്നതുപോലെ ഇന്ത്യ എന്ന നാമധേയം ബ്രിട്ടീഷുകാരുടെ സംഭാവനയല്ല എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. അങ്ങനെ ഒരു പേരുണ്ടായിരുന്നെങ്കിലും അത് നാം ഇന്ന് കാണുന്ന ഇന്ത്യയായി മാറുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലൂടെയാണ്.

ഇന്ത്യയുടെ ബഹുസ്വരത ‐ ഭാഷാപരവും മതപരവും വംശീയവും സാംസ്കാരികവും മറ്റുള്ളവയും ‐ ലോകം അറിയുന്ന മറ്റേതൊരു രാജ്യവുമായും താരതമ്യപ്പെടുത്താനാവാത്തവിധം വിശാലമാണ്. ഔദ്യോഗികമായി, ഇന്ത്യയിൽ കുറഞ്ഞത് 1,618 ഭാഷകളെങ്കിലും ഉണ്ടെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്; 6,400 ജാതികൾ, 6 പ്രധാന മതങ്ങൾ ‐ അവയിൽ 4 എണ്ണം ഈ രാജ്യത്തുനിന്നാണ് ഉത്ഭവിച്ചത്; നരവംശശാസ്ത്രപരമായി നിർവചിക്കപ്പെട്ട 6 വംശീയ ഗ്രൂപ്പുകൾ; ഇതെല്ലാം ഒരുമിച്ച് ഒരു രാജ്യമെന്ന നിലയിൽ രാഷ്ട്രീയമായി ഒന്നിച്ചു നിൽക്കുന്നു. ഈ വൈവിധ്യത്തിന്റെ ഭാഗമായി 29 പ്രധാന മത‐സാംസ്കാരിക ഉത്സവങ്ങൾ ഇന്ത്യ ആഘോഷിക്കുന്നു. ഒരുപക്ഷേ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ മതപരമായ അവധി ദിനങ്ങൾ ഇന്ത്യയിലുണ്ട്.

ഈ വിശാലമായ വൈവിധ്യത്തെ ഏകീകരിച്ചത് ബ്രിട്ടീഷുകാരാണെന്ന് വാദിക്കുന്നവർ, ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒരു ദശലക്ഷത്തിലധികം മരണങ്ങൾക്കും വർഗീയ കൈമാറ്റത്തിനും കാരണമായത് ബ്രിട്ടീഷുകാരാണെന്ന വസ്തുത അവഗണിക്കുന്നു. ഈ വൈവിധ്യത്തെ ഏകീകരിക്കുകയും 660 ലധികം ഫ്യൂഡൽ നാട്ടുരാജ്യങ്ങളെ ആധുനിക ഇന്ത്യയിലേക്ക് സമന്വയിപ്പിക്കുകയും, ഒരു വിശാല ഇന്ത്യൻ ബോധത്തിന് രൂപം നൽകുകയും ചെയ്തത് ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമരമാണ്.അതുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയവർ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് ഇന്ത്യയുടെ ഭരണഘടന ആരംഭിച്ചത്. രാജ്യത്തിന്റെ പേര് പറയുന്നിടത്തും ഇന്ത്യ എന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഇന്ത്യ അതായത് ഭാരതം എന്നാണ് ഇന്ത്യയെ നിർവചിച്ചിട്ടുള്ളത് എന്നും നമുക്ക് കാണാവുന്നതാണ്.

അങ്ങനെയുള്ള ഇന്ത്യയുടെ ഭരണഘടനയിൽ യാതൊരു മാറ്റവും വരുത്താതെയാണ് “പ്രസിഡണ്ട് ഓഫ് ഭാരത്’എന്നും “പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും ജി20 മായി ബന്ധപ്പെട്ട നടപടികളിൽ ഇപ്പോൾ പേരുമാറ്റം വരുത്തിയിരിക്കുന്നത്. ഭരണഘടനയിൽ നിരവധി ഭേദഗതികൾ വരുത്തിയെങ്കിൽ മാത്രമേ ആ തരത്തിലുള്ള ഒരു പേരുമാറ്റം അംഗീകരിക്കാനാവു. അതിനൊന്നും തയ്യാറാവാതെ ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ബി ജെ പി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യയെ ഭാരതം എന്നു മാത്രമല്ല ഹിന്ദുസ്താൻ എന്നും വിളിച്ചിട്ടുണ്ട്. വേണമെങ്കിൽ പഴയ ആര്യാവർത്തവും ഇന്ത്യയായിരുന്നു എന്ന് വ്യാഖ്യാനിക്കാനാവും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടികൾ ഒക്കെത്തന്നെ ഇന്ത്യയെ ഇന്ത്യയായിത്തന്നെയാണ് കണ്ടത്. കോൺഗ്രസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി,കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആയിരുന്നു. സുഭാഷ് ചന്ദ്രബോസിന്റേത് ഇന്ത്യൻ നാഷണൽ ആർമി ആയിരുന്നു. എന്നാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിത്തം വഹിക്കാതിരുന്ന സവർക്കറുടെ ആദ്യ സംഘടനയുടെ പേര് അഭിനവ് ഭാരത് എന്നായിരുന്നു. ഹിന്ദു മഹാസഭയ്ക്കു പിന്നിലും ഇന്ത്യ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ കൂടെയും ഇന്ത്യ ഉണ്ടായിരുന്നില്ല. അവർക്ക് ആവശ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കിത്തീർക്കലായിരുന്നു.

ഇനി നമുക്ക് ഭാരതം എന്ന പേര് വന്നത് എങ്ങനെ എന്ന് നോക്കാം. ഈ കഥ വിവരിക്കപ്പെട്ടിട്ടുള്ളത് മഹാഭാരതത്തിന്റെ ആദ്യപർവത്തിലാണ്. മഹാഭാരതം ഒരു ചരിത്രഗ്രന്ഥമല്ല ഇതിഹാസമോ പുരാണമോ ആയിരുന്നു എന്ന കാര്യം മനസ്സിലാക്കുക. യയാതിക്ക് ശാപം മൂലം ജരാനരകൾ ബാധിക്കുന്നു. മക്കളിൽ ആരെങ്കിലും ജരാനരകൾ ഏറ്റുവാങ്ങാൻ തയ്യാറായാൽ ശാപമോക്ഷം ലഭിക്കുമായിരുന്നു. പിതാവിന്റെ വാർദ്ധക്യം ഏറ്റുവാങ്ങാൻ തയ്യാറായത് പുരു എന്ന ഇളയ മകനാണ്. ആ പുരു സ്ഥാപിച്ചതാണ് പുരുവംശം. പുരുവിന്റെ വംശ പരമ്പരയിൽ പെട്ടവർ പൗരവർ എന്നറിയപ്പെടുന്നു. പുരുവിന്റെ ഭാര്യയുടെ പേര് കൗസല്യ എന്നായിരുന്നു.പുരുവിന്റെ പതിനാറാം തലമുറക്കാരനാണ് കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ നായകനായ ദുഷ്യന്തൻ. ദുഷ്യന്തന്റെ പിതാവിന്റെ പേര് ഈളിതൻ എന്നായിരുന്നു. മാതാവ് രഥന്തരി. ദുഷ്യന്തൻ ഗാന്ധർവ്വ വിവാഹത്തിലൂടെ സ്വന്തമാക്കിയ ഭാര്യയാണ് ശകുന്തള. അവർക്കുണ്ടായ പുത്രനാണ് സർവ്വദമനൻ. മകനുമൊത്ത് ഭർത്താവിനെ കാണാൻ എത്തിയ മഹാഭാരതത്തിലെ ശകുന്തള ഭാര്യയായി സ്വീകരിക്കപ്പെടാതെ പിരിയുമ്പോൾ പറയുന്നതിങ്ങനെയാണ്:

“അസത്യം ചൊല്ലി നീയേവം ശ്രദ്ധ കൈവിട്ടിരിക്കിലോ
ഞാനിതാ ഹന്ത! പോകുന്നേൻ നിന്നോടേ വേണ്ട സംഗമം.’
ആ സമയത്താണ് ഒരശരീരി കേൾക്കുന്നത്.
“ജീവിക്കും പുത്രനെ വിട്ടു ജീവിക്കുമധിക കഷ്ടമാം
ഭരിക്ക് ശകുന്തളനാം ദൗഷധിയേ നരാധിപാ!
പരമീണങ്ങൾ ചൊല്ലാലെ ഭരിച്ചീടുക കാരണം
നരേന്ദ്ര നിൻ പുത്രൻ ഭരതാഭിധനായ് വരും’

ഈ അശരീരിയിലൂടെയാണ് ശകുന്തളാപുത്രനായ സർവദമനൻ ഭരതനായത്. ഈ ഭരതനാണ് ആദ്യമായി ഇന്ത്യയാകെ അടക്കി ഭരിച്ച ചക്രവർത്തി എന്നാണ് മഹാഭാരതം പറയുന്നത്. ഈ കഥയ്ക്ക് ചരിത്രവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെയൊരു രാജാവ് ഇന്ത്യയാകെ അടക്കി ഭരിച്ചിട്ടും ഇല്ല.

മറ്റൊരു കഥ ഋഗ്വേദത്തിലേതാണ്. അതനുസരിച്ച് വേദകാലത്ത് വടക്കേ ഇന്ത്യയിൽ ഉണ്ടായിരുന്ന നിരവധി ഗോത്രങ്ങളിൽ ഒന്നിന്റെ പേരായിരുന്നു ഭാരതം. അതുപോലെ നിരവധി ഗോത്രങ്ങൾ ഇന്ന് ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈയൊരു ഗോത്രപ്പേരിന് ഇത്രയേറെ മഹത്വം കൽപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ല.

ഇപ്പോൾ പേര് മാറ്റുന്നവർക്ക് ആവശ്യം ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളിൽ നിന്ന് നാം സ്വീകരിച്ച ഇന്ന് നിലവിലുള്ള ഇന്ത്യ എന്ന പേരിനു പകരം ഹിന്ദുമതവുമായി ബന്ധമുള്ള ഒരു പേരിലേക്ക് മാത്രമായി നമ്മുടെ രാജ്യത്തെ മാറ്റുക എന്നതാണ്. ഇത് നടത്തുന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണം എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആർ എസ് എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ ഉപകരണമായ ബിജെപിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ ഇല്ലാതാക്കുകയും പകരം ഭാരതത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നത് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ഇല്ലാതാക്കുന്നതിന്റെ മുന്നോടിയായി നാം കാണുകയും ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരികയും വേണം.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + 13 =

Most Popular