Tuesday, February 27, 2024

ad

Homeലേഖനങ്ങൾവംശീയ ഉന്മൂലനത്തിന്റെ കലാപപദ്ധതികൾ

വംശീയ ഉന്മൂലനത്തിന്റെ കലാപപദ്ധതികൾ

കെ ടി കുഞ്ഞിക്കണ്ണൻ

വിചാരധാരയിൽ ഗോൾവാൾക്കർ ആഭ്യന്തരശത്രുക്കളായി കാണുന്ന മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമൊക്കെ ഉന്മൂലനം ചെയ്തില്ലാതാക്കാനുള്ള അവസരമായിട്ടാണ് സംഘപരിവാർ തങ്ങൾക്ക് ലഭ്യമായ ദേശീയാധികാരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 2002-ൽ ഗോധ്രയിൽനിന്നും ആരംഭിച്ച ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരന്മാരായ ആർഎസ്എസ് നേതാക്കൾ ഇപ്പോൾ മണിപ്പൂരിലും ഹരിയാനയിലുമെല്ലാം തങ്ങൾ അനഭിമതരായി കാണുന്ന ജനവിഭാഗങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വംശീയ ഉന്മൂലന ലക്ഷ്യത്തോടെയാണ് ഗുജറാത്തിലെന്നപോലെ മണിപ്പൂരിലും ഹരിയാനയിലെ നൂഹിലുമെല്ലാം ഹിന്ദുത്വവർഗീയവാദികൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയിൽ മോഡിസർക്കാർ നൽകിയതുപോലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ മണിപ്പൂരിലെയും ഹരിയാനയിലെയും ബി.ജെ.പി സർക്കാരുകൾ ഒത്താശ ചെയ്തുകൊടുക്കുന്നു.

സെമറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്ത ജർമ്മൻകാരിൽ നിന്നും പഠിക്കണമെന്നും അതേ മാർഗം അവലംബിക്കണമെന്നുമാണ് ഗോൾവാൾക്കർ ഉൽബോധിപ്പിച്ചിട്ടുള്ളത്. ജർമ്മൻ മാതൃക പകർത്തുന്ന ഗോൾവാൾക്കറിസത്തിന്റെ ക്രൂരമായ പ്രയോഗവൽക്കരണമാണ് ഇപ്പോൾ മണിപ്പൂരിലും ഹരിയാനയിലുമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഉന്മൂലനലക്ഷ്യത്തോടെ വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഹരിയാനയിൽനിന്നുവരുന്ന റിപ്പോർട്ടുകളെല്ലാം പറയുന്നത്. രാഷ്ട്രതലസ്ഥാനത്തോട് തൊട്ടുകിടക്കുന്ന സംസ്ഥാനമാണ് ഹരിയാനയിലെ നൂഹ് ജില്ല. അവിടെ വെച്ചാണ് മാസങ്ങൾക്കുമുമ്പ് പശുക്കടത്താരോപിച്ച് രാജസ്ഥാൻകാരായ രണ്ട് മുസ്ലീം യുവാക്കളെ അവർ സഞ്ചരിച്ചിരുന്ന കാറിൽ പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞത്. നാസിർ, ജുനൈദ് എന്നീ പേരുള്ള ഈ യുവാക്കൾ യഥാർത്ഥത്തിൽ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ടായിരുന്നു നൂഹിലെത്തിയിരുന്നത്. അതിൽ പ്രതികളായ വർഗീയ ക്രിമിനലുകളെ ആഘോഷപൂർവ്വം കൊണ്ടാടുന്ന സംഘപരിവാറിന്റെ പ്രകോപനപരമായ നടപടികളാണ് നൂഹിൽ അസ്വസ്ഥത പൊട്ടിപ്പുറപ്പെടാൻ വഴിമരുന്നിട്ടത്.

ഇപ്പോൾ നൂഹിലെ മുസ്ലീം വിരുദ്ധ വർഗീയ അക്രമണങ്ങൾക്കൊപ്പം ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വീടുകളും കെട്ടിടങ്ങളും തെരഞ്ഞുപിടിച്ച് ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണ് ഹരിയാന സർക്കാർ. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഇടപെടലും രൂക്ഷമായ വിമർശനവും ഉണ്ടായതോടെയാണ് ബുൾഡോസറുകൾ ഉപയോഗിച്ചുള്ള ന്യൂനപക്ഷപ്രദേശങ്ങളുടെ നിരത്തലുകളിൽ നിന്നും ഹരിയാന സർക്കാർ പിൻമാറിയതുതന്നെ. ന്യൂനപക്ഷങ്ങളെ കലാപകാരികളാണെന്ന് മുദ്രകുത്തി വർഗീയവാദികളും ഭരണകൂടവും വേട്ടയാടുന്ന അവസ്ഥയാണ് ഹരിയാനയിലുള്ളത്.

ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് പ്രത്യേക മതവിഭാഗത്തിന്റെ വീടുകളും കെട്ടിടങ്ങളും മാത്രം പൊളിക്കുന്നതെന്തുകൊണ്ടാണെന്നാണ് കോടതി ചോദിച്ചത്. സർക്കാരിന്റെ നേതൃത്വത്തിൽ വംശീയ ഉന്മൂലനമല്ലേ നൂഹിൽ നടത്തുന്നതെന്നും ഹൈക്കോടതി സർക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു. വിഎച്ച്പിയുടെ റാലിയെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് തടഞ്ഞത്. ഹൈക്കോടതിയിലെ ജഡ്ജിമാരായ ജി.എസ്.സന്ധവാലിയയും ഹർപ്രീത്കൗർജീവനും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

മുന്നറിയിപ്പുനോട്ടീസ് നൽകാതെ ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നിയമവ്യവസ്ഥയോടുതന്നെയുള്ള വെല്ലുവിളിയാണെന്നാണ് കോടതി നിരീക്ഷിച്ചത്. കലാപകാരികളെ ഇല്ലാതാക്കാനുള്ള നടപടിയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതെന്നുള്ള ഹരിയാന ആഭ്യന്തരമന്ത്രി അനിൽവിജിലിന്റെ പ്രസ്താവനയെ കോടതി വിമർശിക്കുകയും ചെയ്തു. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് ഇവിടെ ചട്ടങ്ങളും നിയമങ്ങളുമൊക്കെയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ദീർഘകാലം നൂഹിൽ നിലനിൽക്കുന്നതും നികുതി അടച്ചുവരുന്നതുമായ കെട്ടിടങ്ങളും തകർത്തതായുള്ള ഉടമകളുടെ നിരവധി പരാതികളും കോടതിക്ക് മുമ്പിലെത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ബെഞ്ച് അതിന്റെ വിധിയിൽ ഉദ്ധരിച്ചു.

ബുൾഡോസർരാജിലൂടെ ന്യൂനപക്ഷങ്ങളുടെ അധിവാസമേഖലകൾ ഇടിച്ചുനിരത്തുന്ന ഹിന്ദുത്വവാദികളുടെയും അവരുടെ സർക്കാരിന്റെയും നീക്കങ്ങൾക്കെതിരായ ശക്തമായ താക്കീതാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം രാമനവമി, -ഹനുമാൻജയന്തി ഘോഷയാത്രയോടനുബന്ധിച്ച് ഒമ്പതോളം സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ അധിവാസമേഖലകളിൽ വർഗീയ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഹരിയാനയിൽ അതാവർത്തിക്കപ്പെടുകയാണുണ്ടായത്. മതഘോഷയാത്രയെതുടർന്ന് ആസൂത്രിതമായി വംശീയ ഉന്മൂലനലക്ഷ്യത്തോടെ വി.എച്ച്.പിക്കാരും സർക്കാരും ന്യൂനപക്ഷങ്ങൾക്കെതിരായി നീങ്ങുകയായിരുന്നു. ബുൾഡോസർരാജ് നടപ്പാക്കുകയായിരുന്നു.

വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുത, കഴിഞ്ഞ ഫെബ്രുവരിയിൽ കാലിക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ കൊലചെയ്ത കേസിലെ പ്രതിയായ ക്രിമിനലിന്റെ ആസൂത്രണമാണ് മേവാവത്ത് മേഖലയിൽ നടന്ന ബ്രജ്മണ്ഡൽ ജലാഭിഷേകയാത്രയിൽ പള്ളി ഇമാം അടക്കമുള്ള ആറുപേരുടെ നിഷ്ഠുരമായ കൊല എന്നതാണ്. ഈ ക്രിമിനലുകൾ ഉൾപ്പെടെയുള്ള വിഎച്ച്പിക്കാരുടെ ഗൂഢാലോചനയിലാണ് നൂഹിന് തീകൊളുത്തിയത്. അതിനുശേഷമാണ് ന്യൂനപക്ഷ അധിവാസമേഖലകളിൽ ബുൾഡോസർ ഉരുണ്ടുനീങ്ങിയത്. ഒരേ പാറ്റേണിൽ സംഘപരിവാർ ഭരണാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് നിരന്തരം ആവർത്തിക്കുന്ന വംശീയഉന്മൂലനത്തോടെയുള്ള ന്യൂനപക്ഷവേട്ടയാണിത്.

മണിപ്പൂരിലെന്നപോലെ വർഗീയ ഭീകരരുടെ അഴിഞ്ഞാട്ടങ്ങൾ തടയാൻ ഭരണകൂടസംവിധാനങ്ങൾ ഇടപെടുന്നില്ലെന്നുമാത്രമല്ല സർക്കാരും പോലീസും വർഗീയവാദികൾക്കൊപ്പം ന്യൂനപക്ഷവേട്ടയിൽ പങ്കാളികളാവുകയാണ്. 1993-ലെ ബോംബെ കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷകമ്മീഷൻ വർഗീയവാദികളും ഭരണകൂടവും ചേർന്ന് നടത്തുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ആസൂത്രിത അക്രമണങ്ങളെ സംബന്ധിച്ച് അടിവരയിട്ട് പറയുന്നുണ്ട്. 2014-നുശേഷം ഈ പാറ്റേണിലുള്ള വർഗീയാക്രമണങ്ങൾ രാജ്യത്തെല്ലായിടത്തും നടപ്പാക്കുകയാണ് ഹിന്ദുത്വസംഘടനകളും ബിജെപി സർക്കാരുകളും ചെയ്തിട്ടുള്ളത്.

യുപിയിൽ യോഗി ആദിത്യനാഥിന്റെ സർക്കാരും മധ്യപ്രദേശിൽ ശിവരാജ്‌സിംഗ് ചൗഹാന്റെ സർക്കാരും ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർരാജ് നടപ്പാക്കി. എല്ലാവിധ നിയമങ്ങളെയും കാറ്റിൽപ്പറത്തി വർഗീയ ക്രിമിനലുകളോടൊപ്പം ഭരണകൂട സംവിധാനങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിതാക്രമണങ്ങൾ അഴിച്ചുവിടുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ 350 കുടിലുകളും ഹോട്ടലുകളും റസ്റ്റോറന്റുകളും ഞൊടിയിടയിലാണ് തകർത്തുകളഞ്ഞത്. ഉടമകൾക്കോ താമസക്കാർക്കോ നിയമാനുസൃതമായി ഒരു മുന്നറിയിപ്പുപോലും നൽകിയിട്ടില്ല. രാജ്യമെത്തപ്പെട്ട അതിഭീകരമായ ഒരു ചരിത്രസന്ധിയെയാണ് ഇത് കാണിക്കുന്നത്. വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങളെ വംശീയ ഉന്മൂലനലക്ഷ്യത്തോടെ വേട്ടയാടുകയാണ് ഹിന്ദുരാഷ്ട്രവാദികളായ ആർഎസ്എസ് പരിവാർ.

മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ക്രൂരതകളും നരമേധങ്ങളുമാണ് മണിപ്പൂരിൽ നടന്നത്. മെയ്തി വംശീയഭീകരസംഘങ്ങൾ ചെയ്യുന്ന നൃശംസതകൾ പുറംലോകമറിയാതിരിക്കാൻ കലാപം ആരംഭിച്ചപ്പോൾതന്നെ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാരും ബീരേൻസിംഗ് സർക്കാരും കൂട്ടക്കൊലകൾക്കും കൂട്ടബലാത്സംഗങ്ങൾക്കും സൗകര്യമൊരുക്കിക്കൊടുത്തു. വസ്തുതകൾ അന്വേഷിക്കാനെത്തുന്ന ജനപ്രതിനിധികൾക്കോ മാധ്യമങ്ങൾക്കോ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കാൻ പറ്റാത്തവിധം ക്രമസമാധാനനില തകർന്നിരിക്കുന്നു. സർക്കാർ സേനകളുടെ യന്ത്രത്തോക്കുകളും ആയുധങ്ങളുമൊക്കെ ഉപയോഗിച്ചാണ് ഭീകരസംഘങ്ങൾ അഴിഞ്ഞാടിയത്. വർഗീയ ഭീകരരും ഭരണകൂട സംവിധാനങ്ങളും ചേർന്ന് നടത്തിയ നരവേട്ടകളെ ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമായി അവതരിപ്പിക്കാനാണ് പല മാധ്യമങ്ങളും ശ്രമിച്ചത്. മെയ്തി-, കുക്കി വൈരുദ്ധ്യങ്ങൾ ഹിന്ദു‐-ക്രൈസ്തവ വർഗീയ ചേരിതിരിവുകളും സംഘർഷങ്ങളുമാക്കി മാറ്റിയത് ബി.ജെ.പി സർക്കാരാണ്.

സർക്കാർ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിക്കൊണ്ടും അവയെ തങ്ങൾക്കനുകൂലമാക്കിമാറ്റിക്കൊണ്ടുമാണ് ഭീകരവാദികൾ അഴിഞ്ഞാടിയത്. മെയ്തിലിപൂൺ സംഘങ്ങൾ ബിഷ്ണുപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റിസർവ് ബറ്റാലിയന്റെ ആയുധപ്പുര കയ്യേറി ആയുധങ്ങൾ കയ്യടക്കുകയായിരുന്നു. ബിഷ്ണുപൂരിൽ നിന്നുമാത്രം എ.കെ-47 എം.പി-3 റൈഫിൾസ് ഉൾപ്പെടെ 300-ലധികം തോക്കുകളാണ് തട്ടിയെടുത്തത്. 15000-ഓളം വെടിയുണ്ടകളും അക്രമിസംഘങ്ങൾ കൊള്ളയടിച്ചു.

സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടത്തെ നയിച്ചുകൊണ്ടും പ്രതിരോധമാക്കിക്കൊണ്ടുമാണ് മെയ്തിലിപൂണും ആരംബായ്‌തെങ്കൂണുമെല്ലാം പോലീസിന്റെ ആയുധപ്പുരകൾ കയ്യേറുന്നതും കൊള്ളയടിക്കുന്നതും. ഇംഫാലിലെ മൊറെ സൈനികകേന്ദ്രം 3000-ഓളം വരുന്ന ജനക്കൂട്ടമാണ് അക്രമിക്കാനെത്തിയത്. ഇവിടങ്ങളിൽ മെയ്തികളും കുക്കികളും തമ്മിൽ തുടർച്ചയായ ഏറ്റുമുട്ടലുകൾ നടക്കുന്നു. സർക്കാരിന്റെ സഹായത്തോടെയും നിയമാതീതമായി പ്രവർത്തിക്കുന്ന ക്രിമിനൽസംഘങ്ങളുടെ ബലപ്രയോഗത്തിലൂടെയുമാണ് മണിപ്പൂരിൽ വംശീയ ഉന്മൂലനലക്ഷ്യത്തോടെയുള്ള കലാപങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 14 =

Most Popular