Saturday, September 21, 2024

ad

Homeകവര്‍സ്റ്റോറിതദ്ദേശ ഭരണ സംവിധാനം മാറുന്ന മുഖം

തദ്ദേശ ഭരണ സംവിധാനം മാറുന്ന മുഖം


ഡോ. ജോയ് ഇളമൺ

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മറ്റു സംസ്ഥാനങ്ങളിലുള്ളവയിൽനിന്നും വ്യത്യസ്തമാക്കുന്നത് വികസനാസൂത്രണത്തിലുള്ള മികവാണ് എന്നാണ് പൊതുവേയുള്ള ധാരണ. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ നേർപാത സൃഷ്ടിച്ച ജനകീയാസൂത്രണമാണല്ലോ അതിന്റെ അടിസ്ഥാനവും. എന്നാൽ ജനകീയാസൂത്രണം അവസാനമല്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുള്ളതാണതെന്നും അതുവഴി സർക്കാരുകൾ കൂടുതൽ ജനകീയമായി ജനാധിപത്യം തന്നെ ശക്തിപ്പെടുത്തുവാനുമാണെന്നും അന്നേ അടിവരയിട്ടിരുന്നു.

എന്നാൽ കേവലം ആസൂത്രണതിനുള്ളത് മാത്രമായിരുന്നില്ല ജനകീയാസൂത്രണം. തദ്ദേശ ഭരണം തന്നെ ശക്തിപ്പെടുത്തുവാനായിരുന്നു അത്. മറ്റു സംസ്ഥാനങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി കേരളത്തെ വ്യത്യസ്തമാക്കുന്നതും അതുതന്നെയാണ്. തുടർന്ന് സെൻകമ്മിറ്റി തയ്യാറാക്കിയ നിർദ്ദേശങ്ങളും നിയമ ഭേദഗതികളുമെല്ലാം തദ്ദേശഭരണ സംവിധാനത്തെ ശക്തിപ്പെടുത്തി എന്നത് ചരിത്രം. അതിനോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ സംവിധാനവും ശക്തിപ്പെട്ടു.

സദ്ഭരണത്തിന്റെ വിവിധ ഘടകങ്ങൾ ഉൾക്കൊണ്ടുള്ള ഭരണ സംവിധാനം ഇത്ര ഉയർന്ന തലത്തിലുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ്. സുതാര്യതയും അവകാശങ്ങൾ ഉറപ്പാക്കലും പങ്കാളിത്തവും സേവനങ്ങളും പൗരാവകാശരേഖയും ഉത്തരവാദിത്വവും ജനകീയതയും ജനകേന്ദ്രീകൃതമായ ഭരണവും ഏറ്റവും ഉയർന്ന തലത്തിൽ കാണാനാവുക അവിടെത്തന്നെയാണ്.

പുതിയ സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ സേവനങ്ങൾ ഏറിയ പങ്കും മറ്റു ഭരണ പ്രവർത്തനങ്ങളും ഇ-–ഗവേണൻസ് രൂപത്തിലായതോടെ വളരെ ഫലപ്രദവും കാര്യക്ഷമവുമായ ഭരണ സംവിധാനമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാറി. അതിനനുസൃതമായി ILGMS അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തപ്പെട്ടു. ഇതോടൊപ്പം ഈ ഓഫീസുകളെല്ലാം ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് നേടി മികവു തെളിയിച്ചു കഴിഞ്ഞു. ഇന്ന് കേരളത്തിലെ എല്ലാ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും ഈ നിലവാരത്തിലേക്ക് ഉയർന്ന് ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു. ഒരുപക്ഷേ കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ ഭരണ നിർവഹണ കാര്യത്തിൽ ഏറെപ്പെട്ടെന്ന് ഇത്രയും ഉയർന്ന നിലയിൽ മാറ്റങ്ങൾ സൃഷ്ടിച്ച ഒരു സംവിധാനവും കേരളത്തിൽ ഉണ്ടാകില്ല. നമുക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. ന്യൂനതകൾ തീർച്ചയായുമുണ്ട്. അവ കണ്ടെത്തി പരിഹരിക്കലാണ് ഇനിയുള്ള കടമ. ഓഫീസ് സംവിധാനത്തിലാണ് മേൽപ്പറഞ്ഞ നേട്ടങ്ങൾ. എന്നാൽ ഭരണത്തിന്റെ അവിഭാജ്യ ഘടകമായ വികസനാസൂത്രണവും നിർവഹണവും ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ആസൂത്രണത്തിനുള്ള ചട്ടങ്ങൾ തയ്യാറായി വരുന്നതേയുള്ളൂ. അവ ജനകീയമാണെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

വികസന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പല തലത്തിലും മെച്ചപ്പെടാനുണ്ട്. സമയബന്ധിതാമായി നിർവഹണം നടത്തുവാനും അവ ഫലപ്രദമാണെന്ന് ഉറപ്പുവരുത്തുവാനും കഴിയണം.

ഡേറ്റ ഉപയോഗിച്ച് ലക്ഷ്യാധിഷ്ഠിത ആസൂത്രണം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങണം. ഇക്കാര്യത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ രീതിശാസ്ത്രം പ്രാദേശികവത്കരിച്ചുപയോഗിക്കുന്നതാകും ഉചിതം. ഇതിനകം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ രീതിയിലേക്ക് നീങ്ങിയിട്ടുണ്ട്. അത് ശക്തിപ്പെടുത്തണം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ ഘടക സ്ഥാപനങ്ങളും വിഷയങ്ങളും ഇപ്പോഴും പൂർണമായ രീതിയിൽ ഇഴുകിച്ചേർന്നിട്ടില്ല. അത് ആസൂത്രണത്തിനും നിർവഹണത്തിനും ഭരണത്തിനും തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കൽ തന്നെയാണ് തദ്ദേശ ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ മുഖ്യം.

ഇതിനകം സജ്ജമായ K-SMART കേരളത്തിലെ തദ്ദേശ ഭരണത്തെ പുതിയ തലത്തിൽ എത്തിക്കാൻ ഉതകുന്നതാകണം. ഒപ്പം അതിനെ ജനകീയവുമാക്കണം. പുതിയ സാങ്കേതിക വിദ്യകളെ തദ്ദേശ ഭരണം ശക്തിപ്പെടുത്തുവാൻ ഉപയോഗിക്കാനാവണം.
ഇവയെല്ലാം ചേർന്നുകൊണ്ടുള്ള ഭരണ സംവിധാനത്തിന്റെ ഫലപ്രാപ്തിയും കാര്യക്ഷമതയും അളക്കാൻ കഴിയുന്ന സൂചകങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാനദണ്ഡങ്ങൾ കേരളത്തിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാനാവണം.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട വേളയാണിത്. കാലത്തിനനുസരിച്ച് ധീരമായ ഈ നടപടി എടുത്ത സാഹചര്യത്തിൽ അത് പ്രവൃത്തിപഥത്തിലെത്തുമ്പോൾ ഉള്ള ബാലാരിഷ്ടതകൾ പരിഹരിച്ചു മുന്നേറേണ്ട കാലവും ഇതാണ്. വകുപ്പ് സംയോജനം തദ്ദേശ ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുംവിധം ചിട്ടപ്പെടുത്തേണ്ടതുണ്ട്. അതിനാവശ്യമായ സംവിധാനങ്ങൾക്കൊപ്പം ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കാര്യശേഷി വികസനവും ശക്തിപ്പെടുത്തേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular