Saturday, September 21, 2024

ad

Homeകവര്‍സ്റ്റോറിഭരണവും 
വിഭവ വിനിയോഗവും

ഭരണവും 
വിഭവ വിനിയോഗവും

കെ എൻ ഹരിലാൽ

കേരളത്തിന്റെ അധികാര വികേന്ദ്രീകരണ മാതൃക ലോക ബാങ്കിന്റെയും ഇതര സാമ്രാജ്യത്വ ഏജൻസികളുടെയും മാതൃകകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അന്തർദേശീയ ഏജൻസികൾ അധികാര വികേന്ദ്രീകരണത്തെ കാണുന്നത്. ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ്. കാര്യക്ഷമത വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം അധികാരവും വിഭവങ്ങളും താഴേത്തട്ടിലേക്ക് വിന്യസിക്കുക എന്നതാണ്. പങ്കാളിത്ത ജനാധിപത്യത്തെയും താഴേത്തട്ടിലെ സർക്കാരുകളെയും ഉദാത്തവൽക്കരിക്കുന്ന സമീപനം മേൽപ്പറഞ്ഞ സാമ്രാജ്യത്വ മാതൃകയുടെ ഭാഗമായി ഉണ്ടാവുന്നതാണ്.

കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ താൽപര്യം കേവലം ഭരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നില്ല. ഭരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അതിനേക്കാൾ പ്രധാനമാണ് ഭരണത്തിന്റെ ജനാധിപത്യവൽക്കരണം. ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും മേധാവിത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനാണ് കേരളം ഊന്നൽ നൽകുന്നത്. അതായത് ജനങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള മാർഗമായാണ് കേരളം ജനകീയാസൂത്രണത്തെ കാണുന്നത്. അതുകൊണ്ട് അധികാരം താഴേത്തട്ടിലേക്ക് കൈമാറിയാൽ മാത്രം പോരാ ഉദ്യോഗസ്ഥ മേധാവിത്വം പിടിമുറുക്കുന്നതിനെതിരായ ജാഗ്രതയും പ്രധാനമാണ്.

പങ്കാളിത്ത ജനാധിപത്യത്തെ ഉദാത്തവൽക്കരിക്കുന്നതുപോലെ അസ്വീകാര്യമാണ് താഴെത്തട്ട് സർക്കാരുകളെ ഉദാരവൽക്കരിക്കുന്നതും മുകൾത്തട്ടു സർക്കാരുകളെ ഇകഴ്ത്തുന്നതും. പങ്കാളിത്ത ജനാധിപത്യം പോലെ തന്നെ പ്രധാനമാണ് പ്രാതിനിധ്യ ജനാധിപത്യം. താഴേത്തട്ടിലെ സർക്കാരുകൾക്കൊപ്പം മേൽത്തട്ടിലെ സർക്കാരുകൾക്കും വലിയ പ്രാധാന്യമുണ്ട്. കേരളം സ്വീകരിച്ച ജനകീയാസൂത്രണ മാതൃകയിൽ ആസൂത്രണത്തിനാണ് ഊന്നൽ നൽകുന്നത്. എല്ലാ കാര്യങ്ങളും താഴേത്തട്ടിൽ ചെയ്യണമെന്നല്ല മറിച്ച് താഴെത്തട്ടിൽ കാര്യക്ഷമമായി നിർവ ഹിക്കാവുന്ന കാര്യങ്ങൾ താഴേത്തട്ടിൽ തന്നെ ഏറ്റെടുക്കണം എന്നതാണ് നിലപാട്. മുകൾ തട്ടുകളിൽ മാത്രം ഏറ്റെടുക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അവ സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും തലത്തിൽ ഏറ്റെടുക്കണം. ഉത്തരവാദിത്വങ്ങളും അധികാരവും വിവിധ തട്ടുകൾക്കിടയിൽ വിഭജിക്കുന്നതിനനുസരിച്ച് വിഭവ വിതരണവും ഉറപ്പാക്കണം. ഗ്രാൻഡുകൾ നൽകുന്നതിൽ മാത്രമല്ല നികുതി, നികുതിയേതര വരുമാന സ്രോതസ്സുകളുടെ വിതരണത്തിലും വിവിധ തട്ടുകൾക്ക് അർഹവും അനുയോജ്യവുമായ പരിഗണന ഉറപ്പാക്കേണ്ടതാണ്.

ഭരണം വിവിധ തട്ടുകളിലായി വിന്യസിക്കപ്പെടുന്നതുകൊണ്ട് വ്യത്യസ്ത ഭരണതലങ്ങൾ തമ്മിലുള്ള ഏകോപനം നിർണായകമാണ്. വിവിധതട്ട് ഗവൺമെന്റുകൾ സർക്കാർ വകുപ്പുകൾ വികസന മേഖലകൾ തുടങ്ങിയവയുടെ ആസൂത്രിതമായ ഏകോപനം അനിവാര്യമാണ്. ഏറ്റവും താഴത്തെ തട്ടിൽ അതായത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് എല്ലാ ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയും. യഥാർത്ഥത്തിൽ പ്രാദേശികതലത്തിൽ ഏകോപനത്തിന് മറ്റു സംവിധാനം ഉണ്ടാക്കുക പ്രായോഗികമല്ല.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകോപന ഉത്തരവാദിത്വവും അധികാരവും ഇപ്പോൾ ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. മുകൾ തട്ട് സർക്കാരുകളും വകുപ്പുകളും സർവ്വോപരി ജനങ്ങളും ഇത് ഇപ്പോൾ അംഗീകരിക്കുന്ന നിലയുണ്ട്. പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്ത് പ്രാദേശിക സർക്കാരുകളുടെ ഏകോപന അധികാരവും ഉത്തരവാദിത്വവും സംശയരഹിതമായി സ്ഥാപിക്കപ്പെട്ടു എന്നതാണ് വസ്തുത. താഴെത്തട്ടിൽ മാത്രമല്ല ബ്ലോക്ക് – ജില്ല – സംസ്ഥാന – കേന്ദ്ര തലങ്ങളിലും ഏകോപനവും ഉദ്ഗ്രഥനവും പ്രധാനമാണ്. സംസ്ഥാന തലത്തിൽ ആസൂത്രണ ബോർഡിനും സംസ്ഥാന സർക്കാരിനുമാണ് ഈ ചുമതല ഏറ്റെടുക്കാൻ കഴിയുക. സംസ്ഥാനപദ്ധതി ഇത്തരം ഏകോപനത്തിന്റെ അടിസ്ഥാന ഉപകരണങ്ങളാണ്. ജില്ലാ ആസൂത്രണ സമിതിക്ക് ജില്ലാടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ ഈ ഉത്തരവാദിത്വം നിർവഹിക്കാം.

സംയോജനത്തിന്റെ മറ്റൊരു മാർഗം സംയുക്ത പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക എന്നതാണ്. സർക്കാർ വകുപ്പുകൾ വിവിധ തട്ടുകളുടെ പ്രാദേശിക സർക്കാരുകൾ എന്നിവ ചേർന്ന് സംയുക്ത പദ്ധതികൾ തയ്യാറാക്കുന്ന രീതി കേരളത്തിലുണ്ട്. ഇന്നത്തെക്കാലത്ത് പല വികസന പ്രശ്നങ്ങളുടെയും പരിഹാരം കാണുന്നതിന് ഇത്തരത്തിലുള്ള സംയുക്ത പ്രോജക്ടുകൾ ആവശ്യമായി വരും. നദീ തടങ്ങളുടെ വികസനം നീർത്തടാധിഷ്ഠിത ആസൂത്രണം, കാർഷിക വികസനം, മൃഗസംരക്ഷണം ക്ഷീരോൽപാദനം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി ഏത് മേഖല എടുത്താലും സംയുക്ത പ്രോജക്ടുകളുടെ പ്രസക്തി വ്യക്തമാവും. കേരളത്തിന് ഇത്തരത്തിൽ പദ്ധതികളുടെ സംയോജനം യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ ശ്രദ്ധേയമായ ചില ചുവടുവെപ്പുകൾ എടുക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് ബഹുദൂരം മുന്നോട്ടുപോകാനുണ്ട് എന്നതാണ് വാസ്തവം. വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വെള്ളം കടക്കാത്ത അറകളായും താന്താങ്ങളുടെ ആധിപത്യം വാഴേണ്ട ഇടങ്ങളായും കാണുന്ന സങ്കുചിത സമീപനത്തിനു തന്നെയാണ് ഇപ്പോഴും മേൽക്കൈ എന്നു പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. സങ്കുചിത കാഴ്ചപ്പാടുകൾ മാറ്റിവെച്ച് പരസ്പരപൂരകമായും സഹകരണ മനോഭാവത്തോടുകൂടിയും പ്രവർത്തിച്ചാൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കാൻ കഴിയൂ. അതിനുള്ള നിരന്തര പരിശ്രമത്തിലാണ് ജനകീയാസൂത്രണ പ്രസ്ഥാനം ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 15 =

Most Popular