Friday, November 22, 2024

ad

Homeമുഖപ്രസംഗംസിഎജിക്കും ഒടുവിൽ പറയേണ്ടി വന്നു

സിഎജിക്കും ഒടുവിൽ പറയേണ്ടി വന്നു

കേരള സർക്കാരിനും എൽഡിഎഫിനും എതിരായി കേന്ദ്ര സർക്കാർ നരേന്ദ്ര മോദിക്കു കീഴിൽ കഴിയുന്നത്ര നിഷേധാത്മക നടപടികളാണ് കെെക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതേ സമയം കേന്ദ്ര–സംസ്ഥാന ബിജെപി നേതൃത്വങ്ങൾ എൽഡിഎഫ് സർക്കാരിനെതിരെ നിരന്തരം വെടി ഉതിർത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് എല്ലാ രംഗങ്ങളിലും വിദേ-്വഷപ്രചരണവും ആക്രമണവും നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ, ഇന്ത്യയിലെയും എൽഡിഎഫിനും അതിന്റെ സർക്കാരിനും എതിരായി അണിനിരത്തുകയാണ് അവരുടെയെല്ലാം ലക്ഷ്യം. ബിജെപി അവരെ തങ്ങളുടെ പിന്നിൽ അണിനിരത്താൻ ശ്രമിക്കുമ്പോൾ, യുഡിഎഫ് ജനങ്ങളെ തങ്ങളുടെ പാട്ടിലാക്കാനാണ് നീക്കം.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽക്കുള്ളതാണ്. അതിനുമുമ്പ് എന്നെല്ലാം എൽഡിഎഫ് അധികാരത്തിൽ എത്തിയിട്ടുണ്ടോ, അന്നെല്ലാം അവയുടെ സമീപനം ശത്രുതാപരമായിരുന്നു. പ്രതിപക്ഷം ഒരിക്കലും ഭരണപക്ഷത്തെ അനുകൂലിക്കുകയില്ലല്ലോ, ജനാധിപത്യ വ്യവസ്ഥയിൽ, പ്രത്യേകിച്ച് ഇന്ത്യൻ സാഹചര്യത്തിൽ. എന്നാൽ ബിജെപി കോൺഗ്രസ്സിന്റെയോ കോൺഗ്രസ് ബിജെപിയുടെയോ സർക്കാരുകളെ എതിർക്കുന്നതിനേക്കാൾ കടുത്ത തോതിലാണ് എൽഡിഎഫ് സർക്കാരിനെതിരെ വിശേഷിച്ചും പിണറായി സർക്കാരിനെതിരെ–ഈ പാർട്ടികൾ നിലയുറപ്പിച്ചിരിക്കുന്നത്.

ഇതാദ്യമായിട്ടാണല്ലോ, എൽഡിഎഫ്– യുഡിഎഫ് രൂപീകരണത്തിനുശേഷം ഒരേ മുന്നണി, തിരഞ്ഞെടുപ്പിൽ തുടർച്ചയായി കേരളത്തിൽ വിജയം നേടുന്നത്. ഒന്നാം പിണറായി സർക്കാർ നിരവധി ജനക്ഷേമ നടപടികൾ കെെക്കൊണ്ടിരുന്നു. പ്രളയത്തിന്റെയും കോവിഡിന്റെയും കാലത്തും തുടർന്നുള്ള കാലത്തും ജനങ്ങളെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ടുനീങ്ങിയത്. അതിന്റെ സ്നേഹഭരിതമായ ഓർമ ആ സർക്കാരിന്റെ സംരക്ഷണം ലഭിച്ചവർക്ക് പ്രതേ-്യകിച്ചും ഉണ്ടായി. അതുകൊണ്ടാണ് 2016ൽ നേടാൻ കഴിഞ്ഞതിലും മെച്ചപ്പെട്ട വിജയം 2021ൽ എൽഡിഎഫിന് കെെവരിക്കാനായത്. ഉടൻ വേണ്ടതും ദീർഘകാലാടിസ്ഥാനത്തിൽ ആവശ്യമായതുമായ എത്രയെത്ര ചെറുതും വലുതുമായ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചുനടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

അങ്ങനെ നടപ്പാക്കി വന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങൾ തങ്ങൾക്കു ചുറ്റും കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ളവർക്ക് കാണാൻ കഴിഞ്ഞു. അതുപോലെ സർക്കാരിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ അവഗണിച്ച് അറുപത്തി രണ്ടുലക്ഷം പേർക്ക് 1600 രൂപ വീതം പ്രതിമാസം സാമൂഹ്യപെൻഷൻ നൽകി വരുന്നു. റോഡുകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വിവിധ മേഖലകളിലെ സർക്കാർ– അർധ സർക്കാർ സ്ഥാപനങ്ങൾ, പ്രശസ്ത വ്യക്തികളുടെയും മറ്റും സ്മാരകങ്ങൾ എന്നിങ്ങനെ എവിടെ നോക്കിയാലും പിണറായി സർക്കാർ നടപ്പാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ സൃഷ്ടികൾ കാണാം. 50,000 കോടി രൂപയിലേറെ ചെലവു വരുന്ന പദ്ധതികളാണ് സർക്കാർ ആരംഭിച്ചത്. കുറെയെണ്ണം പൂർത്തിയായി. ബാക്കി നിർമാണത്തിലാണ്. രണ്ടാം പിണറായി സർക്കാരും അതേ രീതിയിൽ തന്നെയാണ് വികസന പരിപാടികൾ ആവിഷ്-കരിക്കുന്നതും നടപ്പാക്കി വരുന്നതും. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ കടുത്ത മത്സരത്തിൽ ഏർപ്പെടുമ്പോഴും അതു കഴിഞ്ഞാൽ ഭരണം നടത്തുന്നവർക്ക് പ്രതിപക്ഷം സൃഷ്ടിപരമായ സഹകരണം നൽകണം എന്നായിരുന്നു ഇ എം എസ്സിന്റെ നേതൃത്വത്തിൽ സിപിഐ എം കെെക്കൊണ്ടിരുന്ന സമീപനം. അതാണ് ഇപ്പോഴും സിപിഐ എം പിന്തുടരുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മോദി സർക്കാർ അതിനോടുള്ള സമീപനം കടുപ്പിച്ചു. ജിഎസ്ടി കേന്ദ്രം ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുക എന്നതാണ് അംഗീകൃത നയം. പക്ഷേ, പിരിച്ച ജിഎസ്ടി സംസ്ഥാനങ്ങൾക്ക് യഥാകാലം വിതരണം ചെയ്യാതെ സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നതാണ് മോദി സർക്കാരിന്റെ നയം. ഏതെല്ലാം തരത്തിൽ സംസ്ഥാനങ്ങളെ ശല്യപ്പെടുത്താമോ, അങ്ങനെയെല്ലാം ചെയ്യുന്നത് മോദി സർക്കാർ കൊടിയടയാളമാക്കിയിരിക്കുന്നു. അങ്ങനെയൊരു വെടക്കാക്കിതനിക്കാക്കൽ നയം നടപ്പാക്കിക്കൊണ്ടു മാത്രമേ ബിജെപിക്ക് എതിർകക്ഷികളെ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും തോൽപ്പിക്കാൻ കഴിയൂ എന്ന് മോദിയും കൂട്ടരും അംഗീകരിച്ചതുപോലുണ്ട്. ഈ വർഷം തന്നെ ചില സംസ്ഥാന നിയമസഭയിലേക്കും അടുത്ത വർഷം ലോക്-സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണല്ലോ.

സിഎജി ഏറ്റവും ഒടുവിൽ പരിശോധിച്ചത് സംസ്ഥാനത്തിന്റെ (2021–22ലെ) സാമ്പത്തിക സ്ഥിതിയായിരുന്നു. അതിന്റെ പ്രത്യേകത തനതുനികുതി സമാഹരണത്തിൽ റെക്കോർഡ് വർധന. നികുതിയിതര വരുമാനവും വർധിച്ചു. അതേ സമയം റവന്യുച്ചെലവും കടവും കുറഞ്ഞു. തൽഫലമായി റവന്യൂ, ധനക്കമ്മികൾ കുറയ്ക്കാൻ കഴിഞ്ഞു. സിഎജി എൽഡിഎ-ഫ് സർക്കാരിനെ വിമർശിക്കാൻ അവസരം പാർത്തിരിക്കുന്ന ഓഫീസാണ്. പക്ഷേ, സിഎജിക്കുപോലും ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം സാമ്പത്തിക അച്ചടക്കം പാലിച്ചതായി പറയേണ്ടിവന്നു. നമുക്ക് കണക്കുകൾ നോക്കാം.

ആഡിറ്റ് വർഷത്തിലെ മതിപ്പുചെലവ് 1,68,522 കോടി രൂപയായിരുന്നു. എന്നാൽ യഥാർഥ ചെലവ് 1,38,360 കോടി രൂപ മാത്രം. 29,162 കോടി രൂപയുടെ (27 ശതമാനത്തിന്റെ) കുറവ്. ശമ്പളം, പെൻഷൻ, പലിശ, സബ്സിഡി എന്നിവ ഒഴിച്ചുള്ള ചെലവിനങ്ങളാണ് കുറച്ചത്. ഇത്തരം ചെലവ് പ്രതീക്ഷിച്ചത് 69,148 കോടി രൂപ ആകുമെന്നായിരുന്നു. യഥാർഥത്തിൽ അത് 56,464 കോടിയിൽ ഒതുക്കാൻ സർക്കാരിനു കഴിഞ്ഞു. ഫലമോ? റവന്യൂകമ്മി 32,424 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് അസ്സൽ കമ്മി 6823 കോടി രൂപയായി കുറഞ്ഞു. പ്രതീക്ഷിച്ചതിന്റെ 20 ശതമാനം. മുൻവർഷത്തേത് 26,502 രൂപ കോടിയായിരുന്നു– 183 ശതമാനം. ധനക്കമ്മി പ്രതീക്ഷിച്ച 55,120 കോടി രൂപയുടെ സ്ഥാനത്ത് 32,447 കോടി രൂപ മാത്രം. സിഎജിയുടെ കണക്കുപ്രകാരം അത് 22,673 അഥവാ 41 ശതമാനം മുൻവർഷം ഇത് 42,786 കോടി രൂപ അഥവാ 82 ശതമാനം ആയിരുന്നു.

ഈ നേട്ടത്തിന് പ്രധാന കാരണം മുമ്പേ ചൂണ്ടിക്കാട്ടിയപോലെ വരുമാന സമാഹരണത്തിൽ ഉണ്ടായ വൻ പുരോഗതിയാണ്. ലക്ഷ്യമിട്ട 1,34,098 കോടി രൂപയുടെ സ്ഥാനത്ത് 1,32,537 കോടി രൂപ പിരിച്ചെടുത്തു. 1571 കോടി രൂപയുടെ മാത്രം കുറവ്. ശതമാനക്കണക്കിൽ പറഞ്ഞാൽ ലക്ഷ്യമിട്ടതിന്റെ 99 ശതമാനത്തോളം പിരിച്ചെടുത്തു. ഇത് സംസ്ഥാനത്തെ 50 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ്. നികുതിയിൽ ലക്ഷ്യമിട്ട 91,818 കോടി രൂപയിൽ 90,230 കോടി രൂപ പിരിച്ചെടുത്തു– 98 ശതമാനം. മുൻവർഷം ഇത് 90 ശതമാനം മാത്രമായിരുന്നു.

സംസ്ഥാന സർക്കാർ സംസ്ഥാനത്തും രാജ്യമാകെയും വിദേശത്തും ഒക്കെ കടമെടുത്തു കൂട്ടുന്നു, ജനങ്ങളെ പാപ്പരാക്കുന്നു എന്ന വിമർശനം പ്രതിപക്ഷങ്ങളും ചില സാമ്പത്തിക വിദഗ്ധരും ഉന്നയിക്കാറുണ്ട്. എൽഡിഎഫ് സർക്കാർ കടമെടുക്കുക മാത്രമല്ല, നികുതി ഉൾപ്പെടെ വിഭവസമാഹരണം പരമാവധി നടത്തുന്നു. അത് പ്രയോജനകരമായി ചെലവഴിക്കുന്നു. അങ്ങനെ ചെയ്യുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്-വ്യവസ്ഥയുടെ കാര്യക്ഷമതയെക്കുറിച്ച് നാട്ടിലും പുറത്തുമെല്ലാം മതിപ്പാണ്. ജനസാമാന്യത്തിന്റെ സർവതോമുഖമായ ക്ഷേമം ഒരു ഭാഗത്ത് ഉറപ്പുചെയ്യുന്നു. മറുഭാഗത്ത് നിരവധി പതിറ്റാണ്ടുകളുടെ കാലത്തെ ഭാവി മുന്നിൽ വിഭാവനം ചെയ്ത് വികസനപ്രവർത്തനങ്ങൾ നടത്തുന്നു. സാമ്പത്തിക കെെകാര്യം കാര്യക്ഷമമായതിനാൽ സംസ്ഥാന സർക്കാരിനു വായ്പ തരാൻ ഒരു ഏജൻസിക്കും മടിയില്ല, ഉൽക്കണ്ഠയുമില്ല. അതിദാരിദ്ര്യം സംസ്ഥാനത്തുനിന്നു തുടച്ചു നീക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഇപ്പോൾ സർക്കാരിനുണ്ട്. കാരണം അത്തരക്കാരുടെ എണ്ണം 62,000ൽ പരം മാത്രമാണല്ലോ.

ഈ മികവുകൊണ്ടാണ് സിഎജിക്ക് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തൃപ്-തിയുള്ളത്. അതുകൊണ്ടാണ് ഈ സത്യം മറച്ചുവച്ച് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനെക്കുറിച്ച് നട്ടാൽ പൊടിക്കാത്ത കള്ളങ്ങൾ ചില മാധ്യമങ്ങളും പ്രതിപക്ഷങ്ങളും തുടർച്ചയായി പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 6 =

Most Popular