Monday, November 25, 2024

ad

Homeസിനിമബി 32 മുതൽ 44 വരെ: പൊളിച്ചെഴുതിയ പെണ്ണുടൽ

ബി 32 മുതൽ 44 വരെ: പൊളിച്ചെഴുതിയ പെണ്ണുടൽ

ആർ പാർവതീ ദേവി

ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ എന്ന പേര് ആദ്യം നമ്മെ അത്ഭുതപ്പെടുത്തും. പിന്നീട് മനസ്സിലാകും ഓരോ പെണ്ണും അളക്കപ്പെടുന്നത് ഈ സംഖ്യകളിൽ ആണെന്ന് . അവളുടെ മാറിടങ്ങളുടെ അളവുകൾ ആണ് ശ്രുതി പ്രതീകാത്മകമായി പറയുന്നത് . അത് മാത്രമല്ല ബി എന്ന അക്ഷരം body, beauty, being, belonging എന്ന് പലതും ആകാം എന്നും ശ്രുതി പറയുന്നുണ്ട്.

പെണ്ണിന്റെ ഉടൽ ഒരു ആൺകോയ്മാ സമൂഹത്തിൽ എത്രമാത്രം പ്രശ്നാധിഷ്ഠിതമാണെന്ന് ഈ സിനിമ അടിവരയിടുന്നു. വാണിജ്യ സിനിമകളിലും പരമ്പരാഗത സാഹിത്യ രൂപങ്ങളിലും വല്ലാതെയങ്ങ് ആഘോഷിക്കപ്പെടുന്ന ഒരു അവയവത്തെ വെള്ളിത്തിരയിൽ നിരത്തിവച്ച് കീറിമുറിച്ചു കൊണ്ട് പരിശോധിക്കുമ്പോൾ ആൺനോട്ടങ്ങളിൽ ചോര പടർന്നാൽ അത്ഭുതമില്ല. പെണ്ണ് പലർക്കും ഉടൽ മാത്രമാണ്. പുരുഷസദസ്സുകളിൽ ഏറ്റവും രസകരമായ കഥകൾ പെണ്ണിന്റെ ഉടൽ അളവുകൾ ആണ്. കൗമാരപ്രായം മുതൽ പെൺശരീരത്തിന്റെ ആസ്വാദ്യതയെക്കുറിച്ചുള്ള ഭാവനകളിൽ വിരാജിക്കുമ്പോൾ മാറിടങ്ങൾ ഒരു വെറും കളിപ്പാട്ടം ആയി മാറുന്നു . പലപ്പോഴും ആൺകോയ്മാ സമൂഹത്തിലെ സ്ത്രീയും ഇത്തരം നോട്ടങ്ങൾ സ്വാംശീകരിക്കുന്നു. സ്ത്രീത്വത്തെ മാറിടങ്ങളുമായി ചേർത്തു വക്കുന്നു.


ഈ കെട്ടുകഥകളാണ് സിനിമ ആറു സ്ത്രീകളിലൂടെ അല്പം ക്രൂരമായി പൊളിച്ചെഴുതുന്നത്‌.

സുന്ദരിയും ഗ്ലാമർ താരവുമായ രമ്യ നമ്പീശന്റെ ശസ്ത്രക്രിയ ചെയ്ത് മാറ്റിയ മാറിടങ്ങളുടെ ക്ലോസ് അപ്പിൽ നിന്നും തുടങ്ങുന്ന സിനിമ മറ്റ് അഞ്ചു സ്ത്രീകളുടെ ഉടലുകളിലൂടെ സഞ്ചരിക്കുന്നു. പക്ഷെ ശ്രുതിയുടെ ക്യാമറ സഞ്ചരിക്കുന്ന വഴികൾ നാം കണ്ടു പരിചയിക്കാത്തവയാണ്. വലുപ്പം ഇല്ലാത്ത മാറിടങ്ങൾമൂലം ഭർത്താവ് ഉപേക്ഷിക്കുന്നവൾ, ട്രാൻസ് സ്ത്രീ, കഠിനമായ ദാരിദ്ര്യംമൂലം അടിവസ്ത്രങ്ങളുടെ പരസ്യ മോഡൽ ആകുന്നവൾ, സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചെത്തുകയും സംവിധായകന്റെ അതിക്രമത്തിന് ഇരയാകുകയും അയാൾക്ക് തല്ലും കൊടുത്ത് ഇറങ്ങിപ്പോരുകയും ഇതിനു കൂട്ടുനിന്ന കാമുകന്റെ മുഖത്തു തുപ്പുകയും ചെയുന്നവൾ, കൗമാരത്തിൽ അമ്മയായി പോകുകയും അച്ഛനമ്മമാരുടെ ക്രോധത്തിനു ഇരയാകുകയും പക്ഷെ തന്റെ കുഞ്ഞിനേയും കൊണ്ട് വീട്ടിൽ നിന്നിറങ്ങുകയും ചെയ്തവൾ.

ഇത്രയും സ്ത്രീകളെ കണ്ടു കഴിഞ്ഞ് തീയറ്ററിൽ നിന്നും ഇറങ്ങുന്ന ഓരോ സ്ത്രീക്കും പുരുഷനും ട്രാൻസ് വ്യക്തിക്കും പിന്നെ പെൺ ശരീരത്തെ പ്രലോഭനവസ്തു മാത്രമായി ചിന്തിക്കാൻ പ്രയാസമാണ് . കൃത്യമായി സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം പറയുകയും എന്നാൽ മുദ്രാവാക്യമാക്കി മാറ്റാതിരിക്കുകയും ചെയ്തതിലാണ് സംവിധായികയുടെ പ്രാഗത്ഭ്യം. താഴ്ന്ന താളത്തിൽ ആരോഹണാവരോഹണങ്ങൾ ഇല്ലാതെ എന്നാൽ വിരസമാകാതെ ബി 32 മുന്നോട്ടു പോകുന്നു. സഹോദരീത്വത്തിന്റെ സൗന്ദര്യവും ചേർത്തുപിടിക്കലിന്റെ ഊഷ്മളതയും ഉള്ള ബന്ധങ്ങൾ കോർത്തെടുത്തുകൊണ്ടാണ് ആറ് സ്ത്രീകളെ അവതരിപ്പിക്കുന്നത്. ചിലർ ഇത് ആന്തോളജി ആണെന്ന് പറഞ്ഞു കണ്ടു. എന്നാൽ അവർക്ക് തെറ്റുന്നത് ഇവർ പരസ്പരം കൈകോർത്തു നിൽക്കുന്നത് കാണാതെ പോയതുകൊണ്ടാണ് . വളരെ വിദഗ്‌ധമായ ഒരു ചലച്ചിത്ര ഘടന ഇതിനുണ്ട്. ജൻഡർ രാഷ്ട്രീയത്തിൽ ഉറച്ചു നിന്നുകൊണ്ട് സങ്കീർണമായ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആസ്വാദ്യത കുറയാതിരിക്കാൻ ശ്രുതി ശരണ്യം നന്നായി ഗൃഹപാഠം ചെയ്തിരിക്കുന്നു.

സംവിധായികയുടെ മികവ് അഭിനേതാക്കളിലും കാണാൻ കഴിയും. രമ്യ നമ്പീശനും പുതുമുഖങ്ങളും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. പല അഭിമുഖങ്ങളിലും ഇവർ പങ്കെടുത്തത് കണ്ടപ്പോൾ മനസ്സിലാകുന്നത് വിഷയം ആഴത്തിൽ ഉൾക്കൊണ്ടാണിവർ അഭിനയിച്ചതെന്നാണ്. വളരെ കൃത്യതയോടെ സ്ത്രീപക്ഷ രാഷ്ട്രീയം ഇവർ പറയുന്നത് അഭിമാനത്തോടെയാണ് കണ്ടത്. രമ്യ നമ്പീശന് പുറമെ സരിൻ ഷിഹാബ്, അശ്വതി ബി, അനാർക്കലി മരയ്ക്കാർ, കൃഷ്ണ കുറുപ്പ്, റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാനികൾ . സംവിധായകക്കൊപ്പം ഈ അഭിനേത്രികളും സാങ്കേതിക വിദഗ്ദ്ധരും പ്രമേയത്തിന്റെ സത്ത ഉൾക്കൊണ്ടു എന്നത് ആനന്ദകരമാണ്.

കെ എസ് എഫ് ഡി സി യുടെ നിർമ്മാണസഹായത്തെ തുടർന്ന് സംവിധാനരംഗത്തെത്തിയ നാലു വനിതകളിൽ ഒരാളാണ് ശ്രുതി ശരണ്യം. സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യത്തെ പൂർണമായി താൻ ഉൾക്കൊണ്ട് കൊണ്ടാണ് സിനിമ ചെയ്തിരിക്കുന്നതെന്ന് ശ്രുതി ശരണ്യം പറയുന്നു. പതിനാറ്‌ സാങ്കേതിക വിദഗ്ധരായ സ്ത്രീകൾ ഇതിൽ പങ്കെടുത്തിട്ടുണ്ട്.
ക്യാമറക്ക് മുന്നിൽ നിന്നും സ്ത്രീകൾ പിന്നിലെത്തുമ്പോൾ സിനിമയിൽ അടിമുടി ഉണ്ടാകുന്ന മാറ്റത്തിന്റെ ഉദാഹരണമായി ബി 32 മുതൽ 44 വരെ ചലച്ചിത്ര പാഠപുസ്തകങ്ങളിൽ അടയാളപ്പെടുത്തുമെന്നുറപ്പ്. കാരണം ഒരു മാറിടം പോലും ക്യാമറയിൽ പതിച്ചിട്ടില്ല. പക്ഷെ സിനിമയോ… മാറിടങ്ങളെ കുറിച്ചും! ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 1 =

Most Popular