Saturday, May 18, 2024

ad

Homeകവര്‍സ്റ്റോറിവാർധക്യം കേരളത്തിൽ

വാർധക്യം കേരളത്തിൽ

എസ് ഇരുദയരാജൻ, (ചെയർമാൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെെഗ്രേഷൻ ആൻഡ് ഡവലപ‍്മെന്റ്, കേരളം), എസ് സുനിത (സീനിയർ റിസർച്ച് ഫെലോ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെെഗ്രേഷൻ ആൻഡ് ഡവലപ്മെന്റ്, കേരളം)

നസംഖ്യയിൽ വാർധക്യത്തിലെത്തിയവരുടെ (60 വയസ്സും അതു കഴിഞ്ഞവരും) അനുപാതം വർധിക്കുകയും അതേ സമയം കുട്ടികളുടെ (0–14 വയസ്സുവരെ) അനുപാതം കുറയുകയും ചെയ്യുന്ന പ്രക്രിയയാണ് ജനസംഖ്യയിലെ വാർധക്യം ബാധിക്കൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്; ജനനനിരക്കും മരണനിരക്കും കുറയുകയും ആയുർദെെർഘ്യം വർധിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. ദശകങ്ങൾക്ക് മുൻപുതന്നെ വൃദ്ധജനസംഖ്യ ശ്രദ്ധേയമായ വിധമുള്ള ഒരു പ്രദേശമായി കേരളം കണക്കാക്കപ്പെട്ടിരുന്നു. രാജ്യത്ത‍് ഏറ്റവുമധികം ആയുർദെെർഘ്യമുള്ളതും ജനനനിരക്ക് ഏറ്റവും കുറവുള്ളതുമായ പ്രദേശങ്ങളിലൊന്നായി സംസ്ഥാനം അംഗീകരിക്കപ്പെടുന്നുണ്ട്. 2011ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം കേരളത്തിൽ 12.6 ശതമാനത്തോളം വൃദ്ധരുണ്ട്; ഇത് ദേശീയ ശരാശരിയെക്കാൾ (8.6 ശതമാനം) അധികമാണ്. ജനസംഖ്യാപരമായ ഈ മാറ്റം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും ആരോഗ്യപരിചരണ സംവിധാനത്തിലും സാമൂഹ്യക്ഷേമ നയങ്ങളിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നുണ്ട്. സംസ്ഥാനത്തെ ആരോഗ്യപരിചരണ സംവിധാനത്തിന്റെ വിജയമാണ് കേരളത്തിലെ വൃദ്ധ ജനസംഖ്യാ വർധനവിന്റെ മുഖ്യകാരണങ്ങളിലൊന്ന്; ഇത് ആയുർദെെർഘ്യത്തിൽ ഗണ്യമായ വർധനവുണ്ടാകാൻ ഇടയാക്കി. പ്രാഥമികാരോഗ്യപരിചരണ സേവനങ്ങളുടെ ലഭ്യതയും സുരക്ഷിതമായ കുടിവെള്ളത്തിന്റെയും ശരിയായ ശുചീകരണ സംവിധാനത്തിന്റെയും ലഭ്യതയുമെല്ലാം മരണനിരക്ക് കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്, പ്രതേ-്യകിച്ചും കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലെ മരണനിരക്ക് കുറയുന്നതിനിടയാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസംഖ്യാപരമായ പരിവർത്തനം സംഭവിച്ചത് കൂടുതൽ വേഗതയിലാണ്. 2011ലെ സെൻസസ് അനുസരിച്ച്, കേരളത്തിൽ 1.6 കോടി പുരുഷന്മാരും 1.73 കോടി സ്ത്രീകളും ഉൾപ്പെടെ 3.34 കോടി ജനങ്ങളാണുള്ളത്. മൊത്തം ജനസംഖ്യയിൽ 42 ലക്ഷം പേർ (12.6 ശതമാനം) 60 വയസ്സിലധികം പ്രായമുള്ളവരാണ്. രസകരമായൊരു വസ്തുത കഴിഞ്ഞ 50 വർഷത്തിനിടയിൽ 60 വയസ്സിലധികം പ്രായമുള്ളവരുടെ എണ്ണം ഇരട്ടിയായിയെന്നതാണ്; 1961ൽ 5.1 ശതമാനമായിരുന്നത് 2011ൽ 12.6 ശതമാനമായി വർധിച്ചു. പുരുഷന്മാരെക്കാൾ സ്ത്രീകൾക്കിടയിലാണ് വൃദ്ധരുടെ എണ്ണം കൂടുതലുള്ളത്. ഏറ്റവും ഒടുവിൽ നടന്ന 2011ലെ സെൻസസ് പ്രകാരം 60ൽ അധികം പ്രായമുള്ള 13.3 ശതമാനം സ്ത്രീകളും 11.7 ശതമാനം പുരുഷന്മാരുമാണുള്ളത്. ഇത് സൂചിപ്പിക്കുന്നത് വൃദ്ധജനസംഖ്യയിൽ പുരുഷന്മാരെക്കാൾ അധികം സ്ത്രീകളുണ്ടെന്നാണ്.

1961 നുശേഷം കുട്ടികളുടെ (15 വയസ്സിൽ താഴെ) ശതമാനം കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്; അതേ സമയം വൃദ്ധരുടെ (60ൽ അധികം പ്രായമുള്ളവർ) ശതമാനം വർധിച്ചു വരുന്നതായും കാണാം. പട്ടിക ഒന്നിൽ ഇത് കാണാൻ കഴിയും. 1971 വരെ കേരളത്തിന്റെ ജനസംഖ്യാ വളർച്ച ദേശീയ ശരാശരിയെക്കാൾ അധികവുമായിരുന്നു.


സ്രോതസ്: സെൻസസ് ഡാറ്റയിൽ നിന്ന് ലേഖകർ സമാഹരിച്ചത്

കേരളത്തിന്റെ ശിശുജനസംഖ്യയുടെയും വൃദ്ധജനസംഖ്യയുടെയും ക്രമത്തിൽ ശ്രദ്ധേയമായ ഒരു മാറ്റം വന്നതായി പട്ടിക ഒന്നിൽനിന്ന് മനസ്സിലാകും. 1961ൽ ശിശുജനസംഖ്യയുടെ ശതമാനം 43.3 ശതമാനമായിരുന്നു; ഏറ്റവും ഒടുവിലത്തെ ഡാറ്റപ്രകാരം ഇത് 23.4 ശതമാനമായി കുറഞ്ഞു. അതേ സമയം തന്നെ, വൃദ്ധജനസംഖ്യ 5.1 ശതമാനത്തിൽ നിന്ന് 12.6 ശതമാനമായി വർധിക്കുകയും ചെയ്തു. തുടർന്നുള്ള ദശകങ്ങളിൽ 60ൽ അധികം പ്രായമുള്ളവരുടെ ശതമാനം ഇനിയും വർധിക്കുമെന്നാണ് ഇത് കാണിക്കുന്നത്. തൊഴിൽ ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലെ അഭിവൃദ്ധിക്ക് സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ അനുകൂലമായ സ്വാധീനം ചെലുത്താനാകും.


സ്രോതസ്: സെൻസസ് ഡാറ്റയിൽ നിന്ന് ലേഖകർ തയ്യാറാക്കിയത്.

വൃദ്ധജനസംഖ്യയിൽ 80 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിന് പ്രായം കുറഞ്ഞ മറ്റ് വൃദ്ധ ജനവിഭാഗത്തിന്റേതിൽ നിന്നും വ്യത്യസ്തമായ പ്രശ്നങ്ങളാണുള്ളത്. 1961ൽ ആ വിഭാഗം മൊത്തം ജനസംഖ്യയുടെ 0.4 ശതമാനത്തെ മാത്രമാണ് പ്രതിനിധാനം ചെയ്തിരുന്നത്. എന്നാൽ 2011ൽ ഏറ്റവും ഒടുവിൽ നടന്ന സെൻസസ് പ്രകാരം ആ വിഭാഗത്തിന്റെ അനുപാതം 1.6 ശതമാനമായി (5.5 ലക്ഷം) വർധിച്ചു.

1961ൽ ചെറുപ്പക്കാരെയും വൃദ്ധരെയും കാൾ അധികമായിരുന്നു കുട്ടികൾ (15 വയസ്സിൽ താഴെ). വർഷങ്ങൾ കഴിഞ്ഞതോടെ, കേരളത്തിൽ ജനസംഖ്യാപരമായ മാറ്റങ്ങൾ ഉണ്ടായി. കുട്ടികളുടെ എണ്ണം കുറയുകയും ചെറുപ്പക്കാരുടെ എണ്ണം വർധിക്കുകയും വൃദ്ധരുടെ എണ്ണം താരതമേ-്യന വർധിച്ചുകൊണ്ടിരിക്കുകയുമാണ്. അതേ സമയം തന്നെ, ആയുർദെെർഘ്യം വർധിക്കുന്നതിന്റെ ഫലമായി ജനങ്ങൾ കൂടുതൽ കാലം ജീവിക്കുന്ന പ്രവണതയുണ്ടായി.

എഴുപതോ എൺപതോ അതിലുമേറെയോ വയസ്സുവരെ ജീവിക്കുന്നവരുടെ വളർച്ചനിരക്ക് ഉയർന്നുവന്നു. 1981 ലെ സെൻസസ് മുതൽ തുടർന്നുവരുന്ന ഓരോ വർഷവും കേരളത്തിൽ വൃദ്ധരുടെ എണ്ണം 10 ലക്ഷം വീതി കൂടിക്കൊണ്ടിരുന്നു. വൃദ്ധജനസംഖ്യയിലെ ഇത്തരത്തിലുള്ള വർധനവിന് മറ്റൊരു സവിശേഷത കൂടിയുണ്ട്– 1981നുശേഷം 2001 വരെയുള്ള ഓരോ സെൻസസ് വർഷവും കേരളത്തിലെ 80 കഴിഞ്ഞവരുടെ എണ്ണം ഒരു ലക്ഷം കണ്ട് വർധിച്ചു; 2011ലെ സെൻസസ് വർഷത്തിൽ ഇത് 2 ലക്ഷമായി.


നവതിപ്രായക്കാരും ശതായുസുകാരും

90നും 99നും ഇടയ്ക്ക് പ്രായമുള്ള വൃദ്ധരാണ് നവതിപ്രായക്കാർ എന്നറിയപ്പെടുന്നത‍്; നൂറുവയസ്സ് കഴിഞ്ഞവർ ശതായുസുകൾ എന്നറിയപ്പെടുന്നു. 2011ലെ സെൻസസിൽ 69,720 നവതിപ്രായക്കാരും 5431 ശതായുസുകളും ഉണ്ട്; ഇത് 1961 ൽ യഥാക്രമം 8726ഉം 832 ഉം ആയിരുന്നു. കേരളത്തിലെ പുരുഷന്മാരുടെയും സ്-ത്രീകളുടെയും ആയുർദെെർഘ്യത്തിൽ ശ്രദ്ധേയമായ അഭിവൃദ്ധിയാണുണ്ടായത്. 1951–61ൽ പുരുഷന്മാരുടെ ആയുർദെെർഘ്യം 44.3 ഉം സ്ത്രീകളുടേത് 45.3 ഉം ആയിരുന്നു; 1961–71ൽ ഇത് യഥാക്രമം 54.1 ഉം 57.4 ഉംആയി വർധിച്ചു; 1971–81ൽ ഈ കണക്ക് യഥാക്രമം 60.6ഉം 62.6ഉം ആയി. 1951–61നും 1971–81നും ഇടയ്ക്കുള്ള ആയുർദെെർഘ്യത്തിലെ വർധന ശതമാനം പുരുഷന്മാരുടേത് 37 ശതമാനവും സ്ത്രീകളുടേത് 39 ശതമാനവുമായിരുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിൽ മുത്തശ്ശരും മുതുമുത്തശ്ശരും വർധിച്ചു. ദീർഘകാലം ജീവിച്ചിരുന്നവരിൽ ഏറെയും സ്ത്രീകളാണ്. ഈ വൃദ്ധർക്ക് പരമ്പരാഗതമായ ചികിത്സാവിധികളും ഭക്ഷണശീലങ്ങളും പരിചിതമായിരുന്നു; അതാണ് അവരെ യുവതലമുറകളെക്കാൾ മെച്ചപ്പെട്ട ആരോഗ്യമുള്ളവരാക്കിയത്.

കേരളത്തിലെ ജില്ലകളിൽ വാർധക്യം
കേരളത്തിലെ ശിശുജനസംഖ്യ 23.4 ശതമാനവും തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ ജനസംഖ്യ 63.9 ശതമാനവും വൃദ്ധജനസംഖ്യ 12.6 ശതമാനവുമാണ്‌. 2011ൽ കേരളത്തിൽ വൃദ്ധജനസംഖ്യ 41.9 ലക്ഷമായിരുന്നു. കുട്ടികൾക്കിടയിൽ ജനസംഖ്യയിൽ അധികവും ആൺകുട്ടികളായിരുന്നു; അതേസമയം വൃദ്ധജനസംഖ്യയിൽ അധികവും സ്‌ത്രീകളും! ജനസംഖ്യയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം ഏറ്റവുമധികം മലപ്പുറം ജില്ലയിലാണ്‌ –- യഥാക്രമം 4.25 ലക്ഷവും 4.09 ലക്ഷവും.


സ്രോതസ്സ്‌ : സെൻസസ്‌ ഓഫ്‌ ഇന്ത്യ 2011

2011ലെ സെൻസസ്‌ ഡാറ്റ പ്രകാരം, 14 ജില്ലകളിൽ വൃദ്ധജനസംഖ്യയുടെ ശതമാനം ഏറ്റവുമധികം പത്തനംതിട്ട ജില്ലയിലാണ്‌ (18 ശതമാനം); 15.8 ശതമാനമുള്ള കോട്ടയം രണ്ടാം സ്‌ഥാനത്തും 15.1 ശതമാനമുള്ള ആലപ്പുഴ മൂന്നാം സ്‌ഥാനത്തുമാണ്‌; ഏറ്റവും കുറവ്‌ മലപ്പുറം ജില്ലയിലാണ്‌ (8.3%). വൃദ്ധർക്കിടയിൽ എല്ലാ പ്രായത്തിലുള്ളവരിലും സ്‌ത്രീകളാണ്‌ അധികം; വൃദ്ധർക്കിടയിലെ ലിംഗാനുപാതവും സ്‌ത്രീകൾക്കനുകൂലമാണ്‌; ഇത്‌ സൂചിപ്പിക്കുന്നത്‌ കേരളത്തിൽ പുരുഷന്മാരെക്കാൾ അധികകാലം ജീവിക്കുന്നത്‌ സ്‌ത്രീകളാണെന്നാണ്‌. 2011ൽ വൃദ്ധജനസംഖ്യയിൽ സ്ത്രീകൾ അധികമുള്ള ജില്ല എറണാകുളമാണ്‌ (2.5 ലക്ഷം). കേരളത്തിൽ വൃദ്ധരുടെ ലിംഗാനുപാതം പൊതുവെയുള്ള ജനസംഖ്യയിലേതിനെക്കാൾ ഏറെ അധികമാണെ ന്നാണ്‌ സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്‌. സ്‌ത്രീകളുടെ ആയുർദൈർഘ്യം അധികമായതുമൂലമാണിത്‌.

കേരളത്തിലെ വാർധക്യത്തിന്റെ വേഗത
കേരളത്തിൽ വൃദ്ധർ വർദ്ധിക്കുന്നത്‌ പ്രാഥമികമായും ജനസംഖ്യയിൽ ചെറുപ്പക്കാർ കുറഞ്ഞു വരുന്നതിന്റെ ഫലമാണ്‌. ഇതിനു കാരണം ജനനനിരക്ക്‌ കുറയുന്നതാണ്‌. ജനസംഖ്യയിൽ 60 വയസ്സു കഴിഞ്ഞവർ 5 ശതമാനത്തിൽനിന്നും 8 ശതമാനമായി വർധിക്കാൻ 20 വർഷം (1961–-1981) വേണ്ടി വന്നു; മറ്റൊരു 20 വർഷം കൊണ്ടാണ്‌ (1981–-2001) 8 ശതമാനത്തിൽനിന്ന്‌ ഇത്‌ 11 ശതമാനമായി വർധിച്ചത്‌. 2011ൽ 60 വയസ്സും അതിൽ കൂടുതലും പ്രായപരിധിയുള്ളവർ 42 ലക്ഷം ജനങ്ങളാണ്; ഇത്‌ മൊത്തം ജനസംഖ്യയുടെ 13 ശതമാനം വരും; പക്ഷേ, 1961ൽ ഇത്‌ 5 ശതമാനം മാത്രമായിരുന്നു. ഓരോ ഘട്ടത്തിലും 60 വയസ്സും അതിൽ അധികവുമുള്ള സ്‌ത്രീകളുടെ എണ്ണം 60 വയസ്സും അതിലധികവുമുള്ള പുരുഷന്മാരുടെ എണ്ണത്തെക്കാൾ അധികമാണ്‌. അതേസമയം തന്നെ, 70 വയസ്സും അതിലധികവുമുള്ള ജനസംഖ്യയുടെ ശതമാനം 1961ൽ 2 ശതമാനമായിരുന്നത്‌ 2011ൽ 5.3 ശതമാനമായി ഉയർന്നു. 2011ലെ സെൻസസ്‌ പ്രകാരം 80 വയസ്സും അതിൽ അധികവും ഉള്ളവരുടെ എണ്ണം ഏകദേശം 5.5 ലക്ഷമുണ്ട്‌; ഇത്‌ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനമാണ്‌. ജനസംഖ്യയിൽ വാർധക്യം ബാധിക്കുന്നതിന്റെ വേഗത ഗവൺമെന്റിന്റെ നയങ്ങളിൽ പ്രധാനപ്പെട്ട പല അനന്തര ഫലങ്ങൾക്കും ഇടയാക്കും; പെൻഷൻ സ്‌കീം, ആരോഗ്യപരിരക്ഷ, സാമ്പത്തിക വളർച്ച തുടങ്ങിയവയിൽ.

വെല്ലുവിളികൾ
കേരളത്തിലെ വൃദ്ധജനസംഖ്യ സംസ്‌ഥാനത്തെ സമ്പദ്‌ഘടനയ്‌ക്കും സാമൂഹികക്ഷേമ നയങ്ങൾക്കും ഗണ്യമായവിധത്തിൽ വെല്ലുവിളി ഉയർത്തുകയാണ്‌. വൃദ്ധജനസംഖ്യ വളരുന്നതനുസരിച്ച്‌, ആരോഗ്യപരിചരണ സേവനങ്ങൾ, പെൻഷൻ പദ്ധതികൾ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയ്‌ക്കായുള്ള ഡിമാൻഡ്‌ വർധിച്ചു വരുന്നു. ഇത്‌ സംസ്‌ഥാനത്തിന്റെ വിഭവങ്ങളെ ദുർബലമാക്കുന്നു; വൃദ്ധജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ പരിഹാരം കാണാൻ സമഗ്രമായ നയചട്ടക്കൂടിനുവേണ്ടിയുള്ള മുറവിളിയും ഉയരുന്നു.

സംഗ്രഹം
ചുരുക്കത്തിൽ, കേരളത്തിലെ വൃദ്ധജനസംഖ്യ ആരോഗ്യ പരിചരണ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും മരണനിരക്ക്‌ കുറയ്‌ക്കുന്നതിലും സംസ്‌ഥാനം വിജയം വരിച്ചതിന്റെ പ്രതിഫലനമാണ്‌. എന്നാൽ ജനസംഖ്യാപരമായ മാറ്റം പ്രധാനപ്പെട്ട ചില വെല്ലുവിളികളും ഉയർത്തുന്നു; അനുയോജ്യമായ നയഇടപെടലുകളിലൂടെ അത്‌ പരിഹരിക്കപ്പെടേണ്ടതുണ്ട്‌. ശരിയായവിധത്തിലുള്ള ആസൂത്രണവും നിർവഹണവും കൊണ്ട്‌ സംസ്‌ഥാനത്തിന്‌ വൃദ്ധജനവിഭാഗത്തിന്റെ പ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും; സംസ്‌ഥാനത്തെ വൃദ്ധപൗരർക്ക്‌ മെച്ചപ്പെട്ട ജീവിത ഗുണനിലവാരം ഉറപ്പാക്കാനും കഴിയും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − five =

Most Popular