സാമൂഹിക-ആരോഗ്യ രംഗത്ത് നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. കുറഞ്ഞ ശിശു – മരണനിരക്കും ഉയർന്ന ആയുർദൈർഘ്യവും കേരളത്തിന്റെ സവിശേഷതയാണ്. ഇതിന്റെ തുടർച്ചയാണ് മുതിർന്ന പൗരരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ്. 2011 ലെ സെൻസസ് അനുസരിച്ചു മുതിർന്ന പൗരരുടെ അനുപാതം 13 % ആണ്. ഇത് 2030 ആകുമ്പോഴേക്കും ജനസംഖ്യയുടെ 22%നു മുകളിലേക്ക് എത്തിച്ചേരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ആയുർദൈർഘ്യം 1970 മുതൽ

മരണ നിരക്കിലും ആയുർ ദൈർഘ്യത്തിലും വന്ന മാറ്റം കേരള വികസനത്തിന്റെ ആകെത്തുകയാണ്. പൊതുവിതരണ സംവിധാനം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ,തൊഴിൽ , വരുമാനം ,പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിൽ കേരളത്തിൽ നടന്ന മാറ്റങ്ങളുടെ ഫലമാണ് ഇവ സൂചിപ്പിക്കുന്നത്.
ജീവിതഗുണത ഉറപ്പാക്കുന്നതിന് നമുക്ക് ആസൂത്രിതമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിന്റെ വികസന പ്രശ്നങ്ങളിൽ ഇന്ന് ഒരു പ്രധാന വിഷയമാണ്. 1970 കളിൽ ഉയർന്ന ജനന നിരക്ക് കേരളത്തിന്റെ ഒരു സവിശേഷത ആയിരുന്നു. ഒരുപക്ഷേ ഇന്ത്യയുടെയും . അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ 15 ശതമാനത്തോളം ഉണ്ടായിരുന്നു. വയോജനങ്ങളുടെ അനുപാതം 4.5% മുതൽ 6% വരെയും ആയിരുന്നു .ഈ കാലയളവിലാണ് ഇന്ത്യയിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസ് പ്രോഗ്രാം തുടങ്ങിയത്. ഇന്ന് 2023 ആകുമ്പോൾ വയോജനങ്ങളുടെ അനുപാതം കേരളത്തിൽ 17 മുതൽ 22% വരെ ഉണ്ട് .കുട്ടികളുടെ ആരോഗ്യ മേഖലയിലുള്ള സവിശേഷതകളും വെല്ലുവിളികളും പോലെ തന്നെ വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും നിരവധി സങ്കീർണതകളും സവിശേഷതകളും ഉൾക്കൊള്ളുന്നതാണ്. അതിന് അർഹിക്കുന്ന ഒരു പരിഗണന ഇന്ന് കേരള സമൂഹത്തിലോ ഇന്ത്യയിലോ ലഭിക്കുന്നില്ല എന്നതാണ് ഗൗരവമായ ഒരു വിഷയം.
ഓരോ വ്യക്തിയും ചെറുപ്പകാലഘട്ടത്തിൽ നാടിന്റെ വികസന പ്രവർത്തനത്തിന് സംഭാവന ചെയ്യുന്നവരാണ്. അധ്വാന ശേഷിയുള്ള കാലഘട്ടത്തിൽ ഓരോ വ്യക്തിയുടെയും സംഭാവനയാണ് നമ്മുടെ വികസന നേട്ടങ്ങളുടെ അടിസ്ഥാനം .ജീവിത സായാഹ്നത്തിൽ മികച്ച ജീവിത ഗുണത ഉറപ്പാക്കാൻ കഴിയുന്നതായിരിക്കണം നമ്മൾ പിന്തുടരുന്ന വികസന സമീപനവും വികസന പരിപാടികളും .

വാർദ്ധക്യകാലം
സങ്കീർണ്ണമാകുന്നത്
എന്തുകൊണ്ട് ?
ജീവിതശൈലീ രോഗങ്ങളുടെ ഉയർന്ന പ്രാചുര്യം,അണുകുടുംബഘടനയായുള്ള രൂപാന്തരം ,മാനസിക ആരോഗ്യ പ്രശ്നങ്ങൾ ,പൊതു അടിസ്ഥാന സൗകര്യങ്ങൾ വയോജന സൗഹൃദമല്ലാത്തത്, ജീവിത ചെലവും വരുമാനവും തമ്മിൽ പൊരുത്തപ്പെടാത്ത അവസ്ഥ തുടങ്ങി നിരവധി ഘടകങ്ങൾ വയോജങ്ങളുടെജീവിതത്തെസങ്കീർണ്ണമാക്കുന്നുണ്ട്. വാസസ്ഥലം,സാമ്പത്തികശേഷി,കുടുംബ അവസ്ഥ ,ലിംഗപദവി ,സാമൂഹിക സാഹചര്യം ഇവ ഓരോ പ്രദേശത്തെയും ഓരോ വ്യക്തിയുടെയും വാർദ്ധക്യകാല ജീവിതത്തിന്റെ ഗുണമേന്മയെ സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ ഓരോ പ്രദേശത്തിന്റെ സവിശേഷതയ്-ക്കും വ്യക്തിയുടെ അവസ്ഥയ്ക്കും അനുസരിച്ച് വാർദ്ധക്യകാല ജീവിത ഗുണതയ്ക്കുവേണ്ടിയുള്ള ഇടപെടൽ അനിവാര്യമാണ് .
ഓരോ പ്രദേശത്തും വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ വൈവിധ്യംകൂടി പരിഗണിച്ചായിരിക്കണം ഇടപെടലുകളും പരിപാടികളും ആസൂത്രണം ചെയ്യേണ്ടത്. കൂട്ടുകുടുംബവ്യവസ്ഥയിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, തൊഴിലിനും വിദ്യാഭാസത്തിനുമായി മറ്റു ദേശങ്ങളിലേക്കു പോകുന്നതും വയോജനങ്ങൾ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യവും, ഇതു മൂലമുണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങളും നിരവധിയാണ്.ദൈനംദിന ജീവിതാവശ്യങ്ങൾ സ്വയം നിറവേറ്റുന്നതിനുള്ള ശാരീരിക ശേഷിയില്ലായ്മ,പരിചരിക്കാൻ ആളില്ലാത്ത അവസ്ഥ ,മാനസികമായ ഒറ്റപ്പെടൽ , വിവിധ രോഗങ്ങൾ പ്രധാനമായും ജീവതശൈലി രോഗങ്ങൾ, മറ്റു ദീർഘസ്ഥായി രോഗങ്ങൾ, പ്രായാധിക്യം മൂലമുള്ള രോഗങ്ങൾ, അവയ്ക്കു ദീർഘകാലമായി മരുന്ന് കഴിക്കേണ്ട സാഹചര്യം , പോഷകാഹാര ദൗർലഭ്യം , കിടപ്പുരോഗികൾ ആയതുമൂലമുള്ള വിവിധപ്രശ്നങ്ങൾ, സ്ഥിരവരുമാനമില്ലാത്തതുമൂലം ഉപജീവനവും അതിജീവനവും പ്രതിസന്ധിയിൽ ആയ അവസ്ഥ,സാമൂഹികസുരക്ഷ സേവനങ്ങളെ കുറിച്ചുള്ളഅറിവില്ലായ്മ, അതു നേടിയെടുക്കുന്നതിനുള്ള ശേഷിയില്ലായ്മ,ചിലപ്പോഴെല്ലാം ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ ,വീടുണ്ടായിട്ടും സംരക്ഷിക്കേണ്ടാവരുണ്ടയിട്ടും തെരുവിൽ അലയേണ്ടിവരുന്ന അവസ്ഥ ,പൊതു ഇടങ്ങളും സ്ഥാപനങ്ങളും സേവനങ്ങളും മുതിർന്നപൗര സൗഹൃദമല്ലാത്ത അവസ്ഥ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത്.
യു.എൻ കൺവെൻഷന്റെ തുടർച്ചയായി 2015 ൽ വന്ന വയോജന നിയമങ്ങൾ, നയങ്ങൾ, നിലവിൽ വന്ന വയോജന നിയമത്തിനു തുടർച്ചയായി വയോജനങ്ങൾക്ക് മികച്ച ജീവിത ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹായകരമായ നിരവധി പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഉള്ള വയോമിത്രം,വയോ അമൃതം,വയോജന സൗഹൃദം, മന്ദഹാസം, സായംപ്രഭ ഗ്രാൻഡ് കെയർ പദ്ധതി ,സെക്കൻഡ് ഇന്നിങ്സ് പദ്ധതി ,വയോരക്ഷ തുടങ്ങിയ പദ്ധതികൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് നീക്കി വച്ചിരിക്കുന്ന 5 ശതമാനം തുക. സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം, ആശ്വാസകിരണം തുടങ്ങിയ പദ്ധതികൾ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃ ത്വത്തിലുള്ള പാലിയേറ്റീവ്, അതിദാരിദ്ര്യം, ഇപ്പോൾ നിലവിലുള്ള വാതിൽപ്പടി സേവനം , സീനിയർ സിറ്റിസൺ ഫോറം , പെൻഷനേഴ്‌സ് യൂണിയൻ, ജനമൈത്രി പൊലീസ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങിയ നിരവധി പരിപാടികൾ നമ്മുടെ ഇടയിൽ നടക്കുന്നുണ്ട്. ഇവയെ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തിൽ ഏകോപ്പിക്കുകയും അതോടൊപ്പം ഇവയിലൂടെ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്ക് ഉള്ള പ്രവർത്തന പരിപാടി കണ്ടെത്തി ആവിഷ്കരിക്കുകയും വേണം. വയോസൗഹൃദമായ സമൂഹമെന്ന് പറയുന്നത് ജീവിത ശൈലിയുടെയും ഒരു സംസ്കാരത്തിന്റെയും പ്രതിഫലനം ആണ്. സമൂഹത്തിന്റെ പൊതു ബോധത്തിൽ മാറ്റം വരുത്തേണ്ടതിനാൽ വൻ തോതിലുള്ള ജനകീയ പരിപാടിയിലൂടെ മാത്രമേ അത് സാധിക്കുകയുള്ളു .
വയോജനങ്ങളുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ വൈവിധ്യം മനസ്സിലാക്കിക്കൊണ്ട് മാത്രമേ ശാസ്ത്രീയമായ ഇടപെടലിന് രൂപം നൽകാൻ സാധിക്കുകയുള്ളൂ. 60 മുതൽ 110 വയസ്സുവരെയുള്ള വലിയൊരു കാലയളവിൽ ജീവിക്കുന്ന വയോധികരെ സംബന്ധിച്ചിടത്തോളം അവർ ഇന്നേവരെ തുടർന്നുവന്നിരുന്ന ജീവിതശൈലിയുടെയും മൂല്യബോധത്തിന്റെയും ജീവിക്കുന്ന സമൂഹത്തിന്റെ സംവിധാനങ്ങളുടെയും ഒക്കെ പ്രതിഫലനമായിരിക്കും. അവരുടെ ജീവിത ഗുണത ഈ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളുടെ വ്യാപ്തി ഗൗരവം, അതിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നിവ ഇനിയും കൂടുതൽ കൂടുതൽ പഠനവിധേയം ആകേണ്ടതുണ്ട്. ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന അറിവുകളുടേയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വയോജന സൗഹൃദ സമൂഹം എന്ന ദിശയിലേക്കുള്ള യാത്ര തുടരേണ്ടത്. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിൽ വയോജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു .
ശാരീരിക പ്രശ്നങ്ങൾ
• ദൃശ്യ പരിമിതികൾ
• കേൾവി പരിമിതികൾ
• ദന്ത പ്രശ്നങ്ങൾ
• ന്യൂറോളജിക്കൽ രോഗങ്ങൾ
• ഹൃദയ രോഗങ്ങൾ
• ക്യാൻസർ
• അസ്ഥി / സന്ധി സംബന്ധമായവ
• ശ്വാസകോശ രോഗങ്ങൾ
• വീഴ്ച
• ത്വക്ക് രോഗങ്ങൾ
• പ്രോസ്റ്റേറ്റ് / കിഡ്നി
• മൂത്രാശയ, ഗർഭാശയ സംബന്ധമായ രോഗങ്ങൾ
• സാംക്രമിക, -സംക്രമികേതര രോഗങ്ങൾ
• കിടപ്പു രോഗികൾ ആയതു മൂലമുള്ള പ്രശ്നങ്ങൾ
മാനസിക പ്രശ്നങ്ങൾ
• വിഷാദം
• അൽഷിമേഴ്സ് / ഡിമെൻഷ്യ രോഗങ്ങൾ
• ഉറക്കമില്ലായ്മ
• മാനസിക വൈകല്യങ്ങൾ
• പൊരുത്തപ്പെടാൻ ഉള്ള പ്രയാസം
സാമൂഹിക പ്രശ്നങ്ങൾ
• ഒറ്റപ്പെടൽ
• അക്രമാസക്തമാകാനുള്ള പ്രവണത
• പെരുമാറ്റ വൈകല്യങ്ങൾ
• ഭൂതകാലത്തെയോ വർത്തമാനകാലത്തെയോ
കുടുംബ പ്രശ്നങ്ങൾ
• അവഗണന (സമൂഹത്തിൽ നിന്നും /വീട്ടിൽ നിന്നും )
• യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്
• യാത്രാ സൗകര്യം ഇല്ലാത്തത‍്
• ശാരീരിക അധ്വാനത്തിനുള്ള അപര്യാപ്തത
• ആശ്രിതത്വം
• ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണം
• സാമൂഹികമായ കൂടിച്ചേരലുകൾക്കു അവസരമില്ലാത്തത്
• പ്രായാധിക്യത്താൽ ഉള്ള അവസ്ഥ ചൂഷണം ചെയ്യുക
• പ്രായമായവരും ചെറുപ്പക്കാരും തമ്മിൽ വീട്ടിൽ
ഉള്ള പ്രശ്‍നം
• ഉല്ലാസ അവസരങ്ങൾ ഇല്ലാത്തത്
• അതിജീവിക്കാൻ തടസ്സങ്ങളുള്ള പരിതസ്ഥിതി
• ഇഷ്ടപ്പെടാത്ത സാമൂഹിക സാഹചര്യം
• ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ
കഴിയാത്ത അവസ്ഥ.
• കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾ
• മക്കൾ സംരക്ഷിക്കാത്ത അവസ്ഥ
• ചൂഷണം – ശാരീരികമായും സാമ്പത്തികമായും
• സാമൂഹിക സംവിധാനങ്ങളുടെ പരിമിതി
• ചികിത്സ സൗകര്യങ്ങൾ വയോജന സൗഹൃദം
അല്ലാത്ത അവസ്ഥ
• വയോജന സൗഹൃദം അല്ലാത്ത ചുറ്റുപാടുകൾ
• വയോജനസംബന്ധമായ സ്ഥാപനങ്ങളുടെ നടത്തിപ്പ്
• പകൽവീട്, വയോ ക്ലബ് എന്നിവയുടെ നടത്തിപ്പ്
• വയോജന സംഘടനാ സംവിധാനങ്ങളുടെ
അപര്യാപ്തത
സാമ്പത്തിക പ്രശ്നങ്ങൾ
• തൊഴിൽ വരുമാനം സംബന്ധിച്ച്
• മെഡിക്കൽ ആവശ്യകതകൾ
• ഇഷ്ടാഹാരത്തിന്റെ കുറവ്, പോഷകക്കുറവ്, വീടിന്റെ
ശോചനീയാവസ്ഥ
വയോജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ
അടിസ്ഥാനത്തിൽ അവരെ 3 ആയി തിരിക്കാം
1 . പൂർണ്ണമായും കിടപ്പിൽ ആയവർ
2 . വീടിനു അകത്തു മാത്രം സഞ്ചരിക്കാനും സ്വന്തം കാര്യങ്ങൾ അത്യാവശ്യം നടത്താനും കഴിയുന്നവർ
3. വീടിനു പുറത്തേക്കു സഞ്ചരിക്കാനും സ്വന്തം ആവശ്യങ്ങൾ നടത്തുന്നതോടൊപ്പം മറ്റുള്ളവരെയും സഹായിക്കാൻ കഴിയുന്നവർ. ഈ തരംതിരിവ് അവർക്കു വേണ്ട സേവന ദായക പരിപാടി തയ്യാറാക്കുന്നതിന് വളരെ ആവശ്യമാണ്.
ആരോഗ്യവുമായി ബന്ധപെട്ടു വരുമ്പോൾ ഏതൊരു രോഗത്തിനും കൃത്യമായിട്ടുള്ള പരിശോധനയും പരിചരണവും മരുന്നും അനിവാര്യമാണ് . മരുന്നുകളുടെ ലഭ്യതയും അതു നിർദിഷ്ടരീതിയിൽ കഴിക്കുന്നുണ്ട് എന്നുള്ളതും ചികിത്സ ഫലപ്രദമാകുവാന്‍ അനിവാര്യമാണ് പ്രത്യേകിച്ച് ദീര്‍ഘസ്തായി രോഗങ്ങളുടെ കാര്യത്തില്‍ . പലപ്പോഴും മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു സംവിധാനങ്ങളിലും ലഭ്യമായിരിക്കുമ്പോൾ തന്നെ യാത്രബുദ്ധിമുട്ടുകളും മറ്റു ചില കാരണങ്ങളും മൂലം ഇവ കൃത്യമായി അവർക്കു ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഓരോ വ്യക്തിയുടെയും സാഹചര്യത്തിനും പ്രശ്നങ്ങൾക്കും അനുസരിച്ച് സേവന പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്.ഇത് തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും ജനപങ്കാളിത്തത്തോടെ ആയിരിക്കണം. അർഹരായ മുഴുവൻ പേർക്കും സേവനം യഥാ സമയം ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള സാമൂഹിക ജാഗ്രത സംവിധാനവും അനിവാര്യമാണ്.വയോജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും സർക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ മാത്രം പദ്ധതികളിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല.വയോജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നനങ്ങൽ നല്ലൊരു ശതമാനവും സാമൂഹികമായി പരിഹരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും കുടുംബങ്ങളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ സമഗ്രവും സുസ്ഥിരവുമായ പരിഹാരം കാണാൻ കഴിയു. കിലയുടെ നേതൃത്വത്തിൽ ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളും പാലിയം ഇന്ത്യയും മറ്റു സംഘടനകളും വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേർന്ന് ഇത്തരത്തിൽ ഒരു പ്രവർത്തന പരിപാടി ആരംഭിച്ചിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങൾ
ജീവിതശൈലീ രോഗങ്ങൾ സങ്കീർണ്ണമാകുന്നത് പ്രായം ചെന്നവരുടെ ജീവിതത്തെ കൂടുതൽ ദുരിത പൂർണ്ണമാക്കുന്നു. മുൻകൂട്ടിയുള്ള രോഗനിർണയം, കൃത്യമായുള്ള ചികിത്സ, ആരോഗ്യകരമായ ജീവിത രീതി എന്നിവയിലൂടെ മാത്രമേ ജീവിതശൈലീ രോഗങ്ങളുടെ സങ്കീർണ്ണതകളെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിയുകയുള്ളൂ. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ പ്രമേഹം രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ പരിശോധിക്കേണ്ടതും, കൃത്യമായിത്തന്നെ മരുന്നുകൾ കഴിക്കേണ്ടതും ആവശ്യമാണ്. അനുയോജ്യമായ ഭക്ഷണവും വ്യായാമവും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ജീവിതശൈലീ രോഗ സങ്കീർണതകളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. ലഹരി ഉപയോഗം പൂർണമായും ഒഴിവാക്കേണ്ടതും അനിവാര്യമാണ്.
കാഴ്ച
കണ്ണുകൾ ഓരോ മനുഷ്യന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം ആണ്. അതുകൊണ്ടു തന്നെ കണ്ണുകൾക്ക് നൽകേണ്ട സംരക്ഷണത്തിന് പ്രാധാന്യം അർഹിക്കുന്നു. യഥാസമയം കാഴ്ച പരിശോധന നടത്തണം. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കേണ്ടതും, ശാരീരിക ആരോഗ്യത്തോടൊപ്പം കണ്ണുകൾക്കും ആരോഗ്യം നൽകാൻ കഴിയുന്ന തരത്തിലുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും കൃത്യമായ ശരീരഭാരം സൂക്ഷിക്കേണ്ടതും, ജോലിസ്ഥലങ്ങളിലും മറ്റും കണ്ണുകൾക്ക് സംരക്ഷണം നല്കാൻ കഴിയുന്ന സഹായ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതും, പുകവലി ഒഴിവാക്കേണ്ടതും, അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിന് സഹായകരമായിട്ടുള്ള സൺഗ്ലാസുകൾ ഉപയോഗിക്കേണ്ടതും, യഥാസമയം കണ്ണുകൾക്ക് വിശ്രമം നൽകേണ്ടതും അനിവാര്യമാണ്. മേൽപ്പറഞ്ഞ പ്രതിരോധ നടപടികൾ സ്വീകരിക്കാമെങ്കിൽ തന്നെയും നിലവിലെ സാഹചര്യത്തിൽ വയോജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് കാഴ്ചക്കുറവ്. കാഴ്ചയിൽ ഉണ്ടാകുന്ന തകരാർ മാനസിക സമ്മർദ്ദം, വീഴ്ച മുതലായ ആരോഗ്യപ്രശ്നങ്ങളിലേക്ക് പ്രായമായവരെ നയിക്കുന്നു. ഡയബറ്റിക് റെറ്റിനോപ്പതി, തിമിരം, ഗ്ലുക്കോമ എന്നിവ പ്രായമായവരുടെ ജീവിതത്തെ സങ്കീർണ്ണമാക്കുന്ന ചില പ്രശ്നങ്ങൾ മാത്രമാണ്.
കേൾവി
പ്രായമായവരിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് കേൾവിക്കുറവ്. വയോജന സംഖ്യയുടെ അൻപതു ശതമാനംപേരും, കേൾവിക്കുറവും അനുബന്ധ പ്രശ്നങ്ങളും അനുഭവിക്കുന്നവരാണ്. ഭൂരിഭാഗം ആൾക്കാരും കൃത്യസമയം ചികിൽസ ഉറപ്പാക്കുന്നില്ല എന്നതും വസ്തുതയാണ് .കേൾവിയെ വളരെ അപ്രധാനമായ ഒരു ഘടകമായിട്ട് കാണുന്നതുകൊണ്ടോ അല്ലെങ്കിൽ വാർധക്യത്തിലെ ഒരു അനിവാര്യ ഘടകമായി കേൾവിക്കുറവിനെ സ്ഥാപിച്ചുവച്ചിരിക്കുന്നതു കൊണ്ടോ ആകാം അത്. കേൾവിക്കുറവ് ഉണ്ടാക്കുന്ന ജാള്യത പ്രായമായവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. വാർധക്യ സംബന്ധമായ കേൾവിക്കുറവ് വയോജന ചികിത്സാ വിഭാഗത്തിലെ ഒരു പ്രധാന മേഖല തന്നെയാണ്.വയോജന ശ്രവണ നഷ്ടം മറ്റനേകം മാനസിക– ശാരീരികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുആശയവിനിമയത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും പിൻവാങ്ങുന്നതിലൂടെ ശരീരം മറ്റു രോഗങ്ങൾക്കുള്ള വിളനിലമാകുന്നു .വാർധക്യ സഹജമായ കേൾവിക്കുറവ് ഇപ്പോൾ ഒരു അനിവാര്യഘടകം ഒന്നും അല്ല. ഇനി കേൾവിക്കുറവ് ഉണ്ടെങ്കിൽ തന്നെ ശരിയായ ശാസ്ത്രീയമായ ചികിത്സയിലൂടെയും, ശ്രവണസഹായികളിലൂടെയും, കൗൺസിങ്ങിലൂടെയും അതു പരിഹരിക്കാൻ കഴിയും. സന്തോഷത്തോടെ, തുറന്ന ചിരിയോടെ ഉറച്ച മനസ്സോടെ വാർധക്യത്തെ ആസ്വദിക്കാം.
ദന്തസംരക്ഷണം
ദന്താരോഗ്യം പൊതുവായ ആരോഗ്യത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നില്ല, ദന്താരോഗ്യം നിലനിർത്തുന്നത് തീർച്ചയായും വാർദ്ധക്യത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്. വാർധക്യത്തിൽ പലരും ദന്തരോഗ പ്രശ്നങ്ങളെ അവഗണിക്കുകയാണ് പതിവ്. ദന്തക്ഷയം, മോണ രോഗങ്ങൾ, വായിലെ പൂപ്പൽ ബാധ,പല്ലുകളുടെനിറവ്യത്യാസം,രുചിയിൽ വ്യത്യാസം അനുഭവപ്പെടുക എന്നിവ പ്രധാന ദന്തരോഗ പ്രശ്നങ്ങൾ ആയി കണക്കാക്കപ്പെടുന്നു . ആരോഗ്യമുള്ള പല്ലുകൾ ഭക്ഷണം നന്നായികഴിക്കാനും ആസ്വദിക്കാനും എളുപ്പമാക്കുന്നു. പ്രമേഹമോ ഹൃദ്രോഗമോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലോ ദന്താരോഗ്യ സംബന്ധിയായ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലോ പല്ലുകളുടെയും. മോണകളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പ്രായമായവരുടെ ആരോഗ്യത്തിനും മതിയായ പോഷണം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും ആരോഗ്യമുള്ള പല്ലുകൾ ഗണ്യമായ സംഭാവനനൽകുന്നു.
ശ്വാസകോശ ആരോഗ്യം
വാർദ്ധക്യം ശ്വസനവ്യവസ്ഥയിലെ ഒന്നിലധികം ഘടനാപരമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിന്റെ ഫലമായി രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു. വാർദ്ധക്യത്തിനനുസരിച്ച് ശ്വസനവ്യവസ്ഥ ഒന്നിലധികം മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇത് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളായ ചുമ, ശ്വാസതടസ്സം എന്നിവ വർദ്ധിപ്പിക്കുന്നു. പ്രായമായവരിൽ ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ രോഗലക്ഷണങ്ങൾ ശ്വാസതടസ്സം, ചുമ, വ്യായാമ സഹിഷ്ണുത കുറയൽ എന്നിവയാണ്. ഈ ലക്ഷണങ്ങൾ പലതരം പൾമണറി, അതുപോലെ നോൺപൾമണറി അവസ്ഥകൾ എന്നിവയുണ്ടാക്കാം പ്രായമായ രോഗികളിൽ 27% വരെ കഫത്തോടുകൂടിയ ചുമ റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇത് മരണനിരക്ക് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, പ്രായമായവരിൽ ശ്വാസതടസ്സം വളരെ കൂടുതലാണ്. കൂടാതെ മൊത്തം ഏകദേശം 30% ആളുകളിൽ– 65 വയസ്സിനു പ്രായമുള്ളവരിൽ പോലും ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
വീഴ്ച
പ്രായമായവരിൽ കണ്ടുവരുന്ന ഏറ്റവും അപകടകരമായ ആരോഗ്യപ്രശ്നം ആണ് വീഴ്ച. വീഴ്ചകൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് .വാർധക്യത്തിൽ സ്വാഭാവികമായും കായികശേഷി കുറയുന്നതിനാലും വിവിധ രോഗങ്ങൾ മൂലവും വാസസ്ഥലവും പൊതു ഇടങ്ങളും വയോജന സൗഹൃദമല്ലാത്തതിനാലും ചിലപ്പോഴൊക്കെ മുതിർന്ന പൗരർ വീഴുന്നതിന് കാരണമാകാറുണ്ട്. ഒറ്റയ്ക്കോ കൂട്ടമായിട്ടുള്ളതോ ആയ ഇടപെടലുകളിലൂടെ പ്രായമായവരിൽ ഉണ്ടാകുന്ന വീഴ്ച ഒരു പരിധി വരെ തടയാൻ കഴിയും. അപകടസാധ്യതയുള്ള രോഗികളെ തിരിച്ചറിയുക എന്നതാണ് ഇടപെടലിന്റെ ആദ്യഘട്ടമായി ചെയ്യേണ്ടത്. ഇത്തരം വീഴ്-ചകൾ ഒഴിവാക്കാൻ അനുയോജ്യമായ മാറ്റങ്ങൾ വീടിനുള്ളിൽ കൊണ്ടുവരുന്നതോടെ പ്രവർത്തനത്തിന് ആരംഭം കുറിക്കാം.
ഉറക്കമില്ലായ്മ്മ
പ്രായമാകുമ്പോൾ ഉറക്കത്തിന്റെ ഘടനയിലും ദൈർഘ്യത്തിലും കാതലായ മാറ്റങ്ങൾ ഉണ്ടാകും. ഇതാണ് വാർധക്യത്തിൽ പലതരത്തിലുള്ള നിദ്രാവൈകല്യങ്ങൾക്കമുള്ള കാരണം. പ്രായമേറുംതോറും ഉറക്കത്തിന്റെ ദൈർഘ്യം കുറയുന്നു.ഏറ്റവും ആഴത്തിലുള്ള ഉറക്കം ലഭിക്കുന്ന നിദ്രയുടെ മൂന്നാം ഘട്ടം പ്രായമായവരിൽ ഏതാണ്ട് പൂർണമായും അപ്രത്യക്ഷമാകുന്നു. പകൽ സമയങ്ങളിൽ കഠിനമായ ക്ഷീണമുണ്ടാകുന്നതിന് ഉറക്കമില്ലായ-്മ കാരണമാകുന്നു. അറുപത്തി അഞ്ചു വയസ്സിനു മേൽ പ്രായമുള്ളവരിൽ ഏതാണ്ട് പകുതിയിലേറെ പേർക്കും ഉറക്കക്കുറവിന്റെ പ്രശ്നങ്ങളുണ്ട്. പുരുഷന്മാരെക്കാളും കൂടുതൽ ഈ പ്രശ്നംകണ്ടുവരുന്നത് സ്ത്രീകളിലാണ്. പ്രധാനമായും ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് പ്രായമായവരിലുണ്ടാകുന്ന ഉറക്കക്കുറവിനു കാരണമായി തീരുന്നത്. ശാരീരിക ആരോഗ്യ പ്രശ്നങ്ങളായ ഹൃദയസ്തംഭനം, ദീർഘകാല ശ്വാസകോശരോഗങ്ങൾ, സന്ധിവേദനകൾ, നടുവേദന തുടങ്ങിയവയും മാനസിക ആരോഗ്യ പ്രശ്നങ്ങളായ വിഷാദം, അമിതമായ ഉൽകണ്ഠ എന്നിവ ഉറക്കമില്ലായ്മയ്ക്കു പ്രധാന കാരണങ്ങളായി തീരാറുണ്ട്. സാധാരണയായി ഉപയോഗത്തിലുള്ള പല മരുന്നുകളും ഉറക്കക്കുറവിന് കാരണമാകുന്നതോടൊപ്പം ചായ, കാപ്പി, മദ്യം എന്നിവയുടെ അമിത ഉപയോഗവും ഉറക്കക്കുറവിനു കാരണമായിത്തീരാറുണ്ട്.
മൂത്രാശയ അണുബാധ
പുരുഷന്മാരിലും സ്ത്രീകളിലും മൂത്രാശയഅണുബാധ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് പോലുള്ള പ്രശ്നങ്ങളും. സ്ത്രീകളിൽ യൂറിനറി ഇൻകോണ്ടിനെൻസ് ,പ്രൊലാപ്സ് എന്നിവയും ഉണ്ടാകാറുണ്ട് . മൂത്രാശയ അണുബാധ വളരെ സാധാരണമായ ബാക്ടീരിയ അണുബാധയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കാണുന്നത്. മൂത്രാശയത്തിലോ വൃക്കയിലോ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ ഉണ്ടാകുന്ന അണുബാധയാണിത്. വെള്ളം കുടിക്കുന്നത് കുറയുന്നതും മൂത്രം പിടിച്ചുവയ്ക്കുന്നതുമാണ് പ്രധാന കാരണം. കാൻസർ, ഷുഗർ എന്നിവയുള്ളവർക്ക് മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ മൂത്രാശയ അണുബാധ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
മാനസികാരോഗ്യം
പ്രായാധിക്യം സൃഷ്ടിക്കുന്ന ഒറ്റപ്പെടൽ, അംഗീകാരമില്ലായ്മ, പരിഗണന കുറയൽ, അവസരങ്ങൾ പരിമിതപ്പെടുത്തൽ തുടങ്ങി സാമൂഹികമായ പാർശ്വവൽക്കരണം പൊതുവിൽ പ്രായമായവരിൽ മാനസിക സംഘർഷം സൃഷ്ടിക്കാറുണ്ട്. ശാരീരിക അനാരോഗ്യം സൃഷ്ടിക്കുന്ന അസ്വസ്ഥതകളും കുടുംബപരവും സാമൂഹികവുമായ പാർശ്വവൽക്കരണവും കൂടിച്ചേരുമ്പോൾ മാനസിക സംഘർഷാവസ്ഥ വർദ്ധിക്കുന്നതായി കാണാം . ഇതോടൊപ്പം സാമ്പത്തികമായ പിന്നാക്കാവസ്ഥയും കൂടിചേരുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണം ആകുന്നു .പ്രായാധിക്യം കൊണ്ട് സ്വാഭാവികമായി ഉണ്ടാകുന്ന ഓർമ്മക്കുറവ്, ഭയം, തുടങ്ങിയവയും മാനസിക അവസ്ഥ ദുർബലമാക്കാറുണ്ട്. ദൈനം ദിന ജീവിതം സജീവവും ഉത്സാഹഭരിതവും ആക്കാനും ഒറ്റപ്പെട്ടുപോകുന്ന അവസരങ്ങൾ ഒഴിവാക്കുവാനും പരമാവധി പ്രവർത്തനക്ഷമമായ ജീവിതം നയിക്കാനും അവസരം സൃഷ്ടിക്കാൻ കഴിഞ്ഞാൽ മാനസിക ആരോഗ്യപ്രശ്നങ്ങളിൽ ചിലതിനൊക്കെ പരിഹാരം കാണാൻ സാധിക്കും.
മറവി രോഗം
ARDSI(ALZHEIMER’S & RELATED DISORDERS SOCIETY OF INDIA) യുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021 ൽ കേരളത്തിലെ മറവി രോഗികളുടെ എണ്ണം ലക്ഷത്തിൽ കൂടുതൽ ആണ് . മറവിരോഗത്തിന്റെ ലക്ഷണങ്ങൾ മനസിലാക്കി അവ മുൻകൂട്ടി കണ്ടുപിടിക്കുവാൻ കഴിഞ്ഞാൽ ഒരു പരിധിവരെ അതിദെനെ ചെറുക്കാവുന്നതാണ് . മറവിരോഗത്തെക്കുറിച്ച് ശരിയായ അറിവില്ലാത്തതുകൊണ്ടുതന്നെ ഇവരെ പരിചരിക്കുന്നവർക്കും ബന്ധുക്കൾക്കുമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ വളരെയധികമാണ്. അതിനാൽ പരിചരണത്തിലേർപ്പെടുന്നവർക്കും ബന്ധുക്കൾക്കും ആവശ്യമായ ബോധവൽക്കരണവും പിന്തുണയും നൽകേണ്ടതും അനിവാര്യമാണ്.
വിഷാദരോഗം
ഒറ്റപ്പെടൽ കാരണം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മുടെ മുതിർന്ന പൗരർ. പ്രായാധിക്യം,വീട്ടിൽ തനിയെ ആയിപ്പോയ അവസ്ഥ,ജീവിതപങ്കാളിയുടെ മരണം,വീട്ടുകാരുടെ അവഗണന ,സാമ്പത്തികബുദ്ധിമുട്ടുകൾ,തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളിത്തമില്ലാത്ത അവസ്ഥ എന്നിവ ഈ ബുദ്ധിമുട്ടിന് ആക്കം കൂട്ടുന്നു.ഈ ഒറ്റപ്പെടൽ കാരണമാണ് ഏറ്റവും കൂടുതൽ മാനസികാരോഗ്യപ്രശ്നങ്ങൾ മുതിർന്ന പൗരരിൽ ഉണ്ടാകുന്നത്. അടിസ്ഥാനപരമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഘട്ടം ഘട്ടമായുള്ള സമീപനം ആവശ്യമാണ്
സന്ധി സംബന്ധമായ ബുദ്ധിമുട്ടുകൾ
ആദ്യത്തെ അവഗണന വേദനയായും പിന്നീട് വൈകല്യമായും പരിണമിക്കുന്ന, സുഖകരമായ ചലനത്തെ നിയന്ത്രിതമായ അവസ്ഥയിലേക്ക് മാറ്റുന്ന, ജീവിതത്തിന്റെ സന്തോഷങ്ങളെ സ്ഥായിയായ വേദനകളിലേക്കെത്തിക്കുന്ന ദുരിതപൂർണ്ണമായ അസുഖമാണ് സന്ധിവാതം. തുടക്കത്തിൽ കാണിക്കുന്ന അവഗണനകൊണ്ടുമാത്രം ജീവിതത്തിന്റെ ഒടുക്കം വരെ ദുഃഖിക്കേണ്ടി വരുന്ന അവസ്ഥ. സന്ധിവാത രോഗങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധി ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, തുടക്കത്തിലേ ചികിത്സിക്കുക എന്നിവ തന്നെയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ആർക്കും എപ്പോഴും ഏത് പ്രായത്തിലും ബാധിക്കാവുന്ന അസുഖം കൂടിയാണിത്. നൂറിലധികം വിഭാഗങ്ങളും ഉപ വിഭാഗങ്ങളുമായി വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ രോഗാവസ്ഥകളുടെ സഞ്ചയം കൂടിയാണ് സന്ധിവാതം എന്ന ഒറ്റപ്പേരിൽ വിളിക്കപ്പെടുന്നത്. കാലങ്ങളായുള്ള ചലനങ്ങൾ മൂലം സന്ധികൾക്കുള്ളിൽ അസ്ഥികളെ പൊതിഞ്ഞുള്ള തരുണാസ്ഥിക്ക് തേയ്മാനം സംഭവിക്കുന്നതാണ്. വേദനയും വീക്കവും തന്നെയാണ് പ്രധാന ലക്ഷണങ്ങൾ. രാവിലെ എഴുന്നേൽക്കുമ്പോൾ വേദന കുറവായിരിക്കുമെങ്കിലും ചലനമാരംഭിക്കുമ്പോൾ വേദനയുടെ കാഠിന്യം വർദ്ധിക്കും.രോഗത്തിന്റെ അവസ്ഥ ഒരു പ്രത്യേക ഘട്ടം പിന്നിടുകയോ സന്ധികൾക്ക് വലിയ ക്ഷതം സംഭവിക്കുകയോ ചെയ്താൽ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ചിലപ്പോൾ ഫലിക്കാതെ വരും. അതുകൊണ്ടുതന്നെ ആരംഭത്തിലുള്ള അവഗണന പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. ♦



