Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിവനിതാ വയോധികരുടെ ആരോഗ്യപ്രശ്നങ്ങൾ 

വനിതാ വയോധികരുടെ ആരോഗ്യപ്രശ്നങ്ങൾ 

ഡോ . ജയശ്രീ എ കെ

കേരളത്തിൽ വയോധികരുടെ എണ്ണം പൊതുവേയും, സ്ത്രീകളുടേത് പ്രത്യേകിച്ചും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2011 ലെ സെൻസസ് പ്രകാരം അറുപതു വയസ്സ് കഴിഞ്ഞ  33 ലക്ഷം പുരുഷന്മാരുള്ളപ്പോൾ സ്ത്രീകൾ 41  ലക്ഷമാണുള്ളത്.  ഇവരിൽ തന്നെ വീണ്ടും പ്രായം ഏറും തോറും സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു. എൺപതു കഴിഞ്ഞവരിൽ ഇത് ഏറ്റവും അധികം പ്രകടമാകുന്നു. സ്ത്രീകളുടെ പ്രതീക്ഷിത ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ നാല് മുതൽ അഞ്ച് വയസ്സ്  വരെ ഉയർന്നിരിക്കുന്നത് ഇതിനൊരു കാരണമാണ്. ഈ കാരണം കൊണ്ടും വിവാഹത്തിൽ സ്ത്രീകളുടെ പ്രായം കുറഞ്ഞിരിക്കുന്നതു കൊണ്ടും  വിധവകളുടെ  എണ്ണം വളരെ വർദ്ധിക്കുന്നതായി കാണാം.  പ്രായം ചെന്ന  സ്ത്രീകളിൽ  മൂന്നിലൊന്ന് ആളുകൾക്ക്  മാത്രമാണ് പങ്കാളികൾ  ഉള്ളതെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.
ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല,ഒരു വ്യക്തിക്ക് സ്വന്തം സുസ്ഥിതിയിലുള്ള തൃപ്തി, സന്തോഷം, ജീവിത ഗുണ നിലവാരം എന്നിവയൊക്കെ കൂടിയാണ്.  ജീവിതഗുണനിലവാരം(Quality of Life) ഇപ്പോൾ ആരോഗ്യത്തെ അളക്കുന്ന സൂചികയായി ഉപയോഗപ്പെടുത്തുന്നു.   ലോകാരോഗ്യസംഘടന വയോധികരുടെ ജീവിതഗുണനിലവാരം അളക്കാനുള്ള മാനകം വികസിപ്പിച്ചിട്ടുണ്ട്. വനിതാ വയോധികരുടെ ആരോഗ്യപ്രശ്‌നങ്ങൾ ഈ സന്ദർഭത്തിൽ  സമഗ്രമായ ഒരു ചട്ടക്കൂടിൽ നിന്നു കൊണ്ട് കാണേണ്ടതുണ്ട്. അതിൽ അവരുടെ സാമൂഹ്യ പദവി, കുടുംബത്തിലും പുറത്തുമുള്ള ബന്ധങ്ങളുടെ ഊഷ്മളത, ജീവനോപാധികൾ, മാനസികമായ ഉല്ലാസം, സാമൂഹ്യ പങ്കാളിത്തം, ഹോർമോൺ വ്യതിയാനം പോലെയുള്ള ജൈവിക പ്രശ്നങ്ങൾ  എന്നിവയെല്ലാം പെടും. എന്നാൽ, അവർക്കുണ്ടായേക്കാവുന്ന ശാരീരിക ആരോഗ്യ പ്രശ്നങ്ങളേയും സവിശേഷമായി മനസ്സിലാക്കേണ്ടതുണ്ട്. എത്രത്തോളം ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നു എന്നതും ആരോഗ്യത്തിന്റെ അളവുകോലാണ്. ദൈനം ദിന പ്രവർത്തനങ്ങൾ സ്വയം ചെയ്യാൻ കഴിയാത്ത വയോധികരിൽ കൂടുതലും സ്ത്രീകളാണെന്ന് കണ്ടിട്ടുണ്ട്.

രോഗങ്ങൾ 
രോഗാതുരത പൊതുവെ സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്. പ്രായമായവരിൽ കാണുന്ന പൊതുവേയുള്ള രോഗങ്ങളായ രക്താതിമർദ്ദം, പ്രമേഹം, ക്യാൻസർ തുടങ്ങിയ പ്രശ്നങ്ങളെല്ലാം സ്ത്രീകളിലും കണ്ടു വരുന്നു. ഇവയുടെ പരിണതഫലമായി പക്ഷാഘാതം തുടങ്ങിയവ ബാധിച്ച കിടപ്പു രോഗികളും ഇവരിൽ ഏറെയാണ്.  സ്ത്രീകളിൽ  പുരുഷന്മാരെ അപേക്ഷിച്ചു കുറവാണെങ്കിലും ഹൃദ്രോഗം വർദ്ധിച്ചു വരുന്നു എന്നു കാണാം.  സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ഹൃദ്രോഗം വന്ന  സ്ത്രീകളിൽ മരണ നിരക്ക് കൂടുതലായും കാണുന്നു.  ശരീരത്തിൽ പ്രായാധിക്യം കൊണ്ട് കാൽസ്യം കുറയുകയും എല്ലുകൾക്ക് കട്ടി കുറയുകയും ചെയ്യുന്നത് സ്ത്രീകളിൽ സാധാരണ കണ്ടുവരുന്നു. ഓസ്റ്റിയോപോറോസിസ്(osteoporosis) എന്ന ഈ അവസ്ഥ വളരെ സാധാരണമാണെങ്കിലും വേണ്ട സമയത്ത് അത് കണ്ടുപിടിക്കുന്നതിനും ചികിത്സ ലഭിക്കുന്നതിനുമുള്ള ശുഷ്കാന്തി പലരും കാണിക്കാറില്ല. ഇതു മൂലം വീഴ്ച കൊണ്ടോ അല്ലാതെയോ  എല്ലുകൾ പൊട്ടുന്നതും കിടപ്പിലാവുന്നതും സാധാരണമാണ്.

പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രായം ചെന്ന സ്ത്രീകളിൽ പല പ്രശ്നങ്ങളും നില നിൽക്കുന്നുണ്ട്. അത് കുടുംബാംഗങ്ങളോടോ ആരോഗ്യപ്രവർത്തകരോടോ പറയാൻ പലരും മടി  കാട്ടാറുമുണ്ട്. മൂത്രാശയവുമായി ബന്ധപ്പെട്ട പേശികൾക്കും  വാൽവുകൾക്കും, ബലം കുറയുന്നതിനാൽ, നിയന്ത്രണമില്ലാതെ മൂത്രം പോവുന്നത് സാധാരണമാണ്.   ചുമയ്-ക്കുമ്പോഴും തുമ്മുമ്പോഴും ഇതുണ്ടാകാം. ആലോചിക്കുമ്പോഴേക്കും, പെട്ടെന്ന് മൂത്രം പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരം കാണുകയോ ആ അവസ്ഥയോട് പൊരുത്തപ്പെടുകയോ ചെയ്യാൻ സാധാരണ സ്ത്രീകൾക്ക് അറിവോ പരിചരണമോ ലഭിക്കാറില്ല. പകരം, പുറത്ത് പോകാതെയും യാത്ര ചെയ്യാതെയും കഴിച്ചു കൂട്ടാനാണ് സ്ത്രീകൾ ശ്രമിക്കുന്നത്.   മൂത്രാശയത്തിൽ പഴുപ്പുണ്ടാകുക, യോനി വരണ്ട് പോവുക, യോനിക്കും ചുറ്റു ഭാഗങ്ങളിലും ചൊറിച്ചിലുണ്ടാവുക എന്നിവയൊക്കെ സാധാരണയാണ്. ഫംഗസുകളും ബാക്ടീരിയകളും എളുപ്പത്തിൽ ബാധിക്കാവുന്ന അവസ്ഥയാണ് വാർദ്ധക്യത്തിലുണ്ടാവുന്നത്. ചില സ്ത്രീകളിൽ ഗർഭാശയം പുറത്തേക്ക് തള്ളി വരുന്ന അവസ്ഥ കാണാറുണ്ട്. പ്രസവങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ ഈ അവസ്ഥ ഇപ്പോൾ കുറഞ്ഞു കാണുന്നു. ക്യാൻസറുകളിൽ സ്തനാർബുദമാണ് കൂടുതൽ കണ്ടു വരുന്നത്. ഇത് നേരത്തേ കണ്ടെത്തിയാൽ പൂർണ്ണമായി സുഖപ്പെടുത്താവുന്നതാണെങ്കിലും വേണ്ടത്ര സ്വയം ശ്രദ്ധിക്കാറില്ല.  ഗർഭാശയ ഗള ക്യാൻസറും (Cervical cancer) മറ്റൊരു പ്രശ്നമാണ്. എന്നാൽ ഇപ്പോൾ കേരളത്തിൽ അത് കുറഞ്ഞിട്ടുണ്ട്.

കാഴ്ചക്കുറവും കേൾവിക്കുറവും വാർദ്ധക്യത്തിൽ പ്രശ്നമാണ്.  പല്ലുകൾക്ക് തേയ്മാനം ഉണ്ടാവുകയും അവ കൊഴിയുകയും ചെയ്യും. വേണ്ട സമയത്ത് ഇവയൊക്കെ  കണ്ടെത്തി വേണ്ട എയ്‌ഡുകൾ സ്വീകരിക്കുന്നതിലും സ്ത്രീകൾ പൊതുവേ പിന്നിലാണ്.  പേശികൾക്കും എല്ലുകൾക്കും തേയ്മാനമുണ്ടാകുന്നതിനാൽ ദേഹം വേദന, സന്ധികളിൽ വീക്കവും വേദനയും(Arthritis) എന്നതെല്ലാം ഈ സമയത്ത് അധികമാകും. ഇത് പാടത്തും പറമ്പിലും തോട്ടങ്ങളിലും പണിയെടുക്കുന്നവർക്ക് വളരെ സാധാരണമാണ്. തൊഴിലെടുക്കുന്നവർക്ക് ജോലി എളുപ്പമാക്കുന്നതിനും നല്ല തൊഴിലന്തരീക്ഷം ഉണ്ടാക്കുന്നതിനും ലോകാരോഗ്യസംഘടന “‘എല്ലാവർക്കും ആരോഗ്യം’’ എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കുന്നുണ്ട്.

ക്ഷയരോഗം, കോവിഡ് 19, ഇൻഫ്ളുവൻസ, എലിപ്പനി തുടങ്ങിയ പകർച്ച വ്യാധികളും കൂടുതൽ ആപൽക്കരമാകുന്നത് വാർദ്ധക്യത്തിലാണ്. ഇവിടേയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും തൊഴിലെടുക്കുന്നതു  മൂലം കൂടുതൽ അപകടസാധ്യതയുള്ളവരുമായ സ്ത്രീകൾക്ക് പ്രത്യേക ശ്രദ്ധ വേണ്ടി വരും. ഡെമെൻഷ്യ(Dementia) മൂലമുണ്ടാകുന്ന ഓർമ്മക്കുറവ്, പാർക്കിൻസോണിസം(Parkinsonism) എന്നിവയൊക്കെ പുരുഷന്മാരിലെ പോലെ സ്ത്രീകളിലും കാണാം.

പ്രായം ചെന്നവർ പല തരത്തിലുള്ള പീഡനങ്ങൾക്കും വിധേയരാകാറുണ്ട്. ഇതും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്. ആൺ മക്കൾ, പെൺ മക്കൾ, മരുമക്കൾ എന്നിവരിൽ നിന്നെല്ലാം ഇതുണ്ടാകാം. ശാരീരികമായ ഉപദ്രവം, വഴക്കു പറയൽ, അവഗണന തുടങ്ങിയ തരത്തിലാണ് പീഡനങ്ങളാണ് കാണാറുള്ളത്. പുറത്ത് നിന്നും ഇതെല്ലാം ഉണ്ടാകാമെങ്കിലും കൂടുതലായും വീടിനുള്ളിലാണ് നടക്കുന്നതെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.


പരിചരണം 
സ്ത്രീകൾ അവരുടെ ജീവിതകാലം മുഴുവൻ കുട്ടികളടക്കമുള്ള  കുടുംബാംഗങ്ങളുടെ പരിചരണത്തിൽ ഏർപ്പെടുമെങ്കിലും വാർദ്ധക്യത്തിൽ അവരെ പരിചരിക്കാൻ അധികം ആളുകൾ ഉണ്ടാവില്ല. മിക്കവർക്കും പലയിനം മരുന്നുകൾ ആവശ്യമായിരിക്കും. ഇതൊക്കെ സമയത്ത് നൽകാനും കഴിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനും കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. പാലിയേറ്റിവ് ചികിത്സയിലും സ്ത്രീകൾ നല്ല പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകൾക്ക് നൽകേണ്ട പരിചരണം പ്രത്യേകമായി ഹോം നഴ്‌സുമാർ പരിശീലിക്കേണ്ടതുണ്ട്. പലപ്പോഴും സ്ത്രീകൾക്ക് വാർദ്ധക്യത്തിലും സൗന്ദര്യ പരിചരണവും  ആവശ്യമായി വരും. ഹോം നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ എല്ലാവർക്കും കഴിയില്ല. കഴിയാത്തവർക്ക് അതിനുള്ള സംവിധാനം ഒരുക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്.

മാനസികാരോഗ്യം 
ഉറക്കക്കുറവ് പ്രായം ചെന്നവരിൽ സാധാരണയാണ്. ആവശ്യത്തിന്  ഉറക്കം കിട്ടിയില്ലെങ്കിൽ ശരീരത്തിനും മനസ്സിനും അസ്വസ്ഥതയുണ്ടാകും. ഒറ്റപ്പെടലും അതേത്തുടർന്നുള്ള വിഷാദവും വയോധികരുടെ  മാനസികാരോഗ്യത്തെ ബാധിക്കുന്നതാണ്. ഇത് കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളാണ്.  മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൃദ്ധർ കൂടുതലും ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നതെന്നത് ആശ്വാസകരമാണ്. എങ്കിലും പ്രായം ചെന്നവരിലും വിഷാദ രോഗവും ആത്മഹത്യയും കേരളത്തിൽ കണ്ട് വരുന്നുണ്ട്.  വിധവകളിലും പാവപ്പെട്ട വയോധികമാരിലും മാനസിക പ്രശ്നങ്ങൾ  അധികമായി കാണുന്നു.  മാനസികോല്ലാസത്തിനായുള്ള പരിപാടികൾ ആവിഷ്കരിക്കുമ്പോൾ, അവയിൽ  സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം. ഓർമ്മശക്തി നില നിർത്താനും മറ്റും ബുദ്ധിപരമായ വ്യായാമവും ആവശ്യമാണ്.

സാമൂഹ്യ പദവിയും ആരോഗ്യവും  
സ്ത്രീകളുടെ  പിന്നാക്കം നിൽക്കുന്ന സാമൂഹ്യ പദവി  വൃദ്ധകളായ സ്ത്രീകളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.  സാമൂഹ്യമായ പല ഘടകങ്ങളും ആരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. വീടിനു പുറത്ത് പണിയെടുക്കാനും   മറ്റു സാമൂഹ്യമായ ഇടങ്ങളിലും ആഘോഷങ്ങളിലും പങ്ക്  ചേരാനുമുള്ള അവസരങ്ങൾ സ്ത്രീകൾക്ക് വളരെ പരിമിതമാണെന്നുള്ളത് അവരുടെ മാനസികാരോഗ്യത്തേയും ബാധിക്കുന്നതാണ്.  പുറത്തുപോയി പണിയെടുക്കുന്ന വൃദ്ധരിൽ സ്ത്രീകൾ മൂന്നിലൊന്ന് മാത്രമാണ്. അങ്ങനെ ചെയ്യുന്നത് പലപ്പോഴും മറ്റു വരുമാനമില്ലാത്ത താഴെ തട്ടിലുള്ളവരാണ്. അത് പലർക്കും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്.  സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചു കഴിയുന്ന സ്ത്രീകൾക്ക്  പിന്നീട് പുറത്ത് ഇടപെടാൻ അവസരം പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ്.  സാമൂഹ്യമായി ഇടപെടാൻ ശീലിച്ചിട്ടില്ലാത്തതു കൊണ്ടും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതു കൊണ്ടും ചൂഷണത്തിന് വിധേയരാവുന്നതു കൊണ്ടും പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരും സ്ത്രീകളുടെ ഇടയിൽ വളരെ കുറവായി കാണുന്നു. വയോധികർക്കായുള്ള സ്കീമുകൾ പ്രയോജനപ്പെടുത്തുന്നതിൽ സ്ത്രീകൾ പിന്നിലാണ്. സ്വന്തമായി വരുമാനമോ സ്വത്തോ ഇല്ലാത്ത അവസ്ഥയാണ് സ്ത്രീകൾക്കുള്ളത്. ഇത് അവരുടെ ജീവിത ഗുണ നിലവാരത്തെ ബാധിക്കുന്നുണ്ട്.  സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയും സ്ത്രീകൾക്കാണ് കൂടുതലായുള്ളത്. പോഷകഗുണമുള്ള ഭക്ഷണത്തിനോ മരുന്ന് വാങ്ങാനോ ഒന്നും വയോധികമാരുടെ കയ്യിൽ പണം ഉണ്ടാകാറില്ല.

പലപ്പോഴും വയോധികർ അവരുടെ സ്വത്ത് മുഴുവൻ മക്കൾക്ക് നൽകുകയോ, സമ്മർദ്ദം ഉപയോഗിച്ച് മക്കൾ അത് കൈവശപ്പെടുത്തുകയോ ചെയ്യുന്നു. കയ്യിൽ സ്വത്തോ പണമോ ഇല്ലാത്തത്‌ അവരുടെ ആരോഗ്യത്തേയും സന്തോഷകരമായ ജീവിതത്തേയും ബാധിക്കുന്നു. സ്ത്രീകൾ അവരുടെ മക്കൾക്ക് വിധേയരായി ജീവിക്കേണ്ടി വരുകയും പുറത്ത് പോകുന്നതിൽ നിന്നും സാമൂഹ്യമായ ഇടപെടലുകളിൽ നിന്നും പിൻ വലിയേണ്ടി വരുകയും ചെയ്യുന്നു. വനിതാ വയോധികരുടെ ആരോഗ്യപരവും സാമൂഹ്യവുമായ അവസ്ഥ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികൾ രൂപപ്പെടുത്തേണ്ടത്  ഈ സന്ദർഭത്തിൽ  ആവശ്യമായിരിക്കുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 13 =

Most Popular