Friday, November 22, 2024

ad

Homeലേഖനങ്ങൾസാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനും കേന്ദ്രനീക്കം

സാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനും കേന്ദ്രനീക്കം

പ്രീജിത് രാജ്

കേരള സര്‍ക്കാര്‍ ജീവിത ഗുണമേന്‍മ ഉറപ്പാക്കി മുന്നോട്ടുപോകുമ്പോള്‍ ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഈ നീക്കങ്ങള്‍ക്ക് ആര്‍എസ്എസ് ബിജെപി പിന്തുണ മാത്രമല്ല ഉള്ളത്. കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന യുഡിഎഫും മലയാളത്തിലെ മിക്കവാറും മാധ്യമങ്ങളും കേരളത്തോട് ശത്രുതാമനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത്. സംസ്ഥാനത്ത് കൃത്യമായി വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഇക്കൂട്ടരൊന്നും പ്രതികരിക്കാത്തത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളായ പാവപ്പെട്ട ജനവിഭാഗങ്ങള്‍ ബുദ്ധിമുട്ടിലുഴലണം എന്നുള്ളതുകൊണ്ടാണ്. ജനങ്ങള്‍ അസംതൃപ്തരായി മാറിയാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരമുയര്‍ന്നുവരും എന്ന പ്രതീക്ഷയിലാണ് വലതുപക്ഷ ശക്തികളുള്ളത്.

സര്‍ക്കാരിന്‍റെ പ്രതിബദ്ധത
പാവപ്പെട്ടവരോട്
കേരളത്തില്‍ നിലവില്‍ 52,19,679 സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളാണുള്ളത്. സംസ്ഥാനത്ത് 29,35,929 പേര്‍ക്ക് വാര്‍ധക്യകാല പെന്‍ഷനും 4,17,739 പേര്‍ക്ക് വികലാംഗ പെന്‍ഷനും 87,720 പേര്‍ക്ക് അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷനും 14,00,725 പേര്‍ക്ക് വിധവാ പെന്‍ഷനും 3,77,566 പേര്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനും ലഭിക്കുന്നുണ്ട്. 32,59,774 സ്ത്രീകള്‍ക്കും 19,59,691 പുരുഷന്‍മാര്‍ക്കും സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിലുള്ള 71,840 പേരും പട്ടികജാതി വിഭാഗത്തിലുള്ള 2,65,967 പേരും പൊതുവിഭാഗത്തിലുള്ള 48,81,872 പേരും ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണ്.

2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് യു ഡി എഫ് സര്‍ക്കാര്‍ വെറും 600 രൂപയായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനായി നല്‍കിയിരുന്നത്. അവരത് കൃത്യമായി പാവങ്ങള്‍ക്ക് നല്‍കിയതുമില്ല. 24 മാസം വരെ കൂടിശ്ശികയായപ്പോള്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നു. അക്കാലത്ത് പെന്‍ഷന്‍ വിതരണ സംവിധാനം പാടേ തകര്‍ന്നു. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശികയില്ലാതെ കൃത്യമായി നല്‍കുമെന്നതും ക്ഷേമപെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുമെന്നതും. 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ചേര്‍ന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. അതുവരെ ഉണ്ടായിരുന്ന കുടിശ്ശിക കൊടുത്തുതീര്‍ക്കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ പിന്നീട് ഘട്ടംഘട്ടമായി പെന്‍ഷന്‍ തുക 1500 രൂപയാക്കി ഉയര്‍ത്തി. ആ ഇടതുപക്ഷ സര്‍ക്കാരിനെ കേരള ജനത വിശ്വാസത്തിലെടുത്തു. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണതുടര്‍ച്ച ലഭിച്ചു. രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക 1600 ആക്കി ഉയര്‍ത്തി. ഈ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിലേക്ക് മുന്നേറുമ്പോള്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശികയൊന്നും കൂടാതെ എല്ലാ മാസവും വിതരണം ചെയ്യുകയാണ്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം സമയബന്ധിതമായി നല്‍കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത് ബജറ്റ് വകയിരുത്തലില്‍ നിന്നാണ്. 52ലക്ഷത്തിലേറെ പാവങ്ങള്‍ക്ക് 1600രൂപ വീതം മാസം തോറും പെന്‍ഷന്‍ നല്‍കുവാന്‍ 800 കോടിയിലേറെ രൂപ പ്രതിമാസം ആവശ്യമായി വരും. അത് കണ്ടെത്തുക എന്നതാണ് പെന്‍ഷന്‍ ഫണ്ട് കമ്പനിയുടെ ചുമതല.

പെന്‍ഷന്‍ വിതരണം
വെല്ലുവിളികളെ അതിജീവിച്ച്
പല വിധത്തിലാണ് സംസ്ഥാന സര്‍ക്കാരിന് റവന്യൂവരുമാനം ലഭിക്കുന്നത്. സംസ്ഥാനം പിരിക്കുന്ന നികുതി, നികുതിയേതര വരുമാനം, സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട നികുതി വിഹിതം, ഗ്രാന്‍റ് തുടങ്ങിയവയൊക്കെ റവന്യുവരുമാനത്തിന്‍റെ സ്രോതസ്സുകളാണ്. ഇതെല്ലാം ലഭിക്കുന്നത് 12മാസങ്ങളിലായാണ്. മിക്കപ്പോഴും കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് തോന്നുംപോലെ സംസ്ഥാനത്തിന്‍റെ നികുതി വിഹിത വിതരണം ഏകപക്ഷീയമാക്കി മാറ്റും. രാഷ്ട്രീയമായുള്ള കണ്ടുകൂടായ്മയാണ് ഇതിന്‍റെ പ്രധാന കാരണം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മാസാദ്യം നല്‍കിയിരുന്ന നികുതി വിഹിതം മാസത്തിന്‍റെ മധ്യത്തിലേക്കും അവസാനത്തേക്കും മാറ്റി. എല്ലാ മാസവും ലഭിച്ചു കൊണ്ടിരുന്ന നഷ്ടപരിഹാരം നാലുമാസത്തിലൊരിക്കലാക്കി. ജിഎസ്ടി സെറ്റില്‍മെന്‍റിന്‍റെ വ്യവസ്ഥ തന്നെ ഇല്ലാതായി. അപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ കൃത്യസമയത്ത് ലഭിക്കുമെന്ന് കരുതി ബജറ്റില്‍ വകയിരുത്തിയ റവന്യൂ വരുമാനം കേന്ദ്രസര്‍ക്കാരിന്‍റെ ശത്രുതാ മനോഭാവം കൊണ്ട് പ്രതീക്ഷിച്ച സമയത്ത് ലഭിക്കില്ല. സംസ്ഥാനം പ്രതീക്ഷിക്കുന്ന മാസഗഡുക്കള്‍ മുടങ്ങുമ്പോള്‍ മുന്നില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന്, കേന്ദ്രവിഹിതം കിട്ടുമ്പോള്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൊടുക്കുക. രണ്ട്, ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് പാവങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുക. രണ്ടാമത്തെ വഴിയാണ് ജനപക്ഷത്ത് നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കുടിശ്ശികയില്ലാതെ ക്ഷേമപെന്‍ഷന്‍ വിതരണം നടത്തുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം വരുംവരെ കാത്തിരുന്നാല്‍ അത് നടക്കില്ല. ആ പ്രതിസന്ധിയെ തരണം ചെയ്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാനുള്ള വഴിയെന്നുള്ള നിലയിലാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

കേന്ദ്രത്തിന്‍റെ
പ്രതികാര നടപടികള്‍
തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ ഈ പെന്‍ഷന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പെന്‍ഷന്‍ കമ്പനിയുടെ താല്‍ക്കാലിക കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്രനിലപാട് ഈ സംവിധാനത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണ്. കേന്ദ്രത്തിന്‍റെ ഈ കേരളവിരുദ്ധ നിലപാടിന് ബി ജെ പിയോടൊപ്പം കോണ്‍ഗ്രസും യു ഡി എഫും കൂട്ടുനില്‍ക്കുന്നു. മാധ്യമങ്ങള്‍ ഒത്താശചെയ്ത് കൂടെ നില്‍ക്കുന്നു.

പെന്‍ഷന്‍ കമ്പനിയെടുക്കുന്ന താല്‍ക്കാലിക വായ്പയെ സര്‍ക്കാരിന്‍റെ ബജറ്റിന് പുറത്തുള്ള വായ്പയായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുകയാണ്. കഴിഞ്ഞ വര്‍ഷം പലതവണയായി പെന്‍ഷന്‍ കമ്പനി വായ്പയെടുത്ത 7,000 കോടി രൂപയില്‍ 6,000 കോടിയും തിരിച്ചടച്ചതാണ്. 1000 കോടി മാത്രമാണ് വായ്പയായി ബാക്കിയുള്ളത്. എന്നാല്‍, 7,000 കോടിയും പൊതുവായ്പയില്‍ നിന്ന് കുറവുചെയ്യുമെന്നാണ് കേന്ദ്ര നിലപാട്. ഇതോടെ പെന്‍ഷന്‍ കമ്പനിക്ക് താല്‍ക്കാലിക വായ്പ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ട്രഷറിയില്‍ പണം ഉണ്ടെങ്കില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ക്ഷേമപെന്‍ഷന്‍ വിതരണം മുടക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം.

ഈ കേന്ദ്ര നിലപാട് ശരിയല്ല എന്ന് പറയാന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറല്ല. ബി ജെ പിയുടെ വാദമാണ് അവരും ഉരുവിടുന്നത്. പെന്‍ഷന്‍ കമ്പനി താല്‍ക്കാലികമായെടുത്ത കൈവായ്പ സംസ്ഥാനത്തിന്‍റെ കട ബാധ്യതയാണെന്ന് മാധ്യമങ്ങളും പറഞ്ഞുറപ്പിക്കുകയാണ്. അത് ഒരു പൊതുബോധമാക്കി മാറ്റുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത് കേന്ദ്രസര്‍ക്കാരിന്‍റെ ധനയാഥാസ്ഥിതികത്വമാണ്; അനീതിയാണ്; കേരളത്തോടുള്ള വിവേചനമാണ്. കേരളം മുന്നോട്ടുവെക്കുന്ന ഇടതുപക്ഷ ബദലുകളെയെല്ലാം റദ്ദ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇക്കൂട്ടരൊക്കെയുള്ളത്.

കേന്ദ്ര അവഗണനയ്ക്ക്
യുഡിഎഫിന്‍റെ കൂട്ട്
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും യുഡിഎഫും മാധ്യമങ്ങളും എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിച്ചാലും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശികയിടാതെ നല്‍കാനുള്ള ഇച്ഛാശക്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസം ചേര്‍ന്ന മന്ത്രിസഭായോഗം കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിച്ചത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണ്. 2023 ജനുവരി 12 വരെ പെന്‍ഷന്‍ കമ്പനി പുതുതായി എടുത്തതോ, പുതുക്കിയതോ ആയ വായ്പകള്‍ക്കാണ് 4200 കോടി രൂപയുടെ ഗ്യാരണ്ടി. 1800 കോടി രൂപയാവട്ടെ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരണ്ടിയാണ്. പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ കൂടുതല്‍ തുക വായ്പയായി ലഭ്യമാക്കാനും കൃത്യസമയത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി വര്‍ധിപ്പിച്ചുകൊണ്ട് ശ്രമിക്കുന്നത്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ യുഡിഎഫ് കാണിക്കുന്നത് വെറും പ്രഹസനമാണ്. യുഡിഎഫ് കേരളം ഭരിക്കുമ്പോള്‍ 24 മാസംവരെ പെന്‍ഷന്‍ കുടിശ്ശികയാക്കിയിരുന്നു. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശിക 1473.67 കോടി രൂപയായിരുന്നു. യു ഡി എഫ് കാലത്ത് 34,43,414 പേര്‍ക്ക് മാത്രമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നത്. യുഡിഎഫ് കാലത്തേക്കാള്‍ 17,76,265 അധികം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ എല്‍ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു എന്നതിലൂടെ പാവങ്ങളുടെ കൂടെ ആരാണുള്ളതെന്ന് മനസ്സിലാക്കാനാവും.

കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് കേരളത്തിനെതിരെ കുത്തിത്തിരിപ്പുകള്‍ നടത്തുന്നതിനിടയിലും ബി ജെ പി സംഘപരിവാരം പ്രചരിപ്പിക്കുന്നത്, കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടിയുള്ള തുകയാകെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്നാണ്. പച്ചക്കള്ളമാണിത്. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാപെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ ഇനങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ സഹായം കേരളത്തിന് ലഭിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ 52,19,679 പേര്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ വെറും 688329 പേര്‍ക്കുള്ള പെന്‍ഷന്‍ വിഹിതമാണ് കേരളത്തിന് നല്‍കുന്നത്. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ വഴി 80 വയസില്‍ കുറഞ്ഞ 3,62,145 പേര്‍ക്ക് 200 രൂപ വീതവും 80 വയസിന് മുകളിലുള്ള 87,013 പേര്‍ക്ക് 500 രൂപ വീതവുമാണ് നല്‍കുന്നത്. ഇന്ദിരാഗാന്ധി ദേശീയ വിധവാപെന്‍ഷന്‍ വഴി 2,09,236 പേര്‍ക്ക് 300 രൂപ വീതവും ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ വഴി 29,935 പേര്‍ക്ക് 300 രൂപ വീതവും കേരളത്തില്‍ പെന്‍ഷന്‍ വിഹിതം ലഭിക്കുന്നു. 52 ലക്ഷവും 6 ലക്ഷവും തമ്മിലുള്ള വ്യത്യാസവും 300 രൂപയും 1600 രൂപയും തമ്മിലുള്ള വ്യത്യാസവും ബി ജെപി – സംഘപരിവാരത്തിന് മനസ്സിലാക്കി കൊടുക്കുവാനുള്ള ബാധ്യത പ്രബുദ്ധ കേരളത്തിനുണ്ട്.

റിസര്‍വ്വ് ബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് രാജ്യത്ത് ഏറ്റവുമധികം വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് കേരളത്തിലാണെന്നാണ്. സംസ്ഥാനത്തെ 85 ലക്ഷം കുടുംബങ്ങളില്‍ 52 ലക്ഷം പേര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷനായി മാസം തോറും 1600 രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നു എന്നത് വലിയ കാര്യമാണ്.

പെട്രോളിനും ഡീസലിനും 20 രൂപ സെസ് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് അതില്‍ നിന്നുള്ള വിഹിതം നല്‍കാതെ 7500 കോടി രൂപ വര്‍ഷവും അടിച്ചുകൊണ്ടുപോവുകയാണ്. കേരളത്തിന് ലഭിക്കേണ്ട 2.59 ശതമാനം വിഹിതം 1.92 ആയി വെട്ടിക്കുറക്കാനും കേന്ദ്രം മടിച്ചില്ല. അതുവഴി കഴിഞ്ഞവര്‍ഷം കിട്ടിയതിനെ അപേക്ഷിച്ച് പതിനായിരക്കണക്കിന് കോടി രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്തിന്‍റെ കടമെടുപ്പിനുള്ള പരിധി ഗണ്യമായി വെട്ടിക്കുറയ്ക്കുക മാത്രമല്ല, പെന്‍ഷന്‍ കമ്പനിയുടേതുപോലെ കേരള വികസനത്തിനായി കിഫ്ബി എടുക്കുന്ന ആഭ്യന്തര വായ്പകളെയും കടപരിധിയിലേക്ക് കൊണ്ടുവന്നു. കേരളത്തിന് അര്‍ഹതപ്പെട്ട 40,000 കോടി രൂപയുടെ സാമ്പത്തികവിഹിതമാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും ഈ ദുര്‍ഗതിയില്ല.

പത്താം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം 3.9 ശതമാനമായിരുന്നു. അത് 1.9 ശതമാനമാക്കി വെട്ടിക്കുറച്ചു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന തൊഴിലുറപ്പുപദ്ധതിയുടെ വകയിരുത്തലും കേന്ദ്രസര്‍ക്കാര്‍ പകുതിയോളം കുറച്ചു. 2014 ല്‍ 71 രൂപയുണ്ടായിരുന്ന പെട്രോളിന്‍റെ വില 106 രൂപയും 55 രൂപ വിലയുണ്ടായിരുന്ന ഡീസലിന്‍റെ വില 97 രൂപയുമാക്കി വര്‍ധിപ്പിച്ചു. 2014ല്‍ പാചകവാതകത്തിന് 410 രൂപയായിരുന്നത് ഇപ്പോള്‍ 1,110 രൂപയാണ്. സബ്സിഡി നിര്‍ത്തിയിട്ട് നാലു വര്‍ഷമായി. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇനിയും ഒരുപാട് ഉദാഹരണങ്ങളുണ്ട്.

കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് കേരളത്തിലെ ജനങ്ങളെ വേട്ടയാടുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറാവുന്നില്ല. കേന്ദ്രത്തിനെതിരെ കേരളത്തില്‍ നിന്നുള്ള യു ഡി എഫിന്‍റെ 19 എം പിമാരും മിണ്ടില്ല. കേരളത്തില്‍ നിന്ന് പാര്‍ലമെന്‍റിലേക്കെത്തിയ രാഹുല്‍ഗാന്ധി പോലും കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മൗനം പാലിക്കുന്നു. ഇത്തരമൊരു കാലഘട്ടത്തില്‍ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ ബദല്‍ മുന്നോട്ടുവെച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കരുത്തുപകരുകയും ബിജെപി, കോണ്‍ഗ്രസ്, യു ഡിഎഫ്, മാധ്യമ സഖ്യത്തിന്‍റെ നുണപ്രചരണങ്ങളും പിന്തിരിപ്പന്‍ നിലപാടുകളും തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും ചെയ്യാന്‍ എല്ലാ ജനവിഭാഗങ്ങളും തയ്യാറാവേണ്ടതുണ്ട് ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 4 =

Most Popular