Friday, November 22, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർനിങ്ങളെന്തിനീ ചെറുപ്പക്കാരനെ കൊന്നു?

നിങ്ങളെന്തിനീ ചെറുപ്പക്കാരനെ കൊന്നു?

ജി വിജയകുമാര്‍

രെയും ഹഠാദാകര്‍ഷിക്കുന്ന വ്യക്തിത്വം, മികച്ച വാഗ്മി, അസാധാരണമായ സംഘാടന മികവ്. നാട്ടിലും വീട്ടിലുമെല്ലാം ഏവര്‍ക്കും പ്രിയപ്പെട്ടവന്‍. ആ മുപ്പതുകാരന് വ്യക്തിപരമായി ആരും ശത്രുക്കളായുണ്ടായിരുന്നില്ല. ആരെയും ശത്രുക്കളാക്കുന്ന പ്രകൃതമായിരുന്നില്ല ആ ചെറുപ്പക്കാരന്‍റേത്. അതേ ആ ചെറുപ്പക്കാരനാണ് ഭാസ്കര കുമ്പള. ഡിവൈഎഫ്ഐ കാസര്‍കോട്, ജില്ലാ സെകട്ടേറിയറ്റ് അംഗവും കുമ്പള ബ്ലോക്ക് സെക്രട്ട റിയും സിപിഐ എം കുമ്പള ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ഭാസ്കര കുമ്പള കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ആ ചെറുപ്പക്കാരനെ അറിയുന്നവര്‍ക്കെല്ലാം അവിശ്വസനീയമായിരുന്നു. ആര്‍എസ്എസ് എന്ന കൊലയാളി സംഘം, മനുഷ്യത്വം എന്തെന്നറിയാത്ത ചോരക്കൊതി ഒടുങ്ങാത്ത നരാധമന്മാര്‍ ആ വിലപ്പെട്ട ജീവന്‍ അവരുടെ കൊലക്കത്തിയില്‍ അവസാനിപ്പിച്ചു. 1997 ഏപ്രില്‍ 22ന് കുമ്പളക്കാര്‍ ഇന്നും വേദനയോടെ, ഞെട്ടലോടെ ഓര്‍ക്കുന്നു, ആ ദിനം.

മംഗലാപുരം എസ്ഡിഎം ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു, പഠനത്തിലും അറിവ് ആര്‍ജിക്കുന്നതിലും അതീവ തല്‍പരനായിരുന്ന ഭാസ്കര. രണ്ടാം വര്‍ഷ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മംഗലാപുരത്തേക്കുള്ള യാത്രാമധ്യേ ഹോക്കൂറിനും മംഗലാപുരം ഫിഷറീസ് കോളേജിനും ഇടയ്ക്കുവെച്ച്, അദ്ദേഹം യാത്ര ചെയ്തിരുന്ന ബസ്സിനുള്ളില്‍ വെച്ച്, ബസ് ഓടിക്കൊണ്ടിരിക്കവെയാണ് ആര്‍എസ്എസുകാരായ ക്രിമിനല്‍ സംഘം ആ യുവാവിന്‍റെ ജീവനെടുത്തത്. വെട്ടും കുത്തുമേറ്റുവീണ ഭാസ് കരയെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ആ ജീവന്‍ പൊലിഞ്ഞു കഴിഞ്ഞിരുന്നു.

കാസര്‍കോട് – മംഗലാപുരം റൂട്ടിലോടുന്ന ‘അനുരാധ’ ബസ്സിലാണ് കുമ്പള ജംഗ്ഷനില്‍നിന്ന് ഏപ്രില്‍ 22ന് രാവിലെ ആറുമണിക്ക് ഭാസ്കര കയറിയത്. ബസില്‍ ഡ്രൈവര്‍ ഇരിക്കുന്ന വശത്ത് മുന്നില്‍ നിന്നും അഞ്ചാമത്തെ സീറ്റില്‍ ഇരിയ്ക്കുകയായിരുന്നു ഭാസ്കര. കുമ്പള ജംഗ്ഷനില്‍നിന്ന് ആ ബസ്സില്‍ ഭാസ്കര കയറിയെന്ന് ഉറപ്പാക്കിയ കൊലയാളി സംഘം അടുത്ത സ്റ്റോപ്പില്‍ നിന്ന് ബസ്സിനുള്ളില്‍ ആയുധങ്ങളുമായി കടന്ന് തക്കം പാര്‍ത്ത് ഇടംപിടിച്ചു. ബസ് കേരളത്തിന്‍റെ അതിര്‍ത്തിവിട്ട്, നേത്രാവതി പാലം കടന്ന് ഹോക്കൂറിനടുത്തെത്തിയപ്പോഴായിരുന്നു കൊലയാളികളിലൊരാള്‍ ഭാസ്കരയെ പെട്ടെന്ന് പിന്നില്‍ നിന്നു വെട്ടിയത്.

അപ്രതീക്ഷിതമായി പിന്നില്‍നിന്നും വെട്ടേറ്റതിനെ തുടര്‍ന്ന് ഭാസ്കര എണീറ്റ് മുന്നോട്ട് ഓടി. അപ്പോഴേക്കും ബസ്സിനുള്ളില്‍ വിവിധ സീറ്റുകളില്‍ പതുങ്ങിയിരുന്ന സായുധരായ അക്രമികള്‍ ഓടുന്ന ബസ്സിനുള്ളില്‍ വെച്ച് ഭാസ്കരയെ തുരുതുരാ തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തി. കൈകൊണ്ട് വെട്ടു തടുത്തതിനെതുടര്‍ന്ന് ഇടതു കൈവിരലുകള്‍ അറ്റുപോയി. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആഴത്തിലുള്ള മുപ്പതോളം മുറിവുകള്‍. നെഞ്ചിലും കഴുത്തിലും ഏറ്റ ആഴമേറിയ മുറിവുകളാണ് മരണകാരണമായത്.

യാത്രക്കാരില്‍ ചിലര്‍ വാവിട്ട് നിലവിളിച്ചു; ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചവരെയും ബസ് ജീവനക്കാരെയും അക്രമികള്‍ ആയുധം കാണിച്ച് നിശ്ചലരാക്കി. തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയ കൊലയാളിസംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തി, ബസ് നിര്‍ത്തിച്ച് ഇറങ്ങി ഓടി രക്ഷപ്പെട്ടു.

ബസ്സിലുണ്ടായിരുന്ന യാത്രക്കാരില്‍ മിക്കവരുടെയും വസ്ത്രങ്ങള്‍ ചോരയില്‍ കുതിര്‍ന്നിരുന്നു. ബസ്സിനുള്ളില്‍ ചോര തളം കെട്ടിക്കിടന്നു. സീറ്റുകളിലാകെ ചോരക്കറ മായാത്ത അടയാളം തീര്‍ത്തു. അതിവേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനായില്ല.

കാസര്‍കോട് ജില്ലയിലെ കുമ്പളയിലെ പൂവപ്പ പൂജാരിയുടെയും കല്യാണിയുടെയും ആറുമക്കളില്‍ നാലാമനായിരുന്നു ഭാസ്കര. അദ്ദേഹം കൊല്ലപ്പെടുമ്പോള്‍ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടായിരുന്നു. 2008ലാണ് ഇരുവരും മരിച്ചത്. മാധവ, പത്മാവതി, ജയന്തി, രമണി, സത്യവതി എന്നീ സഹോദരങ്ങള്‍ ജീവിച്ചിരിപ്പുണ്ട്.

രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും സഹകരണ മാനേജ്മെന്‍റില്‍ ഡിപ്ലോമയും നേടിയിരുന്നു, ഭാസ്കര. സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസോടെയാണ് ബിരുദാനന്തരബിരുദം നേടിയത്. പഠിത്തത്തിനൊപ്പം ജില്ലാ സഹകരണ ആശുപത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. രാവിലെ ഏഴു മുതല്‍ 10 വരെ ആയിരുന്നു എല്‍എല്‍ബി ക്ലാസ്. ക്ലാസു കഴിഞ്ഞ് നേരെ ആശുപത്രിയില്‍ എത്തുകയായിരുന്നു പതിവ്. അന്നു രാവിലെ ആറുമണി നേരത്ത് പരീക്ഷ എഴുതാന്‍ കുമ്പളയില്‍നിന്നു തിരിക്കുമ്പോഴും പരീക്ഷ കഴിഞ്ഞ് ആശുപത്രിയില്‍ തന്‍റെ പതിവു ജോലികള്‍ നിര്‍വഹിക്കുന്നതിന് കൃത്യമായി എത്താമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തലേന്ന് പിരിയുമ്പോള്‍ സഹപ്രവര്‍ത്തകരോട് അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നതുമാണ്.

ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ശക്തികേന്ദ്രമായ കുമ്പളയിലായിരുന്നു ഭാസ്കര ജനിച്ചു വളര്‍ന്നതും പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതും. നാടാകെ തങ്ങള്‍ക്കൊപ്പമെന്ന അഹന്തയിലായിരിക്കുമ്പോഴും കൊള്ളാവുന്ന ഒരു കാഡ റും, കൈക്കരുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഗുണ്ടാസംഘമല്ലാതെ കുമ്പളയില്‍ ബിജെപിക്കുണ്ടായിരുന്നില്ല. (എല്ലായിടത്തെയും സ്ഥിതി ഏറെക്കുറെ അതുതന്നെയാണല്ലോ!). ആശയസമരത്തിലും സംവാദത്തിലും ഏര്‍പ്പെടാനും തങ്ങളുടെ ഭാഗം വസ്തുതകള്‍ നിരത്തി വാദിച്ചു സ്ഥാപിക്കാനും മറ്റുള്ളവരുടെ അംഗീകാരം നേടാനും ശേഷിയുള്ള ഒരാളും ബിജെപിക്ക് കുമ്പളയിലെന്നല്ല, കാസര്‍കോട്, മഞ്ചേശ്വരം ഭാഗ ത്തൊന്നും തന്നെ ഉണ്ടായിരുന്നില്ല.

അത്തരമൊരു പ്രദേശത്താണ് ഭാസ്കര തന്‍റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. തുളു, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അനായാസം ആകര്‍ഷകമായി പ്രസംഗിക്കാനുള്ള അദ്ദേഹത്തിന്‍റെ ശേഷി അനിതരസാധാരണമായിരുന്നു. പ്രത്യേകിച്ചും, തുളു ഭാഷയിലെ ഭാസ്കരയുടെ പ്രസംഗം പ്രസിദ്ധമാണ്. വാക്കുകളുടെ ഒഴുക്കും കരുത്തും അതിലെ ആശയവ്യക്തതയും ശ്രോതാക്കളെ ഹഠാദാകര്‍ഷിച്ചിരുന്നു. ഇത്രയും മികച്ച പ്രസംഗപാടവം അത്യപൂര്‍വമാണ്. 1990ക ളില്‍ കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളിലെ ഏറ്റവും തിരക്കുള്ള പ്രാസംഗികനായിരുന്നു ഭാസ്കര.

പ്രസംഗപാടവം മാത്രമല്ല, ഭാസ്കരയെ ശ്രദ്ധേയനാക്കിയത്. ഹിന്ദു മുസ്ലീം വര്‍ഗീയ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളില്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ സജീ വമായി ഇടപെടുകയും ആശയസംവാദം നടത്തുകയും ചെയ്ത ഭാസ്കര അതിവേഗം ജനങ്ങളുടെയാകെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു. മികച്ച സംഘാടകനും പ്രചാരകനുമായിരുന്നു ഭാസ്കര. അദ്ദേഹത്തിന്‍റെ സംഘാടനശേഷിയും ആ ശയപ്രചാരണവും ജനകീയ പ്രശ്നങ്ങളിലെ ഇടപെടലും ആ പ്രദേശത്ത് താരതമ്യേന ദുര്‍ബലമായിരുന്ന സിപിഐ എമ്മിനെ അതിവേഗം അ വഗണിക്കാനാവാത്ത ശക്തിയാക്കി മാറ്റുന്നതു കണ്ട സംഘപരിവാര്‍ ശക്തികള്‍ ഭാസ്കരയെ ഉന്മൂലനം ചെയ്യാന്‍ തീരുമാനിക്കുകയാണുണ്ടായത്. ബിജെപി ശക്തികേന്ദ്രമായി അറിയപ്പെടുന്ന കുമ്പളയില്‍ വെച്ച് നടത്തിയ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം വന്‍വിജയമാക്കി മാറ്റിയതില്‍ ഭാസ്കരയുടെ സംഘാടനമികവ് വലിയ പങ്കു വഹിച്ചു. ഇതോടെ എത്രയും വേഗം ആ ചെറുപ്പക്കാരനെ വകവരുത്താന്‍ തന്നെ ആ ഇരുട്ടിന്‍റെ സന്തതികള്‍ തീരുമാനിച്ചുറപ്പിച്ചു.

ഉന്നതതലത്തിലുള്ള ആസൂത്രണമാണ് ആ കൊലപാതകത്തിനു പിന്നിലുണ്ടായിരുന്നത്. രാവിലെ ആ റുമണിക്കുശേഷം കാസര്‍കോടുനിന്ന് മംഗലാപുരത്തേക്ക് പതിവായി പോയിരുന്നത് ‘ഗോപാലകൃഷ്ണ’എന്ന പേരിലുള്ള ബസ്സായിരുന്നു. ബിജെപിക്കാരനായ സര്‍വോത്തമ പൈ എന്നയാളുടേതാണ് ആ ബസ്സ്. ഈ ഗ്രൂപ്പിന്‍റേതായി എണ്‍പതോളം ബസ്സ് ആ പേരില്‍ ആ കാലത്ത് സര്‍വീസ് നടത്തിയിരുന്നു.

സംഭവദിവസം ഭാസ്കര പതിവായി യാത്ര ചെയ്തിരുന്ന ‘ഗോപാലകൃഷ്ണ’ ബസ് വന്നില്ല. പകരം അതിന്‍റെ തന്നെ സമയത്ത് ‘അനുരാധ’ എന്ന ബസ്സായിരുന്നു വന്നത്. ഇത് കൊലയാളികള്‍ക്കുള്ള സൂചനയായാണ് കരുതപ്പെടുന്നത്. കേരള അതിര്‍ത്തി കടന്നശേഷം കൊലപാതകം നടത്തിയതും കേരളത്തിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ – (എല്‍ഡിഎഫ് ഭരണം നിലവിലുണ്ടായിരുന്നു അന്ന്) കേരള പൊലീസിന്‍റെ അന്വേഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. കര്‍ണാടകത്തിലായാല്‍, ഭരണത്തില്‍ കോണ്‍ഗ്രസായാലും ജനതാദള്‍ ആയാലും പൊലീസിലും ജുഡീഷ്യറിയിലും ശക്തമായ സംഘപരിവാര്‍ സ്വാധീനം നിലവിലുണ്ടായിരുന്നു (ഇന്നും സ്ഥിതി അതുതന്നെ); അതുകൊണ്ട് പ്രതികളെ രക്ഷിക്കാന്‍ ഇടപെടാനുള്ള സാധ്യതയും സൗകര്യവും കൂടുതലാണ് കര്‍ണാടകത്തില്‍ അവര്‍ക്ക്.

ഒന്നാം പ്രതി സുരേഷ് ഭട്ട് ഉള്‍പ്പെടെ കേസിലെ പ്രതികളെല്ലാം കുമ്പള സ്വദേശികള്‍ തന്നെയായിരുന്നു. എന്നാല്‍ സംഭവം നടന്നത് കര്‍ണാടകത്തില്‍ വച്ചായിരുന്നതിനാല്‍ കേസന്വേഷണം കര്‍ണാടക പൊലീസായിരുന്നു നടത്തിയത്. അന്വേഷണത്തില്‍ ഇടപെടാനും സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂറുമാറ്റിക്കാനും സംഘപരിവാറുകാര്‍ക്ക് കഴിഞ്ഞത് കേസിലെ പ്രതികള്‍ക്ക് ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ അവസരമായി.

ഇന്നും കുമ്പളയിലെ സാധാരണക്കാരായ മനുഷ്യരുടെ ചുണ്ടില്‍നിന്നുയരുന്ന ഒരു ചോദ്യമുണ്ട് – എന്തിനു നിങ്ങളീ ചെറുപ്പക്കാരനെ കൊന്നു? അയാള്‍ ഒരാളെയും കൊന്നിട്ടില്ല, അയാള്‍ ഒരു അടിപിടിക്കേസിലും ഉള്‍പ്പെട്ടിട്ടില്ല. ഒരു മനുഷ്യനും എതിരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആ ചെറുപ്പക്കാരനെ എന്തിനാണ് നിങ്ങള്‍ കൊന്നത്?

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − seven =

Most Popular