Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിഎന്നെന്നും വഴികാട്ടിയായി ആദ്യ മന്ത്രിസഭയും ആദ്യ മുഖ്യമന്ത്രിയും

എന്നെന്നും വഴികാട്ടിയായി ആദ്യ മന്ത്രിസഭയും ആദ്യ മുഖ്യമന്ത്രിയും

പിണറായി വിജയന്‍

ലോക ചരിത്രത്തിനാകെയും, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിനു പ്രത്യേകിച്ചും ഒരു നവ്യാനുഭവമായിരുന്നു കേരളത്തിലെ ആദ്യ മന്ത്രിസഭ. ബൂര്‍ഷ്വാ പാര്‍ലമെന്‍ററി വ്യവസ്ഥയില്‍ ആദ്യമായി അധികാരം ലഭിച്ച കമ്യൂണിസ്റ്റ് മന്ത്രിസഭ എന്നതായിരുന്നു അതിന്‍റെ പ്രത്യേകത. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സങ്കല്‍പപ്രകാരമല്ലാതെ രൂപപ്പെടുത്തപ്പെട്ട ഭരണഘടനയാല്‍ നിയന്ത്രിതമായ രാജ്യത്ത് ചെറിയൊരു കോണില്‍ മാത്രം കമ്യൂണിസ്റ്റുകാരുടെ ഭരണം. ലോക കമ്യൂണിസ്റ്റ് ചരിത്രത്തില്‍ നോക്കിയാലും അങ്ങനെയൊരനുഭവം മുമ്പുണ്ടായിരുന്നില്ല.

ഭാഷ മുതല്‍ വേഷം വരെയും തൊഴില്‍ മുതല്‍ ആഹാരം വരെയും ആരാധന മുതല്‍ അധ്വാന രീതി വരെയുമുള്ള കാര്യങ്ങളില്‍ വൈവിധ്യങ്ങളേറെയുള്ള ഒരു രാജ്യത്തിലെ ഒരു പ്രദേശത്തിന്‍റെ മാത്രം ഭരണം കയ്യാളുന്ന അവസ്ഥ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നുവന്നു. അതിനു കേരളം കണ്ടെത്തിയ ഉത്തരമായിരുന്നു ഇ എം എസ് മന്ത്രിസഭ. തൊഴിലാളിവര്‍ഗത്തിന്‍റെ വിപ്ലവ വിജയത്തിലൂടെ അധികാരത്തിലെത്തിയ ചരിത്രമേ അതുവരെയുള്ള കമ്യൂണിസ്റ്റ് ചരിത്രത്തിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ പുതിയ ചരിത്രമെഴുതുകയായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ മുതലാളിത്ത ബ്രിട്ടനില്‍ വിപ്ലവം ഉണ്ടാകുമെന്ന പ്രതീക്ഷ തെറ്റിച്ച് സാധാരണക്കാരുടെയും കര്‍ഷകരുടെയും മുന്നേറ്റത്തിലൂടെ റഷ്യന്‍ വിപ്ലവം ഉണ്ടായതുപോലെ. അസാധാരണമായ ആ സാഹചര്യത്തെ പ്രായോഗികത കൊണ്ട് അഭിമുഖീകരിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അതുകൊണ്ടുതന്നെ അത് ലോകത്തെവിടെയുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പാഠപുസ്തകമായി മാറി.

പൂര്‍വ മാതൃകകളില്ലാത്ത ഒരനുഭവമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ അന്ന് അഭിമുഖീകരിച്ചത്. തങ്ങളുടെ സങ്കല്‍പത്തിലുള്ളതല്ലാത്ത ഒരു ഭരണഘടനയ്ക്കു കീഴില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന നിലപാടോ എല്ലാ പ്രശ്നങ്ങള്‍ക്കും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പരിഹാരം കാണാം എന്ന നിലപാടോ അല്ല 1957 ലെ മന്ത്രിസഭ കൈക്കൊണ്ടത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ജനങ്ങളെ തുണയ്ക്കുക, അവശേഷിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് പോരാടുക എന്നതായിരുന്നു നിലപാട്. ആ അര്‍ത്ഥത്തില്‍ 1957 സൃഷ്ടിച്ചത് ശരിയായ ഒരു മാതൃക തന്നെയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുമ്പോള്‍ മാര്‍ക്സിസം ലെനിനിസത്തിന്‍റെ അടിസ്ഥാനത്തില്‍ അതിനെ വിലയിരുത്തി പ്രവര്‍ത്തിക്കണം എന്ന തത്വത്തിന്‍റെ ഉജ്വലമായ പ്രയോഗമായിരുന്നു അത്.

ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളം നാടുവാഴിത്തത്തിന്‍റെയും കൊളോണിയലിസത്തിന്‍റെയും സാമൂഹ്യദുരന്തങ്ങള്‍ പേറുന്ന ഒരിടമായിരുന്നു. കോണ്‍ഗ്രസ് പ്രഖ്യാപിച്ചതും എന്നാല്‍ ഒരിടത്തും ഒരിക്കലും നടപ്പാക്കാതിരുന്നതുമായ കാര്യങ്ങള്‍ നടപ്പാക്കുക എന്നതായിരുന്നു അന്ന് പ്രധാനം. ഭരണഘടനയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതു ചെയ്യുക എന്ന വഴിക്കാണ് അന്ന് നീങ്ങിയത്. ഭരണഘടനയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പലതും ചെയ്യാനാവുമെന്ന് ആ സര്‍ക്കാര്‍ തെളിയിക്കുകതന്നെ ചെയ്തു. ആ നടപടികളാവട്ടെ, ജനജീവിതത്തില്‍ മുതല്‍ നാടിന്‍റെ വികസനത്തില്‍ വരെ നല്ല നിലയില്‍ പ്രതിഫലിച്ചു.

ഇ എം എസ് സര്‍ക്കാരിന്‍റെ ഒന്നാമത്തെ ഓര്‍ഡിനന്‍സ് കുടിയൊഴിപ്പിക്കല്‍ തടയുന്നതായിരുന്നു. കേരളത്തിലെ ജന്മിത്വ വ്യവസ്ഥയ്ക്കേല്‍പ്പിച്ച കനത്ത പ്രഹരമായിരുന്നു അത്. തലമുറകളായി പണിയെടുത്തുകഴിയുന്ന മണ്ണില്‍നിന്ന് കുടിയാന്മാരെ രായ്ക്കുരാമാനം ഇറക്കിവിടാന്‍ ദൈവദത്തം എന്ന് ജന്മിമാര്‍ കരുതിയിരുന്ന അധികാരമാണ് ആ ഒറ്റ ഓര്‍ഡിനന്‍സോടെ ഇല്ലാതായത്. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം ഇന്ത്യയില്‍ മറ്റെവിടെയുമുള്ള ഭരണാധികാരികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ഓര്‍ഡിനന്‍സ് പിന്നീട് നിയമമാകുകതന്നെ ചെയ്തു. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും അധ്വാനിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന പ്രഖ്യാപനമായിരുന്നു അത്.

വിദ്യാഭ്യാസ നിയമമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. മുതലാളിമാര്‍ സ്കൂളുകള്‍ തോന്നിയതുപോലെ നടത്തിയിരുന്ന ഒരു കാലമായിരുന്നു അത്. ഇഷ്ടമുള്ളപ്പോള്‍ അധ്യാപകരെ പിരിച്ചുവിടുകയും ഒപ്പിട്ടു കൊടുക്കുന്ന തുക ശമ്പളമായി നല്‍കാതിരിക്കുകയും ഒക്കെയാണ് ചെയ്തിരുന്നത്. ഇതിനെല്ലാം അറുതി വരുത്തിക്കൊണ്ട് അധ്യാപകര്‍ക്ക് സേവന-വേതന വ്യവസ്ഥകള്‍ കൊണ്ടുവരികയും സ്കൂളുകള്‍ക്ക് പ്രവര്‍ത്തന രീതി ഉണ്ടാക്കുകയും ചെയ്തു വിദ്യാഭ്യാസ ബില്‍. അതിലൂടെ അധ്യാപകരെ ആത്മാഭിമാനമുള്ള സമൂഹമാക്കി മാറ്റുവാന്‍ സാധിച്ചു.

ചരിത്രംകുറിച്ച മറ്റൊരു തീരുമാനം തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്നതായിരുന്നു. തൊഴില്‍ ഉടമകളുടെ സ്വകാര്യ ഗുണ്ടാസേനയെപ്പോലെ പ്രവര്‍ത്തിച്ച് തൊഴിലാളികളെയും അവരുടെ സമരങ്ങളെയും അടിച്ചമര്‍ത്തിയിരുന്ന പൊലീസിന്‍റെ കിരാതവാഴ്ചയ്ക്ക് അറുതിവരുത്തുകയായിരുന്നു സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ ചെയ്തത്. സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താനുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സംവിധാനം മുതല്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ചുവടുവെയ്പുകള്‍ വരെ 57 ലെ മന്ത്രിസഭയുടെ സംഭാവനകളാണ്.

ജാതി ജന്മി നാടുവാഴിത്ത ചട്ടക്കൂടില്‍ കഴിഞ്ഞിരുന്ന കേരളത്തെ ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കൊത്ത് പുതുക്കിപ്പണിയാനുള്ള ആദ്യശ്രമങ്ങളായിരുന്നു ആ സര്‍ക്കാരിന്‍റെ എല്ലാ നടപടികളും. സാമൂഹ്യക്ഷേമ നിലവാരം ഉയര്‍ത്തുകയും താല്‍ക്കാലികാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം ദീര്‍ഘകാല വികസന പദ്ധതികള്‍കൂടി നടപ്പാക്കുക എന്ന കാഴ്ചപ്പാടായിരുന്നു ആ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. പില്‍ക്കാലത്ത് ലോക ശ്രദ്ധയാര്‍ജിച്ച മഹത്തായ കേരളാ മോഡല്‍ വികസനം തുടങ്ങിവെച്ചത് സാമൂഹികക്ഷേമ രംഗത്തെ ഭരണ ഇടപെടലുകള്‍ ഉറപ്പാക്കിയ 57 ലെ സര്‍ക്കാരാണ്.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം മാത്രമല്ല ലോകജനതയാകെത്തന്നെ ആ മന്ത്രിസഭയെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആ മന്ത്രിസഭ എന്താണ് ചെയ്യുന്നതെന്ന് കമ്യൂണിസത്തിന്‍റെ മിത്രങ്ങളും ശത്രുക്കളും ഉറ്റുനോക്കിയിരുന്നു. ഭൂബന്ധങ്ങള്‍ അഴിച്ചുപണിയുന്നതില്‍ പ്രകോപിതരായ ഭൂപ്രമാണിമാരും സാമുദായിക വര്‍ഗീയശക്തികളും രാഷ്ട്രീയ അധികാരം കിട്ടാത്തതില്‍ അസഹിഷ്ണുതയുള്ള കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ടിയെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച സാമ്രാജ്യത്വവും എല്ലാമൊരുമിക്കുന്നതും അങ്ങനെ വിമോചന സമരം എന്ന പേരിലുള്ള അക്രമ സമരം രൂപപ്പെടുന്നതുമാണ് പിന്നീട് കേരളം കണ്ടത്.


ഭരണം തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന 65 എംഎല്‍എമാരുടെയും പിന്തുണ അവസാനം വരെ തുടര്‍ന്നുവെങ്കിലും ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ആ മന്ത്രിസഭയെ പിരിച്ചുവിടുകയാണ് ചെയ്തത്. ഏറ്റവും വലിയ ജനാധിപത്യവാദിയെന്ന് പലരാലും പാടിപ്പുകഴ്ത്തപ്പെട്ട ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വ്യക്തിത്വത്തില്‍ വലിയൊരു കളങ്കമായി ആ നടപടി അവശേഷിച്ചു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധതയായി ചരിത്രം അതിനെ രേഖപ്പെടുത്തി.

കേരളം കണ്ട ഏറ്റവും പുരോഗമനാത്മകവും ഇച്ഛാശക്തിയുള്ളതുമായ ആദ്യ ഗവണ്‍മെന്‍റിനെ ജനാധിപത്യവിരുദ്ധ രീതികളിലൂടെ അട്ടിമറിച്ചതിന്‍റെ ചരിത്രം എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ടതാണ്. രാജ്യത്തിനകത്തുള്ള മത, ജാതി സാമുദായിക-വര്‍ഗീയ ശക്തികളും രാഷ്ട്രത്തിനു പുറത്തുള്ള സാമ്രാജ്യത്വ ശക്തികളും ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്മാരെന്ന് സ്വയം നടിക്കുന്ന ബൂര്‍ഷ്വാ ഭരണവര്‍ഗവും എന്തുകൊണ്ടാണ് ഒരുപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്‍റെ പരിപാടിയെയും ഭയപ്പെടുന്നത് എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണത്. 1959 ല്‍ ആദ്യ കേരള മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്‍റെ ജനാധിപത്യ പൊയ്മുഖമാണ് അഴിഞ്ഞുവീണത്.

1957 ലെ സര്‍ക്കാരിനുണ്ടായ ദുരനുഭവം ജനങ്ങള്‍ക്കാകെയുള്ള ഒരു സാമൂഹ്യപാഠമാണ്. സമൂഹത്തിലെ എല്ലാ പ്രതിലോമ ശക്തികളെയും കൂട്ടുപിടിച്ച് കുപ്രസിദ്ധമായ വിമോചന സമരം നടത്തിയതിലൂടെ കോണ്‍ഗ്രസ്സ് കേരള രാഷ്ട്രീയത്തില്‍ സാമുദായിക-വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടത്തിനുള്ള അവസരമാണ് ഉണ്ടാക്കിയത്. അന്ന് കോണ്‍ഗ്രസ് തുറന്നുവിട്ട സാമുദായിക വര്‍ഗീയ വിഷം കേരള രാഷ്ട്രീയത്തില്‍ ഇന്നും ദുരന്ത സാധ്യതകളുണര്‍ത്തി പടര്‍ന്നുനില്‍ക്കുന്നു.

കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ ആദ്യനാള്‍ മുതല്‍ ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അനുക്രമമായി ശക്തിപ്രാപിച്ച് സ്വാഭാവികമായി രൂപം കൊണ്ട ഒന്നായിരുന്നില്ല കേരളത്തിലെ വിമോചനസമരം. ഈ എതിര്‍പ്പുകളുടെയെല്ലാം മൂര്‍ച്ച നഷ്ടപ്പെട്ട്, സമരങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത്. വിമോചനസമര നിര്‍മിതിയില്‍ വര്‍ഗീയശക്തികള്‍ക്കൊപ്പം മാധ്യമശക്തികളും അവയുടെ പ്രചാരണങ്ങളും പ്രധാന പങ്കുവഹിച്ചു. അക്രമങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടവയായിരുന്നു. ഒരു കൂസലുമില്ലാതെ ജാതിവെറി പടര്‍ത്തിയ ഒരുപറ്റം കമ്യൂണിസ്റ്റുവിരുദ്ധ ചിന്തകരുടെയും സാഹിത്യകാരന്മാരുടെയും സാന്നിധ്യം കമ്യൂണിസ്റ്റ് വിരുദ്ധ നുണപ്രചരണത്തിന് ആധികാരികത്വം നല്‍കിയ ഘടകമായിരുന്നു.

അന്നുണ്ടെന്ന് സമരക്കാര്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനപ്പുറം ആ മന്ത്രിസഭയെത്തന്നെ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇതിനായി കോണ്‍ഗ്രസും സാമുദായികശക്തികളും കൈകോര്‍ത്തു. കമ്യൂണിസ്റ്റ് ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കേരളത്തെ തങ്ങള്‍ക്ക് എന്നേക്കുമായി നഷ്ടപ്പെടുമോ എന്ന രാഷ്ട്രീയ വേവലാതിയായിരുന്നു ഇതിനുപിന്നില്‍.

കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ വിജയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റത്തിലേക്ക് നയിച്ചേക്കുമോ എന്ന ഭയമായിരുന്നു അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക്. ഇതേത്തുടര്‍ന്നുള്ള ഘട്ടത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മൂന്നാം ലോക രാജ്യങ്ങളിലെ മിക്കവാറും എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളെയും രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകളിലൂടെ അമേരിക്ക അട്ടിമറിക്കുകയുണ്ടായി. കേരളം മാത്രം ഈയൊരു പ്രവണതയ്ക്ക് അപവാദമാകുന്നതെങ്ങനെ? ആഗോള ശീതയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ വിമോചന സമരത്തെ മനസ്സിലാക്കാന്‍.

വിമോചനസമരത്തിനു പിന്നില്‍ വിദേശ കമ്യൂണിസ്റ്റുവിരുദ്ധ ശക്തികളുടെ ആസൂത്രിതമായ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് അസന്ദിഗ്ധമായി തെളിഞ്ഞതാണ്. കേരളത്തിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി അമേരിക്കന്‍ സുരക്ഷാ കൗണ്‍സിലിന്‍റെ ഏറ്റവും ഉന്നത തലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടിരുന്നതും കേരളത്തിലെ പ്രക്ഷോഭത്തിന് സി ഐ എ പണം നല്‍കി സഹായിച്ചതും പില്‍ക്കാലത്ത് ഔദ്യോഗിക രേഖകളിലൂടെതന്നെ പുറത്തുവന്നിട്ടുള്ളതാണ്.

ആദ്യ കേരള സര്‍ക്കാരിന്‍റെ മാതൃക പിന്തുടര്‍ന്നും പിന്നീടധികാരത്തില്‍ വന്നിട്ടുള്ള പുരോഗമന സര്‍ക്കാരുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടും ഒരു നവകേരളം നിര്‍മ്മിക്കാനാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും അതിന്‍റെ തുടര്‍ച്ചയായ ഈ സര്‍ക്കാരും ശ്രമിക്കുന്നത്. ഇടതുപക്ഷ ഇടപെടലിന്‍റെ ഭാഗമായി സമ്പൂര്‍ണ സാക്ഷരതയും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ശിശുമരണവും കുറഞ്ഞ മാതൃമരണവും മെച്ചപ്പെട്ട സ്ത്രീ-പുരുഷ അനുപാതവും ഒക്കെ കൈവരിച്ച നാടാണ് നമ്മുടേത്. സാര്‍വത്രിക വിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനവും പൊതുവിതരണ സംവിധാനവും കെട്ടിപ്പടുത്ത സമൂഹമാണ് നമ്മുടേത്. ഇതെല്ലാം നാം നേടിയത് വികസിത ലോകത്തെപ്പോലെ ഉയര്‍ന്ന വിഭവശേഷിയൊന്നും ഉണ്ടായിട്ടല്ല എന്ന് ഓര്‍ക്കണം. ലഭ്യമായ വിഭവങ്ങളെ സാമൂഹികനീതിയുടെ കാഴ്ചപ്പാടുകളിലൂന്നിക്കൊണ്ട് ഉപയോഗിച്ചും അടിസ്ഥാനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തിയും ഒക്കെയാണ് ഇതു സാധിച്ചെടുത്തത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 5 =

Most Popular