ക്യൂബ ഒരു കൊച്ചു രാജ്യമാണ്. കേരളത്തിന്റെ മൂന്നിൽ ഒരു ഭാഗം മാത്രം (1.1 കോടി) ജനസംഖ്യ യുള്ള രാജ്യം. സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ പോരാടി 1902-ൽ സ്വാതന്ത്ര്യം നേടിയെങ്കിലും അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണമാണ് അവിടെ നിലവിൽ വന്നത്. ക്രൂരനായ അമേരിക്കൻ പാവ ഭരണാധികാരി ബാറ്റിസ്റ്റയ്ക്കെതിരെ സായുധ പോരാട്ടം നടത്തി വിജയിച്ച ക്യൂബൻ ജനതയെ അമേരിക്ക ഇപ്പോഴും ഭയപ്പെടുന്നു. അമേരിക്കയുടെ ഭയത്തിനുള്ള പല കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യൂബയുടെ ആരോഗ്യ മാതൃക. ആരോഗ്യ രംഗത്ത് സാധ്യമായ ഏക മാതൃകയായി അമേരിക്ക മുന്നോട്ടുവെക്കുന്ന മുതലാളിത്ത ചികിത്സാ വ്യവസ്ഥയ്ക്ക് ബദലായി ഒരു സോഷ്യലിസ്റ്റ് ആരോഗ്യ മാതൃക ക്യൂബ വികസിപ്പിച്ചിരിക്കുന്നു. ജനകീയമായ ഒരു ആരോഗ്യ ബദൽ സൈദ്ധാന്തികമായി മുന്നോട്ടുവെക്കുക മാത്രമല്ല അത് ഫലപ്രദമായി പ്രയോഗിച്ച് സാധ്യമാണ് എന്ന് തെളിയിക്കുകയും ചെയ്തു എന്നതാണ് അമേരിക്കയെ ഭയപ്പെടുത്തുന്നത്. ആരോഗ്യ രംഗത്തെ ഈ രണ്ട് മൗലിക കാഴ്ചപ്പാടുകൾ എങ്ങനെയാണ് പ്രയോഗത്തിൽ വ്യത്യസ്തമായി അനുഭവപ്പെടുന്നതെന്ന് മനസ്സിലാക്കാൻ താഴെപറയുന്ന ഒരുദാഹരണം പരിശോധിച്ചാൽ മതി.
2020 മാർച്ച് മാസം. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരിയായ കോവിഡ് -19 അതിന്റെ ഭീകരമായ ആദ്യഘട്ടത്തിലൂടെ കടന്നുപോകുന്ന കാലം. രാജ്യങ്ങൾ അതിർത്തികൾ അടച്ചു. വിമാനങ്ങൾ നിലച്ചു. തുറമുഖങ്ങൾ ഭീതിയുടെ മതിലുകൾ കെട്ടി. മനുഷ്യർ മനുഷ്യരെത്തന്നെ സംശയത്തോടെ കാണുന്ന അസാധാരണ സമയം. അത്തരം സമയത്തായിരുന്നു ബ്രിട്ടീഷ് ക്രൂയിസ് കപ്പലായ എം.എസ്.ബ്രായിമർ കരീബിയൻ കടലിൽ അനാഥമായി ഒഴുകിക്കൊണ്ടിരുന്നത്. കപ്പലിൽ ഏകദേശം 680 യാത്രക്കാരും 380 ജീവനക്കാരും ഉണ്ടായിരുന്നു. അവരിൽ അഞ്ചുപേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. പനി, ശ്വാസതടസം, ക്ഷീണം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളോടെ പലരും ഒറ്റപ്പെട്ട മുറികളിൽ കഴിയുകയായിരുന്നു. ഭയം കപ്പലിന്റെ ഓരോ ഇടനാഴിയിലും പടർന്നിരുന്നു. പുറത്തുള്ള ലോകം അവരെ രോഗബാധിതരായി കണ്ടു; എന്നാൽ അകത്ത് അവർ സഹായത്തിനായി കാത്തിരുന്ന മനുഷ്യരായിരുന്നു.
കപ്പലിന്റെ ക്യാപ്റ്റൻ പല രാജ്യങ്ങളോടും സഹായം അഭ്യർത്ഥിച്ചു. കരീബിയൻ പ്രദേശങ്ങളിലെ നിരവധി തുറമുഖങ്ങൾ—ബഹാമാസ്, ബാർബഡോസ്, അമേരിക്കൻ തുറമുഖങ്ങൾ—കപ്പലിന് പ്രവേശനം നിഷേധിച്ചു. “വൈറസ് പടരും” എന്ന ഭയം കാരുണ്യത്തെ മറികടന്നു. ഒരു രാജ്യത്തിനു പിന്നാലെ മറ്റൊന്ന് വാതിൽ അടച്ചു. സമുദ്രത്തിന്റെ നടുവിൽ, മരണത്തെ മുഖാമുഖം കണ്ട്, രോഗത്തോടും അനിശ്ചിതത്വത്തോടും ഒറ്റപ്പെട്ടതിന്റെ വേദനയോടും പോരാടുന്ന നൂറുകണക്കിന് മനുഷ്യർ.
അപ്പോൾ ലോകം ഒരു ചെറിയ രാഷ്ട്രത്തിന്റെ വലിയ ഹൃദയം കണ്ടു — കമ്യൂണിസ്റ്റ് ക്യൂബ.
ബ്രിട്ടീഷ് സർക്കാരിന്റെ അഭ്യർത്ഥന ലഭിച്ചതിനെത്തുടർന്ന് ക്യൂബൻ അധികാരികൾ അതിവേഗം യോഗം ചേർന്നു. പല രാജ്യങ്ങളും “ഇല്ല” എന്നു പറഞ്ഞ സാഹചര്യത്തിൽ ക്യൂബ പറഞ്ഞു — “മനുഷ്യജീവനാണ് മുൻഗണന.” ക്യൂബൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു: “ഇത് അടിയന്തരാവസ്ഥയാണ്; രോഗികളുടെ ജീവൻ അപകടത്തിലാണ്. ആരോഗ്യസംരക്ഷണം ഒരു മനുഷ്യാവകാശമാണ്.” ആ വാക്കുകൾ ഒരു രാഷ്ട്രീയപ്രഖ്യാപനവും മനുഷ്യരാശിയോടുള്ള പ്രതിബദ്ധതയുമായിരുന്നു.
കപ്പൽ ഒടുവിൽ ക്യൂബയിലെ മാരിയേൽ തുറമുഖത്ത് എത്തി. പകർച്ച വ്യാധി പ്രധിരോധ വസ്ത്രങ്ങൾ ധരിച്ച (PPE) ക്യൂബൻ ആരോഗ്യപ്രവർത്തകർ രോഗികളെ സ്വീകരിക്കാൻ തയ്യാറായി നിന്നു. രോഗ ഭീതിയേക്കാൾ വലിയതായിരുന്നു അവരുടെ മാനവികത. രോഗബാധിതരായ യാത്രക്കാരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്കു മാറ്റി. ബാക്കിയുള്ള യാത്രക്കാരെ സുരക്ഷിതമായി വിമാനമാർഗം ബ്രിട്ടനിലേക്ക് അയയ്ക്കാനുള്ള വലിയ ദൗത്യം ക്യൂബ ഏകോപിപ്പിച്ചു.
ആ ദിവസങ്ങളിൽ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ പോലും തങ്ങളുടെ അതിർത്തികൾ അടച്ചപ്പോൾ, സാമ്പത്തിക ഉപരോധങ്ങളും പ്രയാസങ്ങളും നേരിട്ടുകൊണ്ടിരുന്ന ചെറിയ രാജ്യമായ-ക്യൂബ മനുഷ്യകാരുണ്യത്തിന്റെ വാതിൽ തുറന്നു. അതായിരുന്നു യഥാർത്ഥ ധൈര്യം. ഭയം ഇല്ലാത്തത് ധൈര്യമല്ല; ഭയം ഉണ്ടായിട്ടും മനുഷ്യനെ കൈവിടാതിരിക്കുന്നതാണ് ധൈര്യം.
അന്ന് കോവിഡ് വാക്‌സിനുകൾ ലഭ്യമായിരുന്നില്ല. ക്യൂബയിലെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും, അപകടം അറിയാമായിരുന്നിട്ടും സേവനത്തിന് മുന്നോട്ടു വന്നു. ആ മഹാമാരിക്കാലത്ത് പലരും മതിലുകൾ പണിതപ്പോൾ, ക്യൂബ പാലങ്ങൾ പണിതു. പലരും പേടിയിൽ പിന്നോട്ടോടുമ്പോൾ, ക്യൂബ കരുണയോടെ മുന്നോട്ടുവന്നു. ലോകം മുഴുവൻ ഭീതിയിലായിരുന്ന സമയത്ത് “നിങ്ങൾ ഒറ്റയ്ക്കല്ല” എന്നു പറഞ്ഞ ജനതയെ നാം സല്യൂട്ട് ചെയ്യുന്നു.
ലോകം മുതലാളിത്ത കാഴ്ചപ്പാടിൽ ആരോഗ്യത്തെ ഒരു വ്യാപാരവസ്തുവായി കാണുമ്പോൾ, ക്യൂബ ആരോഗ്യത്തെ മനുഷ്യാവകാശമായി കണ്ടു. പല രാജ്യങ്ങളിലും “പണം ഉണ്ടെങ്കിൽ ചികിത്സ” എന്ന നിലപാട് വളർന്നപ്പോൾ, ക്യൂബ പറഞ്ഞു — “ജീവൻ രക്ഷിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.” അതാണ് ക്യൂബയുടെ ആരോഗ്യവിപ്ലവത്തിന്റെ ആത്മാവ്. അതാണ് രണ്ടു കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം.
ക്യൂബ ലോകത്തിൽ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മാതൃകകളിലൊന്നാണ് വികസിപ്പിച്ചെടുത്തത്. സാമ്പത്തിക ഉപരോധങ്ങളും പരിമിതമായ വിഭവങ്ങളും മാത്രമാണെങ്കിലും “ആരോഗ്യം ഒരു മനുഷ്യാവകാശമാണ്” എന്ന ആശയത്തെ അടിസ്ഥാനമാക്കി ക്യൂബ ആരോഗ്യസംവിധാനം രൂപപ്പെടുത്തിയിരിക്കുന്നു. ക്യൂബയിലെ ആരോഗ്യചികിത്സാ വ്യവസ്ഥ പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ്. ആരോഗ്യ മന്ത്രാലയമാണ് രാജ്യത്തെ മുഴുവൻ ആരോഗ്യനയങ്ങളും ആശുപത്രികളും മെഡിക്കൽ വിദ്യാഭ്യാസവും നിയന്ത്രിക്കുന്നത്. ഓരോ പ്രദേശത്തും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പോളിക്ലിനിക്കുകൾ, ജില്ലാശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിങ്ങനെ ഘട്ടംഘട്ടമായ സംവിധാനമുണ്ട്. ചികിത്സ ഒരു വ്യാപാരമല്ല, സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യ സവിശേഷത. അതിനാൽ ക്യൂബയിൽ എല്ലാ പൗരർക്കും സൗജന്യ ആരോഗ്യസേവനം ലഭ്യമാണ്. പ്രതിരോധാരോഗ്യ പ്രവർത്തനങ്ങൾ, പ്രാഥമികാരോഗ്യസംരക്ഷണം, കുടുംബഡോക്ടർ സംവിധാനം, സമൂഹപങ്കാളിത്തം എന്നിവയാണ് ക്യൂബൻ ആരോഗ്യമാതൃകയുടെ അടിസ്ഥാനം. ക്യൂബയിൽ മൊത്തം ജി ഡി പിയുടെ 10–-12 ശതമാനം ആരോഗ്യത്തിനു വേണ്ടി മാറ്റിവെക്കുന്നു. ഇന്ത്യയിൽ ആരോഗ്യത്തിനു വേണ്ടി മാറ്റിവെക്കുന്നത് ജി.ഡി.പിയുടെ കേവലം 1.9–2.1 ശതമാനം മാത്രമാണെന്ന് ഓർക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാവുക. പരിമിതമായ സാമ്പത്തിക ശേഷിയിൽ പൊതുജനാരോഗ്യത്തിൽ മികച്ച ഫലങ്ങൾ കൈവരിച്ച മാതൃകയായി ക്യൂബയെ ലോകം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ആരോഗ്യനയത്തിന്റെ രൂപീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് ഫിദൽ കാസ്‌ട്രോ. അദ്ദേഹം ഡോക്ടറല്ലെങ്കിലും ആരോഗ്യസംരക്ഷണത്തെ വിപ്ലവത്തിന്റെ കേന്ദ്രഘടകമായി കണ്ടു. 1959-ലെ ക്യൂബൻ വിപ്ലവം വിജയിച്ചതിനു ശേഷം ആരോഗ്യസംരക്ഷണം എല്ലാവരുടെയും അവകാശമാണെന്ന ആശയം സർക്കാർ നയമാക്കി. ഗ്രാമപ്രദേശങ്ങളിലേക്കും ദരിദ്ര സമൂഹങ്ങളിലേക്കും ഡോക്ടർമാരെ എത്തിക്കുക, സ്വകാര്യ ചികിത്സാ മേഖലയെ സർക്കാർ നിയന്ത്രണത്തിലാക്കുക, സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകുക തുടങ്ങിയ മാറ്റങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു.
ക്യൂബൻ ആരോഗ്യനയത്തിന്റെ ബൗദ്ധികവും മാനവികവുമായ പ്രതീകമായി മാറിയ വ്യക്തിയാണ് ചെ- ഗുവേര. അദ്ദേഹം ഒരു ഡോക്ടറായിരുന്നു. ലാറ്റിനമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ദാരിദ്ര്യവും രോഗവും കണ്ടറിഞ്ഞ അനുഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തയെ സ്വാധീനിച്ചു. ആരോഗ്യസംരക്ഷണം വെറും ചികിത്സയല്ല; സാമൂഹ്യപരിഷ്കരണത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം കരുതിയത്. ഡോക്ടർ ഒരു “സാമൂഹിക ഉത്തരവാദിത്വമുള്ള വിപ്ലവകാരി” ആയിരിക്കണം എന്ന അദ്ദേഹത്തിന്റെ ആശയം പിന്നീട് ക്യൂബൻ മെഡിക്കൽ വിദ്യാഭ്യാസത്തെയും അന്തർദേശീയ മെഡിക്കൽ ബ്രിഗേഡുകളെയും ശക്തമായി സ്വാധീനിച്ചു. ആരോഗ്യമന്ത്രിയായി പ്രവർത്തിച്ച ജോസ് രമൺ മച്ചാഡോ വേണ്ടുറോ ക്യൂബൻ പൊതുആരോഗ്യ സംവിധാനത്തിന്റെ സ്ഥാപനഘട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. ഗ്രാമപ്രദേശങ്ങളിലേക്ക് ആരോഗ്യസേവനം വ്യാപിപ്പിക്കുന്നതിലും പ്രാഥമികാരോഗ്യസംരക്ഷണ മാതൃക വികസിപ്പിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് “Family Doctor and Nurse Program” എന്ന കുടുംബാരോഗ്യ കേന്ദ്രീകൃത മാതൃക രൂപപ്പെടുന്നതിനും ക്യൂബൻ ആരോഗ്യസംവിധാനം സമൂഹമേധാവിത്വത്തിലേക്ക് മാറുന്നതിനും ഈ ചിന്തകൾ അടിസ്ഥാനമായി.
| ആരോഗ്യ സൂചിക | നിലവിലെ സ്ഥിതി |
| ശിശുമരണ നിരക്ക് (Infant Mortality Rate–IMR) |
4–5 / 1000 live births |
| മാതൃ ശിശു മരണ നിരക്ക് (Maternal Mortality Ratio MMR) |
35–40 / 100,000 live births |
| പ്രതീക്ഷിത ആയുർദൈർഘ്യം (Life Expectancy) |
78–80 വർഷം |
| പ്രതിരോധ കുത്തിവെപ്പ് (Immunisation Coverage) |
95–99% |
| ജനന നിരക്ക് (Crude Birth Rate) | 9/1000 |
| മരണ നിരക്ക് (Crude Death Rate) | 11 / 1000 |
| സ്ത്രീ\പുരുഷ അനുപാതം (Sex Ratio) | സ്ത്രീകൾ കൂടുതലാണ് |
| വൃദ്ധർ, (Elderly Population) (>60 years) | 24% |
| പരമ്പരാഗത മെഡിക്കൽ വിദ്യാഭ്യാസം | ELAM മാതൃക |
| ആശുപത്രി കേന്ദ്രീകൃതം | സമൂഹ കേന്ദ്രീകൃതം |
| ചെലവേറിയത് | സൗജന്യം |
| സ്പെഷ്യലിസ്റ്റ് കേന്ദ്രീകൃതം | Primary Care കേന്ദ്രീകൃതം |
| നഗര കേന്ദ്രീകൃതം | ഗ്രാമീണ സേവന ലക്ഷ്യം |
| വ്യക്തിഗത കരിയർ | സാമൂഹിക ഉത്തരവാദിത്വം |
വിപ്ലവത്തിനു മുൻപ് വലിയ സാമൂഹിക അസമത്വം നിലനിന്നിരുന്നു. നഗരങ്ങളിൽ ചില ആധുനിക ആശുപത്രികൾ ഉണ്ടായിരുന്നുവെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസേവനം വളരെ ദുർബലമായിരുന്നു. അക്കാലത്തുണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാരുടെ കുറവ്, ഉയർന്ന ശിശുമരണനിരക്ക്, പോഷകാഹാരക്കുറവ്, മലേറിയ, ക്ഷയം, വയറിളക്കം മുതലായവ പോലുള്ള രോഗങ്ങൾ, സ്വകാര്യ ചികിത്സയെ ആശ്രയിക്കേണ്ടിവരിക, ദരിദ്രർക്കു ചികിത്സാ അവസരങ്ങളുടെ കുറവ്, നിരക്ഷരത, ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവയായിരുന്നു.
1959-ലെ വിപ്ലവത്തിനു ശേഷം ആരോഗ്യവും വിദ്യാഭ്യാസവും അടിസ്ഥാന അവകാശങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. വിപ്ലവത്തിനു ശേഷം സർക്കാർ എടുത്ത പ്രധാന നടപടികൾ-സൗജന്യ പൊതുജനാരോഗ്യസംവിധാനം, ഗ്രാമപ്രദേശങ്ങളിലേക്ക് ഡോക്ടർമാരെ നിയോഗിക്കൽ, ദേശീയ പ്രതിരോധ കുത്തിവയ്പ് പദ്ധതി, മാതൃ-–ശിശു ആരോഗ്യപരിരക്ഷ, പോഷകപദ്ധതികൾ, കുടുംബഡോക്ടർ സംവിധാനം, മെഡിക്കൽ വിദ്യാഭ്യാസ വികസനം എന്നിവയായിരുന്നു. ഈ പദ്ധതികളെല്ലാം വളരെ ചിട്ടയോടെ, രാഷ്ട്രീയ ഇഛാശക്തിയോടെ നടപ്പിലാക്കിയപ്പോൾ ആരോഗ്യസൂചികകളിൽ വൻ പുരോഗതിയുണ്ടായി.
ക്യൂബൻ ആരോഗ്യ സംവിധാനത്തിന്റെ ഹൃദയം ‘കുടുംബ ഡോക്ടർ+നഴ്‌സ് പദ്ധതി’ (Family Doctor and Nurse Program) ആണ്. ഓരോ ചെറിയ സമൂഹത്തിനും(Fiat or Residential group) ഒരു കുടുംബഡോക്ടറും ഒരു നഴ്സും നിയോഗിക്കപ്പെട്ടിരിക്കും. നമ്മുടെ ആശാ വർക്കർമാരെപ്പോലെ അവർ ആ സമൂഹത്തിൽ തന്നെ താമസിച്ച് കുടുംബങ്ങളുടെ ആരോഗ്യനില നിരീക്ഷിക്കുന്നു. രോഗം വന്നശേഷം ചികിത്സ നൽകുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധ നൽകുകയെന്നതാണ് പ്രധാന ലക്ഷ്യം. ഗർഭിണികൾ, കുട്ടികൾ, വയോധികർ, പ്രമേഹരോഗികൾ, രക്തസമ്മർദ്ദരോഗികൾ തുടങ്ങിയവരെ സ്ഥിരമായി സന്ദർശിച്ച് തുടർചികിത്സ ഉറപ്പാക്കുന്നു. അതുകൊണ്ടു തന്നെ പ്രതിരോധ കുത്തിവയ്പ്, മാതൃ-–ശിശു ആരോഗ്യപരിരക്ഷ, ജീവിതശൈലീരോഗ നിയന്ത്രണം എന്നിവയിൽ ക്യൂബ വളരെ മുന്നിലാണ്.
പല രാജ്യങ്ങളിലും വലിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾക്ക് കൂടുതൽ പ്രാധാന്യമുള്ളപ്പോൾ, ക്യൂബയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആരോഗ്യവ്യവസ്ഥയുടെ അടിസ്ഥാന ഘടകം. ഒരു ഡോക്ടർ ശരാശരി 100–150 കുടുംബങ്ങളെ നേരിട്ട് പരിചരിക്കുന്നു. ഡോക്ടർ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ രോഗങ്ങളുടെ സാമൂഹിക കാരണങ്ങളും മനസ്സിലാക്കാൻ കഴിയുന്നു. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, തൊഴിൽ സാഹചര്യം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവയും ആരോഗ്യത്തിന്റെ ഭാഗമായാണ് ക്യൂബ കാണുന്നത്.
ക്യൂബയിലെ മെഡിക്കൽ വിദ്യാഭ്യാസം ഏറെ വ്യത്യസ്തമായ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ പഠനം പൊതുവെ സൗജന്യമാണ്. വിദ്യാർത്ഥികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കുന്നു. പഠനത്തിന്റെ തുടക്കത്തിൽ തന്നെ സമൂഹസേവനം എന്ന ആശയം വിദ്യാർത്ഥികളിൽ വളർത്തുന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഹൈ-ടെക് ആശുപത്രികൾക്കകത്ത് ലഭിക്കുന്നതിൽ കൂടുതലായി സമൂഹത്തിൽ പരിശീലനം ലഭിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തനം, കുടുംബാരോഗ്യ സർവേ, വീട്ടുതല സന്ദർശനം, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവ മെഡിക്കൽ പഠനത്തിന്റെ ഭാഗമാണ്. അതിനാൽ ക്യൂബൻ ഡോക്ടർമാർ രോഗിയുടെ സാമൂഹിക സാഹചര്യവും ജീവിതപശ്ചാത്തലവും ഉൾക്കൊണ്ട് ചികിത്സ നൽകാൻ പരിശീലിപ്പിക്കപ്പെടുന്നു. ക്യൂബ ലോകത്തിലെ ഏറ്റവും ഉയർന്ന ഡോക്ടർ-ജനസംഖ്യാനുപാതമുള്ള (ആയിരം പേർക്ക് 9.4 ഡോക്ടർ) രാജ്യങ്ങളിൽ ഒന്നാണ്.
ക്യൂബയിലെ പ്രശസ്തമായ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് “എലാം”. ELAM – (Escuela Latinoamericana de Medicina) എന്നത് ക്യൂബൻ സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു അന്തർദേശീയ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയാണ്. ലോകത്തിലെ ഏറ്റവും വലിയ മെഡിക്കൽ വിദ്യാഭ്യാസ-ഐക്യദാർഢ്യ പദ്ധതികളിൽ ഒന്നായി ഇത് പരിഗണിക്കപ്പെടുന്നു. ELAM പദ്ധതി 1999 നവംബർ 15-ന് ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്‌ട്രോ (Fidel Castro) ഉദ്ഘാടനം ചെയ്തു. ഇതിന്റെ ആശയം രൂപപ്പെട്ടത് 1998-ൽ മധ്യ അമേരിക്കയിലും കരീബിയൻ മേഖലയിലും ഉണ്ടായ ഭീകരമായ മിച്ച് ചുഴലിക്കാറ്റ്, ജോർജ് ചുഴലിക്കാറ്റ് (Hurricane Mitch, Hurricane Georges) എന്നീ ദുരന്തങ്ങൾക്കുശേഷമാണ്. ആ ദുരന്തങ്ങളിൽ ആയിരക്കണക്കിനാളുകൾ മരിച്ചു; ആരോഗ്യസംവിധാനങ്ങൾ തകർന്നു. ക്യൂബൻ ഡോക്ടർമാർ രക്ഷാപ്രവർത്തനങ്ങൾക്ക് പോയപ്പോൾ അവിടെയുള്ള രാജ്യങ്ങളിൽ ഡോക്ടർമാരുടെ വലിയ കുറവുണ്ടെന്ന് മനസ്സിലായി. അതിനാലാണ് “അവർക്കുവേണ്ടി ഡോക്ടർമാരെ തന്നെ പരിശീലിപ്പിക്കാം” എന്ന ആശയത്തോടെ ELAM ആരംഭിച്ചത്.
ദരിദ്ര രാജ്യങ്ങളിലെയും ആരോഗ്യസേവനം കുറവുള്ള പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ക്യൂബയിൽ സൗജന്യമായി മെഡിക്കൽ വിദ്യാഭ്യാസം നൽകി അവരുടെ സ്വന്തം സമൂഹങ്ങളിലേക്ക് തിരികെ അയച്ച് സേവനം ചെയ്യിക്കുകയാണ് ELAM-ന്റെ പ്രധാന ലക്ഷ്യം. പഠനം കഴിഞ്ഞ ശേഷം സ്വന്തം രാജ്യങ്ങളിലെ പിന്നാക്ക സമൂഹങ്ങളിൽ സേവനം ചെയ്യണമെന്ന നിബന്ധനയും ഉണ്ടാകും. 120 രാജ്യങ്ങളിൽ നിന്നായി 30,000-ൽ കൂടുതൽ ഡോക്ടർമാരെ ഈ പദ്ധതി പ്രകാരം പരിശീലിപ്പിച്ച് അവരവരുടെ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ELAM-ന്റെ ഏറ്റവും വലിയ സംഭാവന “ഡോക്ടർമാരുടെ സാമൂഹിക വിതരണം” മാറ്റിയതാണ്. സാധാരണയായി മെഡിക്കൽ വിദ്യാഭ്യാസം സമ്പന്നർക്കു മാത്രമായി മാറുന്ന സാഹചര്യത്തിൽ, ELAM ദരിദ്ര കുടുംബങ്ങളിലെ യുവാക്കളെ ഡോക്ടർമാരാക്കി മാറ്റുന്നു. ദരിദ്ര സമൂഹങ്ങളിൽ നിന്നുള്ള യുവാക്കളെ ഡോക്ടർമാരാക്കി അവരുടെ സമൂഹങ്ങളിലേക്ക് തിരിച്ചയയ്ക്കുന്ന ഈ മാതൃക ആരോഗ്യ രംഗത്തെ സവിശേഷമായ ഒരു രാഷ്ട്രീയ ഇടപെടൽ കൂടിയാണ്.
ക്യൂബയുടെ “Medical Internationalism” അഥവാ “ആഗോള വൈദ്യ ഐക്യദാർഢ്യം” എന്നത് ആരോഗ്യസേവനത്തെ ഒരു മനുഷ്യാവകാശവും അന്തർദേശീയ സാമൂഹിക ഉത്തരവാദിത്വവുമായി കാണുന്ന ക്യൂബൻ രാഷ്ട്രീയ–ആരോഗ്യ നയത്തിന്റെ ഭാഗമാണ്. സ്വന്തം രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറം ദരിദ്രരാജ്യങ്ങൾക്കും ദുരന്തബാധിത മേഖലകൾക്കും ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരെയും നഴ്സുമാരെയും വാക്സിനുകളെയും മെഡിക്കൽ വിദ്യാഭ്യാസത്തെയും നൽകുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ലോകത്ത് ഏറ്റവും വ്യാപകമായി വിദേശത്തേക്ക് ഡോക്ടർമാരെ അയച്ച രാജ്യങ്ങളിൽ ഒന്നാണ് ക്യൂബ. സൈനിക ശക്തിയേക്കാൾ “ആരോഗ്യ ഐക്യദാർഢ്യം” ഉപയോഗിച്ചാണ് ക്യൂബ അതിന്റെ അന്തർദേശീയ സാന്നിധ്യം നിർമിച്ചത് എന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ, യുദ്ധങ്ങൾ, സ്വാതന്ത്ര്യസമരങ്ങൾ, ആഭ്യന്തരയുദ്ധങ്ങൾ എന്നിവ സംഭവിക്കുന്നിടങ്ങളിലേക്ക് ക്യൂബ ഡോക്ടർമാരെ അയയ്ക്കാറുണ്ട്. 1960-ൽ ചിലിയിലുണ്ടായ വലിയ ഭൂകമ്പത്തിനു ശേഷമാണ് ക്യൂബ ആദ്യമായി മെഡിക്കൽ സഹായസംഘത്തെ വിദേശത്തേക്കയച്ചത്. തുടർന്ന് അൾജീരിയ സ്വാതന്ത്ര്യം നേടിയശേഷം 1963-ൽ ക്യൂബൻ ഡോക്ടർമാരുടെ ആദ്യ വലിയ മെഡിക്കൽ ബ്രിഗേഡ് അവിടെ എത്തി. ഇതിനെ തന്നെയാണ് ആധുനിക ക്യൂബൻ മെഡിക്കൽ ഇന്റർനാഷണലിസത്തിന്റെ (Cuban Medical Inter nationalism) തുടക്കമായി കണക്കാക്കപ്പെട്ടു. പിന്നീട് ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ അനേകം രാജ്യങ്ങളിൽ ക്യൂബൻ ഡോക്ടർമാർ പ്രവർത്തിച്ചു. ഭൂകമ്പം, ചുഴലിക്കാറ്റ്, പ്രളയം, മഹാമാരി തുടങ്ങിയ സാഹചര്യങ്ങളിൽ അവർ സജീവമായി ഇടപെട്ടിട്ടുണ്ട്. അതിമാരകമായ എബോള മഹാമാരി പടർന്നു പിടിച്ചപ്പോൾ പശ്ചിമാഫ്രിക്കയിലേക്ക് ഏറ്റവും കൂടുതൽ മെഡിക്കൽ സംഘങ്ങളെ അയച്ചത് ക്യൂബയായിരുന്നു. കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിച്ചപ്പോൾ 3700 ക്യൂബൻ ഡോക്ടർമാരും നഴ്‌സുമാരും (ക്യൂബൻ മെഡിക്കൽ ബ്രിഗേഡുകൾ) ജമൈക്ക, ഇറ്റലി, അംഗോള, അസർബൈജാൻ, കുവൈറ്റ്, ഖത്തർ, വെനസ്വേല, ദക്ഷിണാഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ തുടങ്ങി 39 രാജ്യങ്ങളിൽ സേവനം നൽകാൻ തയ്യാറായി.
ക്യൂബയുടെ മെഡിക്കൽ ഇന്റർനാഷണലിസം വെറും ദുരന്തസഹായം മാത്രമല്ല; ദീർഘകാല ആരോഗ്യസംവിധാന നിർമാണവും അതിന്റെ ഭാഗമാണ്. പ്രാഥമിക ആരോഗ്യ ചികിത്സകൾ, പകർച്ച വ്യാധി നിയന്ത്രണം, വാക്സിനേഷൻ, ആരോഗ്യ വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കൽ, സാമൂഹ്യ ശാക്തീകരണം, മെഡിക്കൽ സാങ്കേതിക പരിശീലനങ്ങൾ തുടങ്ങിയ ദീർഘകാല പുനർനിർമാണ പദ്ധതികൾക്കും സഹായം നൽകാറുണ്ട്. നിരവധി രാജ്യങ്ങളിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാരെ നിയോഗിക്കുന്നതിലും പൊതുജനാരോഗ്യ പരിശീലനം നൽകുന്നതിലും ക്യൂബ പങ്കെടുത്തു. ഇതോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസം അന്തർദേശീയമാക്കുകയും ചെയ്തു.
ഹെൻറി റീവ് ഇന്റർനാഷണൽ മെഡിക്കൽ ബ്രിഗേഡ് (Henry Reeve Brigade) എന്ന പ്രത്യേക ദുരന്തസഹായ മെഡിക്കൽസംഘം ലോകപ്രശസ്തമാണ്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത യുവ അമേരിക്കക്കാരനായ ഹെൻറി റീവി-ന്റെ പേരിലാണ് ഈ ബ്രിഗേഡ് അറിയപ്പെടുന്നത്. 2005-ലാണ് ഈ ബ്രിഗേഡ് രൂപീകരിക്കപ്പെട്ടത്. അതേ വർഷം അമേരിക്കയിൽ കത്രിന ചുഴലിക്കാറ്റ് (Hurricane Katrina) വലിയ നാശം വിതച്ചപ്പോൾ ആയിരക്കണക്കിന് ഡോക്ടർമാരെ അമേരിക്കയിലേക്ക് അയയ്ക്കാൻ ക്യൂബ തയ്യാറായി. എന്നാൽ അമേരിക്കൻ സർക്കാർ ആ സഹായം സ്വീകരിച്ചില്ല. അതിനു ശേഷമാണ് ദുരന്തങ്ങളും മഹാമാരികളും നേരിടാൻ സ്ഥിരമായ ഒരു അന്തർദേശീയ മെഡിക്കൽ സേന രൂപീകരിക്കണമെന്ന് ഫിദൽ കാസ്‌ട്രോ പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ബ്രിഗേഡ് രൂപംകൊണ്ടത്. തുടക്കത്തിൽ ആയിരക്കണക്കിന് ക്യൂബൻ ഡോക്ടർമാർ സ്വമേധയാ ഇതിൽ ചേർന്നു. പിന്നീട് ഇത് ക്യൂബയുടെ ആഗോള വൈദ്യ ഐക്യദാർഢ്യ-ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നായി മാറി.
പ്രവർത്തനം തുടങ്ങിയതു മുതൽ ഹെൻറി റീവ് ഇന്റർനാഷണൽ മെഡിക്കൽ ബ്രിഗേഡിന്റെ ഭാഗമായി 45 വിദേശ രാജ്യങ്ങളിലായി 13,500 സന്നദ്ധ ആരോഗ്യ പ്രവർത്തകർ പ്രകൃതി ദുരന്തങ്ങളിലും മെഡിക്കൽ അടിയന്തര ഘട്ടങ്ങളിലും സേവനം നൽകി. 93,000 ജീവനുകൾ രക്ഷിച്ചു. ലോകാരോഗ്യ സംഘടന 2017-ൽ ഡോ.ലീ ജോംഗ്-വൂക് മെമ്മോറിയൽ (Dr LEE Jong-wook Memorial Prize) സമ്മാനം നൽകി ആദരിച്ചു. ലോകാരോഗ്യ സംഘടനയുടെയും നിരവധി മനുഷ്യാവകാശ–ആരോഗ്യ സംഘടനകളുടെയും പ്രശംസയും ഈ ബ്രിഗേഡിന് ലഭിച്ചു. കോവിഡ് കാലത്ത് നൊബേൽ സമ്മാനത്തിന് പോലും ഹെൻറി റീവ് ബ്രിഗേഡിനെ നാമനിർദ്ദേശം ചെയ്യണമെന്ന് നിരവധി രാജ്യങ്ങളിലെയും സംഘടനകളിലെയും ആളുകൾ ആവശ്യപ്പെട്ടു.
ഹെൻറി റീവ് ഇന്റർനാഷണൽ ഒരു നല്ല മാതൃകയായി കണക്കാക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ആരോഗ്യത്തെ മനുഷ്യാവകാശമായി കാണുന്ന സമീപനമാണ് ഇതിന്റെ അടിസ്ഥാനതത്ത്വം. രണ്ടാമതായി, പ്രാഥമികാരോഗ്യത്തിനും പ്രതിരോധ ചികിത്സയ്ക്കും നൽകുന്ന പ്രാധാന്യം. മൂന്നാമതായി, ദുരന്തസമയങ്ങളിൽ അതിവേഗ പ്രതികരണം നൽകാനുള്ള കഴിവ്. നാലാമതായി, ദരിദ്രരാജ്യങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങളിലേക്കെത്താനുള്ള പ്രതിബദ്ധത. അഞ്ചാമതായി, ആരോഗ്യരംഗത്തെ അന്തർദേശീയ ഐക്യദാർഢ്യത്തിന്റെ പ്രായോഗിക മാതൃക എന്ന നില. ലോകത്തിലെ പല രാജ്യങ്ങളിലും ഡോക്ടർമാർ നഗരങ്ങളിലും സ്വകാര്യ മേഖലകളിലും കേന്ദ്രീകരിക്കുമ്പോൾ, ക്യൂബൻ ബ്രിഗേഡുകൾ ഏറ്റവും അവഗണിക്കപ്പെട്ട മേഖലകളിലേക്കാണ് പോകുന്നത് എന്നതാണ് ഇവയുടെ വലിയ പ്രത്യേകത.
ലോകാരോഗ്യരംഗത്ത് ഹെൻറിറീവ് മെഡിക്കൽ ബ്രിഗേഡ് ഒരു വ്യത്യസ്ത സന്ദേശമാണ് നൽകുന്നത്: സാമ്പത്തികമായി വലിയ ശക്തിയല്ലാത്ത ഒരു രാജ്യത്തിനും പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരെയും പൊതുജനാരോഗ്യ ദർശനത്തെയും അടിസ്ഥാനമാക്കി ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ക്യൂബ തെളിയിച്ചു. ആരോഗ്യസംവിധാനം വെറും ആശുപത്രികളും മരുന്നുകളും മാത്രമല്ല; സാമൂഹിക ഉത്തരവാദിത്വം, അന്തർദേശീയ ഐക്യദാർഢ്യം, പൊതുജനാരോഗ്യ ദർശനം എന്നിവയും അതിന്റെ ഭാഗമാണെന്ന ആശയം ഈ ബ്രിഗേഡ് ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടി.
ക്യൂബയിലെ ബയോടെക്നോളജി, മരുന്ന് ഗവേഷണം, വാക്സിൻ വികസനം, മെഡിക്കൽ ഉപകരണ നിർമാണം, മരുന്നു കയറ്റുമതി എന്നിവയെ ഏകോപിപ്പിക്കുന്ന ദേശീയ സംവിധാനമാണ് ബയോ ക്യൂബ ഫാർമ. ഇത് ക്യൂബയുടെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു വലിയ ബയോടെക്നോളജി–ഫാർമസ്യൂട്ടിക്കൽ കൂട്ടായ്മയാണ്. ലോകത്ത് സർക്കാർ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പൊതുമേഖലാ ബയോടെക് മാതൃകകളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു. ബയോക്യൂബ ഫാർമ (BioCubaFarma) 2012-ലാണ് ക്യൂബൻ സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ രൂപീകരിക്കപ്പെട്ടത്. എന്നാൽ ഇതിന്റെ വേരുകൾ 1980-കളിലെ ക്യൂബൻ ബയോടെക്നോളജി വിപ്ലവത്തിലാണ്. ഫിദൽ കാസ്ട്രോ-യുടെ നേതൃത്വത്തിൽ “ഭാവിയിലെ സമ്പദ്‌വ്യവസ്ഥ ശാസ്ത്രത്തിലും ബയോടെക്നോളജിയിലും അധിഷ്ഠിതമാകണം” എന്ന ആശയം മുന്നോട്ടുവച്ചതോടെയാണ് ക്യൂബ വലിയ രീതിയിൽ ജീവശാസ്ത്ര–വൈദ്യശാസ്ത്ര ഗവേഷണങ്ങളിൽ നിക്ഷേപം ആരംഭിച്ചത്. അമേരിക്കൻ ഉപരോധം മൂലം വിദേശമരുന്നുകളെയും സാങ്കേതികവിദ്യകളെയും ആശ്രയിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ സ്വന്തം വാക്സിനുകളും മരുന്നുകളും വികസിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാകുകയും ചെയ്തു.
ക്യൂബയുടെ പൊതുജനാരോഗ്യ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷണ മുൻഗണനകൾ തീരുമാനിക്കുന്നത്. അതിനാൽ “ലാഭം കിട്ടുന്ന രോഗങ്ങൾ” മാത്രമല്ല, സമൂഹത്തിലെ ദരിദ്രരെ ബാധിക്കുന്ന മുതലാളിത്തം അവഗണിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും മുൻഗണന നൽകപ്പെടുന്നു. ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്, പ്രമേഹം, കാൻസർ, കോവിഡ് 19 എന്നിവ പോലുള്ള സാമൂഹിക ആവശ്യങ്ങൾക്കും പരിഗണന ലഭിക്കുന്നുണ്ട്. ബയോ ക്യൂബഫാർമ വികസിപ്പിച്ച മരുന്നുകളും വാക്സിനുകളും 40–50-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇത് ക്യൂബയുടെ വിദേശനാണ്യ വരുമാനത്തിന്റെ പ്രധാന ഉറവിടമാണ്. ക്യൂബ വികസിപ്പിച്ച മരുന്നുകളും വാക്സിനുകളും ലോകത്തിലെ പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നു. ഈ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യം വീണ്ടും ഗവേഷണത്തിനും ഉത്പാദനത്തിനും ഉപയോഗിക്കുന്നു. ആയിരക്കണക്കിന് മരുന്ന് നിർമാണ പേറ്റന്റുകൾ ഇവർക്കുണ്ട്. ചില സാങ്കേതികവിദ്യകൾ മരുന്ന് നിർമ്മാണ കരാറുകൾ വഴി മറ്റു രാജ്യങ്ങളിലേക്ക് നൽകുന്നു. ചൈന,സിങ്കപ്പൂർ, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായി സംയുക്ത കമ്പനികൾ (joint ventures) രൂപീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന, പ്രശസ്തമായ യൂണിവേഴ്സിറ്റികൾ , ക്യാൻസർ ഇൻസ്റ്റിറ്റ്യുട്ടുകൾ തുടങ്ങിയ നിരവധി അന്താരാഷ്ട്ര സ്ഥാപങ്ങളുമായി അക്കാദമിക-ഗവേഷണ സഹകരണം ഉണ്ട്.
ബയോക്യൂബഫാർമയുടെ പ്രവർത്തനരീതി ലോകത്തിലെ സാധാരണ സ്വകാര്യ ഫാർമ കമ്പനികളിൽ നിന്നു വ്യത്യസ്തമാണ്. ഗവേഷണം, മരുന്നു വികസനം, ക്ലിനിക്കൽ പരീക്ഷണം, നിർമാണം, പൊതുജനാരോഗ്യ ഉപയോഗം, കയറ്റുമതി എന്നിവയെല്ലാം ഒരേ പൊതുമേഖലാ സംവിധാനത്തിനകത്ത് ഏകോപിപ്പിക്കപ്പെടുന്നു. ക്യൂബയിലെ മെഡിക്കൽ സർവകലാശാലകൾ, സർക്കാർ ആശുപത്രികൾ, ഗവേഷണ ലബോറട്ടറികൾ, വാക്സിൻ നിർമാണ യൂണിറ്റുകൾ, ബയോടെക് ഫാക്ടറികൾ എന്നിവ പരസ്പരം ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ ഒരു പുതിയ രോഗപ്രശ്നം ഉണ്ടായാൽ അതുമായി ബന്ധപ്പെട്ട ഗവേഷണം മുതൽ ചികിത്സാരീതി വികസിപ്പിക്കൽവരെ വളരെ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നു. ഉദാഹരണത്തിന് കോവിഡ് 19 മഹാമാരിക്കാലത്ത് ക്യൂബ വളരെ വേഗത്തിൽ അബ്ദാലാ, സോബരാന (Abdala, Soberana) പോലുള്ള സ്വന്തം വാക്സിനുകൾ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്തു. പല രാജ്യങ്ങളും വിദേശകമ്പനികളെ ആശ്രയിച്ചപ്പോൾ, ക്യൂബ സ്വന്തമായി വാക്‌സിൻ വികസിപ്പിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്തു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
വികസിത രാജ്യങ്ങളിൽ വളരെ ചെലവേറിയ ചികിത്സകൾ ക്യൂബ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. ഇതുവരെ ബയോക്യൂബഫാർമയുടെ കീഴിൽ നൂറുകണക്കിന് മരുന്നുകളും ബയോടെക് ഉൽപ്പന്നങ്ങളും വികസിപ്പിച്ചിട്ടുണ്ട്. വിവിധ കണക്കുകൾ പ്രകാരം 700-ലധികം ഉൽപ്പന്നങ്ങൾ നിർമിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. 2600-ലധികം പേറ്റൻറ്റ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 50-ലധികം രാജ്യങ്ങളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്യൂബയുടെ ആഭ്യന്തര ആവശ്യത്തിനുള്ള പല മരുന്നുകളും ബയോക്യൂബഫാർമ തന്നെയാണ് നിർമിക്കുന്നത്. അതിനാൽ ക്യൂബയ്ക്ക് മരുന്നുകളിലും വാക്സിനുകളിലും വലിയ തോതിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചു.
നിരവധി വെല്ലുവിളികളും ബയോക്യൂബഫാർമ നേരിടുന്നുണ്ട്. അമേരിക്കൻ സാമ്പത്തിക ഉപരോധം കാരണം ലാബ് ഉപകരണങ്ങൾ, ഘടക ഭാഗങ്ങൾ (spare parts), അസംസ്‌കൃത വസ്‌തുക്കൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ഉത്പാദന ശേഷി ചിലപ്പോൾ ബാധിക്കുന്നു. അന്തർദേശീയ വിപണിയിൽ വലിയ ബഹുരാഷ്‌ട്ര കുത്തക മരുന്ന് കമ്പനിയുമായുള്ള മത്സരം, അവരുടെ കള്ളക്കളികൾ, പല രാജ്യങ്ങളിലും ഉദ്യോഗസ്ഥ അഴിമതികൾ, ഇടങ്കോലിടലുകൾ, അനുമതി നിഷേധങ്ങൾ, (regulatory approval) പ്രശ്നങ്ങൾ, വിമർശനങ്ങൾ എന്നിവയും നിലനിൽക്കുന്നു. എന്നിരുന്നാലും “ശാസ്ത്രം പൊതുജനാരോഗ്യത്തിനായി ഉപയോഗിക്കണം” എന്ന ക്യൂബൻ ആശയത്തിന്റെ പ്രധാന പ്രതീകമായാണ് ബയോക്യൂബഫാർമയെ ലോകം കാണുന്നത്. ആരോഗ്യത്തെ “വിപണി ഉൽപ്പന്നം” എന്നതിലുപരി “മനുഷ്യാവകാശം” ആയി കാണുന്ന സമീപനമാണ് ഇതിന്റെ അടിസ്ഥാനം. പൊതുമേഖലാ ആരോഗ്യസംവിധാനവും ശാസ്ത്രീയ ഗവേഷണവും ഏകോപിപ്പിച്ച് ഒരു ചെറിയ രാജ്യം ആഗോള ബയോടെക്നോളജി രംഗത്ത് സാന്നിധ്യമുറപ്പിച്ചു നടത്തുന്ന മറ്റൊരു രാഷ്ട്രീയ സമരമുഖമാണിത്.
വിപ്ലവാനന്തര കാലത്ത് ക്യൂബയിൽ വലിയ സാമൂഹിക–സാമ്പത്തിക മാറ്റങ്ങൾ നടന്നു. വളരെയധികം ഭൂമി സർക്കാർ ഏറ്റെടുത്തു കർഷകർക്ക് വിതരണം ചെയ്തു. സ്വകാര്യ അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിലുള്ള എണ്ണ, വൈദ്യുതി, ടെലികമ്യൂണിക്കേഷൻ, പഞ്ചസാര വ്യവസായങ്ങൾ എന്നിവ ദേശീസാത്കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യ പൊതുസേവനങ്ങളാക്കി മാറ്റി. സാക്ഷരതാ പ്രസ്ഥാനം വഴി രാജ്യവ്യാപകമായി സാക്ഷരത ഉയർത്തി. ഗ്രാമപ്രദേശങ്ങളിലേക്കും ആരോഗ്യസേവനം വ്യാപിപ്പിച്ചു. ഈ നടപടികൾ ക്യൂബയിലെ ദരിദ്രജനവിഭാഗങ്ങൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കി. എന്നാൽ അമേരിക്ക ഈ നടപടികളെ കമ്യൂണിസ്റ്റ് സ്വാധീനമായി കണ്ടു.
അമേരിക്ക–ക്യൂബ ബന്ധത്തിലെ സംഘർഷം വേഗത്തിൽ രൂക്ഷമായി. അമേരിക്കൻ കമ്പനികളുടെ സ്വത്തുക്കൾ ദേശീസാത്കരിച്ചതിനെ തുടർന്ന് അമേരിക്ക സാമ്പത്തികമായി സമ്മർദ്ദം ആരംഭിച്ചു. 1960-ൽ ക്യൂബയിൽ നിന്നുള്ള പഞ്ചസാര ഇറക്കുമതി അമേരിക്ക കുറച്ചു. തുടർന്ന് ക്യൂബ സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇതോടെ കോൾഡ് വാർ പശ്ചാത്തലത്തിൽ ക്യൂബ അമേരിക്കയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായി മാറി. അമേരിക്ക ക്യൂബയ്‌ക്കെതിരെ വ്യാപകമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അമേരിക്കൻ കമ്പനികൾക്ക് ക്യൂബയുമായി വ്യാപാരം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ക്യൂബയിൽ നിന്നുള്ള ഇറക്കുമതിയും ക്യൂബയിലേക്കുള്ള കയറ്റുമതിയും നിയന്ത്രിക്കപ്പെട്ടു. പിന്നീട് ധനകാര്യ ഇടപാടുകൾ, ബാങ്കിങ്, സാങ്കേതികവിദ്യ, മരുന്ന് നിർമ്മാണ ഉപകരണങ്ങൾ, യാത്ര, നിക്ഷേപം എന്നിവയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൂന്നാം ലോകരാജ്യങ്ങളിലെ കമ്പനികൾക്കും ക്യൂബയുമായി ഇടപഴകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം സമ്മർദ്ദം ശക്തമാക്കി.
ഈ ഉപരോധത്തിന്റെ സാമ്പത്തിക–സാമൂഹിക പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു. ക്യൂബയ്ക്ക് അന്തർദേശീയ ധനകാര്യ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടായി. മെഡിക്കൽ ഉപകരണങ്ങൾ, സ്പെയർ പാർട്ട്സ്, വ്യാവസായിക അസംസ്കൃത വസ്തുക്കൾ, സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്നത് പ്രയാസമായി. പ്രത്യേകിച്ച് 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം ക്യൂബ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായി. ഇന്ധനക്ഷാമം, വൈദ്യുതി മുടക്കം, ഭക്ഷ്യക്ഷാമം, ഗതാഗതപ്രശ്നങ്ങൾ എന്നിവ വ്യാപകമായി. ജനങ്ങളുടെ പോഷകാവസ്ഥയെയും ജീവിത നിലവാരത്തെയും അത് ബാധിച്ചു. എന്നിരുന്നാലും ഈ ഉപരോധത്തിനിടയിലും ക്യൂബ ആരോഗ്യം, വിദ്യാഭ്യാസം, ബയോടെക്‌നോളജി എന്നിവയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു. ശക്തമായ ആരോഗ്യ സംവിധാനം, സൗജന്യ മെഡിക്കൽ വിദ്യാഭ്യാസം, ബയോക്യൂബഫാർമ പോലുള്ള സ്ഥാപനങ്ങൾ എന്നിവ വികസിച്ചു. ക്യൂബയുടെ മെഡിക്കൽ ഇന്റർനാഷണലിസം, എലാം മെഡിക്കൽ സ്‌കൂൾ, ഹെൻട്രി റീവ് മെഡിക്കൽ ബ്രിഗേഡ് എന്നിവയും ഈ കാലഘട്ടത്തിൽ വളർന്നു. അമേരിക്കൻ ഉപരോധം കാരണം സ്വയംപര്യാപ്തതയുടെ ആവശ്യകത ക്യൂബയിൽ ശാസ്ത്രീയ ഗവേഷണത്തിനും പൊതുജനാരോഗ്യ നയങ്ങൾക്കുമുള്ള പ്രാധാന്യം വർധിപ്പിച്ചു. സാമ്രാജ്യത്വം ഒരുക്കുന്ന പ്രതിസന്ധികളെ അവസരമാക്കി, കീഴടങ്ങാതെ പൊരുതിയാണ് ക്യൂബൻ ജനത മുന്നേറുന്നത്.
അമേരിക്ക മുന്നോട്ടു വെക്കുന്ന ലാഭ കേന്ദ്രീകൃത സ്വകാര്യ ഇൻഷ്വറൻസ് അധിഷ്ഠിത ഹൈടെക് ആശുപത്രി ആരോഗ്യ വ്യവസായം എന്ന കാഴ്ചപ്പാടിന് നേർ വിപരീതമായി ചെലവ് കുറഞ്ഞ രോഗപ്രതിരോധത്തിൽ ഊന്നിയുള്ള സാർവത്രിക ജനകീയ ആരോഗ്യ സംവിധാനം രൂപപ്പെടുത്തുകയും വിജയിപ്പിക്കുകയും ചെയ്തു. സ്വാശ്രയത്വത്തിൽ ഊന്നിയുള്ള മരുന്ന്-–വാക്സിൻ നിർമാണം മാത്രമല്ല ആവശ്യമുള്ള രാജ്യങ്ങൾക്കെല്ലാം ആരോഗ്യ സേവനവും മരുന്നും വാക്സിനുകളും സാങ്കേതിക വിദ്യകളും മെഡിക്കൽ വിദ്യാഭ്യാസവും ചരടുകളൊന്നുമില്ലാതെ മനുഷ്യ സ്നേഹം മുൻനിർത്തി എത്തിച്ചു കൊടുക്കാനുള്ള സന്നദ്ധതയും അമേരിക്കൻ മോഡലിന് നേർ വിപരീതമാണ്. സകല അറിവുകളുടെയും സാങ്കേതിക വിദ്യയുടെയും കുത്തക അവകാശപ്പെടുകയും ഗർവും അഹങ്കാരവും സൈനിക ശക്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രാജ്യങ്ങളെ കീഴടക്കി മാർക്കറ്റുകളാക്കി കൊള്ളയടിക്കുന്ന അമേരിക്കൻ സാമ്രാജിത്വ മോഡലിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു കൊച്ചുരാജ്യം ലോകത്തെ ഏതു രാജ്യത്തെ ജനതയോടുമൊപ്പം സ്നേഹത്തോടെ കൂടെനിന്നു, അപകടങ്ങളിലും പ്രശ്നങ്ങളിലും സഹായിച്ചു, സ്വയംപര്യാപ്തത കൈവരിച്ചു മുന്നേറാൻ സഹായിക്കുന്നു. ആരോഗ്യ രംഗത്തെ ഈ സോഷ്യലിസ്റ്റ് വഴി അമേരിക്കയ്ക്കും ആഗോള മുതലാളിത്തത്തിനും താങ്ങാനാവില്ല. ഭയാനക രൂപമുള്ള അതിശക്തൻ ഗോലിയാത്തിനെ നേരിടുന്ന ദാവീദിനെപ്പോലെ, ആരോഗ്യരംഗത്തെ ആഗോള ഭീമന്മാരെ സിദ്ധാന്തത്തിലും പ്രയോഗത്തിലും വെല്ലുവിളിക്കുന്ന ക്യൂബയെ തകർക്കാൻ വർഷങ്ങളായി അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാൻ കഴിഞ്ഞാൽ ക്യൂബയെ ശരിപ്പെടുത്തുമെന്ന് സാമ്രാജ്യത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറാൻ വിപ്ലവ ക്യൂബയ്ക്ക് കഴിയട്ടെ. പൊരുതുന്ന ക്യൂബൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ. l



