സയ്റ മെയ്സ്ത്ര മലനിരകൾ മുതൽ സാന്റിയാഗോയുടെ സമതലങ്ങൾ വരെ വിപ്ലവത്തിൽ റൗൾ കാസ്ട്രോയുടെ പങ്ക് എണ്ണിയാലൊടുങ്ങാത്തതാണ്. ആയിരക്കണക്കിന് അനുഭവങ്ങൾ അദ്ദേഹത്തിന്റെ പരസ്പര ബഹുമാനത്തിന്റെയും അകമഴിഞ്ഞ സ്നേഹത്തിന്റെയും സാക്ഷ്യങ്ങളാണ്.
1958ൽ ബാറ്റിസ്റ്റയുടെ പട്ടാളം വിവേചനരഹിതമായി കിഴക്കൻ മലനിരകളിൽ ബോംബിട്ടു. അവരുടെ ലക്ഷ്യം ഫിദൽ കാസ്ട്രോയുടെ വിപ്ലവ സേന മാത്രമായിരുന്നില്ല, മറിച്ച് വിപ്ലവകാരികൾക്ക് സകല പിന്തുണയും നൽകിയിരുന്ന കർഷകർ കൂടിയായിരുന്നു. നിഷ്ടുരമായ ഈ ആക്രമണത്തിൽ അന്ന മരിയ പോൾ എന്ന പെൺകുട്ടിക്കും പരുക്കേറ്റു. അവളുടെ നെറ്റി മുതൽ കാലുകൾ വരെ ബോംബാക്രമണത്തിൽ മുറിവേറ്റു. അവളെ ചികിത്സിച്ചത് ഫ്രാങ്ക് പയസ് ഗാർഷ്യ എന്ന് അറിയപ്പെട്ട വിപ്ലവപ്പടയുടെ രണ്ടാം കിഴക്കൻ മുന്നണി സ്ഥാപിച്ച താത്കാലിക ആശുപത്രിയിലായിരുന്നു. വിവരമറിഞ്ഞ റൗൾ തന്റെ പങ്കാളിയായ വിൽമയെയും കൂട്ടി അന്നയെ സന്ദർശിച്ചു. അവളെ ചേർത്തുപിടിച്ചുകൊണ്ട്, എല്ലാ അക്രമങ്ങളും അവസാനിക്കുമെന്ന് റൗൾ അവൾക്കു വാക്ക് നൽകി. പിന്നീട് മയറി അറിബ്ബ പ്രവിശ്യയിൽ എത്തുമ്പോഴെല്ലാം റൗൾ അന്നയെ സന്ദർശിക്കുമായിരുന്നു, ആ കുട്ടിയാവട്ടെ റൗളിനെ തന്റെ പിതാവിനെപ്പോലെ സ്നേഹിച്ചു.
ഇതേ വൈകാരികതയിൽ തന്നെയാണ് റൗൾ, സാന്റിയാഗോ ഡി ക്യൂബയോടും കാട്ടിയത്. അവിടുത്തെ മറ്റു താമസക്കാരെപ്പോലെ പ്രസന്നതയോടെ, എന്നാൽ ധൈര്യപൂർവ്വം റൗൾ, സാന്റിയാഗോയിൽ ജീവിച്ചു. അതിനാലാണ് ഫിദലിനൊപ്പം ഇല്ലാത്തവർ റൗളിനൊപ്പമില്ലെന്ന് മുന്നറിയിപ്പ് നൽകുന്ന വരികൾ കാൻഡിഡോ ഫാബ്രെ രചിച്ചതെന്ന് ഫ്രാൻസിസ് റോണ്ടൻ ഗോമെസ് അഭിപ്രായപ്പെട്ടുത്. “ജനങ്ങൾക്കൊപ്പം ക്യൂബയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം നേടിയ ഫിദലിന്റെയും റൗളിന്റെയും അനുയായി’എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.
അതിനാൽ തന്നെ സാന്റിയാഗോയിലെ മുക്കിലും മൂലയിലും റൗൾ വിപ്ലവകാലത്ത് നേതൃത്വം നൽകി പ്രവർത്തിച്ചു എന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയോ പുകഴ്ത്തലോ അല്ല, മറിച്ച് യാഥാർഥ്യം മാത്രമാണ്. ഈ നാടിനോടുള്ള റൗളിന്റെ ബന്ധം 1939ലെ തന്റെ ഡൊളോറസ് സ്കൂൾ കാലത്താരംഭിച്ചതാണ്. പിന്നീട് മൊങ്കാഡ ബാരക്ക് ആക്രമണവും, സെന്റ് ലൂയിസിലെ ജയിൽ വാസവും , രണ്ടാം കിഴക്കൻ മുന്നണിയുടെ (Second Eastern Front) രൂപീകരണവും; സാന്റിയാഗോയിലെ ഒട്ടനവധി നഗരങ്ങളെയും, പട്ടണങ്ങളെയും വിമോചിപ്പിക്കുന്നതിൽ റൗൾ പ്രധാന പങ്കുവഹിച്ചിരുന്നു. ജനുവരി ഒന്നിലെ വിജയ പ്രഖ്യാപനവും, വിൽമയുമായുള്ള വിവാഹവുമെല്ലാം റൗളിന്റെ 85 വർഷക്കാലയളവിനെ സംഭവബഹുലമാക്കി.
റൗളും സാന്റിയാഗോയിലെ ജീവിതവും
1939ൽ ബിരാനിലെ കോളേജിയോ ഡൊളോറസ് എന്ന വിഖ്യാതമായ ജെസ്യൂട്ട് സ്ഥാപനത്തിൽ റൗൾ പഠനത്തിനായി എത്തി.1949 വരെ റൗൾ ഇവിടെ തുടർന്നു. ആ പത്തു വർഷംകൊണ്ട് റൗളിന് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ഓറിയന്റെ പ്രവിശ്യയുടെ അന്നത്തെ തലസ്ഥാനമായ ബിരാന്റെയുടെ ചരിത്രവും വിശദമായി പഠിച്ചും മാത്രമല്ല, 1898-ൽ സ്പെയിനിന്റെ പരാജയത്തിനു ശേഷം ക്യൂബൻ സ്വാതന്ത്ര്യസമരസേനാനികളെ (മാംബിസസ്) അമേരിക്കൻ സൈന്യം നഗരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതെങ്ങനെ എന്നതിനെപ്പറ്റിയും റൗൾ പഠിച്ചു.
ഏതാണ്ട് 8 വർഷങ്ങൾക്കുശേഷം ഹൊസെ മാർട്ടിയുടെ നൂറാം ജന്മവാർഷികാചരണവേളയിൽ റൗൾ ഇവിടേയ്ക്ക് തിരിച്ചെത്തുന്നുണ്ട്. 1953 ലെ സെന്റ് ആൻസ് ദിനത്തിൽ അതിരാവിലെ അദ്ദേഹം പിന്മാറാതെ പാലസ് ഓഫ് ജസ്റ്റിസിൽ നിന്ന് മൊങ്കാഡിന്റെ ബാരക്കുകൾക്കെതിരായ ആക്രമണത്തിന്റെ പിന്തുണയിലെ സംഘത്തെ നയിച്ചു. എന്നാൽ ആ ആക്രമണം പരാജയപ്പെടുകയാണുണ്ടായത്. തുടർന്ന് റൗൾ ഒരു ഫാർമസിയുടെ ഉടമയും കുടുംബസുഹൃത്തുമായ ഡോ. അന റോസ സാഞ്ചസിന്റെ വീട്ടിലേക്ക് പോവുകയും സ്വേച്ഛാധിപത്യത്തിന്റെ അനുയായികൾ നടത്തുന്ന രക്തച്ചൊരിച്ചിലിനെക്കുറിച്ച് അവളോട് പറയുകയും ചെയ്തിരുന്നു. പിന്നീട് അൽഗോഡൊനാൾ പഞ്ചസാര മില്ലിന്റെ സമീപത്തേക്ക് യാത്ര ചെയ്ത റൗൾ ബിറാനിലേയ്ക്ക് തിരിച്ചുവരാൻ തീരുമാനിച്ചിരുന്നു.എന്നാൽ ബാറ്റിസ്റ്റയുടെ പട്ടാളത്തിനു മുൻപിൽ അകപ്പെട്ട റൗളിനെ അവർ പാല്മ സോറിയാനോയിലേയ്ക്ക് മാറ്റുവാനായി സെന്റ് ലൂയി ബാരക്കിലേയ്ക്ക് കൊണ്ടുപോയി.
തുടർന്ന് വിചാരണ, തടവ്, നാടുകടത്തൽ, ഗ്രാൻമ കപ്പലിലെ തിരിച്ചുവരവ് എന്നിവ നടന്നു. ഗറില്ലാ പോരാട്ടത്തിന്റെയും അതിന്റെ ഏകീകരണത്തിന്റെയും തുടക്കത്തോടെ ഫ്രാങ്ക് പയസ് ഗാർഷ്യയുടെ സ്മരണയെ ആദരിക്കുന്ന ഒരു മുന്നണി രൂപീകരിക്കപ്പെട്ടു. 1959 ജനുവരി 1ന് ഇരുപതാം നൂറ്റാണ്ടിലെ മാംബിസസ് സാന്റിയാഗോയിൽ പ്രവേശിച്ചതോടെ അന്നത്തെ വിപ്ലവ സൈന്യത്തിന്റെ കമാൻഡറായ റൗളിന്റെ ജീവിതത്തിൽ മറ്റൊരു ഘട്ടം ആരംഭിച്ചു.
അതിനുശേഷം അദ്ദേഹം സ്കൂളുകൾ, ആശുപത്രികൾ, ഉൽപാദന കേന്ദ്രങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യാൻ തുടങ്ങി. ലാ ഗ്രാൻജിറ്റ,മൊങ്കാഡ ബാരക്കുകൾ, എൽ എസ്കാൻഡെൽ എന്നിവ സന്ദർശിക്കുകയും, പൽമ സോറിയാനോയിലെ ജനങ്ങളോടൊത്ത് സമയം ചെലവഴിക്കുകയും നിരവധി പാർട്ടി-പ്രതിരോധ ജോലികളിൽ കമാൻഡർ ജുവാൻ അൽമേഡ ബോസ്-ക്കിനെ അനുഗമിക്കുകയും, സെഗുണ്ടോ ഫ്രെന്റെ മുനിസിപ്പാലിറ്റിയിലെ പീപ്പിൾസ് പവർ ദേശീയ അസംബ്ലിയുടെ ഡെപ്യൂട്ടി സ്ഥാനാർത്ഥിയായി നാമനിർദശം ചെയ്യപ്പെടുകയുണ്ടായി. തുടർന്ന് പ്രവിശ്യയുടെ സാമൂഹിക-, സാമ്പത്തിക വികസനവും നഗരത്തിന്റെ സൗന്ദര്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം 1984 ൽ ക്യൂബൻ റിപ്പബ്ലിക്കിന്റെ ഹീറോ സിറ്റിയായും സാന്റിയാഗോയെ പ്രഖ്യാപിച്ചു.
റൗൾ വിഭാവനം ചെയ്ത ഓപ്പറേഷൻ ഹെറെഡിയയുടെ ഭാഗമായി, മറ്റു കാര്യങ്ങൾക്കൊപ്പം, നഗരത്തിന് പുതിയ കെട്ടിടങ്ങളും സ്ഥലങ്ങളും നൽകാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു. അഗ്യലേര തിയേറ്ററിലെ തീപിടുത്തത്തിനും ഓറിയന്റ് തിയേറ്റർ അടച്ചുപൂട്ടലിനും ശേഷം സാന്റിയാഗോയ്ക്ക് അത്തരമൊരു സൗകര്യം ഇല്ലാതിരുന്ന സമയത്ത് റൗൾ ആധുനിക ഹെറെഡിയ തിയേറ്റർ സാന്റിയാഗോയിലെ ജനങ്ങൾക്കായി നിർമിച്ചു. റൗളിന്റെ മേൽനോട്ടത്തിൽ ആയിരക്കണക്കിന് പ്രവൃത്തിദിവസങ്ങൾക്കു ശേഷം 1991 ആഗസ്ത് 13ന് അതിന്റെ ഉദ്ഘാടനം സാധ്യമാക്കി.
സ്വദേശം, വിപ്ലവം, സോഷ്യലിസം എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സാന്റിയാഗോയിൽ റൗൾ നാലാം പാർട്ടി കോൺഗ്രസ് വിളിച്ചുചേർത്തു. 1991 ഒക്ടോബറിലാണ് ഈ നേട്ടം കൈവരിച്ചത്.
സാധ്യമാകുമ്പോഴെല്ലാം അദ്ദേഹം ആ പ്രവിശ്യ സന്ദർശിച്ചു; 2007 ഡിസംബറിൽ അദ്ദേഹവും വെനസ്വേലയുടെ കമാൻഡർ ഹ്യൂഗോ ഷാവേസും ഫ്രിയാസും നഗരത്തിൽ ചരിത്രപരമായ സന്ദർശനം നടത്തുകയും ചെയ്തു. 2012ൽ സാൻഡി ചുഴലിക്കാറ്റ് പ്രദേശത്തെ അടിസ്ഥാനസൗകര്യങ്ങളും ഭവനങ്ങളും നശിപ്പിച്ചപ്പോൾ, അന്നത്തെ കൗൺസിൽ ഓഫ് സ്റ്റേറ്റ് പ്രസിഡന്റുമാരുടെയും മന്ത്രിമാരുടെയും നിരന്തരമായ പിന്തുണ പ്രവിശ്യയ്ക്ക് ലഭിച്ചിരുന്നു.
‘‘നിർമാണ സാമഗ്രികൾക്കുള്ള വിലയും സബ്സിഡിയും സംബന്ധിച്ച വിപ്ലവ സർക്കാരിന്റെ തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു; ബാറ്റിസ്റ്റയുടെ സൈന്യം ലാ മായ ബാരക്കുകളിൽ കീഴടങ്ങിയ ദിവസത്തിന്റെ വിശദാംശങ്ങളും അദ്ദേഹം ഞങ്ങളോട് പറഞ്ഞു, ജനങ്ങൾക്കുവേണ്ടി പോരാട്ടം തുടരാൻ ഞങ്ങളോട് ആവശ്യപ്പെട്ടു’’ – ഇസ്രായേഡി മോറ ഒസോറിയ ഓർമിക്കുന്നു.
2016 ലെ ഒരു ശനിയാഴ്ച രാവിലെ ഏഴു മണിയോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ അന്നത്തെ ഒന്നാം സെക്രട്ടറി, എന്റമാഡാസ് ഹെറിറ്റേജ് കോറിഡോർ സന്ദർശിച്ച് സാന്റിയാഗോ ഡി ക്യൂബയിലെ നിവാസികളെ അത്ഭുതപ്പെടുത്തി.
“ജീവിതം, പഠനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരമായ ആശങ്കയോടെ’, 2019 ൽ, ഡയസ്- കാനലിനൊപ്പം അദ്ദേഹം ക്യൂബ-–വിയറ്റ്നാം സോളിഡാരിറ്റി സ്പെഷ്യൽ സ്കൂൾ ഉദ്ഘാടനം ചെയ്തതായി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടർ ഇറോബിസ് റോഡ്രിഗസ് മദാരിയാഗ അഭിപ്രായപ്പെട്ടു.
റൗളിന്റെ മുന്നണി
1958 മാർച്ച് 11ന് ചീഫ് കമാൻഡറുടെ നിർദേശ പ്രകാരം റൗൾ ഫ്രാങ്ക് പയസ് ഗാർഷ്യ എന്ന രണ്ടാം കിഴക്കൻ മുന്നണിക്ക് രൂപം നൽകി. ആ സൈനിക മുന്നണി സാന്റിയാഗോ ഡി ക്യൂബയുടെ മുനിസിപ്പാലിറ്റികളായ സെന്റ് ലൂയിസ്, സൊങ്ങോ ല മായാ, സെഗുണ്ടോ ഫ്രണ്ട് അടങ്ങുന്ന ഏതാണ്ട് 12,000 കിലോമീറ്റർ ദൂരത്തിൽ പ്രവർത്തിച്ചു.‘‘പാട്ട ഡെ ലാ മെസയിൽ നിന്ന് പിലോട്ടോ ഡെൽ മെഡിയോയിലേക്ക് മാർച്ച് ചെയ്ത ആറാം നിരയിലെ ഏഴ് അംഗങ്ങളിൽ ഒരാളായിരുന്നു ഞാൻ. ആ ദീർഘയാത്രയിലുടനീളം റൗൾ എല്ലായ്-പോഴും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ആദ്യം എഴുന്നേൽക്കുന്നതും അവസാനമായി ഉറങ്ങാൻ പോകുന്നതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് എല്ലായ്-പോഴും വിജയത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു’’.
ക്യൂബൻ റിപ്പബ്ലിക്കിന്റെ ഹീറോ ഓഫ് ലേബറും ഗറില്ലാ മുൻനിര പോരാളികളുടെയും, വിൽമയുടെയും അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ശവകുടീരം സ്ഥിതിചെയ്യുന്ന ഹിസ്റ്റോറിക്കൽ കോംപ്ലക്സിന്റെ ഡയറക്ടറുമായ ഫസ്റ്റ് കേണൽ ആൽബർട്ടോ വാസ്ക്വെസ് ഗാർസിയ അഭിപ്രായപ്പെടുന്നു.
നീതി, ആരോഗ്യം, പൊതുമരാമത്ത്, ട്രഷറി, പ്രചാരണം, പരിശോധന, വിദ്യാഭ്യാസം, കാർഷിക-ത്തൊഴിൽ ബ്യൂറോകൾ എന്നിവയുടെ രൂപീകരണം, പോരാട്ട പ്രവർത്തനങ്ങൾ പോലെ തന്നെ നിർണായകമായിരുന്നു. അവ അതത് സായുധ കോൺഗ്രസുകളിൽ ഐക്യം കൈവരിക്കുന്നതിനുള്ള റോഡ്മാപ്പ് നൽകുകയും പിന്നീട് അധികാരത്തിലെത്തുന്ന വിപ്ലവ പടയ്ക്ക് യാഥാർത്ഥ്യമാക്കാനുള്ള തുടക്കം കുറിയ്ക്കാനുള്ള മേഖലകൾ നിശ്ചയിക്കുകയും ചെയ്തു.ഒമ്പത് മാസവും 20 ദിവസവും കഴിഞ്ഞപ്പോൾ വിപ്ലവ സേന ബാറ്റിസ്റ്റ സൈന്യത്തിന്റെ 30 സൈനിക ബാരക്കുകളും റൂറൽ ഗാർഡ് പോസ്റ്റുകളും പിടിച്ചെടുത്തു. തുടർന്ന് സൈന്യത്തിന്റെ 20,000ത്തോളം ആയുധങ്ങൾ പിടിച്ചെടുത്തു, ആ പ്രദേശങ്ങളിൽ 20 താൽക്കാലിക ആശുപത്രികളും, ഒപ്പം 400ഓളം സ്‌കൂളുകളും നിർമിച്ചു.
വിപ്ലവകാരികളെ കാണുന്നത് ആവേശകരമായിരുന്നു, അവരെയാണ് ഞങ്ങൾ വിമതർ എന്നു വിളിച്ചത്; ഇത്രയധികം അതിക്രമങ്ങൾ നടത്തിയ സൈനികരെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാവരേയും അഭിവാദ്യം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തുകൊണ്ട് റൗളും വിൽമയും 1958 ഡിസംബറിൽ സാൻ ലൂയിസിൽ പ്രവേശിച്ചു. ‘‘ആ സന്തോഷം വളരെ വലുതായിരുന്നു’’, വൃദ്ധനായ ഹെൻറി റെയ്സ് റോഡ്രിഗസ് പറഞ്ഞു.
റൗൾ ഇല്ലാതിരുന്നെങ്കിൽ സെഗുണ്ടോ ഫ്രന്റ് ഒരു മുനിസിപ്പാലിറ്റിയായി മാറുകയില്ലായിരുന്നു. മാത്രമല്ല, മയറി അരിബ സുന്ദരമായ ഗ്രാമത്തിന് അപ്പുറത്തേയ്ക്ക് വളർച്ച പ്രാപിക്കുകയും ചെയ്തു. ഇന്ന് അവിടെ സ്‌കൂളുകളും , ആശുപത്രികളും, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളുമുണ്ട്. ‘‘ഇതെല്ലാം 100% വിപ്ലവത്തിന്റെ ഫലമാണ്. അദ്ദേഹം പാർലമെന്റിലെ ഞങ്ങളുടെ പ്രതിനിധികളിൽ ഒരാളാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചു’’, പാബ്ലോ കാംപോസ് ബാറ്റിസ്റ്റ പറഞ്ഞു. ‘‘റൗൾ ഞങ്ങളിൽ എല്ലായ്‌പ്പോഴും ആത്മവിശ്വാസം ജനിപ്പിച്ചു, ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്ന് ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ദയാലുവാണ്, വിനയത്തോടെയും, നിസ്വാർത്ഥതയോടെയും,പരോപകാരപ്രദമായ ചെറിയ ചെറിയ കഥകളും മറ്റും പറഞ്ഞുതന്ന് ഇന്നത്തെ തലമുറയ്ക്കും, ഭാവിതലമുറയ്ക്കും അറിവുകൾ പകർന്ന നൽകുന്നു’’, അയാൾ കൂട്ടിച്ചേർത്തു. വിപ്ലവത്തിന്റെ 65–-ാം വിജയ വാർഷികത്തോടനുബന്ധിച്ച് തന്റെ ഏറ്റവും പുതിയ പ്രസംഗത്തിൽ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, ‘‘വീരോചിതമായ സാന്റിയാഗോ ഡി ക്യൂബയിൽ, ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ജനങ്ങൾക്കൊപ്പം പോരാളികളെന്ന നിലയിൽ ആയുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കാൻ തയ്യാറാണെന്നും ഞങ്ങൾ ആവർത്തിക്കുന്നു’’. ഞാൻ അവിടെ ഉണ്ടായിരുന്നു, ഏകകണ്ഠമായ മറുപടി ഇതായിരുന്നു:
റൗൾ നീണാൾ വാഴട്ടെ! l



