Tuesday, June 16, 2026

ad

Homeകവര്‍സ്റ്റോറിനല്ലൊരു ലോകം സാധ്യമാണ്

നല്ലൊരു ലോകം സാധ്യമാണ്

മിഗ്വേൽ ഡയസ് കാനൽ

(2026 മെയ് 2ന് ഹവാനയിൽ നടന്ന സാർവദേശീയ 
ഐക്യദാർഢ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം)

പ്രിയപ്പെട്ട സഹോദരീ സഹോദരങ്ങളേ, സുഹൃത്തുക്കളേ,

ആദ്യം തന്നെ ക്യൂബൻ ജനതയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി പറയുകയും അതിന് നിങ്ങളെ പ്രാപ്തരാക്കിയ നിങ്ങളുടെ ധീരതയ്ക്കും നിശ്ചയദാർഢ്യത്തിനും ആദരവറിയിക്കുകയും ചെയ്യുകയാണ്; കാരണം ഇങ്ങനെയൊരു സമയത്ത് ക്യൂബയിൽ ഉണ്ടായിരിക്കുകയും ക്യൂബയോടൊപ്പം നിൽക്കുകയും ചെയ്യുന്നതിന് അസാധാരണമായ ധെെര്യവും ഇച്ഛാശക്തിയും ആവശ്യമാണ്.

നമ്മൾക്ക് ഐക്യദാർഢ്യം പങ്കുവയ്ക്കാൻ കഴിയും; ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിയും. ഫിദൽ നമ്മെ പഠിപ്പിച്ചതുപോലെ, നല്ലൊരു ലോകം സാധ്യമാണെന്ന് നമ്മൾ വിശ്വസിക്കുന്നു. തീർച്ചയായും, അങ്ങേയറ്റം കലുഷിതമായതും താറുമാറായതുമായ ഈ ലോകത്ത് ജീവിക്കുന്ന നമ്മൾക്കു വേണ്ടി പുതിയൊരു മാതൃക, പുതിയൊരു സാധ്യത ഉണ്ടാകുമെന്ന ആശയത്തെ നാം അംഗീകരിക്കുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതമായതും ജനങ്ങളെ കമ്പോളത്തിൽ നിന്നും അതിന്റെ ലാഭത്തിൽ നിന്നും രക്ഷിക്കുന്നതുമായ ഒരു മാതൃക, ഒരു ലക്ഷ്യം സംരക്ഷിക്കപ്പെടുമ്പോൾ ആ സാധ്യത കൂടുതൽ തുറന്നുവരുന്നു.

ഞങ്ങൾ അമേരിക്കയ്ക്ക് അത്യസാധാരണവും അപൂർവവുമായൊരു ഭീഷണിയാണെന്ന് അവർ പറയുമ്പോൾ –ഇത് അമേരിക്കയിലെ ജനങ്ങളുടെ വികാരമല്ലെന്നും ഞങ്ങളെ ആക്രമിക്കുന്നതിന് അമേരിക്കൻ ഗവൺമെന്റ് പറയുന്ന ഒഴികഴിവാണെന്നുമുള്ള കാര്യം ഞങ്ങൾക്ക് തീർച്ചയാണ്– ആരും അത്ഭുതപ്പെടും. എന്താണ് ഇപ്പറയുന്ന ഭീഷണി? ആ ഭീഷണിക്ക് ഇത്ര അത്യസാധാരണമായ എന്താണുള്ളത്? ജനങ്ങൾ സമാധാനത്തോടെ ജീവിക്കുകയും ലാറ്റിനമേരിക്കൻ –കരീബിയൻ മേഖലയിലെ പ്രധാന സമാധാന ചർച്ചകൾക്കുള്ള വേദിയാകുകയും 1500 ലധികം വർഷമായി നിലനിൽക്കുന്ന പിളർപ്പിനു പരിഹാരം കാണുന്നതിന് കാത്തലിക് സഭയും റഷ്യൻ ഒാർത്തഡോക്സ് സഭയും ഒന്നിച്ചുകൂടുന്ന ഇടമാകുകയും ചെയ്യുന്ന ഒരു രാജ്യം എങ്ങനെയാണ് അമേരിക്കൻ ഗവൺമെന്റിന് അപൂർവമായ ഭീഷണിയായി മാറുന്നത്?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഞാൻ ഒട്ടേറെ തവണ ശ്രമിച്ചു; എന്നാൽ, ക്യൂബയ്ക്കെതിരായ സെെനിക കടന്നാക്രമണത്തെ ന്യായീകരിക്കാൻ തക്കതായ യാതൊരു കാരണവുമില്ലെന്നതാണ് സത്യം. ഒരു പക്ഷേ, അമേരിക്കൻ ഗവൺമെന്റ് ഇപ്പറയുന്ന അത്യസാധാരണവും അപൂർവവുമായ ഭീഷണി, ക്യൂബൻ ജനത മുന്നോട്ടുവയ്ക്കുന്ന ചെറുത്തുനിൽപ്പിന്റെയും സർഗാത്മകതയുടെയും മാതൃകയാവാം.

ഐക്യദാർഢ്യത്തെക്കുറിച്ച് നാം സംസാരിക്കുമ്പോൾ, സാർവദേശീയ ഐക്യദാർഢ്യത്തിന്റെ മൂല്യത്തെ നിർവചിക്കുന്ന മൂന്ന് ഘടകങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു: ഒന്നാമതായി, ജനങ്ങളുടെ സഹാനുഭൂതിയാണ്; ഒന്നിച്ചുനിൽക്കുമ്പോൾ, ഫിദൽ നമ്മെ പഠിപ്പിച്ചതുപോലെ, ചിലത് പങ്കുവയ്ക്കുവാൻ നാം പഠിച്ചിട്ടുണ്ട്. അതായത്, ഐക്യദാർഢ്യപ്പെടുമ്പോൾ, നമ്മൾ ഇതുവരെ കെെവശം വച്ചിരുന്ന ചിലത് നാം വിട്ടുകൊടുക്കുകയല്ല, മറിച്ച് നമുക്കുള്ളത് എല്ലാവരുമായും നാം പങ്കിടുകയാണ്.

ക്യൂബ എന്താണോ ചെയ്യുന്നത് അതിന് അതായത് പിന്തുണയേകുന്നു എന്നതുകൊണ്ടുതന്നെ ഐക്യദാർഢ്യം തന്ത്രപരമായൊരു പിന്നണിപ്പടയാകുന്നു; അതായത്, ക്യൂബയ്ക്കെതിരായി അമേരിക്കൻ ഗവൺമെന്റ് നടത്തുന്നതുപോലെയുള്ള വംശഹത്യാപരമായ കടന്നാക്രമണങ്ങളെ ചെറുക്കുന്ന ഞങ്ങളുടെ പോരാട്ടങ്ങൾക്ക് ഈ ഐക്യദാർഢ്യം പിന്തുണയേകുന്നു. ഓരോ സംഭാവനയും ഓരോ സാർവദേശീയ പ്രക്ഷോഭവും ലോകത്തിന്റെ വിവിധ നഗരങ്ങളിൽ നിങ്ങൾ നടത്തുന്ന ഓരോ സമരപരിപാടികളും സാമ്പത്തിക ഉപരോധത്തിൽപെട്ട് പിടയുന്ന ഞങ്ങൾക്ക് നിങ്ങൾ തരുന്ന ജീവവായുവാണ്. ഈ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും പ്രകാശപൂരിതമാക്കുന്ന വെളിച്ചവുമാണത്.

നമ്മളെല്ലാവരും പരസ്പരം പങ്കുവയ്ക്കുന്ന ഈ ഐക്യദാർഢ്യത്തിന്റെ മൂന്നാമത്തെ മൂല്യമെന്നത്, പുറന്തള്ളൽ പ്രക്രിയയ്ക്കെതിരായ ചെറുത്തുനിൽപ്പിന്റെ പ്രകടനമാണത് എന്നതാണ്. ക്യൂബയ്ക്കെതിരായി അമേരിക്ക നടത്തുന്ന ഈ കടന്നാക്രമണത്തെ ശക്തമായി തള്ളിപ്പറയുകയാണ് ഐക്യദാർഢ്യം നിർവഹിക്കുന്നത്; ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് കരുതപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെ ഉൾപ്പെടുത്തിയ പ്രവൃത്തിയെ തള്ളിപ്പറയലാണ് അത്.

ക്യൂബൻ ജനതയെ സംരക്ഷിക്കുന്നതിന് ഐക്യദാർഢ്യത്തിലൂടെ മുന്നോട്ടുവരുവാൻ നിങ്ങൾ കാണിച്ച ആവേശവും ധെെര്യവും ദൃഢനിശ്ചയവും പ്രതിബദ്ധതയും ക്യൂബ തനിച്ചല്ലെന്നും ഈ ലോകത്ത് നിങ്ങളെപ്പോലെയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ക്യൂബ തനിച്ചാവില്ലെന്നും ഞങ്ങൾക്ക് ഉറപ്പുനൽകുന്നു.

ഇന്നലെ, നമ്മളൊന്നിച്ച് ക്യൂബൻ ജനതയുടെ ധീരതയും നിശ്ചയദാർഢ്യവും സമരോത്സുകതയും ആവേശവുമെല്ലാം തെളിഞ്ഞുകാണുന്ന ഗംഭീരമായൊരു പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഇന്നലെ, ക്യൂബൻ ജനത കെെവരിച്ചത് ഈ കാലത്തിനനിവാര്യമായ രണ്ട് വിജയങ്ങളാണ്: ഒന്നാമതായി, 17 വയസ്സിനുമുകളിൽ പ്രായമുള്ള ക്യൂബൻ ജനതയുടെ 80 ശതമാനം പേരും ക്യൂബൻ വിപ്ലവത്തെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ ഒപ്പുരേഖപ്പെടുത്തി; ശക്തമായ ഈ ഉപരോധത്തിനെതിരെ, ഊർജ ഉപരോധത്തിനെതിരെ, ക്യൂബയ്ക്കു നേരെയുള്ള സെെനികാക്രമണ ഭീഷണിക്കെതിരെ അവർ തങ്ങളുടെ ഒപ്പു രേഖപ്പെടുത്തി. ജന്മനാടിനുവേണ്ടിയുള്ള, വിപ്ലവത്തിനുവേണ്ടിയുള്ള, സോഷ്യലിസത്തിനുവേണ്ടിയുള്ള ഒപ്പുകളാണവ.

രണ്ടാമത്തെ വിജയം വിപ്ലവത്തെ പിന്തുണച്ചുകൊണ്ട് ഇന്നലെ നടന്ന ഗംഭീരമായ പ്രകടനമായിരുന്നു. ഹവാനയിൽ മാത്രമല്ല, അവിടവും കടന്ന് രാജ്യത്തെ എല്ലാ നഗരങ്ങളിലും ജനസാഗരം പ്രകടനത്തിൽ അണിനിരന്നു. എത്രയായിരുന്നു പ്രകടനത്തിൽ പങ്കെടുത്തവരുടെ എണ്ണം? 50 ലക്ഷം ജനങ്ങളാണ് ക്യൂബയ്ക്കുവേണ്ടി ഇന്നലെ തെരുവിലിറങ്ങിയത്.

നമ്മളെല്ലാവരും പറഞ്ഞതുപോലെ, ഈ മെയ്-ദിനം നമുക്ക് എല്ലാ വർഷത്തെയും പോലെയല്ല, ഇത് ക്യൂബയുടെ കമാൻഡർ–ഇൻ–ചീഫായ ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആചരിക്കുന്ന വർഷം കൂടിയാണ്. ജന്മനാടിനെ സംരക്ഷിക്കാൻ ഞങ്ങളുണ്ട് എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യൂബയുടെ പ്രതികരണമാണതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇന്നലെ എന്നോട് ചിലർ ചോദിച്ചു, ഈ മെയ്-ദിനത്തിൽ എന്താണിത്ര അത്യസാധാരണമായുള്ളത് എന്ന്. ശരിയാണ്, നമ്മൾ ഇപ്പോൾ ജീവിക്കുന്ന സാഹചര്യത്തിലും ഫിദൽ എന്ന നമ്മുടെ കമാൻഡർ–ഇൻ–ചീഫിനോട് കാണിക്കേണ്ട പ്രതിബദ്ധതയാണത്; അത് ഈ മെയ്ദിനത്തിൽ നമ്മൾ വ്യക്തമായി പ്രതിഫലിപ്പിച്ചു. പക്ഷേ, നിങ്ങൾ ശ്രദ്ധിക്കാതെ പോയ അതുല്യമായൊരു വസ്തുത ഇവിടെയുണ്ട് എന്ന് ഞാൻ കരുതുന്നു; ഇന്നലത്തെ പ്രകടനത്തിൽ പുതുതലമുറകൾ ചരിത്രപരമായ നമ്മുടെ പതാകകൾ ഉയർത്തിപ്പിടിച്ചു എന്നതാണത്.

വിപ്ലവപ്രവർത്തനവുമായി മുന്നോട്ടുപോകുന്നതിൽനിന്നും ക്യൂബയിലെ യുവജനങ്ങളെ തടയുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് വിപ്ലവത്തിന്റെ ശത്രുക്കൾ ചെലവഴിക്കുന്നത്. ജനങ്ങളിൽനിന്നുള്ള പിന്തുണയുണ്ടാകില്ലെന്നും ഇത് വളരെ കുറച്ചു മാത്രം ആളുകൾ പങ്കെടുത്തുകൊണ്ടുള്ള ഒരു പരേഡോ പ്രകടനമോ ആയിരിക്കുമെന്നും വിപ്ലവത്തിന്റെ ശത്രുക്കൾ പ്രവചിച്ചു. എന്നിട്ടെന്താണ് ഉണ്ടായത്? ക്യൂബയിൽ നമ്മൾ പറയുന്നതുപോലെ, അവരെല്ലാം ആപ്പൂരിയ കുരങ്ങന്റെ അവസ്ഥയിലായി. യുവാക്കൾ വിപ്ലവത്തെ സംരക്ഷിക്കുന്നതിനായി മുന്നോട്ടുവരികയും ചെയ്തു. ക്യൂബയിലെ യുവാക്കൾ വിപ്ലവത്തെ ചേർത്തുപിടിക്കുന്നതിനായി മുന്നോട്ടുവന്നത് ഫിദലിന്റെ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകുമെന്ന ദൃഢനിശ്ചയത്തോടെയാണ്.

അതുകൊണ്ടുതന്നെ ‘‘ഉപരോധം കൂടുതൽ തീവ്രമാക്കിയതിന്റെ ഭാഗമായി രാജ്യം നേരിടുന്ന സങ്കീർണമായ സാമ്പത്തിക സാഹചര്യത്തെ കണക്കാക്കാതെ നടന്ന’’ ഒരു മാർച്ചല്ല നമ്മളിന്നലെ കണ്ടത്. ഒരിക്കലും അതിനെ അങ്ങനെ കാണുകയുമരുത്- ! നമ്മുടെ രാജ്യത്തെ ദെെനംദിന ജീവിതത്തെയും സമ്പദ്ഘടനയെയും ബാധിക്കുന്ന എല്ലാ കാര്യങ്ങളെയും എതിർക്കുവാനുറച്ച് നിലകൊള്ളുന്ന സമരോത്സുകരായ, ഇച്ഛാശക്തിയുള്ള ജനങ്ങളുടെ മാർച്ചാണ് ഇന്നലെ നമ്മൾ കണ്ടത്. തങ്ങൾക്കിഷ്ടമുള്ള രാഷ്ട്രീയ വ്യവസ്ഥ തിരഞ്ഞെടുക്കുവാനും ആ രാഷ‍്ട്രീയ വ്യവസ്ഥയെ സംരക്ഷിക്കുവാനും അതിനകത്ത് ജീവിക്കുവാനും വികസിക്കുവാനുമുള്ള എല്ലാ അവകാശവും തങ്ങൾക്കുണ്ട് എന്ന് വ്യക്തമായും ഉച്ചത്തിലും വിളിച്ചുപറഞ്ഞ അന്തസ്സുറ്റ, ധീരരായ, അചഞ്ചലമായി നിൽക്കുന്ന ജനതയുടെ സമരോത്സുകമായ പ്രഖ്യാപനമായിരുന്നു അത്. അതുകൊണ്ടാണ് ആ മനുഷ്യർ ഇന്നലെ നിങ്ങളോടൊപ്പം ചേർന്ന് ഇങ്ങനെ ആർത്തുവിളിച്ചത്: ‘‘ഉപരോധം അവസാനിപ്പിക്കുക!’’ നമ്മളെപ്പോഴും ആവശ്യപ്പെടുന്നതുപോലെ അവർ ഉപരോധം നീക്കം ചെയ്യട്ടെ, നമ്മളെന്താണ് ചെയ്തുവച്ചിരിക്കുന്നതെന്ന് അപ്പോൾ നമുക്കവർക്ക് കാണിച്ചുകൊടുക്കാം!

ഇനി നമുക്ക് ലോകത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ പറയാം. ബഹുമുഖ പരിപ്രേക്ഷ്യത്തിൽനിന്നുകൊണ്ട്, വികസ്വര–അവികസിത രാഷ്ട്രങ്ങൾക്കും അവിടങ്ങളിലെ ജനങ്ങൾക്കും വേണ്ടി ബദൽ സാധ്യതകൾ മുന്നോട്ടുവയ്ക്കുന്ന രാജ്യങ്ങളുണ്ട്. സാമ്രാജ്യത്വ ദുരുപയോഗങ്ങൾക്കെതിരെ കൂടുതൽ കൂടുതൽ ശബ്ദങ്ങളുയർന്നു വരുന്നുമുണ്ട്. അമേരിക്കൻ ഗവൺമെന്റിലെ മുഖ്യപ്രതിനിധികൾ അമേരിക്കയിലെ ജനങ്ങൾക്കിടയിൽ വിശ്വാസ്യതയുടെ പ്രശ്നം നേരിടുന്നുമുണ്ട്.

മുതലാളിത്തവും സാമ്രാജ്യവും പ്രതിസന്ധിയിലാകുമ്പോഴാണ് ഏറ്റവും തീവ്രമായ യാഥാസ്ഥിതിക ആശയങ്ങൾ, തീവ്ര വലതുപക്ഷ ആശയങ്ങൾ, വീണ്ടും ഉയർന്നു വരുന്നത്; -ഫാസിസം ഇപ്പോൾ വീണ്ടും ഉയർന്നു വരുന്നതിനുപിന്നിലെ കാരണവും അതുതന്നെ; ഇപ്പോഴത്തെ അമേരിക്കൻ ഗവൺമെന്റ് ഇത്തരത്തിലൊരു ഫാസിസ്റ്റ് ഗവൺമെന്റാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടാണത് പലസ്തീനിലെയും ലബനനിലെയും ജനങ്ങൾക്കെതിരായി നടത്തുന്ന വംശഹത്യപോലെ, ലോകത്താകെ വംശഹത്യാ പ്രവർത്തനങ്ങൾ നടത്തുന്നത്; അല്ലെങ്കിൽ പിന്നെന്തിനാണ് അന്താരാഷ‍്ട്ര സംഘർഷങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കടന്നാക്രമണവും യുദ്ധത്തിന്റെ ഭാഷയും ഉപയോഗിക്കുന്നത്?

വാസ്തവത്തിൽ, പ്രത്യയശാസ്ത്രപരമായൊരു യുദ്ധത്തിന്റെയും സാംസ്കാരിക യുദ്ധത്തിന്റെയും മാധ്യമ യുദ്ധത്തിന്റെയും നടുവിലാണ് നമ്മൾ. എന്തുകൊണ്ടാണ് സാമ്രാജ്യം ഈ യുദ്ധം പ്രത്യയശാസ്ത്രപരമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്? ആധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള അധീശത്വപരമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. അവർക്ക് ലോകത്തെ അടക്കിവാഴണം; നമ്മുടെ ജനങ്ങളെ, നമ്മളെയേവരെയും അടക്കിവാഴണം; രാഷ്ട്രങ്ങളെ അടക്കിവാഴണം. എന്തുകൊണ്ടാണ് അതൊരു സാംസ്കാരിക യുദ്ധമാകുന്നത്? കാരണം മേൽപറഞ്ഞതുപോലെ ചെയ്യണമെങ്കിൽ, അവർക്ക് നമ്മുടെ മനസ്സുകളെ വരുതിയിലാക്കുകയും അടക്കിവാഴുകയും ചെയ്യണം; അതുകൊണ്ടാണവർ നമ്മുടെ ജനങ്ങളെ തങ്ങളുടെ വേരുകളിൽനിന്ന്, സത്തയിൽനിന്ന്, സംസ്കാരത്തിൽനിന്ന് അടർത്തിമാറ്റുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. അതിനാലാണ് അവർ നമ്മുടെ ജനങ്ങളുടെ സംസ്കാരത്തെയും ചരിത്രത്തെയും കടന്നാക്രമിക്കുന്നത്.

ഒപ്പം തന്നെ പറയട്ടെ, ഇതൊരു മാധ്യമയുദ്ധം കൂടിയാണ്; കാരണം അധീശാധിപത്യപരമായ മൂല്യങ്ങളും വിദേ-്വഷവും പ്രചരിപ്പിക്കുന്നതിനുവേണ്ടി, രാജ്യങ്ങളുടെയും നേതാക്കളുടെയും ഖ്യാതി ഇല്ലാതാക്കുന്നതിനുവേണ്ടി, പാശ്ചാത്യസംസ്കാരം അടിച്ചേൽപ്പിക്കുന്നതിനുവേണ്ടി, ജനങ്ങളെയും വിപ്ലവ പ്രക്രിയകളെയും അപകീർത്തിപ്പെടുത്തുന്നതിനു വേണ്ടി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും മാധ്യമകേന്ദ്രങ്ങളുടെയും സകലശൃംഖലകളെയും അവർ ഉപയോഗിക്കുകയാണ്. അവർ ഇത് ചെയ്യുന്നത് വസ്തുതകളെ വക്രീകരിച്ചു കൊണ്ടാണ്; അതായത്, അപവാദങ്ങളും നുണക്കഥകളും വ്യാജവാർത്തകളും പടച്ചുവിട്ടുകൊണ്ടും മാധ്യമ ആഖ്യാനങ്ങൾ മെനഞ്ഞുകൊണ്ടുമാണത് നടപ്പാക്കുന്നത്; അങ്ങനെ ഈ നുണക്കഥകളുടെ ആവർത്തനവും അതു സംബന്ധിച്ച ആഖ്യാനവും ഒടുവിൽ ലോകത്താകമാനമുള്ള പലരും അംഗീകരിക്കുന്ന സത്യമായി മാറുന്നു. നിങ്ങൾ സൂക്ഷ്മമായി നോക്കൂ, ഇതാണവർ അടുത്തകാലത്തായി ചെയ്തുകൊണ്ടിരിക്കുന്നത്.

വെന-സേ-്വലയ്ക്കെതിരെ എന്താണ് ചെയ്തത്? മയക്കുമരുന്ന് വ്യവസായം നടത്തുന്ന ഒരു ഭരണകൂടമാണ് വെനസേ-്വലയിലേത് എന്ന മാധ്യമ ആഖ്യാനം നിർമിക്കുവാൻ തുടങ്ങി; ബൊളിവേറിയൻ വിപ്ലവത്തിന്റെ നീതിമാനായ പ്രസിഡന്റ് നിക്കോളസ് മദുറോയെ രാഷ്ട്രീയമായും ശാരീരികമായും കടന്നാക്രമിക്കാൻ അവർ ശ്രമിച്ചു. അതിനുശേഷം അവർ വെനസേ-്വലയ്ക്കുമേൽ നാവിക ഉപരോധം ചുമത്തുകയും കഴിഞ്ഞ ഇരുപത് വർഷത്തിനകത്ത് കരീബിയൻ മേഖലയിൽ വിന്യസിച്ചതിൽ വെച്ചേറ്റവും വലിയ അമേരിക്കൻ സെെനിക സാന്നിധ്യം വിന്യസിക്കുകയും ചെയ്തു.

നാർകോ– ഭരണകൂടമാണെന്ന ആഖ്യാനത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് വെനസേ-്വലൻ കപ്പലുകളെ ആക്രമിക്കുന്നതിനെ അവർ ന്യായീകരിച്ചു; ശരിക്കുപറഞ്ഞാൽ, ആ ആക്രമണം തന്നെ യാതൊരു നിയമസാധുതയുമില്ലാത്ത കുറ്റകൃത്യമാണ്. ഈ കപ്പലുകൾ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടോ, അതിലെ ആളുകൾ അതുമായി ബന്ധപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും തെളിയിക്കുക പോലും ചെയ്യാതെ അവയ്ക്കു നേരെ നടത്തുന്ന കുറ്റകൃത്യം തന്നെയാണത്. മാധ്യമ ആക്രമണം നടത്തി എല്ലാവിധ സാഹചര്യങ്ങളും സൃഷ്ടിച്ചതിനുശേഷം അമേരിക്ക വെനസേ-്വ
ലയെ ആക്രമിക്കുകയും, നീതിമാനായ അവിടുത്തെ പ്രസിഡന്റ് നിക്കോളസ് മദുറോയെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയെയും അമേരിക്കയിൽ വിചാരണ ചെയ്യുന്നതിനായി തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇവിടെ നാമോരോരുത്തരും കാണേണ്ട ഒരു കാര്യം, മദുറോയെ അവർ തട്ടിക്കൊണ്ടുപോയതിനുശേഷം, വളരെ പെട്ടെന്നുതന്നെ വെനസേ-്വലയ്ക്കുമേൽ ചുമത്തപ്പെട്ടിരുന്ന മയക്കുമരുന്ന് ശൃംഖലയെ സംബന്ധിച്ച ആഖ്യാനം അപ്രത്യക്ഷമായത് എങ്ങനെയെന്നാണ്; അവർ നിർമിച്ചെടുത്ത നുണകൾ എങ്ങനെ മാഞ്ഞുപോയി എന്നാണ്; അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ എങ്ങനെ ഇപ്പോഴും നിലനിൽക്കുന്നു എന്നാണ്.

അത്തരത്തിൽ തന്നെയാണ് ഇറാൻ അണുബോംബ് ഉണ്ടാക്കുന്നതിനുവേണ്ടി ഒരു ആണവോർജ പരിപാടി വികസിപ്പിക്കുകയാണെന്നും അത് ലോകത്തിനാകെ ഭീഷണിയാണെന്നുമുള്ള ആഖ്യാനം അമേരിക്ക ചമയ്ക്കുന്നത്. ആഴ്ചകളായി ഇറാനിൽ നടക്കുന്ന യുദ്ധം നമ്മൾ കാണുകയാണ്; ഇറാനിയൻ ജനത നടത്തുന്ന വീരോചിതമായ ചെറുത്തുനിൽപ്പിന് നാം സാക്ഷ്യംവഹിക്കുകയാണ്. പക്ഷേ, ഇതെല്ലാം അവിടെ നടന്നിട്ടും നമ്മൾ ഇതുവരെയും കാണാത്തൊരു കാര്യം, ഇറാനിലെ അണുബോംബാണ്; അഥവാ അണുബോംബ് ഉപയോഗിക്കുമെന്ന ഇറാന്റെ ഭീഷണിയാണ്. വാസ്തവത്തിൽ ആരാണ് അണുബോംബ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്? യാതൊരു സംശയവും വേണ്ട, അത് അമേരിക്കൻ ഗവൺമെന്റുതന്നെയാണ്.

ഇനി നമുക്ക് ക്യൂബയുടെ കാര്യത്തിലേക്കു വരാം. നമ്മൾ അമേരിക്കയ്ക്ക് അസാധാരണവും അസാമാന്യവുമായൊരു ഭീഷണിയാണെന്നും, നമ്മൾ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും, പരാജയപ്പെട്ടൊരു ഭരണകൂടമാണ് ഇവിടെയുള്ളതെന്നും, നമ്മൾ സാമ്പത്തിക തകർച്ചയിലാണെന്നും, ക്യൂബയിലെ ജനങ്ങളുടെ ദുരവസ്ഥയോർത്ത് തങ്ങൾ അങ്ങേയറ്റം ഉ‍ത്കണ്ഠാകുലരാണെന്നും അവകാശപ്പെടുന്ന വിപുലമായ ക്യാമ്പയ്ൻ അമേരിക്കൻ ഗവൺമെന്റ് പടച്ചുവിടുകയാണ്. തികച്ചും വിരോധാഭാസകരവും തെറ്റിദ്ധാരണ പടർത്തുന്നതുമായ ഒരു ക്യാമ്പയ്നാണത്. അമേരിക്കൻ ഗവൺമെന്റ് അത്രയധികം ഉത്കണ്ഠാകുലരാണെങ്കിൽ, അവർ ആദ്യം തന്നെ ഉപരോധം നീക്കം ചെയ്യട്ടെ; കാരണം, ക്യൂബയിലെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ വേരാഴ്ത്തിയിരുന്നത് വർഷങ്ങളായി അമേരിക്കൻ ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിലാണ്. ക്യൂബയ്ക്കെതിരെ ഒരു വിഭാഗം രാജ്യങ്ങളിലെ ഗവൺമെന്റുകൾക്കുമേൽ അമേരിക്കൻ ഗവൺമെന്റ് നടത്തുന്ന സമ്മർദ്ദവും ഈ ക്യാമ്പയ്ന്റെ ഭാഗമാണ്; ഐക്യദാർഢ്യത്തിന്റെ അടിസ്ഥാനത്തിൽ ക്യൂബ മുന്നോട്ടുവയ്ക്കുന്ന മെഡിക്കൽ സഹകരണം അറുത്തുമാറ്റുവാൻ അവിടങ്ങളിലെ ഭരണകർത്താക്കൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നു.

മേഖലാതല യോഗങ്ങളിൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ചില നേതാക്കളെ ‘‘കയ്യിലെടുക്കാൻ’’ അമേരിക്കൻ ഗവൺമെന്റ് ശ്രമം നടത്തി. അമേരിക്കയ്ക്കുള്ള സമ്മാനമെന്നോന്നം ചിലർ ക്യൂബയുമായുള്ള ബന്ധം വേർപെടുത്തുവാൻ അഥവാ നയതന്ത്ര ബന്ധം വിച്ഛേദിക്കുവാൻ സന്നദ്ധരാകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മറ്റു ചിലർ, ഭീതിദമായൊരുതരം വിദേ–്വഷത്തോടെയും അന്തസ്സില്ലായ്മകൊണ്ടും ‘എരിതീയിലെണ്ണ ഒഴിച്ചുകൊണ്ട്’’ ചക്രവർത്തിയോട് ചോദിച്ചു: ‘‘ക്യൂബയുടെ പ്രശ്നം എപ്പോഴാണ് നിങ്ങൾ പരിഹരിക്കുവാൻ പോകുന്നത്?’’

അപ്പോൾ, ആ സാഹചര്യത്തിൽ, ഡിസംബറിൽ, ഊർജത്തിന്റെ കാര്യത്തിൽ വെനസേ-്വല ഉപരോധിക്കപ്പെട്ട ഏതാണ്ടതേ സമയത്തുതന്നെ, ക്യൂബയ്ക്ക് എണ്ണ ലഭ്യമാകുന്നതും തടയപ്പെട്ടു. പിന്നീട്, ജനുവരി 29ലെ എക്സിക്യൂട്ടീവ് ഉത്തരവ് വന്നു; അതിനെതുടർന്ന്, റഷ്യയിൽനിന്നും ഇന്ധനം നിറച്ച ഒരു കപ്പൽ ക്യൂബൻ തീരത്തെത്തുന്നതുവരെ നാലുമാസം നമ്മൾ ഇന്ധനമില്ലാതെ കഴിഞ്ഞു; റഷ്യയിൽ നിന്നെത്തിയ എണ്ണ ഉപയോഗിച്ച് രണ്ടാഴ്ച നമ്മൾ രാജ്യത്തെ വെെദ്യുതി പ്രശ്നം നികത്തി; പക്ഷേ ആ എണ്ണ ഇപ്പോൾ കഴിയാറായിരിക്കുന്നു; ക്യൂബയിലേക്ക് കൂടുതൽ ഇന്ധനം ഇനിയെന്നെത്തുമെന്ന് നമുക്കറിയില്ല.

അടിയുറച്ചുനിൽക്കുവാൻ ക്യൂബൻ ജനത കാണിച്ച മഹത്തായ സന്നദ്ധത അമേരിക്കയെ അസ്വസ്ഥമാക്കി; അതുകൊണ്ടുതന്നെ, Imposition of Sanctions on Those Responsible for Repression in Cuba and Threats to US National Security and Foreign Policy” എന്ന പേരിൽ മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവ് കൂടി ഇറക്കി. മുന്നത്തെ എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞ മുടന്തൻ ന്യായങ്ങൾ തന്നെയാണ് ഇതിലും പറയുന്നത്.

ക്യൂബൻ സമ്പദ്ഘടനയെ തകർക്കാനും ഭരണമാറ്റം എന്ന രൂപത്തിൽ അവർ ആഗ്രഹിക്കുന്നത് ബലമായി നടപ്പാക്കാനും വേണ്ടി രൂപകൽപ്പന ചെയ്ത അടിസ്ഥാനസ്തംഭത്തിനുചുറ്റും നിർമിച്ചിട്ടുള്ള ഒരു നടപടിയാണിത്. ആദ്യംതന്നെ, അമേരിക്കൻ ഗവൺമെന്റ് മേഖലാതല ഉപരോധങ്ങൾ ചുമത്തി; പ്രസ്തുത മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുളള അമേരിക്കൻ ആസ്തി തടഞ്ഞുവച്ചുകൊണ്ടായിരുന്നു അത്. അതിനവർ തിരഞ്ഞെടുത്ത മേഖലകൾ ഏതൊക്കെയാണെന്ന് നോക്കൂ: ഊർജം, പ്രതിരോധം, ഖനനം, ഒപ്പം തന്നെ ദ്വീപിലെ ധനകാര്യസേവനങ്ങൾ. അങ്ങനെ 60 വർഷത്തിലേറെയായി ഉപരോധത്താൽ ആക്രമിക്കപ്പെടുകയും കാര്യമായി ബാധിക്കുകയും ചെയ്തിട്ടുള്ള നമ്മുടെ നിർണായക വരുമാന സ്രോതസ്സുകളെ അവർ കൂടുതൽ കടന്നാക്രമിക്കുകയായിരുന്നു. പിന്നീട് 2019ന്റെ രണ്ടാം പാതിയിൽ, ഉപരോധം ശക്തമാക്കുന്നതിനുവേണ്ടി ട്രംപ് 240 നടപടികൾ നടപ്പാക്കിയതോടെ, ഉപരോധം കൂടുതൽ തീക്ഷ്ണമായി; 2020 ജനുവരിയിൽ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കൻ ഗവൺമെന്റ് നമ്മളെ ഉൾപ്പെടുത്തി; ആദ്യം ബെെഡൻ ഭരണത്തിലും പിന്നീട് ട്രംപിന്റെ രണ്ടാം ഭരണത്തിലുമുടനീളം മേൽപറഞ്ഞ നടപടികളെല്ലാം നടപ്പാക്കിപ്പോന്നു; ഇപ്പോൾ ഉൗർജ ഉപരോധം ശക്തമാക്കുകയും എക്സിക്യൂട്ടീവ് ഉത്തരവോടുകൂടി അത് കൂടുതൽ തീക്ഷ്ണമാക്കുകയും ചെയ്തു.

ഈ നടപടിയുടെ രണ്ടാമത്തെ അടിസ്ഥാനം സ്തംഭം, ക്യൂബൻ സംരംഭങ്ങളുമായി പണമിടപാട് നടത്തിയാൽ അമേരിക്കൻ ഫിനാൻഷ്യൽ സംവിധാനത്തിലേക്കുള്ള വാതിലുകൾ കൊട്ടിയടയ്ക്കുമെന്ന് പറഞ്ഞുകൊണ്ട് മൂന്നാം ലോക രാജ്യങ്ങളിലെ ബാങ്കുകളെ ഭീഷണിപ്പെടുത്തുക വഴി ആഗോളതലത്തിൽ ധനപരമായ ഹിംസ നടപ്പാക്കുക എന്നതായിരുന്നു. ഈ നടപടിക്ക് അവർ നൽകിയ അന്താരാഷ്ട്രവത്കരണത്തിന്റെ തോത് നോക്കൂ; ക്യൂബയ്ക്കെതിരായ ഉപരോധത്തെ അത് അങ്ങേയറ്റം തീവ്രമാക്കി.

മൂന്നാമതായി, ഈ ഉപരോധങ്ങൾ അടിയന്തരമായി പ്രയോഗത്തിൽ വരുത്തണമെന്ന് അമേരിക്കൻ ഗവൺമെന്റ് തീർപ്പുകൽപ്പിച്ചു; അത് മുൻകൂട്ടി എന്തെങ്കിലും ക്രമീകരണം വരുത്തുവാനുള്ള അവസരം ഇല്ലാതാക്കുകയും, തക്കസമയത്ത് നിയമപരമായ അപ്പീൽ നൽകാനുള്ള സാധ്യത നിഷേധിക്കപ്പെടുകയും ചെയ്തു.

ലളിതമായി പറഞ്ഞാൽ, അന്താരാഷ്ട്ര ബന്ധങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് നോക്കിയാൽ, അമേരിക്കയുടെ പ്രത്യക്ഷവും ഏകപക്ഷീയവുമായ ഇടപെടലാണ് ഈ എക്സിക്യൂട്ടീവ് ഉത്തരവിൽ കാണുന്നത്; മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കെെകടത്തുന്ന ഒരിക്കലും അംഗീകരിക്കാനാവാത്തൊരു പ്രവൃത്തിയാണത്. സാമ്പത്തികമായ ബലപ്രയോഗത്തിലൂടെ ഒരു രാഷ്ട്രീയ മാതൃക അടിച്ചേൽപ്പിക്കാനുള്ള വ്യക്തമായ ശ്രമമാണത്; ബഹുമുഖവാദത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് മറ്റ് രാഷ്ട്രങ്ങളുടെ നയങ്ങളെ വരുതിക്കു കൊണ്ടുവരുന്നതിനുവേണ്ടി സ്വന്തം ആഭ്യന്തര നിയമത്തെ ഉപയോഗിക്കുക വഴിയാണ് അത് നടപ്പാക്കുന്നത്. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × three =

Most Popular