എൽഡിഎഫ് ഗവൺമെന്റിന്റെ പാരിസ്ഥിതികമായ ഉൾക്കാഴ്ചയുടെയും വികേന്ദ്രീകൃത മാലിന്യ സംസ്കരണമെന്ന ശാസ്ത്രീയ സമീപനത്തിന്റെയും പ്രയോഗമാതൃകയാണ് ഹരിതകർമ്മസേന. മാലിന്യസംസ്കരണത്തിൽ ഒരു പുതുസംസ്കാര നിർമിതിയുടെ പതാകവാഹകരായി മാറിയ ഹരിതകർമ്മസേന ഇന്ന് നമ്മുടെ നാടിന്റെയാകെ സ്പന്ദനമാണ്. തുടക്കകാലത്ത് നാട്ടുകാർ അന്യരെപ്പോലെ കണ്ട് അവഗണിച്ചിരുന്ന നിലയിൽനിന്ന് 8 വർഷത്തിനിപ്പുറം, ഇന്ന് ഹരിതകർമ്മസേനാംഗങ്ങൾ ജനപ്രതിനിധികൾവരെയായിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും അവർ കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധവും സൗഹൃദവും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അവർക്ക് ധെെര്യവും പിന്തുണയുമേകി. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് 547 ഹരിതകർമ്മസേനാംഗങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അതിൽ 250 ഓളം പേർ വിജയിച്ചു. ഹരിതകർമ്മസേനാംഗം എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലുമുള്ള തങ്ങളുടെ അനുഭവങ്ങൾ അവരിൽ ചിലർ പങ്കുവയ്ക്കുകയുണ്ടായി.
‘‘ഹരിതകർമ്മസേനയേക്കാൾ
വലുതായി എനിക്ക് മറ്റൊന്നുമില്ല.’’
കണ്ണൂർ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട, ഹരിതകർമ്മസേനാംഗമായ എ സജിലയുടെ വാക്കുകളാണിത്. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ സജിലയുടെ ഇൗ പുതിയ പദവിയിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. കുഞ്ഞുനാളിലേ അമ്മ മരിച്ചു. പിന്നീട് ചേച്ചിയുടെ സംരക്ഷണയിലാണ് വളർന്നത്. 11ഉം 13ഉം വയസ്സുള്ളപ്പോഴേ കൂടപ്പിറപ്പുകളായ സഹോദരന്മാർക്ക് കുടുംബം പുലർത്താൻ കൂലിപ്പണിയെടുക്കേണ്ടി വന്നു. ദാരിദ്ര്യത്തിനും പ്രാരാബ്ധങ്ങൾക്കും നടുവിലും സജില ബിഎസ്-സി മാത്തമാറ്റിക്സ് പാസായി. വിവാഹം കഴിഞ്ഞശേഷം സ്വന്തമായി വരുമാനം കണ്ടെത്തേണ്ട സാഹചര്യം വന്നു. ആദ്യം തൊഴിലുറപ്പിന് ചേർന്നു. അന്ന് ഹരിതകർമ്മസേന നിലവിൽ വന്നിട്ടില്ല. പിന്നീട് 2018ലാണ് ഹരിതകർമ്മ സേനയിൽ അംഗമാകുന്നത്. സജില പറയുന്നു: ‘‘ആദ്യമൊക്കെ നാട്ടുകാർക്ക് സംശയമായിരുന്നു. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന്. എന്നാൽ അങ്ങനെയല്ല എന്ന് ഞങ്ങൾ തെളിയിച്ചു’’.

സജില തുടരുന്നു: ‘‘പഞ്ചായത്തിൽ മൊത്തം 36 പേരാണ് സേനയിലുള്ളത്. അജെെവമാലിന്യങ്ങളായിരുന്നു ശേഖരിച്ചിരുന്നത്. 15–20 ദിവസംകൊണ്ട് ശേഖരിച്ചു തീരും. പിന്നീടത് ലിഫ്റ്റിങ് വാനിൽ കയറ്റി എംസിഎ-ഫിൽ എത്തിക്കും. 100 കി.ഗ്രാം വരെ പ്ലാസ്റ്റിക് കംപ്രസ്ചെയ്ത് ക്ലീൻ കേരള കമ്പനിക്ക് കെെമാറും. ഇതാണ് സാധാരണ പ്രോസസ്. ജെെവ മാലിന്യ സംസ്കരണത്തിന് ഞങ്ങൾ വികേന്ദ്രീകൃത രീതിയാണ് പിന്തുടരുന്നത്. എല്ലാ വീടുകളിലും റിങ് കമ്പോസ്റ്റ് സംവിധാനമുണ്ട്. അതിന് പഞ്ചായത്ത് സബ്സിഡി നൽകുന്നുണ്ട്.’’
പേരളശ്ശേരിയെ പ്ലാസ്റ്റിക് മാലിന്യരഹിതപഞ്ചായത്താക്കാൻ കർശനമായ നടപടികൾ സ്വീകരിച്ചുവരുന്നു. കല്യാണം പോലെയുള്ള ചടങ്ങുകൾ നടക്കുന്ന വീടുകളിൽ ഡിസ്പോസബിൾ മെറ്റീരിയലുകൾ ഉപയോഗിക്കാൻ പാടില്ല. അതേപറ്റി സജില പറയുന്നു: ‘‘നമ്മുടെ പഞ്ചായത്ത് പൂർണമായും ‘‘ഡിസ്പോസബിൾ ഫ്രീ’’യാണ്. പ്രസിദ്ധമായ കൊട്ടിയൂർ ഉത്സവ സമയത്ത് ഒാരോ കടയിൽനിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കളക്ട് ചെയ്യും; അവയെ വേർതിരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതും ഞങ്ങൾതന്നെ. ഈ സേവനം സൗജന്യമായിട്ടാണ് ചെയ്യുന്നത്.’’
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ സജില പറഞ്ഞത്, ‘‘വീടുകളുമായി കൂടുതൽ അടുക്കാനുള്ള സാഹചര്യം വന്നത് കോവിഡ് കാലത്താണ്. അന്ന് വീടുകളിൽനിന്ന് മാലിന്യമെടുക്കുക മാത്രമല്ല ചെയ്തത്. ക്വാറന്റൈനിലായിരുന്നവർക്ക് മരുന്നും ഭക്ഷണവും ആവശ്യമായ എല്ലാ സഹായവും എത്തിച്ചുകൊടുക്കുകയും ചെയ്തു. മത്സരിക്കാൻ അവരുടെ പ്രോത്സാഹനവും പിന്തുണയുമുണ്ടായി. 998 വോട്ടിനു ഞാൻ വിജയിച്ചു.’’
ഇനി ഹരിതകർമ്മസേനയിലേക്കു തിരിച്ചുപോകുമോ എന്ന ചോദ്യത്തിന്, ‘‘ഹരിതകർമ്മസേനയേക്കാൾ വലുതായി മറ്റൊന്നുമെനിക്കില്ല’’ എന്നാണ് സജില മറുപടി പറഞ്ഞത്.
‘‘ഞാൻ അധ്വാനിക്കുന്ന കൂട്ടത്തിലാ…’’
ഇടുക്കി ഏലപ്പാറ പഞ്ചായത്തിലെ മനോഹരമായ വാഗമൺ പ്രദേശത്തെ പുള്ളിക്കാനം വാർഡ് മെമ്പറായ ജെൻസി സ്റ്റാലിൻ കഠിനാധ്വാനിയാണ്. കുടുംബശ്രീയുമായി ദീർഘകാലത്തെ സജീവബന്ധം. ഉപജീവനത്തിനായി തൊഴിലുറപ്പ് പണിക്കിറങ്ങി. അപ്പോഴാണ് പഞ്ചായത്ത് ഹരിതകർമ്മസേന രൂപീകരിക്കുന്നതായി അറിയുന്നത്. ആലോചിച്ചപ്പോൾ കൊള്ളാം. ഒരു സ്ഥിരവരുമാനമാകും; ഒപ്പം നാടിനെയും സേവിക്കാം. ഈ ചിന്തയാണ് ജെൻസി സ്റ്റാലിനെ ഹരിതകർമ്മസേനയിലേക്കെത്തിച്ചത്.

ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള വാഗമൺ അതുകൊണ്ടുതന്നെ വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന പ്രദേശമാണ്. നിറയെ റിസോർട്ടുകളുണ്ട്. മഞ്ഞും മഴയും വന്ന് എപ്പോൾ വേണമെങ്കിലും കാലാവസ്ഥ ദുഷ്കരമാകാം. എന്നാൽ കാലാവസ്ഥ എത്ര പ്രതികൂലമായാലും ഹരിതകർമ്മസേന മുന്നിട്ടിറങ്ങും. മെമ്പർ ജെൻസി മുന്നിൽത്തന്നെയുണ്ടാകും. ‘‘പലപ്പോഴും കാറ്റും മഴയുംകൊണ്ടാണ് ചവറെടുക്കുന്നത്. മഴയത്ത് ചവറ് നനഞ്ഞുകഴിഞ്ഞാൽ വല്ലാതെ ബുദ്ധിമുട്ടും. എന്നാലും അതു നമ്മുടെ ഉത്തരവാദിത്വമല്ലേ. ചിലപ്പോ മഴ പെയ്ത് തുമ്പൂർമൂഴി നിറയും. ജോലി വളരെ പ്രയാസകരമാകും’’– ഇത്തരം നിരവധി പ്രശ്നങ്ങൾക്കിടയിലും ജെൻസി ഹാപ്പിയാണ്. നല്ലൊരു ജീവിതമാർഗമല്ലേ ഇത് എന്നാണ് ജെൻസി ചോദിക്കുന്നത്.
ഹരിതകർമ്മസേന നാട്ടിലെന്തെല്ലാം മാറ്റങ്ങളുണ്ടാക്കി എന്ന ചോദ്യത്തിന്, ‘‘ഞങ്ങടെ ഏറ്റവും എടുത്തുപറയാവുന്ന നേട്ടം ഇവിടെ ഹരിത ചെക്ക്പോസ്റ്റ് കൊണ്ടുവരാനായതാണ്. റിസോർട്ടുകളിൽനിന്നും ചെക്ക്പോസ്റ്റിലൂടെ കടന്നുവരുന്ന വണ്ടികളിൽനിന്നും കാലിക്കുപ്പികളും മറ്റ് പ്ലാസ്റ്റിക് വേസ്റ്റുകളും ഞങ്ങൾ കളക്ട് ചെയ്യും. അതിന് 20 രൂപ ഫീസ് വാങ്ങും.’’ വാഗമണ്ണിന്റെ പ്രകൃതി ചാരുതയിലേക്ക് പ്ലാസ്റ്റിക്കിനെ കടത്തിവിടില്ലെന്നത് ഇവിടത്തെ ഹരിതകർമ്മസേനക്കാരുടെ ദൃഢനിശ്ചയമാണ്.
ജെൻസിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതിനിടയിലാണ് എസ്എസ്എൽസി പാസായത്. ഇപ്പോൾ തുടർവിദ്യാഭ്യാസം വഴി + 2ന് പഠിക്കുന്നു. പ്രായം ഒന്നിനും ഒരു തടസമല്ല. ഇതിനിടയ്ക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. അധ്വാനിക്കാൻ മനസ്സുണ്ടായാൽ മതിയെന്നാണ് ജെൻസി ജീവിതംകൊണ്ട് തെളിയിച്ചത്.
‘‘എനിക്ക് അന്നംതന്ന ജീവിതമാർഗം’’
കഴിഞ്ഞ 6 വർഷമായി ഹരിതകർമ്മസേനയിൽ പ്രവർത്തിച്ചിരുന്ന ബിന്ദുലക്ഷ്മി ഇന്ന് കൊല്ലം കുളക്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. ബാലസംഘം, ഡിവെെഎഫ്ഐ, മഹിളാ അസോസിയേഷൻ എന്നിവയിലെല്ലാം പ്രവർത്തിച്ച ബിന്ദുലക്ഷ്മിക്ക് ജനങ്ങളുമായി ഒരു ജെെവ ബന്ധമുണ്ട്.

‘‘ഹരിതകർമ്മസേനയിലെത്തി ആദ്യത്തെ ഒന്നുരണ്ടുവർഷം പറയത്തക്ക വരുമാനമൊന്നും ലഭിച്ചിരുന്നില്ല. പുതിയ ഭരണസമിതി വന്നതിനുശേഷമാണ് മാറ്റമുണ്ടായത്. യൂസർ ഫീ കൃത്യമായി പിരിക്കാൻ തുടങ്ങി. 530 പേരുള്ള വെണ്ടാർ വാർഡിലായിരുന്നു പ്രവർത്തനം. എല്ലാ മാസവും എല്ലാ വീടുകളിലും ചെല്ലുന്നതുകൊണ്ട് അവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. എന്തെങ്കിലും പഞ്ചായത്തിനോടുപറയാനുള്ളതോ മറ്റെന്തെങ്കിലും പ്രശ്നവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാനുള്ളതോ ആയ കാര്യങ്ങൾ ഞങ്ങൾ വഴിയാണ് എത്തിച്ചിരുന്നത്. ഒരുപക്ഷേ അവർ പ്രായം ചെന്നവരോ രോഗികളോ ഒക്കെ ആയിരിക്കാം; അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യക്കാരായിരിക്കാം’’.
അത്തരമൊരു അനുഭവത്തെപ്പറ്റി ബിന്ദുലക്ഷ്മി പറയുന്നു: ‘‘പാറോടു ചേർന്ന് ടാർപ്പായ കെട്ടി ഒരമ്മയും – മേരിയമ്മ – മകനും താമസിച്ചിരുന്നു. അവർക്ക് സ്വന്തമായി ഒരു വീടില്ല. നമ്മൾ അക്കാര്യം വാർഡ് മെമ്പറെ അറിയിക്കുകയും മെമ്പർ മന്ത്രി ബാലഗോപാൽ സഖാവിനെ അറിയിക്കുകയും ചെയ്തു. ‘കനിവ്’ എന്നൊരു പാലിയേറ്റീവ് കെയർ സംഘടനയുണ്ടിവിടെ. ആ സംഘടനയുമായും ബന്ധപ്പെട്ടു. അങ്ങനെ ആരോരുമില്ലാത്ത ആ അമ്മയെയും മകനെയും നമുക്ക് രക്ഷപ്പെടുത്തിയെടുക്കാൻ പറ്റി.’’
‘‘അതുപോലെ അച്ഛനും അമ്മയുമില്ലാത്ത ഒരു അനാഥക്കുട്ടിയെ കണ്ടെത്തി അവൾക്ക് പഠിക്കാൻ വേണ്ട സഹായമെല്ലാം ചെയ്തുകൊടുത്തു. പഞ്ചായത്തിൽനിന്ന് 50,000 രൂപ സഹായം വാങ്ങി നൽകി. വരുമാനത്തിന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി നൽകി. രാഷ്ട്രീയം നോക്കാതെ നമ്മൾ എല്ലാവരുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചു.’’
ബിന്ദുലക്ഷ്മി ഇടമുറിയാതെ സംസാരിച്ചു കൊണ്ടേയിരുന്നു.
‘‘ഇന്ന് ഹരിതകർമ്മസേന എന്നു പറഞ്ഞാൽ വളരെ ആത്മാഭിമാനമുള്ള കാര്യമാണ്. ഹരിതകർമ്മസേനാംഗമാണ് എന്നു പറഞ്ഞ് നമുക്ക് എവിടെയും ചെല്ലാം. ബാങ്കിലായാലും ആശുപത്രിയിലായാലും കയറിച്ചെല്ലാം. ഏതു പാതി രാത്രിയിലും ആരു വിളിച്ചാലും നമ്മൾ സഹായവുമായി ചെല്ലും.’’
ഈ ജെെവബന്ധമാണ് ബിന്ദുലക്ഷ്മിയെപ്പോലുള്ള ഹരിതകർമസേനാംഗങ്ങളെ ജനപ്രിയരാക്കിയത്.
‘‘ആദ്യം നമ്മളെ വെറും ആക്രി പെറുക്കുന്നവരായി കണ്ടവർ ഇന്ന് നമ്മളെ വീട്ടിൽ വിളിച്ചിരുത്തും; ചായ തരും. അത്രയും മാറ്റം നമുക്കുണ്ടാക്കാൻ കഴിഞ്ഞു.’’
ഇങ്ങനെയൊരു മാറ്റം സൃഷ്ടിച്ചത് ഹരിതകർമ്മസേനയ്ക്ക് സമൂഹത്തോടുള്ള ചുമതലയെയും ഉത്തരവാദിത്തത്തെയും നമ്മുടെ നിത്യജീവിതത്തിലുള്ള അനിവാര്യതയെയും കുറിച്ച് ജനങ്ങൾക്കുവന്ന ബോധ്യമാണ്. ആ ബോധ്യമാകട്ടെ എൽഡിഎഫ് സർക്കാർ ഉരുത്തിരിയിച്ച പുതിയ, ശുചിത്വ സംസ്കാരവുമാണ്.
‘‘നാടിനെ മൊത്തം പരിചയപ്പെടാൻ
അവസരമായി’’
തിരുവനന്തപുരം ജില്ലയിലെ കരകുളം, ജനസംഖ്യയിൽ വലിയൊരു പ്രദേശമാണ്. ഇവിടെ വഴയില വാർഡിൽനിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അനൂഷ, കരകുളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയാണ്. ജനപ്രതിനിധിയായ ഏറ്റവും പ്രായംകുറഞ്ഞ ഹരിതകർമ്മസേനാംഗം എന്ന പ്രത്യേകതകൂടി അനൂഷയ്ക്കുണ്ട്. മൂന്നുവർഷം മുമ്പ് ഹരിതകർമ്മസേനയിൽ അംഗമാകുമ്പോൾ ഒരു വരുമാനം എന്നതായിരുന്നു പ്രധാനമായിക്കണ്ടത്. കാര്യങ്ങളെല്ലാം വളരെ വേഗം ചെയ്യാനുള്ള കഴിവ് അനൂഷയെ കൺസോർഷ്യം പ്രസിഡന്റാക്കി. എത്രത്തോളം ജോലി ചെയ്യാമോ അത്രയും ചെയ്യുക എന്ന മനോഭാവം ഹരിതകർമ്മസേനയുടെ പ്രവർത്തനത്തെ കൂടുതൽ ക്രിയാത്മകമാക്കി. അനൂഷയുടെ വാക്കുകൾ.
‘‘അദ്യം പരിചയക്കുറവിന്റെ പ്രശ്നമുണ്ടായിരുന്നു. വാർഡ് വിഭജിച്ചാണ് ചുമതല തന്നത്. അതുകൊണ്ട് വീടുകളുടെ എണ്ണം കുറവായിരുന്നു. വരുമാനം 3000ത്തിൽ താഴെ മാത്രമായിരുന്നു. ഇപ്പോൾ അതുമാറി. ബാർകോഡ് സ്കാൻ ചെയ്യുന്നതിൽ നല്ല കാര്യക്ഷമമായി പ്രവർത്തിക്കുകയും യൂസർ ഫീ കൃത്യമായി പിരിച്ചെടുത്ത് കൺസോർഷ്യത്തിൽ അടയ്ക്കുകയും ചെയ്യും. ഇങ്ങനെ പണമടയ്ക്കുന്ന ഏറ്റവും വലിയ പഞ്ചായത്ത് കരകുളം പഞ്ചായത്താണ്.’’
ഹരിതകർമ്മസേനാംഗമായാണോ ജനപ്രതിനിധിയായി പ്രവർത്തിക്കുമ്പോഴാണോ ഏറ്റവും സംതൃപ്തി തോന്നുന്നത് എന്ന ചോദ്യത്തിന് അനൂഷയുടെ മറുപടി ഇതായിരുന്നു: ‘‘ഹരിതകർമ്മസേനയിൽ പ്രവർത്തിക്കുമ്പോൾ നാടിനെ മൊത്തം പരിചയപ്പെടാനായി. എല്ലാ വീടുകളുമായും നല്ല ബന്ധമായിരുന്നു. ‘ഇന്ന വീടറിയാമോ’ എന്നു പൊലീസ് സ്റ്റേഷനിൽനിന്നുപോലും ചോദിച്ചു വിളിച്ചിട്ടുണ്ട്’’. ഇടതുപക്ഷത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നതെങ്കിലും പാർട്ടി ഭേദമന്യേ എനിക്ക് എല്ലാവരും വോട്ടുചെയ്തു. നമ്മുടെ പഞ്ചായത്തിൽ 24 വാർഡുള്ളതിൽ രണ്ട് വാർഡിലാണ് ഹരിതകർമ്മസേനാംഗങ്ങളെ തിരഞ്ഞെടുപ്പിൽ നിർത്തിയത്. രണ്ടുപേരും വിജയിച്ചു.
ഹരിതകർമ്മസേനാംഗമെന്ന നിലയിലുള്ള പ്രവർത്തനം ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായുള്ള പ്രവർത്തനത്തിന് ഏറെ സഹായകമായി എന്നും അനൂഷ പറയുന്നു : ‘‘എന്റെ അധികാര പരിധിയിലാണ് ഹരിതകർമ്മസേനയുടെ പ്രവർത്തനം വരുന്നത്. ഹരിതകർമ്മസേനയുടെ നിയമനം ഉൾപ്പെടെ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കേണ്ടത് ചെയർപേഴ്സൺ ആണ്. അവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് എനിക്കവരുടെ പ്രശ്നങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയും. സാധാരണ ഒരു ജനപ്രതിനിധിയായിരുന്നെങ്കിൽ ഇക്കാര്യങ്ങളൊന്നും എനിക്ക് നന്നായി ചെയ്യാൻ പറ്റുമായിരുന്നില്ല. തീർച്ചയായും അതിനെന്നെ പ്രാപ്തയാക്കിയത് ഹരിതകർമ്മസേനയിലെ പ്രവർത്തനം തന്നെയാണ്’’.
‘‘കുടുംബശ്രീ തന്ന കരുത്ത്’’

സഖാവ് പാട്യം ഗോപാലന്റെ നാട്ടിൽ ജനിച്ച് കടമ്പൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മാറിയ പ്രസീത കെ വി ഹരിതകർമ്മസേനയിലെത്തുന്നത് 10 വർഷത്തെ കുടുംബശ്രീ പ്രവർത്തനം നൽകിയ കരുത്തിലാണ്. 2008 ലാണ് കുടുംബത്തിൽ നിന്നും കുടുംബശ്രീയിലേക്ക് ജീവിതം പറിച്ചുനട്ടത്. ശരിക്കും പുറംലോകമെന്തെന്നറിയുന്നത് അപ്പോഴാണ് എന്ന് പ്രസീത പറയുന്നു. ‘‘കുടുംബശ്രീയിൽ പ്രവർത്തിച്ച് അധികം കഴിയും മുമ്പേ തന്നെ എഡിഎസ് സെക്രട്ടറിയായി. പിന്നീട് സാനിറ്റേഷൻ കമ്മിറ്റിയിലെത്തി. പിന്നെ അംഗൻവാടി പ്രവർത്തകയായി. ഇവിടെ 2017ൽ ഹരിതകർമ്മസേന പ്രവർത്തനം തുടങ്ങി. അന്ന് വെറും പത്തു രൂപയാണ് യൂസർ ഫീ വാങ്ങിയിരുന്നത്. എന്നിട്ടും ആളുകൾ പ്ലാസ്റ്റിക് കത്തിക്കുമായിരുന്നു. കൂടുതൽ കർശന നടപടികൾ വന്നതോടെയാണ് അത് അവസാനിച്ചത്. അതിനുമുമ്പേതന്നെ കടമ്പൂര് പഞ്ചായത്ത് ഏറ്റവും വൃത്തിയുള്ള പഞ്ചായത്തിന് കേന്ദ്രം നൽകുന്ന നിർമൽ പുരസ്കാരം നേടിയിരുന്നു’’.
ഹരിതകർമ്മസേനയിൽ പ്രവർത്തിക്കുമ്പോൾ ഓരോ കുടുംബവുമായും സൗഹൃദം പുലർത്തിയിരുന്നു. അതുകൊണ്ട് എന്ത് സഹായവും അവർക്ക് ആവശ്യപ്പെടാൻ യാതൊരു മടിയുമുണ്ടായില്ല. അന്നും പഞ്ചായത്തിലെ ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ പ്രസീത മുൻപന്തിയിൽതന്നെ നിന്നു. ഈ ഇടപെടലാണ് പ്രസീതയെ മത്സരിപ്പിക്കാനുള്ള മുഖ്യഘടകമായത്.
ഹരിതകർമ്മസേനയിലെ ഒരു തുടർപ്രവർത്തനം പോലെയാണ് തനിക്ക് വൈസ് പ്രസിഡന്റ് പദവിയിലിരുന്നുള്ള പ്രവർത്തനവുമെന്ന് പ്രസീത പറയുന്നു. ‘‘പഞ്ചായത്തിലെ ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ ഞാനുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സേനയിലായിരുന്നപ്പോൾ വാർഡിലെ കാര്യങ്ങളിൽ മാത്രമൊതുങ്ങിയിരുന്നു. ഇപ്പൊ മൊത്തം പഞ്ചായത്തിലും ഇടപെടണം. ഹരിതകർമ്മസേനയിൽ പ്രവർത്തിച്ച പരിചയമാണ് എന്റെ കൈമുതൽ’’.
‘‘ആളുകളുടെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലാൻ ചില വഴികൾ’’
‘‘ഈ വാർഡിലെ 10 വീടെടുത്താൽ 8 വീടുകളിലെങ്കിലും എന്റെ ഫോൺ നമ്പരുണ്ടാകും. ഒരു കൂട്ടുകാരി / സഹോദരി എന്ന നിലയിൽ അവർക്കെപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം. കാർക്കശ്യത്തോടെ പെരുമാറിയിരുന്ന കാരണവർമാർപോലും എന്നോടിപ്പോൾ സ്നേഹത്തോടെയാണ് പെരുമാറുന്നത്’’.

എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ 400 കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന വാർഡ് മെമ്പർ ജിഷ പ്രമോദ് ജനങ്ങളുടെ ഹൃദയത്തിലേക്കെത്തിയത് ഹരിതകർമ്മസേനയിലൂടെയാണെന്ന് ഏറെ അഭിമാനത്തോടെ പറയുന്നു. കുടുംബശ്രീ പ്രവർത്തനത്തിലൂടെ ജിഷ ഹരിതകർമ്മസേനയിലെത്തുന്നത് 2018 ലാണ്. ജിഷയുടെ വാക്കുകൾ : ‘‘മുമ്പ് മുനിസിപ്പാലിറ്റിയിലെ ചില ഡിവിഷനുകളിൽ ചിലർ പ്ലാസ്റ്റിക് ശേഖരണം നടത്തുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് വീടുകളിൽനിന്ന് പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും ശേഖരിക്കുന്നതിന് വാർഡടിസ്ഥാനത്തിൽ രണ്ടുപേരെ നിയമിക്കുന്നതായി എഡിഎസ് പ്രസിഡന്റ് അറിയിക്കുന്നത്. വീടുകളിൽനിന്നും വേസ്റ്റ് ശേഖരിക്കുന്നത് പലർക്കും അറപ്പുള്ള കാര്യമായിരുന്നു. പേരുകൊടുക്കാൻ അതുകൊണ്ട് ആരും തയാറായില്ല. തൽക്കാലം എന്റെ പേര് കൊടുത്തു. ട്രെയിനിങ്ങിനായി വളരെ ദൂരം യാത്ര ചെയ്യേണ്ടിവന്നു. അവിടേക്ക് ബസ് സർവീസില്ല’’.
‘‘രണ്ടുമാസത്തെ ആർആർഎഫ് ട്രെയിനിങ് കഴിഞ്ഞ് വീടുകളിൽ പ്ലാസ്റ്റിക്കെടുക്കാൻ ചെല്ലുമ്പോൾ ആദ്യമൊക്കെ പലരും കളിയാക്കുമായിരുന്നു; ചിലർക്ക് മുഷിപ്പ്. എനിക്ക് അത്രത്തോളം അനുഭവിക്കേണ്ടി വന്നില്ല. കാരണം 2015 ൽ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റിരുന്നു. അങ്ങനെ പലർക്കും പരിചിതയായിരുന്നു. ഞാൻ ഈ ജോലിയുമായി പോകുമ്പോൾ പലതരം ആൾക്കാരെയും കാണും. അവരോടൊക്കെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. വിദ്യാഭ്യാസമുള്ളവരോടും ഇല്ലാത്തവരോടും കുട്ടികളോടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷവശങ്ങളെപ്പറ്റിയും പ്ലാസ്റ്റിക് വൃത്തിയാക്കി തരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുകൊടുക്കും. സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറിയപ്പോൾ ആളുകൾ കൂടുതൽ അടുപ്പത്തോടെ ഞങ്ങളെ കേൾക്കാൻ തയാറായി’’.
‘‘ഒത്തിരി വയസ്സായ ചിലർ ഒറ്റപ്പെട്ടു കഴിയുന്നവരായിരിക്കും. അങ്ങനെയുള്ളവരുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ പ്ലാസ്റ്റിക് കൈമാറുന്നതിനിടയ്ക്ക്, ചിലപ്പോൾ പേമെന്റ് വാങ്ങുന്നതിനിടെ ബില്ലെഴുതുന്നതിനിടയ്ക്ക്, ആ കുറച്ചു സമയം അവർ അവരുടെ കഥ പറയും. അപ്പോൾ നമ്മൾ തിരക്കു കാണിക്കരുത്. ക്ഷമയോടെ കേൾക്കണം. ആ രീതിയിൽ നമ്മൾ പെരുമാറണം’’.
അനുഭാവപൂർണമായ ഈ പെരുമാറ്റമാണ് കോൺഗ്രസ് സ്ഥിരം ജയിക്കുന്ന വാർഡിൽ കമ്യൂണിസ്റ്റ് പാർട്ടിക്കാരിയായ ജിഷ പ്രമോദിനെ അനായാസം ജയിച്ചു കയറാൻ സഹായിച്ചത്. ഏതു പാതിരാത്രിയിലും വിളിച്ചാൽ വിളിപ്പുറത്തുണ്ടാകുന്ന ജിഷയ്ക്ക് കൗൺസിലറായിരിക്കുമ്പോഴും ഹരിതകർമ്മസേനയിൽത്തന്നെ തുടരാനാണിഷ്ടം. ‘‘അതാണല്ലോ എന്നെ ജനങ്ങളുടെ ഹൃദയത്തിലേക്കെത്തിച്ചത്’’ എന്നു പറഞ്ഞുകൊണ്ടാണ് ജിഷ സംസാരം അവസാനിപ്പിച്ചത്.
‘‘അന്ന് മോശം പറഞ്ഞവർ
ഇന്ന് ചേർത്തു പിടിക്കുന്നു’’
‘‘പെറുക്കികള് … നിങ്ങക്ക് വേറെ പണിയെടുത്തുകൂടെ ? ഇതിലും ഭേദം തെണ്ടാൻ പോയിക്കൂടേ…. – ഹരിതകർമ്മസേനയിൽ ആദ്യം ചേരുമ്പോൾ നാട്ടുകാരിൽ ചിലരിൽനിന്ന് ഇങ്ങനെയൊക്കെ കേട്ടിട്ടുണ്ട്. ചിലർ ആട്ടിപ്പായിച്ചിട്ടുണ്ട്. പലപ്പോഴും കരഞ്ഞുകൊണ്ട് വീട്ടിലെത്തിയിട്ടുണ്ട്’’.

കണ്ണൂർ കോലഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽനിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട നിഷാകുമാരി ഹരിതകർമ്മസേനയിൽ പ്രവർത്തിച്ചു തുടങ്ങുമ്പോഴുണ്ടായ അനുഭവം ഇതായിരുന്നു. എന്നാൽ അതിൽനിന്ന് ഇന്ന് ഒരു നാടിന്റെ മുഴുവൻ പിന്തുണയുള്ള ജനപ്രതിനിധിയായി മാറിയിരിക്കുന്നു.
തുടക്കത്തിൽ, വീട്ടിലേക്ക് അനാവശ്യമായി കയറി വരുന്നവരെന്നും അന്യായമായി യൂസർ ഫീ വാങ്ങുന്നവരെന്നും പറഞ്ഞാക്ഷേപിച്ചവർ ഇന്നു ചേർത്തുനിർത്തുന്നു. ഈ മാറ്റം കോലഞ്ചേരി പഞ്ചായത്തിലാകെ കാണാം. പഞ്ചായത്തിൽ ഹരിതകർമ്മസേനയില്ലാത്ത ഒരു പരിപാടിയുമില്ല.
‘‘ജീവിക്കാനൊരു വരുമാനത്തിന് ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു ഹരിതകർമ്മസേനയിലേക്ക് വിളിച്ചത്. കുടുംബശ്രീയായിരുന്നു അതിനു വഴിയൊരുക്കിയത്. തുടക്കത്തിൽ 30 രൂപയായിരുന്നു യൂസർ ഫീ ആയി ലഭിച്ചത്. മാസം 1000 രൂപ കഷ്ടിച്ചുകിട്ടുമായിരുന്നു. ഇന്നതുമാറി’’.
ഇതിനിടയിൽ ഭർത്താവിന് ആക്സിഡന്റ് പറ്റിയപ്പോൾ കോലഞ്ചേരി നാടൊന്നാകെ സഹായിച്ചത് നിഷാകുമാരി ഓർക്കുന്നു. കോവിഡ് കാലത്ത് വരുമാനമില്ലാതെ ബുദ്ധിമുട്ടിയിട്ടും ഹരിതകർമ്മസേന അവരുടെ ദൗത്യം നിറവേറ്റി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയ ക്ലാസിന്റെയടിസ്ഥാനത്തിൽ അവർ വീടുകളിൽ പല സഹായങ്ങളുമെത്തിച്ചു. ഏത് പ്രതിസന്ധിയിലും ഈ തൊഴിൽ ഉപേക്ഷിക്കാൻ നിഷാകുമാരി ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സഖാക്കൾ ആവശ്യപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത്, ‘‘എനിക്ക് ഈ ജോലിയിൽ തുടരാൻ കഴിയുമോ’’ എന്നാണ്. ഇന്ന് നിഷാകുമാരി ഹരിതകർമ്മസേനയുടെ പ്രവർത്തനവും വാർഡ് പ്രവർത്തനവും ഒന്നിച്ചുകൊണ്ടുപോകുന്നു. അതെന്തുകൊണ്ടെന്നത് നിഷാകുമാരിയുടെ വാക്കുകളിൽതന്നെ പ്രതിഫലിക്കുന്നു: ‘‘എത്രത്തോളം കാലം തുടരാൻ പറ്റുമോ അത്രത്തോളം കാലം ഹരിതകർമ്മസേനാംഗമായി തുടരും. കാരണം ഇതെന്റെ ജീവന്റെ ഭാഗമാണ്’’.
‘‘പ്ലാസ്റ്റിക്കിനെന്തിനാ യൂസർ ഫീ ?’’
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ വൈര്യാംകോട്ടം വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട സന്ധ്യ കഴിഞ്ഞ എട്ടു വർഷമായി ഹരിതകർമ്മസേനയിൽ പ്രവർത്തിച്ചുവരുന്നു. തുടക്കത്തിൽ, മാലിന്യമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ചോദിച്ചപ്പോൾ സന്ധ്യ പറഞ്ഞതിങ്ങനെ: ‘‘പ്ലാസ്റ്റിക്കെടുക്കാൻ പോകുമ്പോൾ തട്ടിപ്പാണിതെന്നു നാട്ടുകാർ പറയും; വീട്ടിൽ മോഷണത്തിന് വരുന്നതാണ്. പ്ലാസ്റ്റിക്കെടുക്കുന്നതിന് ഞങ്ങൾ നിങ്ങൾക്ക് എന്തിനാ പൈസ തരുന്നത് എന്നൊക്കെയാണ് അധിക്ഷേപങ്ങൾ. അന്ന് ഞങ്ങൾക്ക് യൂണിഫോമുമില്ല ’’. ഇങ്ങനെ നിരവധി അധിക്ഷേപങ്ങളും ചോദ്യങ്ങളും മറ്റു ഹരിതകർമ്മസേനാംഗങ്ങളെപ്പോലെ സന്ധ്യയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ദൈനംദിനമുള്ള സമ്പർക്കം ഹരിതകർമ്മസേനയെ, അതിൽ ഒരംഗമായ സന്ധ്യയെ നാടിന്റെ പ്രിയങ്കരിയാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഫ്ലക്സുകളിൽ നിറഞ്ഞ മുഖം, തങ്ങൾക്കു ചിരപരിചിതമാണല്ലോ എന്നാണ് ആ ദേശത്തുകാർ ചിന്തിച്ചത്. ‘‘എതിർ സ്ഥാനാർത്ഥിയാണെങ്കിലും ഇവൾക്കേ ഞങ്ങൾ വോട്ടു ചെയ്യൂ’’ എന്നാണ് ആ നാടൊന്നടങ്കം പറഞ്ഞത്. അതവർ പാലിക്കുകയും ചെയ്തു. ഇങ്ങനെയൊരു നേട്ടം കൊയ്യാൻ കഴിഞ്ഞത് എട്ടു വർഷമായി ആ ജനങ്ങൾക്കിടയിൽ സന്ധ്യ നേടിയെടുത്ത സ്വീകാര്യതയാണ്.
ഹരിതകർമ്മസേനയെ തിരഞ്ഞെടുക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ആദ്യം അവർ ചോദിച്ചത്, ‘‘പൊതുസ്ഥലങ്ങളിൽ നിന്നെല്ലാം മാലിന്യം എടുക്കേണ്ടി വരും ; ഫുഡ് വേസ്റ്റ് എടുക്കേണ്ടിവരും, തയ്യാറാണോ എന്നായിരുന്നു. അപ്പോൾ ഞാൻ അതേക്കുറിച്ചൊന്നും ചിന്തിച്ചില്ല. പ്ലാസ്റ്റിക്കൊക്കെ എടുത്തു തുടങ്ങിയപ്പോൾ കുറച്ച് മടി തോന്നി. ചിലർ ആദ്യമായി കാണുമ്പോൾ നോക്കും, ഞങ്ങളുടെ ഈ കോലം കണ്ടിട്ട്. അപ്പോ കോട്ട് ഊരിവെക്കും. ചാക്കെല്ലാം സഞ്ചിയിലൊളിപ്പിക്കും; നാട്ടിൽ സ്വീകാര്യത ലഭിച്ചതോടെ അവസ്ഥ മാറി. ഒന്നുമില്ലാത്തവരെന്നു കരുതി നമ്മളെ ആക്ഷേപിച്ചവർക്ക് ഇന്ന് നമ്മളെ കൂടാതെ ജീവിക്കാനാവാത്ത അവസ്ഥയാണ്. വരാൻ താമസിച്ചാൽ വിളിക്കും. കൗൺസിലറായി മത്സരിക്കുമ്പോൾ ഇത് നമ്മുടെ സ്വന്തം ആളല്ലേ എന്നു പറഞ്ഞ് ചേർത്തു നിർത്തി’’.
വെള്ളപ്പൊക്കമുണ്ടായപ്പോൾ ഏറ്റവും വലിയ പ്രവർത്തനം ഹരിതകർമ്മസേന നടത്തി. വീടുകൾ വൃത്തിയാക്കാൻ ഒരു പ്രതിഫലവും ഇച്ഛിക്കാതെ മുന്നിട്ടിറങ്ങി. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ വീടുകളിൽനിന്ന് തുണികൾ ശേഖരിച്ച് സ്വാപ്പ് ഷോപ്പുകൾ തുടങ്ങി. വെള്ളപ്പൊക്കത്തിൽ ഉടുതുണി മാത്രമായവർക്ക് അങ്ങനെ വസ്ത്രങ്ങൾ നൽകി. ഇങ്ങനെ നാട്ടുകാരുടെ എല്ലാമായിത്തീർന്ന ഹരിതകർമ്മസേന തളിപ്പറമ്പിന്റെ മാതൃകാസേനയായി മാറിയിരിക്കുന്നു.
‘‘വേണം നമുക്ക് പുതിയൊരു ശുചിത്വസംസ്കാരം’’

‘‘ഒരു ജോലി എന്ന നിലയിലാണ് ഞാൻ ഹരിതകർമസേനയിലേക്ക് വരുന്നതെങ്കിലും മാലിന്യത്തിൽനിന്നും നമ്മുടെ നാടിനെ രക്ഷിക്കുക എന്ന കാഴ്ചപ്പാടിലേക്ക് എന്നെ ഉയർത്തിയത് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയതോടെയാണ്.’’
കൊച്ചി ഇടവനക്കാട് പഞ്ചായത്തിലെ 7-–ാം വാർഡിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഷീല സുരേഷ് 2022 ലാണ് ഹരിതകർമ്മസേനയിൽ ചേരുന്നത്. ശുചിത്വത്തെയും മാലിന്യസംസ്കരണത്തെയും കുറിച്ച് ട്രെയിനിങ് സമയത്ത് പങ്കെടുത്ത ക്ലാസുകൾ നാടിന്റെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്വം എന്ന ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി ഷീല സുരേഷ് പറയുന്നു.
‘‘ക്ലാസുകൾ കേട്ടപ്പോൾ നാടിന്റെ രക്ഷയ്ക്കായി മുന്നിട്ടിറങ്ങണം എന്ന ചിന്തയുണ്ടായി. ഏതെല്ലാം രീതിയിൽ, ഏതെല്ലാം മേഖലകളിൽ ശുചീകരണം നടത്തണം എന്നു മനസ്സിലായി. തദ്ദേശഭരണ വകുപ്പ് മന്ത്രിയായിരുന്ന എം ബി രാജേഷിന്റെ ഇടപെടൽ വലിയ പ്രോത്സാഹനമായി. ചുരുക്കത്തിൽ ഈ മാലിന്യത്തിൽനിന്ന് നാടിനെ രക്ഷിച്ചേ മതിയാകൂ എന്ന ചിന്തയുണ്ടായി.’’
പിന്നെയങ്ങോട്ട് വിശ്രമമെന്തെന്നറിഞ്ഞിട്ടില്ല. ആദ്യകാലത്ത് വലിയ വരുമാനമൊന്നും കിട്ടിയില്ല, ഏറിയാൽ പ്രതിമാസം 3,000 രൂപ. ജനങ്ങൾ യൂസർ-ഫീ കൃത്യമായി കൊടുക്കാതിരുന്നതും പ്ലാസ്റ്റിക് സൂക്ഷിച്ചുവച്ച് നൽകാതിരുന്നതും വലിയ പ്രശ്നമായിരുന്നു. എന്നാൽ ഷീല സുരേഷ് തന്റെ നിരന്തരമായ ഇടപെടലിലൂടെ ആ അവസ്ഥ മാറ്റിയെടുത്തു. ‘‘‘ഇപ്പോ, സേനയിലെ എല്ലാവർക്കും വരുമാനമുണ്ട്; ജനങ്ങളുടെ നല്ല സഹകരണവുമുണ്ട്’’-– ഷീല പറയുന്നു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഹരിതകർമസേന എന്നിവ സംയുക്തമായി ചേർന്ന് സംഘടിപ്പിക്കാറുണ്ട്. ‘‘എന്റെ ഗ്രാമം സുന്ദരഗ്രാമം’’ പദ്ധതിയുടെ ഭാഗമായി എല്ലാവരും ചേർന്ന് ഓരോ വാർഡിലും, നാടിന്റെ ഓരോ മുക്കിലും മൂലയിലും ശുചീകരണപ്രവർത്തനം നടത്തിവരുന്നു. റോഡരികുകളെല്ലാം പൂച്ചെടികൾ വച്ച് മനോഹരമാക്കി. ഇലക്ഷൻ സമയത്ത് ഗ്രീൻപ്രോട്ടോക്കോൾ ബൂത്തുകൾ സ്ഥാപിച്ചത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ഓലയും പനമ്പും പോലെയുള്ള പ്രകൃതിദത്ത വസ്തുക്കളാണ്. ഇതിനായി ഉപയോഗിച്ചത്.
ഇതിൽ മാത്രമൊതുങ്ങുന്നില്ല ഷീല സുരേഷിന്റെ പ്രവർത്തനം. സ്കൂളുകളിൽ എൻഎസ്എസ്, എൻസിസി പരിപാടികളിൽ പങ്കെടുത്ത് ക്ലാസ്സെടുക്കാറുണ്ട്. ‘‘വീട്ടിൽ നിന്നേ ശുചിത്വ ശീലം ആരംഭിക്കണം. അതിന് മാതാപിതാക്കൾ ശ്രദ്ധിക്കണം; എങ്കിൽ മക്കളും ആ സംസ്കാരം പിന്തുടരും’’– ഈ കാഴ്ചപ്പാടാണ് ഷീല സുരേഷ് ക്ലാസ്സുകളിൽ പകർന്നുകൊടുക്കാറുള്ളത്. നിറയെ ആറുകളും തോടുകളുമൊക്കെയുള്ള ആ പ്രദേശത്ത്, അതിലേക്കെല്ലാം പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കും. നാട്ടിൽ പുതിയൊരു ശുചിത്വസംസ്കാരം വളർത്തിയെടുക്കുന്നതിൽ ഷീല സുരേഷിന്റെ പങ്ക് ഒട്ടും ചെറുതല്ല.
ഒരു പരമ്പരാഗത കോൺഗ്രസ് വാർഡിൽ ഇടതുപക്ഷക്കാരിയായ ഷീല സുരേഷ് എങ്ങനെയാണ് വിജയിച്ചതെന്ന ചോദ്യത്തിന് നൽകിയ ഉത്തരം ഇതായിരുന്നു: ‘‘എല്ലാവരോടും സ്നേഹപൂർവം പെരുമാറും; സ്നേഹാനേ-്വഷണം നടത്തും. അങ്ങനെയങ്ങനെ….’’ l



