ഹരിതകർമ്മസേനയുടെ രൂപീകരണവും തുടർ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ മേഖലയിൽ രാജ്യത്ത് തന്നെ വേറിട്ട ഇടപെടലുകളിലൊന്നായിരുന്നു . സംസ്ഥാനം അഭിമുഖീകരിച്ച പ്രധാന കീറാമുട്ടികളിലൊന്നായി എക്കാലവും വളർന്നു കൊണ്ടിരുന്ന വലിയൊരു പ്രതിസന്ധിയുടെ ലളിതമായ കൈകാര്യം ചെയ്യലായി വർഷങ്ങൾക്കകം അതു മാറി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017 ലാണ് ഹരിതകർമ്മസേനയുടെ രൂപീകരണം സംബന്ധിച്ച നടപടികൾക്ക് തുടക്കമിടുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലൂടെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ദുരിതക്കടൽ നീന്തേണ്ടിവന്ന ഒരു ജനതയെ വികേന്ദ്രീകൃത മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങളിലൂടെ മാറ്റത്തിന്റെ ഗുണം നേരിട്ട് അനുഭവിക്കാൻ പഠിപ്പിക്കുന്നവരായി ഹരിതകർമ്മസേന ദിവസങ്ങൾക്കകം മാറി.
അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് കൈകാര്യം ചെയ്യാൻ സംസ്ഥാനത്തെ മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സുസ്ഥിര സംവിധാനം എന്ന നിലയിലാണ് ഹരിതകർമ്മസേനയെ ജനം സ്വാഗതം ചെയ്തത്. എന്നാൽ രൂപീകരണത്തിന്റെ ആദ്യ രണ്ടു വർഷങ്ങളിൽ ഹരിതകർമ്മസേന കേൾക്കാത്ത ഒരു തെറി വാചകവും കേരളത്തിലുണ്ടായിരുന്നില്ല. അതൊരു സംസ്ഥാനതല പ്രതിഭാസമായി തുടരുമായിരുന്നു; സംസ്ഥാന സർക്കാരിന്റെ സമയോചിതമായ ഇടപെടലുകളാണ് ഹരിത കർമ്മസേനക്ക് മനോബലം നല്കിയത്. നിലപാടുകളിലൂടെ ,ഉത്തരവുകളിലൂടെ, ഒപ്പം നിന്നതിലൂടെ ഹരിതകർമ്മസേനയെ ശരശയ്യയിലാവാതെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിനായി. അതൊരു ഭഗീരഥ പോരാട്ടം തന്നെയായിരുന്നു. മുഖ്യമന്ത്രി മുതൽ പഞ്ചായത്തംഗം വരെയും ചീഫ് സെക്രട്ടറി മുതൽ വില്ലേജ് എക്-സ്റ്റൻഷൻ ഓഫീസർമാർ വരെയും ആ പോരാട്ടത്തിൽ ഹരിതകർമ്മസേനയ്ക്കൊപ്പം നിന്നു. അജൈവ പാഴ്‌വസ്തു ശേഖരണവും തരംതിരിവും അവയുടെ പരിപാലനവും ഹരിത കർമ്മ സേന മനഃപാഠമാക്കി. പക്ഷേ,യൂസർഫീ എന്ന പ്രശ്‌നം പലയിടത്തും ബാലികേറാമലയായി. രണ്ടായിരവും മൂവായിരവും രൂപ മാത്രം പ്രതിമാസം ലഭിക്കുന്നവരായിരുന്നു സംസ്ഥാനത്ത് ബഹുഭൂരിപക്ഷവും. വയബിലിറ്റി ഗ്യാപ് ഫണ്ട് നല്കി സംസ്ഥാന സർക്കാർ കൂടെ നിന്നു. നിശ്ചിത വരുമാനം ഉറപ്പാക്കാൻ അതൊരു നല്ല ഇടപെടലായിരുന്നു. പക്ഷേ അത് ശാശ്വതമല്ല എന്ന തിരിച്ചറിവ് സേനാംഗങ്ങൾക്കിടയിൽ വേഗത്തിലുണ്ടായി. സംസ്ഥാന സർക്കാരും സമൂഹവും തന്ന അവസരങ്ങളെ തങ്ങളുടെ വരുമാന വർധനവിന് കൂടി ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിച്ചവർ ധാരാളമുണ്ടായിരുന്നു. അതാണ് സംസ്ഥാനത്തുടനീളം കാണുന്ന വൈവിധ്യങ്ങളായ ഒട്ടനവധി ഹരിതകർമ്മസേന സംരംഭങ്ങളിലേക്ക് നയിച്ചത്. തങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ സംരംഭങ്ങളെല്ലാം. ഹരിതകർമ്മസേന പോലെ ഈ സംരംഭങ്ങളും ഒരു കേരള മാതൃക തന്നെയാണ്.
അജൈവ പാഴ്‌വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നാണ് തുണികൾ. കേരളത്തിലുപേക്ഷിക്കപ്പെടുന്ന പാഴ്തുണിയുടെ അളവ് ചെറുതല്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇവ ഹരിതകർമ്മസേന ശേഖരിക്കുന്നതെങ്കിലും അവയുടെ സൂക്ഷിപ്പും കെെ കാര്യം ചെയ്യലും വലിയ ഭാരം തന്നെയാണ് സേനയ്ക്ക് ഉണ്ടാക്കുന്നത്. ആ വലിയ ഭാരം ഒഴിവാക്കുന്നതിനുള്ള ചർച്ച ചെന്നെത്തിയത് തുണിയുപയോഗിച്ച് ചെടിച്ചട്ടി നിർമ്മാണം എന്ന ആശയത്തിലേക്കായിരുന്നു. കണ്ണൂർ ജില്ലയിലെ കണ്ണപുരം ഹരിത കർമ്മസേന ആ ആശയത്തെ സംരംഭമാക്കി മാറ്റിയപ്പോൾ പാഴ്തുണികളിലൊരു ഭാഗം ഒഴിവായി എന്നു മാത്രമല്ല; അതൊരു മോശമല്ലാത്ത വരുമാന മാർഗം കൂടിയായി മാറി. മാസത്തിന്റെ ആദ്യ പതിനഞ്ചു നാളുകളിൽ ഹരിതകർമ്മസേനാംഗങ്ങൾ വാതിൽപ്പടി ശേഖരണത്തിനിറങ്ങും. ബാക്കി ദിവസങ്ങളിലാണ് ചെടിച്ചട്ടി നിർമ്മാണം. സിമന്റും പെയിന്റും പാഴ്തുണികളും ചേർത്താണ് ചട്ടി തയ്യാറാക്കുന്നത്. തയാറാക്കുന്ന ചെടിച്ചട്ടികൾ നേരിട്ടും നഴ്‌സറികൾ മുഖാന്തിരവും വിറ്റഴിക്കുന്നു. ഇപ്പോൾ ഇത്തരം നിരവധി സംരംഭങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നു.
കണ്ണപുരം പഞ്ചായത്തിൽ തന്നെയുണ്ട് മറ്റൊരു ഹരിത സംരംഭം; ഡിഷ്‌വാഷ് യൂണിറ്റ്. കാറ്ററിംഗ് യൂണിറ്റുകാർ ഉപയോഗിക്കുന്ന പാത്രങ്ങൾ കഴുകി ഉണക്കി നല്കുന്ന സംരംഭം. പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് പൂർണമായും യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ്.
പേപ്പർ പ്ലെയ്റ്റുകൾ ഒഴിവാക്കാൻ നിർദ്ദേശിക്കുമ്പോൾ കേൾക്കുന്ന മറുപടികളിലൊന്നായിരുന്നു പാത്രങ്ങൾ കഴുകാൻ ആളില്ലെന്നത്. വളരെ നല്ല വരുമാനം ലഭിക്കുന്ന സംരംഭങ്ങളിലൊന്നായി ഇത് ഇപ്പോൾ മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹരിതകർമ്മസേനയുടെ ഇത്തരം സംരംഭങ്ങൾ നിലവിൽ ധാരാളമുണ്ട്. കാറ്ററിംഗ് യൂണിറ്റുകാർ പാത്രങ്ങൾ കഴുകാൻ കൊണ്ടുവരുമ്പോൾ ഭക്ഷണ അവശിഷ്ടങ്ങളും സ്വാഭാവികമായി കൂടെ എത്തും. ഇങ്ങനെ എത്തുന്ന ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന വിൻഡ്രോ കമ്പോസ്റ്റ് സംവിധാനങ്ങളും ഹരിത കർമ്മ സേനകൾക്കുണ്ട്.
പാഴ്‌വസ്തുക്കളെ വരുമാനമാക്കുന്ന ഏറ്റവും മികച്ച ഹരിത കർമ്മസേനാ സംരംഭ കൂട്ടമാണ് വടകര നഗരസഭയിലെ ഹരിയാലി. മാലിന്യ ഉല്പാദനത്തിൽ ഗണ്യമായ കുറവുവരുത്താൻ സഹായിക്കുന്ന ബദൽ ഉല്പന്നങ്ങളുടെ നിർമ്മാണം, വിതരണം തുടങ്ങി ഇവിടെ ഹരിത കർമ്മസേന കൈവെക്കാത്ത മേഖലകളില്ല.
തുണി സഞ്ചി, മീൻ സഞ്ചി തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കുന്ന യൂണിറ്റ് , ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന യൂണിറ്റ് വീടുകളിൽ ആവശ്യമില്ലാതെ കെട്ടിക്കിടക്കുന്ന വിവിധ വസ്തുക്കൾ പരസ്പരം കൈമാറുന്ന സ്വാപ്പ് ഷോപ്പ്, പ്ലേറ്റുകൾ, ഗ്ലാസ്, മറ്റ് പാത്രങ്ങൾ എന്നിവ വാടകയ്-ക്ക് നല്കുന്ന വാടകക്കട തുടങ്ങി മാലിന്യ പരിപാലനത്തിന്റെ മറുപുറം തേടാൻ സഹായിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഹരിയാലിയിലൂടെ നടക്കുന്നുണ്ട്. അജൈവ പാഴ്-വസ്തുക്കൾ മാത്രമല്ല, മാലിന്യം എന്ന ധാരണയിൽ നിന്ന് കേരളം മുന്നോട്ട് പോകുമ്പോഴും സഹായഹസ്തവുമായ് സംസ്ഥാനത്താകെ ഹരിതകർമ്മസേന മുന്നിലുണ്ട്. ജൈവ മാലിന്യ പരിപാലനത്തിനുള്ള നിരവധി ശ്രമങ്ങളാണ് സേന നടത്തുന്നത് . ആ ശ്രമങ്ങൾ പലതും പുതിയ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും തുടക്കത്തിനും പല സംവിധാനങ്ങളുടെയും വികസനത്തിനും കാരണമാകുന്നതും സംസ്ഥാനത്ത് കാണാൻ കഴിഞ്ഞു. വടക്കൻ ജില്ലകളിൽ ഹരിതകർമ്മസേന മുഖാന്തിരം വിതരണം ചെയ്യുന്ന ഹരിതമിത്രം ക്വയർ പിത്ത് ഇനോക്കുലം ഉല്പാദിപ്പിക്കുന്ന ടെക്നീഷ്യൻസ് & ഫാർമേഴ്‌സ് കോ ഓഡിനേഷൻ സൊസൈറ്റി ഇത്തരത്തിലുള്ള ശ്രമത്തിന്റെ ഫലമായി വികസിപ്പിക്കപ്പെട്ട സ്ഥാപനമാണ്. ഇനോക്കുലം ഉപയോഗിക്കുന്നതിന്റെ ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ വളം വീടുകളിൽ നിന്നുതിരികെ വാങ്ങി പാക്ക് ചെയ്ത് കർഷകരിലെത്തിക്കുന്ന പ്രവൃത്തി കൂടി ആ സ്ഥാപനം ഏറ്റെടുക്കുന്നുണ്ട്.
കണ്ണൂർ ആന്തൂർ നഗരസഭയിലെ ജൈവ മാലിന്യങ്ങൾ ശേഖരിച്ച്, സംസ്‌കരിച്ച് വില്പന നടത്തുന്ന ഹരിതകർമ്മസേന സംരംഭം വിറ്റഴിക്കുന്ന ജൈവ വളത്തിന്റെ അളവിലെ വർധന ഹരിതകർമ്മസേന ഈ ഭൂമിക്ക് നല്കുന്ന സംരക്ഷണത്തിന്റെ നേർ സാക്ഷ്യമാണ്.
മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ നേതൃത്വം നല്കുന്ന ഡീപ് ക്ലീനിംഗ് യൂണിറ്റ് അജൈവ മാലിന്യ ശേഖരണത്തിനുപുറമേ ഏറ്റെടുത്തിരിക്കുന്ന മറ്റൊരു ഹരിത സംരംഭമാണ്.
സംസ്ഥാനത്തെ 93 നഗരസഭകളിലാണ് പാഴ് തുണികളിൽ നിന്നുള്ള തുണിസഞ്ചി നിർമ്മാണം , ചവിട്ടി നിർമ്മാണം എന്നിവ ചെയ്യുന്ന ഹരിത കർമ്മസേനാ സംരംഭങ്ങൾ സജീവമായി പ്രവർത്തിക്കുന്നത്. സ്‌ക്രാപ്പ് വ്യാപാര യൂണിറ്റുകൾ , സാനിട്ടറി വേസ്റ്റ് ശേഖരണ യൂണിറ്റുകൾ എന്നിവയും ഹരിതകര്‍മ്മസേനാംഗങ്ങളുടേതായി സംസ്ഥാനത്ത് നഗരസഭകളിൽ പ്രവർത്തിക്കുന്നുണ്ട്.
ഒരു തൊഴിലായി ഇടംകണ്ടെത്തിയവർ, അതിനുമപ്പുറം മുന്നിൽ തുറന്നുവരുന്ന അവസരങ്ങളെ നന്നായി ഉപയോഗിക്കുന്നവരായി സ്വയം മാറി. ഒരു സമൂഹത്തിന് സുരക്ഷിതത്വത്തിന്റെ കവചമൊരുക്കുന്ന കാഴ്ചയാണ് ഹരിതകർമ്മസേന കേരളത്തിനു സമ്മാനിക്കുന്നത്. l



