Tuesday, June 2, 2026

ad

Homeകവര്‍സ്റ്റോറിഹരിതകർമ്മസേനയും 
കുട്ടികളും

ഹരിതകർമ്മസേനയും 
കുട്ടികളും

ആര്യ സി വി

കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ രൂപീകരിച്ച ഹരിതകർമ്മസേന ഇന്ന് നമ്മുടെ നാടിന്റെ വൃത്തിയും ശുചിത്വവും നിലനിർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. മാലിന്യ സംസ്കരണം എന്നത് കേവലം ഒരു വിഭാഗത്തിന്റെ മാത്രം ജോലിയല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരുടെയും പങ്കാളിത്തം ആവശ്യമുള്ള ഒന്നാണ്. ഈ മുന്നേറ്റത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടുകണ്ണികളാണ് ഹരിതകർമ്മസേനയും കുട്ടികളും. കുട്ടികൾ ശാസ്ത്രീയ മാലിന്യപരിപാലനത്തിൽ അറിവും കഴിവും ആർജ്ജിക്കുന്നതിലൂടെ ഈ മേഖലയിലേയ്ക്ക് താത്പര്യമുള്ള ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കുവാൻ കഴിയുന്നു. പാഠ്യപദ്ധതിയിൽ കൊണ്ടുവന്നിട്ടുള്ള വിഷയങ്ങൾ പ്രായോഗികമായി മനസ്സിലാക്കുവാൻ സമൂഹത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രത്യേകതകളും പ്രവർത്തനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് കണ്ടറിയണം.

ഹരിതകർമ്മസേന 
കുട്ടികളുടെ പഠന പങ്കാളി
കുട്ടികളുടെ പരിസ്ഥിതി അവബോധം വളർത്തുന്നതിലും ശുചിത്വ ബോധവും പരിസ്ഥിതി സ്നേഹവുമുള്ള പൗരരായി അവരെ വളർത്തിയെടുക്കുന്നതിലും ഹരിതകർമ്മസേന വലിയ പങ്കുവഹിക്കുന്നുണ്ട്. പരിസ്ഥിതി ദിനത്തിലും തൊഴിൽ ദിനത്തിലും തുടങ്ങി പ്രധാനപ്പെട്ട ദിനാഘോഷങ്ങളിലൊക്കെ ഹരിത കർമ്മസേനാംഗങ്ങൾ വിദ്യാലയങ്ങളിൽ അതിഥികളായി എത്തുന്നു. സ്കൂൾ അസ്സംബ്ലികളിലും ക്ലാസ്- മുറികളിലും മാലിന്യം തരംതിരിക്കുന്നതിനെ കുറിച്ചും നിലവിൽ നേരിടുന്ന പ്രശ്നങ്ങളെകുറിച്ചും വിശദീകരിക്കാനുള്ള അവസരം അവർക്ക് ഒരുക്കിയതിലൂടെ കുട്ടികളിൽ വലിയൊരു രീതിയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. ഇക്കോ സെൻസ് സ്കോളർഷിപ്പിന്റെ ഭാഗമായി ഹരിത കർമ്മസേനയോടൊപ്പമുള്ള ഗൃഹ സന്ദർശന പരിപാടികളും കുട്ടികൾക്ക് പ്രാദേശിക പ്രശ്നങ്ങളും വെല്ലുവിളികളും മനസിലാക്കുവാൻ സഹായകമായി.

തരംതിരിക്കൽ പ്രക്രിയയിലൂടെ വസ്തുക്കളുടെ വ്യത്യസ്ത ഘടനാപരമായ സവിശേഷതകൾ തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയുന്നു. പുസ്തകങ്ങളിൽ വായിച്ചു പഠിക്കുന്ന പരിസ്ഥിതി പാഠങ്ങളേക്കാൾ വലുതാണ് ഹരിതകർമ്മസേന കുട്ടികൾക്ക് നൽകുന്ന പ്രായോഗിക അറിവ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിക്കുവരുത്തുന്ന ദോഷങ്ങളെക്കുറിച്ചും പുനരുപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് നേരിട്ടുള്ള അറിവ് നൽകാൻ ഇവർക്ക് സാധിക്കുന്നുണ്ട്. കുട്ടികളുമായി സംവദിക്കുന്നതിലൂടെ അവരിൽ ഗ്രീൻ പ്രോട്ടോക്കോളും, ഹരിത ജീവിതശൈലിയും വളർത്തിയെടുക്കാൻ സാധിച്ചു. വെയിലും മഴയും വകവെക്കാതെ നാടിനായി അധ്വാനിക്കുന്ന ഹരിതകർമ്മസേനാംഗങ്ങളെ കാണുമ്പോൾ, അധ്വാനത്തിന്റെ മഹത്വവും സമൂഹത്തോടുള്ള പ്രതിബദ്ധതയും കുട്ടികൾ കണ്ടു പഠിക്കുകയാണ് ചെയ്യുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു ഹരിത കർമ്മസേനാംഗത്തിന്റെ സ്കൂൾ വിദ്യാർത്ഥിയായ മകൻ അമ്മയുടെ കൂടെ വിസിൽ ശബ്ദവുമായി ഒന്നിച്ച് ഫീൽഡിൽ പോകുന്നതും, കണ്ണൂർ ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾ മാലിന്യ ചാക്കുകൾ ചുമക്കാൻ ഹരിത കർമസേനയെ സഹായിച്ചതും, ലെന മരിയ എന്ന കൊച്ചുമിടുക്കി ജലാശയത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിച്ചതും മാറ്റങ്ങളുടെ തെളിവുകളാണ്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ 2024 ൽ നടന്ന ഹരിതകർമ്മസേന സംഗമത്തിൽ നിലമേൽ പഞ്ചായത്തിൽ നിന്നുള്ള ഒരംഗം തന്റെ മകൾ പറഞ്ഞ കാര്യം പങ്കുവയ്ക്കുകയുണ്ടായി ‘‘അമ്മ ചെയ്യുന്ന ജോലി ഈ ഭൂമിക്ക് വേണ്ടിയാണ് അതിൽ എനിക്ക് അഭിമാനമാണ്.’’ ഇതും കുട്ടികളിലുണ്ടായ നല്ല കാഴ്ചപ്പാടിന്റെ ഭാഗമാണ്.

കുട്ടികൾ ഹരിതകർമ്മസേനയുടെ സഹായി
നാടിന്റെ ശുചിത്വത്തിനുവേണ്ടി നിരന്തരം പ്രയത്നിക്കുന്ന ഹരിതകർമ്മസേനയുടെ ഭാരംകുറയ്ക്കാനും അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും കുട്ടികൾക്ക് പല രീതിയിൽ സാധിക്കുന്നുണ്ട്.ഹരിതകർമ്മസേനയുടെ ഏറ്റവും വലിയ വെല്ലുവിളി തരംതിരിക്കാത്ത മാലിന്യങ്ങളാണ്. വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പർ, ഇലക്ട്രോണിക് അവശിഷ്ടങ്ങൾ എന്നിവ കഴുകി, ഉണക്കി, കൃത്യമായി തരംതിരിച്ചുവെക്കാൻ കുട്ടികൾ മുൻകൈ എടുക്കുന്നു. ഇത് സേനാംഗങ്ങളുടെ ജോലിഭാരം പകുതിയായി കുറയ്ക്കുന്നു.

സ്കൂളുകളിൽ മിഠായി തുണ്ടുകളോ പ്ലാസ്റ്റിക് പേനകളോ വലിച്ചെറിയാതെ, നിശ്ചിത ബോക്സുകളിൽ ശേഖരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറാൻ കുട്ടികൾ ശ്രദ്ധിക്കുന്നു. സ്കൂൾ കലോത്സവങ്ങളും മറ്റുപരിപാടികളും പ്ലാസ്റ്റിക് വിമുക്തമാക്കാൻ കുട്ടികൾ സജീവമായി രംഗത്തുണ്ട്.

ഇന്നത്തെ കുട്ടികൾ സാങ്കേതികവിദ്യയിൽ ഏറെ മുന്നിലാണ്. മാലിന്യക്കൂനകൾ മാപ്പ് ചെയ്ത് ശ്രദ്ധയിൽ കൊണ്ടുവരാനും സിംഗിൾ വാട്ട്സാപ്പ് നമ്പറിലൂടെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുവാനും കുട്ടികൾ ഇന്ന് മുൻപന്തിയിലുണ്ട്. ഹരിതമിത്രം ആപ്പിന്റെ ഉപയോഗത്തിലും ചിലയിടങ്ങളിൽ കുട്ടികൾ ഹരിതകർമ്മസേനാംഗങ്ങളെ സഹായിക്കുകയും വീട്ടുകാർക്ക് ഇതു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ഹരിതകർമ്മസേനാംഗങ്ങളെ സ്നേഹത്തോടെ സ്വീകരിക്കാനും അവർക്ക് ബഹുമാനം നൽകാനും കുട്ടികൾ മടിക്കാറില്ല. വിശേഷദിവസങ്ങളിൽ അവർക്ക് ചെറിയ സമ്മാനങ്ങൾ നൽകിയും ആശംസകൾ അറിയിച്ചും കുട്ടികൾ അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.ഹരിതകർമ്മസേനയും കുട്ടികളും തമ്മിലുള്ള ഈ പരസ്പര സഹകരണം വെറുമൊരു ഔദ്യോഗിക ബന്ധമല്ല, മറിച്ച് നാളത്തെ കേരളത്തിന്റെ സുരക്ഷിതത്വത്തിനായുള്ള ഒരു വലിയ ജനകീയ കൂട്ടായ്മയാണ്. കുട്ടികളുടെ ഊർജ്ജസ്വലതയും ഹരിതകർമ്മസേനയുടെ അനുഭവസമ്പത്തും കൈകോർക്കുമ്പോൾ അവിടെ രൂപപ്പെടുന്നത് മാലിന്യവിമുക്തവും മനോഹരവുമായ ഒരു നവകേരളമാണ്.

സ്കൂൾ പാഠ്യപദ്ധതികളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അധ്യായങ്ങൾ ഉൾപ്പെടുത്തണം, കുട്ടികൾ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഒരുക്കുകയും വേണം. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്നുവരുന്ന കുട്ടികളുടെ ഹരിതസഭയും, ഇക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയും കുട്ടികളുടെ ഈ മേഖലയിലുള്ള താത്പര്യവും അനുഭവവും വളർത്തുവാൻ സഹായകമായി. കൂടാതെ പരിഷത്ത് -ബാലവേദി, ബാലസംഘം, കുടുംബശ്രീ ബാലസഭകൾ തുടങ്ങിയവയിലൂടെ വിവിധ തരത്തിലുള്ള പ്രാദേശിക പരിപാടികളും അറിവരങ്ങുകളും നടന്നുവരുന്നുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − fourteen =

Most Popular