‘അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടേ പൊന്നാര്യൻ!’ എന്ന വരികൾ ഒരു ജനത ഏറ്റുപാടി നടന്നത് അധികാരത്തോടുള്ള ഭ്രമം കൊണ്ടായിരുന്നില്ല. മറിച്ച്, അത് നിസ്വരുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കുവാൻ അധികാരം അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു. ഭരണം സാമൂഹ്യപരിവർത്തനത്തിനുള്ള മറ്റൊരു സമരമാർഗമാണെന്ന് ഇടതുപക്ഷം തെളിയിച്ച മണ്ണാണ് കേരളം. ഭൂപരിഷ്കരണം മുതൽ സമ്പൂർണ സാക്ഷരതയും ജനകീയാസൂത്രണവും കുടുംബശ്രീയും നവകേരളമിഷനും അതിദരിദ്രരില്ലാത്ത കേരളവും വരെ നീണ്ടുകിടക്കുന്നു നാടിന്റെ സാമൂഹ്യ സാഹചര്യങ്ങളെ മൗലികമായി മാറ്റിമറിച്ച ഇടതുപക്ഷ സംഭാവനകൾ.
“തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേൽ കഞ്ഞികുടിപ്പിക്കും” എന്ന് ആക്രോശിച്ചവരുടെ മർദനവും ചൂഷണവും ഇല്ലാതാക്കി “അടിമകൾ ഉടമകളാവുകയും” കേരളത്തെ ആധുനിക വികസിത സമൂഹമാക്കുകയും ചെയ്ത വിപ്ലവകരമായ ഇടപെടലായിരുന്നു ഭൂപരിഷ്കരണം. കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഇഎംഎസ് സർക്കാർ അവതരിപ്പിച്ച കേരള കാർഷിക ബന്ധബിൽ നിയമസഭയിൽ പാസാക്കപ്പെട്ടുവെങ്കിലും വിമോചന സമരത്തിലൂടെ ആ സർക്കാർ അട്ടിമറിക്കപ്പെട്ടു. ഭൂപരിഷ്‌കരണ നടപടികളെ എതിര്‍ക്കാന്‍ ഫ്യൂഡല്‍ ശക്തികളെ കൂട്ടുപിടിച്ച് വിമോചനസമരം നയിക്കുകയും പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ ജനദ്രോഹം അന്നേ തുടങ്ങിയതാണ്. ഭൂപരിഷ്കരണ നിയമം ഒരു വ്യാഴവട്ടക്കാലം നിരവധി പ്രക്രിയകളിലൂടെ കടന്ന് 1969 ലാണ് പാസാക്കപ്പെടുന്നത്. ഇടതുപക്ഷ സർക്കാരുകൾക്ക് തുടർച്ചയുണ്ടാവേണ്ടതിന്റെ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
‘ഇടതുപക്ഷം എന്നും നന്നായിരിക്കാൻ’ ജനങ്ങൾ ദുരിതമനുഭവിക്കുക എന്ന തുടർഭരണവിരുദ്ധവാദത്തിന്റെ പൊള്ളത്തരം നാം തുറന്നുകാട്ടേണ്ടതുണ്ട്. ജനങ്ങളെ അഴിമതിക്കും ചൂഷണത്തിനും എറിഞ്ഞുകൊടുത്ത് ‘ഇടതുപക്ഷത്തെ സംരക്ഷിക്കുക’ എന്ന ചിന്ത നിഷ്കളങ്കമല്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരുകളുടെ ദുർഭരണം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിലേൽപ്പിച്ച ആഘാതം തിരിച്ചറിയുന്നവരെ സംബന്ധിച്ചിടത്തോളം ആ ഇരുണ്ടകാലത്തിന്റെ ഓർമ്മകൾ പോലും ഭയപ്പെടുത്തുന്നതാണ്.
പൂർണ ഗർഭിണികളായ 950 പേർക്ക് ജീവൻ നഷ്ടമായ യുഡിഎഫ് കാലം എങ്ങനെ നാം മറക്കും. ‘മരുന്ന് വാങ്ങാനാവാതെ മരിക്കേണ്ട ഗതികേടുണ്ടാവുമോ’ എന്ന് വലതുപക്ഷ മാധ്യമങ്ങൾക്കുപോലും എഡിറ്റോറിയൽ എഴുതേണ്ടിവന്ന കാലം, ഒപി ടിക്കറ്റെഴുതാൻ കടലാസില്ലാതെ രോഗികൾ അതിനുവേണ്ട കടലാസും കൊണ്ടുവരേണ്ട അവസ്ഥയിലായിരുന്നു ആശുപത്രികൾ. ചികിത്സ കിട്ടാതെ ഒരു ഗവർണർ മരിച്ച രാജ്യത്തെ ആദ്യ സംഭവം യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു.
പാവങ്ങളുടെ പെൻഷൻ മുക്കി 18 മാസം കുടിശ്ശികയാക്കിയ യുഡിഎഫ് കാലം മറക്കാനാവില്ല. മന്ത്രിയാപ്പീസുകളിൽപ്പോലും അഴിമതി നിറഞ്ഞ കാലം, സംസ്ഥാനം വ്യവസായങ്ങളുടെ ശവപ്പറമ്പായ കാലം. 2001–2006 യുഡിഎഫ് ഭരണകാലത്ത് കഞ്ചിക്കോട്ടെ മാത്രം ഇരുന്നൂറിലേറെ വ്യവസായ സ്ഥാപനങ്ങളാണ് പൂട്ടിയത്. മാവേലി സ്റ്റോറുകൾ കാലിയായ കാലം, കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടിവരും എന്ന് മന്ത്രിതന്നെ വിലപിച്ച കാലം, ജില്ലാ ആശുപത്രികളുടെ ബോർഡ് മാറ്റി മെഡിക്കൽ കോളേജുകളാക്കിയ കാലം, തെരുവുകൾ മാലിന്യക്കൂമ്പാരമായ ദുർഗന്ധകാലം. ദേശീയപാതയുടെ നിർമാണം മടക്കിക്കെട്ടിയവരാണ് യുഡിഎഫുകാർ. ഗെയിൽ പാചകവാതക പൈപ്പ്‌ലൈൻ, കൊച്ചി– ഇടമൺ പവർ ഹൈവേ എന്നിവ അസാധ്യമെന്നുപറഞ്ഞ് ഉപേക്ഷിച്ചവരാണ് യുഡിഎഫുകാർ. വിഴിഞ്ഞം തുറമുഖ നിർമാണം മുടക്കാൻ പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും കലാപത്തിനു ശ്രമിക്കുകയും ചെയ്‌തവർ. മലയോര, തീരദേശ ഹൈവേ നിർമാണം തടയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവർ. വയനാട്ടിലേക്കുള്ള തുരങ്കപാത നിർമാണം സമ്മതിക്കില്ലെന്ന് പറഞ്ഞവർ. ലൈഫ് മിഷനുൾപ്പെടെയുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചവരാണ് യുഡിഎഫുകാർ. കെടുകാര്യസ്ഥതയിലൂടെയും അഴിമതിയിലൂടെയും സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയ ദുർഭരണം കേരളം മറക്കില്ല. കുഞ്ഞുങ്ങളെ ‘പാഠം പഠിപ്പിച്ച’ പരിതാപകരമായ അവസ്ഥയിലായിരുന്നു യുഡിഎഫ് ഭരണത്തിൽ വിദ്യാഭ്യാസമേഖല. കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പാഠപുസ്തകങ്ങൾ ഇല്ലാതിരുന്ന കാലം. ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠനം നടത്തിയ കാലം. ഓണം നേരത്തെ എത്തിപ്പോയെന്ന വിചിത്ര വാദം നടത്തിയ വിദ്യാഭ്യാസ മന്ത്രിയുടെ കാലം. പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും നിത്യസംഭവമായിരുന്ന യുഡിഎഫ് കാലം അക്ഷരാർത്ഥത്തിൽ ഇരുണ്ടതായിരുന്നു.
ജനദ്രോഹത്തിന്റെ ആ ഇരുണ്ട കാലത്തേക്ക് തിരിച്ചുപോകണം എന്നാണ് തുടർഭരണവിരുദ്ധ ചിന്തകർ ആവശ്യപ്പെടുന്നത്. അവർ കാണാത്തത് ഇടതുപക്ഷ സർക്കാർ തെളിയിച്ച സാമൂഹ്യ ക്ഷേമത്തിന്റെ വെളിച്ചമാണ്. നിയോലിബറൽ കാലത്തും സാധാരണ ജനങ്ങൾക്ക് സാമൂഹിക, സാമ്പത്തിക സുരക്ഷയൊരുക്കി അവരെ കൈപിടിച്ചുയർത്തുകയാണ് കേരളം. ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതിനകം 5,00,364 വീടുകൾ പൂർത്തിയാക്കിയ ആഹ്ലാദ നിമിഷത്തിലാണ് നാട്. ഒരു ലക്ഷത്തിലേറെ വീടുകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 4,10,958 പട്ടയങ്ങൾ നൽകിക്കൊണ്ട് മനുഷ്യരെ മണ്ണിന്റെ അവകാശികളാക്കി മാറ്റുവാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. അതിദാരിദ്ര്യമില്ലാത്ത അഭിമാനകേരളം സൃഷ്ടിച്ച സർക്കാരാണിത്. 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദാരിദ്ര്യത്തിൽ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചു. പാർപ്പിടം, ചികിത്സ, ഉപജീവനമാർഗം തുടങ്ങിയവ ഒരുക്കിനൽകിയാണ് ഇൗ കരുതൽ സാധ്യമാക്കിയത്. 62 ലക്ഷത്തോളം പേർക്ക് 2,000 രൂപവീതം പെൻഷൻ ഉറപ്പാക്കിക്കൊണ്ട് സർക്കാർ ക്ഷേമ സങ്കല്പനത്തിന്റെ ഉദാത്ത മാതൃക തീർത്തു. ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. 87 മേഖലകളിൽ മിനിമം വേതനം നടപ്പിലാക്കിയ സർക്കാരാണിത്. രാജ്യത്ത് പിഎസ്‌സി വഴിയുള്ള നിയമനങ്ങളിൽ 60 ശതമാനവും കേരള പിഎസ്‌സി വഴിയാണെന്ന വസ്‌തുത ശ്രദ്ധേയമാണ്.
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ചുവടുവെയ്പായ കിഫ്ബി, ഒമ്പതര വർഷത്തിനിടയിൽ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. റോഡുകൾ, പാലങ്ങൾ, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം തുടങ്ങിയ വിവിധ മേഖലകളില്‍ കിഫ്ബിയിലൂടെ നടത്തിയ വികസനങ്ങൾ കേരളത്തിന്റെ മുഖച്ഛായ മാറ്റി. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവയല്ലാം യാഥാർത്ഥ്യമാക്കുമ്പോൾ അസാധ്യമായതൊന്നുമില്ലെന്ന് അടിവരയിടുകയാണ് എൽഡിഎഫ് സർക്കാർ. 5580 കോടിരൂപ ദേശീയപാതയ്‌ക്കായി ചെലവഴിച്ച ഒരേയൊരു സംസ്ഥാനമാണ് കേരളം എന്നത് ഈ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്.
ഇത്തരത്തിൽ ശബ്ദമില്ലാത്തവന്റെ ശബ്ദമാവുകയും പുതിയ കാലത്തിന്റെ ഗതിവേഗങ്ങളിലേക്ക് കുതിക്കുകയും ചെയ്യുന്ന സർക്കാരിനെ അവസാനിപ്പിക്കുവാനാണ് തുടർച്ചപ്പേടിക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. മുതലാളിത്ത കുത്തകകൾക്ക് വേണ്ടി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട നവഉദാര സാമ്പത്തിക നയങ്ങൾക്കെതിരെ ലോകമെമ്പാടും പോരാടുന്നത് ഇടതുപക്ഷമാണ്. വിഭവങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി യുദ്ധക്കൊതിമൂത്ത സാമ്രാജ്യത്വ രാജ്യങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങളെ ചെറുക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്തെ ഒരേയൊരു ഇടതുപക്ഷ ബദൽ തുരുത്ത് അപ്രത്യക്ഷമായാൽ കരുത്താർജിക്കുക തീവ്ര വലതുപക്ഷ ശക്തികളാണ്. ലോകത്തിന്റെ ഏതുകോണിലും ഇടതുപക്ഷത്തിനേൽക്കുന്ന പരാജയവും വലതുപക്ഷ വിജയവും ആത്യന്തികമായി ജനാധിപത്യവിരുദ്ധ, ഫാസിസ്റ്റ് ശക്തികൾക്ക് ഉറഞ്ഞുതുള്ളാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുക എന്ന തിരിച്ചറിവാണ് നമുക്കു വേണ്ടത്. l



