പണ്ട് സക്കറിയ ചോദിച്ച ആ ചോദ്യം ഒരിയ്ക്കൽ കൂടി ചോദിയ്ക്കാൻ സമയമായെന്നു തോന്നുന്നു. ബുദ്ധിജീവികൾ എന്ന് നമ്മളെല്ലാം കരുതുന്ന വലിയ എഴുത്തുകാർ തീരെ ചിന്തിക്കാതെ പറയുന്ന ചില അഭിപ്രായങ്ങളെച്ചൊല്ലി ജനങ്ങൾക്കിടയിൽ വലിയ ആശയ കാലുഷ്യങ്ങളും അഭിപ്രായ ഭിന്നതകളും അസന്തുഷ്ടികളും ഉയർന്നുവരുമ്പോൾ അത്രമേൽ സ്നേഹിച്ച സ്നേഹാധാര രൂപങ്ങളെല്ലാം വെറും നിഴലുകളായിരുന്നോ എന്ന സന്ദേഹമാണ് ഉയരുന്നത്. തീർച്ചയായും ബുദ്ധിജീവികളെ ആദരിയ്ക്കുന്ന നാടാണ് കേരളം. സമൂഹം ചില യക്ഷ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈ ബുദ്ധിജീവികൾ എന്തു പറയുന്നു എന്ന് ആകാംക്ഷയോടെ ആരായുന്നുണ്ട് നമ്മളെല്ലാം തന്നെ. പണ്ടുമുതലേയുള്ള പാരമ്പര്യമാണിത്. ഒ.വി.വിജയൻ മുൻപ് എഴുതിയപോലെ “കാണുന്നതിനും കാണാതിരിയ്ക്കുന്നതിനും ഇടയിലെ ആയിരം അസത്യവത്കരണങ്ങൾക്കിടയിൽ തുടരുന്ന അന്ധസമ്മതികളുടെ നീൾച്ചയിൽ ’ തീർച്ചയായും ജനം കാതോർക്കുന്നത് സമാദരണീയരായ ഇത്തരം ചില സാഹിത്യകാരരുടെ വാക്കുകൾക്കാണ്. സംഭവിച്ചിട്ടില്ലാത്ത സംഭവങ്ങളുടെ നാളും പക്കവും വരെ വിസ്തരിയ്ക്കുന്ന ഒരു മാദ്ധ്യമ സൃഷ്ടമായ ലോകത്താണ് നാം ജീവിയ്ക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവരുടെ വാക്കുകൾ വിശുദ്ധിയുള്ളതാണെന്ന തോന്നലാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ബുദ്ധിജീവികളെക്കൊണ്ട് വലിയ പ്രയോജനമോ അവരുടെ വാക്കുകൾക്ക് കരുതിയ പോലെ വിശുദ്ധിയോ ഇല്ലെന്നാണ് ഇപ്പോൾ തെളിയുന്നത്. പറഞ്ഞ വാക്കുകൾ തങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുന്നു എന്നു കണ്ടപ്പോൾ ചിലരെങ്കിലും തിരുത്താൻ തയ്യാറാകുന്നു എന്നത് നല്ല കാര്യം.
വരാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ അത് ഇടതുപക്ഷത്തിന്റെ ആത്യന്തിക രാഷ്ട്രീയപരാജയത്തിന്റെ തുടക്കമായിരിയ്ക്കും എന്നാണ് ആദരണീയരായ എം എൻ കാരശ്ശേരിയും സാറാ ജോസഫും മറ്റും പറയുന്നത്. അവർ ഉന്നയിക്കുന്ന വാദമുഖങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം: അടിയ്ക്കടി ആവർത്തിച്ചു ലഭിയ്ക്കുന്ന അധികാരം അണികളുടെ വിപ്ലവവീര്യത്തെ ചോർത്തിക്കളയുമെന്നും സ്ഥാനമോഹങ്ങളിൽ അവർ വീണുപോകുമെന്നുമാണ് ഒരു വാദം. അതിനാൽ രണ്ടു തവണ അധികാരം കിട്ടിയ സ്ഥിതിയ്ക്ക് ഇത്തവന്ന പ്രതിപക്ഷത്തിരിയ്ക്കുന്നതാണ് ഔചിത്യം. മറ്റൊരു കാര്യം പ്രതിപക്ഷത്തെ സംബന്ധിച്ചതാണ്. ദീർഘകാലം അധികാരത്തിൽ നിന്ന് അകന്നുനിന്നാൽ അധികാരത്തിന്റെയും അഴിമതിയുടെയും പ്രാണവായു ലഭിയ്ക്കാതെ കോൺഗ്രസ്സ് , ലീഗ് കക്ഷികൾ നയിയ്ക്കുന്ന യുഡിഎഫ് പ്രാണത്യാഗം ചെയ്യേണ്ടി വരും. അതുകൊണ്ട് ഇടതുപക്ഷം അവർക്ക് ഒരല്പം അഴിമതി നടത്താനുള്ള അവസരവും അധികാരത്തിന്റെ പ്രാണവായുവും നൽകണം. അങ്ങനെ ഇപ്പോഴത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരല്പം സഹകരിച്ചാൽ കേരളത്തിൽ ബി.ജെ.പി. കാലുറപ്പിയ്ക്കുന്നത് തടയാനാകും. ജനാധിപത്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പ്രാധാന്യമാണ് എന്നതുകൊണ്ട് വെച്ചുമാറ്റത്തിൽ വ്യസനിയ്ക്കേണ്ട കാര്യമൊന്നുമില്ല എന്നുകൂടി പറഞ്ഞുവെയ്ക്കുന്നുണ്ട്. എന്നു തന്നെയല്ല പ്രതിപക്ഷത്തിന് തിളക്കം കൂടുതലാണ് എന്നും അവർ പറയുന്നുണ്ട്.
എന്താണ് ഈ വാദത്തിന്റെ ആന്തരികാർത്ഥം? സമരങ്ങൾ നടത്തേണ്ട പാർട്ടി സമരങ്ങൾ നടത്തുക, ഭരിയ്ക്കാൻ വേണ്ടി ജനിച്ചവർ ഭരിക്കുക എന്നതുതന്നെയാണ് അത്. കണ്ടോ, പത്തു കൊല്ലം പ്രതിപക്ഷത്തിരുന്നിട്ട് യു.ഡി.എഫിന് ക്രിയാത്മകമായി ഒന്നും ചെയ്യാനായില്ല. ഇടതുപക്ഷമാണെങ്കിൽ എന്തെല്ലാം ചെയ്തേനെ എന്നു മാത്രമല്ല അച്യുതാനന്ദനും പിണറായി വിജയനും ഒക്കെ പ്രതിപക്ഷത്ത് എങ്ങനെ ശോഭിച്ചവരാണ് എന്നുപറയാതെ പറയുകയാണ്. അതുകൊണ്ട് ഭരിയ്ക്കാൻ പിറന്ന വർഗത്തെ ഭരിയ്ക്കാൻ അനുവദിക്കുക; എന്നുവെച്ചാൽ അഴിമതിക്കും അധികാര പ്രയോഗങ്ങൾക്കും നിയോഗിയ്ക്കുക എന്നതാണ് ആ വാദത്തിന്റെ ആന്തരികയുക്തി.
പാർലമെന്ററി ജനാധിപത്യത്തിൽ പങ്കുകൊള്ളേണ്ടതെങ്ങനെ, പങ്കുകൊള്ളുമ്പോൾത്തന്നെ ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോകേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള പാർട്ടിയാണ് സിപിഐ എം.ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോവുക എന്നത് പരിഹാസ്യമായ ഒരു വൈരുദ്ധ്യ ചിന്തയാണെന്ന വിമർശനത്തെ പ്രയോഗത്തിലൂടെ തിരുത്തിക്കുറിയ്ക്കാൻ പാർട്ടിയ്ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും ഭരണത്തിലിരിക്കുമ്പോഴും സമരസജ്ജമായ പാർട്ടിയാണ് സിപിഐ എം എന്ന് കേന്ദ്ര വിരുദ്ധപ്രക്ഷോഭങ്ങളിലൂടെ തെളിയിയ്ക്കാൻ പാർട്ടിക്ക് കഴിയുന്നുണ്ട്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനാധികാരങ്ങളിലേയ്ക്ക് കേന്ദ്രം കടന്നുകയറാൻ ശ്രമിക്കുമ്പോഴും, അർഹമായ വിഹിതങ്ങൾ നൽകാതെ പക്ഷപാതപരമായി തടഞ്ഞുവെയ്ക്കുമ്പോഴും, നിയമനിർമ്മാണങ്ങൾക്ക് തടസ്സം നിൽക്കുമ്പോഴും എല്ലാം സമരമാർഗങ്ങളിലൂടെ മുന്നോട്ടു പോകേണ്ടി വരുന്നുണ്ട് കേരളത്തിലെ സർക്കാരിന്. അപ്പോൾ ചോദ്യം ഞങ്ങൾ നടത്തുന്ന സമരാഭാസങ്ങൾക്കൊപ്പം നിങ്ങൾ നിൽക്കാത്തതെന്താണ് എന്നതാണ്. കേരളത്തിൽ കൃത്യമായ പരിപാടികൾ മുന്നോട്ടുവെച്ച് സമയബന്ധിതമായി ഓരോന്നുംപൂർത്തിയാക്കി മുന്നേറുന്ന സർക്കാരിനെതിരെ സമരം ചെയ്യേണ്ട സാഹചര്യം സിപിഐ എമ്മിന് ഇല്ല എന്നു മാത്രമല്ല സമരസജ്ജമാകേണ്ടിടത്തെല്ലാം ആവേശപൂർവം പങ്കെടുക്കാനും അവർക്ക് കഴിയുന്നുമുണ്ട്.
പിന്നെ, സ്ഥാനാന്വേഷികളായി, കരിയറിസ്റ്റുകളായി അണികൾ മാറുന്നു എന്ന വിമർശനം. ഇഎംഎസ്സിന്റെ ഒന്നാം മന്ത്രിസഭയുടെ കാലം മുതൽ കേട്ടുപോരുന്ന ഒരു വിമർശനമാണിത്. ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകൾക്കുമേൽ സർക്കാർ ഉത്തരവുകൾ എഴുതിക്കൊടുക്കുന്നു, പാർട്ടി ആപ്പീസുകളിൽ നിന്ന് നിർദ്ദേശങ്ങൾ പോകുന്നു, അവനവന്റെ ആൾക്കാരെ തിരുകിക്കയറ്റുന്നു എന്നൊക്കെയുള്ള വാദങ്ങൾ ഇപ്പോഴും തുടരുകയാണ്. പാർട്ടിയാണ് നയപരിപാടികൾ ഉണ്ടാക്കുന്നതെന്നും തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താൻ അവസരം ലഭിയ്ക്കുമ്പോൾ ആ പരിപാടികളാണ് നടപ്പാക്കുന്നതെന്നും ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ അറിയാവുന്നവർക്കുപോലും അറിയാം. ഇപ്പോഴുള്ളതും മുമ്പ് ഉണ്ടായിരുന്നതുമായ രണ്ട് ഇടതുപക്ഷ മുന്നണി സർക്കാരുകൾ ജനങ്ങൾക്കു മുന്നിൽ വെച്ച നയപരിപാടികളിൽ ഏറെക്കുറെ നൂറുശതമാനവും നടപ്പാക്കി എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പാർലമെന്ററി അധികാരം കയ്യിലെത്തുമ്പോൾ തലയ്ക്ക് മത്തുപിടിക്കരുത് എന്ന് ആദ്യം ഓർമ്മിപ്പിച്ചത് സിപിഐ എം നേതാവായിരുന്ന എകെജിയാണ്. ഒരു പാർലമെന്റംഗത്തിന് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഏതൊരാളേയും പരമാവധി ആഡംബര ഭ്രാന്തിലേക്കെത്തിക്കും എന്ന് എകെജി നിരന്തരം താക്കീത് നൽകി. നിരന്തരമായ സ്വയം വിമർശനത്തിന്റെ സാംസ്കാരികപ്പോരാട്ടം മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. എകെജി മുന്നോട്ടു വെച്ച ആ സ്വയം വിമർശനത്തിന്റെ കരുത്തിലാണ് ഇന്നും പാർട്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ദുഷിച്ചു നശിയ്ക്കാതെ എങ്ങനെ അധികാരം ഉപയോഗിക്കാം എന്ന കാര്യത്തിൽ പുതിയ ഉപദേശങ്ങളൊന്നും ആവശ്യമില്ല. പത്തു കൊല്ലം അധികാരത്തിലിരുന്ന ഈ പാർട്ടി മാത്രമേ ഇന്നും ജനകീയ പ്രശ്നങ്ങൾക്കു വേണ്ടി പോരാടാൻ ഈ സംസ്ഥാനത്ത് അവശേഷിയ്ക്കുന്നുള്ളു എന്നും ഓർമ്മിക്കണം. ഭരണത്തിലിരിക്കുമ്പോഴും ഒരു ക്രിയാത്മക പ്രതിപക്ഷത്തിന്റെ പ്രവർത്തനശൈലിയും പാർട്ടിക്ക് മറ്റൊരു മണ്ഡലത്തിൽ അനുവർത്തിക്കേണ്ടി വരുന്നുണ്ട്.
വാസ്തവത്തിൽ നമ്മുടെ ബുദ്ധിജീവികൾ ഇപ്പോഴത്തെ ഉപദേശം കോൺഗ്രസ്സിനോടാണ് നടത്തേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ രക്ഷപ്പെടും എന്ന് ദയവുചെയ്ത് കോൺഗ്രസ്സിനോടു പറയരുത്. ഗോവ, അരുണാചൽ സംസ്ഥാനങ്ങളിൽ നിന്നു തുടങ്ങി മറ്റത്തൂർ പഞ്ചായത്ത് വരെ ജയിച്ച ഇടങ്ങളൊക്കെ ബിജെപിയ്ക്ക് തീറെഴുതിക്കൊടുത്ത് സ്വയം തോറ്റവരാണ് അവർ. തങ്ങളെത്തന്നെ ബിജെപിയ്ക്കു മുന്നിൽ വില്പനക്കുവെച്ച ഒരു പാർട്ടി. അവരെ ക്കുറിച്ചാണ് ജയിച്ചാൽ രക്ഷപ്പെടും എന്നു പറയുന്നത്. വർഗസ്വഭാവം, സാമ്പത്തികനയങ്ങൾ, വിദേശനയം, കോർപ്പറേറ്റ് മുതലാളിത്തത്തോടുള്ള സമീപനം, ഭൂബന്ധങ്ങളിലെ നിലപാടുകൾ, തൊഴിലാളിവർഗ സമീപനങ്ങൾ എന്നിത്യാദി കാര്യങ്ങളിലൊന്നും ബി.ജെ.പിയും കോൺഗ്രസ്സും തമ്മിൽ ഒരു വ്യത്യാസവുമില്ല . കോൺഗ്രസ് ഒരല്പം മതേതര സ്വഭാവമുള്ള കക്ഷിയാണോ എന്ന സംശയം മാത്രമേ അവരെ വേർതിരിയ്ക്കാൻ ഉണ്ടായിരുന്നുള്ളു. ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി സ്വന്തമാക്കിയ സതീശനും, ഇസ്ലാം മത വിഭാഗങ്ങൾക്കു നേരെ തോക്കുചൂണ്ടുന്ന ആസ്സാമിലെ മുൻ കോൺഗ്രസ്സുകാരൻ ഹേമന്ത ബിശ്വശർമ്മയും ആ നേർത്ത വ്യത്യാസം പോലും ഇല്ലാതാക്കിക്കളഞ്ഞു.
ഭരണവും ഒരു സമരമാർഗമാണെന്നാണ് കേരളത്തിലെ പത്തു വർഷക്കാലത്തെ ഭരണംകൊണ്ട് ഇടതുപക്ഷം തെളിയിച്ചത്. പ്രകൃതിയും പ്രതിപക്ഷവും കേന്ദ്ര ഭരണകൂടവും ഉയർത്തിയ വെല്ലുവിളികൾക്ക് കണക്കുണ്ടോ? എന്തായിരിയ്ക്കണം ഒരു ബദൽ ഭരണത്തിന്റെ ശൈലി എന്ന് പ്രവർത്തനങ്ങളിലൂടെ വ്യക്തമാക്കിയ പത്തു വർഷക്കാലഘട്ടമാണ് കടന്നുപോയത് എന്ന സത്യം നമ്മുടെ ബുദ്ധിജീവികൾ മറന്നു പോകുന്നു. രാഷ്ട്രീയം പറയുമ്പോൾ ബുദ്ധിജീവികൾ ഒരല്പം കൂടി വിവേകം കാണിയ്ക്കേണ്ടതുണ്ട്.
എല്ലാവരും ഒരുപോലെ എന്നു പറയുന്നതിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷം എങ്ങനെ വ്യത്യസ്തമാകുന്നു എന്ന സത്യം തിരിച്ചറിയാനാണ് ഇവർ ശ്രമിയ്ക്കേണ്ടത്. l



